Continue reading “ആദര്‍ശ് മോഡല്‍ ഫ്ളാറ്റ് കുംഭകോണം കൊച്ചിയിലും – അഴിമുഖം അന്വേഷണം”

" /> Continue reading “ആദര്‍ശ് മോഡല്‍ ഫ്ളാറ്റ് കുംഭകോണം കൊച്ചിയിലും – അഴിമുഖം അന്വേഷണം”

"> Continue reading “ആദര്‍ശ് മോഡല്‍ ഫ്ളാറ്റ് കുംഭകോണം കൊച്ചിയിലും – അഴിമുഖം അന്വേഷണം”

">

UPDATES

കേരളം

ആദര്‍ശ് മോഡല്‍ ഫ്ളാറ്റ് കുംഭകോണം കൊച്ചിയിലും – അഴിമുഖം അന്വേഷണം

                       
ടീം അഴിമുഖം
 
 
 
ദര്‍ശ് മോഡല്‍ ഫ്‌ളാറ്റ് കുംഭകോണം കൊച്ചിയിലും. പട്ടാളക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വേണ്ടി ഫ്‌ളാറ്റ് നിര്‍മ്മിച്ചു നല്‍കാനുളള 200 കോടി രൂപയുടെ പദ്ധതയില്‍ വന്‍ ക്രമക്കേടു നടന്നതായാണ് ആര്‍മി അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സേനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കുളള ഞെട്ടിപ്പിക്കുന്ന അഴിമതിയുടെ റിപ്പോര്‍ട്ട് ആര്‍മി ആസ്ഥാനത്ത് എത്തിയെങ്കിലും ഉന്നത തല സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇതിന്മേല്‍ ഇതുവരെ നടപടിയായിട്ടില്ല. ആര്‍മിയിലെ ഉന്നതര്‍ പൂഴ്ത്തി വച്ചിരിക്കുന്ന റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ അഴിമുഖം പുറത്തു വിടുന്നു.
 
പട്ടാളക്കാര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്ന ആര്‍മി വെല്‍ഫെയര്‍ ഹൗസിംഗ് ഓര്‍ഗനൈസേഷന്റെ (എ.ഡബ്‌ളിയു.എച്ച്.ഒ.) കൊച്ചിയിലെ പദ്ധതിയിലാണ് തിരിമറി കണ്ടെത്തിയിരിക്കുന്നത്. സേനാ പദ്ധതിയുടെ മറവില്‍ സ്വകാര്യ ഫ്‌ളാറ്റ് നിര്‍മ്മാണ കമ്പനിയുടെ ഫ്ളാറ്റുകള്‍ സേനാംഗങ്ങള്‍ക്കു നല്‍കിയാണ് കോടികണക്കിനു രൂപയുടെ തട്ടിപ്പു നടത്തിയത്. വിപണി വിലയിലും ഉയര്‍ന്ന വിലയിലാണ് മതിയായ യാത്രാ സൗകര്യം പോലുമില്ലാത്ത സ്ഥലത്തു നിര്‍മ്മിച്ച ഈ ഫ്‌ളാറ്റുകള്‍ നല്‍കിയത് എന്ന്‍ അന്വേഷണം വ്യക്തമാക്കുന്നു. ഓര്‍ഗനൈസേഷന്റെ ഫ്‌ളാറ്റുകള്‍ എന്നു പ്രചരിപ്പിച്ചാണ് ഈ കച്ചവടം നടത്തിയിരിക്കുന്നത്. സ്വകാര്യ കമ്പനിയുടെ ഫ്‌ളാറ്റുകള്‍ വിറ്റു പോകാനായി സേനാംഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കുമായുളള ഫ്‌ളാറ്റു നിര്‍മ്മാണം അനന്തമായി വൈകിപ്പിച്ചു. ഫ്‌ളാറ്റു നിര്‍മ്മാണം വൈകുന്നത് വിവാദമായതിനെ തുടര്‍ന്ന് ഫ്‌ളാറ്റ് നിര്‍മ്മാണത്തിന് ഓര്‍ഗനൈസേഷന്‍ ടെണ്ടര്‍ വിളിച്ചെങ്കിലും ടെണ്ടര്‍ നടപടികളില്‍ കൃത്രിമം നടത്തി ആദ്യം ഫ്‌ളാറ്റു നല്‍കിയ സ്വകാര്യ കമ്പനിക്കു തന്നെയാണ് ടെണ്ടര്‍ നല്‍കിയിരിക്കുന്നത്. കൊച്ചി കേന്ദ്രമായ ശില്‍പ്പ പ്രൊജക്ട്സ് എന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് നിര്‍മ്മാണ കരാര്‍ നല്‍കാനായി ടെണ്ടര്‍ നടപടികളില്‍ കൃത്രിമം നടത്തിയതിന്റെ വിവരങ്ങളും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. അഴിമുഖം ഇ-മെയില്‍ വഴിയും ടെലിഫോണ്‍ വഴിയും ശില്പ പ്രൊജെക്ട്സുമായി ബന്ധപ്പെട്ടെങ്കിലും ഉടന്‍ പ്രതികരിക്കാന്‍ കമ്പനി പ്രതിനിധി വിസമ്മതിച്ചു. 
 
 
         
 
അഴിമതിയുടെ ചരിത്രം
ആര്‍മി വെല്‍ഫെയര്‍ ഹൗസിംഗ് ഓര്‍ഗനൈസേഷന്‍ പട്ടാളക്കാര്‍ക്കായി കുറഞ്ഞ ചിലവില്‍ വീടു നിര്‍മ്മിച്ചു നല്‍കാനുളള പദ്ധതിക്കായി എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയ്ക്കടുത്ത് സില്‍വര്‍ സാന്റ് ഐലന്റില്‍ 4.25 ഏക്കര്‍ ഭൂമി വാങ്ങിയത് 1987 ലാണ്. സ്ഥലം വാങ്ങി 25 വര്‍ഷം കഴിഞ്ഞിട്ടും ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടില്ല. 1700 ചതുരശ്ര അടി സ്ഥലത്ത് രണ്ടു നിലകളിലായി 1940 ചതുരശ്ര അടിയുളള വീട് നിര്‍മ്മിച്ചു നല്‍കാമെന്നായിരുന്ന ആദ്യവാഗ്ദാനം. പദ്ധതി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വീടിനായി എഴുനൂറ്റമ്പതോളം അപേക്ഷകളും ലഭിച്ചു. എന്നാല്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് ഓര്‍ഗനൈസേഷന്‍ പദ്ധതി വൈകിപ്പിച്ചു. 2005 ല്‍ വീട് ഒന്നിന് 24.5 ലക്ഷം വില നിശ്ചയിച്ചു. അപേക്ഷകരടെ എണ്ണം കൂടിയ കാരണം പറഞ്ഞ് വീട് എന്നത് ഓര്‍ഗനൈസേഷന്‍ ഫ്‌ളാറ്റാക്കി മാറ്റിയെങ്കിലും വിലയില്‍ കുറവ് വരുത്തിയില്ല. 24.5 ലക്ഷം രൂപ വില മൂന്നു തവണയായി പുതുക്കി ഇപ്പോഴത് ശരാശരി 73 ലക്ഷം രൂപയാക്കി. 
 
 
ഫ്‌ളാറ്റു നിര്‍മ്മാണം അനന്തമായി വൈകുന്നത് വിവാദമായതിനെ തുടര്‍ന്ന് 2010 ഒക്‌ടോബര്‍ മാസത്തില്‍ നിര്‍മ്മാണത്തിനായി ടെണ്ടര്‍ വിളിച്ചു. എന്നാല്‍ വ്യക്തമായ കാരണം പറയാതെ ഈ ടെണ്ടര്‍ റദ്ദാക്കി. ഏതാനും ആഴ്ചയ്ക്കുളളില്‍ സ്വകാര്യ നിര്‍മ്മാണ കമ്പനിയായ ശില്‍പ്പ കണ്‍സ്ട്രക്ഷന്‍സുമായി ഓര്‍ഗനൈസേഷന്‍ കരാര്‍ ഒപ്പിട്ടു. ശില്‍പ്പ കണ്‍സ്ട്രക്ഷന്‍സ് വടുതലയില്‍ നിര്‍മ്മിക്കുന്ന അപ്പാര്‍ട്ടുമെന്റുകള്‍ മൊത്തമായി വാങ്ങി ഫ്‌ളാറ്റിനു വേണ്ടി രജിസ്റ്റര്‍ ചെയ്തിട്ടുളള പട്ടാളക്കാര്‍ക്കു നല്‍കാന്‍ ഓര്‍ഗനൈസേഷന്‍ തീരുമാനിച്ചു. ടേണ്‍കീ സംവിധാനത്തില്‍ ഫ്‌ളാറ്റുകള്‍ മൊത്തമായി വാങ്ങി അംഗങ്ങള്‍ക്കു നല്‍കാനായിരുന്നു പദ്ധതി. ഫ്‌ളാറ്റുകള്‍ മൊത്തമായി വാങ്ങുമ്പോള്‍ ലഭിക്കുന്ന വിലയിലെ കുറവ് ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കാനാണ് ടേണ്‍കീ സംവിധാനം സാധാരണ പ്രയോജനപ്പെടുത്തുന്നത്. എന്നാല്‍ ഇങ്ങനെ ലഭിക്കുമായിരുന്ന വിലക്കുറവിന്റെ ആനുകൂല്യം അഗങ്ങള്‍ക്കു നല്‍കിയില്ലെന്നു മാത്രമല്ല വിപണി വിലയിലും ഉയര്‍ന്ന വിലയാണ് അംഗങ്ങളില്‍ നിന്ന് ഈടാക്കിയതെന്നും അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 22.19 ലക്ഷം മുതല്‍ 48.84 ലക്ഷം രൂപ വരെ ഈടാക്കിയാണ് ഫ്ളാറ്റുകള്‍ നല്കിയത്. വടുതലയിലെ ശില്‍പ്പയുടെ ഫ്‌ളാറ്റിലേക്ക് അംഗങ്ങളെ ആകര്‍ഷിക്കാനായി സില്‍വര്‍ സാന്റില്‍ ഫ്‌ളാറ്റു നിര്‍മ്മാണം ഇനിയും ഏറെ വൈകുമെന്നും വില ഇനിയും വര്‍ദ്ധിക്കുമെന്നും ഓര്‍ഗനൈസേഷന്‍ 2011 ഫെബ്രുവരിയില്‍ അംഗങ്ങളെ അറിയിച്ചു. എന്നാല്‍ സില്‍വര്‍ സാന്റ് ഐലന്റിലെ ഫ്ളാറ്റിന്റെ വില സംബന്ധിച്ച ഓര്‍ഗനൈസേഷന്റെ കണക്കുകള്‍ വസ്തുതയ്ക്കു നിരക്കുന്നതല്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഭൂമി വില ഉയരുന്നതിനു മുമ്പ് വളരെ കുറഞ്ഞ വിലയില്‍ ലഭിച്ച ഭൂമി സ്വന്തമായുളളതിനാല്‍ ഫ്‌ളാറ്റു നിര്‍മ്മാണ ചിലവു മാത്രമെ ഓര്‍ഗനൈസേഷന് ഉണ്ടാവുന്നുളളു. സ്വാഭാവികമായും വിപണി വിലയിലും വളരെ താഴ്ന്ന വിലയില്‍ ഫ്ളാറ്റു നല്‍കാന്‍ കഴിയും. ഫ്‌ളാറ്റ് നിര്‍മ്മിച്ച് ലാഭം ഉണ്ടാക്കുകയല്ല പട്ടാളക്കാര്‍ക്ക് ന്യായമായ വിലയില്‍ പാര്‍പ്പിടം ലഭ്യമാക്കുകയാണ് ഓര്‍ഗനൈസേഷന്റെ ലക്ഷ്യം.
                      
2005 ല്‍ സൃഷ്ടി ലിമിറ്റഡിനും 2010 – 11-ല്‍ അജിത് അസോസിയേറ്റ്‌സിനും പദ്ധതിയുടെ കണ്‍സള്‍ട്ടസി ചുമതല നല്‍കിയതും ചട്ടങ്ങള്‍ പാലിച്ചല്ലെന്നും പരാതി ഉണ്ട്.
 
   
 
 
ഓര്‍ഗനൈസേഷനും ശില്‍പ്പയും ചേര്‍ന്നു നടത്തിയ തട്ടിപ്പ്
 
വടുതലയില്‍ 75 സെന്റ് സ്ഥലത്താണ് ശില്‍പ്പ കണ്‍സ്ട്രക്ഷന്‍സ് നൂറോളം ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. റെയില്‍ പാതയോടു ചേര്‍ന്നു കിടക്കുന്നതും മതിയായ വഴിയോ മറ്റു യാത്രാ സൗകര്യങ്ങളോ ഇല്ലാത്തതുമാണ് ഈ സ്ഥലം. സാധാരണ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ നല്‍കുന്ന മറ്റു സൗകര്യങ്ങള്‍ ഒന്നുമില്ലാത്ത ഇവിടെ ഫ്‌ളാറ്റു വാങ്ങാന്‍ ആളെ കിട്ടാതെ വന്നപ്പോഴാണ് ശില്‍പ്പ ഉടമകളും ഓര്‍ഗനൈസേഷന്‍ തലപ്പത്തുളളവരും ചേര്‍ന്ന് തട്ടിപ്പിന് രൂപം നല്‍കിയത്. കരസേനയുടെ ഓര്‍ഗനൈസേഷനില്‍ പട്ടാളക്കാര്‍ക്കുളള വിശ്വാസം മുതലെടുത്താണ് സ്വകാര്യ കമ്പനിയുടെ ഫ്‌ളാറ്റ് ഇവര്‍ക്കു മേല്‍ കെട്ടിയേല്‍പ്പിച്ചത്. ഇപ്പോള്‍ സില്‍വര്‍ സാന്റ് ഐലന്റില്‍ ഫ്‌ളാറ്റു നിര്‍മ്മാണത്തിനുളള കരാര്‍ നല്‍കിയിരിക്കുന്നതും ഇതെ ശില്‍പ്പ കണ്‍സ്ട്രക്ഷന്‍സിനാണ്. ടെണ്ടര്‍ ക്ഷണിച്ച ശേഷം മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയാണ് ശില്‍പ്പയ്ക്കു കരാര്‍ നല്‍കിയിരിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
 

Share on

മറ്റുവാര്‍ത്തകള്‍