Continue reading “പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കുമ്പോള്‍”

" /> Continue reading “പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കുമ്പോള്‍”

">

UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കുമ്പോള്‍

                       
ടീം അഴിമുഖം
 
കഴിഞ്ഞ ബുധനാഴ്ച ന്യൂഡല്‍ഹിയില്‍ അടച്ചിട്ട മുറിയില്‍ ഒരു സുപ്രധാനയോഗം നടന്നു. രാജ്യത്തിന്‍റെ അതിര്‍ത്തിയില്‍ നടക്കുന്ന സംഭവവികാസങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രതിരോധ പാര്‍ലമെന്‍ററി സമിതിയുടേതായിരുന്നു യോഗം. പ്രതിരോധമന്ത്രാലയത്തിലെ ഒരു ഡസനിലേറെ ഉന്നത ഉദ്യോസ്ഥരും പ്രതിരോധ സെക്രട്ടറിയും മൂന്ന്‍ സേനാ നേതൃത്വവും മിലട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറലും യോഗത്തില്‍ പങ്കെടുത്തു. പാര്‍ട്ടി ഭേദമെന്യേ തിരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്‍റംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു യോഗം. 

ഉച്ച തിരിഞ്ഞ് 3.10ന് യോഗം തുടങ്ങി. പ്രത്യേകം വിളിച്ചു ചേര്‍ത്ത യോഗമായതിനാല്‍ വിശദാംശങ്ങളടങ്ങുന്ന കോപ്പി തയ്യാറാക്കിയിട്ടില്ലെന്ന് പ്രതിരോധസെക്രട്ടറി എം.പിമാരെ അറിയിച്ചു. പാക്കിസ്താനു പുറമെ, ചൈന, ബംഗ്ലാദേശ്, മ്യാന്‍മാര്‍ എന്നീ അതിര്‍ത്തിയിലെ അവസ്ഥയെക്കുറിച്ച് സേനാ നേതാക്കള്‍ വിശദീകരിച്ചു. കാശ്മീര്‍ താഴ്‌വരയിലെ സ്ഥിതിഗതികളെക്കുറിച്ച്, പ്രത്യേകിച്ചും കെറാന്‍ മേഖലയെക്കുറിച്ച് അംഗങ്ങള്‍ക്ക് ഒട്ടേറെ ചോദിക്കാനുണ്ടായിരുന്നു. കെറാനിലാണ് രണ്ടാഴ്ചയിലേറെയായി സേനയും നാല്‍പതോളം തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നത്. എട്ട് പട്ടാളക്കാര്‍ക്കു ഗുരുതരമായി പരുക്കേല്‍ക്കുകും അര്‍ധസൈനികരെ വിന്യസിക്കുകയും ചെയ്ത സ്ഥലമാണ് കെറാന്‍. ഇപ്പോഴും ഇവിടെ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇതിന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് കഴിഞ്ഞ മാസം 26ന് സാംബയില്‍ നാലു പട്ടാളക്കാരടക്കം പത്തു പേരെ ഭീകരര്‍ വധിച്ചത്. ഇന്ത്യ-പാക് അതിര്‍ത്തിയിലെ 778 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നിയന്ത്രണരേഖയില്‍ സമീപകാലത്തൊന്നും ഇത്തരമൊരു സംഘര്‍ഷാവസ്ഥയുണ്ടായിട്ടില്ല. 

ഇങ്ങനെ ഏറെ ചോദ്യങ്ങള്‍ പാര്‍ലമെന്‍റംഗങ്ങള്‍ ഉന്നയിക്കുകയും പട്ടാള നേതൃത്വം മറുപടി പറയുകയും ചെയ്തു. വ്യോമ-നാവികസേനാ നേതൃത്വം തങ്ങളുടെ ഊഴത്തിനു കാത്തിരിക്കുകയായിരുന്നു. നാലര മണിയോടെ, പെട്ടെന്ന് കോണ്‍ഗ്രസ് എം.പിയും പ്രതിരോധ പാര്‍ലമെന്‍ററി സമിതി ചെയര്‍മാനുമായ രാജ് ബബ്ബാര്‍ ചില അംഗങ്ങളുടെ വിമാനത്തിനു സമയമായെന്നും യോഗം പിരിച്ചുവിടാമെന്നും അറിയിച്ചു. ബബ്ബാറും എം.പിമാരും ഉടനെ സ്ഥലം വിടുകയും ചെയ്തു. 

പട്ടാള നേതൃത്വത്തിന്‍റെ വിശദീകരണം പൂര്‍ത്തിയായിട്ടുണ്ടായിരുന്നില്ല. വ്യോമ-നാവിക സേനയ്ക്ക് ഏറെ കാര്യങ്ങള്‍ വിശദീകരിക്കാനുണ്ടായിരുന്നു. പ്രതിരോധ സെക്രട്ടറിക്കും ഒട്ടേറെ കാര്യങ്ങള്‍ പറയാനുണ്ടായിരുന്നു. പക്ഷെ, ഇതൊന്നും എം.പിമാര്‍ ചിന്തിക്കുകയോ വക വെയ്ക്കുകയോ ചെയ്തില്ല. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഗൗരവമായ ഒരു യോഗം ഇങ്ങനെ സമാപിച്ചത്, ഉത്തരവാദപ്പെട്ട ഒരു സര്‍ക്കാര്‍ സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നതിന്‍റെ തെളിവായി. ജനങ്ങളോട് ഉത്തരം പറയാന്‍ ബാധ്യതപ്പെട്ടവര്‍ ഭരണനിര്‍വ്വഹത്തിനുള്ള ഉത്തരവാദിത്വം മറന്നു. ഇന്ത്യന്‍ പാര്‍ലമെന്‍ററി സംവിധാനം ഏതു ദിശയില്‍ നീങ്ങുന്നുവെതിന്‍റെ ഉത്തമ ഉദാഹരണമാണ് രാജ് ബബ്ബാറിന്‍റെ അധ്യക്ഷതയില്‍ നടന്ന പാര്‍ലമെന്‍ററി സമിതി യോഗം. 

 
പ്രധാനമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കുമൊക്കെ പാര്‍ലമെന്‍റിനോടുള്ള ഉത്തരവാദിത്തം കുറഞ്ഞു വരുന്നതിന് ഇനിയുമേറെ തെളിവുകളുണ്ട്. ഇക്കാര്യത്തില്‍ നാം ആദ്യപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ കണ്ടു പഠിക്കണം. പ്രധാനപ്പെട്ട ബില്ലുകളിലും നിയമനിര്‍മ്മാണത്തിലുമൊക്കെ പാര്‍ലമെന്‍റംഗങ്ങള്‍ക്കു പറയാനുള്ളതു കേള്‍ക്കാന്‍ അദ്ദേഹം ദിവസങ്ങള്‍ ചെലവഴിക്കുമായിരുന്നു.  എസ്.പി.മുഖര്‍ജിയോ എ.കെ.ജിയോ ഒക്കെ വിഷയങ്ങള്‍ ഉന്നയിക്കുമ്പോള്‍ ശൂന്യവേളകളില്‍ പോലും നെഹ്‌റു ഏറെ ശ്രദ്ധ കൊടുക്കുമായിരുന്നു. കോണ്‍ഗ്രസ്സിന് മഹാഭൂരിപക്ഷമുണ്ടായിരുന്നിട്ടും പാര്‍ലമെന്‍ററി ജനാധിപത്യത്തിന് പോറലേല്‍പ്പിക്കാതിരിക്കാന്‍ നെഹ്‌റു ശ്രദ്ധിച്ചിരുന്നു.പക്ഷെ, ഈ സവിശേഷതയൊന്നും അദ്ദേഹത്തിന്‍റെ് മകള്‍ക്കോ ഇപ്പോള്‍ ഡോ. മന്‍മോഹന്‍ സിങ്ങിനോ ചാര്‍ത്തിക്കൊടുക്കാനാവില്ല. 

ആരോഗ്യകരമായ ജനാധിപത്യപ്രക്രിയയുടെ ഭാഗമാണ് പാര്‍ലമെന്‍റിലെ ഭിന്നാഭിപ്രായങ്ങളുടെ മേല്‍നോട്ടം. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ വേണ്ടിയാണ് നാല്‍പ്പത്തഞ്ചോളം സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍. അവര്‍ മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും ആവശ്യമുള്ളവരെയുമൊക്കെ വിളിച്ചു വരുത്തുന്നു, ചോദ്യം ചെയ്യുന്നു. പ്രത്യേകമായ വിവരങ്ങളോ സമയമോ ഒക്കെ ആവശ്യപ്പെടാന്‍ അധികാരമുണ്ട്. ഭരണനിര്‍വ്വഹണം, നിയമനിര്‍മ്മാണസഭ, നീതിപീഠം, മാധ്യമങ്ങള്‍ എിവയിലൊക്കെ ആരോഗ്യകരമായ മത്സരം നിലനില്‍ക്കുമ്പോള്‍ ഇത്തമൊരു മേല്‍നോട്ടം ജനാധിപത്യത്തിന്‍റെ പക്വത വെളിപ്പെടുത്തും. ഭിന്നാഭിപ്രായങ്ങളില്‍ തന്നെ വ്യക്തമായ കാഴ്ചപ്പാടുണ്ടാക്കാനും ഇതുവഴി സാധിക്കും. ഇന്ത്യയില്‍ നിയമനിര്‍മ്മാണസഭയുടെ ഭാഗമാണ് ഭരണനിര്‍വ്വഹണസമിതി. അമേരിക്കയിലെ അനുഭവം നോക്കിയാല്‍, പ്രസിഡന്‍റോ മന്ത്രിമാരോ നിയമനിര്‍മ്മാണസഭയിലെ അംഗങ്ങളല്ല. അവര്‍ക്ക് യു.എസ് കോണ്‍ഗ്രസ് നിശ്ചയിക്കുന്ന കര്‍ശനമായ ചട്ടങ്ങളോടാണ് ഉത്തരവാദിത്വം. 

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഈ പാര്‍ലമെന്‍ററി മേല്‍നോട്ടം ഇന്ത്യയില്‍ ദുര്‍ബലമായിരിക്കുകയാണ്. നമ്മുടെ പാര്‍ലമെന്‍ററി ജനാധിപത്യത്തിനേറ്റ പുഴുക്കുത്തില്‍ സര്‍ക്കാരും പാര്‍ലമെന്‍റംഗങ്ങളുമൊക്കെ ഏറെ സംഭാവന ചെയ്യുന്നു. രാജ് ബബ്ബാറും കൂട്ടരും യോഗം നിര്‍ത്തി ഇറങ്ങിപ്പോയപ്പോള്‍ അവിടെ പ്രകടമായത് പാര്‍ലമെന്‍ററി പ്രവര്‍ത്തനത്തില്‍ അവര്‍ക്കുള്ള താല്‍പര്യക്കുറവു മാത്രമല്ല, നമ്മുടെ എക്സിക്യുടീവ് എത്ര തെറ്റായ രീതിയിലാണ് എം പി മാരെ സമീപിക്കുന്നത് എന്നതുകൂടിയാണ്.

സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗം തുടങ്ങുമ്പോള്‍ പട്ടാളനേതൃത്വം എം.പിമാര്‍ക്കു മുന്നില്‍ വിശദമായി വിവരിച്ച ചിത്രങ്ങളിലൊന്ന് നേരത്തെ മാധ്യമങ്ങള്‍ക്കു വിതരണം ചെയ്തതായിരുന്നു. യോഗത്തില്‍ അവതരിപ്പിക്കുന്ന വിവരണങ്ങളുടെ അച്ചടിച്ച പകര്‍പ്പുകള്‍ എം.പിമാര്‍ക്കു വിതരണം ചെയ്തില്ല. പാര്‍ലമേന്‍റംഗങ്ങളേക്കാള്‍ വിശ്വാസം മാധ്യമങ്ങളെയാണോ എന്ന ചോദ്യം ഇവിടെ ഉയരുന്നു. ഏറെ ലജ്ജാകരമാണ് ഈ നടപടി. 

എല്ലാ അര്‍ഥത്തിലും ഇന്ത്യന്‍ പാര്‍ലമെന്‍ററി ജനാധിപത്യം താഴേയ്ക്കു കൂപ്പു കുത്തുന്നു. ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങളില്‍ ഫസ്റ്റ്-പാസ്റ്റ്-ദി പോസ്റ്റ് (fptp) വഴി മൊത്തം വോട്ടിന്‍റെ പത്തു ശതമാനം നേടിയാല്‍ ഒരു തിരഞ്ഞെടുപ്പു വിജയിക്കാമെന്ന് നമ്മുടെ ബഹുകക്ഷിസംവിധാനം ഉറപ്പാക്കുന്നു. എഫ്.പി.ടി.പിയും ആനുപാതിക ജനപ്രാതിനിധ്യവും സംയോജിപ്പിച്ചുള്ള കൂടുതല്‍ കാര്യക്ഷമമായ തിരഞ്ഞെടുപ്പു പരിഷ്‌കാരം ഇന്ത്യ ഇന്ന് ആവശ്യപ്പെടുന്നുണ്ട്. വിജയിക്കുന്ന വോട്ടുകളുടെ ശതമാനക്കണക്കനുസരിച്ച് എല്ലാ പാര്‍ട്ടികള്‍ക്കും പാര്‍ലമെന്‍റിലേയ്ക്ക് അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യാനും ഇതുവഴി സാധിക്കും. 

ടീം അഴിമുഖം

സമഗ്രമായ അര്‍ഥത്തില്‍ പാര്‍ലമെന്‍ററി മേല്‍നോട്ടം ആവശ്യമാണ്. പുതിയ ബില്ലുകളെയും നിയമങ്ങളെയും കുറിച്ച് പാര്‍ലമെന്‍റില്‍ സംവാദം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം. അല്ലാതെ, രാഹുല്‍ ഗാന്ധി ചെയ്തതു പോലെ കേന്ദ്രമന്ത്രിസഭ പാസ്സാക്കിയ ഒരു ബില്ലിനെ പ്രസ് ക്ലബിന്‍റെ മുറ്റത്തുവെച്ച് തള്ളിപ്പറയുകയല്ല. എല്ലാ ഭാഗത്തു നിന്നും ശക്തനായ ഒരു നേതാവിനായി ആവശ്യമുയരുന്നു. പാര്‍ലമെന്‍ററി കൂട്ടുത്തരവാദിത്വത്തെ അവഗണിച്ച് ബി.ജെ.പി നരേന്ദ്ര മോഡിയെ ഉയര്‍ത്തിക്കാട്ടുന്ന പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും. കോണ്‍ഗ്രസൊന്നാകെ രാഹുലിനു വേണ്ടി മുറവിളി കൂട്ടുന്നതും ഇതേ മാനസികനിലയാണ് പ്രകടമാക്കുന്നത്. ഇന്ത്യയ്ക്ക് ആവശ്യം ശക്തമായ പാര്‍ലമെന്‍ററി ജനാധിപത്യമാണ്, ദുര്‍ഗ്രഹമായ ഏകാധിപത്യമല്ല. 

 

Share on

മറ്റുവാര്‍ത്തകള്‍