Continue reading “സോണിയാ ഗാന്ധി അറിയുമോ ശോഭനകുമാരിയെ?”

" /> Continue reading “സോണിയാ ഗാന്ധി അറിയുമോ ശോഭനകുമാരിയെ?”

">

UPDATES

കേരളം

സോണിയാ ഗാന്ധി അറിയുമോ ശോഭനകുമാരിയെ?

                       
സാജു കൊമ്പന്‍ / സഫിയ ഒ. സി
 
വിളപ്പില്‍ശാലയിലേക്കിപ്പോള്‍ മാലിന്യവണ്ടികള്‍ വരാറില്ല. പന്ത്രണ്ടുവര്‍ഷക്കാലം നീണ്ടുനിന്ന ഒരു ജനതയുടെ ഐതിഹാസികമായ ചെറുത്തുനില്പ്പുകള്‍ക്ക് താല്‍ക്കാലികമായ ഫലം ഉണ്ടായിരിക്കുന്നു. എന്നാല്‍ അധികാര രാഷ്ട്രീയത്തിന്റെ ചെറുതല്ലാത്ത ദുര്‍ഗന്ധം ഇപ്പോള്‍ വിളപ്പില്‍ പഞ്ചായത്തില്‍ വീശിയടിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടരവര്‍ഷക്കാലമായി വിളപ്പില്‍ ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റെന്ന നിലയില്‍ മാലിന്യ പ്ളാന്റിനെതിരെയുള്ള സമരത്തിന് നേതൃത്വം കൊടുത്ത ശോഭനകുമാരി ഇപ്പോള്‍ പഞ്ചായത്ത് പ്രസിഡന്റല്ല. തിരഞ്ഞെടുപ്പിലൂടെ ജയിച്ചുകയറിയ ഐക്യജനാധിപത്യമുന്നണിയിലെ അഞ്ച് വനിതാ അംഗങ്ങള്‍ക്കും പ്രസിഡന്റാകണം എന്നു വന്നപ്പോള്‍ ഉണ്ടാക്കിയ രണ്ടരവര്‍ഷത്തെ കരാറിന്‍ പ്രകാരമുള്ള ഭരണകാലയളവ് പൂര്‍ത്തിയാക്കി അവര്‍ രാജി നല്‍കിയിരിക്കുന്നു. സംസ്ഥാനത്തൊട്ടാകെ കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെല്ലാം എ – ഐ ഗ്രൂപ്പ് വീതം വെപ്പ് നടന്നുകൊണ്ടിരിക്കുന്നുണ്ടെങ്കിലും അവയെക്കാളെല്ലാം പ്രസക്തിയുണ്ട് ശോഭനകുമാരിയുടെ രാജിക്ക്. എങ്ങനെയാണ് ജനഹിതം ജനാധിപത്യം കൊണ്ടുതന്നെ അട്ടിമറിക്കപ്പെടുന്നു എന്നത് കാണിച്ചുതരുന്നുണ്ട് വിളപ്പില്‍ ഗ്രാമപഞ്ചായത്ത്. ശോഭനകുമാരി അഴിമുഖത്തോട് സംസാരിക്കുന്നു.
 
 
പൊതുപ്രവര്‍ത്തകയാകുന്നു
ഞാന്‍ പാരമ്പര്യമായി കോണ്‍ഗ്രസുകാരിയാണ്. എന്റെ ചേട്ടന്‍ കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റും, വിളപ്പില്‍ പഞ്ചായത്തിലെ മുന്‍ പ്രസിഡന്റുമായിരുന്നു. മഹിളാകോണ്‍ഗ്രസിന്റെ എക്‌സിക്യൂട്ടീവ് മെമ്പറായി പ്രവര്‍ത്തിക്കുമ്പോള്‍ത്തന്നെ കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. പ്രധാനമായും പഞ്ചായത്ത് പ്രസിഡന്റായ സഹോദരനെ സഹായിക്കുക എന്ന ഉദ്ദേശ്യമായിരുന്നു. കുടുംബശ്രീയില്‍ എഡിഎസ് സെക്രട്ടറിയും സിഡിഎസ് അംഗവുമായി. സത്യത്തില്‍ കുടുംബശ്രീ പ്രവര്‍ത്തനമാണ് എന്നെ സജീവ പൊതുപ്രവര്‍ത്തകയാക്കിയത്. സ്ത്രീകളുമായി അടുത്തിടപഴകാന്‍ കഴിഞ്ഞു എന്നതു കൂടാതെ കുടുംബശ്രീവഴി കിട്ടിയ പരിശീലനങ്ങളും ഏറെ ഗുണംചെയ്തു.
 
പഞ്ചായത്ത് പ്രസിഡന്റ്
തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആദ്യം മടിയായിരുന്നു. ഇത് (പുളിയറക്കോണം വാര്‍ഡ്) വനിതാസംവരണ വാര്‍ഡായിരുന്നു. കുടുംബശ്രീ പ്രവര്‍ത്തനത്തില്‍ സജീവമായതുകൊണ്ടുതന്നെ പാര്‍ട്ടി മത്സരിക്കാന്‍ നിര്‍ബന്ധിച്ചു. കുടുംബത്തിന്റെ പ്രേരണയും ഉണ്ടായി. ഞങ്ങള്‍ അഞ്ചു വനിതകളാണ് ഐക്യജനാധിമുന്നണിയുടെ ഭാഗമായി വിജയിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് വനിതാസംവരണമാണ്. ജയിച്ച അഞ്ചുപേര്‍ക്കും പ്രസിഡന്റാകണമെന്ന് ആഗ്രഹമുള്ളവരായിരുന്നു. മുന്‍ പ്രസിഡന്റിന്റെ സഹോദരി എന്ന നിലയില്‍ എനിക്കായിരുന്നു മുന്‍തൂക്കം. പാര്‍ട്ടിക്കുള്ളില്‍ വോട്ടെടുപ്പ് നടന്നപ്പോള്‍ എനിക്കായിരുന്നു കൂടുതല്‍ വോട്ട് കിട്ടിയത്. സത്യത്തില്‍ പഞ്ചായത്ത് ഭരണം എങ്ങനെ കൊണ്ടുപോകണം എന്ന് യാതൊരറിവും എനിക്ക് ഉണ്ടായിരുന്നില്ല. 
 
 
വിളപ്പില്‍ശാല സമരം
പഞ്ചായത്ത് പ്രസിഡന്റെന്ന നിലയില്‍ നിരവധി ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും വിളപ്പില്‍ശാല മാലിന്യ പ്ളാന്റിനെതിരെ നടത്തിയ സമരമാണ് എന്നെയും എന്റെ നാടിനെയും ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. ഇങ്ങനെയൊരു കാര്യത്തില്‍ എന്റെ നാട് അറിയപ്പെട്ടതോര്‍ക്കുമ്പോള്‍ എനിക്ക് വിഷമമുണ്ട്. പന്ത്രണ്ട് വര്‍ഷം മുമ്പാണ് വിളപ്പില്‍ ഗ്രാമപഞ്ചായത്തിലെ കണികാണും പാറ എന്ന സ്ഥലത്ത് തിരുവനന്തപുരം നഗരസഭ മാലിന്യപ്ളാന്റ് ആരംഭിച്ചത്. അന്ന് നഗരസഭയും, സംസ്ഥാനവും, പഞ്ചായത്തും ഭരിക്കുന്നത് ഇടതുപക്ഷമായിരുന്നു. ശിവന്‍കുട്ടി എംഎല്‍എ ആയിരുന്നു മേയര്‍. ഒരു പൂന്തോട്ടമുണ്ടാക്കാന്‍ പോകുന്നു എന്ന രീതിയിലാണ് തുടക്കം. പ്രദേശവാസികള്‍ക്ക് തൊഴില്‍കിട്ടും എന്ന വാഗ്ദാനംകൂടിയായപ്പോള്‍ നാളെ വരാന്‍പോകുന്ന വിപത്തിനെക്കുറിച്ചാലോചിക്കാതെ എല്ലാവരും സമ്മതം പറഞ്ഞു. 90 ടണ്‍ മാലിന്യം സംസ്‌കരിക്കാനുള്ള സൗകര്യമായിരുന്നു പ്ളാന്റിലുണ്ടായിരുന്നത്. ആദ്യ ഘട്ടത്തില്‍ പ്ളാന്റ് നടത്തിപ്പുകാരായ പോബ്‌സണ്‍ ജൈവവളം കൂടി വില്‍ക്കാന്‍ തുടങ്ങിയതോടെ കര്‍ഷകര്‍ക്ക് വലിയ സഹായമായി. നഷ്ടമാണെന്ന് പറഞ്ഞ് പോബ്‌സണ്‍ പിന്‍വാങ്ങിയപ്പോള്‍ നഗരസഭ പ്രവര്‍ത്തനമേറ്റെടുത്തു. അതോടെയാണ് കൂടുതല്‍ മാലിന്യം നിക്ഷേപിക്കാന്‍ തുടങ്ങിയത്. ഒരു വലിയ കുന്നുപോലെ മാലിന്യം വന്നു കുമിഞ്ഞു. ഏകദേശം ഒന്നര കിലോമീറ്റര്‍ പരിധിയിലുള്ള ജനവാസമേഖലയില്‍ കുടിവെള്ളം മലിനമായി. അതിരൂക്ഷമായ ദുര്‍ഗന്ധം കാരണം കല്യാണമടക്കം യാതൊരുപരിപാടിയും ഇവിടെ നടക്കാതെയായി. പുറത്തുനിന്നും ഇവിടുത്തെ പെണ്‍കുട്ടികള്‍ക്ക് വിവാഹാലോചനപോലും വരാതെയായി. നാനൂറോളം കുടുംബങ്ങള്‍ ഗത്യന്തരമില്ലാതെ ഇവിടത്തെ സ്ഥലംവിറ്റ് ഈ ഗ്രാമംവിട്ട് ഓടിപ്പോയി.
 
ഇതിനിടയില്‍ പ്ളാന്റിന് ചുറ്റുമുള്ള നാല്‍പ്പത്തഞ്ചോളം ഏക്കര്‍ നഗരസഭ സ്വന്തമാക്കി. പ്രധാന നീരൊഴുക്കായ മീനംപള്ളി തോടിന്റെ ഉറവ ഈ കുന്നില്‍നിന്നാണ്. ആ നീരുറവയിലൂടെ കറുത്ത ദുര്‍ഗന്ധം നിറഞ്ഞ വെള്ളം ഒഴുകാന്‍ തുടങ്ങി. ത്വക്ക് രോഗങ്ങള്‍ പടര്‍ന്നുപിടിച്ചു. കന്നുകാലി വളര്‍ത്തലില്‍ മുന്‍പന്തിയിലായിരുന്ന പഞ്ചായത്ത് അതില്‍ പിന്നോക്കംപോയി. കാലികള്‍ക്ക് ശുദ്ധജലം കൊടുക്കാനില്ലാതെയായി. ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടായപ്പോഴാണ് ആളുകള്‍ സമരത്തിനിറങ്ങിയത്. പ്ളാന്റിന്റെ തുടക്കകാലത്ത് പ്രദേശവാസികളാണ് സമരം തുടങ്ങിയത്. ഒരു ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് അവര്‍ തുടര്‍ന്നുവന്ന സമരത്തില്‍ എസ്.ഡി.പി.ഐ, എസ്.യു.സി.ഐ തുടങ്ങിയ സംഘടനകള്‍ നുഴഞ്ഞുകയറി. പഞ്ചായത്തിന്റെ പുറത്തുനിന്നുള്ളവരായിരുന്നു സമരത്തിന്റെ നേതാക്കള്‍. അവര്‍ വിളപ്പില്‍ശാല സമരത്തിന്റെ പേരുപറഞ്ഞ് പണം പിരിക്കുന്നതും, പ്രദേശത്തെ രാഷ്ട്രീയ നേതാക്കളെ അവമതിച്ച് സംസാരിക്കുകയും ചെയ്തപ്പോള്‍ അവരെ ഒറ്റപ്പെടുത്തണമെന്ന തീരുമാനമുണ്ടായി. എന്നാല്‍ ഒരേ ലക്ഷ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നതുകൊണ്ടു തന്നെ അവരെ എതിരിടാനൊന്നും ഞങ്ങള്‍ തയ്യാറായില്ല. 
 
 
ഞാന്‍ സമരത്തിലേക്കിറങ്ങുന്നു
എന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഭരണസമിതി നിലവില്‍വന്ന ഉടനെ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ വലിയൊരു സംഘം പഞ്ചായത്തിനുമുന്നില്‍ വലിയൊരു ധര്‍ണ നടത്തുകയുണ്ടായി. തങ്ങളെ ജീവിക്കാനനുവദിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. പല ഭാഗത്തുനിന്നും സമ്മര്‍ദ്ദങ്ങളുണ്ടായിട്ടും സമരത്തിലിടപെടാന്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. കമ്മിറ്റി തീരുമാനപ്രകാരം ജനപ്രതിനിധികള്‍ പ്ളാന്റ് സന്ദര്‍ശിച്ചു. സംഗതിയുടെ രൂക്ഷത ബോധ്യപ്പെട്ടത് അന്നായിരുന്നു. എവിടെ വെച്ച് എന്നെ കണ്ടാലും സ്ത്രീകള്‍ തൊഴുതുകൊണ്ട് അവരുടെ ദുരിതങ്ങള്‍ പറയും. അതെനിക്ക് വ്യക്തിപരമായി ഏറെ വിഷമമുണ്ടാക്കുന്നതായിരുന്നു. അന്നത്തെ തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി പാലൊളി മുഹമ്മദുകുട്ടി വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ പഞ്ചായത്തിനെ പ്രതിനിധീകരിച്ച് ഞാനാണ് പങ്കെടുത്തത്. ഈ സമരത്തില്‍നിന്നും പിന്മാറണമെന്നും, ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്തവിധം പ്ളാന്റിന്റെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകുമെന്നും ചര്‍ച്ചയില്‍ മന്ത്രി പറഞ്ഞു. എന്നാല്‍ ഒരു കാരണവശാലും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് ഞങ്ങള്‍ കൈക്കൊണ്ടത്. പിന്നീട് ഗവണ്മെന്റ് മാറി. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി. 2010 നവംബറില്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും, സമരസമിതി നേതാക്കളും, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പങ്കെടുത്തു. ആ ചര്‍ച്ചയില്‍ പ്ളാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തുന്നതിന് മൂന്ന് മാസത്തെ കാലാവധി അനുവദിച്ച് തീരുമാനമായി. മൂന്നു മാസം കഴിഞ്ഞിട്ടും നഗരസഭയുടെ ഭാഗത്തുനിന്നും കാര്യമായ തീരുമാനങ്ങള്‍ ഇല്ലാതെവന്നപ്പോള്‍ ചവറുവണ്ടികള്‍ തടയുന്നതടക്കം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാന്‍ ഞങ്ങള്‍ തീരുമാനിച്ചു. വിളപ്പില്‍ ഗ്രാമപഞ്ചായത്ത് ആരംഭിക്കുന്ന കുണ്ടമണ്‍ ഭാഗത്തുവെച്ച് മാലിന്യവണ്ടികള്‍ തടയുകയും അറസ്റ്റു വരിക്കുകയും ചെയ്തു. തുടര്‍ന്ന് സര്‍വ്വകക്ഷി യോഗം വിളിച്ച് റിലേ സത്യഗ്രഹമടക്കമുള്ള സമരപരിപാടികള്‍ ആവിഷ്‌കരിച്ചു. ഇതിനിടയിലാണ് മലിനജലം ശുദ്ധീകരിക്കാനുള്ള ലിച്ചറ്റ് പ്ളാന്റ് കൊണ്ടുവരാനുള്ള നഗരസഭയുടെ ശ്രമം നടന്നത്. ഇതിനെ ശക്തമായ ജനകീയമുന്നേറ്റത്തിലൂടെ തടയാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു.
 
 
വെളുപ്പാന്‍കാലത്ത് ആരംഭിച്ച നിരാഹാരസമരം
വിളപ്പില്‍ പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടിനകത്ത് സൂക്ഷിച്ച ലിച്ചറ്റ് മിഷനറി ഒരു ദിവസം പുലര്‍ച്ചെ 3 മണിക്ക് പ്ളാന്റിനകത്തേക്ക് കടത്തിയതായി പ്രദേശത്തെ ആളുകള്‍ എന്നെ വിളിച്ചുപറഞ്ഞു. നാല് മണിക്കുതന്നെ ഞാനവിടെ എത്തി. മോനാണ് എന്നെ ബൈക്കില്‍ കൊണ്ടുവന്ന് വിട്ടത്. സമരസമിതിയുടെ അടിയന്തര യോഗം കൂടി നിരാഹാരസത്യഗ്രഹം ആരംഭിക്കാന്‍ തീരുമാനിച്ചു. ആര് കിടക്കുമെന്ന ചോദ്യം ഉയര്‍ന്നപ്പോള്‍ അത് പഞ്ചായത്ത് പ്രസിഡന്റ് തന്നെ വേണം എന്ന നിലപാടായിരുന്നു എല്ലാവര്‍ക്കും. എന്നാല്‍ മാത്രമേ സമരത്തിന് പ്രാധാന്യം കിട്ടുകയുള്ളു. പിന്നെ ഞാനൊന്നും ആലോചിച്ചില്ല. നിരാഹാരം കിടക്കാന്‍ തീരുമാനിച്ചു. പ്രതിസന്ധി മറികടക്കാന്‍ ഇതാണ് നല്ല കാര്യമെന്ന് എനിക്കുതോന്നി. തിരിഞ്ഞുനോക്കുമ്പോള്‍ എനിക്ക് അതിശയം തോന്നുന്നുണ്ട്. ഭര്‍ത്താവിനോടോ മക്കളോടോ ഒന്നു വിളിച്ചുചോദിക്കുക പോലും ചെയ്യാതെയാണ് ഞാനങ്ങനെയൊരു തീരുമാനമെടുത്തത്. ഇതെനിക്ക് ജനങ്ങളുടെ ഇടയ്ക്ക് വലിയ അംഗീകാരമുണ്ടാക്കി തന്നു. നാലുദിവസം ഞാന്‍ നിരാഹാരം കിടന്നു. കുടുംബത്തിന്റെയും പൊതുജനത്തിന്റെയും പൂര്‍ണ പിന്തുണ എനിക്കുണ്ടായിരുന്നു. 
 
 
ജനഹിതവും ജനാധിപത്യവും
ആ നിരാഹാരസമരം വിളപ്പില്‍ശാല ഗ്രാമപഞ്ചായത്തില്‍ നടക്കുന്ന മാലിന്യവിരുദ്ധ സമരത്തെ ദേശീയശ്രദ്ധയിലേക്ക് കൊണ്ടുവന്നു. അതോടെ പൂര്‍ണമായ തോതില്‍ത്തന്നെ മാലിന്യ പ്ളാന്റിന്റെ പ്രവര്‍ത്തനം നിലച്ചു. ഇതിനിടയില്‍ പഞ്ചായത്ത് പ്രസിഡന്റെന്ന നിലയില്‍ പാര്‍ട്ടി എനിക്കനുവദിച്ച രണ്ടരവര്‍ഷ കാലാവധി തീര്‍ന്നു. കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണി വിജയിച്ച നിരവധി പഞ്ചായത്തുകളില്‍ എ – ഐ ഗ്രൂപ്പുകള്‍ക്കിടയില്‍ പ്രസിഡന്റ് സ്ഥാനം വീതംവെച്ച് കൊടുത്തിരുന്നു. എന്തായാലും ഞങ്ങളുടെ പഞ്ചായത്തില്‍ ഗ്രൂപ്പടിസ്ഥാനത്തിലല്ല അത് ചെയ്തത്. പ്രസിഡന്റായി എന്നെ തെരഞ്ഞെടുത്ത സമയത്ത് എന്നെക്കൊണ്ട് ഒപ്പിടുവിച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ രാജിവെച്ചത്. പാര്‍ട്ടിയല്ലേ വലുത്. എന്നെ ഈ നിലയിലാക്കിയത് പാര്‍ട്ടിയാണ്. പ്രസിഡന്റ് പദവി തന്നത് പാര്‍ട്ടിയാണ്. അതുകൊണ്ട് പാര്‍ട്ടി പറഞ്ഞത് അനുസരിച്ചേ പറ്റൂ. ഞാന്‍ രാജിവെക്കാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ ഒരുപാടുപേര്‍ വന്ന് രാജിവെക്കരുതെന്ന് പറഞ്ഞു. സമരം വഴിതിരിഞ്ഞുപോകുമെന്നായിരുന്നു അവരുടെ ആശങ്ക. പുതിയ ആള്‍ കാര്യങ്ങള്‍ പഠിച്ചുവരാന്‍ സമയമെടുക്കുമെന്നും അവര്‍ പറഞ്ഞു. ജനങ്ങള്‍ക്ക് എന്നോടുള്ള സ്‌നേഹം അനുഭവിച്ച ദിവസങ്ങളായിരുന്നു അത്. 
 
 
ഞാന്‍ സമരത്തിന്റെ മുന്നണിയില്‍ ഇനിയുമുണ്ടാകും
പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ വിളപ്പില്‍ശാല സമരസമിതിയുടെ രക്ഷാധികാരിയായിരുന്നു ഞാന്‍. ഇന്ന് ഞാന്‍ പ്രസിഡന്റല്ല. ഒരു പൊതുപ്രവര്‍ത്തക എന്ന നിലയില്‍ ഈ സമരത്തിന്റെ മുന്നണിയില്‍ ഉറച്ചുനില്‍ക്കുമെന്ന് ഉറപ്പിച്ചുപറയാന്‍ എനിക്കു സാധിക്കും. തിരിഞ്ഞു നോക്കുമ്പോള്‍ ജനങ്ങളുടെ ഇടയില്‍നിന്ന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്. 
 
 

Share on

മറ്റുവാര്‍ത്തകള്‍