ടീം അഴിമുഖം
ദേശീയ സുരക്ഷാ ഉപദേഷ്ടാവായി മുന്‍ രഹസ്യാന്വേഷണ വിഭാഗം (ഐ ബി) തലവന്‍ അജിത് ദോവലിനെ നിയമിച്ച നരേന്ദ്ര മോദിയുടെ തീരുമാനം എന്‍ ഡി എ സര്‍ക്കാരിന്റെ വരുംവര്‍ഷങ്ങളിലെ ദേശീയ സുരക്ഷാ നയത്തെക്കുറിച്ച് വ്യക്തമായ സൂചനകള്‍ തരുന്നു.
കോട്ടയത്തെ എസ് പി എന്നതടക്കം ഒരു ചെറുപ്പക്കാരനായ ഐ പി എസ് ഉദ്യോഗസ്ഥനായി കേരളത്തില്‍ ചെലവിട്ട ദോവലിന്റെ നാളുകള്‍ അങ്ങനെ എടുത്തുപറയാന്‍ മാത്രം ഒന്നുമുള്ളതല്ല. എന്നാല്‍ അയാളുടെ രഹസ്യാന്വേഷണ വിഭാഗത്തിലെ നീണ്ട ഉദ്യോഗകാലം തികച്ചും വേറിട്ടുനില്‍ക്കുന്നു, കുറച്ചൊക്കെ അസ്വസ്ഥതയുമുണ്ടാക്കുന്നു. നമുക്കത്ര പരിചിതമല്ലാത്തതും മാധ്യമങ്ങള്‍ ഇതുവരെ പറയാത്തതുമായ ഒരുപാട് കാരണങ്ങളാല്‍ ദോവലിന്റെ നിയമനം വാചാലമാണ്.
തിളങ്ങുന്ന ഉദ്യോഗകാലം
സൈനിക ഉദ്യോഗസ്ഥന്റെ മകനായ അദ്ദേഹത്തിന്റെ ഐ ബിയിലെ ഉദ്യോഗകാലം വീരകഥകളാല്‍ അലംകൃതമാണ്. മുന്‍ റോ മേധാവി ഹോര്‍മീസ് തരകനടക്കമുള്ളവരുടെ 1968-ലെ പേരുകേട്ട ഐ പി എസ് ബാച്ചില്‍പ്പെട്ട ദോവല്‍ ഐ ബിയില്‍ ചേരാനായി ഡല്‍ഹിയിലേക്ക് മാറി. തുടര്‍ന്ന് വര്‍ഷങ്ങള്‍ നീണ്ട, കണ്ണഞ്ചിപ്പിക്കുന്ന ദൌത്യങ്ങളടക്കമുള്ള സേവനകാലം. പിന്നെ മന്‍മോഹന്‍സിംഗ് സര്‍ക്കാരിന്റെ കാലത്ത് ഏതാനും മാസം ഐ ബി മേധാവിയായി സേവനമനുഷ്ഠിച്ച് പടിയിറക്കം.
മിസോറാമിലും പഞ്ചാബിലും കാശ്മീരിലും ദോവല്‍ നടത്തിയ രഹസ്യദൌത്യങ്ങള്‍ ഇന്ത്യന്‍ രഹസ്യാന്വേഷണസേനയുടെ വീരഗാഥകളാണ്. മിസോ നാഷണല്‍ ഫ്രണ്ടിന്റെ കലാപകാലത്ത് ലാല്‍ഡെംഗെയുടെ ഏഴു കമാണ്ടര്‍മാരില്‍ ആറുപേരെയും ദോവല്‍ വശത്താക്കി. ബര്‍മയിലെ അരാകന്‍ പ്രദേശത്തും ചൈനയിലും മിസോ നാഷണല്‍ ആര്‍മിയുമൊത്ത് ആള്‍മാറാട്ടം നടത്തിക്കഴിഞ്ഞിട്ടുമുണ്ട് ദോവല്‍.
പഞ്ചാബില്‍ റൊമാനിയന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ ലിവിയൂ രാഡുവിന്‍റെ മോചനത്തിനും ഓപറേഷന്‍ ബ്ലാക് തണ്ടറിന്റെ വിജയത്തിനും പിന്നിലും ഡോവലുണ്ടായിരുന്നു. കഥകള്‍ ശരിയാണെങ്കില്‍ ഭീകരവാദികളെ തുരത്താനായി സുരക്ഷാ സേന 1989-ല്‍ ഓപ്പറേഷന്‍ ബ്ലാക് തണ്ടര്‍ നടത്തുമ്പോള്‍ അമൃത്സറിലെ ഹര്‍മീന്ദര്‍ സാഹിബിനകത്തുണ്ടായിരുന്നു ദോവല്‍.
ദോവല്‍ പാകിസ്താനില്‍ ആറ് വര്‍ഷം ചെലവഴിച്ചു. 1990-ല്‍ കാശ്മീരിലെത്തിയ ദോവല്‍, കുക പാരവി (Kuka Parray)നെപ്പോലുള്ള തീവ്രവാദികളെ ഭീകര വിരുദ്ധ ദൌത്യത്തിലെ സഹായികളാക്കി മാറ്റുന്നതിലും പ്രധാന പങ്കാണ് വഹിച്ചത്. ഈ ഇഖ്വാനി (Ikhwanis) കളുടെ വിജയത്തെക്കുറിച്ച്, നക്സല്‍ സ്വാധീന പ്രദേശങ്ങളിലെ ഭരണകൂട പിന്തുണയുള്ള സല്‍വാ ജുദുമിനെ പോലെ, ഇന്ത്യന്‍ മാധ്യമങ്ങള്‍ വാചാലരായെങ്കിലും ഇഖ്വാനികള്‍ അഴിച്ചുവിട്ട നിയമത്തിനതീതമായ ഭീകരതയെക്കുറിച്ച് അവര്‍ അസ്വസ്ഥത പ്രകടിപ്പിച്ചതേയില്ല. തീവ്രവാദത്തിനെതിരെ ക്രൂരമായ ഭരണകൂട അടിച്ചമര്‍ത്തലും, സര്‍ക്കാരേതര അതിക്രമവും ദോവലിന്റെ വിശ്വാസസംഹിതയിലെ പ്രമാണങ്ങളാണ്. അതൊരുപക്ഷേ ദോവല്‍ രഹസ്യാന്വേഷണ ദൌത്യക്കാരനായതുകൊണ്ടാകാം, അല്ലെങ്കില്‍ വലതുപക്ഷ ചായ്വുള്ള മധ്യമാര്‍ഗിയായതുകൊണ്ടുമാവാം. ഇന്ത്യന്‍ വലതുപക്ഷം സുരക്ഷാ സേനയുടെ ശക്തിയിലും പോലീസ് സ്റ്റേറ്റിലും അന്ധമായി വിശ്വസിക്കുന്നവരാണ്.
1999-ല്‍ ഐ സി-814 ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം കാണ്ടഹാറില്‍ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ തീവ്രവാദികളുമായി നടന്ന മധ്യസ്ഥശ്രമത്തിലെ പ്രധാന കക്ഷികളിലൊരാളായിരുന്നു ദോവല്‍. ഒത്തുതീര്‍പ്പുശ്രമങ്ങള്‍ വിജയകരമായിരുന്നു. എന്നാല്‍ മൂന്നു ഭീകരവാദികളെ മോചിപ്പിക്കാനുള്ള അന്നത്തെ രാഷ്ട്രീയ തീരുമാനത്തിന് ഇന്ത്യയിന്നും പിഴയൊടുക്കുകയാണ്. കാശ്മീരില്‍ മാത്രമല്ല ഇന്ത്യയിലാകെ ഭീകരാക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ജെയിഷ്-എ-മുഹമ്മദിന്റെ സ്ഥാപകന്‍ അന്ന് വിട്ടയച്ച തീവ്രവാദികളിലൊരാളായ മൌലാന മസൂദ് അസറാണ്.
വിശിഷ്ട സേവനത്തിനുള്ള ഇന്ത്യന്‍ പോലീസ് പതക്കം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പോലീസ് ഉദ്യോഗസ്ഥനാണ് ദോവല്‍. അതിനുമുമ്പ് സൈനിക ബഹുമതിയായി മാത്രം നല്കിയിരുന്ന കീര്‍ത്തിചക്ര ആദ്യമായി ഒരു പോലീസ് ഉദ്യോഗസ്ഥന് ലഭിക്കുന്നത് 1988-ല്‍ ദോവലിനാണ്.
വിരമിച്ച ശേഷം ദോവല്‍ ഡിസംബര്‍ 2009-ല്‍ വിവേകാനന്ദ കേന്ദ്രയുടെ, വിവേകാനന്ദ ഇന്‍റര്‍നാഷണല്‍ ഫൌണ്ടേഷന്‍ സ്ഥാപിച്ചു. തങ്ങളുടെ വലതുപക്ഷ ചായ്വ് മറച്ചുവെക്കാന്‍ ഈ ബൌദ്ധിക കേന്ദ്രം ശ്രമിക്കാറുമില്ല.
സൈദ്ധാന്തിക കടുംപിടിത്തക്കാരന്‍?
ദോവലിന്റെ കര്‍ശനമായ പ്രൊഫഷണല്‍ മികവും കടുപിടിത്തവും എല്ലാം ഒരു നല്ല രഹസ്യാന്വേഷണ ഉദ്യോഗസ്ഥന് ചേര്‍ന്നത് തന്നെ. ആഭ്യന്തര സുരക്ഷാ വിഷയങ്ങളിലടക്കം ദേശീയ സുരക്ഷയെ സംബന്ധിച്ചു മോദി ആക്രമണാത്മകമായ നിലപാടെടുക്കും എന്നതിന്റെ സൂചനയാണ് ദോവലിന്റെ നിയമനം.
എന്നാല്‍, സാമ്പത്തിക വളര്‍ച്ച പരമപ്രധാനമായ ഇന്ത്യയെ സംബന്ധിച്ച് സങ്കീര്‍ണ്ണമായ തെക്കനേഷ്യന്‍ ഭൌമ രാഷ്ട്രീയമേഖലയില്‍ ഈ കാലത്ത് ഇതാണോ ഇന്ത്യയെടുക്കേണ്ട ശരിയായ നിലപാട് എന്നതാണു ചോദ്യം. തങ്ങളുടെ സാമ്പത്തിക മോഹങ്ങള്‍ കൈവരിക്കുന്നതിനും കോടിക്കണക്കിനാളുകളെ പട്ടിണിയില്‍നിന്നും കരകയറ്റുന്നതിനും ഇന്ത്യക്ക് വേണ്ടത് സമാധാനപരമായ അന്തരീക്ഷമാണ്. പ്രകോപനപരമായ ഒരു നിലപാടാണ് മോദി സര്‍ക്കാര്‍ എടുക്കുന്നതെങ്കില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ ഏറെ നാടകീയമായിരിക്കും.
പാകിസ്ഥാന്, അല്ലെങ്കില്‍ ഏതെങ്കിലും ഇന്ത്യാ വിരുദ്ധ ശക്തിക്ക് നമ്മുടെ സമാധാനം തകര്‍ക്കാന്‍ അതിര്‍ത്തിയില്‍ പടയൊരുക്കം നടത്തേണ്ട കാര്യമില്ല. പരിശീലനം സിദ്ധിച്ച കുറച്ചു ഭീകരവാദികള്‍ക്ക് ഇവിടെ നാശം വിതയ്ക്കാം, ഒപ്പം നിക്ഷേപകര്‍ക്ക് ഇന്ത്യയിലുള്ള വിശ്വാസവും തകര്‍ക്കാം. ഒരു കടുംപിടിത്തക്കാരനായ മോദിയുടെ, ഭരണകര്‍ത്താവ് എന്ന നിലക്കുള്ള കഴിവിന് മേല്‍ സംശയത്തിന്റെ നിഴല്‍ പരത്തുന്നു ദോവലിന്റെ നിയമനം. മോദി ജീവിതകാലം മുഴുവന്‍ കൊണ്ടുനടന്ന ആ അസന്തുലിത പ്രത്യയശാസ്ത്രത്തിന്റെ ഒരു ശാഖ പോലെ.
കുഴപ്പം പിടിച്ച മറ്റുചില കാര്യങ്ങള്‍ കൂടിയുണ്ട് ദോവലിന്റെ നിയമനത്തില്‍. അത് ഇന്ത്യയില്‍ കഴിഞ്ഞ ദശാബ്ദക്കാലത്തിനിടക്ക് നടന്ന ഭീകരാക്രമണങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളും, ഹിന്ദു ഭീകരവാദത്തെക്കുറിച്ച് രഹസ്യാന്വേഷണ ഏജന്‍സികള്‍ പുലര്‍ത്തിയ സംശയകരമായ അവഗണനയുമാണ്. സാധ്വി പ്രഗ്യയും കേണല്‍ പുരോഹിതും നേതൃത്വം കൊടുത്ത അഭിനവ് ഭാരത് എന്ന ഹിന്ദു ഭീകര സംഘടനയെക്കുറിച്ച് ഇപ്പോളും സംശയങ്ങള്‍ ബാക്കിയാണ്. സേനാ രേഖകള്‍ കാണിക്കുന്നത് കേണല്‍ പുരോഹിത് വിതരണം ചെയ്ത ആര്‍ ഡി എക്സ് അയാള്‍ക്ക് ലഭിച്ചത് ഇന്ത്യന്‍ സേനയുടെ ശേഖരത്തില്‍ നിന്നുമല്ലെന്നാണ്. പിന്നെ എവിടെ നിന്നുമാണ് അയാള്‍ക്കത് ലഭിച്ചത്? ഏതെങ്കിലും ഇന്ത്യന്‍ അന്വേഷണ ഏജന്‍സിയുടെ ഉപകരണമായിരുന്നോ അയാള്‍? അഭിനവ് ഭാരത്, ഇന്ത്യന്‍ സുരക്ഷാ സംവിധാനത്തിന്റെ സൃഷ്ടിയാണോ? ഈ ചോദ്യങ്ങള്‍ ഇന്ത്യന്‍ സുരക്ഷാ വിദഗ്ധരെ ഏറെക്കാലം വേട്ടയാടി. ഇതിനൊന്നും കൃത്യമായ ഉത്തരങ്ങളും ഇല്ല. പക്ഷേ, 2007-ലെ ഹൈദരാബാദ് മെക്കാ മസ്ജിദ് സ്ഫോടനങ്ങള്‍ അന്വേഷിച്ച സി ബി ഐ, രഹസ്യാന്വേഷണ വിഭാഗത്തിലേതടക്കം ചില പ്രധാന ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് ചോദ്യങ്ങളുയര്‍ത്തിയിരുന്നു. ആ ചോദ്യങ്ങള്‍ എന്തായാലും ഉത്തരം കിട്ടാതെ അടക്കപ്പെട്ടു.
ദോവലിന് ഈ സംഘത്തെക്കുറിച്ച് അറിവുണ്ടായിരുന്നു എന്നതിന് തെളിവൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ എന്‍ ഡി എ സര്‍ക്കാരിന്റെ കാലത്ത് ഭീകരവാദം സംബന്ധിച്ച നയരൂപീകരണത്തില്‍ പ്രധാന പങ്ക് വഹിച്ച ദോവലിന് അന്നത്തെ അനുഭവം വെച്ചാണെങ്കില്‍ കുറെക്കൂടി മുന്നോട്ടുപോകേണ്ടതുണ്ട്. ഒരു മികച്ച പ്രൊഫഷണലായാണ് ദോവല്‍ അറിയപ്പെടുന്നത്. തങ്ങളുടെ ഭൂതകാലത്തില്‍ നിന്നും പഠിക്കുകയും നല്ലൊരു ഭാവി രൂപപ്പെടുത്തുകയും ചെയ്യുന്നവരാണ് പ്രൊഫഷണലുകള്‍. തന്റെ പൌരന്‍മാര്‍ക്കെല്ലാം തുല്യതയും സ്വാതന്ത്ര്യവും ഉറപ്പുവരുത്താതെ ഇന്ത്യക്ക് കീര്‍ത്തിയുടെ നക്ഷത്രങ്ങള്‍ നേടാനാകില്ല. ആ തുല്യത ഉറപ്പുവരുത്താനാണെങ്കിലും, തകര്‍ക്കാനാണെങ്കിലും ഇന്ത്യന്‍ സുരക്ഷാ സംവിധാനം അതിന്റെ മുമ്പന്തിയിലുണ്ടാകും. തെറ്റായ വിവരവുമായി കറങ്ങിത്തിരിയുന്ന സുരക്ഷാ ദൌത്യക്കാര്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആ മഹത്തായ മൂല്ല്യങ്ങളെ തകര്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിന് ദോവലിന് നിര്‍ണ്ണായക പങ്കാണ് വഹിക്കാനുള്ളത്.