Continue reading “മദനിയുടെ കാഴ്ച ഒരു പ്രതീകമാണ് – കെ.പി ശശി സംസാരിക്കുന്നു”

" /> Continue reading “മദനിയുടെ കാഴ്ച ഒരു പ്രതീകമാണ് – കെ.പി ശശി സംസാരിക്കുന്നു”

"> Continue reading “മദനിയുടെ കാഴ്ച ഒരു പ്രതീകമാണ് – കെ.പി ശശി സംസാരിക്കുന്നു”

">

UPDATES

സൈന്‍സ് ഫെസ്റ്റിവല്‍

മദനിയുടെ കാഴ്ച ഒരു പ്രതീകമാണ് – കെ.പി ശശി സംസാരിക്കുന്നു

                       

സൈന്‍സ് ഡോക്യുമെന്ററി ഫെസ്റ്റിവെലില്‍ ഡോക്യുമെന്ററി ഫോക്കസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഫാബ്രിക്കേറ്റഡ് എന്ന ഡോക്യുമെന്ററിയുടെ സംവിധായകന്‍ കെ.പി.ശശിയുമായുള്ള സംഭാഷണത്തില്‍ നിന്ന് (തയ്യാറാക്കിയത്-കെ ജി ബാലു).

ഞാന്‍ ആദ്യം ആക്ടിവിസ്റ്റായിരുന്നു. എഴുപതുകളില്‍  ഒരു പാര്‍ട്ടിയോടും ബന്ധമില്ലാത്ത ഇടത് വിദ്യാര്‍ഥി ഗ്രൂപ്പുകളില്‍ സജീവമായിരുന്നു. ഡല്‍ഹിയില്‍ താമസിക്കുന്ന കാലത്ത് ചര്‍ച്ചകളിലും പ്രതിഷേധങ്ങളിലും സജീവമായി പങ്കെടുക്കുമായിരുന്നു. അതിന്റെ പേരില്‍ പലപ്പോഴും ജയിലുകളില്‍ കിടക്കേണ്ടിവന്നിട്ടുണ്ട്. എണ്‍പതുകളുടെ തുടക്കംവരെ ജീവിക്കാന്‍ വേണ്ടി പീപ്പിള്‍ ഡയ്‌ലി, സെക്കുലര്‍ ഡെമോക്രസി തുടങ്ങിയ പത്രങ്ങളില്‍ കാര്‍ട്ടൂണുകള്‍ വരച്ചു.

അപ്പോഴാണ് ആനന്ദ് പട്‌വര്‍ദ്ധന്റെയും തപന്‍ ബോസിന്റെയും ഡോക്യുമെന്ററികള്‍ കാണാനിടവരുന്നത്. അതും ഒരു പ്രതിരോധപ്രവര്‍ത്തനമായിരുന്നു. നമ്മുടെ പ്രതിഷേധങ്ങള്‍ എക്‌സ്പ്രസ് ചെയ്യാന്‍ പറ്റുമെന്ന ഫീലിങ്ങ് ഇത്തരം ഡോക്യുമെന്ററികള്‍ കണ്ടതിനുശേഷമാണ് ഉണ്ടായത്. അങ്ങനെയാണ് റസിസ്റ്റന്‍സ് ഫിലിമിലേക്ക് വരുന്നത്. 

രണ്ടുവര്‍ഷങ്ങള്‍ക്കുമുമ്പ് മദനിയ്ക്കുവേണ്ടി ഒരു പ്രസ്താവന തയ്യാറാക്കാന്‍ തീരുമാനിക്കുകയും പിന്നീടത് ഇന്ത്യന്‍ ജയിലുകളില്‍ അന്യായതടവ് കിടക്കുന്നവരെ മൊത്തം ഉള്‍പ്പെടുത്തി ഇറക്കുകയുമായിരുന്നു. ഇതേക്കുറിച്ചു നടന്ന ഒരു ചര്‍ച്ചക്കിടയിലാണ് മദനിയെക്കുറിച്ച് ഒരു ഡോക്യുമെന്ററി നിര്‍മ്മിക്കാന്‍ ഞാന്‍ തീരുമാനിക്കുന്നത്.

മദനിയെ പൊതുസമൂഹത്തില്‍ നിന്നൊഴിവാക്കാന്‍ അജണ്ട ഉണ്ടാക്കിയത് ആര്‍.എസ്.എസാണ്. ബാബറി മസ്ജിദ് തകര്‍ത്തതിനെതിരേ സംസാരിച്ച ഏക മുസ്ലീം ആത്മീയ നേതാവാണ് മദനി. ഈ സംഭവത്തോടെയാണ് മദനിയുടെ വീട് ആക്രമിക്കപ്പെടുന്നത്. തുടര്‍ന്ന് അയാളുടെ ഉമ്മയ്ക്കും ഉപ്പയ്ക്കും ഒരു വര്‍ഷത്തോളം വീടുമാറി താമസിക്കേണ്ടിവന്നു. മദനി നല്ലൊരു പ്രാസംഗികനായിരുന്നു. ആയിരക്കണക്കിനാള്‍ക്കാരെ പിടിച്ചിരുത്താന്‍ അയാള്‍ക്ക് കഴിഞ്ഞു. ഈയാള്‍ക്കൂട്ടമായിരിക്കാം ആര്‍.എസ്.എസിനെ ഭയപ്പെടുത്തിയത്. അതവരുടെ തെറ്റിദ്ധാരണയാണ്. 

പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയെന്നതാണ് അയാള്‍ക്കെതിരെയുള്ള ആദ്യ കുറ്റാരോപണം. മദനി പ്രകോപനപരമായി പ്രസംഗിച്ചത് ഇങ്ങനെയാണ്. ‘ ആയിരം മസ്ജിദുകള്‍ തകര്‍ക്കപ്പെട്ടാലും ഒരു അമ്പലത്തിലെ ഒരു പിടിമണ്ണുപോലും വാരരുത് മക്കളെ’ യെന്ന്. ഉമാഭാരതി, പ്രവീണ്‍ തൊഗാഡിയമാര്‍ നടത്തുന്ന തീവ്രവിഷമുള്ള പ്രസ്താവനകള്‍ ഇവിടെ ആരും കാണുന്നില്ല. തൊഗാഡിയ കേരളത്തില്‍ വന്നു പറയുന്നു, അറബിക്കടലും തീരവും ഹിന്ദുക്കളുടെയാണെ്. ആരും അതിനെതിരേ ഒന്നും പറഞ്ഞില്ല. ഹിന്ദുകള്‍ അവരുടെ സ്വന്തം പ്രോപ്പര്‍ട്ടിയാണോ ? 

മദനിക്കെതിരേയുള്ള കുറ്റാരോപണങ്ങളുടെ വാദം കേട്ട ജഡ്ജിമാര്‍ കേസ് തള്ളി. ഇതില്‍നിന്നും എന്താണ് മനസിലാക്കേണ്ടത്? പ്രകോപനപരമായ പ്രസംഗത്തിന്റെ പേരിലാണ് അയാള്‍ ആദ്യമായി അറസ്റ്റിലാകുന്നത് എന്നോര്‍ക്കണം.

ഇന്ന് എല്ലാ പാര്‍ട്ടിക്കാരും ഒരുതരത്തില്‍ മദനി ജയിലില്‍ കിടക്കാന്‍ ആഗ്രഹിക്കുന്നവരാണ്. കാരണം മദനി പുറത്തിറങ്ങിയാല്‍ മുസ്ലീം-ദളിത്-ആദിവാസി ഐക്യം രൂപപ്പെടുമെന്ന് അവര്‍ ഭയക്കുന്നു. മുസ്ലീം ലീഗിനും ഈ ഭയുണ്ട്. മദനി പുറത്തുവന്നാല്‍ മുസ്ലീം ലീഗ് ഇല്ലാതാകും. അവരുടെ വോട്ടുബാങ്കാണ് ആദ്യം പോകുന്നത്. 

പ്രശ്‌നമുണ്ടായപ്പോള്‍ എല്ലാവരും ലാഭമാണ് നോക്കിയത്, മീഡിയ പോലും. പിന്നെ തിരക്കഥകള്‍ ഉണ്ടാവുകയായിരുന്നു. തിരക്കഥകളെ പൊളിക്കാന്‍ ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസം ഉണ്ടായുമില്ല. കെ.കെ.ഷാഹിനയാണ് ആദ്യമായി ഈ വിഷയത്തില്‍ ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസം നടത്തിയത്. കേസിലെ സാക്ഷികള്‍ കള്ളമാണെന്ന് അവര്‍ തെളിയിച്ചു. അപ്പോള്‍ സര്‍ക്കാര്‍ ഷാഹിനക്കെതിരേ യു.എ.പി.എ പ്രകാരം കേസെടുത്തു. 

സിനിമയുടെ പ്രദര്‍ശനത്തോടനുബന്ധിച്ച് തമിഴ്‌നാട്ടില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. പോലീസിനെ ഉപയോഗിച്ച് ആര്‍.എസ്.എസ് ഡോക്യുമെന്ററി പ്രദര്‍ശനം തടയാന്‍ ശ്രമിച്ചു. പക്ഷേ അവിടുത്തെ ദളിത്-ഹ്യൂമണ്‍റൈറ്റ് സംഘടനകളും മീഡിയയും നമ്മുടെ കൂടെ നിന്നു. അതോടെ പോലീസ് അയഞ്ഞു. പിന്നീട് പോലീസ് വന്ന് ഡോക്യുമെന്ററിയുടെ സിഡി വാങ്ങിപ്പോവുകയായിരുന്നു. പിന്നെ ഞാനൊരു മുസ്ലീമല്ലെന്ന അഡ്വാന്റ്റേജും ഉണ്ടായിരുന്നു. ഷാഹിനക്കില്ലാതെ പോയതും അതാണ്.

ഇപ്പോള്‍ മദനിയെ അന്ധനാക്കാനാണ് നോക്കുന്നത്. കുറ്റക്കാരനാണെന്നുകണ്ട് വധശിക്ഷയ്ക്കു വിധിച്ചയാളെ തൂക്കിക്കൊല്ലുന്നതിന് മുമ്പ് അയാളുടെ ആരോഗ്യനില തൃപ്തികരമാണോയെന്ന് നോക്കാന്‍ ഇവിടെ നിയമസംവിധാനങ്ങളുണ്ട്. പക്ഷേ മദനിയുടെ കാര്യത്തില്‍ കുറ്റക്കാരനല്ലെന്ന് വിധിയുണ്ടായിട്ടു പോലും അയാളുടെ ആരോഗ്യം തകര്‍ക്കാനുള്ള മന:പൂര്‍വ്വമായ ശ്രമങ്ങളാണ് നടക്കുന്നത്. പിന്നീട് ആരോഗ്യ പരിരക്ഷ ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പോകേണ്ടി വന്നു. കുറേ കാലം അങ്ങനെ പോയി. ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ കോടതി വിധിയുണ്ടാകുന്നു. എന്നിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും നിസഹകരണമാണ്. നാലു ദിവസം മരുന്നു നല്‍കും. പിന്നെ അതുമുടങ്ങും. ആരെങ്കിലും പ്രശ്‌നമാക്കിയാല്‍ രണ്ടു ദിവസം. പിന്നെയും മുടങ്ങും.

എനിക്കു തോന്നുന്നത് ഇപ്പോള്‍ മദനി പുറത്തിറങ്ങുന്നതിനേക്കാള്‍ പ്രാധാന്യം അയാളുടെ കാഴ്ച സംരക്ഷിക്കുകയെന്നതാണ്. ഒരു കണ്ണിന്റെ കാഴ്ച്ച ഏതാണ്ട് ഇല്ലാതായി. മറ്റേതും മങ്ങിത്തുടങ്ങിയിരിക്കുന്നു. അയാളുടെ കാഴ്ച സംരക്ഷിക്കാനുള്ള ക്യാമ്പയിന്‍ എത്രയും പെട്ടെന്ന് തുടങ്ങണമെന്നാണ് എന്റെ അഭിപ്രായം. അത് കേരളത്തിലെ സിവില്‍ സൊസൈറ്റി ഏറ്റെടുത്തേ പറ്റൂ. സിവില്‍ സൊസൈറ്റിക്കാണ് അതിന്റെ ഉത്തരവാദിത്തം. മദനിയുടെ കണ്ണ് പോയാല്‍ കേരളത്തിലെ സിവില്‍ സൊസൈറ്റിയുടെ കണ്ണു പോയിയെന്നാണര്‍ഥം. കാരണം മദനി ഒരു പ്രതീകമാണ്. ഇത്തരത്തില്‍ ആയിരക്കണക്കിന് കുറ്റാരോപിതര്‍ നമ്മുടെ ജയിലുകളിലുണ്ട്.

ഫാബ്രിക്കേറ്റഡ് എന്ന ഡോക്യുമെന്ററിയുടെ യൂട്യൂബ് ലിങ്ക്    

Share on

മറ്റുവാര്‍ത്തകള്‍