“ഇന്ത്യയില്‍ സെന്‍സര്‍ ബോര്‍ഡാണ് സിനിമയെ സംബന്ധിച്ച് തീര്‍പ്പു കല്‍പ്പിക്കേണ്ടത്. ന്യൂനപക്ഷ കമ്മീഷന് ഇടപെടാന്‍ അവകാശമില്ല. ഗവണ്‍മെന്റ് ഫണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനം സര്‍ക്കാര്‍ പണമുപയോഗിച്ചു കേരളത്തില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് പിതാവിന്റെയും പുത്രന്റെയും ചെലവില്‍ വേണ്ട എന്ന് ഞങ്ങളവരോട് വ്യക്തമായി പറഞ്ഞു. കേരളത്തില്‍ ഒരുപാട് ചിത്രങ്ങളിറങ്ങുന്നുണ്ട്. അതെല്ലാം ഭൂരിപക്ഷകമ്മീഷനും ന്യൂനപക്ഷക്കമ്മിഷനും കാണണമെന്നു പറയുന്നതു ശരിയല്ല. കേരളത്തിലെ മതനിരപേക്ഷത എന്നുപറയുന്നത് ഏതു മതത്തിലും വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള സ്വാതന്ത്യമാണ്”– പ്രശസ്ത യുവ ചലച്ചിത്ര സംവിധായകന്‍ ദീപേഷ് കൂത്തുപറമ്പുമായി അഴിമുഖം പ്രതിനിധി അഷ്‌കര്‍ ഒ സി നടത്തിയ അഭിമുഖം
അഷ്‌ക്കര്‍:താങ്കളുടെ പിതാവിനും പുത്രനും എന്ന സിനിമ സെന്‍സര്‍ കുരുക്കിലായിരിക്കുകയാണല്ലോ.അതിനെക്കുറിച്ച് വിശദീകരിക്കാമോ?
ദീപേഷ്: പിതാവിനും പുത്രനും എന്ന സിനിമ എന്റെ മറ്റു രണ്ടു ചിത്രങ്ങളും പോലെ തന്നെ കൃത്യമായ രാഷ്ട്രീയമുളള പടമാണ്. ഞാനതിന്റെ പോസ്റ്ററിലും മറ്റും പറയുന്ന ഒരു കാര്യം എന്നെ സംബന്ധിച്ചിടത്തോളം സിനിമ ഒരു രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയാണ് എന്നതാണ്. മറ്റൊരു വസ്തുത ചിത്രത്തിന്റെ പേര് പിതാവും പുത്രനും എന്നായിരുന്നില്ല ആദ്യം. ചിത്രീകരണസമയത്ത് ഞങ്ങള്‍ നല്കിയ പേര് പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും എന്നായിരുന്നു. പബ്ളിസിറ്റി ക്ളിയറന്‍സിന്റെ ഭാഗമായി പോസ്റ്റര്‍ ഡിസൈന്‍ കൊടുത്തപ്പോള്‍ പബ്ളിസിറ്റി ക്ളിയറന്‍സ് കിട്ടണമെങ്കില്‍ ഈ പേര് മാറ്റണമെന്നു പറഞ്ഞു. അങ്ങനെയാണ് പിതാവിനും പുത്രനിലേക്കും വന്നത്. സിനിമയുടെ പേരിനെ കുറിച്ച് ഒരുപാട് പരാതികളുണ്ടെന്നാണ് അവര്‍ പറഞ്ഞത്. ആരാണ് പരാതിപ്പെട്ടെതെന്നു ചോദിപ്പോള്‍ അവരാരും മറുപടി പറഞ്ഞുമില്ല. ഒരു പെന്‍സില്‍ കൊണ്ട് ചിത്രം വരക്കുന്നതു പോലൊന്നുമല്ലല്ലോ സിനിമയെടുക്കല്‍. ഇത്രയും പൈസ ചിലവഴിക്കുന്ന ഒന്നായതു കൊണ്ട് തന്നെ നിര്‍മ്മാതാവ് പേരങ്ങു മാറ്റിയേക്കാന്‍ പറഞ്ഞു. പിന്നീട് സെന്‍സറിനു കൊടുത്തപ്പോഴാണ് വീണ്ടും പ്രശ്‌നമായത്. എല്ലായിടത്തും പോസ്റ്ററൊട്ടിച്ച ശേഷം തിങ്കളാഴ്ച സെന്‍സറിനു കൊടുക്കുകയും വെളളിയാഴ്ച തിയറ്ററുകളില്‍ കളിക്കുകയും ചെയ്യുകയാണു സാധാരണ കേരളത്തിലെ പതിവ്. രണ്ടോ മൂന്നോ ദിവസം കൊണ്ടു സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടുന്ന എര്‍പ്പാടാണത്. അഞ്ചു ദിവസം കഴിഞ്ഞും കിട്ടാതെ വന്നപ്പോഴാണ് ഞങ്ങള്‍ അവരെ വിളിക്കുന്നത്. ഓഫീസറെ വിളിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു ആറുമാസം മുമ്പു തന്നെ സിനിമയെക്കുറിച്ച് ഒരുപാടു പരാതികള്‍ കിട്ടിയിട്ടുണ്ടെന്ന്. കാണാത്ത സിനിമയെക്കുറിച്ച് എങ്ങനെ പരാതികളുണ്ടായി എന്ന് ഞങ്ങള്‍ ചോദിച്ചപ്പോള്‍ അതറിയില്ലെന്നു ഓഫീസര്‍ പറഞ്ഞു. ഞങ്ങളവരോട് ഈ ചിത്രം കാണാനുളള ഒരവസരം ഉണ്ടാക്കാനാവശ്യപ്പെട്ടു. എന്നിട്ടും ഒരു ചലനവുമില്ലാതെ വന്നപ്പോളാണ് ഇന്ത്യാവിഷന്‍ എക്‌സ്‌ക്ളൂസീവായി വാര്‍ത്ത കൊടുത്തത്. സെന്‍സര്‍ ചെയ്യാതെ കഷ്ടപ്പെടുത്തുന്നു എന്ന വാര്‍ത്ത വന്നയുടനെ ഓഫീസര്‍ വിളിച്ച് സെന്‍സറിംഗ് തിയ്യതി അറിയിച്ചു. രണ്ടു ദിവസത്തെ ഗ്യാപ്പു മാത്രമേ ഉണ്ടായിരുന്നുളളൂവെങ്കിലും ഞങ്ങള്‍ തിരുവനന്തപുരത്തെത്തി. സാധാരണ സെന്‍സര്‍ ബോര്‍ഡ് ചിത്രം കണ്ടതിനു ശേഷം നിര്‍മ്മാതാവിനെയും സംവിധായകനെയും വിളിച്ച് ഒരു ചര്‍ച്ച പതിവുളളതാണ്. അതു പ്രകാരം ചര്‍ച്ചക്കു വിളിച്ച ശേഷം റിവൈസിംഗ് കമ്മറ്റിക്ക് വിടുകയാണ് എന്നാണ് സെന്‍സര്‍ ബോര്‍ഡ് ഞങ്ങളെ അറിയിച്ചത്. എന്താണ് സാറെ ഇതിലുളള പ്രശ്‌നം എന്നു ചോദിച്ചപ്പോള്‍ ഇതില്‍ വല്യ പ്രശ്‌നങ്ങളൊന്നുമുണ്ടെന്നു ഞങ്ങള്‍ പറയുന്നില്ല. പക്ഷെ ഞങ്ങള്‍ റിവൈസിങ്ങ് കമ്മിറ്റിക്കു വിടുകയാണ് എന്നാണ് അവര്‍ പറഞ്ഞത്. ഏത് സീനാണ് കട്ടു ചെയ്യേണ്ടത് എന്നു ചോദിച്ചപ്പോള്‍ ദീപേഷ് എന്തിനാണ് ഭയക്കുന്നതെന്നും കീഴ്കോടതി ശിക്ഷിച്ച കേസുകള്‍ പോലും ഹൈക്കോടതി വെറുതെ വിട്ട ചരിത്രമുണ്ട് എന്നുമായിരുന്നു ഓഫീസറുടെ മറുപടി. കാണാത്ത ഒരു സിനിമയ്‌ക്കെതിരെ എങ്ങനെയാണ് പരാതി വന്നത്.

ഈ സിനിമയില്‍ എന്താണുളളത് എന്ന് എനിക്കും നിര്‍മ്മാതാവിനും മാത്രമേ അറിയുളളൂ. ഇവരിപ്പോള്‍ കുരുടന്‍ ആനയെക്കണ്ട പോലെ പറയുകയാണ്. ആരാണ് പരാതി തന്നത് എന്നു ചോദിച്ചപ്പോള്‍ അതും വെളിപ്പെടുത്താനാവില്ല എന്നു പറഞ്ഞു. പരാതിയുടെ ഉളളടക്കം എന്താണെന്നു ചോദിച്ചപ്പോള്‍ അതും പറയാനാവില്ല എന്നായിരുന്നു മറുപടി. അങ്ങനെയാണ് ഞങ്ങള്‍ പ്രശ്നം വിവരാവകാശ കമ്മീഷനിലുന്നയിച്ചത്. അതിനിടെ ന്യൂനപക്ഷ കമ്മീഷന് ഇതില്‍ എതിര്‍പ്പുണ്ടെന്നും ഒരു കൂട്ടം ബിഷപ്പുമാരാണ് ഇതിന്റെ പിന്നിലെന്നും ഒരു വാര്‍ത്ത പുറത്തു വന്നു. അപ്പോള്‍ അവരേ കൂടി പടം കാണിച്ചിട്ട് അവര്‍ എന്തു പറയുമെന്നു നോക്കാം എന്നായി ഞങ്ങള്‍. ന്യൂനപക്ഷ കമ്മീഷന്‍ സംവിധായകനോടും നിര്‍മ്മാതാവിനോടും വിശദീകരണം ചോദിക്കും എന്ന വാര്‍ത്ത വന്നപ്പോള്‍ ഞാന്‍ ടെലിഫിലിം അവാര്‍ഡ് കമ്മിറ്റി ജൂറിയായി തിരുവനന്തപുരത്തായിരുന്നു. എന്നെ ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരോട് ഒരു കാര്യം വളരെ വ്യക്തമായി ഞാന്‍ പറഞ്ഞു. ഇത് ഒരു തരത്തിലും ഞങ്ങളനുവദിക്കുകയില്ല. ഇന്ത്യയില്‍ സെന്‍സര്‍ ബോര്‍ഡാണ് സിനിമയെ സംബന്ധിച്ച് തീര്‍പ്പു കല്‍പ്പിക്കേണ്ടത്. ന്യൂനപക്ഷ കമ്മീഷന് ഇടപെടാന്‍ അവകാശമില്ല. ഗവണ്‍മെന്റ് ഫണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനം സര്‍ക്കാര്‍ പണമുപയോഗിച്ചു കേരളത്തില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് പിതാവിന്റെയും പുത്രന്റെയും ചെലവില്‍ വേണ്ട എന്ന് ഞങ്ങളവരോട് വ്യക്തമായി പറഞ്ഞു.

സംവിധായകന്‍ ദീപേഷ് കൂത്തുപറമ്പ്
കേരളത്തില്‍ ഒരുപാട് ചിത്രങ്ങളിറങ്ങുന്നുണ്ട്. അതെല്ലാം ഭൂരിപക്ഷകമ്മീഷനും ന്യൂനപക്ഷക്കമ്മിഷനും കാണണമെന്നു പറയുന്നതു ശരിയല്ല. കേരളത്തിലെ മതനിരപേക്ഷത എന്നുപറയുന്നത് ഏതു മതത്തിലും വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള സ്വാതന്ത്യമാണ്. ഈ കാര്യവുമായി ബന്ധപ്പെട്ട് ഞാന്‍ ഇടതുപക്ഷത്തിന്റെയാളുകളെയും വിളിച്ചിട്ടുണ്ട്. പക്ഷെ കാര്യമായ പ്രതികരണങ്ങളൊന്നും വന്നിട്ടില്ല. ഇന്ന് ദീപേഷ് ആണെങ്കില്‍ നാളെ അവരായിരിക്കും. ഇത് ആവിഷ്‌ക്കാര സ്വാതന്ത്യത്തിനു മുകളിലുള്ള കടന്നു കയറ്റം തന്നെയാണ്. ഒരു സംശയവും വേണ്ട. നിങ്ങള്‍ നാളെ ഏതു പേന, പെന്‍സിലാണ് ഉപയോഗിക്കേണ്ടതെന്ന് ഓരോ മതവും പറയാന്‍ തുടങ്ങിയാല്‍ എങ്ങനെയാണ് കഥ എഴുതുക? കവിത എഴുതുക ? ചിത്രം വരയ്ക്കുക ? ഇതിനെതിരെ ഒരു കൂട്ടായ്യമയുണ്ടാവണം. ആരും ഇതിനെതിരെ പ്രതികരിച്ചു കണ്ടില്ല എന്നതില്‍ എനിക്ക് വ്യക്തിപരമായി വല്ലായ്മയുണ്ട്. കമല്‍ ഹാസന്റെ പടത്തെക്കുറിച്ചെല്ലാവരും ചര്‍ച്ച ചെയ്യുകയുണ്ടായി. തീര്‍ച്ചയായും ദീപേഷിന്റെ പടത്തേക്കാള്‍ അവര്‍ക്ക് കമല്‍ ഹാസന്റെ പടത്തോടായിരിക്കും താല്പര്യം. പക്ഷെ അടിസ്ഥാനപരമായി ഒരേ പ്രശ്‌നമാണ് രണ്ടു ചിത്രങ്ങള്‍ക്കും. അതാരും മറന്നുപോവരുത്.

അ: എന്താണ് പിതാവിനും പുത്രന്റെയും പശ്ചാത്തലം?
ദീ: 97ല്‍ സ്‌റ്റേറ്റ് അവാര്‍ഡ് കിട്ടിയ എന്റെ ‘ടൈപ്പ് റൈറ്റര്‍’ വളരെ കൃത്യമായി കേരളത്തില്‍ എങ്ങിനെയാണ് ആഗോളവല്‍ക്കരണം കടന്നുവരുന്നത് എന്ന് പറയാനാണ് ശ്രമിച്ചത്. ആഗോളവല്‍ക്കരണത്തിനെതിരെ ഇടതുപക്ഷം നടത്തുന്ന എല്ലാ എതിര്‍പ്പുകളും ചെറുത്തു നില്‍പ്പും പാളിപ്പോകുന്നുണ്ട്. അതുതന്നെയായിരുന്നു എന്റെ ഏറ്റവും വലിയ വിമര്‍ശനവും. നായകന്‍ ചുവന്ന കൊടികള്‍ക്കിടയിലൂടെ കടന്നുപോവുമ്പോള്‍ സൈക്കിളിന്റെ ടയര്‍ പഞ്ചറാവുകയാണ്. അതിനുശേഷം ഞാനെടുത്ത സിനിമയാണ് ‘നഖരം’. കേരളത്തിലേയും ഇന്ത്യയിലേയും നഗര പശ്ചാത്തലത്തില്‍ കുടുംബജീവിതത്തെക്കുറിച്ചാലോചിച്ചപ്പോള്‍ രാമനും സീതയുമാണ് ഇന്ത്യയുടെ കുടുംബ മാതൃകകളെന്നു കണ്ട് രാഘവന്റെയും ജാനകിയുടെയും കുടുംബത്തിലൂടെ, പപ്പട വ്യാപാരം നടത്തുന്ന തീരേ അടിസ്ഥാനവര്‍ഗ്ഗത്തില്‍പ്പെട്ടയാളുകളുടെ ജീവിതമാണ് അതില്‍ അവതരിപ്പിച്ചത്. ഒരു പെണ്‍കുട്ടി ബലാല്‍ക്കാരം ചെയ്യപ്പെടുകയും അന്വേഷിച്ചപ്പോള്‍ അച്ഛന് പങ്കുണ്ടെന്നു കാണുകയും ചെയ്യുന്ന ഈ സിനിമയ്ക്കു ശേഷമാണ് ഏറ്റവും സ്ത്രീ വിരുദ്ധമെന്നു പറയാവുന്ന 22 ഫിമെയില്‍ കോട്ടയം എന്ന സിനിമ വരുന്നത്. പിതാവിനും പുത്രനും ഒരു സ്ത്രീ പക്ഷ സിനിമയാണ്. രണ്ടു വയസ്സുള്ള ഒരു പെണ്‍കുട്ടിയും 90 വയസ്സുള്ള ഒരു സ്ത്രീയും അഭിമുഖീകരിക്കുന്നത് ഒരേ പ്രശ്‌നമാണ്. ഇവരെ രണ്ടുപേരേയും എങ്ങനെയാണ് സമചതുരത്തിലുള്ള പുരുഷന്മാര്‍ നോക്കിക്കാണുന്നതെന്നു പറയാനാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്. സ്ത്രീകളെ ജനനം മുതല്‍ മരണം വരെ ഒരു യൂനീഫോമില്‍ത്തന്നെ തളച്ചിടുകയാണ്.

അ: ഈ സിനിമയുമായി മുന്നോട്ടുപോവുമ്പോള്‍ പ്രതീക്ഷിച്ചിരുന്നോ ഇതുപോലെ മതമൌലിക വാദികള്‍ പ്രകോപനപരമായി വരാനുള്ള സാധ്യതകള്‍?
ദീ: ഇല്ല. കാരണം ഇതു ഞാന്‍ വളരെ കാലം മുമ്പെഴുതിയ കഥയാണ്. അത് ബല്‍റാം മട്ടന്നൂര്‍ തിരക്കഥയാക്കി. സിനിമ ചെയ്യാന്‍ തീരുമാനിച്ചു. സിനിമ ചെയ്യുമ്പോഴോ അതിന്റെ ഫ്രെയ്മുകളെക്കുറിച്ചാലോചിച്ച് നടക്കുമ്പോഴോ ഞാന്‍ ഇത്തരമൊരെതിര്‍പ്പ് പ്രതീക്ഷിച്ചിരുന്നില്ല. അങ്ങനെയൊന്നു വരാനുള്ള യാതൊരു കാരണവും ഇതിലില്ലാ എന്നുള്ളതാണ് വസ്തുത. ഞാന്‍ പറഞ്ഞില്ലേ ജനാധിപത്യ വിരുദ്ധമായ ഒരു സീന്‍പോലും ഈ ചിത്രത്തിലില്ല. നൂറു ശതമാനം ഉറപ്പ്.
അ: താങ്കളുടെ സിനിമ സെന്‍സറിങ്ങിനുമുമ്പു തന്നെ നിരോധിക്കപ്പെടണമെന്ന് വാദിക്കുകയാണ് അധികാര കേന്ദ്രങ്ങള്‍, അതു മതമായാലും രാഷ്ട്രീയ പാര്‍ട്ടികളായാലും ശരി. ഇത്തരം അധികാരകേന്ദ്രങ്ങള്‍ക്ക് നിയമം വഴങ്ങികൊടുക്കുന്നതായി തോന്നിയിട്ടുണ്ടോ?
ദീ: അത് എപ്പോഴും അങ്ങനെ തന്നെ ആയിരുന്നല്ലോ. ആനന്ദ് പട്വര്‍ദ്ധന്റെ ഒരു ഡോക്യൂമെന്ററിക്ക് അവാര്‍ഡ് നിഷേധിക്കപ്പെട്ടപ്പോള്‍ കോടതി പറഞ്ഞത് ഗവണ്‍മെന്റ് പണമുപയോഗിച്ചാണ് അവാര്‍ഡ് നല്‍കുന്നതെങ്കില്‍ സെന്‍സര്‍ ബോര്‍ഡിനെ മാനിച്ചേ മതിയാവൂ എന്നാണ്. ഇത് അതാതുകാലം രാജ്യം ഭരിക്കുന്ന അധികാരി വര്‍ഗ്ഗം എപ്പോഴും ഇത്തരം പ്രവര്‍ത്തനങ്ങള്‍, കടന്നുകയറ്റങ്ങള്‍ നടത്തിക്കൊണ്ടേയിരിക്കും, ഒരു സംശയവും വേണ്ട. ഇതിനെ ചെറുത്തുനില്ക്കാനുള്ള കഴിവ് ഉണ്ടാകുമ്പോഴാണ് സിനിമയും കലകളുമെല്ലാം സ്വതന്ത്രമാവുന്നതും. പണ്ട് രാജാക്കന്മാര്‍ക്കുവേണ്ടി കവികളും ശില്പികളുമെല്ലാം ചെയ്തിരുന്നതെന്താണ്. രാജാവ് ആവശ്യപ്പെടുന്നപോലെ ഒരു സാധനമുണ്ടാക്കികൊടുക്കുന്നു. സമ്മാനം വാങ്ങുന്നു. ഭക്ഷണം കഴിക്കുന്നു. ഇതില്‍ നിന്നെല്ലാമാണ് നമ്മള്‍ സ്വാതന്ത്യം നേടിയത്. അത് തിരിച്ചുപിടിക്കാനാണ് സെന്‍സര്‍ ബോര്‍ഡിനെ ഉപയോഗിച്ചു മതമേലാളന്മാരും രാഷ്ട്രീയക്കാരുമെല്ലാം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
അ: വിശ്വരൂപം എന്ന സിനിമയ്ക്കും ഇപ്പോള്‍ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന പടത്തിനു മലബാര്‍ മേഖലയിലും മറ്റും നേരിട്ട അപ്രഖ്യാപിത വിലക്കിനെ പറ്റി എന്താണഭിപ്രായം?
ദീ: ഒരു പടം കൂടിയുണ്ട്. പാപ്പിലിയോ ബുദ്ധ. വിശ്വരൂപം എന്ന സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതിയൊക്കെക്കൊടുത്തതിനുശേഷമാണ് വിലക്കുണ്ടായത്. സത്യത്തില്‍ അതാരെങ്കിലുമൊക്കെ കണ്ടതിനുശേഷമാണ്. എന്നാല്‍ പിതാവിന്റെയും പുത്രന്റെയും കാര്യത്തില്‍ എനിക്കും പ്രൊഡ്യൂസറിനും മാത്രമറിയാവുന്ന കാര്യം സിനിമ പുറത്തിറങ്ങുന്നതിനു മുന്‍പ് വിവാദമാക്കപ്പെട്ടു എന്നതാണ് പ്രശ്‌നം. എതിര്‍പ്പുകൊണ്ടൊന്നും സിനിമയെ തടയാനോ പരായജയപ്പെടുത്താനോ ആവില്ല. മതവാദികളും മറ്റും ഇതിനെ തടയാന്‍ ശ്രമിക്കുമ്പോള്‍ അതിനു കൂടുതല്‍ ഊര്‍ജ്ജമുണ്ടാകും. ഈ ഊര്‍ജ്ജമാണ് എന്നെ അടുത്ത സിനിമ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിനെ കുറിച്ച് (ഞാനത് കണ്ടില്ലെങ്കിലും) പറയാനുളളത് ഇതുതന്നെയാണ്. എല്ലാ എതിര്‍പ്പുകളും വരട്ടെ. എതിര്‍പ്പുകള്‍ ഊര്‍ജ്ജമായി മാറും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
അ: താങ്കള്‍ പിതാവും പുത്രനും എന്ന ഈ സിനിമ എങ്ങിനെയാണ് ആളുകളെ കാണിക്കാനുദ്ദേശിക്കുന്നത്?
ദീ: ഞങ്ങള്‍ ജനാധിപത്യ വിശ്വാസികളാണ്. റിവൈസിംഗ് കമ്മിറ്റിക്കു കൊടുത്തിട്ടുണ്ട്. അതിന്റെ സമയം കഴിഞ്ഞാല്‍ പിന്നെ ഒരു കമ്മറ്റിയുള്ളത്, ഡല്‍ഹിയിലാണ്. അതും കഴിഞ്ഞാല്‍ എന്തെങ്കിലും ചെയ്യാന്‍ പറ്റുമായിരിക്കും.12-ഓളം ഫെസ്റ്റിവെലുകളിലേക്ക് ക്ഷണം കിട്ടിയിട്ടും ഒന്നിനും അയക്കാന്‍ പറ്റിയിട്ടില്ല. കേരളത്തിലെ റിവൈസിംഗ് കമ്മറ്റി അനുമതി നല്‍കും എന്നാണെന്റെ പ്രതീക്ഷ. കാരണം ഷാജി എന്‍. കരുണിനെ പോലെയുള്ളവര്‍ സിനിമ അറിയുന്നവരാണ്. അദ്ദേഹം അത് തടയില്ല എന്നാണ് പ്രതീക്ഷിക്കുന്നത്. അവിടെയും സിനിമ അറിയാത്തവരുണ്ട്. ശാലു മേനോനെ പോലയുള്ളവര്‍. തീരുമാനം എന്തായാലും ഞങ്ങള്‍ ഒരു സമരമായി തന്നെ ഈ പ്രശ്‌നത്തെ എടുത്തിട്ടുണ്ട്.
അ:നിലവിലുള്ള സാമൂഹ്യ സാംസ്‌ക്കാരിക സംഘടനകളില്‍പ്പെട്ട ആരെങ്കിലും താങ്കളോട് ബന്ധപ്പെടുകയോ ഇടപ്പെടുകയോ ചെയ്തിട്ടുണ്ടോ?പ്രത്യേകിച്ചും പുരോഗമന കലാസംഘടനകള്‍
ദീ: പുരോഗമന കലാ സാഹിത്യ സംഘടനയിലെ മുരളിയെ ഞാന്‍ അങ്ങോട്ട് വിളിച്ചിട്ട്, നിങ്ങള്‍ എന്റെ സിനിമ കാണണം എന്ന് പറയേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല, പക്ഷെ ഇതില്‍ മതസംഘടനകള്‍ ഇടപെട്ടിട്ടുള്ളതിനെക്കുറിച്ച് നിങ്ങള്‍ക്കെന്തെങ്കിലും പറയാനുണ്ടോ എന്നു ചോദിച്ചിട്ടുണ്ട്. ഇത്ര ദിവസമായിട്ടും മറുപടിയും കിട്ടിയിട്ടില്ല. ഇതില്‍ ന്യൂനപക്ഷ കമ്മീഷന്‍ ഇടപെട്ടത് ശരിയായില്ല എന്നെങ്കിലും പറയാമായിരുന്നു. ഇനിയവര്‍ ഇടപ്പെടുമോ എന്നറിയില്ല. സംഘടനകള്‍ കലാമേഖലയില്‍ ഇടപെടുന്നതിന് ഞാന്‍ എതിരാണ്.
അ: ഇപ്പോള്‍ ന്യൂ ജനറേഷന്‍ സിനിമകള്‍ എന്നൊരു പ്രയോഗം പ്രചാരത്തില്‍ വന്നിട്ടുണ്ടല്ലോ. അതിനെക്കുറിച്ച്?
ദീ: ന്യൂ ജനറേഷന്‍ സിനിമകള്‍ എന്ന പേരില്‍ കഴിഞ്ഞ നാലു വര്‍ഷമായി, മോഷ്ടിക്കപ്പെട്ട സിനിമകളെ ആദരിക്കലാണ് ഇവിടെ നടക്കുന്നത്. ഒരേ സമയം ഒരാശയം അമേരിക്കയിലോ ഇംഗ്ളണ്ടിലോ തോന്നിയേക്കാം. എന്നാല്‍ എങ്ങനെയാണ് ഫ്രെയിം റ്റു ഫ്രെയിം ചിത്രങ്ങളുണ്ടാകുന്നത്. ഏറ്റവും രസകരമായ കാര്യം ഞാന്‍ ഈ സിനിമ ഇരുപതു കൊല്ലമായി എന്റെ മനസ്സില്‍ സൂക്ഷിക്കുകയായിരുന്നു എന്ന് തട്ടിമൂളിക്കുന്നതാണ്. ഞാനെന്റെ സിനിമയുടെ പോസ്റ്ററില്‍ മോഷ്ടിക്കാത്ത സിനിമ എന്ന് എഴുതി വച്ചിട്ടുണ്ട്. ഈ കാര്യത്തില്‍ എനിക്ക് പ്രിയദര്‍ശനോട് ആദരവാണ്. കാരണം അയാള്‍ പറയുന്നത് മോഷ്ടിച്ചതിന് ശേഷം ആ ആശയത്തെ മലയാളവത്ക്കരിക്കുന്നു എന്നാണ്. എന്നാല്‍ മറ്റുള്ളവരോ? ഇപ്പോള്‍ ചെയ്യുന്ന മറ്റൊരു തട്ടിപ്പ് ആശയം എടുക്കുന്ന സിനിമയുടെ പേരു കാണിച്ചിട്ട് റഫറന്‍സ് എന്നെഴുതി കാണിക്കുകയാണ്.
അ: നമ്മുടെ സമൂഹത്തിന്റെ പൊതു ബോധത്തില്‍ നിന്നാണ് ആളുകള്‍ തങ്ങളുടെ ചിന്തയെ മുന്നോട്ട് കൊണ്ടുപോവുന്നത്. ഒട്ടും ആഴമില്ലാത്ത ചിന്തകളുള്ള ഒരു സമൂഹമാണ് വളര്‍ന്ന് വരുന്നതെന്ന് തോന്നാറുണ്ട്. അതിന്റെ ഒരു പ്രതിഫലനം തന്നെയല്ലെ സിനിമയിലും നടക്കുന്നത്?
ദീ: അതുകൊണ്ടാണ് പ്രശസ്ത ചലച്ചിത്ര നിരൂപകന്‍ സി.എസ്. വെങ്കിടേശ്വരന്‍ പറഞ്ഞ ഒരു കാര്യത്തോട് ഞാന്‍ യോജിക്കുന്നത്. എന്തിനാണ് നിങ്ങള്‍ സന്തോഷ് പണ്ഡിറ്റിനെ എതിര്‍ക്കുന്നതെന്ന്? സന്തോഷ് പണ്ഡിററ് എവിടെ നിന്നും മോഷ്ടിച്ചിട്ടില്ല. അയാള്‍ക്കറിയാവുന്ന കുറേ ഡയലോഗുകളും സ്വീക്വന്‍സുകളും ചേര്‍ത്ത് അയാള്‍ക്കറിയാവുന്ന രീതിയില്‍ സനിമയെടുക്കുകയാണ് ചെയ്തത്. തന്റെ അയല്‍പക്കത്തെന്ത് നടക്കുന്നു, പഞ്ചായത്തിന്റെ പ്രസിഡണ്ട് ആരാണ്? വാര്‍ഡുമെമ്പര്‍മാരുടെ പേരെന്താണ്, ഇതൊന്നുമറിയാത്ത ഒരു വിഭാഗത്തിനെ പടച്ചുവിടുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് ഇവിടെയുള്ളത്. ഇതിന്റെയൊരു പ്രതിഫലനമാണ് സിനിമകളില്‍ കാണുന്നത്. അതുകൊണ്ടാണ് കണ്ടിട്ടുളള സിനിമകളിലെ ആശയം മോഷ്ടിക്കുകയും അത് ഛര്‍ദ്ദിച്ച് വെയ്ക്കുകയും ചെയ്യുന്നത്.
അ: കൂത്തുപറമ്പ് പോലുള്ള ഒരു ഉള്‍നാടന്‍ പ്രദേശത്ത് നിന്നും സിനിമയിലേക്കു വരുമ്പോള്‍ നേരിട്ട വെല്ലുവിളികള്‍?
ദീ: അതു വലിയ പ്രശ്‌നം തന്നെയാണ്. സിനിമയിലേക്ക് വരുന്നതില്‍ മാത്രമല്ല, 97ല്‍ സ്‌റ്റേറ്റ് അവാര്‍ഡു ലഭിച്ചത്തിനു ശേഷം എനിക്ക് സ്വീകരണം ലഭിക്കാത്ത സ്ഥലം എന്റെ നാടായ കൂത്തുപറമ്പാണ്. ഒരു ക്ളബ്ബുകള്‍ പോലും അവരുടെ പരിപാടിക്ക് എന്നെ വിളിച്ചില്ല. എനിക്കു കൃത്യമായ ഐഡിയോളജി ഉളളതിനാലാവാം അത്. നമ്മള്‍ കൃത്യമായി രാഷ്ട്രീയം പറയുന്ന ഒരാളാണ്. കൂത്തുപറമ്പില്‍ നിന്നോ കണ്ണൂരില്‍ നിന്നോ വളര്‍ന്ന് വരുന്ന ഒരാള്‍ക്ക് സിനിമയില്‍ പ്രവേശനം എന്നത് ഒരു വലിയ സ്വപ്നമാണ്. ഇവിടെ നിന്ന് ഞാനൊക്കെ സിനിമയിലെത്തി എന്നത് ഒരു പാട് ചെറുത്തു നില്പിന്റെ ഫലമായാണ്.
അ: മലയാള സിനിമാരംഗത്ത് ദീപേഷ് എന്ന സംവിധായകന്റെ സ്ഥാനമെന്താണ്?
ദീ: പൂനാ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടറായിരുന്ന ജോണ്‍ ശങ്കരമംഗലം എന്റെ ടൈപ്പ്‌റൈറ്റര്‍ എന്ന സിനിമക്ക് അവാര്‍ഡു നല്‍കുമ്പോള്‍ എന്നോട് ചോദിച്ച ഒരു ചോദ്യം ഓര്‍മ്മ വരുന്നു. എന്തുകൊണ്ടാണ് ഞാന്‍ ഈ പ്രായത്തിലേ ഇത്തരം സിനിമകള്‍ ചെയ്യുന്നത് എന്ന്. ഇന്നു നമ്മള്‍ പറയുന്നത് നാളെ അംഗീകരിക്കപ്പെടും എന്നതു തന്നെയാണ് എന്റെ വിശ്വാസം. ജീവിക്കാന്‍ വേണ്ടി സിനിമാ പ്രവര്‍ത്തനം നടത്തുന്ന ഒരു സിനിമാ തൊഴിലാളി അല്ല ഞാന്‍.
അ: ഈയിടെ നടന്ന ഒരു റേഡിയോ സംവാദത്തില്‍ ശ്യാമപ്രസാദ് പറയുകയുണ്ടായി, കേരളീയ സമൂഹത്തിന്റെ സൗന്ദര്യബോധം ആകെ താറുമാറായിക്കിടക്കുകയാണെന്ന്. മനുഷ്യന്റെ സാമൂഹ്യബോധത്തിലും, സംവേദനക്ഷമതയില്ലും ഉണ്ടായിട്ടുള്ള അപചയമല്ലേ ഇത്തരം പ്രശ്‌നങ്ങള്‍ കാണിക്കുന്നത്. മുമ്പില്ലാത്ത വിധം എന്തു കൊണ്ടാണ് സമൂഹം ഇങ്ങനെ ആയിത്തീരുന്നത്?
ദീ: കേരളീയ സമൂഹത്തിന്റെ വളര്‍ച്ചയില്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. അവരു പിന്നോട്ടു പോയതിന്റെ ഫലമാണിത്. ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന നാടകം കമ്മ്യൂണിസ്റ്റു പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്ക് എത്രമാത്രം സഹായിച്ചുണ്ടെന്നത് ചരിത്ര വസ്തുതയാണ്. അതില്‍ നിന്നൊക്കെ മാറി പുരോഗമന പ്രസ്ഥാനക്കാര്‍ എടുക്കേണ്ട പല തീരുമാനങ്ങളും വൈകുകയോ എടുക്കാതിരിക്കുകയോ ചെയ്തപ്പോള്‍ അതുതന്നെയാണ് കേരളീയ ജീവിതത്തിലും ചിന്തയിലും മതവിശ്വാസത്തിലും ഉണ്ടായ എല്ലാ മൂല്യച്യുതികള്‍ക്കും കാരണമായത്. ഈ അടുത്തകാലത്ത് ഡി വൈ എഫ് ഐയുടെ ഒരു ബോര്‍ഡു കണ്ടു. മതസൗഹാര്‍ദ്ദത്തിന്റെ ബോര്‍ഡാണ്. ഒരു ഹിന്ദുവിനെയും മുസ്ലീമിനെയും ക്രിസ്ത്യാനിയെയും ഒന്നിച്ചു നിര്‍ത്തിയിരിക്കുകയാണ്. ഇവരെ ഇങ്ങനെ നിര്‍ത്തിയാല്‍ എന്നും പൊട്ടാവുന്ന ഒരു ബോംബുപോലെ നില്ക്കുകയല്ലേയുള്ളൂ എന്നാണു എന്റെ ചോദ്യം. ഇവര്‍ മൂന്നുപേരും ഒന്നിക്കണമെന്നു പറയുന്നതിനു പകരം അവിടെ ഒരു പച്ചമനുഷ്യനെക്കൂടി അവതരിപ്പിക്കണമായിരുന്നു. അതൊരു ജനാധിപത്യ ചിത്രമാവണമായിരുന്നു. ഇതിലൊന്നും വിശ്വസിക്കാത്ത ഒരാളുടെ ചിത്രം കൂടി കൊടുക്കണമായിരുന്നു. ഇതൊക്കെ നിങ്ങള്‍ നേരത്തെ പറഞ്ഞ സൗന്ദര്യബോധത്തിന്റെ പ്രശ്‌നം തന്നെയാണ്.

അ: താങ്കള്‍ അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നം സാമ്പത്തികമാണല്ലോ? ഇത്തരം സ്വതന്ത്ര സിനിമകള്‍ക്ക് ലാഭം കിട്ടില്ല എന്ന ഉറപ്പുണ്ടായിട്ടും സിനിമപിടിക്കാനുള്ള ധൈര്യം എങ്ങിനെ കിട്ടുന്നു?
ദീ: സിനിമയെടുക്കുന്നവര്‍ ലാഭം കിട്ടണമെന്നൊക്കെ പ്രതീക്ഷിക്കും. അല്ല നമ്മള്‍ അവതരിപ്പിക്കുന്ന കഥ നന്നാണെങ്കില്‍ കേരളത്തില്‍ മാത്രമല്ല വിദേശരാജ്യങ്ങളിലും പ്രദര്‍ശിപ്പിക്കാനും മുടക്കുമുതലും ലാഭവും നേടാനുമൊക്കെ സാധിക്കും. ‘നഖര’ത്തിനും ‘ടൈപ്പ്‌റൈറ്ററി’നും അത് കഴിഞ്ഞിട്ടുണ്ട്. പുതിയ ചിത്രം ചലച്ചിത്രോത്സവങ്ങള്‍ക്ക് അയക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പക്ഷെ തീര്‍ച്ചയായും അയക്കുക തന്നെ ചെയ്യും. എന്നാലും ചെറിയ പടങ്ങള്‍ ലാഭകരമായി ചെയ്യാന്‍ പറ്റില്ല എന്നതു പ്രശ്‌നം തന്നെയാണ്. മൂന്നു കൊമേര്‍സ്യല്‍ പടം ചെയ്യാനാവുമായിരിക്കാം. പക്ഷെ കൃത്യമായ രാഷ്ട്രീയമുള്ള മൂന്നു പടങ്ങള്‍ ചെയ്യുക എന്നത് വലിയ വെല്ലുവിളി തന്നെയാണ്.
അ: വര്‍ഷാവര്‍ഷം തിരുവന്തപുരത്തു നടക്കുന്ന ഫിലിംഫെസ്റ്റിവല്‍ താങ്കളെ സിനിമാക്കാരനാക്കിയത്തില്‍ എത്രത്തോളം പങ്ക് വഹിച്ചിട്ടുണ്ട്?
ദീ: ഞാനൊരു സിനിമാസംവിധായകനായത് ഫെസ്റ്റിവല്‍ ചിത്രങ്ങള്‍ കണ്ടുകൊണ്ടാണ്. എല്ലാ വര്‍ഷവും ശബരിമലക്കുപോവുന്നതുപോലെ കൃത്യമായി പോയി സിനിമകണ്ട് വരുന്ന ആളാണ് ഞാന്‍. എന്റെ സിനിമയുടെ ക്യാമറാമാന്‍ ബാഗു തുറന്നപ്പോഴാണ് ഞാനാദ്യമായി ഫിലിം ക്യാമറ കാണുന്നത് തന്നെ.