For last year’s words belong to last year’s language
And next year’s words await another voice.
And to make an end is to make a beginning.”
– T.S. Eliot, “Little Gidding”
ടീം അഴിമുഖം
ഈ രാത്രി അവസാനിക്കാന്‍ പോവുകയാണ്. പ്രതിഷേധങ്ങളും പ്രതീക്ഷകളുമെല്ലാം നിറഞ്ഞ 2013 കടന്നു പോവുകയാണ്. വാള്‍സ്ട്രീറ്റ് തൊട്ട് അറബ് സ്ട്രീറ്റ് വരെയും ജന്ദര്‍ മന്ദര്‍ മുതല്‍ പെഷാവര്‍ വരെയും സാവോപോളോ മുതല്‍ ജോഹാന്നസ്‌ബെര്‍ഗ് വരെയും സ്ഥാപനവത്കൃത വ്യവസ്ഥിതിക്കെതിരെ സാധാരണക്കാര്‍ വിരല്‍ ചൂണ്ടി അലറിവിളിച്ച വര്‍ഷം. പ്രതീക്ഷാനിര്‍ഭരമായ ഒരു നല്ല നാളേയ്ക്കു വേണ്ടിയുള്ള അവരുടെ ഓരോ മുദ്രാവാക്യങ്ങളും തങ്ങളുടെ ഇല്ലായ്മകളെ കുറിച്ചുള്ള നിലവിളികളായിരുന്നു. എന്നാല്‍ അതിന്റെ അലയൊലികള്‍ അവസാനിക്കുന്നില്ല. അങ്ങ് ടുണീഷ്യയില്‍ തുടങ്ങി കെയ്‌റോയിലും ഗ്രീസിലും ബെഹ്റനിലും ഇങ്ങ് ഡല്‍ഹിയില്‍വരെ ഭരണകൂട വ്യവസ്ഥിതി തകര്‍ന്നു തുടങ്ങിയ കാലം. ലോകം മുഴുവന്‍ ഈ പ്രതിഷേധ ജ്വാല പടരുകയാണ്.
അറബ് വസന്തം ഉയര്‍ത്തിയ ‘ഭീഷണികള്‍’ ഇന്ത്യ പോലൊരു ‘ജനാധിപത്യ’ സംവിധാനത്തില്‍ ഏല്‍ക്കുകയില്ലെന്ന് ആശ്വസിച്ചവര്‍ ഇന്ന് നിശബ്ദരാണ്. ഈ നിശബ്ദതയാണ് 2014-നെക്കുറിച്ചുള്ള ഏറ്റവും വലിയ പ്രതീക്ഷ. ഇനി അവരെന്നെങ്കിലും ശബ്ദമുയര്‍ത്തട്ടെ, അവര്‍ക്ക് അതേ നാണയത്തില്‍ ഡല്‍ഹി മറുപടി നല്‍കിക്കഴിഞ്ഞു.
ഡല്‍ഹി കൊണ്ടുവന്നിരിക്കുന്ന മാറ്റം ഇന്ത്യന്‍ ജനാധിപത്യത്തെ പൂര്‍ണമായി ശുദ്ധീകരിക്കുന്നില്ല. പക്ഷേ അതൊരു തുടക്കമാണ്. ഇപ്പോഴും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇന്നും ആധിപത്യം പുലര്‍ത്തുന്നത് കോര്‍പറേറ്റ് കള്ളപ്പണം തന്നെയാണ്. ഇതിന്റെ പ്രധാന ഉപഭോക്താക്കളും പ്രയോക്താക്കളും നമ്മുടെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ. അത് രാഹുല്‍ ഗാന്ധിയായാലും നരേന്ദ്ര മോദിയായാലും അവര്‍ വന്നിറങ്ങുന്ന ചാര്‍ട്ടേഡ് വിമാനങ്ങളും ഹെലികോപ്റ്ററുകളുമൊക്കെ ഇന്ത്യന്‍ കോര്‍പറേറ്റുകളുടേതു തന്നെയാണ്.
ഇന്ത്യ വിഭവസമ്പന്നമായ രാജ്യമാണ്. ഈ വിഭവങ്ങള്‍ യാതൊരു നിയന്ത്രണവുമില്ലാതെ ഉപയോഗിച്ച് സ്വന്തം പോക്കറ്റു മാത്രം വീര്‍പ്പിക്കാന്‍ ഈ കോര്‍പറേറ്റുകള്‍ക്ക് കൂട്ടു നില്‍ക്കുന്നത് മുഖ്യധാരാ രാഷ്ട്രീയക്കാര്‍ തന്നെ. ഇത് കല്‍ക്കരിയിലും 2ജിയിലും ആദര്‍ശിലും കോമണ്‍വെല്‍ത്തിലും വിമാനത്താവളം സ്വകാര്യവത്ക്കരണത്തിലുമൊക്കെ കാണാം. മധ്യപ്രദേശിലേയും ഝാര്‍ഖണ്ഡിലേയും ഗുജറാത്തിലേയും ഇങ്ങ് അട്ടപ്പാടിയിലേയുമൊക്കെ മരിച്ചു വീഴുന്ന കുഞ്ഞുങ്ങളുടെ അന്നമാണ് അവര്‍ തട്ടിയെടുത്തതെന്ന് മറക്കരുത്. ആ യാഥാര്‍ഥ്യം നിഷേധിക്കുകയും കണ്ണടച്ച് ഇരുട്ടാക്കുകയും ചെയ്യുന്ന ജീര്‍ണിച്ച ഇന്ത്യന്‍ മുഖ്യധാരാ രാഷ്ട്രീയത്തിന്റെയും ഒട്ടും മനുഷ്യപ്പറ്റില്ലാത്ത ഉദ്യോഗസ്ഥ വൃന്ദത്തിന്റെയും അന്ത്യത്തിന് തുടക്കം കുറിക്കുന്ന വര്‍ഷമാകട്ടെ 2014.
ചെറുപ്പക്കാരുടെ രോഷവും നാളെയൊരു നല്ല ഭാവിയുണ്ടെന്ന് വിശ്വസിക്കുന്ന ദരിദ്രനാരായണന്മാരുടെ പ്രത്യാശയുമാണ് 2013 അവസാനിപ്പിക്കുന്നത്. ഈ രോഷവും പ്രത്യാശയും 2014-ല്‍ കൂടുതല്‍ ആളിക്കത്തുക തന്നെ ചെയ്യും. ഇത് പലരുടേയും കണ്ണുതുറപ്പിക്കുമെന്നും ഉറപ്പാണ്.
എന്നാല്‍, പ്രിയപ്പെട്ട മലയാളീ, 2013-ല്‍ നിങ്ങള്‍ എവിടെയായിരുന്നു? രാവിലെ കുളിച്ചൊരുങ്ങി ബിവറേജിന്റെ ക്യൂവിലും തട്ടിപ്പുകാരന്റെ വായിലും രമിപ്പിക്കുന്ന വാര്‍ത്തകളിലും മാത്രമൊതുങ്ങിയ 2013 തന്നെയായിരിക്കുമോ നിങ്ങളുടെ 2014ഉം? നിങ്ങള്‍ക്ക് മാറാതിരിക്കാം. തുടര്‍ന്നും ബിവറേജുകള്‍ക്കു മുന്നില്‍ ക്യൂ തെറ്റിക്കാതെ നില്‍ക്കാന്‍ മലയാളിക്ക് കഴിയട്ടെ, ദേശാഭിമാനിയുടെ സ്വത്ത് വാങ്ങാന്‍ ചാക്ക് രാധാകൃഷ്ണനും വില്‍ക്കാന്‍ ജയരാജനും എല്ലാ സ്വാതന്ത്ര്യവും ലഭിക്കട്ടെ, നാഴികയ്ക്ക് നാല്‍പ്പതു വട്ടം കള്ളം പറയാനും ചെയ്യാനും സംസ്ഥാന സര്‍ക്കാരിന് തുടര്‍ന്നും കഴിയട്ടെ, ഉമ്മന്‍ ചാണ്ടി അഞ്ചു വര്‍ഷം തികച്ചു ഭരിക്കട്ടെ, സന്ധ്യമാര്‍ തുടര്‍ന്നും സമരങ്ങളെ തെറിവിളിക്കട്ടെ, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ ഖജനാവ് കാലിയാകാതിരിക്കട്ടെ, പി.സി ജോര്‍ജിന് കേരള സമൂഹം നല്‍കുന്ന ആദരവ് തുടര്‍ന്നും ലഭിക്കട്ടെ, വി.എസ് അച്യുതാനന്ദനും വി.എം സുധീരനും രണ്ടു പാര്‍ട്ടിയില്‍ തന്നെയാണെന്ന് ഇടയ്‌ക്കെങ്കിലും തോന്നിക്കട്ടെ, ചില മുതലാളിമാരുടെ കാര്യത്തിലെങ്കിലും കോണ്‍ഗ്രസിനും സി.പി.എമ്മിനും ഒരേ മനസ് തുടരട്ടെ, സദാചാര പോലീസുകാര്‍ തുടര്‍ന്നും കളം നിയന്ത്രിക്കട്ടെ, തിരുവഞ്ചുര്‍ രാധാകൃഷ്ണന് പിന്നില്‍ ഇനിയെങ്കിലും നായന്മാര്‍ നിരന്നു നില്‍ക്കട്ടെ, ഈഴവര്‍ നരേന്ദ്ര മോദിയില്‍ പുതിയ യുഗുപുരുഷനെ കാണട്ടെ, പോപ്പ് ഫ്രാന്‍സിസ് എന്തു പറഞ്ഞാലും പൊന്‍കുരിശുകള്‍ തുടര്‍ന്നും പൊന്തട്ടെ, കൊച്ചുകുഞ്ഞുങ്ങളായാലും 16 തികയാന്‍ വെള്ളമിറക്കിയിരിക്കുന്ന മുസ്ലിയാക്കന്മാര്‍ തുടര്‍ന്നും സമുദായത്തെ നേര്‍വഴിക്ക് നടത്തട്ടെ, ഇല്ലാത്തവര്‍ പെണ്‍മക്കളെ കെട്ടിച്ചുവിടാന്‍ കിടപ്പാടം വിറ്റാലും സ്വര്‍ണ്ണക്കട മുതലാളിമാര്‍ തടിച്ചുകൊഴക്കട്ടെ.
അട്ടപ്പാടിയില്‍ കുഞ്ഞുങ്ങളും സ്ത്രീകളും പട്ടിണി കിടന്നും രോഗം വന്നും മരിച്ചാലെന്ത്? നാം മലയാളികളാണ്. നമ്മുടെ പുരോഗമനം നമ്മുടെ സ്വന്തമാണ്. ചോദ്യം ചെയ്യലുകള്‍ തുടരട്ടെ, ഉത്തരം തേടേണ്ട ബാധ്യത പണ്ടേ നമുക്കില്ലല്ലോ.
എല്ലാ വായനക്കാര്‍ക്കും ടീം അഴിമുഖത്തിന്‍റെ പുതുവത്സരാശംസകള്‍.