ടീം അഴിമുഖം
ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇകണോമിക്‌സില്‍ നിന്നും റെക്കോര്‍ഡ് വിജയുവമായാണ് 1991 ബാച്ചുകാരനായി ഗ്യാനേന്ദ്ര ബഡ്ഗയിയാന്‍ ഇന്ത്യന്‍ അഡ്മിനിസ്ട്രറ്റീവ് സര്‍വീസിലെത്തുന്നത്. തുടര്‍ന്ന് ഗ്യാനേന്ദ്ര എം.ഫില്‍ ചെയ്യാന്‍ കേംബ്രിഡ്ജ് സര്‍വകലാശാലയിലെത്തി. കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യയിലേക്ക് തിരിച്ചു വരുമ്പോള്‍ പ്രശസ്തമായ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ നേടിയ പി.എച്ച്.ഡിയും ഗ്യാനേന്ദ്രയുടെ പക്കലുണ്ടായിരുന്നു. അമര്‍ത്യാ സെന്നും ഴോന്‍ ഡ്രീസും ഒക്കെ ഇന്നത്തെ രീതിയിലേക്ക് വളരുന്നതിനുള്ള അടിത്തറ പാകിയത് ഹെല്‍സിങ്കിയിലെ യുണൈറ്റഡ് നേഷന്‍സ് യൂണിവേഴ്സിറ്റി ആയ UNU – WIDER-ലെ റിസര്‍ച്ച് ഫെലോഷിപ്പായിരുന്നു. മൂന്നു മാസം മുമ്പ് ഐ.എ.എസില്‍ നിന്ന് രാജി വച്ചിട്ട് ഹെല്‍സിങ്കിക്ക് വിമാനം കയറിയ ഗ്യാനേന്ദ്രയും അതേ ഫലോഷിപ്പുമായി ഇന്ന് അവിടെയുണ്ട്. ഒരു പക്ഷേ ഇന്ത്യയിലേക്ക് മറ്റൊരു നോബല്‍ സമ്മാനം കൊണ്ടുവരാന്‍ കഴിവുള്ളയാള്‍ എന്ന് സാമ്പത്തികശാസ്ത്ര മേഖലയില്‍ പേരെടുത്തിട്ടുള്ളയാള്‍.
ഗ്യാനേന്ദ്രയുടെ പേപ്പറുകളിലൊന്ന് യു.എന്നിന്റെ ജനസംഖ്യാ നിര്‍ണയ കണക്കുകള്‍ കണ്ടെത്തുന്ന ഫോര്‍മുലകളെ ചോദ്യം ചെയ്യുന്നതായിരുന്നു. ആഗോള തലത്തില്‍ അസമത്വ നിര്‍ണയ സൂചികകളെ പുനര്‍ നിര്‍വചിക്കാനുള്ള ശ്രമത്തിലാണ് സ്റ്റാറ്റിസ്റ്റിക്കല്‍ ഇകോണമിസ്റ്റായ ഗ്യാനേന്ദ്ര ഇപ്പോള്‍. ഗ്യാനേന്ദ്ര ഐ.എ.എസ് ഉപേക്ഷിച്ചു പോയതിന്റെ കാരണങ്ങള്‍ ചികഞ്ഞാല്‍ ഇന്ന് യു.പിയിലെ ഐ.എ.എസ് ഉദ്യോഗസ്ഥ ദുര്‍ഗ ശക്തി നാഗ്പാലിന്റെ സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ടുയര്‍ന്നിരിക്കുന്ന വിവാദങ്ങളുടെ അടിസ്ഥാന കാരണങ്ങളും കണ്ടെത്താന്‍ കഴിയും.
ഗ്യാനേന്ദ്ര ബഡ്ഗയിയാന്‍
ദുര്‍ഗയുടെ സസ്‌പെന്‍ഷന്‍
കഴിഞ്ഞയാഴ്ചയാണ് 2010 ബാച്ചുകാരിയായ ഗ്രേറ്റര്‍ നോയിഡ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ദുര്‍ഗാ ശക്തി നാഗ്പാലിനെ യു.പി സംസ്ഥാന സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്. ജൂലൈ 27-ന് കദല്‍പ്പൂരിലെ പഞ്ചായത്ത് സ്ഥലത്ത് പണിതുകൊണ്ടിരുന്ന ഒരു മോസ്‌കിന്റെ ചുറ്റുമതില്‍ ഇടിച്ചുപൊളിക്കാന്‍ പ്രദേശവാസികള്‍ക്കു തന്നെ ദുര്‍ഗ നിര്‍ദേശം നല്‍കുകയും ഇത് നടപ്പാക്കുകയൂം ചെയ്തു. പഞ്ചായത്തില്‍ നിന്ന് വാക്കാലുള്ള അനുവാദം നിര്‍മാണ പ്രവര്‍ത്തനത്തിന് ഉണ്ടെന്നു പറഞ്ഞ പ്രദേശവാസികള്‍ പരാതിയുമായി സമാജ്‌വാദി പാര്‍ട്ടി നേതൃത്വത്തിന് അരികിലെത്തുകയും, അടുത്ത നടപടി എന്നോണം സര്‍ക്കാര്‍ ദുര്‍ഗയെ സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു.
സസ്‌പെന്‍ഷനു പുറകില്‍ ഗ്രേറ്റര്‍ നോയിഡയിലെ അനധികൃത മണല്‍ ഖനന മാഫിയ ഉണ്ടെന്ന പരാതി ഉയരാന്‍ അധികം സമയമെടുത്തില്ല. കാരണം മാസങ്ങളായി ദുര്‍ഗയുടെ നേതൃത്വത്തില്‍ ഈ മാഫിയയെ തളയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയും ഇത് കുറെയൊക്കെ വിജയം കാണുകയും ചെയ്തിരുന്നു. ദുര്‍ഗയുടെ സസ്‌പെന്‍ഷന്‍ ദേശീയ രാഷ്ട്രീയത്തില്‍ വിവാദങ്ങളുണ്ടാക്കി. അലഹബാദ് ഹൈക്കോടതി ദുര്‍ഗയെ പുകഴ്ത്തുകയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഈ പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയയ്ക്കുകയും ചെയ്തു. ചട്ടപ്രകാരമുള്ള നടപടികള്‍ ഉണ്ടാകുമെന്ന് തിങ്കളാഴ്ച പ്രധാനമന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കിയെങ്കിലും ദുര്‍ഗയുടെ സസ്‌പെന്‍ഷന്‍ ശരിയാണെന്നും പിന്‍വലിക്കാന്‍ സാധ്യമല്ലെന്നുമാണ് എസ്.പി നേതാവ് മുലായം സിംഗ് യാദവും മുഖ്യമന്ത്രി അഖിലേഷ് യാദവും വ്യക്തമാക്കിയത്.
ദുര്‍ഗയുടെ സസ്‌പെന്‍ഷനും രാഷ്ട്രീയ നീക്കങ്ങളും
പൊതുതെരഞ്ഞെടുപ്പ് അടുത്തു വരികയാണ്. ദുര്‍ഗയുടെ സസ്‌പെന്‍ഷനും അതുമായി വിവിധ പാര്‍ട്ടികള്‍ കൈക്കൊണ്ടിരിക്കുന്ന നിലപാടുകളും ഇതിനോട് ചേര്‍ത്തു വായിക്കാന്‍ പറ്റുന്നതുമാണ്. അടുത്ത കേന്ദ്ര സര്‍ക്കാര്‍ ആരുടെ നേതൃത്വത്തിലായിരിക്കും എന്ന് തീരുമാനിക്കുന്നതില്‍ ഉത്തര്‍ പ്രദേശിലെ 80 സീറ്റുകള്‍ നിര്‍ണായകമായിരിക്കും. ഇവിടെ പരമാവധി സീറ്റുകള്‍ നേടുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസും ബി.എസ്.പിയും തെരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ കൈകോര്‍ത്തേക്കും എന്ന അഭ്യൂഹങ്ങള്‍ ഡല്‍ഹി രാഷ്ട്രീയത്തില്‍ കുറച്ചു ദിവങ്ങളായുണ്ട്. ഈ ധാരണകളെ ശക്തിപ്പെടുത്തുന്ന നടപടിയാണ് സോണിയാ ഗാന്ധി തന്നെ എസ്.പി സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന രീതിയില്‍ കത്തെഴുതിയത്. സര്‍ക്കാരിനെ നിലനിര്‍ത്തുന്നതില്‍ എസ്.പിയാണ് നിര്‍ണായകം എന്ന യാഥാര്‍ഥ്യം നിലനില്‍ക്കെത്തന്നെയാണ് സോണിയാ ഗാന്ധിയുടെ ഭാഗത്തു നിന്ന് ഇത്തരമൊരു നീക്കമുണ്ടായതും.
മുസ്ലീം വോട്ട് ഒറ്റയടിക്ക് നേടാനുള്ള എസ്.പിയുടെ ശ്രമങ്ങള്‍ക്ക് ദുര്‍ഗയുടെ സസ്‌പെന്‍ഷന്‍ നടപടികള്‍ സഹായകമാകുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് ഇപ്പോള്‍ എടുത്തിട്ടുള്ള തീരുമാനത്തില്‍ അവര്‍ ഉറച്ചു നില്‍ക്കുന്നതും. സമാജ്‌വാദി പാര്‍ട്ടി നേതാക്കള്‍ ദുര്‍ഗയ്‌ക്കെതിരെ ശക്തമായ ആരോപണങ്ങളുമായി ഇപ്പോള്‍ രംഗത്തുണ്ടു താനും.
അഖിലേഷ് യാദവ്
സംഭവിച്ചതിനെ കുറിച്ച് ഗ്രാമക്കാര്‍ പറയുന്നത്
ദുര്‍ഗയുടെ നടപടിയെ വാഴ്ത്തിക്കൊണ്ട് മാധ്യമങ്ങള്‍ പുറത്തു വിട്ട വാര്‍ത്തകള്‍ ശരിയല്ലെന്നു തന്നെയാണ് കദല്‍പ്പൂരിലെ ജനങ്ങള്‍ പറയുന്നത്. മോസ്‌കിന്റെ ചുറ്റുമതില്‍ മാത്രമല്ല, മോസ്‌ക് ഉണ്ടാക്കുന്നതിനുള്ള അടിസ്ഥാന നിര്‍മാണ പ്രവര്‍ത്തനങ്ങളൊക്കെ ജൂലൈ 27-ന് തകര്‍ത്തിരുന്നു. ദുര്‍ഗ ഗ്രാമീണരെ കൊണ്ട് പൊളിപ്പിച്ചു എന്ന് പറയുന്നത് തെറ്റാണെന്ന് ഗ്രാമമുഖ്യന്‍ ഷഫീഖ് ഖാനും വ്യക്തമാക്കി. റംസാന്‍ മാസം കഴിയുന്നതു വരെയെങ്കിലും പൊളിക്കരുതെന്ന് പറഞ്ഞെങ്കിലും അതൊന്നും കൂട്ടാക്കാന്‍ ദുര്‍ഗ തയാറായില്ല. വൃദ്ധരും സ്ത്രീകളുമടക്കമുള്ളവര്‍ കേണപേക്ഷിച്ചെങ്കിലും പോലീസിനെ ഉപയോഗിക്കാന്‍ തന്നെ നിര്‍ബന്ധിതയാക്കരുത് എന്ന നിലപാടാണ് അവര്‍ സ്വീകരിച്ചതെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഡല്‍ഹിക്കടുത്തുള്ള ഈ ഗ്രാമത്തിലെ 5,000-ത്തോളം വരുന്ന ജനസംഖ്യയിലെ 80 ശതമാനവും താഴ്ന്ന വരുമാനക്കാരായ മുസ്ലീം സമുദായക്കാരാണ്. ഈ ഗ്രാമത്തില്‍ ആകെയുള്ള മോസ്‌ക് ഗ്രാമത്തിന്റെ ഒരറ്റത്താണ്. ഇപ്പോള്‍ വിവാദമായിരിക്കുന്ന മോസ്‌കുമായി ഏകദേശം മൂന്നു കിലോ മീറ്ററോളം ദൂരം. ഈ സാഹചര്യത്തില്‍ പുതിയൊരു പള്ളി പണിയാനുള്ള ആലോചന 1980-കളില്‍ തന്നെയുണ്ട്. തുടര്‍ന്ന് ഗ്രാമസഭ തന്നെ ഇതിനായി ആള്‍താമസമില്ലാത്ത സ്ഥലം കണ്ടെത്തുന്നതും ഏതാനും നാള്‍ മുമ്പ് ഇവിടെ ചുറ്റുമതില്‍ പണിയുന്നതും. കഴിഞ്ഞ 10 വര്‍ഷമായി ഇവിടെ പ്രാര്‍ത്ഥനയും നടക്കുന്നുണ്ട്.
പള്ളി പണിയുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടന്നപ്പോള്‍ കോണ്‍ഗ്രസിന്റെയും എസ്.പിയുടേയും ബി.എസ്.പിയുടേയുമൊക്കെ വിവിധ നേതാക്കള്‍ ഇവിടം സന്ദര്‍ശിച്ചിരുന്നു. പള്ളി നിര്‍മിക്കുന്നതിനെ പിന്തുണച്ച ഇവരാരും ഔദ്യോഗിക അനുമതി വേണമെന്ന് തങ്ങളോട് പറഞ്ഞിട്ടില്ലെന്നും ഗ്രാമീണര്‍ പറയുന്നു. റംസാന്‍ മാസം കഴിയുമ്പോള്‍ ആവശ്യമായ എല്ലാ രേഖകളും തങ്ങള്‍ സമര്‍പ്പിക്കാമെന്ന് പറഞ്ഞിട്ടും അതൊന്നും ശ്രദ്ധിക്കുക പോലും ചെയ്യാതെ പള്ളി തകര്‍ക്കാന്‍ ദുര്‍ഗ പോലീസിന് നിര്‍ദേശം നല്‍കുകയായിരുന്നുവെന്നും ഗ്രാമീണര്‍ പറയുന്നു.
ദുര്‍ഗയുടെ ഗതിയും ഐ.എ.എസിന്റെ ഭാവിയും
യു.പിയിലെ ശക്തമായ ഖനന മാഫിയയെ തളയ്ക്കാന്‍ ദുര്‍ഗ കാണിച്ച ചങ്കൂറ്റവും അനധികൃത കൈയേറ്റം ഒഴിപ്പിക്കാനുള്ള ശ്രമങ്ങളും തീര്‍ച്ചയായും അഭിനന്ദനീയം തന്നെയാണ്. പക്ഷേ, പഞ്ചായത്തിന്റെ അറിവോടെ നിര്‍മിച്ച ഒരു മതില്‍, രേഖാമൂലമുള്ള അനുമതി ഇല്ലെന്ന കാരണത്താല്‍ പൊളിച്ചതില്‍ എത്രമാത്രം ഔചിത്യമുണ്ട് എന്നത് ആലോചിക്കേണ്ട കാര്യമാണ്. സാമുദായികമായി ഇത്രയേറെ ‘സെന്‍സിറ്റീവ്’ ആയ യു.പി പോലൊരു സംസ്ഥാനത്തിന്റെ യാഥാര്‍ഥ്യങ്ങള്‍ മനസിലാക്കിക്കൊണ്ടും അതനുസരിച്ച് തീരുമാനങ്ങള്‍ എടുക്കാനുമുള്ള പക്വതയായിരുന്നു ദുര്‍ഗയെ പോലെ മിടുക്കിയായ ഒരു ഉദ്യോഗസ്ഥ അവിടെ കാണിക്കേണ്ടിയിരുന്നത്. കാരണം, ഖനന മാഫിയ അടക്കമുള്ളവര്‍ക്കെതിരെ അവര്‍ സ്വീകരിച്ച നടപടികള്‍ സര്‍ക്കാരിന് കോടിക്കണക്കിന് രൂപയുടെ വരുമാനം കൊണ്ടുവരിക മാത്രമല്ല ചെയ്തത്, ഭരണ സംവിധാനത്തില്‍ സാധാരണക്കാര്‍ക്കുളള വിശ്വാസം വര്‍ധിപ്പിക്കുക കൂടിയാണ് ചെയ്തത്.
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി ‘കണ്ണുവച്ചിട്ടുള്ള’ സംസ്ഥാനങ്ങളിലൊന്നാണ് യു.പി. മോദി വാരണാസിയില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചേക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. മോദിയുടെ വലംകൈയായ അമിത് ഷായ്ക്കാണ് യു.പിയുടെ ചുമതല. ഇതിനകം തന്നെ അയോധ്യ അടക്കമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ച അമിത് ഷാ ഹിന്ദുത്വ അജണ്ട സംസ്ഥാനത്ത് വീണ്ടും സജീവമാക്കാനുമുള്ള ശ്രമത്തിലാണ്. ചെറിയൊരു തീപ്പൊരി മതി ഈ സംസ്ഥാനത്തും അതിന്റെ ബാക്കിയെന്നോണം രാജ്യമെമ്പാടും ചോരപ്പുഴയൊഴുകാന്‍. അത്രയേറെ പ്രശ്‌നങ്ങള്‍ നിറഞ്ഞ ഒരു സംസ്ഥാനമാണ് യു.പി. കഴിഞ്ഞ 10 വര്‍ഷമായി പ്രദേശവാസികള്‍ ആരാധിക്കുന്ന ഒരു സ്ഥലം ഔദ്യോഗിക രേഖകള്‍ ഇല്ലെന്നതിന്റെ പേരില്‍ ഒരു സുപ്രഭാതത്തില്‍ പോലീസിനെ ഉപയോഗിച്ച് പൊളിക്കുന്നതിനു മുമ്പ് ഇത്തരം കാര്യങ്ങള്‍ കൂടി മനസിലാക്കാനുള്ള പക്വതയായിരുന്നു ദുര്‍ഗയെ പോലൊരു ഉദ്യോഗസ്ഥ കാണിക്കേണ്ടിയിരുന്നത്. അത് ദുര്‍ഗയുടെ ഭാഗത്തു നിന്നുണ്ടാകാതെ പോവുകയും സമാജ്‌വാദി പാര്‍ട്ടി അതിനെ രാഷ്ട്രീയമായി ഉപയോഗിക്കുകയൂം ചെയ്തു എന്നതാണ് യാഥാര്‍ത്ഥ്യം. ഇപ്പോള്‍ സന്തോഷിക്കുന്നവരില്‍ മണല്‍ മാഫിയയും ഉണ്ടാകും.
നരേന്ദ്ര മോദി
ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് ഇന്നും ഏറെ ഫ്യൂഡല്‍ പ്രവണതകളുള്ള ഒരു ‘എലീറ്റ്’ ഉദ്യോഗമാണ്. തങ്ങളുടെ 20-കളില്‍ ഏറെ ബുദ്ധിമുട്ടുള്ള ഒരു പരീക്ഷ പാസായി മസൂറിയിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി അക്കാദമിയില്‍ പരിശീലനത്തിന് എത്തുന്ന ഇവരില്‍ ഏറെപ്പേര്‍ക്കും ഈ പദവി എന്നത് വ്യക്തിപരമായ നേട്ടങ്ങള്‍ക്കുള്ള ഒരു ചവട്ടുപടി മാത്രമാണ്. അതുകൊണ്ടു തന്നെയാണ് പല ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കും കിട്ടാവുന്ന സ്ത്രീധനവും കൈക്കൂലിയും കള്ളപ്പണവുമൊക്കെ അവരുടെ സാധാരണ സ്വപ്നങ്ങളിലും പ്രവര്‍ത്തികളിലും നിറഞ്ഞു നില്‍ക്കുന്നത്. ചുവന്ന ലൈറ്റ് വച്ച കാറില്‍ മമ്മൂട്ടിയുടെ ‘ജോസഫ് അലക്‌സ്’ സ്‌റ്റെലില്‍ ചെന്നിറങ്ങേണ്ട ബോസ് അല്ലെന്ന ബോധമുള്ള പുതിയ ഐ.എ.എസ് സെന്‍സിബിലിറ്റി ഇന്ത്യക്ക് അത്യാവശ്യമായിരിക്കുകയാണ്. തങ്ങള്‍ ജനങ്ങളുടെ സേവകരാണെന്നും കക്കൂസും ആഹാരവും കിടപ്പാടവുമില്ലാതെയും നിയമമോ നിയമ പാലകരോ തങ്ങളെ രക്ഷിക്കുമെന്ന ധാരണ പോലുമില്ലാതെ ജീവിക്കുന്ന അമ്പതു ശതമാനത്തിലേറെ വരുന്ന രാജ്യത്തെ ജനങ്ങള്‍ക്കും തങ്ങള്‍ ആശ്രയമാകേണ്ടതാണെന്ന ബോധം കുടി ഉള്ള ഐ.എ.എസുകാരാണ് നമുക്ക് വേണ്ടത്.
സോണിയ ഗാന്ധി
അങ്ങനെയുള്ളവര്‍ ഇല്ല എന്നല്ല പറഞ്ഞു വരുന്നത്. ഒരുപക്ഷേ ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്ന വ്യോമയാന മേഖലയിലെ വമ്പന്മാരെയൊക്കെ വരച്ചവരയില്‍ നിര്‍ത്തിയ ഭരത് ഭൂഷണും മന്ത്രിയുടെ തലയ്ക്കു മീതെയാണെങ്കിലും ശരിക്കു വേണ്ടി നിലകൊള്ളുന്ന കേശവേന്ദ്ര കുമാറും ഒക്കെ അടങ്ങുന്ന ഒരു ചെറിയ ശതമാനം ഇവിടെ കണ്ടേക്കാം. പക്ഷേ രാജ്യത്തെ ഭരണ സംവിധാനത്തിലും മറ്റു മേഖലകളിലും ഒക്കെ മാറ്റങ്ങള്‍ വന്നു കൊണ്ടിരിക്കുമ്പോഴും ആ രീതിയിലൊരു മാറ്റങ്ങള്‍ എത്തിയിട്ടില്ലാത്ത ഒരു സര്‍വീസാണ് ഐ.എ.എസ്. അഡ്മിനിസ്‌ട്രേറ്റീവ് മേഖലയില്‍ ഏറെ ബഹുമാനിക്കപ്പെടുന്ന ബി.എസ് ബാസ്വാന്‍ മസൂറി അക്കാദമിയുടെ ഡയറക്ടര്‍ ആയിരുന്ന കാലത്ത് നടത്തിയ ഒരു പഠനത്തില്‍ ഈയൊരു യാഥാര്‍ഥ്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഐ.എ.എസ് എന്ന സ്‌പെഷ്യലൈസേഷന്‍ ഇല്ലാത്ത സര്‍വീസ് അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇല്ലാതായേക്കും എന്നായിരുന്നു ഇതിലെ പ്രധാന കണ്ടെത്തല്‍. അതിനു കാരണം ലൈസന്‍സ് രാജില്‍ നിന്ന് റെഗുലേറ്ററി റോളിലേക്ക് സര്‍ക്കാര്‍ സംവിധാനം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരത്തില്‍ സ്‌പെഷ്യലൈസ്ഡ് ആയിട്ടുള്ള ടെക്‌നോക്രാറ്റുകളെയായിരിക്കും വേണ്ടതെന്നാണ് ആ പഠനം ചൂണ്ടിക്കാട്ടിയത്.
ഭരണ സംവിധാനം താഴേത്തട്ടിലേക്ക് എത്തുന്നതിലെ നിര്‍ണായക പോയിന്റാണ് കളക്ടര്‍മാരും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റര്‍മാരും. ഭരണ സംവിധാനം എന്നു പറയുന്നത് കളക്ടര്‍ മുതല്‍ തഴോട്ടുളള ഉദ്യോഗസ്ഥ വൃന്ദമാണ് – രാഷ്ട്രീയക്കാരെ ഒഴിച്ചു നിര്‍ത്തിയാല്‍ സാധാരണ ജനങ്ങള്‍ക്ക് ‘സര്‍ക്കാര്‍’ എന്നാല്‍ അവരാണ്. സ്വാതന്ത്ര്യത്തിനു ശേഷം ഇത്ര വര്‍ഷം കഴിഞ്ഞിട്ടും ഇന്ത്യയില്‍ പട്ടിണി മരണവും പോഷകാഹാര കുറവു മൂലം കുട്ടികള്‍ മരിക്കുന്നതും കിടപ്പാടമില്ലാത്തവരും ശരിയായ ശുചിത്വ സംവിധാനങ്ങള്‍ ഇല്ലാതെ നരകിക്കുന്നവരും ഒക്കെയുള്ളതിന് ഈ ഐ.എ.എസ് സംവിധാനത്തിനും പ്രധാന ഉത്തരവാദിത്തമുണ്ട്. കാരണം രാജ്യത്തെ സാമൂഹിക ക്ഷേമ പദ്ധതികളൊക്കെ സാധാരണക്കാരിലേക്ക് എത്തണമെങ്കില്‍ അതിന് ഈ ഐ.എ.എസ് ശ്രേണി നിയന്ത്രിക്കുന്ന സംവിധാനം ശരിയായി പ്രവര്‍ത്തിക്കുക തന്നെ വേണം. ഇത് ഇന്നും ശരിയായി നടപ്പാകുന്നില്ല എന്നതാണ് ആസൂത്രണ കമ്മീഷന്റെ 2009-ലെ പഠനം കാണിക്കുന്നത് – അതായത് പൊതുവിതരണ സമ്പ്രദായത്തിലെ ഒരു രൂപയില്‍ 16 പൈസ മാത്രമേ സാധാരണക്കാരില്‍ എത്തുന്നുള്ളൂ.

അശോക് ഖേംക
ഇന്ത്യ എന്ന വിചിത്രമായ കലര്‍പ്പിനെ കൂട്ടിക്കെട്ടുന്നതിന്റെ പ്രധാന ചട്ടക്കൂടു തന്നെയാണ് ഐ.എ.എസ് സംവിധാനം. പക്ഷേ കഴിഞ്ഞ കുറെ കാലമായി അധാര്‍മിക രാഷ്ട്രീയത്തിന്റെ ചാണക്യന്മാരായി മാറിക്കൊണ്ടിരിക്കുകയാണ് ഐ.എ.എസുകാരില്‍ പലരും. അടുത്ത കാലത്തായി പുറത്തു വന്നിട്ടുള്ള പ്രധാനപ്പെട്ട ഏതു കുംഭകോണങ്ങളിലാണെങ്കിലും – 2ജി, ആദര്‍ശ്, കല്‍ക്കരി ബ്ലോക്ക് – ഐ.എ.എസ് ഉദ്യോഗസ്ഥര്‍ തിരിമറികള്‍ക്ക് കൂട്ടു നില്‍ക്കുക മാത്രമല്ല, അതിന്റെ സൂത്രധാരകര്‍ കൂടിയാണെന്ന് സ്പഷ്ടം. ഇതിനൊന്നും കൂട്ടുനില്‍ക്കാത്ത ദുര്‍ഗയെ പോലുള്ള അന്തസുള്ള ഉദ്യോഗസ്ഥര്‍ അനാവശ്യമായ ഐ.എ.എസ് ഗര്‍വിന്റെ അടിമകളാകാതിരിക്കേണ്ടതുണ്ട്. അങ്ങനെയൊരു ബോധം ചിന്തയിലും പ്രവര്‍ത്തിയിലും കൊണ്ടുവരാതിരിക്കുന്നതു കൊണ്ടാണ് വോട്ട് ബാങ്ക് മാത്രം ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഇപ്പോഴത്തെ തമ്മില്‍ തല്ലിന് അവര്‍ മൂലം ഇടം കിട്ടുന്നത്. അശോക് ഖേംകെ എന്ന ഐ.എ.എസ് ഉദ്യോസഗസ്ഥന്‍ റോബര്‍ട്ട് വാധ്രയുടെ സ്ഥലക്കച്ചവടത്തിനെതിരെ നടപടി എടുത്തപ്പോള്‍ ആ ഉദ്യോഗസ്ഥനെ രായ്ക്കുരാമാനം പറപ്പിച്ചു കൊണ്ടാണ് ഹരിയാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതികരിച്ചത്. അന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയോ സോണിയാ ഗാന്ധിയോ പ്രധാനമന്ത്രി പോലുമോ പ്രതികരിച്ചു കണ്ടില്ല.
ഗ്യാനേന്ദ്രയുടെ വിടവാങ്ങല്‍
പ്രിന്‍സ്റ്റണില്‍ നിന്ന് പി.എച്ച്.ഡിയുമായി തിരിച്ചെത്തിയ ഗ്യാനേന്ദ്രയെ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ ടൂറിസം സെക്രട്ടറിയായാണ് സര്‍ക്കാര്‍ പോസ്റ്റ് ചെയ്തത്. സാമ്പത്തികശാസ്ത്രത്തില്‍ അദ്ദേഹത്തിനുള്ള മിടുക്ക് പരിഗണിക്കാനോ അതനുസരിച്ച് അദ്ദേഹത്തെ ഉപയോഗപ്പെടുത്താനോ ഉള്ള യാതൊരു ശ്രമവും ഐ.എ.എസ് കേഡര്‍ ഭരിക്കുന്ന പഴ്‌സണല്‍ മന്ത്രാലയത്തില്‍ നിന്നുണ്ടായില്ല. ഗ്യാനേന്ദ്ര മാത്രമല്ല, അന്തസുള്ള ഒരുദ്യോഗസ്ഥനും രാഷ്ട്രീയ നേതൃത്വത്തിന്റെ കനിവു കൊണ്ട് മെച്ചപ്പെട്ട പദവിക്കു വേണ്ടി ശ്രമിച്ചേക്കില്ല. ഗ്യാനേന്ദ്രയെ അവഹേളിച്ചത് പഴ്‌സണല്‍ മന്ത്രാലയം ഭരിക്കുന്നവരും അതിന്റെ നാഡികളായ ഐ.എ.എസ് ഉദ്യോഗസ്ഥരും തന്നെയാണ്. ഇങ്ങനെ മെറിറ്റിന് യാതൊരു വിധ ബഹുമാനവും കൊടുക്കാത്ത വ്യവസ്ഥയില്‍ ഗ്യാനേന്ദ്രയെ പോലുള്ളവര്‍ക്ക് അധികകാലം തുടരാന്‍ ആവില്ല. ഫലം ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന് അദ്ദേഹത്തെ പോലെ മിടുക്കനായ ഒരുദ്യേഗസ്ഥനെ നഷ്ടപ്പെട്ടു.
ഭരിക്കുന്ന മന്ത്രിയോടല്ല, ഭരണഘടനയോടാണ് കൂറ് വേണ്ടതെന്ന തിരിച്ചറിവാണ് ആദ്യമായി ഐ.എ.എസുകാര്‍ക്ക് ഉണ്ടാകേണ്ടത്. അതിനൊപ്പം, ഇതൊരു ജനാധിപത്യമാണെന്നും ജനങ്ങളോടുള്ള വിധേയത്വമാണ് വേണ്ടതെന്നുമുള്ള തിരിച്ചറിവും അവര്‍ക്കുണ്ടാകണം. അധികാര രാഷ്ട്രീയത്തില്‍ എന്തും എപ്പോഴും സംഭവിക്കാമെന്നും തങ്ങളെ ഉപയോഗപ്പെടുത്തുമെന്നും അറിയാനുള്ള വിവേകം കൂടി ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാകണമെന്ന പാഠമാണ് ദുര്‍ഗ സംഭവം നല്‍കുന്നത്.