Continue reading “സ്നോഡന് രക്ഷപെടാന്‍ അഞ്ചു വഴികള്‍”

" /> Continue reading “സ്നോഡന് രക്ഷപെടാന്‍ അഞ്ചു വഴികള്‍”

"> Continue reading “സ്നോഡന് രക്ഷപെടാന്‍ അഞ്ചു വഴികള്‍”

">

UPDATES

വിദേശം

സ്നോഡന് രക്ഷപെടാന്‍ അഞ്ചു വഴികള്‍

                       

ജെ. ഡാന സ്റ്റസ്റ്റര്‍

 

മോസ്കോവിലെ ഷെരെമെത്യോവോ വിമാനത്താവളത്തില്‍ കഴിഞ്ഞ 10 ദിവസമായി കുടുങ്ങിക്കിടക്കുന്ന എഡ്വാര്‍ഡ് സ്നോഡന് മുന്നില്‍ രക്ഷാമാര്‍ഗങ്ങള്‍ ചുരുങ്ങിച്ചുരുങ്ങി വരികയാണ്. ജൂലായ് 2-നു സ്നോഡന്‍ 21 രാഷ്ട്രങ്ങള്‍ക്ക് തന്റെ രാഷ്ട്രീയ അഭയത്തിനുള്ള അപേക്ഷ നല്കി. പലരും അത് ഉടനടി തള്ളി; ചിലര്‍ തങ്ങളുടെ രാജ്യത്ത് എത്തിയതിനുശേഷമേ അപേക്ഷ പരിഗണിക്കാനാകൂ എന്നറിയിച്ചു. ബൊളീവിയയും, വെനസ്വേലയും മാത്രമാണു ഇക്കാര്യത്തില്‍ എന്തെങ്കിലും തരത്തില്‍ അനുകൂലമായ പ്രതികരണം പുറപ്പെടുവിച്ചത്. അമേരിക്കന്‍ പാസ്പോര്‍ട്ട് റദ്ദാക്കപ്പെട്ടതോടെ തനിക്ക് അഭയം നല്കാന്‍ തയ്യാറാകുന്ന രാജ്യത്തേക്ക് പോകാനും സ്നോഡന്‍ ഏറെ കടമ്പകള്‍ കടക്കേണ്ടിവരും. മോസ്കോവിലെ ഒരു വിദേശ നയതന്ത്ര കാര്യാലയത്തില്‍ പോകാനാണെങ്കില്‍, അതിന് ആദ്യം റഷ്യയില്‍ ഔദ്യോഗികമായി കടക്കേണ്ടിവരും. എന്നാല്‍ അമേരിക്കയുടെ രഹസ്യവിവരങ്ങള്‍ വെളിപ്പെടുത്തുന്നത് നിര്‍ത്തണമെന്ന് രാഷ്ട്രീയ അഭയ പരിഗണനക്കുള്ള ഉപാധിയായി റഷ്യന്‍ പ്രസിഡണ്ട് വ്ളാഡിമിര്‍ പുടിന്‍ ആവശ്യപ്പെട്ടതോടെ റഷ്യയോടുള്ള അഭയാഭ്യര്‍ത്ഥന സ്നോഡന്‍ പിന്‍വലിച്ച ഘട്ടമാണിത്.

 

 

അപ്പോള്‍ ഒരു സാധാരണ യാത്രക്കാരനെപ്പോലെ ഒരു യാത്രാ വിമാനത്തില്‍ കയറാതെതന്നെ സുരക്ഷിതമായൊരു സ്ഥലത്തേക്ക് എങ്ങനെയാണ് സ്നോഡന് എത്തിപ്പെടാനാകുക? സ്നോഡന്റെ മുന്നിലുള്ള 5 പോംവഴികള്‍.

 

നയതന്ത്രസഞ്ചിയുടെ പരിരക്ഷ

സര്‍ക്കാരുകളും, നയതന്ത്ര കാര്യാലയങ്ങളും പരസ്പരം അയക്കുന്ന മുദ്രവെച്ച കവറുകള്‍ കസ്റ്റംസ് പരിശോധന നടത്തുകയോ പിടിച്ചെടുക്കുകയോ പതിവില്ല. ഒരാളെ ഇത്തരമൊരു മുദ്രവെച്ച സഞ്ചിയില്‍  കടത്താന്‍ ശ്രമിച്ച രണ്ടു സംഭവങ്ങളുണ്ടായിട്ടുണ്ട്; രണ്ടും പരാജയവുമായിരുന്നു. ആദ്യത്തേതില്‍,1962 – മുതല്‍ ഈജിപ്തിനുവേണ്ടി ചാരപ്പണിയെടുത്ത ഇസ്രയേല്‍ സൈനികനായ മോര്‍ദേശൈ ലൂക്ക് ആണ് നായകന്‍. ഇസ്രയേല്‍ ചാരസംഘടനയായ മൊസാദിന്റെ ഇരട്ട ചാരനാണ് ഇയാള്‍ എന്നു സംശയം തോന്നിയ ഈജിപ്ത്, ഇറ്റലിയില്‍ നിന്നും ‘നയതന്ത്ര സഞ്ചി – തുറക്കരുത്’ എന്നെഴുതിയ ഒരു സഞ്ചിയിലാക്കി അയാളെ വിമാനത്തില്‍ കയറ്റിവിട്ടു. എന്നാല്‍ സഞ്ചിയില്‍ നിന്നും ഞരക്കം കേട്ട ഒരു ജീവനക്കാരന്‍ അതും തുറക്കുംവരെയെ സംഭവം നീണ്ടുള്ളൂ. തുടര്‍ന്ന് ലൂക്കിനെ ഇസ്രയേലിനു കൈമാറുകയും, അവിടെ ഇയാളെ വിചാരണ ചെയ്തു 11 കൊല്ലം തടവിന് ശിക്ഷിക്കുകയും ചെയ്തു. ഈ സംഭവത്തിന് ഇരുപതു വര്‍ഷങ്ങള്‍ക്ക് ശേഷം, നൈജീരിയയില്‍ അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്ത സൈന്യം, മുന്‍സര്‍ക്കാരിലെ ഗതാഗത മന്ത്രി ഉമാറു ഡിക്കോവിനെ ഇതേ രീതിയില്‍ ലണ്ടനില്‍നിന്നും കടത്തിക്കൊണ്ടുവരാന്‍ ഒരു ശ്രമം നടത്തി. ഇയാളെ മരുന്ന് കൊടുത്തു ബോധംകെടുത്തി ഒരു മരപ്പെട്ടിയിലാക്കി വിമാനത്തില്‍ കയറ്റി. മരുന്നിന്റെ അളവ് നോക്കാന്‍ ഒരു ഡോക്ടറേയും ഒപ്പം വിട്ടു. എന്നാല്‍, പെട്ടിയില്‍നിന്നും മരുന്നിന്റെ രൂക്ഷഗന്ധം മണത്ത ബ്രിട്ടീഷ് കസ്റ്റംസ് അധികൃതര്‍ പെട്ടി തുറപ്പിച്ചപ്പോളാണ് ‘നയതന്ത്ര സഞ്ചിയില്‍’ നിന്നും ഡിക്കോ പുറത്തായത്. (പെട്ടി തുറന്നു മോചിതനായ ഡിക്കോ അടുത്ത ഒരു ദശാബ്ദം ബ്രിട്ടനില്‍ത്തന്നെ ജീവിച്ചു.)

 

 

വിയന്ന ഉടമ്പടിയുടെ (1961) ആര്‍ടിക്കിള്‍ 27-ല്‍ ‘നയതന്ത്ര സഞ്ചികള്‍ തുറക്കുകയോ തടഞ്ഞുവെക്കുകയോ ചെയ്യരുതെന്ന് ’ കൃത്യമായി പറയുന്നുണ്ട്. എന്നാല്‍ ഇത്തരം  സഞ്ചികള്‍ ‘നയതന്ത്ര ദൌത്യവുമായി ബന്ധപ്പെട്ട വിനിമയങ്ങള്‍ക്ക്’ മാത്രമേ ഉപയോഗിക്കാവൂ. കഴിഞ്ഞ വര്‍ഷം ഇക്വഡോറിന്റെ നയതന്ത്ര സഞ്ചിയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 40 കിലോഗ്രാം കൊക്കയിനോ, 1984-ല്‍ ലണ്ടനില്‍ മുവമ്മര്‍ ഗദ്ദാഫ്ഫിക്കെതിരെ നടന്ന പ്രതിഷേധത്തിനിടയില്‍ ഒരു പോലീസുകാരിക്കെതിരെ വെടിവെയ്ക്കാന്‍ ഉപയോഗിച്ച, ലിബിയന്‍ നയതന്ത്ര കാര്യാലയത്തില്‍നിന്നും കടത്താന്‍ ശ്രമിച്ച തോക്കിനോ ഈ പരിരക്ഷ ലഭിച്ചില്ല. (രണ്ടാം ലോക മഹായുദ്ധ കാലത്ത് വിന്‍സ്റ്റന്‍ ചര്‍ച്ചിലിന് ഇതേ മാര്‍ഗത്തിലൂടെ കിട്ടിയിരുന്ന ക്യൂബന്‍ ചുരുട്ടുകളുടെ കാര്യത്തില്‍ എന്തായിരുന്നാവോ  മാനദണ്ഡം. അന്ന് വിയന്ന ഉടമ്പടി നിലവില്‍ വന്നിരുന്നില്ല) സ്നോഡനെ നയതന്ത്ര സഞ്ചിയിലാക്കാനുള്ള ബുദ്ധിമുട്ട്, അയാള്‍ ഒരു ‘നയതന്ത്ര വിനിമയം’ അല്ല എന്നതാണ്. ആ വഴി അടഞ്ഞാണ് കിടക്കുന്നത്.

 

 

നയതന്ത്ര സന്ദേശവാഹകന്‍

വിയന്ന ഉടമ്പടി മറ്റൊരു പഴുതും കൂടി നല്കുന്നു: “അയാളുടെ പദവിയും ഔദ്യോഗിക ചുമതലകളും വ്യക്തമാക്കുന്ന രേഖകളോടുകൂടിയ, ഒരു നയതന്ത്ര സന്ദേശ വാഹകന്‍ എത്തുന്ന രാജ്യം അയാളുടെ ചുമതലകള്‍ നിര്‍വ്വഹിക്കാന്‍ അയാളെ സംരക്ഷിക്കേണ്ടതാണ്. വ്യക്തിപരമായ സുരക്ഷ അയാള്‍ക്കുണ്ടാകും; അയാളെ തടവിലാക്കാനോ, തടഞ്ഞുവെക്കാനോ പാടില്ല. അയക്കുന്ന രാഷ്ട്രത്തിന്/നയതന്ത്ര കാര്യാലയത്തിന് അവരുടെ സന്ദേശവാഹകനെ താത്ക്കാലികമായി നിയമിക്കാം.’

 

അപ്പോള്‍പ്പിന്നെ മോസ്കോയിലെ വെനസ്വേലന്‍ സ്ഥാനപതിക്ക് എന്തുകൊണ്ട് സ്നോഡന്റെ കയ്യില്‍ ഒരു നയതന്ത്ര സഞ്ചിയും ഏല്‍പ്പിച്ച് അത് കാരക്കാസിലേക്കെത്തിക്കാന്‍ അയാളോട് ആവശ്യപ്പെട്ടുകൂടാ? തത്വമനുസരിച്ച് സഞ്ചി കാരക്കാസിലെത്തുവരേക്കും സ്നോഡന് നയതന്ത്ര പരിരക്ഷ ലഭിക്കും. അവിടെയെത്തിയാല്‍ വെനസ്വേലയില്‍ രാഷ്ട്രീയാഭയത്തിന് അഭ്യര്‍ഥന നടത്തുകയും ചെയ്യാം. പക്ഷേ ചെറിയൊരു തടസമുണ്ട്: ‘നയതന്ത്ര സന്ദേശ വാഹകര്‍ക്ക് വിസ വേണം,’ ടെമ്പിള്‍ സര്‍വ്വകലാശാലയിലെ നിയമാധ്യാപകന്‍ പീറ്റര്‍ സ്പീരോ പറയുന്നു. ‘പൌരനല്ലാത്ത ഒരാളെ സന്ദേശ വാഹകനാക്കുക എന്നത് അസാധാരണമാണ്. അത് നടക്കാനിടയില്ല.’

 

 

നയതന്ത്ര കാര്യാലയത്തില്‍ അഭയം തേടുക

ഏതെങ്കിലും സര്‍ക്കാര്‍ തയ്യാറാണെങ്കില്‍ മോസ്കോവിലെ ഒരു സ്ഥാനപതി കാര്യാലയത്തിലേക്ക് സ്നോഡന്  കയറിക്കൂടാന്‍  നോക്കാം.  ഇന്നത്തെക്കാലത്ത് അവര്‍ക്കുള്ള നിയമപരിരക്ഷമൂലം, പല രാഷ്ട്രീയ അഭയാര്‍ത്ഥികളുടെയും സുരക്ഷിത താവളങ്ങളാണ് നയതന്ത്ര കാര്യാലയങ്ങള്‍. ചെന്‍ ഗുവാഞ്ചെങ്, സാം ലഹൂദ്, ജൂലിയന്‍ അസ്സാഞ്ചേ എന്നിവരെല്ലാം ഈ വഴി ഉപയോഗിച്ചവരാണ്. എന്നാല്‍ അവിടേക്കെത്തിപ്പെടുക അത്ര എളുപ്പമല്ല. മോസ്കോവിലെ ഷെരെമെത്യോവോ വിമാനത്താവളത്തില്‍നിന്നും വെന്‍സ്വേലയുടെ നയതന്ത്ര കാര്യാലയത്തിലേക്ക് ഏതാണ്ട് 20 മൈല്‍ ദൂരമുണ്ട്. ബൊളീവിയയുടെ നയതന്ത്രകാര്യാലയം കുറച്ചു ദൂരംകൂടി മാറിയാണ്. ഒരു നയതന്ത്ര കാര്യാലയ വാഹനം  നിയമപരമായി പരിശോധിക്കാനാകില്ലെങ്കിലും, അത് തടഞ്ഞു നിര്‍ത്താവുന്നതാണ്. ( അസ്സാഞ്ചേ ലണ്ടനിലെ ഇക്വഡോര്‍ നയതന്ത്ര കാര്യാലയത്തില്‍ അഭയം തേടിയപ്പോള്‍ ബി.ബി.സി ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.)

 

നയതന്ത്ര കാര്യാലയത്തില്‍ എത്തിയാലും സ്നോഡന് രാഷ്ട്രീയഭയത്തിന് അപേക്ഷിക്കാനാവില്ല. പൊതുവേയുള്ള ധാരണയില്‍നിന്നും വ്യത്യസ്തമായി ‘നയതന്ത്ര കാര്യാലയങ്ങള്‍ സാങ്കേതികമായി വിദേശ ഭൂമിയല്ല.’ “സാധാരണഗതിയില്‍ ഒരാള്‍ നയതന്ത്ര കാര്യാലയത്തില്‍ അഭയം തേടിയാല്‍ ആ വിദേശരാജ്യം, ആതിഥേയ  രാജ്യവുമായി അഭയാര്‍ത്ഥിയുടെ ഭാവിയെ സംബന്ധിച്ച് ചര്‍ച്ചകളില്‍ ഏര്‍പ്പെടും”. അതായത് സ്നോഡന്‍ ഒരു നയതന്ത്ര കാര്യാലയത്തില്‍ ചെന്നുകേറിയാലും, അത്  ഇപ്പോള്‍ വിമാനത്താവളത്തിലെ സ്ഥിതിയേക്കാള്‍ വലിയ മാറ്റമൊന്നും ഉണ്ടാക്കില്ല.

 

 

നയതന്ത്ര രാഷ്ട്രീയാഭയം

ഏതെങ്കിലുമൊരു പ്രത്യേക രാജ്യത്തേക്ക്  പോകാതെയും, ആ രാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ കടന്നിട്ടുള്ള രാഷ്ട്രീയാഭയ അഭ്യര്‍ഥന കൂടാതെയും സ്നോഡന് ‘നയതന്ത്ര രാഷ്ട്രീയാഭയം’ ലഭിക്കാം.  2012 ആഗസ്റ്റില്‍ ഇക്വഡോര്‍, ജൂലിയന്‍ അസാഞ്ചെക്ക് ഈ പരിരക്ഷ അനുവദിച്ചു. എന്നാല്‍, അമേരിക്ക ഈ പ്രക്രിയ അംഗീകരിക്കില്ല.

 

‘നയതന്ത്ര രാഷ്ട്രീയാഭയം സംബന്ധിച്ച 1954-ലെ ഒ എ.എസ് (ഓര്‍ഗനൈസേഷന്‍ ഓഫ് അമേരിക്കന്‍ സ്റ്റേറ്റ്സ്) ഉടമ്പടിയില്‍ യുനൈറ്റഡ് സ്റ്റേറ്റ്സ് ഒരു കക്ഷിയല്ല. നയതന്ത്ര രാഷ്ട്രീയാഭയം എന്ന ആശയത്തെ അന്താരാഷ്ട്ര നിയമങ്ങളുടെ ഭാഗമായി അംഗീകരിക്കുന്നുമില്ല,’ എന്നാണ് വിക്കിലീക്സ് സ്ഥാപകന്‍ അസാഞ്ചെയ്ക്ക് ഇക്വഡോര്‍ ഈ പരിരക്ഷ നല്കിയപ്പോള്‍ അമേരിക്ക പ്രതികരിച്ചത്. 1980-ലെ അഭയാര്‍ഥി നിയമമനുസരിച്ചാണ് അമേരിക്ക ആളുകള്‍ക്ക് അഭയം നാല്‍കാറുള്ളത്. രാഷ്ട്രീയ വിമതര്‍ക്ക് അഭയം നല്കുമ്പോളും ആ പേര് വരാതിരിക്കാന്‍ അവര്‍ ശ്രദ്ധ പുലര്‍ത്താറുമുണ്ട്.

 

 

ഒരു വിദേശ രാഷ്ട്രത്തലവന്റെ വിമാനത്തില്‍ കയറുക

വെനസ്വേലയിലേക്ക് പോവുക സ്നോഡനെ സംബന്ധിച്ച് ദുഷ്ക്കരമാകും, എന്നാല്‍ വെനസ്വേല സ്നോഡനെത്തേടി വന്നാലോ? ഒരു ഊര്‍ജ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വെനസ്വേല പ്രസിഡണ്ട് മദുറോ ഈ ആഴ്ച മോസ്കോവില്‍ ഉണ്ടായിരുന്നു. വേണമെങ്കില്‍ മദുറോക്ക് സ്നോഡനെ കൊണ്ടുപോകാം. എന്നാല്‍ ഇക്കാര്യത്തില്‍ അവര്‍ അന്തിമതീരുമാനത്തില്‍ എത്തിയിട്ടുമില്ല. സ്നോഡന്റെ അഭയാഭ്യര്‍ഥന ഇതുവരെ കിട്ടിയിട്ടില്ലെന്നാണ് വെനസ്വേല പറയുന്നത്’. മടക്കയാത്രയില്‍ സ്നോഡനെ ഒപ്പം കൂട്ടുമോ എന്ന ചോദ്യത്തിന്, ‘റഷ്യയുമായുള്ള കരാറുകളും, റഷ്യന്‍ നിക്ഷേപവുമാണ്’താന്‍ തിരിച്ചുകൊണ്ടുപോവുക എന്നായിരുന്നു മദുറോയുടെ ചിരിച്ചുകൊണ്ടുള്ള മറുപടി. എന്നാല്‍ വിമാനത്താവളത്തില്‍നിന്നും സ്നോഡന്‍ എങ്ങനെ പുറത്തുകടക്കും എന്നത് അത്ര കുഴക്കുന്ന കാര്യമല്ലെന്നും മദുറോ സൂചിപ്പിച്ചു.

 

ബൊളീവിയ അധികൃതര്‍ പറയുന്നത് ശരിയാണെങ്കില്‍ ഫ്രാന്‍സും, ഇറ്റലിയും, പോര്‍ടുഗലും, സ്നോഡന്‍ കൂടെയുണ്ടാകുമെന്ന സംശയത്തില്‍ പ്രസിഡണ്ട് ഇവോ മോറൈല്‍സിന്റെ വിമാനത്തെ തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ കടക്കുന്നതില്‍നിന്നും വിലക്കി. മോസ്കോവില്‍ മദുറോ പങ്കെടുത്ത അതേ സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ബൊളീവിയ പ്രസിഡണ്ട്.

 

തീര്‍ച്ചയായും, മേല്‍പ്പറഞ്ഞ എല്ലാ വഴികളിലും സ്നോഡന് തടസമാകുന്നത് റഷ്യ അന്താരാഷ്ട്ര നിയമങ്ങള്‍ എങ്ങനെ നടപ്പാക്കും എന്നതാണ്. റഷ്യയിലാകട്ടെ, ആ നിയമങ്ങള്‍ നടപ്പിലാക്കും എന്ന കാര്യത്തില്‍ ഒരു ഉറപ്പുമില്ല.

 

ഷെരെമെത്യോവോയില്‍ നിന്നും സ്നോഡനെ മറ്റെവിടെക്കെങ്കിലും പറഞ്ഞയക്കാം എന്നു വ്ളാഡിമിര്‍ പുടിന്‍ തീരുമാനിക്കുകയാണെങ്കില്‍, അയാള്‍ക്ക് പുറത്തേക്കുള്ള വഴി തെളിയും.

 

(ഫോറിന്‍ പോളിസി)

 

 

 

Share on

മറ്റുവാര്‍ത്തകള്‍