Continue reading “രണ്ടു കൊറിയകള്‍ക്കിടയില്‍ യൂ വൂ സുങിന്റെ ജീവിതം”

" /> Continue reading “രണ്ടു കൊറിയകള്‍ക്കിടയില്‍ യൂ വൂ സുങിന്റെ ജീവിതം”

"> Continue reading “രണ്ടു കൊറിയകള്‍ക്കിടയില്‍ യൂ വൂ സുങിന്റെ ജീവിതം”

">

UPDATES

വിദേശം

രണ്ടു കൊറിയകള്‍ക്കിടയില്‍ യൂ വൂ സുങിന്റെ ജീവിതം

                       

ചികോ ഹാര്‍ലന്‍ 

 

ജനുവരി10, 2013, യൂ വൂ സുങ് അന്നും മറ്റെന്നെത്തെയും പോലെയാണ് സിയൂളിലെ തന്റെ വീട്ടില്‍നിന്നും പുറത്തിറങ്ങിയത്. പക്ഷേ, അന്നയാളെയും കാത്ത് തെക്കന്‍ കൊറിയന്‍ സര്‍ക്കാരിന്റെ നാല് പോലീസ് വണ്ടികള്‍ കിടപ്പുണ്ടായിരുന്നു. ഈ വര്‍ഷമാദ്യം യൂവിനെ പോലീസ് പിടിച്ചുകൊണ്ടുപോകുന്നതു വരെ, തെക്കന്‍ കൊറിയയില്‍ അഭയം തേടിയെത്തിയ ഏതാണ്ട് 25,000 വടക്കന്‍ കൊറിയക്കാരില്‍ ഏറെ പ്രമുഖനായിരുന്നു അയാള്‍. ചാരവൃത്തിക്കാണ് യൂവിനെ പിടികൂടിയത്. യൂവിന്റെ സഹോദരി നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അയാളെ പിടിച്ചതെന്ന് അധികൃതര്‍ പറയുന്നു. തെക്കന്‍ കൊറിയയില്‍ അഭയം തേടിയ വടക്കന്‍ കൊറിയക്കാരുടെ ഇടയില്‍ നുഴഞ്ഞുകയറി അവരെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനായി വടക്കന്‍ കൊറിയയുടെ രഹസ്യ പോലീസാണ് യൂവിനെ നിയോഗിച്ചതെന്നാണ് അയാളുടെ സഹോദരി നല്കിയ വിവരം. സിയൂളിന്റെ പ്രാന്തപ്രദേശത്തുള്ള തടങ്കല്‍ പാളയത്തിലാണ് യൂവിനെ പാര്‍പ്പിച്ചിരിക്കുന്നത്.

 

 

നിതാന്തമായ സംശയത്തിന്റെ പിടിയിലാണ് തെക്കന്‍ കൊറിയയില്‍ അഭയം തേടിയ വടക്കന്‍ കൊറിയക്കാര്‍. പരസ്പര സംശയവും സര്‍ക്കാരിന്റെ സംശയവും അവരെ ചൂഴ്ന്നു നില്ക്കുന്നു. ഇപ്പോഴുള്ള 25,000 വടക്കന്‍ കൊറിയക്കാരില്‍ ഭൂരിഭാഗവും കഴിഞ്ഞ രണ്ടു ദശാബ്ദത്തിനുള്ളില്‍ വന്നവരാണ്. രാഷ്ട്രീയ അഭയാര്‍ഥികളുടെ രൂപത്തില്‍ ചാരന്മാരെ വിട്ടും, ചിലരെ ക്രമേണ ചാരന്മാരാക്കിയും ഭീതിയുടെ വിത്തുകള്‍ വിതച്ച് വിവരം ചോര്‍ത്തുകയാണ് വടക്കന്‍ കൊറിയയെന്ന്, തെക്കന്‍ കൊറിയ ആരോപിക്കുന്നു.  ഇതിനെത്തുടര്‍ന്ന്, വടക്കന്‍ കൊറിയയില്‍ നിന്നുള്ള കൂറുമാറ്റക്കാരെ കൂടുതല്‍ കര്‍ശനമായ പരിശോധനകള്‍ക്ക് ശേഷമേ ഇപ്പോള്‍ തെക്കന്‍ കൊറിയ പ്രവേശിപ്പിക്കുന്നുള്ളൂ.

 

വടക്കന്‍ കൊറിയയില്‍ നിന്നുമെത്തുന്ന കൂറുമാറ്റക്കാരെ അവരെത്തുമ്പോളും അതിനുശേഷവും കൈകാര്യം ചെയ്യുന്ന രീതികളെക്കുറിച്ചും യൂവിന്റെ സംഭവം വെളിച്ചം വീശുന്നു. തെക്കന്‍ കൊറിയ കുറ്റവിചാരണ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കാറില്ല. ഈ കേസിലും അങ്ങനെതന്നെ.

 

കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ ചാരവൃത്തി നടത്തിയെന്നാരോപിച്ചു 14 കൂറുമാറ്റക്കാരെ തെക്കന്‍ കൊറിയ പിടികൂടിയിട്ടുണ്ട് . മുമ്പ് കേള്‍ക്കാത്ത ഒരു കാര്യമാണിത്. ഇങ്ങനെ പിടിക്കപ്പെട്ട ഏറ്റവും പ്രമുഖനായ കൂറുമാറ്റക്കാരനാണ് യൂ. പിടിയിലാകും മുമ്പ് സിയൂളിലെ സിറ്റി ഹാളില്‍ ഒരു ജോലിക്കാരനായി മാറിയ യൂ, ആ ജോലി ലഭിക്കുന്ന കൂറുമാറ്റക്കാരനായ ആദ്യ വടക്കന്‍ കൊറിയക്കാരനുമായിരുന്നു. ഇടക്കൊക്കെ അയാള്‍ വിദ്യാലയങ്ങളില്‍ പോയി വടക്കന്‍ കൊറിയയിലെ സര്‍ക്കാരിനെ കുറിച്ചുള്ള തന്റെ അസംതൃപ്തികള്‍ പറയുകയും, ഇരു കൊറിയകളും ഒന്നാകുമെന്ന സ്വപ്നം പങ്കുവെക്കുകയും ചെയ്തിരുന്നു. യൂവിനെ പിടിച്ചതോടെ,സര്‍ക്കാര്‍ ജോലിക്കപേക്ഷിക്കുന്ന കൂറുമാറ്റക്കാരെപ്പറ്റിയുള്ള പരിശോധന സൂക്ഷ്മമാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

 

 

അടുത്തിടെ നല്കിയ ഒരഭിമുഖത്തില്‍ താന്‍ തീര്‍ത്തൂം നിരപരാധിയാണെന്ന് ആവര്‍ത്തിച്ച യൂ തന്റെ പരിപൂര്‍ണ്ണ നിസ്സഹായത പ്രകടിപ്പിക്കുകയും ചെയ്യുകയുണ്ടായി.   

 

യൂ ഇപ്പോള്‍ 50 – ആം നമ്പര്‍ തടവുകാരനാണ്. സന്ദര്‍ശകരെ കാണാന്‍ ഒരു ദിവസം അനുവദിച്ചിരിക്കുന്നത് 10 മിനിറ്റ്. മുറിയെ പകുത്തിരിക്കുന്ന ഒരു പ്ളാസ്റ്റിക് മറക്കപ്പുറത്ത് ഒലീവ് നിറത്തിലുള്ള തടവുപുള്ളികളുടെ കുപ്പായവുമിട്ട് യൂ ഇരുന്നു. ഇടക്കൊക്കെ ചാടിവരുന്ന മുറി ഇംഗ്ളീഷില്‍ തിരക്കിട്ടാണ് അയാള്‍ സംസാരിച്ചത്.

 

‘എന്റെ സഹോദരി എന്തിനാണ് ഇത് ചെയ്തതെന്ന് എനിക്കറിയില്ല,’ യൂ പറഞ്ഞു.

 

യൂ ഒരു ചാരനാണെങ്കില്‍, അയാള്‍ ആ ജോലി വളരെ ഭംഗിയായി ചെയ്തു എന്നാണ് തെക്കന്‍ കൊറിയയില്‍ അയാളെ അറിയുന്ന എല്ലാവരും പറയുന്നത്. തെക്കന്‍ കൊറിയയുടെ മുതലാളിത്ത പളപളപ്പില്‍ കണ്ണുചിമ്മിപ്പോകുന്ന മറ്റ് കൂറുമാറ്റക്കാരെ അപേക്ഷിച്ച്, 2004-ല്‍ അവിടെയെത്തിയ യൂ സ്വാതന്ത്ര്യത്തിന്റെ പുതിയ ലോകവുമായി വളരെപ്പെട്ടെന്ന് പൊരുത്തപ്പെട്ടു. സിയൂളിലെ പ്രശസ്തമായ യോന്‍സേയീ സര്‍വ്വകലാശാലയില്‍നിന്നും ബിരുദമെടുത്തു. പ്രഭാഷണങ്ങള്‍, അത്താഴവിരുന്നുകള്‍, വിവാഹ ക്ഷണങ്ങള്‍, കൂറുമാറ്റക്കാരുടെ സംഘങ്ങളുമായി ആഴ്ചയില്‍ നാലും അഞ്ചും കൂടിക്കാഴ്ചകള്‍; യൂവിന്റെ ദിവസങ്ങള്‍ തിരക്കിട്ടതായിരുന്നു.

 

2011ല്‍ സിറ്റി ഹാളില്‍ ജോലിക്കാരനായി. കൂറുമാറ്റക്കാര്‍ക്കടക്കം സഹായം ആവശ്യമുള്ളവര്‍ക്കെല്ലാം വിവിധ ക്ഷേമപദ്ധതികള്‍ വഴി സഹായം എത്തിച്ചു കൊടുക്കുന്നതിനായി അയാള്‍ ശ്രമിച്ചു. അയാള്‍ക്കാ ജോലി നന്നേ ചേരുന്നതായിരുന്നെന്നു അടുപ്പമുള്ളവര്‍ പറയുന്നു.

 

 

‘കൂറുമാറ്റക്കാര്‍ എന്നെ വിശ്വസിച്ചത്, ഞാനവരെ നന്നായി മനസ്സിലാക്കിയതുകൊണ്ടാണ്.’

 

പക്ഷേ, മറ്റുള്ള കൂറുമാറ്റക്കാരില്‍ നിന്നും യൂ വ്യത്യസ്തനായിരുന്നു. അതയാള്‍ സൂക്ഷിച്ച ഒരു രഹസ്യവുമായിരുന്നു. വടക്കന്‍ കൊറിയയിലാണ് ജനിച്ചതെങ്കിലും യൂ ചൈനീസ് പൌരനായിരുന്നു. യൂവിന്റെ കൈവശം ഒരു ചൈന പാസ്‌പോര്‍ട് ആയിരുന്നു ഉണ്ടായിരുന്നത് . അതായത് മറ്റ് കൂറുമാറ്റക്കാരെപ്പോലെയല്ല, എപ്പോള്‍ വേണമെങ്കിലും വടക്കന്‍ കൊറിയയില്‍ പോയി വരാം. മറ്റൊന്നുകൂടിയുണ്ട്. മറ്റ് വടക്കന്‍ കൊറിയക്കാരെപ്പോലെ, ചൈനക്കാര്‍ക്ക്, അവര്‍ വടക്കന്‍ കൊറിയയില്‍ ജനിച്ചവരാണെങ്കില്‍പ്പോലും, സ്വാഭാവികമായ തെക്കന്‍ കൊറിയന്‍ പൌരത്വത്തിന് അര്‍ഹതയില്ല. തന്റെ പൌരത്വത്തെക്കുറിച്ച് യൂ നുണ പറഞ്ഞെന്നും, കൂറുമാറ്റക്കാര്‍ക്കായുള്ള ആനുകൂല്യങ്ങള്‍ അനര്‍ഹമായി, വര്‍ഷങ്ങളോളം ഉപയോഗിച്ചെന്നും അയാളുടെ അഭിഭാഷകരും സമ്മതിക്കുന്നു.

 

യൂവിന്റെ വീട്ടുകാരെപ്പോലെ വടക്കന്‍ കൊറിയയില്‍ ഏതാണ്ട് 4,000 ചൈനക്കാരുണ്ട്. പ്യോങ് യാംഗിലെ ചില തുരുത്തുകളിലും, വടക്ക് പടിഞ്ഞാറന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലുമായാണ് അവര്‍ കഴിയുന്നത്. അയാളുടെ അച്ഛന്‍ നഗരത്തില്‍ ജോലിക്കാരനായിരുന്നു, അമ്മ നഴ്‌സും. ഭക്ഷണത്തിന് മുട്ട് വരുമ്പോള്‍ ചൈനയിലേക്ക് കടന്നു മാനിറച്ചിയും കൂണും മണ്‍പാത്രങ്ങളും വിറ്റു കാശുണ്ടാക്കുമായിരുന്നു യൂ.

 

എന്നിട്ടും, തെക്കന്‍ കൊറിയയിലെത്തിയപ്പോള്‍, താനും മറ്റ് വടക്കന്‍ കൊറിയന്‍ കൂറുമാറ്റക്കാരെ പോലെ ഒരാളാണെന്ന് കൂടെയുള്ളവരെ യൂ തെറ്റിദ്ധരിപ്പിച്ചു. മറ്റുള്ളവരില്‍ സംശയത്തിന് ഇടവരുത്തിയതും ഇതാണ്. മറ്റുള്ളവരെപ്പോലെ കുടുംബത്തെക്കുറിച്ച് യൂ അധികം സംസാരിച്ചതെയില്ല. ഏഴു വയസ്സിനിളയ പെങ്ങളെ വീണ്ടും കാണും എന്ന പ്രതീക്ഷ മാത്രം പ്രകടിപ്പിച്ചു. അപ്പോളും, 2011ല്‍ അവളും ചൈനയിലേക്ക്  കുടിയേറി എന്നതയാള്‍ മറച്ചുവെച്ചു.

 

മറ്റുള്ള കൂറുമാറ്റക്കാരെപ്പോലെ യൂവും തെക്കന്‍ കൊറിയന്‍ രഹസ്യാന്വേഷണ സംഘവുമായി (NIS) അടുത്ത ബന്ധം പുലര്‍ത്തി. അയാളുടെ സഹോദരി യൂ ഗാ രെയോ കഴിഞ്ഞ ഒക്ടോബര്‍ 30നു തെക്കന്‍ കൊറിയയിലേക്ക് വന്നപ്പോള്‍ ചകട ഏജന്റിന് യൂ സന്ദേശമായച്ചു,’എന്റെ ഒരേയൊരു പെങ്ങളാണ്, ശ്രദ്ധിയ്ക്കണം’. ‘എല്ലാം ശരിയാക്കാം’, ഏജന്റ് മറുപടി നല്കി.      

 

ഏതൊരു പുതിയ കൂറുമാറ്റക്കാരെയും പോലെ യൂ ഗാരെയോയും എത്തിയത് ഗെയോങ്ങി പ്രവിശ്യയിലെ ചോദ്യം ചെയ്യല്‍ കേന്ദ്രത്തിലാണ്. വേണ്ടത്ര നിയമസഹായം ലഭിക്കാതെ, വേണ്ടത്ര ഉറങ്ങാന്‍ അനുവദിക്കാതെ, അര്‍ദ്ധരാത്രിയില്‍ ചോദ്യം ചെയ്ത്, ചിലപ്പോളൊക്കെ ആഴ്ചകളോളം ഏകാന്തവാസത്തിലിട്ട്, ചുഴിഞ്ഞും ചികഞ്ഞുമാണ് തെക്കന്‍ കൊറിയന്‍ രഹസ്യാന്വേഷകര്‍ കൂറുമാറ്റക്കാര്‍ ചാരന്മാരാണോ അല്ലയോ എന്നു ഉറപ്പാക്കുന്നത്.

 

 

കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ 14 കൂറുമാറ്റക്കാരെ ഇങ്ങനെ പിടികൂടിയെങ്കില്‍, അതിനു മുമ്പുള്ള 5 വര്‍ഷം ആരെയും പിടികൂടിയില്ല എന്നും ഓര്‍ക്കണം. ഇവരില്‍, വധശ്രമ നിയുക്തരും, ചാരന്മാരും, ചാര സുന്ദരികളും ഉണ്ട്. ഇവരില്‍ ഒരാളെ കോടതി കുറ്റക്കാരനല്ലെന്നുകണ്ട് വെറുതെ വിട്ടു. 

 

ഇത്തരം അറസ്റ്റുകളെ തുടര്‍ന്ന് കൂറുമാറ്റക്കാരെ 180 ദിവസം വരെ ചോദ്യം ചെയ്യാമെന്നൊരു നിയമം തെക്കന്‍ കൊറിയ അംഗീകരിച്ചു. നേരത്തെ ഇത് 90 ദിവസമായിരുന്നു. ഒരു ചൈനീസ് പൌരയാണെന്ന് മനസ്സിലാക്കിയതോടെ യൂ ഗാ റെയോയുടെ ചോദ്യം ചെയ്യല്‍ കഠിനമായി.

 

യൂ ഗാ റെയെയോട് അവരുടെ സഹോദരനെക്കുറിച്ച് അന്വേഷിച്ചു. യൂവിനെക്കുറിച്ചു അവര്‍ക്ക് മുന്‍ സംശയങ്ങള്‍ ഉണ്ടായിരുന്നോ എന്നു വ്യക്തമല്ല. യൂ ഗാ റെയോയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് യൂ വൂ സുങ്ങിനെക്കുറിച്ചുള്ള അന്വേഷണം തുടങ്ങിയതെന്ന് കുറ്റവിചാരണ അഭിഭാഷകര്‍ പറയുന്നു. എന്നാല്‍ യൂ ഗാ റെയോ ഇത് നിഷേധിച്ചു. ആദ്യമൊന്നും ചാരപ്പണി നടത്താനുള്ള ഒരു പരിപാടിയും തന്റെ സഹോദരന് ഇല്ലായിരുന്നു. എന്നാല്‍ 2006-ല്‍ അമ്മയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കോഴയൊക്കെ കൊടുത്തു ചൈന – കൊറിയ അതിര്‍ത്തി വഴി വടക്കന്‍ കൊറിയയില്‍ എത്തിയ യാത്ര യൂവിന്റെ ജാതകം തിരുത്തി.

 

ശവസംസ്‌കാരത്തിന് കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ശേഷം വടക്കന്‍ കൊറിയയുടെ രഹസ്യ പോലീസ്, Bowibu, യൂവിനെ പിടിച്ചുകൊണ്ടുപോയി, ഏഴു ദിവസം ചോദ്യം ചെയ്തു. കടുത്ത പീഡനങ്ങള്‍ക്കൊടുവില്‍ മുടന്തി മുടന്തിയാണ് യൂ പുറത്തുവന്നത്. അയാള്‍ക്ക് മുന്നില്‍ രണ്ടു വഴിയേ ഉണ്ടായിരുന്നുള്ളൂ. ഒന്നുകില്‍ തെക്കന്‍ കൊറിയയില്‍പ്പോയി അവിടുത്തെ വടക്കന്‍ കൊറിയന്‍ കൂറുമാറ്റക്കാരുടെ ഇടയില്‍ നുഴഞ്ഞുകയറി വിവരങ്ങള്‍ അതിര്‍ത്തിക്കപ്പുറത്തേക്ക് നല്കുക. അല്ലെങ്കില്‍, സ്വന്തം കുടുംബം തടവിലായത് അറിയുക.

 

രഹസ്യ പോലീസിനുവേണ്ടി ജോലിചെയ്യാന്‍ യൂ തയ്യാറായി. 

 

 

അയാള്‍ തെക്കന്‍ കൊറിയയില്‍ മടങ്ങിയെത്തി. നൂറുകണക്കിനു കൂറുമാറ്റാക്കാരുമായി ബന്ധപ്പെട്ടു. വിവരങ്ങള്‍ ശേഖരിച്ചു. സഹോദരിയുടെ സഹായത്തോടെ 200-ഓളം പേരുടെ വിവരങ്ങള്‍ വടക്കന്‍ കൊറിയയിലേക്കയച്ചു. യൂ ഗാ റെയോ അതിര്‍ത്തി കടന്നു ചൈനയിലെ ഒരു ഇന്റര്‍നെറ്റ് കഫെയിലെത്തും. വിവരങ്ങള്‍ ഡൌണ്‍ലോഡ് ചെയ്തു തിരിച്ചു അതിര്‍ത്തി കടക്കും. ഇക്കാലയളവില്‍ 2007നും 20012നും ഇടക്ക് നിരവധിതവണ യൂ രഹസ്യമായി അതിര്‍ത്തി കടന്നു വടക്കന്‍ കൊറിയയിലെത്തി Bowibu അധികൃതരെ കണ്ടിട്ടുണ്ടെന്നും യൂ ഗാ റെയോ വെളിപ്പെടുത്തി.

 

മാര്‍ച്ച് 4നു യൂ ഗാ റെയോയെ കോടതിയില്‍ ഹാജരാക്കി. അവിടെ അവളോടു ചോദിച്ച 140 ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളിലൂടെ തന്റെ സഹോദരനെതിരായ കേസ് അവള്‍ വീണ്ടും ഉറപ്പിച്ചു. കോടതി മുറിയില്‍ യൂ വൂ സുങ്ങും ഉണ്ടായിരുന്നു.

 

‘നിങ്ങളും സഹോദരനും Bowibu – വിന് വേണ്ടി ജോലിചെയ്യുകയാണോ?’, ‘അതേ,’ അവര്‍ തേങ്ങിക്കൊണ്ട്  മറുപടി പറഞ്ഞു. ‘അവര്‍ നിങ്ങള്‍ക്കെതിരെ പ്രതികാരനടപടികള്‍ എടുക്കുമെന്നു കരുതിയാണോ നിങ്ങളിതിന് തയ്യാറായത്? ”അതേ’.

 

പക്ഷേ കഴിഞ്ഞ മാസം യൂ ഗാ റെയോ തന്റെ മൊഴിയില്‍ നിന്നും പിറകോട്ടു പോയി. ഏപ്രില്‍ 26-നു രണ്ടാംതവണ സഹോദരനെ കോടതിമുറിയില്‍ കണ്ടതിനുശേഷമായിരുന്നു അത്. അന്നേക്ക് 178 ദിവസമായി അവര്‍ ചോദ്യം ചെയ്യല്‍ തടങ്കലിലായിരുന്നു.

 

അതൊരു വസന്തകാലമായിരുന്നു. എന്നിട്ടും, കട്ടിയുള്ള, തല മൂടുന്ന ഒരു പച്ച ജാക്കറ്റു ധരിച്ചാണ് യൂ ഗാ റെയോ കോടതിയില്‍ വന്നത്. കുത്തുകള്‍ വീണ ചര്‍മ്മം, അവളുടെ കണ്ണുകള്‍ ചുവന്നിരുന്നു, മുടി ഒരു പന്തുപോലെ കെട്ടിവെച്ചിരിക്കുന്നു. കുറച്ചുനേരത്തിനുശേഷം അവളുടെ സഹോദരന്‍ കോടതി മുറിയിലെത്തി. അവളുടെ മോചനത്തിന് അപേക്ഷ തയ്യാറാക്കാന്‍ സഹായിക്കാനാണ് അയാള്‍ വന്നത്. കൈകളില്‍ വിലങ്ങ്, അരയില്‍ ഒരു നീലക്കയറിട്ട് കെട്ടിയിരിക്കുന്നു.

 

കാവല്‍ക്കാര്‍ വിലങ്ങും കയറും അഴിച്ചു മാറ്റി. യൂ സഹോദരിയുടെ മുന്നിലുള്ള കസേരകളിലൊന്നില്‍ ഇരുന്നു. അയാളവളെ ഒരു പതറിയ നോട്ടം നോക്കി. അവള്‍ തേങ്ങിക്കരയാന്‍ തുടങ്ങി. അല്‍പനിമിഷങ്ങള്‍ക്കകം അയാള്‍ വീണ്ടും തിരിഞ്ഞു നോക്കി, വാക്കുകള്‍ തെറിച്ചു വീണു, ‘പേടിക്കണ്ട, ഞാന്‍ നിന്നെ രക്ഷിക്കും.’

 

 

യൂ സഹോദരിയുടെ നേര്‍ക്ക് കൈകള്‍ നീട്ടി. അവര്‍ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റു തറയില്‍ കുഴഞ്ഞ് വീണു. തേങ്ങലുകളില്‍ യൂ ഗാ റെയോയുടെ ശരീരം ഉലയുകയായിരുന്നു.

 

ഒരു മണിക്കൂറിന് ശേഷം ജഡ്ജി അവളെ സ്വതന്ത്രയാക്കി. മെയ് 23-നകം ചൈനയിലേക്ക് മടക്കി അയക്കാന്‍ ഉത്തരവിട്ടു. അടുത്ത ദിവസം യൂവിന്റെ അഭിഭാഷകരുമൊത്ത് നടത്തിയ ഒരു പത്രസമ്മേളനത്തില്‍ താന്‍ യൂവിനെക്കുറിച്ച് പറഞ്ഞത് വാസ്തവമല്ലെന്നും, Bowibu – വുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്നും പറഞ്ഞു.

 

പീഡനമൊഴിവാക്കാന്‍ വേണ്ടി പറഞ്ഞ കഥകളാണതെല്ലാം എന്നു യൂ ഗാ രേയോ പറയുന്നു. 6 പോലീസുകാര്‍ തന്നെ ചവിട്ടുകയും തലക്കടിക്കുകയും ചെയ്‌തെന്ന് അവര്‍ പറഞ്ഞു. യൂ കുറ്റസമ്മതം നടത്തിയെന്ന് അവരവളെ തെറ്റിദ്ധരിപ്പിച്ചു. തങ്ങളോടു സഹകരിച്ചാല്‍ അവള്‍ക്ക് പ്രതിഫലം ലഭിക്കുമെന്നും യൂവിനോട് ദയ കാണിക്കുമെന്നും ഉദ്യോഗസ്ഥര്‍ പ്രലോഭിപ്പിച്ചു. കുറ്റസമ്മതം ഉദ്യോഗസ്ഥര്‍ തയ്യാറാക്കി തന്നെക്കൊണ്ടു ഒപ്പിടുവിക്കുകയായിരുന്നു. ‘എന്റെ സഹോദരനോട് ഞാന്‍ കാണിച്ചത് തെറ്റാണ്. അതുമൂലം യൂ ഒരുപാടാനുഭവിച്ചു.’

 

എന്നാല്‍ യൂ ഗാ റെയോയുടെ ആദ്യ മൊഴി നിയമപരമായി നിലനില്‍ക്കുമെന്നും കേസ് തുടരുമെന്നും തെക്കന്‍ കൊറിയന്‍ അധികൃതര്‍ പറയുന്നു. യൂവിന്റെ വടക്കന്‍ കൊറിയ യാത്രക്ക് വേറെയും സാക്ഷികളുണ്ടെന്നാണ് NIS പറയുന്നത്. യൂ ഗാ റെയോയെ പീഡിപ്പിച്ചു എന്ന ആരോപണവും NIS നിഷേധിച്ചു.

 

എന്നാല്‍ യൂക്കെതിരെയുള്ള ആരോപണങ്ങള്‍ ദുര്‍ബ്ബലമാണെന്നും, സാക്ഷിയുടെ വര്‍ഷങ്ങള്‍ പഴക്കമുള്ള ഓര്‍മ്മകളുടെ അടിസ്ഥാനത്തില്‍ കോടതി തീരുമാനത്തിലെത്തരുതെന്നും യൂവിന്റെ അഭിഭാഷകര്‍ വാദിക്കുന്നു. യൂവിന്റെ കമ്പ്യൂട്ടറില്‍ നിന്നും സഹോദരിക്ക് രേഖകള്‍ അയച്ചതിന്റെ ഒരു തെളിവും കണ്ടെത്തിയില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. വടക്കന്‍ കൊറിയയിലെ അടിച്ചമര്‍ത്തല്‍ ഭരണകൂടത്തിന് കീഴില്‍ നിലനിന്നുപോകാന്‍ അധികൃതരെ പ്രീണിപ്പിക്കുക എന്ന യൂ ഗാ റെയോയുടെ ശീലത്തെ ദുരുപയോഗപ്പെടുത്തിയാണ് മുഴുവന്‍ ആരോപണങ്ങളും സൃഷ്ടിച്ചിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. കടുത്ത പീഡനത്തില്‍ നിന്നും രക്ഷപ്പെടാന്‍ യൂ ഗാ റെയോ സഹോദരനെതിരെ മൊഴി നല്‍കിയിരിക്കാം.

 

രണ്ടാം ലോകമഹായുദ്ധത്തിനൊടുവില്‍ വന്‍ശക്തികള്‍ ഒരു ജനതയുടെ നടുവിലൂടെ വരച്ച അയുക്തിയുടെ അതിര്‍ത്തികള്‍ക്കിരുപുറവും നിന്ന് കഴിഞ്ഞ ആറ് ദശാബ്ദത്തിലേറെയായി കൊറിയക്കാര്‍ ആടുന്ന അവിശ്വാസത്തിന്റെ ആട്ടക്കഥയിലെ മറ്റൊരു പദം മാത്രമാണു യൂവിന്റേത്. ചാരന്മാരും കൂറുമാറ്റക്കാരും ആണവായുധങ്ങളുമായി ഒരു ജനത സ്വന്തം ഭൂഭാഗത്ത് തമ്മിലടിക്കുന്ന കാഴ്ച.

 

Share on

മറ്റുവാര്‍ത്തകള്‍