Continue reading “വാര്‍ത്തകളെ ബെസോസീകരിക്കുന്നതെങ്ങനെ?”

" /> Continue reading “വാര്‍ത്തകളെ ബെസോസീകരിക്കുന്നതെങ്ങനെ?”

">

UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വാര്‍ത്തകളെ ബെസോസീകരിക്കുന്നതെങ്ങനെ?

                       
ഡേവിഡ് ഓര്‍ബാക്
(സ്ളേറ്റ്)
 
 
വാഷിംഗ്ടണ്‍ പോസ്റ്റിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ Kindle നിങ്ങളുടെ മനസ്സിലേക്ക് വരുന്നുണ്ടോ? ഇല്ലെങ്കില്‍ നിങ്ങള്‍ ജെഫ് ബെസോസിനെപ്പോലെ ചിന്തിക്കുന്നില്ലന്നര്‍ത്ഥം. Kindle-ലില്‍ കൂടി ആമസോണ്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത് ആപ്പിളും ഗൂഗിളും സ്വപ്നം പോലും കാണാത്ത വിവര വിതരണ സാങ്കേതികതയാണ് – ഫ്രീ 3ജി. അതും ഒരു ടെലികോം കമ്പനിയുടെയും സഹായമില്ലാതെ വിവരങ്ങള്‍ ഉപഭോക്താക്കളെ തേടിയെത്തും.
 
ജെഫ് ബെസോസ്, ആമസോണിലൂടെ നമ്മുടെ വില്‍ക്കല്‍ – വാങ്ങല്‍ സമ്പ്രദായത്തെ മാറ്റിമറിച്ച ഇദ്ദേഹം വാഷിംഗ്ടണ്‍ പോസ്റ്റിനെ വാങ്ങിയതിനു ശേഷമാണ് ഈ വിപ്ളവകരമായ മാറ്റം വാര്‍ത്താ മാധ്യമ രംഗത്ത് കൊണ്ടുവന്നത്. ഈ സങ്കലനം സമ്മാനിക്കുന്നത് എണ്ണിയാലൊടുങ്ങാത്ത സാധ്യതകളാണ്.
 
 
‘ഇന്റര്‍നെറ്റ് വാര്‍ത്താ വ്യാപാരത്തിന്റെ എല്ലാ തലങ്ങളിലും മാറ്റം കൊണ്ടുവരികയാണ്, പുതിയ വരുമാന സാധ്യതകള്‍, നൂതനമായ വാര്‍ത്താ വിതരണ സാങ്കേതിക വിദ്യ, പുതിയ മേച്ചില്‍ പുറങ്ങള്‍ക്കു വേണ്ടിയുള്ള മത്സരം… ഞങ്ങളുടെ ലക്ഷ്യം വായനക്കാരുടെ ഇഷ്ടത്തിനനുസരിച്ചുള്ള വാര്‍ത്തകള്‍ അവരില്ലെത്തിക്കുകയെന്നതാണ്. വ്യാപാരം, കായികം, രാഷ്ട്രീയം, ഫാഷന്‍… ഇങ്ങനെ അവര്‍ വായിക്കാനാഗ്രഹിക്കുന്ന വാര്‍ത്തകള്‍ അവരിലെത്തിക്കുക’. ജെഫിന്റെ ഈ വാക്കുകള്‍ വാഷിംഗ്ടണ്‍ പോസ്റ്റിന്റെ പുതിയ നിയമ പുസ്തകമാണ്, ഒരു പക്ഷെ, പോസ്റ്റിന് അപരിചിതമായ ഒരു സമ്പ്രദായം തന്നെ.
 
ഫേസ്ബുക്കിന്റെയും ആമസോണിന്റെയും ആശയങ്ങള്‍ ഉള്‍പ്പെടുത്തി ബെസോസ് കൊണ്ടുവരാന്‍ ശ്രമിക്കുന്നത് പേര്‍സണലൈസ്ഡ് ന്യൂസ് ആണ്. നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ എന്തൊക്കെയാണെന്ന് ആമസോണിന് നന്നായി അറിയാം. ഫേസ്ബുക്ക് പോലും ഇക്കാര്യത്തില്‍ പിറകില്‍ നില്‍ക്കും. നിങ്ങളുടെ വ്യവഹാരങ്ങളുടെ റെക്കോര്‍ഡ് പരിശോധിച്ചാല്‍ നിങ്ങളെക്കുറിച്ചുള്ള ഏകദേശ രൂപം കിട്ടും. താമസിക്കുന്ന സ്ഥലം, എന്തൊക്കെയാണ് വാങ്ങിയത്, വാങ്ങാന്‍ ഉദ്ദേശിക്കുന്നത്, ഏതൊക്കെ വിഷയങ്ങളിലാണ് താല്പര്യം, തുടങ്ങിയ വിവരങ്ങളില്‍ നിന്നും നിങ്ങള്‍ ഏതു തരം ആളാണെന്നു പ്രവചിക്കാന്‍ ആമസോണ്‍ സെര്‍വറിന് സാധിക്കും. ഈ പ്രവചനമാണ് നിങ്ങള്‍ക്ക് സാധനങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ ഉപയോഗിക്കുന്നത്. പക്ഷെ ഈ വിദ്യ വാര്‍ത്തകളുടെ കാര്യത്തില്‍ എങ്ങനെ പ്രായോഗികമാക്കുമെന്നുള്ളത് ഒരു വെല്ലുവിളി തന്നെയാണ്.
 
നിങ്ങള്‍ ഏതെങ്കിലുമൊരു എഴുത്തുകാരന്റെ ഒരു പുസ്തകം വായിച്ചിട്ടുണ്ടെങ്കില്‍ നിങ്ങളെ അതേ എഴുത്തുകാരന്റെ പുതിയ പുസ്തകത്തിന്റെ ആസ്വാദനം കാത്തിരിപ്പുണ്ട്. നിങ്ങള്‍ ഡയപ്പര്‍ വാങ്ങുകയാണെങ്കില്‍ കുട്ടികളെയെങ്ങനെ വളര്‍ത്തണമെന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ നിങ്ങളെത്തേടിയെത്തും. ഇങ്ങനെയൊരു ‘ചിക്കന്‍ – സാമ്പാര്‍’ സംഭവമാണ് ജെഫ് വിഭാവനം ചെയ്തിരിക്കുന്നത് .
 
 
ബെസോസ് നേരിട്ടേക്കാവുന്ന മറ്റൊരു വെല്ലുവിളി, എങ്ങനെ വാര്‍ത്തകളെ പ്രാദേശികവല്‍ക്കരിക്കാം എന്നുള്ളതാണ്. അതിനായി കൂടുതല്‍ റിപ്പോര്‍ട്ടര്‍മാരെ നിയമിക്കേണ്ടി വരും, അല്ലെങ്കില്‍ ഫ്രാഞ്ചൈസിയെ കണ്ടെത്തേണ്ടി വരും. ഹഫിംഗ് റ്റന്‍ പോസ്റ്റ് ഇതിനൊരു ഉത്തമ മാതൃകയാണ്. പക്ഷെ ഇത് വാഷിംഗ്ടണ്‍ പോസ്റ്റില്‍ എത്രമാത്രം പ്രായോഗികമാണെന്നുള്ളത് കണ്ടറിയണം. ചെറിയ വാര്‍ത്തകള്‍ നല്‍കാന്‍ ഒരുപാട് ചെറിയ ‘വര്‍ത്തമാന പത്രങ്ങള്‍’ രാജ്യത്തിന്റെ മുക്കിലും മൂലയിലുമുണ്ട്, അവരില്‍ നിന്നും വാര്‍ത്തകള്‍ വാങ്ങുന്നത് അത്ര ചിലവുള്ള കാര്യമല്ല, ബെസോസ് പ്രാദേശിക വാര്‍ത്തകള്‍ക്ക് വേണ്ടി ഇതും പരിഗണിക്കുമെന്നു തോന്നുന്നു.
 
ആമസോണിന്റെ ഉപഭോക്താക്കള്‍ക്ക് അവരുടെ പ്രദേശത്തെ വാര്‍ത്തകള്‍ അതും അവരിഷ്ടപ്പെടുന്നതു മാത്രം സൌജന്യയായ് എത്തിക്കാന്‍ ബെസോസിനു സാധിച്ചാല്‍ അതൊരു വിപ്ളവം തന്നെയായിരിക്കും, പ്രത്യേകിച്ചും വാഷിംഗ്ടണ്‍ പോസ്റ്റില്‍. സമൂഹത്തിലെ ഉന്നതരുടെ പത്രമായ പോസ്റ്റ് തന്റെ മസിലുപിടുത്തം വിട്ട് ലൊട്ടുലൊടുക്ക് വാര്‍ത്തകള്‍ കൊടുക്കാന്‍ തുടങ്ങിയാല്‍ പോസ്റ്റിലെ കൊലകൊമ്പന്മാര്‍ എന്ത് ചെയ്യുമെന്നുള്ളത് ഒരു ചോദ്യമായി അവശേഷിക്കുന്നു. എസ്രാ ക്‌ളൈന്‍, ഡന മില്‍ബങ്ക്, റിച്ചാര്‍ഡ് കോഹാന്‍ തുടങ്ങിയ പത്രത്തിന്റെ നെടുന്തൂണുകള്‍ക്ക് ആ സ്ഥാനം നഷ്ടപ്പെടുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.
 
 
പോസ്റ്റിന്റെ ഗൌരവം കളഞ്ഞു കുളിക്കാതിരിക്കാന്‍ ബെസോസ് എഡിറ്റോറിയലിലും മറ്റു തന്ത്രപ്രധാനമായ കാര്യങ്ങളിലും ചില നിയന്ത്രണങ്ങള്‍ വരുത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. പക്ഷെ ബെസോസിനെ ഇക്കാര്യത്തില്‍ നമ്പാന്‍ പാടില്ല. കാരണം, ലോകത്തിന്റെ യഥാര്‍ത്ഥ മുഖം മാധ്യമ ധര്‍മ്മംകൊണ്ട്  തുറന്നു കാട്ടി സമൂഹത്തെയങ്ങ് നന്നാക്കിക്കളയാമെന്ന വ്യാമോഹമോന്നും ബെസോസിനില്ല. പുള്ളി നല്ല ഒന്നാന്തരം കച്ചവടക്കാരന്‍ തന്നെയാണ്. വാര്‍ത്തകള്‍ വില്‍ക്കാന്‍ തന്നെയാണ് അദ്ദേഹത്തിന്റെ തീരുമാനവും. 
 
(ന്യൂയോര്‍ക്കില്‍ സോഫ്റ്റ്വേര്‍ എഞ്ചിനീയറും എഴുത്തുകാരനുമാണ് ഡേവിഡ്)
 

Share on

മറ്റുവാര്‍ത്തകള്‍