ടീം അഴിമുഖം
ലോക്‌സഭയില്‍ ഒമ്പതു മണിക്കൂറോളം നീണ്ട മാരത്തോണ്‍ ചര്‍ച്ചയ്‌ക്കൊടുവില്‍, രാജ്യത്തെ പട്ടിണി മാറ്റുമെന്ന പ്രഖ്യാപനവുമായി ഭക്ഷ്യസുരക്ഷാ ബില്‍ പാസ്സായി. ആറു ഭേദഗതികള്‍ അംഗീകരിക്കപ്പെട്ടു. പ്രതിപക്ഷത്തിന്റെ 304 ഭേദഗതികള്‍ സഭ വോട്ടിനിട്ടു തള്ളി. ഭേദഗതികള്‍ തള്ളുന്നതില്‍ കരുത്തു തെളിയിച്ചെങ്കിലും ഭക്ഷ്യധാന്യത്തിനു പകരം പണം നല്‍കാനുള്ള ഔദ്യോഗിക ഭേദഗതിയെച്ചൊല്ലി ഭരണകക്ഷിയില്‍ തന്നെയുള്ള ആശയക്കുഴപ്പം പ്രകടമായി. ഈ ഭേദഗതിക്കുള്ള വോട്ടെടുപ്പില്‍ ഒട്ടേറെ അംഗങ്ങള്‍ തെറ്റി വോട്ടു ചെയ്തത് ഇതിന്റെ പ്രതിഫലനമായി. തുടര്‍ന്ന്, വീണ്ടും വോട്ടെടുപ്പു വേണ്ടി വന്നു.
ചര്‍ച്ച തുടങ്ങിവെച്ച ബി.ജെ.പി നേതാവ് മുരളീ മനോഹര്‍ ജോഷി ഇതു വോട്ടു സുരക്ഷാ ബില്ലാണെന്ന് ഭരണപക്ഷത്തെ പരിഹസിച്ചു. രാജ്യത്തെ മൂന്നിലൊന്നു വിഭാഗത്തിന് സബ്‌സിഡിയോടെ ഭക്ഷണം ലഭ്യമാക്കുന്നതിനാല്‍ ഈ ബില്ലിനോട് തങ്ങള്‍ അനുകൂലമാണെന്നും ബി.ജെ.പി പ്രഖ്യാപിച്ചു. പൊതുതിരഞ്ഞെടുപ്പു വരുന്നതിനാല്‍ ഇത്തരമൊരു ബില്ലിനെ എതിര്‍ക്കുന്നതു ബുദ്ധിയല്ലെന്ന് ബി.ജെ.പിക്കു തോന്നുന്നതു സ്വാഭാവികം! മുഖ്യമന്ത്രിമാരുമായുള്ള അവലോകനം പൂര്‍ത്തിയാവുന്നതു വരെ ബില്‍ മാറ്റിവെയ്ക്കണമെന്നായിരുന്നു സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിന്റെ ആവശ്യം. എന്നാല്‍ വോട്ടുവേളയില്‍ ഈ ഭേദഗതി കൊണ്ടുവരുന്നതില്‍ നിന്നും പാര്‍ട്ടി പിന്തിരിഞ്ഞു. ഭക്ഷ്യസുരക്ഷാ ബില്‍ തിങ്കളാഴ്ച പാര്‍ലമെന്റില്‍ ചര്‍ച്ചയ്‌ക്കെടുക്കണമെന്നും പാസ്സാക്കണമെന്നുമുള്ള സോണിയാ ഗാന്ധിയുടെ നിര്‍ബന്ധബുദ്ധിയും നീക്കങ്ങളും വിജയിച്ചു. ഒക്കെ, ശരി. ഇന്ത്യയുടെ പട്ടിണി മാറ്റാന്‍ ഭക്ഷ്യസുരക്ഷാ ബില്‍ അന്തിമപരിഹാരമാണോ?
വിശപ്പില്‍ പൊരിയുന്ന നാടാണ് ഇന്ത്യയെന്ന് നമുക്ക് അംഗീകരിക്കാതെ വയ്യ. ഇന്റര്‍നെറ്റിന്റെ മുന്നിലിരുന്ന് ലോകം വീക്ഷിക്കുമ്പോഴും സ്മാര്‍ട്ട് ഫോണ്‍ വിസ്മയങ്ങള്‍ കൈയ്യില്‍ കരുതുമ്പോഴും നമുക്കതു മനസ്സിലാവില്ല. അഴിമുഖം വായനക്കാര്‍ക്കും കൊടും പട്ടിണിയെന്താണെന്ന് ബോധ്യമുണ്ടാവില്ല. മാവേലിസ്‌റ്റോറുകളില്‍ വരി നിന്നതും റേഷന്‍ കടകളില്‍ ഓടിയിരുന്ന കാലവുമൊക്കെ നമ്മളില്‍ ചിലര്‍ക്കെങ്കിലും ഓര്‍മ്മയുണ്ടാവും. കേരളത്തിലെ മെച്ചപ്പെട്ട പൊതുവിതരണ ശൃംഖല നമ്മളെയെല്ലാം ഒരു പരിധി വരെ പട്ടിണിയില്‍ നിന്നകറ്റി നിര്‍ത്തി. പക്ഷെ, നമ്മുടെ ആദിവാസി മേഖലകള്‍ ഇന്നും പട്ടിണിയില്‍ വടക്കേ ഇന്ത്യന്‍ ഗ്രാമങ്ങളോടു മത്സരിക്കുന്നു. ദാരിദ്ര്യവും പോഷകാഹാരക്കുറവും ഞെട്ടിക്കുന്ന അളവില്‍ അവരുടെ നിത്യജീവിതത്തെയും ജീവനെ തന്നെയും വേട്ടയാടുന്നു.
സര്‍ക്കാര്‍ ചെലവഴിക്കുന്ന ഒരു രൂപയില്‍ 16 പൈസ മാത്രമാണത്രേ പൊതുവിതരണ ശൃംഖലയില്‍ നീക്കി വെയ്ക്കപ്പെടുന്നത്. 2010ല്‍ ആസൂത്രണ കമ്മിഷന്‍ തന്നെ പുറത്തു വിട്ട കണക്കാണിത്. ഇപ്പോഴും ഈ അനുപാതത്തില്‍ മാറ്റമുണ്ടാവാനിടയില്ല. ദശകങ്ങളായി നാം സാമൂഹ്യപദ്ധതികള്‍ ഏറെ നടപ്പാക്കുന്നു. എന്നിട്ടും ഇന്നും ലോകത്തിലെ ഏറ്റവും കൂടുതല്‍ പട്ടിണിയും പോഷകപ്രശ്‌നവുമുള്ള നാടെന്ന പട്ടികയില്‍ തന്നെയാണ് ഇന്ത്യ. അക്കങ്ങളുടെ എണ്ണം പറഞ്ഞ് ഇന്ത്യ വികസിക്കുകയാണെന്ന് നമ്മുടെ ഭരണാധികാരികള്‍ കണക്കു നിരത്തുന്നതിലെ വൈരുധ്യം ഇവിടെ കൂട്ടിവായിക്കാം. ലോകത്ത് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പോഷകപ്രശ്‌നം നേരിടുന്ന രാജ്യമാണ് ഇന്ത്യ. തൂക്കക്കുറവുള്ള കുട്ടികളുടെ കണക്കെടുത്താല്‍ സബ് സഹാറന്‍ ആഫ്രിക്കയുടേതിനേക്കാള്‍ ഇരട്ടിയാണ് ഇന്ത്യയിലെ അവസ്ഥ. ഇന്ത്യയില്‍ 22 ശതമാനം രോഗഭാരവും കുട്ടികളിലെ ഈ പോഷക പ്രശ്‌നത്തെ തുടര്‍ന്നുള്ളതാണ്.
photo: The Hindu
വിദ്യാഭ്യാസം, ഉല്‍പ്പാദനക്ഷമത, സാമ്പത്തികവളര്‍ച്ച തുടങ്ങിയവയെയൊക്കെ സാരമായി പിറകോട്ടടിപ്പിക്കുന്നതാണ് ഈ പോഷകപ്രശ്‌നം. നമ്മുടെ കുട്ടികളില്‍ ഭൂരിപക്ഷവും മരിക്കാന്‍ വേണ്ടി ജനിക്കുന്നു. സാമൂഹ്യവളര്‍ച്ച നേടിയെന്നു കൊട്ടിഘോഷിക്കപ്പെടുന്ന കേരളത്തിലെ അട്ടപ്പാടിയില്‍ ശിശുമരണങ്ങള്‍ എങ്ങനെയുണ്ടായി എന്നു നമുക്കോര്‍ക്കാം. ഇതുപോലെ ഇരുള്‍ മൂടിക്കിടക്കുകയാണ് ഉത്തരേന്ത്യന്‍ ഭൂപ്രദേശങ്ങളെല്ലാം. ജനസംഖ്യയില്‍ 80 കോടിയോളം പേര്‍ 35 വയസ്സില്‍ താഴെയുള്ളവരും ഇതില്‍ ഇരുപത്തഞ്ചു വയസ്സുള്ളവര്‍ കൂടുതലുമായി ഉല്‍പ്പാദനക്ഷമതയ്ക്ക് ഏറെ സാധ്യതയുള്ള നാട്ടിലാണ് ഈ അവസ്ഥയെന്നും ഓര്‍ക്കണം. ഈ ഇന്ത്യന്‍ യാഥാര്‍ഥ്യത്തിലാണ് ഭക്ഷ്യസുരക്ഷാ ബില്‍ വരുന്നത്. പട്ടിണിയും പോഷകപ്രശ്‌നവും തുടച്ചുനീക്കാന്‍ ഈ നിയമത്തിന് എന്ത് ഇന്ദ്രജാലമാണ് കാണിക്കാനാവുക?
ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവരെയൊക്കെ ഗുണഭോക്താക്കളാക്കിയപ്പോള്‍ ഭവനരഹിതരെയും അനാഥരാക്കപ്പെട്ടവരെയും ഭക്ഷ്യസുരക്ഷയില്‍ മാറ്റി നിര്‍ത്തി. കിടക്കാന്‍ ഒരു കൂര പോലുമില്ലാത്ത പതിനായിരക്കണക്കിനു പാവങ്ങള്‍ ഈ നാട്ടിലെ പൗരന്മാരല്ലേ? മൂന്നു രൂപയ്ക്ക് അരി, രണ്ടു രൂപയ്ക്ക് ഗോതമ്പ്, ഒരു രൂപയ്ക്ക് മറ്റു ഭക്ഷ്യധാന്യങ്ങള്‍ എന്നൊക്കെ പ്രഖ്യാപിച്ച സര്‍ക്കാര്‍ തന്നെ ആദ്യമൂന്നു വര്‍ഷം കഴിയുമ്പോള്‍ വില പരിഷ്‌കകരിക്കാന്‍ വ്യവസ്ഥയുണ്ടാക്കി. ഗുണഭോക്താക്കളുടെ മൊത്തം എണ്ണം മാത്രമേ കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കൂ. ബാക്കി മാനദണ്ഡവും ഗുണഭോക്തൃ പട്ടികയുമൊക്കെ ഉണ്ടാക്കാനുള്ള ചുമതല സംസ്ഥാനങ്ങള്‍ക്കാണ്. ഭക്ഷ്യധാന്യ വിതരണത്തില്‍ കുറവുണ്ടെങ്കിലേ കേന്ദ്രം സംസ്ഥാനങ്ങളെ സഹായിക്കൂ. ചരക്കുനീക്കത്തിനും ന്യായവില ഷോപ്പുകളെ കൈകാര്യം ചെയ്യാനും മാത്രമേ മറ്റു സഹായങ്ങളുണ്ടാവൂ. എല്ലാറ്റിനുമുപരി അത്ഭുതമുണ്ടാക്കുന്ന മറ്റൊരു വ്യവസ്ഥ ബില്ലില്‍ എടുത്തു പറയുന്നു. ഭക്ഷ്യസുരക്ഷ നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയില്ലാത്ത സന്ദര്‍ഭങ്ങള്‍ ബില്ലില്‍ അക്കമിട്ടു പറയുന്നു. യുദ്ധം, പ്രളയം, വരള്‍ച്ച, ഭൂകമ്പം തുടങ്ങിയ ഘട്ടങ്ങളില്‍ ഭക്ഷ്യധാന്യവിതരണം പരാജയപ്പെട്ടാല്‍ അതിനു തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്നാണ് കേന്ദ്രം പറയുന്നത്. ഇത്തരം സാഹചര്യങ്ങളുണ്ടാവുമ്പോള്‍ ആസൂത്രണ കമ്മിഷനുമായി ആലോചിച്ച് എന്തു ചെയ്യണമെന്ന് പ്രഖ്യാപിക്കാനുള്ള സ്വാതന്ത്ര്യം തങ്ങള്‍ക്കാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യവസ്ഥയുണ്ടാക്കി. യുദ്ധവും ഭൂകമ്പവും പതിവല്ലെങ്കിലും വര്‍ഷത്തില്‍ പ്രളയവും വരള്‍ച്ചയും ഇന്ത്യയ്ക്ക് ശീലമാണെന്ന് ഓര്‍ക്കുന്നതു നന്നായിരിക്കും. ദുരന്തമുഖത്തു നിന്നും സര്‍ക്കാര്‍ ഒളിച്ചോടുമ്പോള്‍ എന്തു സുരക്ഷയാണ് നമുക്ക് ലഭിക്കുന്നത്?