Continue reading “സര്‍ക്കാരിനെ മറിച്ചിട്ട പ്രതിമ”

" /> Continue reading “സര്‍ക്കാരിനെ മറിച്ചിട്ട പ്രതിമ”

"> Continue reading “സര്‍ക്കാരിനെ മറിച്ചിട്ട പ്രതിമ”

">

UPDATES

ടീം അഴിമുഖം

കാഴ്ചപ്പാട്

ടീം അഴിമുഖം

സര്‍ക്കാരിനെ മറിച്ചിട്ട പ്രതിമ

                       

ഉമ്മിണി

 

അങ്ങനെ തിരുവനന്തപുരം നഗരത്തില്‍ കഴിഞ്ഞയാഴ്ച ലീഡര്‍ കെ.കരുണാകരന്റെ പ്രതിമയും ഇടംപിടിച്ചു. പ്രതിമയ്ക്ക് കരുണാകരന്റെ ഛായ ഇല്ലെന്ന ആക്ഷേപങ്ങളും പരാതികളും ഇതിന് പിന്നാലെ ഉണ്ടായി. കരുണാകരന്റെ പ്രതിമയ്ക്ക് ഈച്ചരവാര്യരുടെ ഛായയാണെന്ന് വരെ ആക്ഷേപങ്ങളുയര്‍ന്നു. പ്രതിമകളുടെ നഗരമാണ് തിരുവനന്തപുരം. അന്‍പതിനടുത്ത് പ്രതിമകളാണ് തലസ്ഥാന നഗരിയില്‍ പലയിടത്തായി തലയുര്‍ത്തി നില്‍ക്കുന്നത്. അവയെക്കുറിച്ച്, ആ പ്രതിമകള്‍ക്ക് പിന്നിലെ പല കഥകളെക്കുറിച്ച് ‘കഥ പറയും പ്രതിമകള്‍’ എന്ന പരമ്പര ആരംഭിക്കുന്നു. ആദ്യം സര്‍ക്കാരിനെ മറിച്ചിട്ട ഒരു പ്രതിമയെ കുറിച്ച്.   

 

പ്രതിമകള്‍ക്ക് മാര്‍ക്കറ്റ് ഏറിയിരിക്കുന്ന കാലഘട്ടമാണിന്ന്. ഒരു വര്‍ഷത്തെ സംസ്ഥാന ഖജനാവിനെ നടുവു നിവര്‍ത്തി നിറുത്താവുന്ന അത്രയും തുക ഒരു സര്‍ദാര്‍ പട്ടേലിന്റെ പ്രതിമ സ്ഥാപിക്കുന്നതിനായി ചെലവിടുന്നുവെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നരേന്ദ്ര മോദി. പട്ടേലിന്റെ പ്രത്യാശാസ്ത്രവുമായി മോദിക്കോ അദ്ദേഹത്തിന്റെ പ്രത്യാശാസ്ത്രത്തിനോ പ്രത്യേകിച്ചു ബന്ധമൊന്നുമില്ല. അപ്പോള്‍ അതിന് പിന്നില്‍ ഒറ്റ കാര്യം മാത്രമേയുള്ളു. രാഷ്ട്രീയ മുതലെടുപ്പ്. ആ പട്ടേല്‍ എന്ന മഹാനേതാവിന് ആറടിയില്‍ താഴെ മാത്രമായിരുന്നു ഉയരമെങ്കില്‍ പ്രതിമയക്ക് 2500 അടി ഉയരമാണ് ലക്ഷ്യമിട്ടിരിക്കുന്നത്. പ്രതിമയെ കുറ്റം പറയുന്നില്ല. കാരണം പ്രതിമകള്‍ ആവശ്യമാണ്.
 
റോഡുകളിലും പാര്‍ക്കുകളിലും സ്ഥാപിച്ചിരിക്കുന്ന പ്രതിമകള്‍ പോസിറ്റീവായ എനര്‍ജിയാണ് പുറത്തുവിടുന്നതെന്നാണ് അത്ര പ്രശസ്തനല്ലാത്ത ഒരു ശില്പി ഒരിക്കല്‍ പറഞ്ഞത്. ശരിയായിരിക്കാം. ഏതായാലും എല്ലാ പ്രതിമകളും അത്തരം പോസിറ്റീവ് എനര്‍ജി പുറപ്പെടുവിക്കുന്നുണ്ടോയെന്ന് കാര്യത്തില്‍ സംശയമുണ്ട്. അത് വ്യക്തികളെ ആശ്രയിച്ചിരിക്കുമായിരിക്കും.
 
 
ഇതൊക്കെയാണെങ്കിലും പ്രതിമകള്‍ക്ക് സമൂഹത്തില്‍ പ്രസ്‌ക്തിയുണ്ടെന്ന് കാര്യത്തില്‍ സംശയമില്ല. നമ്മുടെ സമൂഹത്തില്‍ വിവിധ മേഖലകളില്‍ അവരുടെതായ തരത്തില്‍ സംഭാവന നല്‍കിയവരെ ആദരിക്കുന്നതിന്റെ കൂടി ഭാഗമാണല്ലോ പ്രതിമ സ്ഥാപിക്കല്‍.
 
നഗരത്തിന്റെ പരിധി തുടങ്ങുന്നത് മുതല്‍ പല പ്രധാന സ്ഥലങ്ങളിലും സമൂഹത്തിന്റെ പല മേഖലകളില്‍ പ്രവര്‍ത്തിച്ചവരുടെ പ്രതിമകളുണ്ട്. രാഷ്ട്ര പിതാവ്, സ്വാതന്ത്ര്യസമര സേനാനികള്‍, മുന്‍ പ്രധാനമന്ത്രിമാര്‍, മുന്‍ രാഷ്ട്രപതി, മുന്‍ മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, രാഷ്ട്രീയ നേതാക്കള്‍, സാമുദായികാചാര്യന്മാര്‍, കവികള്‍, എഴുത്തുകാര്‍, സംഗീത സംവിധായകന്‍, സിനിമാതാരങ്ങള്‍, പത്രപ്രവര്‍ത്തകര്‍, രാജാക്കന്‍മാര്‍ തുടങ്ങിയ എത്രയോ പേരുടെ പ്രതിമകള്‍ ഈ നഗരത്തില്‍ ഒളിഞ്ഞും തെളിഞ്ഞും സ്ഥാനം പിടിച്ചിട്ടുണ്ട്. ഇനിയും ആ നഗരത്തില്‍ പ്രതിമകള്‍ സ്ഥാപിക്കപ്പെടാനുണ്ട്. പലതും പണിപ്പുരയിലാണ്. താമസിയാതെ റോഡിലേക്ക് എത്തും.
 
എന്നാല്‍ ഇവിടെ ഇതൊന്നുമല്ലാത്ത ഒരു കാര്യം പറയാം. 2500 അടി ഉയരത്തിലുള്ള പ്രതിമ സ്ഥാപിക്കുമ്പോള്‍ അതിന് പിന്നില്‍ രാഷ്ട്രീയം മാത്രമാണെന്ന് നേരത്തെ സൂചിപ്പിച്ചു. അതുമായി അടുത്ത് നില്‍ക്കുന്ന ഒന്ന്. പ്രതിമകള്‍ക്ക് ചിലപ്പോള്‍ ഒരു സര്‍ക്കാരിനെ തന്നെ താഴെയിറക്കാന്‍ സാധിക്കുമെന്ന് എന്നു തെളിയിച്ച പ്രതിമയുടെ കഥയാണ് ഇവിടെ പറയുന്നത്. ഒരു ജനാധിപത്യ സര്‍ക്കാരിനെ നിലംപരിശാക്കിയ പ്രതിമയുടെ കഥ. ഒരു ജനാധിപത്യ സര്‍ക്കാരിനെ താഴെയിറക്കാന്‍ കാരണമായ പ്രതിമ തിരുവനന്തപുരത്ത് ആണെന്ന് കൂടി ഓര്‍ക്കണം.
 
തലസ്ഥാനത്ത് ഉയര്‍ന്നു നില്‍ക്കുന്ന പല പ്രതിമകളെയും പോലെ പന്ത്രണ്ട് അടി ഉയരം പോലുമില്ലാത്ത, ഒന്നര അടി ഉയരം മാത്രമുള്ള ഒരു പ്രതിമയാണ് അതിന് കാരണമായി തീരുന്നത്. ഉത്തരവാദ ഭരണ പ്രക്ഷോഭത്തിന് ശേഷം അധികാരമേറ്റ തിരുവിതാംകൂറിലെ ആദ്യ ജനകീയ ഭരണത്തെയാണെന്ന് ആ പ്രതിമ താഴെയിറക്കിയത്.
 
 
ഭയകൗടില്യലോഭങ്ങള്‍ വളര്‍ക്കില്ലൊരു നാടിനെ എന്ന് പ്രഖ്യാപിച്ച ധീരനായ പത്രപ്രവര്‍ത്തകനായ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെതാണ് ആ പ്രതിമ. 1948-ലാണ് സംഭവം. തിരുവിതാംകൂറില്‍ പട്ടം താണുപിള്ളയുടെ നേതൃത്വത്തില്‍ ആദ്യ മന്ത്രിസഭ അധികാരത്തിലേറിയതേയുള്ളു. മാര്‍ച്ച് 24-നാണ് പട്ടം അധികാരമേറ്റത്. പട്ടം മുഖ്യമന്ത്രിയല്ല, പ്രധാനമന്ത്രിയാണ്. രാജഭരണം അവസാനിച്ചിരുന്നില്ല. ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവായി വാഴുന്നകാലം. മന്ത്രിസഭയില്‍ സി.കേശവന്‍, ടി.എം വര്‍ഗ്ഗീസ് എന്നിവരായിരുന്നു ഒപ്പമുണ്ടായിരുന്നത്. ഇവര്‍ മൂവരെയും ചേര്‍ത്താണ് തിരുവിതാംകൂറിലെ രാഷ്ട്രീയ ത്രിമൂര്‍ത്തികള്‍ എന്നു പറയുന്നത്. മൂവരുടെയും പ്രതിമകള്‍ തിരുവനന്തപുരത്തുണ്ടെന്നതും ശ്രദ്ധേയമാണ്. വി.ജെ.ടി ഹാളിന് മുന്നില്‍ പട്ടവും പബ്‌ളിക്ക് ഓഫീസിന് മുന്നില്‍ സി. കേശവനും കേശവദാസപുരത്ത് ടി.എം. വര്‍ഗ്ഗീസും തലയുര്‍ത്തി നില്‍ക്കുന്നുണ്ട്.
 
സര്‍ക്കാര്‍ അധികാരമേറ്റ് അധികം കഴിയും മുന്‍പാണ് സ്വദേശിഭാനിയുടെ ചിതാഭസ്മവുമായി കേരളം കണ്ട ഏറ്റവും ശക്തനായ കെ.പി.സി.സി പ്രസിഡന്റുമാരില്‍ ഒരാളായിരുന്ന കുമ്പളത്ത് ശങ്കുപിള്ള തിരുവനന്തപുരത്തേക്ക് യാത്ര തുടങ്ങിയത്. യാത്ര തിരുവനന്തപുരത്ത് എത്തിയപ്പോള്‍, സ്വദേശാഭിമാനിയുടെ പ്രതിമ സ്ഥാപിക്കാന്‍ സെക്രട്ടേറിയറ്റിനടുത്ത് (അന്ന് ഹജൂര്‍ കച്ചേരി) അല്‍പ്പം സ്ഥലം അനുവദിക്കണമെന്ന് കുമ്പളം ആവശ്യപ്പെട്ടു. എന്തുകൊണ്ടോ പട്ടം തീരുമാനമെടുത്തില്ല. തീരുമാനം വൈകിയതോടെ കുമ്പളം പട്ടത്തോട് തന്നെ നേരിട്ട് പറഞ്ഞതായി കേള്‍ക്കുന്ന ഒരു കാര്യം ചരിത്രത്തില്‍ എവിടെയും രേഖപ്പെടുത്തിട്ടില്ല. താണുപിള്ള അധികകാലം പ്രധാനമന്ത്രി കസേരയില്‍ ഇരിക്കില്ലെന്നായിരുന്നു കുമ്പളത്തിന്റെ മുന്നറിയിപ്പ്. ഏതായാലും കുമ്പളം അതിന് വേണ്ടിയുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. രാജാവ് നാടുകടത്തിയ ഒരാളുടെ പ്രതിമ രാജഭരണം നടക്കുമ്പോള്‍ ആ ഭരണകേന്ദ്രത്തിനടുത്ത് തന്നെ സ്ഥാപിക്കുന്നതില്‍ പട്ടത്തിന് ബുദ്ധിമുട്ടുണ്ടായിരുന്നതായി കുമ്പളം പ്രസ്താവിച്ചു. പട്ടം രാജഭക്തനായിരുന്നാതായും വ്യാഖ്യാനിക്കപ്പെട്ടു. ഇതിനിടെ മന്ത്രിസഭയിലും ചില പ്രശ്‌നങ്ങളുണ്ടായി. എ. അച്യുതന്‍, കെ.എം കോര, പി.എസ് നടരാജപിള്ള, ഗാന്ധിയനായിരുന്ന ജി. രാമചന്ദ്രന്‍ എന്നിവര്‍ ജുലായ് മാസത്തില്‍ മന്ത്രിമാരായി. എന്നാല്‍ പ്രശ്‌നങ്ങളും ഇതിനൊപ്പം രൂക്ഷമായി. ദിവസങ്ങള്‍ക്കകം പി.എസ്. നടരാജപിള്ള രാജിവച്ചു. 
 
ഇതിനിടെ കുമ്പളം കൊണ്ടുവന്ന സ്വദേശാഭിമാനിയുടെ പ്രതിമയാകട്ടെ മുന്‍ മന്ത്രി കെ.ആര്‍ ഇളങ്കത്തിന്റെ ശാസ്തമംഗലത്തെ സ്വന്തം സ്ഥലത്തേക്ക് മാറ്റി. അധികം താമസിയാതെ ഒക്‌ടോബറില്‍ പട്ടം മന്ത്രിസഭ താഴെവീണു. തിരുവിതാംകൂറിലെ ആദ്യത്തെ ജനകീയ ഭരണത്തിന്റെ ആയുസ് അങ്ങനെ എട്ടു മാസം മാത്രമേ നിലനിന്നുള്ളു. പട്ടത്തിന്റെ സ്ഥാനത്ത് പറവൂര്‍ ടി.കെ. നാരായണപിള്ള പ്രധാനമന്ത്രിയായി. കെ.ആര്‍ ഇളങ്കത്തും ആ മന്ത്രിസഭയില്‍ അംഗമായിരുന്നു. ആ മന്ത്രിസഭ അധികാരമേറ്റ ശേഷം ആദ്യം ഒപ്പിട്ട ഫയല്‍ സ്വദേശാഭിമാനിയുടെ സ്മാരകം സ്ഥാപിക്കുന്നതിനായി ഭൂമി അനുവദിച്ചുകൊണ്ടുള്ള അനുമതിയായിരുന്നു.
പക്ഷേ ആ സ്മാരകം ഫയലില്‍ തന്നെ ഒതുങ്ങി. 1949 ജൂലായ് ഒന്നിന് തിരു-കൊച്ചി ഉണ്ടായി. പറവൂര്‍ ടി.കെ. പ്രഥമ മുഖ്യമന്ത്രിയായി. അധികം താമസിയാതെ ശൂരനാട് വെടിവയ്പ്പും തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നിരോധിക്കുകയും ചെയ്തു. 1951 മാര്‍ച്ച് ഒന്നിന് ആ മന്ത്രിസഭയും താഴെവീണു. മൂന്നാം തീയതി സി.കേശവന്‍ മുഖ്യമന്ത്രിയായി. അങ്ങനെ പട്ടിക്കും പൂച്ചയ്ക്കും നടക്കാന്‍ സ്വാതന്ത്രമുണ്ടായിരുന്ന പെരുവഴിയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടിരുന്ന ഈഴവ സമുദായത്തില്‍ നിന്നൊരാള്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു. 
 
 
ഒരു വര്‍ഷം മാത്രമേ സി.കേശവനും അധികാരത്തില്‍ തുടരാനായുള്ളു. 1952ല്‍ എ.ജെ ജോണ്‍ അധികാരമേറ്റു. ഒന്നര വര്‍ഷത്തിന് ശേഷം ജോണ്‍ താഴെ വീണു. തുടര്‍ന്ന് 1954ല്‍ തിരഞ്ഞെടുപ്പ് നടന്നു. പട്ടം താണു പിള്ള മുഖ്യമന്ത്രിയായി. എന്നാല്‍ പതിനൊന്ന് മാസത്തിന് ശേഷം ആ മന്ത്രിസഭ നിലംപരിശായി. കോണ്‍ഗ്രസ് പിന്തുണയോടെയുള്ള പി.എസ്.പി സര്‍ക്കാരായിരുന്നു പട്ടത്തിന്റെത്. തിരുവനന്തപുരത്തിന് തെക്ക് മാര്‍ത്താണ്ഡത്ത് വെടിവയ്പ്പ് നടന്നപ്പോള്‍ അത് പനമ്പള്ളി ആയുധമാക്കുകയായിരുന്നു. അദ്ദേഹം അവിശ്വാസ പ്രമേയം കൊണ്ടുവന്നു. മന്ത്രിസഭയെ താഴെയിറക്കി. ഒപ്പം പി.എസ്.പിയിലെയും ആര്‍.എസ്.പിയിലെയും അംഗങ്ങളെ വിലയ്ക്കുവാങ്ങി. സര്‍ക്കാരിന് രൂപം കൊടുത്തു. ഇതിനിടെ ഒരു രസകരമായ കഥ കൂടി പറയാം. ജോണ്‍ മന്ത്രിസഭ 1953 സെപ്തംബറില്‍ രാജിവച്ചുവെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. അന്ന് വിശ്വാസപ്രമേയം പരാജയപ്പെട്ടത് കാരണമാണ് രാജിവയ്‌ക്കേണ്ടിവന്നത്. എന്നാല്‍ ജനങ്ങള്‍ അധികാരത്തിലേറ്റിയ സര്‍ക്കാര്‍ ഒരു വിശ്വാസ പ്രമേയം പരാജയപ്പെട്ടതുകൊണ്ട് രാജിവയ്‌ക്കേണ്ടതില്ലെന്ന നിലപാട് അന്ന് സ്വീകരിക്കപ്പെട്ടു. മന്ത്രിസഭ രാജിവച്ചു, നിയമസഭ പിരിച്ചുവിട്ടെങ്കിലും, ജോണും കൂട്ടരും സ്ഥാനമൊഴിഞ്ഞിരുന്നില്ല. ബുദ്ധിരാക്ഷസനായിരുന്ന പനമ്പള്ളിയായിരുന്നു അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. നിയമസഭ പിരിച്ചുവിട്ടാലും ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിന് കെയര്‍ടേക്കറായി തുടരാമെന്ന് അദ്ദേഹം പ്രസ്താവിച്ചു. അതിന് ആരും മറുവാക്ക് പറഞ്ഞില്ല.
 
ഈ കാലത്തിനിടയ്‌ക്കെല്ലാം ഒരു സര്‍ക്കാരിനെ താഴെയിറക്കാന്‍ കാരണമായ പ്രതിമ ഇലങ്കത്തിന്റെ സ്ഥലത്ത് തന്നെ ഇരുന്നുവെന്ന് സൂചിപ്പിക്കാനാണ് ഇക്കഥകള്‍ പറഞ്ഞത്. 
 
1956 ഐക്യ കേരളം സാക്ഷാത്കാരമായി. പി.എസ്. റാവു ഉപദേഷ്ടാവായി. ആദ്യ പൊതുതിരഞ്ഞെടുപ്പില്‍ ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരമേറ്റു. പലരും രാഷ്ട്രീയം കളിച്ചു ആയുധമാക്കിയ സ്വദേശാഭിമാനിക്ക് സെക്രട്ടേറിയറ്റിന് അടുത്ത് തന്നെ എ.ജി ഓഫീസിന്റെ അങ്കണത്തില്‍ ഒരു തുണ്ട് ഭൂമി അനുവദിച്ചു കിട്ടി. നീണ്ട ഒന്‍പത് വര്‍ഷത്തിന് ശേഷം അങ്ങനെ പ്രതിമ അവിടേക്ക് മാറ്റി സ്ഥാപ്പിക്കപ്പെട്ടത്. 1957 ഓഗസ്റ്റ് 13-ന് അന്നത്തെ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദ് പ്രതിമ നാടിന് സമര്‍പ്പിച്ചു.
 
2009ല്‍ വി.എസ്. സര്‍ക്കാരിന്റെ കാലത്ത് എം.ജി റോഡ് വികസനത്തിന്റെ ഭാഗമായി സ്വദേശാഭിമാനിയുടെ പ്രതിമ, ജനം കുറേകൂടി ശ്രദ്ധിക്കുന്ന പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിലേക്ക് മാറ്റി സ്ഥാപിക്കുകയുണ്ടായി. ഒരു സര്‍ക്കാരിനെ താഴെയിറക്കാന്‍ കാരണമായതാണ് പ്രതിമയെന്ന് അന്ന് ആരും ഓര്‍ത്തത് പോലുമുണ്ടായില്ലെന്നതാണ് ശ്രദ്ധേയം.
 

Share on

മറ്റുവാര്‍ത്തകള്‍