ആശിഷ് രാജന്‍
ഈ കഴിഞ്ഞ സെപ്റ്റംബറില്‍ ദക്ഷിണ മുംബൈയിലെ മലബാര്‍ ഹില്ലില്‍ മൗണ്ട് പ്ലസന്റ് റോഡിലെ ഡ്യൂപ്ലക്‌സ് അപാര്‍ട്ട്‌മെന്റ് വിറ്റു പോയ തുക കേട്ടാല്‍ അമ്പരക്കും. ഒരു ചതുരശ്ര അടിക്ക് 1.35 ലക്ഷം രൂപ വച്ച് 57 കോടി രൂപ. രാജ്യത്തു തന്നെയല്ല, ലോകത്തെ തന്നെ ഏറ്റവും വിലപിടിച്ച മണ്ണ്. ലോകം കൊതിക്കുന്ന ഈ സ്ഥലത്തിന് മലബാറിന്റെ പേര് എങ്ങനെ വന്നു? കേരളം എന്താണ് ഇവിടെ മറന്നു വച്ചത്? ഇതാരും ഇതുവരെ കാര്യമായി അന്വേഷിക്കാതെ പോയ ഒന്നാവാം- മലബാറുകാരു പോലും മറന്ന കാര്യങ്ങള്‍.
മലബാര്‍ ഹില്‍ എന്നാല്‍ പണം, അധികാരം എന്നൊക്കെയാണ് അര്‍ഥം. സ്വന്തം മേല്‍വിലാസം ഈ രണ്ടുകാര്യങ്ങളില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ കഴിയുന്നവരുടെ സാമ്രാജ്യമാണത്. ഇന്ത്യയിലെ വന്‍ തോക്കുകളുടെ വാസസ്ഥലം. അവരില്‍ വ്യവസായികളുണ്ട്, ബോളിവുഡ് താരങ്ങളുണ്ട്, രാഷ്ട്രീയക്കാരുണ്ട്. അവരുടെ അന്തസിന്റെ വിലാസം കുടിയാണ് മലബാര്‍ ഹില്‍. എന്നാല്‍ മലയാളിയും മലയാളി കൂട്ടായ്മകളുമൊക്കെ പലപ്പോഴും ഈ വിലാസത്തിനു പുറത്താണ്- സ്വന്തം പേരിലുള്ള സ്ഥലമായിട്ടും. മഹാരാഷ്ട്രയിലെ രാജ്ഭവനും മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയുമൊക്കെ വസതികളുമൊക്കെ ഇവിടെയുണ്ട്. അതിനിടെ ഒരു സംഭവം നടന്നു. മലബാര്‍ ഹില്ലിന്റെ പേരില്‍ ഒരു ദുഷിപ്പുണ്ടെന്ന് മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന കോര്‍പറേറ്റര്‍ക്ക് ഒരു ഉള്‍വിളിയുണ്ടായി. എണ്ണിയാല്‍ തീരാത്തത്ര മലയാളി സംഘടനകള്‍ ഉള്ള മുംബൈയില്‍ ഈ ദുര്‍ഗന്ധം പടര്‍ന്നിട്ടും അവരാരും അറിഞ്ഞ ഭാവം നടിച്ചില്ല. മലയാളിയും മലബാറുകാരനുമായ ഒരു കോര്‍പറേറ്റര്‍മാത്രം കോര്‍പറേഷന്‍ യോഗത്തില്‍ എതിര്‍പ്പുയര്‍ത്തി. എന്നാല്‍ കാര്യമായ ചര്‍ച്ചകളൊന്നുമുണ്ടായില്ല.
രാജ് താക്കറെയുടെ എം.എന്‍.എസ് പാര്‍ട്ടി കോര്‍പറേറ്ററാണ് മലബാര്‍ ഹില്ലിന്റെ പേരു മാറ്റണമെന്ന ആവശ്യവുമായി ആദ്യം രംഗത്തെത്തിയ ആള്‍. മലബാറി കൊള്ളക്കാര്‍ താവളമാക്കിയതിനാലാണ് ദക്ഷിണ മുംബൈയിലെ 160 അടി ഉയരമുള്ള ഈ ഭാഗത്തിന് മലബാര്‍ ഹില്‍ എന്ന് പേരു വന്നതെന്നും എം.എന്‍.എസ് കോര്‍പറേറ്റര്‍ തട്ടിവിട്ടു. അദ്ദേഹത്തിന്റെ കഥ ഇപ്രകാരമാണ്… അന്ന് നഗരം ഒരു കച്ചവട കേന്ദ്രമാണ്. അക്കാലത്തു ദക്ഷിണ ഭാഗത്ത് കുന്നിലും കാട്ടിലുമൊക്കെ അവര്‍ ഒളിവിലിരുന്നിരുന്നു. വ്യാപാരികളെ കൊള്ളയടിക്കുകയായിരുന്നു അവര്‍ ചെയ്തിരുന്നത്. ആ കൊള്ളക്കാരുടെ പേര് എത്രയും വേഗം രാജ്യത്തിന്റെ അഭിമാനമായ ഈ പ്രദേശത്തിന്റെ നെറുകയില്‍ നിന്നു തുടച്ചു മാറ്റണം… കഥ ഇങ്ങനെ പോയി.
കേരളത്തില്‍ ഒരുകാലത്തും അത്ര പരാക്രമികളായ കടല്‍ക്കൊള്ളക്കാര്‍ ഉണ്ടായിരുന്നതായി കേട്ടുകേള്‍വി പോലുമില്ല. കടലും കുന്നും കടന്ന് മറുനാട്ടുകാരുടെ പേടിസ്വപ്നമാകാന്‍ പോന്ന കൊള്ളത്തരംം ഉണ്ടായിരുന്ന മലയാളികള്‍ എന്ന ആരോപണത്തിനു പിന്നില്‍ മറ്റുദ്ദേശങ്ങള്‍ ഉണ്ടായിരിക്കണം. ഈ സാഹചര്യത്തിലാണ് മലബാര്‍ ഹില്‍ എന്ന പേരിന്റെ ഉത്ഭവം തേടിപ്പോകേണ്ടത്. അത് ചെന്നെത്തുക മലബാറിലെ ഒരു കുടുംബത്തിന്റെ പടിവാതില്‍ക്കലാണ്. മുംബൈയിലെ ഏറ്റവും വിലപിടിപ്പുള്ള പ്രദേശത്തിന് മേല്‍ ഒരു മലയാളി കുടുംബത്തിന്റെ പേര് ഇടം പിടിച്ച കഥയാണത്. വ്യാപാരത്തിലൂടെ കടലും മലകളും താണ്ടിയ ഒരു കുടുംബത്തിന്റെ ചരിത്രം – കേയി കുടുംബം.
മലബാര്‍ ഹില്‍ എന്ന പേരിന്റെ വേര് കേയി കുടുംബത്തിന്റെ വ്യാപാര ബന്ധങ്ങളിലാണ് എത്തിനില്‍ക്കുക. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ബോംബെ ഭരിച്ച കച്ചവടത്തിന്റെ കരുത്തുറ്റ കൈകള്‍. ബോംബെ ഇപ്പോള്‍ മുംബൈയായി. ഇന്ന് അംബാനിയും ടാറ്റയും ഗോദ്‌റേജും വാഡിയമാരുമൊക്കെ ഈ നഗരത്തെ ഭരിക്കുന്നതിനു മുമ്പ് കേയി കുടുംബത്തിന്റെതായിരുന്നു ഇവിടമെന്നു പറഞ്ഞാല്‍ അവിശ്വസനീയതായി തോന്നാം. കേയി കുടുംബത്തിന്റെ സാന്നിധ്യം കൊണ്ടാണ് ഇന്ത്യയിലെ ഏറ്റവും വില കൂടിയ മണ്ണിന് ആ പേരുവന്നത്.
ഇന്ത്യയിലും വിദേശത്തുമായി പടര്‍ന്നു കിടക്കുന്നതായിരുന്നു തലശേരിയിലെ പുരാതന മുസ്ലീം കുടുംബമായ കേയി കുടുംബത്തിന്റെ സുഗന്ധവ്യഞ്ജന വ്യാപാരം. ദക്ഷിണ മുംബൈയുടെ ഒട്ടുമിക്ക പ്രദേശങ്ങളും ഈ കുടുംബത്തിന്റെ അധീനതയിലുമായിരുന്നു.
ഒരുകാലത്ത് ഇന്ത്യയിലെ സുഗന്ധവ്യഞ്ജന വ്യാപാരം നിയന്ത്രിച്ചിരുന്നത് കേയി കുടുംബമായിരുന്നു. 17-ാം നൂറ്റാണ്ടു മുതല്‍ ആ ചരിത്രം വായിച്ചു തുടങ്ങാം. അലുപ്പി കാക്കയെന്ന സ്ഥാപകനില്‍ തുടങ്ങി അനന്തരവന്‍ മൂസാ കാക്കയിലൂടെ വികസിച്ച കച്ചവട ബന്ധത്തിന്റെ ചരിത്രം. ശരിക്കും കണ്ണൂരിലെ ചൊവ്വാ ഗ്രാമത്തില്‍ നിന്നുള്ളവരാണ് കേയി കുടുംബം. തുറമുഖ പട്ടണമായിരുന്ന തലശേരിയിലെത്തി അലുപ്പി കാക്കയും മൂസാ കാക്കയും പോര്‍ച്ചുഗീസുകാരുമായി വ്യാപാര കരാറുണ്ടാക്കിയതോടെയാണ് കാര്യങ്ങള്‍ മാറുന്നത്. ഏതു വിദേശ ശക്തികള്‍ ഇന്ത്യയിലെത്തിയാലും സുഗന്ധ വ്യാപാരത്തിന്റെ കാതല്‍ ഈ കുടുംബത്തിന്റെ കൈകളില്‍ തന്നെയായിരുന്നു. ക്രമേണെ കേരളവും ഇന്ത്യയും കടന്ന് അവരുടെ വ്യാപാരം വിദേശങ്ങളിലേക്കു വ്യാപിച്ചു. ബോംബെയിലും ഗുജറാത്തിലും കോഴിക്കോട്ടും ആലപ്പുഴയിലും തിരുവനന്തപുരത്തും മംഗലാപുരത്തും ലക്ഷദ്വീപിലുമെല്ലാം സ്വത്തുക്കള്‍ വാരിക്കൂട്ടി.
എന്നാല്‍ ബ്രിട്ടീഷുകാരുമായി കച്ചവട കാര്യത്തില്‍ ഉണ്ടായ ഉരസല്‍ മലബാര്‍ ഹില്ലിന്റെ കൈമാറ്റത്തിന് കേയി കുടുംബത്തെ പ്രേരിപ്പിക്കുകയായിരുന്നു. മലബാര്‍ പ്രദേശത്തെ വ്യാപാര അവകാശം ലഭിക്കുന്നതിനു വേണ്ടി മലബാര്‍ ഹില്ലിന്റെ അവകാശം കേയി കുടുംബം ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് വിട്ടു നല്‍കി. ആരാധനാലയങ്ങള്‍ക്കും സംഘടനകള്‍ക്കുമായി വിട്ടു കൊടുത്ത സ്വത്തിന്റെ ബാക്കിയായി മുംബൈ നഗരത്തില്‍ ഇന്നും കേയി കുടുംബത്തിന് സ്വത്തുക്കളുണ്ട്. ഇന്നും ജീവിതത്തിന്റെ നാനാതുറകളിലും കേയി കുടുംബത്തില്‍ നിന്നുള്ള പ്രശസ്തരുണ്ട്.
മലബാറി കൊള്ളക്കാര്‍ അടക്കിവാണുണ്ടായ മലബാര്‍ ഹില്ലിന്റെ പേര് രാംനഗരി എന്നു മാറ്റി സല്‍പ്പേരുണ്ടാക്കണമെന്നാണ് എം.എന്‍.എസുകാരുടെ വാദം. അതിന് ഇതിഹാസങ്ങളെ വരെ എം.എന്‍.എസ് കോര്‍പറേറ്റര്‍ കൂട്ടു പിടിക്കുന്നു. സീതാദേവിയെ കണ്ടെത്താനുള്ള യാത്രയ്ക്കിടെ ശ്രീരാമന്‍ വിശ്രമിച്ച താമസിച്ച സ്ഥമെന്നാണ് ഐതീഹ്യം. ഒട്ടേറെ ക്ഷേത്രങ്ങളുമുള്ള ഈ മേഖലയില്‍ ശ്രീരാമന്‍ ഇവിടെ മണ്ണു കൊണ്ട് ശിവലിംഗമുണ്ടാക്കിയെന്നും അതിനാല്‍ വാല്‍ക്കേശ്വര്‍ എന്നും ഈ പ്രദേശം അറിയപ്പെടുന്നു.
പേരുമാറ്റല്‍ ഉണ്ടാകാം, ഉണ്ടാകാതിരിക്കാം. എത്രയോ പേരുകള്‍ ദിനേനെ എന്നോണം മാറുന്നു. മണ്ണും ഉടമസ്ഥയുമൊക്കെ മാറുന്നു. എന്നാല്‍ മലബാര്‍ ഹില്ലിന്റെ ചരിത്രത്തില്‍ നിന്നും സുഗന്ധവ്യഞ്ജനങ്ങളുടെ ഗന്ധം ഇല്ലാതാകില്ല. അതുവഴി കേയി കുടുംബവും മലബാര്‍ ഹില്ലും തമ്മിലുള്ള ബന്ധത്തിന്റെയും.