ടീം അഴിമുഖം
ബുധനാഴ്ച പുലര്‍ച്ചെ മുംബൈ തീരത്തുണ്ടായ തീഗോളത്തിന്റെ വേവടങ്ങിയിട്ടില്ല. ഇതെഴുതുമ്പോഴും ഐ.എന്‍.എസ് സിന്ധുരക്ഷക് എന്ന മുങ്ങിക്കപ്പല്‍ സ്‌ഫോടനത്തില്‍ തകര്‍ന്നതിന്റെ രക്ഷാപ്രവര്‍ത്തനം തുടരുന്നു. ഇന്ത്യയുടെ അഭിമാനമായ ഈ പടക്കപ്പലിന്റെ ദുരന്തം ഒരു ഓര്‍മ്മപ്പെടുത്തലാണ്. സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ രാഷ്ട്രങ്ങള്‍ കളിക്കുന്ന കളികളെക്കുറിച്ചുള്ള ജാഗ്രവത്തായ ഒരു ഓര്‍മ്മപ്പെടുത്തല്‍!
ബുധനാഴ്ച അര്‍ധരാത്രി പിന്നിട്ട് ഏതാനും മിനിറ്റുകള്‍ക്കു ശേഷമായിരുന്നു മുങ്ങിക്കപ്പലിലെ സ്‌ഫോടനം. കഴക്കൂട്ടം സൈനിക സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ഥി കമാന്‍ഡര്‍ രാജേഷ് രാംകുമാര്‍ നായകനായുള്ള പടക്കപ്പല്‍. നാവിക സേനയില്‍ ഏറ്റവും മിടുക്കനായ മുങ്ങിക്കപ്പല്‍ ഓപ്പറേറ്റര്‍മാരില്‍ ഒരാളായ രാംകുമാര്‍, പക്ഷെ സിന്ധുരക്ഷകിലുണ്ടായിരുന്നില്ല. വീട്ടിലായിരുന്നു അദ്ദേഹം. ഉപമേധാവിയും 17 നാവികസേനാംഗങ്ങളും ദുരന്തസമയം കപ്പലിലുണ്ടായിരുന്നു. ടോര്‍പ്പിഡോയും മിസൈലുകളുമൊക്കെ സജ്ജമാക്കി ഒരു വാര്‍ പെട്രോളിങ്ങിനൊരുങ്ങുകയായിരുന്നു കപ്പലിലെ നാവികസംഘമെന്നാണ് ശക്തമായ സംശയം. ബുധനാഴ്ച പുലര്‍ച്ചെ പുറപ്പെടാനിരുന്നതാവാം ഈ വാര്‍ പെട്രോളിങ്. വിശദാംശങ്ങളിലേയ്ക്കു കടക്കും മുമ്പ് വാര്‍ പെട്രോളിങ് എന്താണെന്നു നോക്കാം. പാക്കിസ്താന്‍ കടല്‍ത്തീരത്തോടു ചേര്‍ന്നു നടത്താറുള്ളതാണ് വാര്‍ പെട്രോളിങ്. ഡല്‍ഹിയില്‍ നിന്നുള്ള ഉത്തരവുണ്ടെങ്കിലേ ഇത്തരമൊരു പെട്രോളിങ് സാധ്യമാവൂ. പ്രത്യേക സന്ദര്‍ഭങ്ങളില്‍ ഇത്തരമൊരു പെട്രോളിങ്ങിന് നിര്‍ദ്ദേശം നല്‍കുക പതിവാണ്. രണ്ടു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലായിരിക്കും സ്വാഭാവികമായും ഇത്തരമൊരു നടപടി. ഇന്ത്യ-പാക് അതിര്‍ത്തിയിലെ നിയന്ത്രണരേഖയില്‍ സമീപദിവസങ്ങളിലുണ്ടായ വെടിവെപ്പും ജവാന്മാരുടെ കൊലപാതകവും കൂട്ടിവായിച്ചാല്‍ ഐ.എന്‍.എസ് സിന്ധുരക്ഷക് വാര്‍ പെട്രോളിങ്ങിനു തയ്യാറെടുക്കുകയായിരുന്നുവെന്ന് സംശയിച്ചാല്‍ തെറ്റാവില്ല.

കപ്പലിലുണ്ടായിരുന്ന 18 പേര്‍ സ്‌ഫോടനത്തെ തുടര്‍ന്ന് അതില്‍ കുരുങ്ങിക്കിടന്നു. നെയ്യാര്‍ഡാം വാഴിച്ചല്‍ ലിജു ലോറന്‍സ്, പൂജപ്പുര സ്വദേശി വെങ്കിട്ടരാജ്, ആലപ്പുഴ പള്ളിപ്പാട് വിഷ്ണു, തലശ്ശേരി സ്വദേശി വികാസ് എന്നീ മലയാളികളും ദുരന്തവേളയില്‍ കപ്പലിലുണ്ടായിരുന്നു. നമ്മുടെ രാജ്യം, സ്വന്തം താല്‍പര്യസംരക്ഷണത്തിനായി വെള്ളത്തിനടിയില്‍ കളിക്കുന്ന അപകടരമായ ഒരു കേളിയുടെ മുന്നറിയിപ്പാണ് ഈ ദുരന്തം. അതിര്‍ത്തിയിലെ വെടിവെപ്പും ഇടയ്ക്കിടെയുള്ള കൊലപാതകങ്ങളുമൊക്കെ നമുക്കറിയാം. ചില രാജ്യങ്ങളില്‍ സ്ത്രീകളും പുരുഷന്മാരുമൊക്കെ പങ്കാളികളായ സാഹസികതകളും നാം കേട്ടിട്ടുണ്ട്. ഇതൊക്കെ വന്‍തോതില്‍ പണം മുടക്കി അതാതു രാഷ്ട്രങ്ങള്‍ അവരുടെ താല്‍പര്യസംരക്ഷണത്തിനായി നടത്തുന്ന കളികളാണ്. എന്നാല്‍, ഇതിലൊക്കെ ഒരു വൈരുദ്ധ്യവും പ്രകടമാവുന്നുവെന്നതാണ് വാസ്തവം. ഒരു രാജ്യം സ്വന്തം സുരക്ഷ ഭദ്രമാക്കാന്‍ ശ്രമിക്കുമ്പോള്‍ അയല്‍രാജ്യം അരക്ഷിതരാവുന്നു. അപ്പോള്‍ ആ രാജ്യം സ്വന്തം സുരക്ഷ ഉറപ്പാക്കാന്‍ സൈനിക നടപടികളെടുക്കുന്നു. ആണവായുധങ്ങളും സായുധ വാഹനങ്ങളും വ്യോമവേധ യുദ്ധോപകരണങ്ങളും സര്‍വ്വനാശം വിതയ്ക്കാനുള്ള യുദ്ധയന്ത്രങ്ങളുമൊക്കെ വാങ്ങിക്കൂട്ടാനുള്ള വഴിയായി ഇതു മാറുന്നു. തമ്മില്‍ കൊല്ലാനായി മനുഷ്യര്‍ ശാസ്ത്ര സാങ്കേതിക ശേഷി മുമ്പൊരിക്കലും ഇത്രയധികം സ്വരുക്കൂട്ടിയിട്ടില്ല. മനുഷ്യചരിത്രത്തില്‍ രൂക്ഷമായ രക്തച്ചൊരിച്ചില്‍ നടന്നിട്ടുള്ളത് ഇരുപതാം നൂറ്റാണ്ടിലാണെന്ന് ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, നമുക്ക് അയത്‌നലളിതമായി പ്രവചിക്കാം, വരുംകാലങ്ങളിലൊന്നില്‍ രക്തക്കറ കൂട്ടി നാം ഇരുപതാം നൂറ്റാണ്ടിലെ അനുഭവത്തെ മാറ്റിയെഴുതും!

മുങ്ങിക്കപ്പലിലെ ജീവിതം
ആദ്യം ഐ.എന്‍.എസ് സിന്ധുരക്ഷകിനെക്കുറിച്ചു പറയാം. 72.6 മീറ്റര്‍ നീളവും 9.9 മീറ്റര്‍ വീതിയും 6.6 മീറ്റര്‍ ഉയരവുമാണ് ഈ മുങ്ങിക്കപ്പലിന്റെ വലുപ്പം. സിലിണ്ടര്‍ രൂപത്തിലുള്ള ഈ കപ്പലില്‍ കണക്കില്ലാത്ത സാമഗ്രികളാണ് ഘടിപ്പിച്ചിട്ടുള്ളതും സജ്ജമാക്കിയിട്ടുള്ളതും. ടോര്‍പ്പിഡോകള്‍, രൂക്ഷമായ യുദ്ധമുഖത്ത് ഉപയോഗിക്കുന്ന മിസൈലുകള്‍ തുടങ്ങിയവയൊക്കെ അതിനുള്ളിലുണ്ടാവും. ഇതിനിടയിലാണ് ഓഫീസര്‍മാരും നാവികരുമടക്കം അറുപതോളം പേരുടെ ജീവിതം. സൂര്യവെളിച്ചം കടക്കാത്ത ഒരു മുറിയില്‍ അമ്പതു ദിവസത്തോളം തുടര്‍ച്ചയായി കഴിയുന്നത് ഒന്നോര്‍ത്തു നോക്കുക! അതും ചുറ്റിലും യന്ത്രങ്ങളുടെയും യുദ്ധോപകരണങ്ങളുടെയും നടുവില്‍. ശരിക്കൊന്നു നിവര്‍ന്നു നടക്കാന്‍ പോലുമാവില്ല. എല്ലാവര്‍ക്കും വേണ്ടി വിരലിലെണ്ണാവുന്ന ടോയ്‌ലറ്റും കുളിമുറിയും മാത്രമേയുണ്ടാവൂ. ഒന്ന് ഷേവ് ചെയ്യാന്‍ പറ്റിയാല്‍ അതൊരു മഹാഭാഗ്യമായി തീര്‍ച്ചയായും കരുതാം. ലോകത്ത് ചെയ്യാന്‍ കഴിയുന്നതില്‍ ഏറ്റവും ദുഷ്‌കരമായ ജോലികളിലൊന്നാണ് മുങ്ങിക്കപ്പലിലേത്. പുറം ലോകത്തിന് അറിയാത്തതാണ് ഈ പടക്കപ്പല്‍ ജീവിതം. മലയാളികള്‍ക്കും തീര്‍ച്ചയായും ഇത്തരമൊരു ജീവിതം അപചിരിതമായിരിക്കും. ഒട്ടേറെ മലയാളികള്‍ നാവികരായി കേരളത്തില്‍ നിന്നെത്തുന്നുണ്ടെന്നാണ് മറ്റൊരു അത്ഭുത സത്യം. കേരളത്തില്‍ കാണിക്കാത്ത ഒരു സാഹസികതയും സ്വഭാവഗുണവുമാണ് മലയാളികള്‍ ഇത്തരം കാര്യങ്ങളില്‍ പ്രകടിപ്പിക്കുന്നതെന്നര്‍ഥം.
ഇടതടവില്ലാതെയുള്ള പട്രോളിങ് മാനസികസമ്മര്‍ദ്ദം സൃഷ്ടിക്കുമെന്ന് ഒരു നാവികന്‍ അഴിമുഖത്തോടു തുറന്നു പറഞ്ഞു – “You have to be so composed, so careful, or you could be a wreck”.
പട്രോളിങ് നടക്കുമ്പോള്‍ മുങ്ങിക്കപ്പലിലുള്ളവരും തീരവും തമ്മില്‍ വളരെക്കുറച്ച് ആശയവിനിമയമേ ഉണ്ടാവൂ. മുങ്ങിക്കപ്പല്‍ കടലില്‍ സുരക്ഷിതമാണെന്നുള്ള ഒരു വിവരം മാത്രമേ നാവികസേനയ്ക്ക് ഉണ്ടാവൂ. അല്ലെങ്കില്‍ അത്തരമൊരു ആശയവിനിമയം മാത്രമേ വാര്‍ പെട്രോളിങ്ങില്‍ നിര്‍ബന്ധമുള്ളൂ. ജലഗര്‍ഭത്തില്‍ അതീവരഹസ്യമായുള്ള ഒരു നീക്കമാണ് ഈ പെട്രോളിങ്. ശത്രുരാജ്യത്തിന്റെ കടല്‍ തീരത്തിലൂടെയായിരിക്കും മിക്കവാറും മുങ്ങിക്കപ്പലിന്റെ സഞ്ചാരം. 1999 ല്‍ കാര്‍ഗില്‍ സംഘര്‍ഷം നടക്കുമ്പോള്‍ 45 ദിവസത്തോളം ഐ.എന്‍.എസ് സിന്ധുരക്ഷക് വാര്‍ പെട്രോളിങ് നടത്തിയിരുന്നു. 45 ദിവസം നീണ്ടു നിന്ന ഈ പെട്രോളിങ്ങില്‍ കറാച്ചി തീരത്തിന് അഞ്ചു മൈല്‍ ദൂരം വരെ സിന്ധുരക്ഷകിന് എത്താനായി. വേണമെങ്കില്‍ ആക്രമണവും ആകാം എന്നു തന്നെ നിശ്ചയിച്ചുള്ള ഒരു നീക്കമായിരുന്നു അന്നത്തെ വാര്‍ പെട്രോള്‍.
മുങ്ങിക്കപ്പലിലെ നാവികരുടെ കഥകള്‍ പുറംലോകമറിയാറില്ല. അവര്‍ നേരിടുന്ന ദുര്‍ഘടഘട്ടങ്ങളും ദുരന്തമുഖങ്ങളും മനസ്സിലാക്കേണ്ടതാണ്. അത്യാധുനിക ലോകത്തെ ഭാവിദുരന്തമാണ് ഇവിടെ തെളിയുന്നത്. അത് ഏതു നിമിഷവും ആയിരക്കണക്കിനു ജീവനുകളെടുത്ത് ഒരു പോര്‍മുഖം തുറന്നേയ്ക്കാം. ജലാന്തരത്തില്‍ നിന്നും തൊടുത്തു വിടുന്ന മിസൈലുകള്‍ ഒട്ടേറെ കൊലപാതകങ്ങള്‍ നടത്തിയേയ്ക്കാം. ലോകത്തിന്റെ ഏതെങ്കിലുമൊരു കോണില്‍ സുരക്ഷിതമായിരുന്ന് മറ്റെവിടേയ്‌ക്കെങ്കിലും മിസൈലുകളും ബോംബുകളും ജനക്കൂട്ടത്തിനു നേരെ വര്‍ഷിച്ചു കൊണ്ടിരിക്കാം. യെമനിലും പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമൊക്കെ അമേരിക്ക ഭാവിയുടെ യുദ്ധമുഖങ്ങള്‍ തുറക്കുകയാണ്. ഇത്തരമൊരു ലോകത്ത് ഐ.എന്‍.എസ് സിന്ധുരക്ഷകില്‍ സംഭവിച്ചതു പോലുള്ള ദുരന്തം ചിലതു മാത്രമാണ്. കൊട്ടിഘോഷിക്കുന്ന ആധുനികവല്‍ക്കരണത്തിന് നമ്മള്‍ നല്‍കേണ്ടി വരുന്ന വിലയാണ് ഇത്തരം ദുരന്തങ്ങള്‍. നാം സൃഷ്ടിച്ച അതിരുകള്‍ക്കുള്ളില്‍ നാം തന്നെ ഇത്രയേറെ ദുരന്തങ്ങളും വിതയ്ക്കുന്നു!