Continue reading “ഒരു ഔട്ട്സോഴ്സ്ഡ് ഇന്ത്യന്‍ പറ്റിക്കല്‍ (ദുരന്ത) കഥ”
" /> Continue reading “ഒരു ഔട്ട്സോഴ്സ്ഡ് ഇന്ത്യന്‍ പറ്റിക്കല്‍ (ദുരന്ത) കഥ” ">ഫര്‍ഹാദ് മഞ്ചൂ
(സ്ളേറ്റ്)
ശരിയാണ്, ഇപ്പോള്‍ നോക്കുമ്പോള്‍ അതത്ര ഗംഭീര ആശയമായിരുന്നില്ല. ഇന്ത്യയിലുള്ള ഒരു സഹായിയെ ജോലിക്കെടുക്കുന്നത് – എന്റെ ഇ – മെയിലും, കൂടിക്കാഴ്ച്ചകളും,യാത്രാ പരിപാടികളും, പിന്നെ ഞാന്‍ കൊടുക്കുന്ന എല്ലാ നുള്ളുനുറുങ്ങു പണിയും എടുക്കുന്ന മുംബൈയിലെ ഒരു കോള്‍ സെന്ററിലിരിക്കുന്ന ഒരപരിചിതന്‍ – തലക്ക് വെളിവുള്ള ഒരു മുതിര്‍ന്ന മനുഷ്യന്‍ ചെയ്യുന്ന കാര്യമല്ല. ആര്‍ക്കും കാണാനാകുന്ന പല കുഴപ്പങ്ങളുമുണ്ട്: എന്റെ വ്യക്തി, തൊഴില്‍ ജീവിതത്തിന്റെ വളരെ വേണ്ടപ്പെട്ട കാര്യങ്ങള്‍ എങ്ങനെയാണ് ഞാന്‍ ഇയാളെ വിശ്വസിച്ചേല്‍പ്പിക്കുക? എനിക്കുവേണ്ടി മറ്റുള്ളവരോട് അയാള്‍ ശരിയായി ഇടപെടും എന്നതിന് എന്താണുറപ്പ്? എന്നെ അയാള്‍ പറ്റിക്കില്ലെന്നതിന് എന്താണുറപ്പ്?
തിരിഞ്ഞുനോക്കുമ്പോള്‍ എനിക്കെല്ലാം വ്യക്തമാകുന്നുണ്ട്. (ഒരു റിമോട്ട് ഓണ്‍ലൈന്‍ സഹായിയെ വെക്കുന്നതിന്റെ കഥാപരിസരമുള്ള മരിയ സെംപ്ള്‍സിന്‍റെ Where’d You Go, Bernadette എന്ന പുസ്തകം വായിച്ചിരുന്നെങ്കില്‍ എനിക്കന്നേ കാര്യം പിടികിട്ടുമായിരുന്നു – പക്ഷേ അതൊക്കെ വായിക്കാന്‍ സമയമുണ്ടായിരുന്നെങ്കില്‍ എനിക്കിങ്ങനെയൊരു സഹായിയെ വേണ്ടിവരുമായിരുന്നില്ല.) ഇനി, എന്നെ ന്യായീകരിക്കാന്‍ ഞാനൊരു കാര്യം പറയാം: എനിക്കൊരു സ്വപ്നമുണ്ടായിരുന്നു. ചിലര്‍ സമ്പത്തിനായി ആഗ്രഹിക്കും, മറ്റ് ചിലര്‍ പ്രശസ്തിക്കായി. ഞാനാണെങ്കില്‍ എല്ലാക്കാലത്തും ആഗ്രഹിച്ചത് ഈ ബുദ്ധിമുട്ടുകളും, അദ്ധ്വാനവും, പിന്നെ ഇങ്ങനെ ജീവിക്കാനും തൊഴിലെടുക്കാനും വേണ്ടി ചെയ്യേണ്ട നിരര്‍ഥകമായ നൂറായിരം കാര്യങ്ങളും – ഇ മെയിലിന് മറുപടി എഴുതുക, പൈജാമ മാറ്റുക, കൂടിക്കാഴ്ച്ചകള്‍ക്ക് സമയത്തിനെത്തുന്നു എന്നുറപ്പാക്കുക – ഇല്ലാത്ത ഒരു ജീവിതമാണ്. തൊഴിലെടുക്കുന്ന കാലത്ത്, ഇതിലൊക്കെ ഞാന്‍ മിടുക്കനായിരുന്നു, പക്ഷേ അത് തമാശക്കളിയായിരുന്നില്ല. തൊഴില്‍ജീവിതം ആകെ അലങ്കോലമാവുന്നതിന്റെ വക്കത്തായിരുന്നു ഞാന്‍ പലപ്പോളും. അങ്ങനെ വിജയത്തിനു ഞാന്‍ കൊടുത്ത നിര്‍വ്വചനം ഇങ്ങനെയായി: ഞാന്‍ ഏറ്റവും വെറുക്കുന്ന ജോലികള്‍ ചെയ്യാന്‍ മാറ്റാളുകളെ ജോലിക്കു വെക്കാന്‍ എപ്പോള്‍ എനിക്കാവുന്നോ അപ്പോള്‍ ഞാനത് സാധിച്ചു.
പുറംപണിക്കാരായ (outsourcing) ഇന്ത്യന്‍ സഹായികളെക്കുറിച്ച് ആദ്യമായി കേട്ടത് എന്നാണെന്ന് ഞാനോര്‍ക്കുന്നില്ല. എന്തോ കാരണത്താല്‍ ഞാനത് ഗൂഗിളില്‍ തിരഞ്ഞു. TasksEveryDay.com കണ്ടപ്പോള്‍ – അത്തരം സേവനങ്ങള്‍ നല്‍കുന്ന നൂറുകണക്കിനു സ്ഥാപനങ്ങളിലൊന്ന് – അതൊന്നു പരീക്ഷിക്കണമെന്നു തന്നെ ഞാന്‍ തീര്‍ച്ചയാക്കി. ഇത് നടക്കുന്നത് കഴിഞ്ഞ കൊല്ലം അവസാനമാണ്. എനിക്കും ഭാര്യക്കും രണ്ടാമതൊരു കുഞ്ഞുകൂടി ജനിക്കാന്‍ പോകുന്നു; ആവശ്യമുള്ള, എന്നാല്‍ തീര്‍ത്തും വിരസമായ ജോലികള്‍ ആഴ്ച്ചയില്‍ 5 മണിക്കൂറെങ്കിലും നഷ്ടപ്പെടുത്തുന്നു എന്ന് ഞാന്‍ മനസ്സിലാക്കി. അത് പകുതിയായി കുറക്കാനായാല്‍ – അല്ലെങ്കില്‍ എന്റെ സ്വപ്നത്തിലെപ്പോലെ തീര്‍ത്തൂം ഒഴിവാക്കാനായാല്‍ – ഞാന്‍ സ്വര്‍ഗത്തിലെത്തിയപോലെയാകും. മൂന്ന് വര്‍ഷം മുമ്പ് അമേരിക്കയിലുള്ള ഒന്നു രണ്ട് സമാന സേവനങ്ങള്‍ ഞാന്‍ പരീക്ഷിച്ചിരുന്നു, സംഭവം ഗംഭീരമായിരുന്നു. പക്ഷേ ആ സൈറ്റുകള്‍ – Fancy Hands,TaskRabbit – മാസംതോറും ചുരുക്കം ചില ജോലികള്‍ മാത്രമാണ് ചെയ്തിരുന്നത്. എനിക്കുവേണ്ടത് ഒരു സ്ഥിരം സഹായിയേയായിരുന്നു. എനിക്കാവശ്യമുള്ള എന്തുപണിയും ചെയ്തുതരാനായി, ദിവസത്തില്‍ ചുരുങ്ങിയത് ഒന്നോ രണ്ടോ മണിക്കൂറെങ്കിലും ചെലവഴിക്കുന്ന ഒരാള്‍.
പരസ്യം
TasksEveryDayഅത്തരം സേവനം വാഗ്ദാനം ചെയ്തത് മണിക്കൂറിന് 10 ഡോളര്‍ നിരക്കിലായിരുന്നു. എന്റെ പ്രദേശത്ത് ഒരു സഹായിയെ കിട്ടാന്‍ അതിന്റെ ഇരട്ടി കൊടുക്കണം. ഇപ്പോള്‍ അതിലുണ്ടായിരുന്ന തട്ടിപ്പുകളൊക്കെ എനിക്കു ബോധ്യമാവുന്നുണ്ട്. കൂത്തും കോമയും ഒന്നുമില്ലാത്ത പരസ്യവാചകങ്ങളും, ബന്ദികളെക്കൊണ്ടു പറയിച്ചപോലുള്ള അനുഭവസാക്ഷ്യങ്ങളും എല്ലാം. പക്ഷേ അന്ന് കുഴിമടി കാരണം എന്റെ തലതിരിഞ്ഞുപോയിരുന്നു. എന്തിനേറെ പറയേണ്ടൂ, കമ്പനിയുടെ പ്രതിനിധിയുമായുള്ള എന്റെ സംഭാഷണം വളരെ സുഗമമായി നടന്നു. ഫോണില്‍ സംസാരിച്ച സ്ത്രീ വളരെ മര്യാദക്കാരിയായിരുന്നു. നല്ല ഒഴുക്കുള്ള ഇംഗ്ളീഷ്. സൈറ്റിലെ സഹായികള്‍ എന്റെ വ്യക്തിപരമായ വിശദാംശങ്ങളൊക്കെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന ആശങ്കയൊക്കെ അവര്‍ വളരെ വിദഗ്ദ്ധമായി തീര്‍ത്തുതന്നു. വിവരങ്ങള്‍ പുറത്തുപറയില്ലെന്ന ഒരു കരാറിനു പുറമേ ജീവനക്കാരുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ കമ്പനി നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കും. കോള്‍സെന്‍ററില്‍ നിറയെ നിരീക്ഷണ ക്യാമറകളാണ്. കമ്പ്യൂട്ടറില്‍ യു എസ് ബി ഡിസ്കുകള്‍ പോലുള്ള എന്തെങ്കിലും വിവരം രേഖപ്പെടുത്താനുള്ള സാമഗ്രികള്‍ വെക്കുന്നതിന് അവര്‍ക്ക് അനുവാദമില്ല. ഞാന്‍ സാഷ്ടാംഗം വീണുപോയി.
കാര്യങ്ങളൊക്കെ ഭംഗിയായിതന്നെ തുടങ്ങി. ആദ്യം വിളിച്ച സ്ത്രീ എനിക്കെന്റെ സഹായിയെ പരിചയപ്പെടുത്തിതന്നു. ഒരു ചെറുപ്പക്കാരന്‍, ഞാനയാളെ മിസ്റ്റര്‍ എഫ് എന്ന് വിളിക്കും. അയാളെനിക്ക് അയാളുടെ ഒരു ചിത്രം അയച്ചുതന്നു, ഒരു ബൈബിള്‍ വില്‍പ്പനക്കാരന്റെ കോട്ടൊക്കെയിട്ട് കുട്ടിത്തമുള്ള മുഖമുള്ള ഒരാള്‍. കൂടെ ഒരു സന്ദേശവും; ‘താങ്കളുടെ എല്ലാ ജോലികളും 100% കാര്യക്ഷമതയോടെ ചെയ്യാന്‍ എല്ലാ ശ്രമങ്ങളും നടത്തും’ എന്ന ഉറപ്പ്.
പിറ്റേന്ന് രാവിലെ 9 മണിക്ക് ഞാനെന്റെ ഗൂഗിള്‍ കലണ്ടറും ജി-മെയില്‍ അക്കൌണ്ടും മിസ്റ്റര്‍ എഫിനെ ഏല്‍പ്പിച്ചു. അയാള്‍ക്ക് ആദ്യത്തെ ജോലി കൊടുത്തു. സാന്‍ഫ്രാന്‍സിസ്കോയില്‍ നിന്നും മിനേപോലിസിലിലേക്ക് എനിക്കൊരു വിമാന ടിക്കറ്റ് വേണം. ഞാനെന്റെ വിവരങ്ങളൊക്കെ നല്കി. സമയവും, ടിക്കറ്റ് നിരക്കും നല്കാന്‍ ആവശ്യപ്പെട്ടു. അയാള്‍ എനിക്കുവേണ്ട വിമാനം കണ്ടുപിടിച്ചാല്‍ ടിക്കറ്റ് വാങ്ങാനായി എന്റെ ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ അയച്ചുകൊടുക്കാന്‍ ഞാന്‍ കാത്തിരുന്നു.
പക്ഷേ പിന്നെ അയാളില്‍നിന്നും ഒരു വിവരവുമില്ല. 40 മിനിറ്റ് കഴിഞ്ഞപ്പോള്‍ ഞാന്‍ നല്കിയ ജോലി അയാള്‍ക്ക് ലഭിച്ചിട്ടുണ്ട് എന്നുറപ്പാക്കാന്‍ ഒരു തുടര്‍സന്ദേശം അയച്ചു. അതിനും 40 മിനിറ്റിനുശേഷം അയാള്‍ പ്രതികരിച്ചു: “താങ്കളുടെ മെയില്‍ കിട്ടി. ഞാനതില്‍ ജോലി തുടങ്ങി”.
ഓഹോ! 10 മിനിറ്റുകൊണ്ട് തീര്‍ക്കാവുന്ന പണിയാണ്. അതാണോ ഇയാള്‍ ഒന്നര മണിക്കൂറിനുശേഷം തുടങ്ങിക്കഴിഞ്ഞത്! ഉച്ചയോടെ – ഞാന്‍ ജോലി നല്കി ഏതാണ്ട് 3 മണിക്കൂര്‍ (30 ഡോളറും) കഴിഞ്ഞ് – എഫ് പണി തീര്‍ന്നതായി കാണിച്ചു എനിക്കു മെയില്‍ അയച്ചു. ഇത്രയും സമയമെടുത്തത്തിന്റെ രഹസ്യം അപ്പോഴാണ് പിടികിട്ടിയത്. ഏറ്റവും ലാഭകരമായ ഒന്നോ രണ്ടോ വിമാനങ്ങള്‍ നോക്കുന്നതിന് പകരം ഒരു 10 വിമാനങ്ങളുടെ പട്ടികയുണ്ടാക്കി അയച്ചുതന്നിരിക്കയാണ്. ഈ പണി വെബ്സൈറ്റില്‍ പോയി എനിക്കു 30 സെക്കന്‍റ് കൊണ്ട് ചെയ്യാം. അല്ലെങ്കില്‍ത്തന്നെ എന്തിനാണിയാള്‍ ഒരു എക്സെല്‍ ഷീറ്റ് അയച്ചുതന്നത്, സൈറ്റിന്റെ ലിങ്ക് പോരേ?
പോട്ടെ, ആദ്യത്തെ ദിവസമല്ലേ, അതുകൊണ്ടായിരിക്കും എന്ന് ഞാന്‍ ആശ്വസിച്ചു. ആ ആഴ്ച തുടങ്ങുകയാണ്. തിങ്കളാഴ്ച്ച ജോലിയൊന്നുമില്ല. ചൊവ്വാഴ്ച്ചത്തേക്കു തയ്യാറായിരിക്കാന്‍ ഞാന്‍ എഫിനോട് ആവശ്യപ്പെട്ടു. പക്ഷേ ചൊവ്വാഴ്ച്ച ഒരനക്കവുമുണ്ടായില്ല. ബുധനാഴ്ച്ചയും തഥൈവ. ആ ആഴ്ച്ച മുഴുവന്‍ അങ്ങനെപ്പോയി. പിന്നെ അടുത്താഴ്ച്ച. എനിക്കൊരു സഹായിയുണ്ടായിരുന്നെങ്കില്‍ അയാളെക്കൊണ്ട് TasksEveryDay – ക്കാരെ വിളിപ്പിച്ചു ചോദിക്കാമായിരുന്നു. പക്ഷേ എനിക്കൊരു സഹായിയില്ലല്ലോ! അതോടെ മറ്റ് ലൊട്ടുലൊടുക്ക് പണികളോടൊപ്പം ഈ വിളിയും എന്റെ തലയിലായി. എഫിന് എന്റെ ജിമെയിലും കലണ്ടറും ഉപയോഗിക്കാന്‍ നല്കിയ അനുവാദം ഞാന്‍ പിന്‍വലിച്ചു.
അയാളുടെ ജോലിയുടെ ആദ്യത്തെ ദിവസത്തിന്, അതായത് ഒറ്റ ദിവസത്തെ, ഏതാണ്ട് ഒരുമാസത്തിനുശേഷം എനിക്ക് എഫിന്റെ ഒരു മെയില്‍ കിട്ടി; എന്തെങ്കിലും സഹായം വേണോ എന്ന്. ഒരുമാസം നീണ്ട അജ്ഞാതവാസത്തെക്കുറിച്ച് അദ്ദേഹം സൂചിപ്പിച്ചതേയില്ല. മാനേജരുമായി സംസാരിക്കണമെന്ന് ഞാനയാളോട് ആവശ്യപ്പെട്ടു. മാനേജരോട് എന്റെ പണം തിരികെനല്കാന്‍ ഞാന്‍ പറഞ്ഞു. (അല്ല, 40 മണിക്കൂറിന്റെ കാശ് ആദ്യംതന്നെ നല്കിയ വിവരം ഞാന്‍ പറഞ്ഞോ? ആഹാ, അത് ഞാന്‍ ചെയ്തിരുന്നു) പണം മടക്കിത്തരാന്‍ സാധ്യമല്ലെന്ന് മാനേജര്‍ അറിയിച്ചു. പക്ഷേ മറ്റൊരു സഹായിയെ തരാന്‍ അദ്ദേഹത്തിന് സന്തോഷമേയുള്ളൂ.
രണ്ടാമത്തെ സഹായിയെ നമുക്ക് മിസ്റ്റര്‍ പി എന്ന് വിളിക്കാം. സ്വയം പരിചയപ്പെടുത്തിക്കൊണ്ടയച്ച ഇ മെയിലില്‍ “Dedicated Graduate Virtual Assistant” എന്നയാള്‍ സ്വയം വിശേഷിപ്പിച്ചു. ജോര്‍ജ് സോണ്ടേഴ്സിന്റെ ഒരു കഥയിലെന്നപോലെ. എഫിനെപ്പോലെ പിയും “താങ്കളുടെ എല്ലാ ജോലികളും 100% കാര്യക്ഷമതയോടെ ചെയ്യാന്‍ എല്ലാ ശ്രമങ്ങളും നടത്തും’ എന്ന ഉറപ്പ് നല്കി.
പി തീര്‍ത്തും പിടിപ്പുകെട്ടവനായിരുന്നില്ല. പക്ഷേ അത് എഫുമായുള്ള അനുഭവത്തിന്റെ വെളിച്ചത്തില്‍ ഞാന്‍ ചില മുന്‍കരുതലുകള്‍ എടുത്തതു കൊണ്ടുകൂടിയാണ്. എന്റെ ഏറ്റവും മെനക്കെട്ട പണികള്‍ മാത്രമേ ഞാന്‍ പി-ക്കു നല്‍കിയുള്ളൂ. അമേരിക്കന്‍ എയലൈന്‍സിനെ വിളിച്ച് എന്റെ വിട്ടുപോയ യാത്രക്ക് ക്രെഡിറ്റ് എങ്ങനെ ഉപയോഗിക്കാം എന്ന് തെരക്കുക; അരമണിക്കൂറിനുള്ളില്‍ അയാള്‍ക്ക് ഉത്തരം കിട്ടി. ബാങ്ക് ചാര്‍ജ് അന്വേഷിക്കുക; സുരക്ഷാ കാരണങ്ങളാല്‍ ബാങ്ക് അതയാളോട് വെളിപ്പെടുത്തിയില്ല. എന്നാലും ഞാനയാളുടെ പരിശ്രമത്തെ മതിച്ചു.
പക്ഷേ ഒരല്പം ബുദ്ധിമുട്ടുള്ള പണി പി-ക്കു നല്കിയപ്പോഴുള്ള ഫലം നിരാശപ്പെടുത്തുന്നതായിരുന്നു. ഞാന്‍ ചെയ്ത ഒരഭിമുഖം കേട്ടുപകര്‍ത്താന്‍ കഴിയുമോ എന്ന് ഒരു ദിവസം ഞാന്‍ അയാളോട് ചോദിച്ചു. “പിന്നെന്താ, എനിക്കു പറ്റും” എന്നയാള്‍ ആവേശത്തോടെ പറഞ്ഞു. ഞാനയാള്‍ക്ക് അഭിമുഖത്തിന്റെ ശബ്ദരേഖ അയച്ചുകൊടുത്തു. കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷം ഒരു ഇ മെയില്‍ കിട്ടി, “കേട്ടു പകര്‍ത്തി എഴുതി. ചില തിരുത്തലുകള്‍ വീണ്ടും വേണ്ടി വരും”. ഞാനാ പകര്‍ത്തിയെഴുത്ത് നോക്കി – 12,000 വാക്കുകളുടെ ഒരു കോലാഹലം. അര്‍ഥശൂന്യമായ തരത്തില്‍ ഒരെത്തും പിടിയും കിട്ടാതെ വാക്കുകള്‍ ചത്തുമലച്ചുകിടക്കുന്നു. ഖണ്ഡികകള്‍ തോന്നിയപ്പോലെ തിരിച്ചിട്ടിട്ടുണ്ട്. ഇതാ ഒരുദാഹരണം: “And my reaction was always always universally will wire. He really asking the Swihart you asking your own what they think about what you’re building a few…”
പി ആ അഭിമുഖം കേട്ടെഴുതിയില്ലെന്ന് എനിക്കുറപ്പായിരുന്നു. അയാള്‍ അതിനുള്ള ഒരു സോഫ്റ്റ്വെയര്‍ ഉപയോഗിച്ചു. അതെനിക്കും ചെയ്യാമല്ലോ. ഞാന്‍ ദേഷ്യത്തോടെ അയച്ച മെയിലിന് മറുപടി കിട്ടി, “താങ്കളുടെ കത്ത് കിട്ടി. ശരി, ഇനി ഞാനത് കേട്ടെഴുതിക്കൊള്ളാം.” ഒരു മണിക്കൂറിന്റെ അഭിമുഖം അയാള്‍ 8 മണിക്കൂര്‍ കൊണ്ട് കേട്ടെഴുതി. ഒരു ഖണ്ഡികപോലും തിരിക്കാതെ.
പിയുമായുള്ള ഇടപാട് തീരാറാവുമ്പോഴേക്കും അയാള്‍ക്ക് എന്തു പണി കൊടുക്കും എന്ന കാര്യത്തില്‍ എനിക്കു സംശയമായി തുടങ്ങി. സത്യത്തില്‍ എനിക്കു ശരിക്കും സഹായകമാവുന്ന കാര്യങ്ങള്‍ – എനിക്കു വരുന്ന ക്ഷണങ്ങളും അഭ്യര്‍ഥനകളും സൌമ്യമായി നിരസിക്കുക, ചില കൂടിക്കാഴ്ച്ചകള്‍ എപ്പോള്‍ പറ്റുമെന്ന് നോക്കുക, ചില കാര്യങ്ങള്‍ എപ്പോള്‍ എവിടെ എന്നൊക്കെ എന്നെ ഓര്‍മ്മിപ്പിക്കുക – ഒന്നും നടത്താനാവില്ല. ഒന്നുകില്‍ അയാള്‍ക്ക് കൈകാര്യം ചെയ്യാനാകാത്തവിധം കൌശലത്തോടെ ഭാഷ ഉപയോഗിക്കേണ്ടതായിരിക്കും, അല്ലെങ്കില്‍ എന്റെ ജോലിയെക്കുറിച്ച്, ജീവിതത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വേണ്ടത്, പലതും ഞാന്‍ നല്കാന്‍ തയ്യാറല്ലാത്തത്.
ഒരു ഘട്ടത്തില്‍ ഈ മൊത്തം പരിപാടിയുടെ തകരാര്‍ എനിക്കു വ്യക്തമായി. ശരിക്കും സഹായിക്കണമെങ്കില്‍ ഒരു സഹായി നിങ്ങളുടെ ജീവിതത്തേയും ജോലിയെയും കുറിച്ച് എല്ലാം മനസ്സിലാക്കിയിരിക്കണം. അയാള്‍ ഒരു തികഞ്ഞ വിശ്വസ്തനായിരിക്കണം. പക്ഷേ ഇ മെയിലിലൂടെ മാത്രം ബന്ധം പുലര്‍ത്തുന്ന, തൊഴില്‍പരമായ ബന്ധം മാത്രമുള്ള, സുരക്ഷാ ക്യാമറകളുടെ നിരീക്ഷണത്തിലുള്ള ഒരാളുമായി അത്ര ആഴത്തിലുള്ള ബന്ധം സാധ്യമല്ല. TasksEveryDay-സഹായികള്‍ സഹായിച്ചു കൊന്നു എന്നത് ശരിതന്നെ. പക്ഷേ ഇനിയിപ്പോള്‍ അവര്‍ ഞാന്‍ കൊടുത്ത എല്ലാ ജോലികളും പുഷ്പം പോലെ തീര്‍ക്കുന്നവരായിരുന്നെങ്കിലും എന്റെ പ്രദേശത്തുള്ള ഒരാളുടെ ഗുണം ചെയ്യില്ല. അയാള്‍ക്ക് കൂടുതല്‍ പണം കൊടുക്കേണ്ടിവരും. പക്ഷേ കൊടുത്ത കാശിന്റെ ഗുണം കിട്ടുമെന്നുറപ്പാണ്.
(Farhad Manjoo is Slate‘s technology columnist and the author of True Enough: Learning To Live in a Post-Fact Society.)