Continue reading “കണ്ണടച്ചിരുട്ടാക്കരുത് – ഒരു സ്വാതന്ത്ര്യദിന ചിന്ത”

" /> Continue reading “കണ്ണടച്ചിരുട്ടാക്കരുത് – ഒരു സ്വാതന്ത്ര്യദിന ചിന്ത”

"> Continue reading “കണ്ണടച്ചിരുട്ടാക്കരുത് – ഒരു സ്വാതന്ത്ര്യദിന ചിന്ത”

">

UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കണ്ണടച്ചിരുട്ടാക്കരുത് – ഒരു സ്വാതന്ത്ര്യദിന ചിന്ത

                       
ടീം അഴിമുഖം
 
തിങ്കളാഴ്ച നല്ല ദിവസമാണെന്നാണ് വിശ്വാസികളുടെ പക്ഷം. ഞായറാഴ്ചത്തെ അവധിയുടെ ആലസ്യത്തില്‍ നിന്നും അടുത്ത ദിവസം ജോലിത്തിരക്കിലേയ്ക്ക് ഉണര്‍ന്നെണീല്‍ക്കുമ്പോള്‍ തിങ്കളാഴ്ച നല്ല ദിവസമാണെന്ന് പേരിനെങ്കിലും ആരും സമ്മതിക്കാതിരിക്കില്ല. എല്ലാ ദിവസവും ആഘോഷമാക്കുന്ന രാജ്യത്തെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും തിങ്കളാഴ്ച ശുഭദിനമായിരിക്കുന്നു. 2013 ആഗസ്ത് 12 എന്ന തിങ്കളാഴ്ച. രാജ്യത്തിന്റെ രാഷ്ട്രീയചരിത്രത്തിലും ജനാധിപത്യത്തിന്റെ ഗതിമാറ്റത്തിലും നിര്‍ണ്ണായകമായ ഒരു ദിവസം. അന്നാണ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ രാഷ്ട്രീയപ്പാര്‍ട്ടികളെ ഉള്‍പ്പെടുത്താനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ തലവിധി മാറ്റിവരച്ച വിവരാവകാശ നിയമത്തിന് പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്ന പ്രഥമ ഭേദഗതി ബില്‍ ഈ ആഗസ്ത് 12ന് ലോക്‌സഭയില്‍ അവതരിപ്പിച്ചു. ഒന്നു വിരല്‍ ചൂണ്ടിയാല്‍ പാര്‍ലമെന്റ് സ്തംഭിപ്പിക്കാന്‍ മടിയില്ലാത്ത രാഷ്ട്രീയപ്പാര്‍ട്ടികളില്‍ ആരും ബില്ലിനെ എതിര്‍ത്തു സംസാരിച്ചില്ല. സ്തംഭനം പതിവായ പാര്‍ലമെന്റില്‍ കക്ഷിഭേദമില്ലാതെ പാര്‍ട്ടികള്‍ ഒരേ സ്വരം കേള്‍പ്പിച്ച ദിവസം കൂടിയാണ് തിങ്കളാഴ്ച. വിവരാവകാശനിയമത്തിന്റെ ചങ്ങലക്കണ്ണിയില്‍ തങ്ങളെ കൂട്ടിച്ചേര്‍ക്കേണ്ടതില്ലെന്ന് പാര്‍ട്ടികളെല്ലാം ഒറ്റക്കെട്ടായി പ്രഖ്യാപിച്ചു. ജനങ്ങള്‍ക്കു വേണ്ടി നിര്‍മ്മിക്കപ്പെട്ട നിയമം ജനപ്രതിനിധികള്‍ തന്നെ മാറ്റിയെഴുതി. 
 
 
നിര്‍ണായക വിധി 
എന്തായിരുന്നു പാര്‍ട്ടികളെയെല്ലാം പ്രകോപിപ്പിച്ച കാര്യം. ഇതേ വര്‍ഷം ജൂണ്‍ മൂന്നിനായിരുന്നു കേന്ദ്ര വിവരാവകാശ കമ്മിഷന്റെ ആ നിര്‍ണ്ണായകവിധി. വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ പാര്‍ട്ടികളും ഉള്‍പ്പെടുമെന്നായിരുന്നു കമ്മിഷന്റെ ഫുള്‍ബെഞ്ച് പുറപ്പെടുവിച്ച വിധി. കോണ്‍ഗ്രസ്, ബി.ജെ.പി, സി.പി.എം, സി.പി.ഐ, എന്‍.സി.പി, ബി.എസ്.പി എന്നീ പാര്‍ട്ടികളെയെല്ലാം വിധിയില്‍ പേരെടുത്തു പറഞ്ഞു. ഈ പാര്‍ട്ടികള്‍ക്കെല്ലാം കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം ലഭിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ അവയെല്ലാം വകുപ്പ് രണ്ട് (എച്ച്) അനുസരിച്ച് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരും. പൊതുമേഖലയിലുള്ള സ്ഥാപനങ്ങളിലും സംവിധാനങ്ങളിലും സുതാര്യത ഉറപ്പാക്കണമെന്നാണ് വാദം. എന്നാല്‍, ഇതിനെയെല്ലാം നിയന്ത്രിക്കുന്ന പാര്‍ട്ടികള്‍ക്കു മാത്രം സുതാര്യത ബാധകമല്ലെന്നു പറയുന്നത് ശരിയല്ലെന്നും കമ്മിഷന്‍ നിരീക്ഷിച്ചു. പൊതുസ്വഭാവത്തിലുള്ളതാണ് പാര്‍ട്ടികളുടെയെല്ലാം പ്രവര്‍ത്തനം. അതുകൊണ്ടു തന്നെ പൊതുസ്ഥാപനങ്ങളായി തന്നെ അവ പരിഗണിക്കപ്പെടുകയും വേണം. പാര്‍ട്ടികളെല്ലാം അവരുടെ ആസ്ഥാനമന്ദിരങ്ങളില്‍ പൊതുജനങ്ങള്‍ക്കു വിവരം നല്‍കാനായി ആറാഴ്ചയ്ക്കുള്ളില്‍ പ്രത്യേകം ആളുകളെ ചുമതലപ്പെടുത്തണമെന്നും കമ്മിഷന്‍ ഉത്തരവിട്ടു. കേന്ദ്ര വിവരാവകാശ കമ്മിഷണര്‍ സത്യാനന്ദ മിശ്ര, ഇന്‍ഫര്‍മേഷന്‍ കമ്മിഷണര്‍മാരായ എം.എല്‍ ശര്‍മ്മ, അന്നപൂര്‍ണ്ണ ദീക്ഷിത് എന്നിവരടങ്ങുന്ന കമ്മിഷന്റെ ഫുള്‍ ബെഞ്ചു വിധി ഒരു വലിയ പൊതുസംവാദത്തിനു തിരി കൊളുത്തുകയായിരുന്നു. വിവരാവകാശ പ്രവര്‍ത്തകരായ സുഭാഷ് ചന്ദ്ര അഗര്‍വാള്‍, അനില്‍ ബൈര്‍വാള്‍ എന്നിവരുടെ പരാതി പരിഗണിച്ചായിരുന്നു കമ്മിഷന്റെ നിര്‍ണ്ണായകവിധി. 
 
 
പിന്നീടെന്തു സംഭവിച്ചു? കേന്ദ്രഭരണം കൈയ്യാളുന്ന കോണ്‍ഗ്രസ്സ് പരസ്യമായി തന്നെ രംഗത്തു വന്നു. കോണ്‍ഗ്രസ്സിനെ ആദ്യം പരാമര്‍ശിക്കുന്നതില്‍ ഒരു വ്യക്തമായ കാരണമുണ്ട്. ഇടതുപക്ഷ പിന്തുണ ഒന്നാം യു.പി.എ സര്‍ക്കാറിന് മുഖശോഭ നല്‍കിയെങ്കിലും വികസനനേട്ടങ്ങളില്‍ നാഴികക്കല്ലായിരുന്നു, വിവരം ലഭിക്കുകയെന്നത് പൗരന്റെ അവകാശമാക്കിക്കൊണ്ടുള്ള നിയമം. തനിക്കെന്തു കൊണ്ട് റേഷന്‍ കാര്‍ഡു ലഭിക്കുന്നില്ലെന്നും പെന്‍ഷന്‍ നിഷേധിക്കുന്നുവെന്നും മറ്റുമുള്ള സാധാരണക്കാരന്റെ ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളിലെ ഏതു കിടയിലുള്ള ഉദ്യോഗസ്ഥനും ഉത്തരം നല്‍കാന്‍ ബാധ്യസ്ഥനായ നിയമം. സാധാരണ പൗരന്‍റെ വ്യക്തി സ്വാതന്ത്ര്യങ്ങള്‍ക്ക് ഒരുപാട് പരിമിതികള്‍ ഉള്ളവരാണ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളെന്നിരിക്കേ വിവരാവകാശ നിയമത്തിലൂടെ ഇന്ത്യ പുതിയൊരു വെളിച്ചം നല്‍കുകയായിരുന്നു. പത്തു രൂപയടച്ചുള്ള ഒരു ചോദ്യത്തിന് ഉത്തരം നല്‍കാന്‍ മടിച്ച ഉദ്യോഗസ്ഥനെ കോടതി കയറ്റാനും ആവശ്യമെങ്കില്‍ ശിക്ഷാനടപടിക്കുമൊക്കെ വിധേയനാക്കാന്‍ ഏതൊരു സാധാരണക്കാരനും അവകാശം നല്‍കുന്ന നിയമം. ഭരണസംവിധാനത്തില്‍ നിന്ന് താന്‍ അകന്നു നില്‍ക്കേണ്ടവനല്ല, ചേര്‍ന്നു നില്‍ക്കേണ്ടയാളാണെന്ന് പൗരബോധമുണര്‍ത്തിയ നിയമം. ഇങ്ങനെ പൗരന്മാര്‍ ചോദ്യം ചെയ്തു തുടങ്ങിയപ്പോള്‍ മൂടി വെയ്ക്കപ്പെട്ട പലതും ഉടഞ്ഞു വീണു തുടങ്ങി. പൊതുഖജനാവില്‍ കൈയ്യിട്ടു വാരിയവരുടെ വിരലടയാളങ്ങള്‍ പൊതുജനം കണ്ടു പിടിച്ചു തുടങ്ങി. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി പുര്‍ത്തി കമ്പനിക്കു വേണ്ടി കര്‍ഷകരുടെ ഭൂമി നല്‍കാന്‍ ഒത്താശ ചെയ്തതും മറ്റുമുള്ള വിവരങ്ങള്‍ വെളിച്ചത്തായത്, ഒടുവില്‍ അദ്ദേഹത്തിന് സിംഹാസനം ഒഴിയേണ്ട സാഹചര്യങ്ങള്‍ വരെയെത്തിച്ചു. ഏറ്റവുമൊടുവില്‍ ഡല്‍ഹിയിലെ വാര്‍ത്താ കോളങ്ങളില്‍ ഇടം പിടിച്ച ഗതാഗത അഴിമതിയും ഇത്തരത്തില്‍ ഒന്നായിരുന്നു. വാഹന പെര്‍മ്മിറ്റു നല്‍കാന്‍ ടെണ്ടറില്ലാതെ സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കിയതില്‍ ആയിരം കോടിയുടെ അഴിമതിയുണ്ടെന്ന് ആരോപണമുയര്‍ന്നത് ഒരു വിവരാവകാശ ഹര്‍ജിയുടെ തുടര്‍ച്ചയായിരുന്നു. സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ വിഭാഗം അന്വേഷണം തുടങ്ങിയതും ഇത്തരമൊരു പരാതിയിലായിരുന്നു. ഇങ്ങനെ സംസ്ഥാനങ്ങളില്‍ ചികഞ്ഞാല്‍ നിരത്തിവെയ്ക്കാന്‍ ഉദാഹരണങ്ങളേറെ. 
 
 
ഉടനടി നടപടി
ഇത്തരമൊരു സാഹചര്യത്തിലാണ് നിയമത്തിലെ ആര്‍ട്ടിക്കില്‍ രണ്ട് (എച്ച്) ഒരു പ്രശ്‌നമാണെന്ന് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു തോന്നിത്തുടങ്ങിയത്. പൊതുപണം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്നതിനാല്‍ പൊതുജനങ്ങളെ വിവരമറിയിക്കാനുള്ള ബാധ്യത രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കുണ്ടെന്നാണ് കമ്മിഷന്‍ ഉത്തരവിന്റെ സാരം. പൊതുജനങ്ങള്‍ക്കു മുമ്പാകെ സുതാര്യത ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം പാര്‍ട്ടികള്‍ക്കാണ്. താന്‍ വിജയിപ്പിക്കുന്ന ഒരു സ്ഥാനാര്‍ഥിക്കും പാര്‍ട്ടിക്കും എവിടെ നിന്നു പണം വരുന്നുവെന്ന് ഒരു പൗരന്‍ ചോദിച്ചു പോയെങ്കില്‍ അതൊരു തെറ്റല്ലെന്നും ഉത്തരം പറഞ്ഞിരിക്കുമെന്നാണ് നിയമപരമായുള്ള തിട്ടൂരം. സുതാര്യത എന്നതിനര്‍ഥം വരവു ചെലവു കണക്കുകള്‍ കൃത്യമായും വിശ്വസനീയമായും പൊതുജനത്തെ അറിയിക്കുകയാണ് എന്നത് ഒരു നിര്‍വ്വചനമായി നല്‍കാം. സ്വന്തം വിശ്വാസ്യത ആവര്‍ത്തിക്കുകയും മറ്റു പാര്‍ട്ടികളെ വിമര്‍ശിക്കുകയും ചെയ്യുന്ന ഒരു പാര്‍ട്ടിക്ക് ഇതെങ്ങനെ ഉറപ്പാക്കാനാവും? തങ്ങള്‍ക്കു കിട്ടിയ പണത്തിന്റെ വിശദാംശങ്ങള്‍ ജനങ്ങള്‍ക്കു മുന്നില്‍ തുറന്നു പറയുക തന്നെയാണ് അതിനുള്ള പോംവഴി. കോഴിക്കോട്ടെ മലബാര്‍ ജ്വല്ലേഴ്‌സ് നല്‍കിയ 12 ലക്ഷം രൂപയടക്കം തങ്ങള്‍ക്കു ലഭിച്ചിട്ടുള്ള സംഭാവനയുടെ വിശദാംശങ്ങള്‍ സി.പി.എം കേന്ദ്രക്കമ്മിറ്റി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. എം.പിമാരില്‍ നിന്നു പിരിച്ചെടുത്ത ലെവിയുടെ തുകയും വിശദീകരിച്ചു. എം.പിമാര്‍ തന്ന ലെവിത്തുക സി.പി.ഐയും പരസ്യമാക്കി. പാര്‍ട്ടിക്കു കിട്ടിയ സംഭാവനത്തുകയും വരവു ചെലവു കണക്കുകളും വെബ്‌സൈറ്റിലൂടെ പൊതുജനത്തെ അറിയിക്കുമെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി എസ്.സുധാകര്‍ റെഡ്ഢി കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചു. ഈ രണ്ടു പാര്‍ട്ടികളൊഴികെ മറ്റുള്ളവര്‍ സുതാര്യത ഉറപ്പാക്കാന്‍ എന്തു ചെയ്തുവെന്നു ചോദിച്ചാല്‍ അതൊരു ഇടതുപക്ഷപാതിത്വമാവില്ലല്ലോ! യാഥാര്‍ഥ്യത്തിലേയ്ക്കുള്ള വിരല്‍ചൂണ്ടല്‍ മാത്രമാണ്. കമ്മിഷന്‍ ഉത്തരവു വന്നപ്പോള്‍ അതിനെ സ്വാഗതം ചെയ്യുന്നുവെന്ന മട്ടില്‍ സുതാര്യത ഉറപ്പാക്കുമെന്നു വാദിച്ച ബി.ജെ.പി ഇതുവരെയും കണക്കുകള്‍ പരസ്യപ്പെടുത്തിയിട്ടില്ല. അത്തരമൊരു പ്രഖ്യാപനം പോലും പാര്‍ട്ടിയുടെ ഭാഗത്തു നിന്നുണ്ടായില്ല. രണ്ടാം യു.പി.എ സര്‍ക്കാരില്‍ അഴിമതിക്കേസുകളുടെ തരംഗങ്ങളില്‍ ആടിയുലഞ്ഞ കോണ്‍ഗ്രസ്സിനാവട്ടെ ഇനി സംഭാവനയുടെ കണക്കു കൂടി വെളിപ്പെടുത്തിയാലുള്ള പുകിലുകള്‍ താങ്ങാന്‍ ത്രാണിയുണ്ടായിരിക്കില്ല. അപ്പോള്‍ പ്രധാനപ്പെട്ട ഒരു മാര്‍ഗ്ഗം എല്ലാ പാര്‍ട്ടികളുടെയും വികാരം മനസ്സിലാക്കി വിവരാവകാശ നിയമം ഭേദഗതി ചെയ്യുക തന്നെയെന്ന് പാര്‍ട്ടിയും ചിന്തിച്ചിരിക്കണം. അല്ലാതെ ഇത്രയും പെട്ടെന്നു നിയമഭേദഗതി പാര്‍ലമെന്റില്‍ അവതരിപ്പിച്ച അനുഭവം സമീപകാല ചരിത്രത്തിലില്ല.
 
വിവരാവകാശ നിയമത്തിന്റെ കീഴിലായാല്‍ പാര്‍ട്ടിയുടെ ആഭ്യന്തര ചര്‍ച്ചകളും തീരുമാനങ്ങളും എതിരാളികള്‍ ഉപയോഗപ്പെടുത്താന്‍ ഇടയുണ്ടെന്നുള്ള വാദം അംഗീകരിക്കാം. പക്ഷെ, തങ്ങള്‍ക്കു ലഭിച്ചിട്ടുള്ള സംഭാവനകള്‍ പുറത്തു വിടില്ലെന്നുള്ള വാശി എന്തിനാണ്? എല്ലാം തിരഞ്ഞെടുപ്പു കമ്മിഷനു നല്‍കിയിട്ടുണ്ടെന്നുള്ള കേവലന്യായത്തില്‍ തീരുന്നതാണോ ജനങ്ങളുടെ സംശയങ്ങള്‍. ഇവിടെയാണ് സമീപകാല അഴിമതിക്കേസുകള്‍ കൂട്ടി വായിക്കപ്പെടേണ്ടത്. ഇപ്പോള്‍ പാര്‍ലമെന്റിനെ നിരന്തരം പ്രക്ഷുബ്ധമാക്കിക്കൊണ്ടിരിക്കുന്ന റോബര്‍ട്ട് വാധ്രയുടെ ഭൂമി ഇടപാടു തന്നെ ഉദാഹരണം. ഹരിയാണയിലും മറ്റും വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയെന്നാണ് ആരോപണം. സോണിയാ ഗാന്ധിയുടെ മരുമകനാണ് വാധ്ര. പ്രധാനമന്ത്രിയടക്കമുള്ള പ്രധാനികളെപ്പോലെ ഇസഡ് കാറ്റഗറി സുരക്ഷയുള്ള മിസ്റ്റര്‍ മരുമകന്‍! ഏതു കമ്പനിയിലും ഏതു സ്ഥലത്തും വാധ്ര ബിസിനസ് ഇടപാടിനു പോയാല്‍ സോണിയാ ഗാന്ധിയുടെ മരുമകനെന്ന സ്ഥാനപ്പേര് രണ്ടാം കക്ഷി മറക്കാനിടയില്ല. ഇങ്ങനെ അറിഞ്ഞോ അറിയാതെയോ കിട്ടുന്ന ആനുകൂല്യം വാധ്ര വാങ്ങിയിട്ടില്ലെന്ന് വിശ്വസനീയമാവുന്നതെങ്ങനെ? ഡി.എല്‍.എഫ് അടക്കമുള്ള വന്‍കിട റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ വാധ്രയുമായി വാണിജ്യപങ്കാളിത്തം നടത്തിയതിനെ വെറുമൊരു ബിസിനസ് ഡീല്‍ മാത്രമായി ചുരുക്കിക്കാണാവുന്നതാണോ? ഇന്ദിരാഗാന്ധി അന്താരാഷ്ട്രവിമാനത്താവളമടക്കം ഒട്ടേറെ സര്‍ക്കാര്‍ പദ്ധതികള്‍ക്കു ചുക്കാന്‍ പിടിച്ച ഇത്തരമൊരു കമ്പനി തിരിച്ചു സഹായം ലഭിക്കാതെ എന്തിന് ഇത്രയധികം പണം മുടക്കണം? 
 
 
അക്കൌണ്ടബിലിറ്റി തന്നെയാണ് കാര്യം
ഇനി മറ്റു കണക്കുകളെടുക്കാം. 2004-2011 കാലയളവില്‍ ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള ജനറല്‍ ഇലക്ട്രല്‍ ട്രസ്റ്റ് കോണ്‍ഗ്രസ്സിനു സംഭാവന നല്‍കിയത് 36.41 കോടി രൂപയും ബി.ജെ.പിക്കു നല്‍കിയത് 26.07 കോടി രൂപയുമാണ്. ടൊറന്റ് പവര്‍ എന്ന ഊര്‍ജ്ജസ്ഥാപനം നല്‍കിയത് കോണ്‍ഗ്രസ്സിന് 14.15 കോടി രൂപയും ബി.ജെ.പിക്ക് 13 കോടി രൂപയുമാണ്. ഇങ്ങനെ വന്‍കിട കമ്പനികള്‍ പാര്‍ട്ടികള്‍ക്കു നല്‍കിയ സംഭാവന പരിശോധിച്ചാല്‍ കോടിക്കണക്കിനു രൂപയുടെ കണക്കുകള്‍ ലഭിക്കും. വന്‍കിട കമ്പനികള്‍ പൊതുമേഖലാ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് വായ്പാ കുടിശ്ശിക ഇനത്തില്‍ തിരിച്ചടയ്ക്കാനുള്ളത് ആയിരക്കണക്കിന് കോടി രൂപയാണത്രേ. അത് ഒഴിവാക്കിത്തരാനോ കാലാവധി നീട്ടാനോ സര്‍ക്കാരുമായി വില പേശിക്കൊണ്ടിരിക്കുകയാണത്രേ ഈ കമ്പനികള്‍. അതു സമ്മതിച്ചു കൊടുക്കാനുള്ള ഒരുക്കത്തിലുമാണ് സര്‍ക്കാര്‍. കൃഷിയിറക്കാന്‍ വിത്തിനും വളത്തിനുമായി ബാങ്കു വായ്‌പെടുത്ത് വിളവില്ലാത്തതിനാല്‍ തിരിച്ചടയ്ക്കാന്‍ നിവൃത്തിയില്ലാതെ വിദര്‍ഭയിലും വയനാട്ടിലും ആയിരങ്ങള്‍ ജീവനൊടുക്കിയ നാട്ടിലാണ് ഇതെന്നോര്‍ക്കണം! വായ്പാ തിരിച്ചടവിന് ഒരു കാലാവധി നീട്ടിയാല്‍ ഒട്ടേറെ ജീവിതങ്ങള്‍ രക്ഷപ്പെടുമായിരുന്നു. എന്നാല്‍, കോര്‍പ്പറേറ്റുകള്‍ക്കു മുന്നില്‍ ഒരു വാതിലും അടഞ്ഞു കിടക്കുന്നില്ല. വിദേശ നിക്ഷേപത്തിന്റെ ഭാഗമായി ഇന്ത്യയില്‍ കൈക്കൂലിക്കു പണം ചെലവഴിക്കേണ്ടി വന്നതായുള്ള വെളിപ്പെടുത്തല്‍ വിവാദത്തില്‍ വാള്‍മാര്‍ട്ട് കമ്പനി അന്വേഷണം പ്രഖ്യാപിച്ച വാര്‍ത്ത നാം മറന്നിട്ടുണ്ടാവില്ല. ഒരു സഹായം നല്‍കിയാല്‍ തിരിച്ചു മറ്റെന്തെങ്കിലും ഉപകാരം ലഭിക്കുമെന്ന തത്വമാണ് ഇവിടെ പാലിക്കപ്പെടുന്നതെന്നു വ്യക്തം. ഒരു പാലമിട്ടാല്‍ വഴി രണ്ടിടത്തേയ്ക്കുമാണ്. രാഷ്ട്രീയക്കാരും കോര്‍പ്പറേറ്റുകളും തമ്മിലുണ്ടാക്കിയ ഈ വഴിയിലൂടെയാണ് അഴിമതി കടന്നു വരുന്നതെന്ന് സമീപകാല അനുഭവങ്ങള്‍ തെളിയിക്കുന്നു. ഇല്ലെങ്കില്‍, തിരിച്ചൊന്നും പ്രതീക്ഷിക്കാതെ രാജ്യത്തെ കോര്‍പ്പറേറ്റുകളും വന്‍കിടകമ്പനികളും കൈമറന്നു സഹായിക്കുന്നത് എന്തിനെന്നു ചോദിച്ചാല്‍ കൃത്യമായ ഉത്തരം നല്‍കാന്‍ പാര്‍ട്ടികള്‍ക്കാവണം. ഉത്തരങ്ങള്‍ പുതിയ ചോദ്യങ്ങളിലേയ്ക്കുള്ള വഴികാട്ടിയാവുമെന്നുള്ള അസ്വസ്ഥതകളാണ് വിവരവാകാശ നിയമത്തിലെ രണ്ടാം വകുപ്പ് എടുത്തു കളയുന്നതിനു പിന്നില്‍. 
 
 
‘ഏതെങ്കിലുമൊരു സംഘടനയോ വ്യക്തികള്‍ ചേര്‍ന്നു രജിസ്റ്റര്‍ ചെയ്യപ്പെട്ട ഒരു സംഘമോ 1951ലെ ജനപ്രാതിനിധ്യനിയമമനുസരിച്ച് രാഷ്ട്രീയപ്പാര്‍ട്ടിയായി അംഗീകരിക്കപ്പെട്ടാല്‍ അവയെ പൊതുസ്ഥാപനമോ സംവിധാനമോ ആയി പരിഗണിക്കാനാവില്ല.’ – ഇതാണ് വിവരാവകാശ (ഭേദഗതി) ബില്‍ 2013 ലെ മുഖ്യപരാമര്‍ശം. രണ്ടാം വകുപ്പിന് പ്രത്യേകം വിശദീകരണം നല്‍കിയാണ് ഈ ഭേദഗതി. ഏതെങ്കിലുമൊരു കോടതിയുടെയോ കമ്മിഷന്റെയോ വിധിക്കോ ഉത്തരവിനോ ഇതിനെ മറി കടക്കാനാവില്ലെന്നും ഭേദഗതിയില്‍ എഴുതിച്ചേര്‍ത്ത് കേന്ദ്രസര്‍ക്കാര്‍ കൗശലം കാണിച്ചു. ഇതു സംബന്ധിച്ച് പാര്‍ലമെന്റ് മറ്റൊരു നിയമമുണ്ടാക്കുന്ന കാലപരിധി വരെ ഇപ്പോഴുള്ളതു തുടരുമെന്നും ഭേദഗതി ബില്ലില്‍ അടവരയിട്ടു വ്യക്തമാക്കി. വിവരാവകാശ നിയമത്തിലെ രണ്ട് (എച്ച്) വകുപ്പ് കേന്ദ്ര വിവരാവകാശ കമ്മിഷന്‍ സ്വതന്ത്രമായി വ്യാഖ്യാനം ചെയ്തുവെന്നായിരുന്നു ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച് കേന്ദ്ര പഴ്‌സണല്‍ സഹമന്ത്രി വി.നാരായണ സ്വാമിയുടെ പ്രതികരണം. ലോക്‌സഭയില്‍ ബില്ലു ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. ചര്‍ച്ചയിലാവട്ടെ എന്തെങ്കിലുമൊരു മാറ്റവും പ്രതീക്ഷിക്കാവുന്നതല്ല. എന്നാല്‍, തങ്ങള്‍ തിരഞ്ഞെടുക്കുന്ന പാര്‍ട്ടികള്‍ ആരുടെ പണം കൊണ്ടു പ്രവര്‍ത്തിക്കുന്നുവെന്ന് ചോദിക്കാനുള്ള അവകാശം സ്ഥാപിച്ചു കിട്ടാന്‍ ഒരു പൗരന്‍ ഇനി എവിടെ പത്തു രൂപയടച്ചു ചെല്ലണം? ഈ ചോദ്യത്തിന് ഒട്ടേറെ പോരാട്ടങ്ങളായിരിക്കും ഒരുപക്ഷെ മറുപടി. കോര്‍പ്പറേറ്റു കൊള്ളയും കുംഭകോണങ്ങളും ഒരു വശത്ത്. രാജ്യത്തെ ബാങ്കുകള്‍ക്ക് 800 കോടിയിലേറെ കടവും ഉണ്ടാക്കി ആയിരക്കണക്കിന് തൊഴിലാളികളുടെ കുടുംബംങ്ങളെ പട്ടിണിയിലുമാക്കിയ വിജയ് മല്യയും ഒക്കെ നമ്മുടെ പാരലമെന്റില്‍ ഇരിക്കുന്നുണ്ട്. പഴയ രാജ സ്വത്തിന്റെ വിഹിതത്തില്‍ ജീവിക്കുന്ന ഡസന്‍ കണക്കിനു പേര്‍ വേറെയും. കൂടുതലെന്ത് പ്രതീക്ഷിക്കാന്‍! 
 

Share on

മറ്റുവാര്‍ത്തകള്‍