Continue reading “കേരളത്തിന്റെ വളര്‍ച്ചയും വികസനവും”

" /> Continue reading “കേരളത്തിന്റെ വളര്‍ച്ചയും വികസനവും”

"> Continue reading “കേരളത്തിന്റെ വളര്‍ച്ചയും വികസനവും”

">

UPDATES

കേരളത്തിന്റെ വളര്‍ച്ചയും വികസനവും

                       

സമകാലിക കേരള സമ്പദ്‌ വ്യവസ്‌ഥയുടെ വെല്ലുവിളികളെയും സാധ്യതകളെയും കുറിച്ച്‌ ഡോ. കെ.പി കണ്ണനുമായി അഴിമുഖം പ്രതിനിധി സാജു കൊമ്പന്‍ നടത്തിയ സംഭാഷണത്തില്‍ നിന്ന്‌:

 

കേരളത്തിന്റെ വളര്‍ച്ചാ നിരക്ക് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലായി 8-9 ശതമാനമാണ്. ദേശിയ വളര്‍ച്ചാ നിരക്കിനേക്കാള്‍ 3 ശതമാനം കൂടുതലാണിത്. ആളോഹരി വരുമാനത്തിന്റെ കാര്യത്തിലും മെച്ചപ്പെട്ട വളര്‍ച്ചാ നിരക്കാണ് നമ്മുടേത്. ഇത്തരം കണക്കുകള്‍ സൂചിപ്പിക്കുന്നത് കേരളത്തിന്റെ പ്രത്യേക വികസന സാഹചര്യത്തെയാണ്. ഇതിനെ നമുക്ക് 'ഓട്ടമാറ്റിക് ഗ്രോത്ത് മെക്കനിസം' എന്നു വിളിക്കാം. വിദേശ രാജ്യങ്ങളില്‍ തൊഴിലെടുക്കുന്നവര്‍ നാട്ടിലെത്തിക്കുന്ന പുറംപണമാണ് ഈ വളര്‍ച്ചയുടെ പ്രധാന അടിസ്ഥാനം. ഇങ്ങനെയൊരു വളര്‍ച്ചാ പ്രതിഭാസം കേരളത്തില്‍ തുടങ്ങുന്നത് ഏകദേശം 1987 മുതല്‍ക്കാണ്. 80കള്‍ മുതലാണ് തൊഴില്‍ തേടി വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം കേരളത്തില്‍ ശക്തി പ്രാപിക്കുന്നത്. ഗള്‍ഫ് മേഖലകളിലേക്കായിരുന്നു ആദ്യകാല കുടിയേറ്റം. പിന്നീടത് യൂറോപ്യന്‍ നാടുകളിലേക്കും അമേരിക്കയിലേക്കും മറ്റ് ചില രാജ്യങ്ങളിലേക്കും വ്യാപിച്ചു.  74നും 87നും ഇടയ്ക്ക് വളരെ താഴ്ന്ന വളര്‍ച്ച നിരക്കാണ് കേരളത്തില്‍ ഉണ്ടായിരുന്നത്. മുരടിപ്പെന്നാണ് ഞങ്ങള്‍ ഇതിനെ വിളിച്ചിരുന്നത്. മുരടിപ്പ് മാറി ഇങ്ങനെയൊരു വളര്‍ച്ചാ പാതയിലേക്ക് കേരളം വരാനുള്ള പ്രധാന കാരണമായ നാട്ടിലെത്തുന്ന പുറംപണം സ്വകാര്യ വരുമാനമായിട്ടാണ് എത്തുന്നത്. ഇപ്പൊഴിത് ഏകദേശം 60,000 കോടി രൂപയോളം വരും. കേരളത്തിന്റെ അഭ്യന്തര ഉത്പാദന മൂല്യത്തിന്റെ 30 ശതമാനം. ഈ സ്വകാര്യ വരുമാനം ഒരു മള്‍ട്ടിപ്‌ളയര്‍ എഫക്‌ററ് നമ്മുടെ സമ്പദ്‌വ്യവസ്ഥയില്‍ ഉണ്ടാക്കുന്നുണ്ട്. പലതരം ചെലവുകളായി ഈ പണം നമ്മുടെ സമൂഹത്തില്‍തന്നെ വിതരണം ചെയ്യപ്പെടുകയാണ്. വിപണിയില്‍ നിന്ന് വാങ്ങിക്കുന്ന ഉത്പന്നങ്ങളുടെ വിലയായും വിവിധ മേഖലകളില്‍ തൊഴിലെടുക്കുന്നവര്‍ക്ക് കൊടുക്കുന്ന ശമ്പളമായും മറ്റും. 

 

1971ല്‍ ഭൂപരിഷ്‌ക്കരണം നടപ്പിലാക്കിയതിന് ശേഷം അച്യുതമേനോന്‍ ഗവണ്‍മെന്റ് നിരവധി പൊതുമേഖലകള്‍ ഇവിടെ സൃഷ്ടിക്കുകയുണ്ടായി. പക്ഷേ ആ പൊതുമേഖല സ്ഥാപനങ്ങളെ വേണ്ട വിധത്തില്‍ വളര്‍ത്തിക്കൊണ്ട് വരുന്നതിനോ കാര്യക്ഷമമാക്കുന്നതിനോ കേരളത്തിന് സാധിച്ചില്ല. പ്രത്യേകിച്ചും പുരോഗമനപരമെന്നും സോഷ്യലിസമെന്നുമൊക്കെ അവകാശപ്പെടുന്ന കേരളത്തിന്റെ അന്തരീക്ഷത്തില്‍. പൊതുമേഖലയുടെ വളര്‍ച്ചയ്ക്കാവിശ്യമായ പരിപാടികള്‍ ആവിഷ്‌ക്കരിച്ച് അവയെ നിലനിര്‍ത്താന്‍ ശ്രമിക്കുന്നതിന് പകരം വിലപേശല്‍ രാഷ്ട്രീയമാണ് നടന്നത്. തങ്ങളുടെ സ്ഥാപനമാണെന്ന ചിന്തയോടെ ഇതിനെ പരിപുഷ്ടിപ്പെടുത്താന്‍ തൊഴിലാളി സംഘടനകള്‍ കാര്യമായി ശ്രമിച്ചില്ല എന്നുതന്നെ വേണം പറയാന്‍. കാലാകാലങ്ങളില്‍ വരുന്ന ഭരണ നേതൃത്വത്തിന് കാര്യക്ഷമമായ ഒരു മാനേജ്‌മെന്റ് സംവിധാനം കൊണ്ടുവരാനും താല്‍പര്യമുണ്ടായില്ല. പകരം കൂട്ടുകക്ഷി രാഷ്ട്രിയത്തിന്റെ പരസ്യമായ വിലപേശലില്‍ ഭരണസാരഥ്യം എത്തുന്നത് അവരുടെ നോമിനികളായ ചെറുകിട രാഷ്ട്രിയക്കാരുടെ കയ്യിലാണ്. പ്രവര്‍ത്തന സാരഥ്യം ബ്യൂറോക്രസിക്കും. സ്വകാര്യവത്ക്കരണത്തിനെതിരെ വാവിട്ട് കരയുമ്പോഴും നേരത്തെ നമുക്ക് സംഭവിച്ച പരാജയത്തെക്കുറിച്ച് നമ്മള്‍ പുനര്‍വിചിന്തനം ചെയ്യാറില്ല. ഈ പ്രതിസന്ധിയെ മറികടക്കാനുള്ള ശക്തമായ മാര്‍ഗങ്ങളും ഇതുവരെ കണ്ടെത്തിയിട്ടില്ല.

 

സ്വകാര്യ വ്യക്തികള്‍ക്ക് വരുമാനം കൂടുന്നതിനനുസരിച്ചോ അതില്‍ കൂടുതലോ ഗവണ്‍മെന്റിന്റെ വരുമാനം വര്‍ദ്ധിക്കേണ്ടതുണ്ട്. അങ്ങനെ വര്‍ദ്ധിക്കാത്തതുകൊണ്ടാണ് ധനക്കമ്മി ഉണ്ടാകുന്നത്. ഗവണ്‍മെന്റിന് പിരിച്ചുകിട്ടേണ്ട നികുതി വരുമാനത്തിന്റെ ചുരുങ്ങിയത് മൂന്നിലൊരു ഭാഗം പോലും കിട്ടാതെ പോകുന്നു. ലോബിയിംഗും കാര്യക്ഷമതയില്ലായ്മയും അഴിമതിയുമെല്ലാം നികുതി പിരിച്ചെടുക്കുന്നതിന് ഗവണ്‍മെന്റിന് തടസ്സമാകുന്നുണ്ടാകാം. വ്യക്തമായ ആസൂത്രണത്തോടെയുള്ള വികസനം നാട്ടില്‍ സാധ്യമാകണമെങ്കില്‍ ഫലപ്രദമായ ധനസമാഹരണം നടത്തേണ്ടതുണ്ട്. കാര്യക്ഷമമായി പിരിച്ചെടുക്കുന്ന നികുതി-നികുതിയേതര വരുമാനം കൊണ്ട് വേണം പൊതുമേഖലയെ വളര്‍ത്തിയെടുക്കാന്‍. എന്നാല്‍ മാത്രമേ അനിയന്ത്രിതമായ സ്വകാര്യവത്ക്കരണത്തെ പിടിച്ചുനിര്‍ത്താന്‍ കെല്പ്പുള്ള ഒരു ബദല്‍ ശക്തിയായി ഇത് നിലനില്ക്കുകയള്ളൂ. ആഗോള വിപണിയില്‍പ്പോലും ശക്തമായി നില്‍ക്കാന്‍ കെല്‍പ്പുള്ള അനേകം പൊതുമേഖല സ്ഥാപനങ്ങള്‍ ദേശീയ തലത്തില്‍ലുണ്ട്. എന്നാല്‍ സ്വന്തം കാലില്‍ നില്‍ക്കാനും മിച്ചമുണ്ടാക്കി പൊതുസമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനും കഴിവുള്ള ഏതെങ്കിലുമൊരു പൊതുസ്ഥാപനം കേരളത്തിനുണ്ടോ എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.

 

 

കൃഷിക്ക് നല്കേണ്ട വില

 

നമ്മുടെ സമ്പദ്‌വ്യവസ്ഥയില്‍ കാര്‍ഷികേതര മേഖല അതിവേഗം വളരുകയും കാര്‍ഷിക മേഖലയുടെ പങ്ക് കുറയുകയും ചെയ്യുന്നുണ്ട്. എന്നാല്‍  കാര്‍ഷിക മേഖലയെ ഇനിയും വികസിപ്പിച്ചെടുക്കാന്‍ കഴിയും എന്ന് തന്നെയാണ് എന്റെ അഭിപ്രായം. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളം മൂല്യവര്‍ദ്ധനയുടെ കാര്യത്തില്‍ മൂന്നാം സ്ഥാനത്താണെന്നോര്‍ക്കണം. ആദ്യ രണ്ട് സ്ഥാനത്ത് പഞ്ചാബും ഹരിയാനയുമാണ്. കാര്‍ഷികരംഗത്തുള്ള കേരളത്തിന്റെ മുന്നേറ്റത്തിന് പ്രധാന കാരണം സമ്മിശ്രമായും അല്ലാതെയുമുള്ള കൃഷിരീതിയാണ്. അതുകൊണ്ട് തന്നെ മറ്റ് സംസ്ഥാനങ്ങളെയപേക്ഷിച്ച് കൃഷിയില്‍ നിന്ന് കൂടുതല്‍ മൂല്യം ഉത്പ്പാദിപ്പിക്കാന്‍ സംസ്ഥാനത്തിന് കഴിയുന്നുണ്ട്. സംഘടനാപരമായി ഒന്നിക്കുന്നതിനും പുത്തന്‍ കൃഷിരീതികള്‍ അവലംബിക്കുന്നതിനും ഇവിടത്തെ കര്‍ഷകരെന്നും ഉത്സാഹം കാട്ടിയിട്ടുണ്ട്. പക്ഷെ കേരളം ഇന്ന് നേരിടുന്ന പ്രധാന പ്രതിസന്ധി നെല്‍കൃഷി രംഗത്താണ്.1975 -ല്‍ 8 ലക്ഷം ഹെക്ടര്‍ നെല്‍ വയലുകളുണ്ടായിരുന്ന സ്ഥാനത്ത് ഇന്നത് 2 ലക്ഷം ഹെക്ടര്‍ മാത്രമായി ചുരുങ്ങിയിരിക്കുന്നു. അതേ സമയം തന്നെ ഉത്പാദനക്ഷമത കാര്യമായി വര്‍ദ്ധിപ്പിക്കാന്‍ നമുക്ക് സാധിച്ചിട്ടില്ല. പാലക്കാട്ടെ ചിറ്റൂര്‍, ആലത്തൂര്‍ പ്രദേശങ്ങളിലും കുട്ടനാട്ടും തൃശൂരിലെ കോള്‍ നിലങ്ങളിലും ഹെക്ടറിന് 5 ടണ്ണോളം നെല്ല് കിട്ടുന്നുണ്ടെങ്കിലും സംസ്ഥാന ശരാശരി രണ്ടര ടണ്‍ മാത്രമാണ്.വിയറ്റ്‌നാമിലും ചൈനയിലും തായ്‌ലന്റിലും ഇത് 5 ടണ്ണാണെന്നോര്‍ക്കണം. കാര്‍ഷിക മേഖലയില്‍ മികച്ച രീതിയില്‍ ആധുനികവത്ക്കരണം നടപ്പിലാക്കിയിട്ടുള്ള ജപ്പാന്‍ ശരാശരി ഏഴും എട്ടും ടണ്‍ ഹെക്ടറില്‍ ഉത്പ്പാദിപ്പിക്കുന്നുണ്ട്.

 

റബര്‍ പോലുള്ള വ്യാവസായിക വിളകളോട് മത്സരിക്കാനുള്ള കെല്പ് നെല്ലിനില്ല. ലാഭം കൂടുതല്‍ കിട്ടുന്ന വിളകളില്‍ കര്‍ഷകര്‍ ആകൃഷ്ടരാകുക സ്വാഭാവികം. ഉദാരവല്‍ക്കരണത്തിന്റെ ആഗോള സാഹചര്യവും ഈ പ്രവണതയ്ക്ക് ശക്തി പകരുന്നുണ്ട്. കര്‍ഷകന് സബ്‌സിഡി നല്‍കുന്നതിനോടൊപ്പം ആധുനികവത്ക്കരണവും നടപ്പിലാക്കുകയാണ് നെല്‍കൃഷി രംഗത്ത് ഉടനടി ചെയ്യേണ്ടത്. പുതിയ സാങ്കേതിക വിദ്യകളും ആധുനികമായ കൃഷിരീതികളും നടപ്പിലാക്കുന്നതോടെ വമ്പിച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. കാര്‍ഷിക മേഖലയുടെ അനുബന്ധഘടകങ്ങളായിട്ടുള്ള കന്നുകാലി വളര്‍ത്തല്‍, പാല്‍ ഉല്‍പ്പാദനം/സംസ്‌കരണം, മത്സ്യ കൃഷി, മത്സ്യ ബന്ധനം എന്നീ മേഖലകളില്‍ മെച്ചപ്പെട്ട നേട്ടങ്ങള്‍ കൈവരിച്ച ഹോളണ്ട്, ആസ്‌ട്രേലിയ, ന്യൂസിലാന്റ് തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് നമുക്കേറെ പഠിക്കാനുണ്ട്. കേരളത്തിന്റെ കാര്യത്തില്‍ ആധുനികവത്ക്കരണത്തിനുള്ള അനുകൂലസാഹചര്യം ഇവിടെയുണ്ട്. കര്‍ഷകരായാലും കര്‍ഷകത്തൊഴിലാളികളായാലും അടിസ്ഥാന വിദ്യാഭ്യാസം നേടിയിട്ടുള്ളവരാണ് അധികം പേരും. അതുകൊണ്ടുതന്നെ വൈദഗ്ധ്യമുള്ള തൊഴില്‍ സേനയെ നമുക്ക് സൃഷ്ടിക്കാന്‍ സാധിക്കും. 

 

കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനങ്ങളാണ് കേരളത്തിന്റെ മറ്റൊരു പ്രത്യേകത.പ്രത്യേകിച്ചും പണം കടം കൊടുക്കുന്ന കാര്യത്തില്‍. പക്ഷെ കാര്‍ഷികവൃത്തിയില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റ് പ്രവര്‍ത്തനങ്ങളെ കൂട്ടായ്മയ്ക്ക് കീഴില്‍ കൊണ്ടുവരുന്ന തരത്തിലുള്ള സംഘടനാരീതി നമുക്ക് വേണ്ട രീതിയില്‍ പരിപോഷിപ്പിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ല. നേരത്തെയിത് കൂട്ടുകൃഷിയെന്ന രീതിയില്‍ വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. കൂട്ടുകൃഷിയെന്ന് പറയുമ്പോള്‍ എല്ലാവരും അവരുടെ ഭൂമിയോ തീരുമാനങ്ങളോ ഒരേ കുടക്കീഴില്‍ കൊണ്ടുവരണമെന്നല്ല. കൂട്ടായിരുന്നാലോചിച്ച് വേണ്ടകാര്യങ്ങള്‍ സമയബന്ധിതമായി ചെയ്യുകയെന്നുള്ളതാണ്. വളം, വിത്ത് വാങ്ങല്‍, യന്ത്രങ്ങള്‍ ഉപയോഗിക്കല്‍, കാര്‍ഷിക ഉദ്യോഗസ്ഥന്‍മാരില്‍നിന്ന് സാങ്കേതിക പരിജ്ഞാനം നേടല്‍, വിപണനം തുടങ്ങിയവ മുന്‍ഗണനക്രമം കൊടുത്ത് നിര്‍ബന്ധമായും നമ്മള്‍ കൂട്ടായ്മയോടെ നടപ്പില്‍വരുത്തേണ്ടതുണ്ട്.

 

ഏറ്റവും പ്രധാനപ്പെട്ട കാര്യം കാര്‍ഷികമേഖലയെ നിലനിര്‍ത്തേണ്ടത് സമൂഹത്തിന്റെ ആവിശ്യമാണെന്നുള്ളതാണ്. കൃഷി നിലനിര്‍ത്താന്‍ ഒരു വില നല്‍കേണ്ട ബാധ്യത സമൂഹത്തിനുണ്ട്. ലോകത്തിലെ ഏത് വികസിത രാജ്യങ്ങളെ നോക്കിയാലും കാര്‍ഷികേതര മേഖലയില്‍ നിന്നുള്ള വരുമാനം കാര്‍ഷികമേഖലയെ മെച്ചപ്പെടുത്താന്‍ ഉപയോഗിക്കുന്നതായിക്കാണാം.

 

ഇന്നത്തെ വിപണനയുക്തയുടെ കാഴ്ച്ചപ്പാടില്‍ നെല്‍വയലുകടെ പാരിസ്ഥിതികമായ സംഭാവനകള്‍ പലതും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് പറയാതെ വയ്യ.നെല്‍വയലുകള്‍ സ്വാഭാവികമായ നീര്‍ത്തടങ്ങളായാണ് പ്രവര്‍ത്തിക്കുന്നത്. അവയെ മണ്ണിട്ട് മൂടി പാരിസ്ഥിതിക സ്വഭാവത്തെ മാറ്റി മറിച്ചാല്‍ കാര്‍ഷികമെഖലയെ ബാധിക്കുന്ന വലിയ ദുരന്തമായി അത് മാറും. അതുകൊണ്ട് തന്നെ സമഗ്രമായതും സൂക്ഷ്മതലത്തിലുള്ളതുമായ ഒരു ഭൂവിനിയോഗ ആസൂത്രണം നമുക്ക് അത്യാവശ്യമാണ്. ഗവണ്‍മെന്റിന്റെ ഇടപെടല്‍ ഒരു വികസന പരിപ്രേക്ഷ്യത്തിന്റെ കാഴ്ച്ചപ്പാടില്‍ കൊണ്ടുവരേണ്ടതുണ്ട്. മൊത്തത്തിലുള്ള വളര്‍ച്ച വികസനമല്ലല്ലോ?

 

പുതിയ തലമുറ കൃഷിയില്‍ നിന്നകലുന്നുവെന്ന വിമര്ശനത്തിന്റെ പശ്ചാത്തലം

 

ഇത്തരം കാര്യങ്ങളെ ആത്മനിഷ്ഠമായി കാണാന്‍ പാടില്ല. നേടുന്ന വിദ്യാഭ്യാസത്തിന് തക്കതായ തൊഴില്‍ വേണമെന്ന് ആരും ആഗ്രഹിക്കും. അത് ന്യായവുമാണ്. മികച്ച തൊഴിലവസരങ്ങള്‍ തേടി വിദേശ രാജ്യങ്ങളിലേക്ക് പോകുന്നതിനെ വിമര്‍ശനബുദ്ധ്യാ കാണുന്നത് ശരിയല്ല. യഥാര്‍ത്ഥത്തില്‍ അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്ക് ഉത്പാദന മേഖലയില്‍ ഉള്‍പ്പടെ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് നാം ചെയ്യേണ്ടത്. ഗുമസ്തപ്പണിക്കും മറ്റു വെള്ളക്കോളര്‍ ജോലിക്കും ആവശ്യമുള്ള വിദ്യാഭ്യാസം മാത്രമല്ല നമുക്ക് വേണ്ടത്. വൈദഗ്ധ്യമുള്ള തൊഴില്‍ സേനയെ സൃഷ്ടിക്കാനാവശ്യമായ പരിശീലനങ്ങളാണ് നല്‍കേണ്ടത്. ഉന്നത വിദ്യാഭ്യാസരംഗം പരിശോധിച്ചാല്‍ നിലവാരം വളരെ കുറവാണെന്ന് കാണാം. ബിഎ, ബികൊം പഠിച്ചിറങ്ങുന്ന കുട്ടിക്ക് നേരാംവണ്ണം കത്തെഴുതാന്‍ പോലും അറിയില്ലെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. വേണ്ടത്ര പ്രായോഗിക പരിശീലനത്തിന്റെ അഭാവമാണ് ഇത് കാണിക്കുന്നത്. അഭ്യസ്തവിദ്യര്‍ക്കിടയിലെ തൊഴിലില്ലായ്മയാണ് നാമിന്ന് നേരിടുന്ന പ്രധാന പ്രശ്‌നം. കേരളത്തിലെ ബഹുഭൂരിപക്ഷം കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കും ലഭിക്കുന്നത് പൊതുവിദ്യാഭ്യാസമാണ്. പിന്നീട് കുറച്ചുപേര്‍ക്ക് സാങ്കേതിക പ്രൊഫഷണല്‍ വിദ്യാഭ്യാസം ലഭിക്കുന്നുണ്ട്. തൊഴിലില്ലാത്തവര്‍ കൂടുതലും പൊതുവിദ്യാഭ്യാസം നേടിയവരും ഒരു തൊഴിലിലും പ്രത്യേക പരിജ്ഞാനം ഇല്ലാത്തവരുമാണ്. അവര്‍ അണ്‍എംപ്ലോയ്ഡ് മാത്രമല്ല അണ്‍എംപ്ലോയബിള്‍ കൂടിയാണ്. ഒരു ന്യൂനപക്ഷം മാത്രമേ 12-ാം ക്ലാസ് കഴിഞ്ഞ്  ഉന്നത വിദ്യാഭ്യാസം നേടി പുറത്തുവരുന്നുള്ളൂ. തൊഴില്‍ സേനയില്‍ നല്ലൊരു ഭാഗം 12-ാം ക്ലാസ് പാസായവരും പാസാകാത്തവരും പിന്നീട് തുടര്‍ന്ന് പഠിക്കാന്‍ സാധിക്കാത്തവരുമാണ്. അവര്‍ക്ക് വേണ്ട തൊഴില്‍ വൈദഗ്ധ്യങ്ങള്‍ നല്‍കാനുള്ള  പരിശീലന സംവിധാനങ്ങള്‍ വളരെ ചെറുതാണെന്ന് മാത്രമല്ല ദുര്‍ബലവുമാണ്. പോളിടെക്‌നിക്കുകള്‍ ഐടിഐകള്‍ പോലുള്ള സ്ഥാപനങ്ങളില്‍ പഠിക്കുന്നവരൊഴിച്ചാല്‍ പലരും തൊഴില്‍ വൈദഗ്ധ്യം നേടുന്നത് ജോലി നേടിയതിന് ശേഷമോ  അല്ലെങ്കില്‍ അനൗപചാരികമായി ആരുടെയെങ്കിലും കൂട്ടത്തില്‍ ജോലി ചെയ്തിട്ടോ ആണ്. ഉത്പാദന മേഖലയ്ക്കാവിശ്യമായ തൊഴില്‍ പരിശീലനം  നല്‍കുന്നതിനുള്ള കേന്ദ്രങ്ങള്‍ക്ക് വേണ്ടത്ര മുന്‍ഗണന കിട്ടുന്നില്ല. ഐടി പരിജ്ഞാനമോ ആരോഗ്യ മേഖലയ്ക്ക് വേണ്ട പാരാമെഡിക്കല്‍ പഠനമോ അതുമല്ലെങ്കില്‍ ഓഫിസ് സംബന്ധമായ സെക്രട്ടേറിയല്‍ ജോലിക്കാവശ്യമായ പരിശീലനമോ ആണ് കൂടുതലും നടക്കുന്നത്. പുതിയതായി നടപ്പില്‍ വരുത്തുന്ന പദ്ധതികളിലധികവും വ്യവസായിക-നിര്‍മ്മാണ രംഗങ്ങള്‍ക്ക് വേണ്ട തൊഴില്‍ വൈദഗ്ധ്യം നല്‍കുന്നതിനുള്ള സംവിധാനങ്ങളല്ല. ഈ പോരായ്മ പൊതുപ്രശ്‌നം എന്നുള്ള നിലയ്ക്ക് നേരിടേണ്ടിയിരിക്കുന്നു.  വികസിത സമ്പദ്ഘടന എന്നു വിളിക്കുന്ന രാജ്യങ്ങളിലേതിന് സമാനമായ തൊഴില്‍ വൈദഗ്ധ്യം നേടുന്നതിനാവിശ്യമായ ഔപചാരിക പരിശീലന സംവിധാനങ്ങള്‍ക്ക് സംസ്ഥാനത്തെ  വിദ്യാഭ്യാസ വ്യവസ്ഥ വേണ്ട മുന്‍ഗണന കൊടുക്കേണ്ടിയിരിക്കുന്നു.      

 

ഐടി മാത്രമാണ് രക്ഷ എന്ന പ്രചരണം

 

മധ്യവര്‍ഗ്ഗസമൂഹത്തില്‍ ഐടിയാണ് ഏറ്റവും തൊഴില്‍ സാധ്യതയുള്ള മേഖല എന്നൊരു ധാരണയുണ്ട്. എന്നാല്‍ രാജ്യത്തിന്റെ ജനസംഖ്യയുടെ 40 ശതമാനം വരുന്ന തൊഴില്‍ സേനയില്‍ രണ്ടു ശതമാനത്തില്‍ താഴെ മാത്രമാണ് ഐടി മേഖലയുടെ സംഭാവന. ഐടി മേഖലയിലെ മിക്ക കമ്പനികളും അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിയെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്നവയാണ്. അതുകൊണ്ട് തന്നെ അവിടങ്ങളിലുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി നമ്മളെയും ബാധിക്കും. നമ്മുടെ അഭ്യന്തര ആവിശ്യങ്ങള്‍ക്കുള്ള പദ്ധതികളും സംരംഭങ്ങളുമാണ് ഐടി രംഗത്ത് നമുക്ക് ആവിശ്യം.

 

 

കേരളം ഒരു വ്യവസായ വിരുദ്ധ സംസ്ഥാനമോ?

 

കേരളം ഒരു വ്യവസായ വിരുദ്ധ സംസ്ഥാനമാണെന്ന് പറയാന്‍ പറ്റില്ല.  എന്നാല്‍ പുതിയ സംരംഭകര്‍ക്ക് ഇവിടെ വ്യവസായങ്ങള്‍ തുടങ്ങാന്‍ ആശങ്കയുണ്ടെന്നാണ് പൊതുവെ പറയപ്പെടുന്നത്. ഇതില്‍ കുറച്ച് കഴമ്പില്ലാതില്ല. അതിന് പ്രധാന കാരണം തൊഴിലാളി യൂണിയനുകളും രാഷ്ട്രിയ പാര്‍ട്ടികളും ചേര്‍ന്നുണ്ടാക്കിയ പ്രതിച്ഛായയാണ്. തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട വേതനം വേണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മാത്രമല്ല അങ്ങിനെയൊരു സാഹചര്യം ഉണ്ടെങ്കില്‍ മാത്രമേ ഉത്പാദനക്ഷമത കൂടുകയുള്ളൂ. എന്നാല്‍ അതുകൊണ്ട് മാത്രം ഉത്പാദനക്ഷമത കൂടുകയുമില്ല. സാമൂഹ്യ രാഷ്ട്രിയ വിമോചനം ലക്ഷ്യമിട്ട് രൂപംകൊണ്ടതാണ് ഇവിടത്തെ തൊഴിലാളി പ്രസ്ഥാനങ്ങള്‍. ലക്ഷ്യം  നേടിയെടുത്തതോടെ തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനം വിലപേശല്‍ പ്രസ്ഥാനമായി ചുരുങ്ങിയിട്ടുണ്ടോ എന്ന് പലരുമിപ്പോള്‍ സംശയിക്കുന്നുണ്ട്.  പൊതുമേഖലയെ തങ്ങളുടെകൂടി സ്ഥാപനങ്ങളാണ് എന്ന തരത്തില്‍ കാണാനും ഒരു ബദലായി ഉയര്‍ത്തിക്കൊണ്ട് വരാനും കഴിഞ്ഞിട്ടില്ല. കാലാകാലങ്ങളില്‍ അധികാരത്തില്‍ വന്ന രാഷ്ട്രിയ പാര്‍ട്ടികളും പൊതുമേഖലയെ കാര്യക്ഷമമാക്കുന്നതില്‍ വേണ്ട പ്രാധാന്യം കൊടുത്തുവോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ഒന്നാന്തരം പ്രൊഫഷണല്‍ മാനേജ്‌മെന്റുകള്‍ കൊണ്ടുവരുകയും ആധുനിക സംവിധാനങ്ങളും രീതികളും ആവിഷ്‌ക്കരിക്കുകയും തൊഴിലാളികളുടെ സഹകരണം തേടുകയും ജനങ്ങളോട് സൗഹൃദമായും അവര്‍ക്ക് വേണ്ടിയുള്ളതാണെന്ന തരത്തിലും പ്രവൃത്തിച്ചിരുന്നെങ്കില്‍ പൊതുമേഖല നല്ല നിലയില്‍ തഴച്ചുവളരുമായിരുന്നു. വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന നിരവധി പൊതുമേഖല സ്ഥാപനങ്ങള്‍ ദേശീയതലത്തിലുണ്ട്. അവയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടും അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുടെ കഴിവും പ്രതിബദ്ധതയും ഉപയോഗിച്ചുകൊണ്ടും ധീരമായ മുന്നേറ്റത്തിലൂടെ പൊതുമേഖലയെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കും. അത് കെ എസ് ആര്‍ ടി സിയില്‍ നിന്നും കെ എസ് ഇ ബിയില്‍ നിന്നും തുടങ്ങിയാല്‍ ജനങ്ങളുടെ ആദരവ് പെട്ടെന്ന് തന്നെ പിടിച്ച് പറ്റുകയും ചെയ്യും. അതിനൊരു രാഷ്ട്രീയ സമവായം തന്നെ ഇവിടെയുണ്ടാവണം. അതോടൊപ്പം തന്നെ അസാധാരണമായ രാഷ്ട്രീയ ഇച്ഛാശക്തിയും ഉണ്ടെങ്കില്‍ മാത്രമേ പൊതുമേഖലയ്ക്ക് ഒരു നവജീവന്‍ കൈവരികയുള്ളൂ. അതു സാധ്യമാക്കാന്‍ കെല്‍പ്പുള്ള 'ശ്രീധരന്‍മാര്‍' ഈ രാജ്യത്തുണ്ട്.

വ്യവസായങ്ങളില്‍ നിക്ഷേപിക്കാന്‍ കഴിവുള്ള ഒരുപാട് സംരംഭകര്‍ കേരളത്തിനകത്തും പുറത്തും ഉണ്ട്. പക്ഷെ വ്യവസായങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ കേരളത്തിന്റെ പ്രത്യേകതകള്‍കൂടി കണക്കിലെടുക്കണം. കൂടുതല്‍ മൂല്യവും കുറഞ്ഞ ഭൂമിയും വേണ്ട സംരംഭങ്ങളായിരിക്കണം പ്രോത്സാഹിപ്പിക്കേണ്ടത്. ഇപ്പോള്‍ തന്നെ ചെറുകിട-ഇടത്തരം വ്യവസായങ്ങളുടെ ഒരു ശൃംഖല തന്നെ കേരളത്തിലുണ്ട്. അവയില്‍ പ്രധാനം കാര്‍ഷിക-ഭക്ഷ്യ അസംസ്‌കൃത വസ്തുക്കളെ അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങളാണ്. പ്ലാസ്റ്റിക്, ലൈറ്റ് എഞ്ചിനീയറിംഗ്, ആയുര്‍വേദം എന്നീ മേഖലകളും വളര്‍ന്നുവരുന്നുണ്ട്. 'വ്യവസായ ക്ലസ്റ്ററുകള്‍' എന്ന സങ്കല്‍പ്പത്തില്‍ കുറേയൊക്കെ വിജയകരമായി പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക്, കയര്‍, റൈസ് മില്‍, പ്ലൈവുഡ് എന്നീ ക്ലസ്റ്ററുകള്‍ കേരളത്തിലുണ്ട്. ഈ ക്ലസ്റ്ററുകള്‍ക്ക് വേണ്ട പൊതുസൗകര്യങ്ങള്‍, വിദ്യുത്ച്ഛക്തി, തൊഴില്‍ വൈദഗ്ധ്യത്തിന് വേണ്ട പരിശീലന സ്ഥാപനങ്ങള്‍ എന്നിവ ലഭ്യമാക്കി അവയെ വികസനത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് എത്തിക്കാന്‍ സാധിക്കണം.

 

വ്യവസായങ്ങള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്

 

കേരളത്തിന്റെ ജനസാന്ദ്രതയും തുറന്ന ഭൂമികിട്ടാനുള്ള ബുദ്ധിമുട്ടും സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പുറമെ വ്യവസായങ്ങളുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളും ഇപ്പോള്‍ സജീവമായി പൊതുമണ്ഡലത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. പാരിസ്ഥിതിക പ്രശ്‌നങ്ങളെ അവഗണിച്ച് വ്യവസായങ്ങള്‍ വരുമ്പോള്‍ സ്വകാര്യ സംരംഭകര്‍ക്ക് ലാഭവും സമൂഹത്തിന് നഷ്ടവുമാണ് സംഭവിക്കുന്നത്. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കണക്കിലെടുത്തുകൊണ്ടു വേണം വ്യവസായങ്ങളുടെ സാധ്യതാ പഠനങ്ങള്‍ നടത്തേണ്ടത്. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഇല്ലാത്തതോ വളരെ കുറഞ്ഞ അളവില്‍ മാത്രം ഉള്ളവയോ ആയിരിക്കണം പരിഗണിക്കേണ്ടത്. വ്യവസായ ക്ലസ്റ്ററുകള്‍ എന്ന സങ്കല്‍പ്പത്തിലൂടെ വ്യവസായ വികസനത്തെ കാണുമ്പോള്‍ പരിസ്ഥിതി പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാനും ചിലപ്പോള്‍ മാനേജ്‌മെന്റിലൂടെ പുതിയ ഉത്പന്നങ്ങള്‍ ഉണ്ടാക്കുവാനും സാധിക്കും. മാലിന്യത്തിന്റെ സംസ്‌കരണവും പുനചംക്രമണവും (recycling) ഉദാഹരണം.

 

പരമ്പരാഗത വ്യവസായരംഗത്തെ തളര്ച്ച

 

പരമ്പരാഗത വ്യവസായരംഗത്ത് നമുക്ക് വേണ്ടത് ആധുനികവത്ക്കരണമാണ്. കൈത്തറിക്ക് പകരം പവര്‍ലും ഉപയോഗിക്കേണ്ടി വരും. തൊഴിലാളികള്‍ക്ക് പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാനുള്ള പരിശീലനം നല്‍കണം. ആധുനികവത്ക്കരണമെന്നത് സാങ്കേതിക വിദ്യയുടെ മാറ്റം മാത്രമല്ല. അതൊരു ഘടകം മാത്രമേ ആകുന്നുള്ളൂ. സംഘടനാപരമായ മാറ്റവും പുതിയ വിപണികള്‍ കണ്ടെത്തുന്നതിനുള്ള കൂടുതല്‍ ക്രിയാത്മകമായ ചിന്താപദ്ധതികളും വേണ്ടി വരും. ഉത്പന്നങ്ങള്‍ക്ക് പ്രത്യേക പേരുകളോടുകൂടിയ പുതിയ പതിപ്പുകള്‍  വിപണിയില്‍ എത്തിക്കേണ്ടി വരും. ഇങ്ങനെ സമഗ്രമായൊരു ആധുനികവത്ക്കരണത്തിലൂടെ മാത്രമേ പരമ്പരാഗത വ്യവസായത്തെ പരിപോഷിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. ഇതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ വേണ്ടത്ര ഫലം ഉണ്ടാക്കിയിട്ടില്ല. പക്ഷെ അതേ സമയം തന്നെ കൈത്തറി, കയര്‍ മേഖലകളില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. പുതിയ വസ്ത്രധാരണ രീതിക്ക് അനുയോജ്യമായ  ബ്രാന്‍ഡിംഗും ഉപഭോഗം കൂട്ടാവുന്ന തരത്തിലുള്ള പ്രചരണ മാര്‍ഗങ്ങളും അവലംബിച്ചാല്‍ കൈത്തറി ഉത്പന്നങ്ങളുടെ വിപണി വലുതാക്കാന്‍ കഴിയും.കൂടാതെ നമ്മുടെ തനതായ ഉത്പന്നങ്ങള്‍ക്ക് പ്രത്യേക വിപണി (niche market)കണ്ടെത്തുകയും വേണം. കാഞ്ചീപുരം പട്ട് എന്ന് പറയുന്നതുപോലെ. 

 

 

വികസനത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം

 

സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളിലൂടെ മെച്ചപ്പെട്ട നേട്ടങ്ങള്‍ കൈവരിക്കാന്‍ കേരളത്തിലെ സ്ത്രീകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. കേരളത്തിന്റെ വികസനത്തില്‍ സ്ത്രീകളുടെ പങ്ക് വളരെ വലുതാണ്. കുടുംബാസൂത്രണത്തിലൂടെ ജനസംഖ്യ വളര്‍ച്ച കുറച്ചുകൊണ്ട് വന്നതില്‍  സ്ത്രീകള്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അതുകൂടാതെ കുട്ടികളുടെ വിദ്യാഭ്യാസവും ആരോഗ്യവും സംരക്ഷിക്കുന്ന കാര്യത്തില്‍ അമ്മമാരായ സ്ത്രീകള്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍. എന്നാല്‍ തത്തുല്യമായ തരത്തില്‍ മറ്റ് രംഗങ്ങളില്‍ അവര്‍ക്ക് പങ്കാളിത്തം ഉണ്ടായിട്ടില്ല എന്നുതന്നെ വേണം പറയാന്‍. തദ്ദേശ സ്വയംഭരണ രംഗത്ത് 50 ശതമാനം സംവരണം ഏര്‍പ്പെടുത്തിയതിലൂടെ സ്ത്രീകള്‍ക്ക് തങ്ങളുടെ സംഘടനപരമായതും ഭരണപരമായതുമായ കഴിവുകളെ പ്രാദേശിക തലത്തില്‍ പ്രയോഗിക്കാനുള്ള അവസരം സൃഷ്ടിക്കപ്പെടുകയുണ്ടായി.അതേസമയം സംസ്ഥാന തലത്തില്‍ അങ്ങനെയൊരു മാറ്റം നടന്നിട്ടില്ല. രാഷ്ട്രീയ പാര്‍ട്ടികളിലും മറ്റു സംഘടനകളിലും സ്ത്രീകളുടെ പങ്കാളിത്തം കുറവാണെന്ന് കാണാം. ഇങ്ങനെയൊക്കെയാണെങ്കിലും ചില മേഖലകളില്‍, പ്രത്യേകിച്ച് മാധ്യമ രംഗത്ത് സ്ത്രീകള്‍ കൂടുതലായി കടന്നുവരുന്നത് കാണാം. മറ്റൊന്ന് കായിക രംഗമാണ്.ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഭൂരിപക്ഷവും പെണ്‍കുട്ടികളാണ്. ഇതിന് കാരണം കൂടുതല്‍ ആണ്‍കുട്ടികള്‍ പുറത്ത് പോയി പഠിക്കുന്നതോ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്ന്  ആണ്‍കുട്ടികള്‍ ജോലിക്ക് പോകാന്‍ നിര്‍ബന്ധിതരാകുന്നതോ ആകാം.

 

ഇതിനൊക്കെ പുറമെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന സ്ത്രീകളുടെ കൂട്ടായ്മയായ കുടുംബശ്രീയിലൂടെ പുത്തന്‍ വ്യക്തിത്വം കൈവരിക്കാന്‍ സ്ത്രീകള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് എന്റെ വിലയിരുത്തല്‍. ഇത്തരത്തില്‍ കൂട്ടായ പ്രവര്‍ത്തനങ്ങളില്‍  ഏര്‍പ്പെടുന്നതിലൂടെ അവര്‍ നേടുന്ന സാമൂഹ്യാംഗീകാരം വളരെ പ്രധാനമാണ്. ദാരിദ്ര്യത്തില്‍ നിന്ന് മോചനം നേടുന്നതിനായി കൂട്ടായ സംരംഭങ്ങളിലും തൊഴിലുകളിലും ഏര്‍പ്പെടുന്നതിനൊപ്പം പൊതുസമൂഹവുമായും ഭരണസംവിധാനങ്ങളുമായും ഇടപഴകുന്നതിന് സ്ത്രീകള്‍ക്ക് അവസരം ലഭിക്കുന്നു എന്നതാണ് കുടുംബശ്രീയെ പ്രസക്തമാക്കുന്നത്. എന്നാല്‍ സങ്കുചിത രാഷ്ട്രിയ ലാഭത്തിന് വേണ്ടി ഇത്തരം പ്രസ്ഥാനങ്ങളെ ഉപയോഗിക്കാതിരിക്കാന്‍ ജാഗ്രത പാലിക്കണം. വികസന രാഷ്ട്രീയവും സങ്കുചിത കക്ഷിരാഷ്ട്രീയവും രണ്ടും രണ്ടാണെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.

 

ഇങ്ങനെയൊക്കെ പറയുമ്പോഴും ദൈനംദിനമായി മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ആശങ്കപ്പെടുത്തുന്നതാണ്. പ്രത്യേകിച്ചും സ്ത്രീകളോട് പെരുമാറുന്ന രീതി, ലൈംഗികാതിക്രമങ്ങള്‍ എന്നിവ. സ്ത്രീകളെ തങ്ങള്‍ക്ക് കീഴിലുള്ളവര്‍ എന്നതില്‍നിന്നും വ്യത്യസ്തമായി പങ്കാളികള്‍ എന്ന തുല്യതാ ബോധത്തോടെ കാണാന്‍ പുരുഷ സമൂഹം തയ്യാറാകണം.

 

അന്യസംസ്ഥാന തൊഴിലാളി പ്രതിഭാസം

 

പ്രവാസിതൊഴിലാളി എന്നത് കേരളത്തിന് ചിരപരിചിതമായ സങ്കല്പവും അനുഭവവുമാണ്. ഒന്നാം ലോക മഹായുദ്ധം മുതല്‍ രാജ്യത്തിനകത്തും പുറംദേശങ്ങളിലും തൊഴിലിനായി പ്രവാസിയായി കഴിഞ്ഞിട്ടുള്ളവരാണ് മലയാളികള്‍. അതേസമയം കഴിഞ്ഞ നാല്പ്പത് വര്‍ഷക്കാലത്തിനിടയില്‍ വമ്പിച്ച മാറ്റങ്ങള്‍ കേരളസമൂഹത്തിലുണ്ടായി. ജനസംഖ്യ നിയന്ത്രണത്തിന്റെ കാര്യത്തിലും പൊതു വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ഉണ്ടായിട്ടുള്ള മാറ്റങ്ങളാണ് എടുത്തുപറയേണ്ടത്.ഇത് 

സംസ്ഥാനത്തിന്റെ തൊഴില്‍ മേഖലയെത്തന്നെ അട്ടിമറിച്ചു. ശാരീരിക അധ്വാനത്തിന് ആളെ കിട്ടാനില്ലാത്ത അവസ്ഥ കഴിഞ്ഞ ഇരുപത് കൊല്ലത്തിനിടയ്ക്ക് ഉണ്ടായി. ഈയൊരു സാഹചര്യമാണ് അന്യസംസ്ഥാന തൊഴിലാളികള്‍ നമ്മുടെ തൊഴില്‍ മേഖലയിലേക്ക് ഒഴുകിയെത്തുന്നതിലേക്ക് നയിച്ചത്. യഥാര്‍ത്ഥത്തില്‍ കേരളീയരിന്ന് അന്യസംസ്ഥാന തൊഴിലാളികളോട് കടപ്പെട്ടിരിക്കുന്നു. ഒരു തേങ്ങയിടാന്‍പോലും ആളെ കിട്ടാതിരുന്ന കാലത്താണ് അന്യസംസ്ഥാന തൊഴിലാളികള്‍ ഇവിടെ എത്തിയത്. ഇന്ന് നിര്‍മ്മാണമേഖല, ചെറുകിട വ്യവസായ രംഗം എന്നു തുടങ്ങി കാര്‍ഷിക മേഖലയില്‍ വരെ ഇവരെ നാം ഉപയോഗിക്കുന്നുണ്ട്. വിദേശത്തുള്ള മലയാളിത്തൊഴിലാളികളുടെ അത്ര തന്നെ ആളുകള്‍ ഇവിടെ വന്ന് തൊഴിലെടുക്കുന്നുണ്ടെന്നാണ് തിരുവനന്തപുരത്തെ ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട ഓഫ് ഫൈനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ ഈയിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഒരു കൂട്ടര്‍ തൊഴിലിനായി പുറത്തു പോവുകയും മറ്റൊരു കൂട്ടര്‍ തൊഴിലിനായി കടന്നു വരികയും ചെയ്യുന്ന ഈ  പ്രതിഭാസം കേരളത്തിന്റെ വികസനത്തെയും സാമൂഹ്യാന്തരീക്ഷത്തെയും സ്വാധീനിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

 

എല്ലാ മലയാളികളുടെയും ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന ഒരു പ്രവാസിയുള്ളതുകൊണ്ടാകാം അന്യസംസ്ഥാന തൊഴിലാളികളോട് മാന്യമായ ഇടപെടലാണ് പൊതുവെ കേരളീയര്‍ക്കുള്ളത്. എന്നാല്‍ അവര്‍ക്ക് വേണ്ടുന്ന മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍, ആരോഗ്യ സംവിധാനങ്ങള്‍, താമസ സൗകര്യങ്ങള്‍ എന്നിവ ഒരുക്കിക്കൊടുക്കാന്‍ സംസ്ഥാനത്തിന് ബാധ്യതയുണ്ട്. അന്തര്‍ സംസ്ഥാന കുടിയേറ്റ നിയമമനുസരിച്ചുള്ള രജിസ്‌ട്രേഷന്‍ അടക്കമുള്ളവ കാര്യക്ഷമമായി നടപ്പില്‍ വരുത്തണം. ഇതില്‍ കുറേയധികം കാര്യങ്ങളില്‍ കേരളം മുന്നോട്ട് പോയിട്ടുണ്ട്.

 

 

കേരളമൊരു വൃദ്ധസദനം

 

ജനസംഖ്യ പരിണാമംകൊണ്ടും ഇവിടത്തെ ചെറുപ്പക്കാരുടെ പ്രവാസിജീവിതംകൊണ്ടും കേരളമൊരു വൃദ്ധസദനമായിമാറിക്കൊണ്ടിരിക്കുകയാണോ എന്ന് കുറച്ച് തമാശയായും ഗൗരവത്തോടെയും ചോദിക്കുന്നവരുണ്ട്. മധ്യവര്‍ഗ കുടുംബങ്ങളില്‍പ്പെട്ട ചെറുപ്പക്കാര്‍ ഉയര്‍ന്ന വിദ്യാഭ്യാസം നേടി പുറത്തേക്ക് പോകുന്നതിലൂടെ വയസ്സായ അച്ഛനമ്മമാര്‍ വീടുകളില്‍ തനിച്ചാകുന്ന പ്രവണത ഇപ്പോള്‍ കൂടുതലായി കണ്ടുവരുന്നുണ്ട്. ഇത്തരക്കാരുടെ സാമൂഹ്യ സുരക്ഷയുടെ കാര്യത്തില്‍ ഗവണ്‍മെന്റിന് പലതും ചെയ്യാനുണ്ട്. പലപ്പോഴും അവരനുഭവിക്കുന്ന പ്രധാന പ്രശ്‌നം ഏകാന്തതയും തങ്ങളുടെ ദൈനംദിനാവശ്യങ്ങള്‍ക്ക് മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നതുമാണ്. കൂട്ടായ്മയോടുകൂടി പ്രവര്‍ത്തിക്കുന്ന  വൃദ്ധസദനങ്ങളും അവരെ സംരക്ഷിക്കുന്നതിനുള്ള മറ്റ് സംവിധാനങ്ങളും കൊണ്ടുവരുന്നതിലൂടെ ഈ പ്രശ്‌നം കുറേയൊക്കെ പരിഹരിക്കാന്‍ സാധിക്കും.അതേ സമയം കുടുംബ ബന്ധങ്ങളും മനുഷ്യ ബന്ധങ്ങളും വളരെ പ്രധാനമാണ്. നമ്മുടെ സംസ്‌കാരത്തെയും പൊതുവായുള്ള കൂട്ടായ്മയെയും അനുസരിച്ചിരിക്കും ഇവിടത്തെ വൃദ്ധജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളുടെ പരിഹാരം.

 

 

(പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോ. കെ. പി. കണ്ണന്‍ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസിന്റെ മുന്‍ ഡയറക്ടറാണ്. ഇപ്പോള്‍ ലാറി ബേക്കര്‍ സെന്റര്‍ ഫോര്‍ ഹാബിറ്റാറ്റ് സ്റ്റഡിസിന്റെയും സെന്റര്‍ ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി ഫോര്‍ റൂറല്‍ ഡെവലപ്‌മെന്റിന്റെയും ചെയര്‍മാനാണ്. 2005 2009 കാലഘട്ടത്തില്‍ നാഷണല്‍ കമ്മീഷന്‍ ഫോര്‍ എന്റെര്‍െ്രെപസസ് ഇന്‍ ദ അണ്‍ഓര്‍ഗനൈസ്ഡ് സെക്റ്ററില്‍ മുഴുവന്‍ സമയ അംഗമായി  പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി ദേശീയവും അന്തര്‍ദേശീയവുമായ സംഘടനകളില്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുള്ള ഡോ. കെ. പി. കണ്ണന് സാമൂഹ്യ സുരക്ഷ മേഖലയിലുള്ള സംഭാവനകള്‍ക്ക് വി വി ഗിരി മെമ്മോറിയല്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. തൊഴിലും വികസനവും, ദാരിദ്ര്യവും മനുഷ്യവികസനവും, പരിസ്ഥി�

Share on

മറ്റുവാര്‍ത്തകള്‍