Continue reading “തല പുകയ്‌ക്കാന്‍ ഒരു ദിനം!”

" /> Continue reading “തല പുകയ്‌ക്കാന്‍ ഒരു ദിനം!”

"> Continue reading “തല പുകയ്‌ക്കാന്‍ ഒരു ദിനം!”

">

UPDATES

ഓഫ് ബീറ്റ്

തല പുകയ്‌ക്കാന്‍ ഒരു ദിനം!

                       

പൗരലേഖകന്‍

 

കുട്ടിക്കാലത്ത്‌ അച്ഛന്‍ അടുത്തു വരുമ്പോള്‍, സ്‌നേഹം മൂത്ത്‌ കെട്ടിപ്പിടിച്ച്‌ ഉമ്മ വെയ്‌ക്കുമ്പോള്‍ ബീഡിയുടെ മണമായിരുന്നു. മീശരോമങ്ങള്‍ക്കിടയിലൂടെ താളമിട്ടൊഴുകിയ ശ്വാസത്തില്‍ ബീഡിയുടെ ഉന്മത്തമണം വരുമ്പോള്‍ കൊതിയായിരുന്നു. വലുതായാല്‍ അച്ഛനെപ്പോലെ ബീഡി വലിക്കണമെന്ന മോഹം. ഷര്‍ട്ടിന്റെ പോക്കറ്റിലോ ഉടുമുണ്ടിന്റെ തുമ്പില്‍ കെട്ടി അരയില്‍ ഇറുക്കിവെച്ചോ ബീഡിയും ഒട്ടകചിത്രമുള്ള തീപ്പെട്ടിയും അച്ഛന്‍ സൂക്ഷിച്ചുവെച്ചു. ബീഡിയെക്കുറിച്ചു ചോദിച്ചപ്പോള്‍ അച്ഛന്‍ അഭിമാനത്തോടെ പറഞ്ഞു. “നായനാരും സഖാക്കളുമൊക്കെ വലിക്കുന്ന ദിനേശ്‌ ബീഡിയാ മോനേ“. നാടു നന്നാക്കാന്‍ നടക്കുന്ന വിപ്ളവകാരികളുടെ അടയാളവും ആരെയും കൂസാത്ത പൗരുഷത്തിന്റെ മണവുമായി ആ ബീഡിക്കെട്ടുകള്‍. ദിനേശ്‌ ബീഡി വലിച്ചു കൊണ്ടിരിക്കുമ്പോള്‍ അച്ഛനും ഒരു നായകനെപ്പോലെ തോന്നിച്ചു. 

ഗള്‍ഫില്‍ നിന്നും അമ്മാവന്‍ വരുമ്പോള്‍ പനാമ സിഗരറ്റു വലിച്ച്‌ അച്ഛന്‍ തലയെടുപ്പോടെ വലിച്ചതും കാണാന്‍ രസമായിരുന്നു. പട്ടിന്റെ നിറമുള്ള അടിയില്‍ക്കെട്ടും വെളുത്തുനീണ്ട ചുരുളും അതില്‍ നിറച്ച കാപ്പിനിറമുള്ള പുകയിലയും. വലിക്കുമ്പോള്‍ മിന്നിത്തിളങ്ങുന്ന തീവെട്ടത്തില്‍ പുകച്ചുരുളുകള്‍ ആകാശത്തേയ്‌ക്കുയരും. പനാമ വലിച്ചു തീരുന്നതു വരെ അല്‍പ്പനേരത്തേയ്‌ക്കെങ്കിലും അച്ഛനൊരു മുതലാളിയെപ്പോലെ തോന്നിച്ചു. അച്ഛനൊപ്പം ഞാനും അഭിമാനിച്ചു! 
ഇപ്പോള്‍ അച്ഛനു പുകവലിയില്ല. ചുമയും ശ്വാസം മുട്ടുമൊക്കെ വന്ന്‌ ഡോക്ടര്‍ പറഞ്ഞതനുസരിച്ച്‌ നിര്‍ത്തി. ഇപ്പോള്‍ കമ്മ്യൂണിസ്‌റ്റ്‌ പാര്‍ട്ടിക്കാര്‍ പോലും ബീഡി വലിക്കാത്തതു കാണുമ്പോള്‍ കാലം മാറിയെന്ന ഒരു തോന്നല്‍. ചുണ്ടില്‍ സിഗരറ്റ്‌ പുകച്ചു നടക്കുന്ന കമ്മ്യൂണിസ്റ്റുകാരെ കാണുമ്പോള്‍ പണ്ടത്തെപ്പോലെ, എന്റച്ഛനെയൊക്കെപ്പോലെ വിപ്ളവകാരിയുടെ ഒരു ലുക്കില്ല. ബീഡിവലി നിര്‍ത്തിയപ്പോള്‍ അച്ഛന്റെ മണം പോയല്ലോയെന്ന ദു:ഖം മനസ്സിനെ അലട്ടിയിരുന്നു. പക്ഷെ, അല്‍പ്പം പത്രവായനയും ഇന്റര്‍നെറ്റു പരതലുമൊക്കെ തുടങ്ങിയപ്പോള്‍ കണ്‍മുന്നില്‍ നിറയെ അപായചിത്രങ്ങള്‍. പത്രത്തിലും കമ്പ്യൂട്ടര്‍ താളിലുമൊക്കെ പരസ്യമായും വാര്‍ത്തയായുമൊക്കെ വിവരങ്ങളറിയുമ്പോള്‍ തലപുകഞ്ഞു ചിന്തിച്ചു. അച്ഛനെപ്പോലെ ബീഡി വലിക്കാരനാവാനുള്ള മോഹം പാടേ ഉപേക്ഷിച്ചു. അച്ഛന്റെ മണമായിരുന്ന ദിനേശ്‌ ബീഡിയും നാടു നീങ്ങിയ പോലെ.

 

 

ഈ ദിവസം അതോര്‍ക്കാതിരിക്കാന്‍ തന്നെ വയ്യ. മേയ്‌ 31, എല്ലാ വര്‍ഷം ലോക പുകയിലവിരുദ്ധദിനമായി ആചരിക്കുന്നു. ഇന്നെങ്കിലും പുകവലിയെക്കുറിച്ച്‌ ഒന്നിരുത്തി ചിന്തിച്ചില്ലെങ്കില്‍ മനുഷ്യനായിട്ടെന്തു കാര്യമെന്നാണ്‌ അത്ഭുതം.! 
പുകയിലവിരുദ്ധ ദിനമായി മേയ്‌ 31 ആചരിക്കപ്പെടുന്നതിന്‌ തീര്‍ച്ചയായും എന്തെങ്കിലും കാരണമുണ്ടാവും. അതു ചികഞ്ഞെടുത്താല്‍ മാത്രം പ്രശ്‌നം തീരുന്നില്ലല്ലോ. ഇന്ത്യയില്‍ ദിവസവും 2500 പേര്‍ പുകവലി മൂലം മരിക്കുന്നുണ്ടെന്നാണ്‌ ഒടുവിലത്തെ കണക്കുകള്‍. നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ്‌ ടുബാക്കോ ഇറാഡിക്കേഷന്‍ (നോട്ട്‌) ജനറല്‍ സെക്രട്ടറി ശേഖര്‍ സല്‍ക്കാറിന്റേതാണ്‌ ഈ വെളിപ്പെടുത്തല്‍. രാജ്യത്തെ പത്തിലൊരു മരണത്തിന്റെ കാരണം പുകവലിയാണത്രേ! ലോകത്തില്‍ അഞ്ചു കോടിയോളം ജനങ്ങള്‍ എല്ലാവര്‍ഷവും പുകവലിയെ തുടര്‍ന്നുള്ള രോഗങ്ങളാല്‍ മരിക്കുമ്പോള്‍ ഇതില്‍ അഞ്ചാം സ്ഥാനമാണ്‌ ഇന്ത്യയെന്ന്‌ ഗ്ളോബല്‍ അഡള്‍ട്ട്‌ ടുബാക്കോ സര്‍വ്വേ (ഗാട്ട്‌സ്‌) ചൂണ്ടിക്കാട്ടുന്നു. ഇതൊക്കെ കേള്‍ക്കുമ്പോള്‍ നമ്മുടെ ‘വലി’ വലുതു തന്നെയാണെന്ന്‌ ബോധ്യമാവുന്നു. ആസ്‌ത്മ, ബ്രോങ്കൈറ്റീസ്‌, ക്യാന്‍സര്‍, ഹൃദയാഘാതം എന്നിവയാണ്‌ പുകവലി വരുത്തി വെയ്‌ക്കുന്ന രോഗങ്ങള്‍. അറപ്പുളവാക്കുകയും പേടിപ്പെടുത്തുകയുമൊക്കെ ചെയ്യുന്ന സിഗരറ്റുപായ്‌ക്കറ്റുകളിലെ മുന്നറിയിപ്പു ചിത്രങ്ങള്‍ ഏറെ ഗുണം ചെയ്‌തിട്ടുണ്ടെന്നാണ്‌ ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തല്‍. കുട്ടികളും ചെറുപ്പക്കാരുമടങ്ങുന്ന വലിയ വിഭാഗത്തിനിടയില്‍ പുകവലിയോടു താല്‍പര്യം കുറയാന്‍ ഇതൊക്കെ കാരണങ്ങളായത്രേ. ശരാശരി 15 വയസ്സോടെ പലരും പുകവലി തുടങ്ങുന്നതിനാല്‍ മുളയിലേ നുള്ളിക്കളയാന്‍ ഈ ചിത്രങ്ങളൊക്കെ സഹായിക്കുന്നു. 


മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ ചെയ്യുന്നതു കണ്ട്‌ ഒന്നു വലിച്ചാല്‍ കൊള്ളാമെന്നു തോന്നി പുകവലി ശീലമാക്കിയവരും കേരളത്തില്‍ തീരെക്കുറവല്ല. ഇതൊക്കെ യുവാക്കള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കിയിട്ടുണ്ടെന്നാണ്‌ വളണ്ടറി ഹെല്‍ത്ത്‌ ഓര്‍ഗനൈസേഷന്‍ എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍ ഭാവന മുഖോപാധ്യയയുടെ വിലയിരുത്തല്‍. എന്നാല്‍, ഇതേ നായകര്‍ പുകവലിവിരുദ്ധ പ്രചാരണത്തില്‍ പങ്കാളിയാവുമ്പോള്‍ അതും ജനങ്ങളില്‍ സ്വാധീനമുണ്ടാക്കും. വലിക്കുന്ന സീനുകള്‍ സിനിമയില്‍ കാണുമ്പോള്‍ പുകവലി ഹാനികരമാണെന്ന്‌ എഴുതിക്കാണിക്കുന്നത്‌ ചെറിയ കാര്യമേയല്ല. എന്നാല്‍, കൂടുതല്‍ ശ്രമങ്ങള്‍ പുകവലി തടയാന്‍ ഉണ്ടാവണമെന്നാണ്‌ വിദഗ്‌ധമതം. ഇതിനു സിനിമാതാരങ്ങള്‍ തന്നെ രംഗത്തിറങ്ങിയാല്‍ ഏറെ നന്നാവുമായിരുന്നു. 


എന്തിനാണ്‌ പുക വലിക്കുന്നത്‌? ചിലര്‍ക്ക്‌ വെറുതെ ഒരു രസം. ചിലര്‍ക്ക്‌ ടെന്‍ഷനകറ്റാന്‍. ചിലര്‍ക്ക്‌ തങ്ങള്‍ പുരുഷന്മാരും പക്വതയുള്ളവരുമായെന്ന്‌ സ്വയം ബോധ്യപ്പെടുത്താന്‍. ഇങ്ങനെ പല കാരണങ്ങളുണ്ട്‌. രാത്രി മുഴുവന്‍ പഠിക്കാന്‍ കഴിയുമെന്നാണ്‌ ചില വിദ്യാര്‍ഥികള്‍ പുകവലിക്കുന്നതിന്‌ പറഞ്ഞ ന്യായീകരണം. സൗഹൃദങ്ങളും പ്രണയവും തകരുമ്പോള്‍ സിഗരറ്റു വലിയിലേയ്‌ക്കു തിരിയുന്നവര്‍ ധാരാളമുണ്ട്‌. എല്ലാം തകര്‍ന്ന സ്ഥിതിക്ക്‌ ഇനിയെന്തിന്‌ ആരോഗ്യം നോക്കണമെന്നാണ്‌ ഇക്കൂട്ടരുടെ ചിന്ത. ഒരു പെഗ്ഗുമായിരിക്കുമ്പോള്‍ സിഗരറ്റില്ലാതെയെങ്ങനെ എന്ന അസ്ഥിത്വപ്രശ്‌നം അലട്ടുന്നവരും തീരെക്കുറവല്ല. പക്ഷെ, പുകവലിയില്‍ ഒരു കാര്യവുമില്ലെന്ന്‌ അതിനു കീഴ്‌പ്പെട്ടവര്‍ തന്നെ സമ്മതിക്കുന്നതാണ്‌ മറുപുറം. 
 

നിര്‍ത്തണമെന്നു വിചാരിച്ചാല്‍ പോലും പറ്റുന്നില്ലെന്നു പറയുന്നവരോട്‌ സ്‌നാപ്പ്‌ ഫിറ്റ്‌നസ്‌ ഇന്ത്യയിലെ ന്യൂട്രീഷ്യനിസ്റ്റ്‌ അന്നപൂര്‍ണ്ണ അഗര്‍വാള്‍ ഒരു കുറുക്കുവിദ്യ പറഞ്ഞു തരും. വീട്ടിലെ റഫ്രിജറേറ്ററിനോട്‌ കൂടുതല്‍ അടുക്കുക. പുകവലിക്കുന്നതിനു മുമ്പ്‌ പാല്‍ കുടിക്കുക. അല്ലെങ്കില്‍ ക്യാരറ്റ്‌ തിന്നുക. ഇതു ചെയ്‌താല്‍ വായില്‍ ഒരു കയ്‌പുരസം തോന്നി പുകവലിക്കാനുള്ള ത്വര ഇല്ലാതാവുമെന്ന്‌ അന്നപൂര്‍ണ്ണ പറയുന്നു. പതിയെപ്പതിയെ പുകവലി ഇല്ലാതായിക്കൊള്ളുമെന്ന്‌ ഉറപ്പ്‌. നാരങ്ങ, ഓറഞ്ച്‌, നെല്ലിക്ക തുടങ്ങിയ വിറ്റാമിന്‍ സി അടങ്ങിയ സാധനങ്ങള്‍ വന്‍തോതില്‍ കഴിക്കുന്നത്‌ പുകവലിക്കാനുള്ള താല്‍പര്യം കുറയ്‌ക്കും. ചിപ്‌സ്‌, അച്ചാര്‍ തുടങ്ങീ ഉപ്പുരസം കൂടുതലുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ കഴിക്കുന്നതും പുകവലി തടയും. ഇതൊക്കെ ചെയ്യണമെങ്കില്‍ സ്വന്തം തീരുമാനവും കുടുംബത്തിന്റെയൊക്കെ പിന്തുണയുമുണ്ടാവണമെന്നാണ്‌ വിദഗ്‌ധരുടെ ഉപദേശം.

 

 


പക്ഷെ, സര്‍ക്കാര്‍ ഗൗരവമായി ശ്രമിക്കാതെ പുകവലി തടയാന്‍ കാര്യമായി മാര്‍ഗ്ഗങ്ങളൊന്നുമില്ല. പുകയിലക്കൃഷി നിര്‍ത്തി മറ്റെന്തെങ്കിലും ചെയ്യാന്‍ കര്‍ഷകരെ പ്രോത്സാഹിപ്പിക്കണമെന്ന്‌ മുഖോപാധ്യായ പരിഹാരം നിര്‍ദ്ദേശിക്കുന്നു. പുകയില കൃഷിയില്‍ നിന്നു മാറി മറ്റു കൃഷികളിലേയ്‌ക്കു തിരിയുന്നവര്‍ക്ക്‌ പ്രത്യേകം ആനുകൂല്യം നല്‍കണം. ഇല്ലെങ്കില്‍, പുകയില കര്‍ഷകരുടെ ആത്മഹത്യയ്‌ക്കും രാജ്യം സാക്ഷിയാവേണ്ടി വരും. പുകയില പോലുള്ളവ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ എന്തെങ്കിലും ചെയ്‌തെങ്കിലേ ഫലമുണ്ടാവൂ. മധ്യപ്രദേശ്‌ സര്‍ക്കാര്‍ ഗുഡ്‌ക നിരോധിച്ചപ്പോള്‍ കേരളം, ഡല്‍ഹി, മിസോറം, ഗുജറാത്ത്‌ രാജസ്ഥാന്‍, ബീഹാര്‍, മഹാരാഷ്ട്ര, ഹരിയാണ, ഛത്തീസ്‌ഗഢ്‌, ജാര്‍ഖണ്ഡ്‌, തമിഴ്‌നാട്‌ എന്നീ സംസ്ഥാനങ്ങളൊക്കെ അതു പിന്തുടര്‍ന്നു. പുനരധിവാസകേന്ദ്രങ്ങള്‍ കൂടുതലായി തുറക്കുന്നതും ഒരു പരിധി വരെ സഹായകമാവുമെന്ന്‌ മാധ്യമപ്രവര്‍ത്തകനായ നതാലിയ നിങ്‌തോജം നിര്‍ദ്ദേശം മുന്നോട്ടു വെയ്‌ക്കുന്നു. 
 

പുകയിലവിരുദ്ധദിനത്തില്‍ ആരും ജീവിതത്തെ മാറ്റിമറിക്കുന്ന തീരുമാനമെടുക്കുമെന്ന്‌ പ്രതീക്ഷിക്കേണ്ടതില്ല. എന്നാല്‍, സ്വന്തമായി ഒരു സിഗരറ്റു വലിക്കുമ്പോള്‍ അതിന്റെ പുക അന്തരീക്ഷത്തില്‍ വ്യാപിച്ച്‌ മറ്റുള്ളവരുടെ ശരീരത്തിലേയ്‌ക്കും പ്രവേശിക്കുന്നുണ്ടെന്ന്‌ തിരിച്ചറിയണം. അതുകൊണ്ടു തന്നെ ഒരു വലിയില്‍ തീരുന്നത്‌ അവനവന്റെ ആരോഗ്യം മാത്രമല്ല, അയല്‍ക്കാരന്റെയും അടുത്തുള്ളവരുടെയുമൊക്കെ ജീവനും അതു ഭീഷണിയാവുന്നു. പുകയിലവിരുദ്ധദിനം പുകവലി നിര്‍ത്താനുള്ളതല്ല. ആരും അങ്ങനെ തെറ്റിദ്ധരിക്കുകയും വേണ്ട. പുകയിലയെയും പുകവലിയെയും കുറിച്ചു ചിന്തിക്കാനുള്ളതാണ്‌ ഈ ദിനം. വലിച്ചു മരിക്കണോ ജീവിച്ചു മരിക്കണോ എന്നു മാത്രമാണ്‌ ദിനാചരണത്തില്‍ വലിയ പ്രസക്തിയൊന്നുമില്ലാത്ത ഈ ദിനത്തിലെ ചിന്താവിഷയം! പറഞ്ഞിട്ടും പറഞ്ഞിട്ടും പറഞ്ഞു തീരാത്ത ഒരു ഉപദേശം കുറിക്കട്ടെ. പുകവലി ആരോഗ്യത്തിനു ഹാനികരം.

 

Related news


Share on

മറ്റുവാര്‍ത്തകള്‍