Continue reading “ഞാന്‍ ചാരനല്ല – എഡ്വേര്‍ഡ് സ്നോഡന്റെ ആദ്യ അഭിമുഖം”

" /> Continue reading “ഞാന്‍ ചാരനല്ല – എഡ്വേര്‍ഡ് സ്നോഡന്റെ ആദ്യ അഭിമുഖം”

"> Continue reading “ഞാന്‍ ചാരനല്ല – എഡ്വേര്‍ഡ് സ്നോഡന്റെ ആദ്യ അഭിമുഖം”

">

UPDATES

വിദേശം

ഞാന്‍ ചാരനല്ല – എഡ്വേര്‍ഡ് സ്നോഡന്റെ ആദ്യ അഭിമുഖം

                       

ബാര്‍ട്ടന്‍ ഗെല്‍മാന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

 

അയാള്‍ വാക്കുകള്‍ ഒട്ടും പാഴാക്കാതെ ചോദിച്ചു, “ഇപ്പോള്‍ കൃത്യം സമയമെത്രയാണ്?” മറുപടി പറഞ്ഞപ്പോള്‍ അയാള്‍ തന്റെ വാച്ചിലെ സമയവുമായി ഒത്തുനോക്കി കൂടിക്കാഴ്ച്ചക്കുള്ള സ്ഥലം പറഞ്ഞു.

 

“ഞാനവിടെ കാണും.”

 

നാട്ടുകാരും കുറച്ചു വിനോദസഞ്ചാരികളുമുള്ള ചെറിയൊരു ആള്‍ക്കൂട്ടത്തില്‍ അലിഞ്ഞുചേര്‍ന്ന്  ഒറ്റയ്ക്ക്  എഡ്വാര്‍ഡ് ജൊസേഫ് സ്നോഡന്‍ കൃത്യം സമയത്തു തന്നെ എത്തി. ഹസ്തദാനത്തിനായി കൈനീട്ടിയ അയാള്‍ തോള്‍ ചെരിച്ച് ഒരു വഴി ചൂണ്ടിക്കാട്ടി. പെട്ടന്നുതന്നെ ആളുകളുടെ ശ്രദ്ധ തിരിയാത്ത ഒരിടത്തേക്ക് സ്നോഡന്‍ തന്റെ സന്ദര്‍ശകനുമൊത്ത് എത്തി.

 

ആഗസ്ത് ഒന്നിന് റഷ്യ രാഷ്ട്രീയാഭയം നല്‍കിയതിനുശേഷം ആദ്യമായി സ്നോഡന്‍ നേരിട്ടു നല്കിയ അഭിമുഖം. രഹസ്യാന്വേഷണ ഏജന്‍സികളെ അങ്കലാപ്പിലാക്കിക്കൊണ്ട് രഹസ്യവിവരങ്ങളുടെ ഭൂതപ്പെട്ടി തുറന്നുവിട്ട നോട്ടപ്പുള്ളിയാണ് അദ്ദേഹമിപ്പോഴും.

 

ഇക്കഴിഞ്ഞ വസന്തകാലത്തിനൊടുവില്‍ ഞാനടക്കം മൂന്നു മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്നോഡന്‍ അയാള്‍ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന നാഷന്‍ സെക്യൂരിറ്റി ഏജന്‍സിയിലെ (എന്‍ എസ് എ) അതീവ രഹസ്യ രേഖകള്‍ കൈമാറി. തുടര്‍ന്ന് നിരവധി വെളിപ്പെടുത്തലുകള്‍. ലോകമെങ്ങുമുള്ള നിരവധി വാര്‍ത്താ സ്ഥാപനങ്ങള്‍ അവ പ്രസിദ്ധീകരിച്ചു. കോണ്‍ഗ്രസില്‍ വിശദീകരണങ്ങള്‍ക്കായി ആവശ്യമുയര്‍ന്നു. പഴയ കോടതി വ്യവഹാരങ്ങളില്‍ പുതിയ തെളിവുകളായി. വര്‍ഷങ്ങളോളം രഹസ്യമായി സൂക്ഷിക്കാന്‍ ശ്രമിച്ച നിരവധി രേഖകള്‍ പരസ്യമാക്കാന്‍ ഒബാമ നിര്‍ബന്ധിതനായി.

 


എഡ്വേര്‍ഡ് സ്നോഡന്‍

 

ഒരു ആഗോള നിരീക്ഷണ സംവിധാനമാണ് ഈ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് പുറത്തായത്. 2011സെപ്റ്റംബര്‍ 11-ലെ ആക്രമണത്തിന് ശേഷം, തടസ്സങ്ങളില്ലാതെ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ സംവിധാനം. ജനങ്ങളുടെ ടെലിഫോണ്‍, ഇന്‍റര്‍നെറ്റ്, സ്ഥല വിവരങ്ങള്‍ ഒക്കെ ശേഖരിക്കാന്‍ എന്‍.എസ്.എക്ക് രഹസ്യ നിയമാനുമതി ലഭിച്ചിരുന്നു.

 

വാഷിംഗ്ടണ്‍ പോസ്റ്റിലും ഗാര്‍ഡിയന്‍ പത്രത്തിലും വെളിപ്പെടുത്തലുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി ആറു മാസത്തിനുശേഷം തന്റെ തീരുമാനത്തിന്റെ വേരുകളെക്കുറിച്ചും പ്രത്യാഘാതങ്ങളെക്കുറിച്ചും സ്നോഡന്‍ മനസ്സുതുറന്നു. കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന സംഭാഷണങ്ങള്‍ക്കുശേഷവും അയാള്‍ ശാന്തനും ഊര്‍ജസ്വലനുമായിരുന്നു.

 

തന്റെ രഹസ്യാന്വേഷണ ജോലിക്കാലത്തെക്കുറിച്ചും, ഇപ്പോള്‍ വീട്ടിന്നകത്തെ പൂച്ചയെപ്പോലുള്ള റഷ്യന്‍ ജീവിതത്തെക്കുറിച്ചും സ്നോഡന്‍ പറഞ്ഞു. പക്ഷേ സംഭാഷണം മിക്കപ്പോളും രഹസ്യനിരീക്ഷണത്തത്തിലേക്കും, ജനാധിപത്യത്തിലേക്കും, വെളിപ്പെടുത്തിയ രേഖകളുടെ സാംഗത്യത്തിലേക്കും തിരിഞ്ഞുപോയിക്കൊണ്ടിരുന്നു.

 

“എന്നെ സംബന്ധിച്ചു വ്യക്തിപരമായ സംതൃപ്തിയുടെ കാര്യത്തിലാണെങ്കില്‍ ഈ ദൌത്യം പൂര്‍ത്തിയാക്കിക്കഴിഞ്ഞു,”അയാള്‍ പറഞ്ഞു. “ഞാന്‍ ഇതിനകംതന്നെ വിജയിച്ചിരിക്കുന്നു. മാധ്യപ്രവര്‍ത്തകര്‍ പണിയെടുക്കാന്‍ തുടങ്ങിയതോടെ ഞാന്‍ ചെയ്യാന്‍ ശ്രമിച്ച എല്ലാം അംഗീകരിക്കപ്പെട്ടു. കാരണം, ഞാനീ സമൂഹത്തെ മാറ്റാനൊന്നും ഉദ്ദേശിച്ചിരുന്നില്ല. എന്നാല്‍ സ്വയം മാറണോ എന്നു തീരുമാനിക്കാന്‍ സമൂഹത്തിനൊരു അവസരം നല്‍കാനാണ് ഞാന്‍ ശ്രമിച്ചത്.”

 

“എങ്ങനെ ഭരിക്കപ്പെടണം എന്നത് സംബന്ധിച്ച് ജനങ്ങള്‍ക്ക് അഭിപ്രായം പറയാനുള്ള അവസരത്തിനാണ് ഞാന്‍ ആഗ്രഹിച്ചത്. അത് നമ്മള്‍ ഏറെ മുമ്പേ കടന്ന ഒരു നാഴികക്കല്ലാണ്. ഇപ്പോള്‍ നീട്ടിയെടുത്ത ലക്ഷ്യങ്ങളാണ് നമുക്കാഗ്രഹം.”

 

കണ്ണുംപൂട്ടിയൊരു പോക്ക്

പ്രശ്നപരിഹാരങ്ങള്‍ ഒരു എഞ്ചിനീയരുടെ രീതിയില്‍ കണ്ടെത്തുന്ന, ചിട്ടയായി ചിന്തിക്കുന്ന ഒരാളാണ് സ്നോഡന്‍. വ്യാപകമായ ഈ നിരീക്ഷണപ്രക്രിയ ഒരു തടവുമില്ലാതെ മുന്നോട്ടുപോകുന്നത് അപകടകരമാണെന്ന് അയാള്‍ കരുതി. രഹസ്യരേഖ നിയമങ്ങള്‍ ഒരു പൊതുസംവാദത്തിന് വിഘാതമായി.

 

ആ നിയമങ്ങളുടെ മതിലുകളെ മറികടന്നു വിവരങ്ങള്‍ വേണ്ടത്ര തെളിവുകളോടെ പുറത്തുകൊണ്ടുവരുന്നത് തികച്ചും സാഹസികമായോരു കൃത്യമായിരുന്നു. മറ്റുള്ളവരുടെ വിവരങ്ങള്‍ ഉപയോഗിച്ച് സംഗതികളെ രൂപപ്പെടുത്തുന്ന ‘വിവരാധീശത്വം’ എന്‍ എസ് എ യുടെ പരിപാടിയായിരുന്നു. 29 വയസ്സില്‍ അതേ മാര്‍ഗമുപയോഗിച്ചു സ്നോഡന്‍ അവരെ അതേകളിയില്‍ തറപറ്റിച്ചു.

 

“കണ്ണുംപൂട്ടി പോകാനേ ആകൂ. കാരണം മുന്‍മാതൃകകളൊന്നുമില്ല. പക്ഷേ ഒന്നും ചെയ്യാതിരിക്കുക എന്ന മറ്റെ സാധ്യതയെ വെച്ചുനോക്കിയാല്‍ എന്തെങ്കിലും ഉണ്ടായിരിക്കുന്നത് തന്നെയാണ് മെച്ചം. കാരണം നിങ്ങളുടെ വിലയിരുത്തല്‍ തെറ്റിയാലും ആശയങ്ങളുടെ വിപണിയില്‍ അത് സ്വീകരിക്കപ്പെടും.”

 

 

എന്നാല്‍ സ്നോഡന്‍ കരുതിയതിനേക്കാളും വലിയ തോതില്‍ വിജയിച്ചു. ആരുമറിയാതെ മനുഷ്യരെ നിരീക്ഷിച്ച എന്‍ എസ് എ 1970-നു ശേഷം ഇതുവരെ ഉണ്ടാകാത്ത തരത്തില്‍ പരിശോധനക്ക് വിധേയമായി.

 

വെളിപ്പെടുത്തലുകള്‍ കോണ്‍ഗ്രസിലും, കോടതികളിലും, സമൂഹത്തിലും,സിലിക്കണ്‍ താഴ്വരയിലും, ലോക തലസ്ഥാനങ്ങളിലും അലയൊലികള്‍ സൃഷ്ടിച്ചു. ഇന്‍റര്‍നെറ്റിന്റെ അടിസ്ഥാന ഘടനതന്നെ ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുകയാണ്. ബ്രസീലും, യൂറോപ്യന്‍ യൂണിയനിലെ ചില അംഗരാജ്യങ്ങളുമൊക്കെ തങ്ങളുടെ രേഖകള്‍ സുരക്ഷിതമാക്കാന്‍ അമേരിക്കന്‍ മേഖലയില്‍ നിന്നും മാറാനും ഗൂഗിളും മൈക്രോസോഫ്റ്റും യാഹൂവും പോലുള്ള യു എസ് സാങ്കേതികവിദ്യ ഭീമന്‍മാരേ ഒഴിവാക്കുന്നതാടക്കമുള്ള നടപടികള്‍ക്കും ശ്രമിക്കുകയാണ്.

 

ഡിസംബര്‍ 16-നു അമേരിക്കന്‍ ഡിസ്ട്രിക്ട് ജഡ്ജി റിച്ചാര്‍ഡ് ജെ ലിയോണ്‍ എന്‍ എസ് എയുടെ രീതികളെ ‘Almost Orwelliyan’ എന്നാണ് വിശേഷിപ്പിച്ചത്. യു എസിലെ ആഭ്യന്തര ടെലിഫോണ്‍ രേഖകള്‍ ഈ വിധത്തില്‍ ശേഖരിച്ചത് ഭരണഘടനാവിരുദ്ധം ആക്കുമെന്നും കോടതി നിരീക്ഷിച്ചു.

 

അടുത്ത ദിവസം പ്രസിഡന്‍റ് ഒബാമയെ കണ്ട ടെലിഫോണ്‍ കമ്പനിക്കാരും ഇന്‍റര്‍നെറ്റ് സ്ഥാപനങ്ങളും എന്‍ എസ് എയുടെ കടന്നുകയറ്റം അമേരിക്കയുടെ വിവര സാമ്പത്തിക രംഗത്തിന് ഭീഷണിയാകും എന്നു പറഞ്ഞു. തുടര്‍ദിവസം ഒബാമ നിയോഗിച്ച ഒരു ഉപദേശകസമിതി എന്‍ എസ് എക്ക് മേല്‍ ഗണ്യമായ നിയന്ത്രണങ്ങള്‍ക്ക് ശുപാര്‍ശ ചെയ്തു.

 

അവരെന്നെ തെരഞ്ഞെടുത്തു

ജൂണ്‍ 22-നു നീതിന്യായ വകുപ്പ് സ്നോഡന് മേല്‍ ചാരപ്രവര്‍ത്തനവും ഗുരുതരമായ കുറ്റകൃത്യങ്ങളും ആരോപിക്കുന്ന കുറ്റപത്രം തുറന്നു. മടുപ്പിക്കുന്ന കണക്കുപുസ്തകം പോലെ ഒന്ന്. രഹസ്യാന്വേഷണ കേന്ദ്രങ്ങളും ദേശീയ സുരക്ഷാ സ്ഥാപങ്ങളും സ്നോഡനെ കാണുന്നത് ഒരു ഉത്തരവാദിതവുമില്ലാത്ത അട്ടിമറിക്കാരനായാണ്; അയാള്‍ക്ക് കൂട്ടുനില്‍ക്കുന്ന മാധ്യമപ്രവര്‍ത്തകരെയും അങ്ങനെതന്നെ. സ്നോഡന്‍ ഒരു രഹസ്യപ്രതിജ്ഞ ലംഘിച്ചു എന്നാണ് പൊതുവായ ആരോപണം; ചതി പോലെ തോന്നിക്കുന്ന ഒരു കാര്യം.

 

അത്തരമൊരു ധാരണ ഒരു സിവില്‍ കരാറായിരുന്നു എന്നു സ്നോഡന്‍ കൃത്യമായി പറയുന്നു. “വിശ്വസ്തതയുടെ പ്രതിജ്ഞ എന്നുപറയുന്നത് രഹസ്യത്തിന്റേതല്ല. അത് ഭരണഘടനയോടാണ്.” സ്നോഡന്‍ പറഞ്ഞു.

 

തന്നില്‍ കൂറില്ലായമ ആരോപിക്കുന്നവര്‍ തന്റെ ഉദ്ദേശത്തെ തെറ്റിദ്ധരിക്കുന്നെന്നും അയാള്‍ ചൂണ്ടിക്കാട്ടി. “ഞാന്‍ പ്രവര്‍ത്തിക്കുന്നത് എന്‍ എസ് എയെ തകര്‍ക്കാനല്ല. മറിച്ച് അതിനെ ശക്തിപ്പെടുത്താനാണ്. അതവര്‍ക്ക് മാത്രമാണു മനസ്സിലാകാത്തത്.”

 

ആരാണ് സ്നോഡന് ഈ ചുമതലകള്‍ നല്കിയത്? സെനറ്റിന്റെയും ജനപ്രതിനിധി സഭയുടെയും അദ്ധ്യക്ഷന്മാരെന്നു അയാള്‍ പറയും. “അവരാണെണെ തെരഞ്ഞെടുത്തത്. ഇതിന്റെ മേല്‍നോട്ടക്കാര്‍. സംവിധാനം പൂര്‍ണ്ണമായും പരാജയപ്പെട്ടു. ഇതിനെ നേരിടേണ്ട ഓരോ തലത്തിലും അവര്‍ ആ ചുമതലകള്‍ കയ്യൊഴിഞ്ഞു.”

 


ബാര്‍ട്ടന്‍ ഗെല്‍മാന്‍

 

എനിക്കെന്തെങ്കിലും ദൈവീകമായ കഴിവുണ്ടായതുകൊണ്ടല്ല. എല്ലാവര്‍ക്കും ചെയ്യാനാകും. പക്ഷേ ചെയ്യുന്നില്ല. അപ്പോള്‍ ആരെങ്കിലും ആദ്യം ചെയ്തേ പറ്റൂ.

 

തലക്കെട്ട് പരീക്ഷ

എന്‍ എസ് എയിലെ മിക്ക ജീവനക്കാരും തങ്ങളുടെ ദൌത്യത്തില്‍ വിശ്വസിക്കുന്നവരാണെന്ന് സ്നോഡന്‍ പറയുന്നു. പക്ഷേ ഇത് എല്ലാവരുടെയും കാര്യത്തില്‍ ശരിയുമല്ല. തന്റെ സഹപ്രവര്‍ത്തകരും മേലുദ്യോഗസ്ഥരുമായി ഏതാണ്ട് ഒരുവര്‍ഷം മുമ്പേ തന്നെ അയാള്‍ ഈ സംശയങ്ങള്‍ ചെറുതായി, പരീക്ഷണാടിസ്ഥാനത്തില്‍ പങ്കുവെക്കാന്‍ തുടങ്ങി. 2012 ഒക്ടോബര്‍ മുതല്‍ രണ്ടു പ്രധാന മേലുദ്യോഗസ്ഥരും 15-ഓളം സഹപ്രവര്‍ത്തകരും  അടങ്ങുന്നവരിലാണ് ‘BOUNDLESSINFORMAT’ എന്ന വിവരണശേഖരണ രീതി അയാള്‍ ഉപയോഗിച്ചത്. റഷ്യയിലെ റഷ്യക്കാരെക്കാളേറെ അമേരിക്കയിലെ അമേരിക്കക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ അവരില്‍ പലരും അത്ഭുതം പ്രകടിപ്പിച്ചിരുന്നു. പലരും അസ്വസ്ഥരായിരുന്നു, എന്നാല്‍ കൂടുതല്‍ അറിയാന്‍ ആഗ്രഹിച്ചതുമില്ല.

 

“ഞാന്‍ ആളുകളോട് ചോദിച്ചു, ഇത് പത്രത്തിന്റെ ഫ്രണ്ട് പേജില്‍ വന്നാല്‍ ജനങ്ങള്‍ എന്തുചെയ്യുമെന്നാണ് നിങ്ങള്‍ കരുതുന്നത്?” എതിര്‍പ്പിനുള്ള ആഭ്യന്തര സാധ്യതകള്‍ ഉപയോഗിക്കാത്തതിന് വിമര്‍ശിക്കുന്നവരുണ്ടെന്ന് അയാള്‍ പറയുന്നു. “ഇത് റിപോര്‍ട്ട് ചെയ്യുകയായിരുന്നില്ലേ? ഇതെങ്ങനെയാണ് വിഷയം ഉയര്‍ത്താതിരിക്കലാകുന്നത്?”

 

യു.എസ് ഇല്ലാതാകും

ഈ വര്‍ഷം രേഖകള്‍ പുറത്തുവിടും മുമ്പ് സ്നോഡന്‍ അപായസാധ്യതകള്‍ ഒന്നുകൂടി അവലോകനം ചെയ്തു. ‘സ്വാര്‍ഥമായ ഭയത്തെ’ അപ്പോളേക്കും അയാള്‍ മറികടന്നിരുന്നു.

 

സ്നോഡന്‍ പുറത്താക്കിയ രേഖകള്‍ അമേരിക്കക്കാരെ അവരറിയാത്ത ഒരു ഒരു ചരിത്രത്തിലേക്ക് ശ്രദ്ധതിരിക്കാന്‍ നിര്‍ബന്ധിതരാക്കി. സ്വകാര്യ വിവരവിനിമയ സ്ഥാപനങ്ങളുടെ സഹായത്തോടെ ഫൈബര്‍ ഒപ്റ്റികല്‍ കേബിളുകള്‍ വഴി പ്രകാശവേഗത്തില്‍ ഇന്‍റര്‍നെറ്റ്, ടെലിഫോണ്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ എന്‍ എസ് എ പ്രാപ്തരായി. വിവരം ചോര്‍ത്തലിന്റെ സുവര്‍ണയുഗം. ഓരോ വര്‍ഷവും കോടിക്കണക്കിനു ഇമെയില്‍ വിലാസങ്ങളും, ടെലിഫോണ്‍ വിളികളും, സെല്‍ഫോണ്‍ വിലാസങ്ങളുമാണ് എന്‍ എസ് എ സംവിധാനം ചോര്‍ത്തിയെടുത്തത്. ഇതിലേറെയും യാതൊരു വിധത്തിലുമുള്ള സംശയങ്ങള്‍ക്കും ഇടവരുത്താത്ത സാധാരണക്കാരുടെയായിരുന്നു. എന്നാല്‍ സാധാരണ അറിവിനാപ്പുറത്തുള്ള രഹസ്യലക്ഷ്യങ്ങളിലേക്കെത്താന്‍ അത് കൂടിയേ തീരൂ എന്നവര്‍ കരുതി. വിവരം ചോര്‍ത്തല്‍ കൂടാതെ അമേരിക്കക്ക് നിലനില്‍ക്കാനാകില്ലെന്നാണ് 2001 ഒക്ടോബറില്‍ അവരുടെ സ്ഥാപനത്തിനകത്ത് അവതരിപ്പിച്ച ഒരു കുറിപ്പില്‍ വ്യക്തമാക്കിയത്. ജോര്‍ജ് ബുഷ് പ്രസിഡണ്ടായിരുന്ന കാലത്ത് തുടങ്ങിയ ചോര്‍ത്തല്‍ ഒബാമ ഭരണകൂടം മുന്നോട്ടുകൊണ്ടുപോയി.

 

പ്രിസം എന്നു പേരിട്ട ദൌത്യത്തില്‍ ഗൂഗിള്‍, യാഹൂ, മൈക്രോസോഫ്റ്റ്, ആപ്പിള്‍ എന്നിവയ്ക്ക് പുറമെ യു എസ് കേന്ദ്രമാക്കിയ മറ്റ് അഞ്ച് കമ്പനികളില്‍നിന്നും ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിക്കൊണ്ടിരുന്നു. ചോര്‍ത്തല്‍ ലോകമാകെ വ്യാപകമാക്കാന്‍ അവര്‍ ബ്രിട്ടീഷ് ചാരസംഘടനയായ GCHQ-മായി കൂട്ടുചേര്‍ന്നു.  MUSCULAR എന്നു പേരിട്ട ഈ ദൌത്യം അമേരിക്കക്ക് പുറത്തുള്ള വിവരങ്ങളും ചോര്‍ത്തിക്കൊണ്ടിരുന്നു.

 

നിരന്തര ഭീഷണി

MUSCULAR  ദൌത്യം പുറത്തായത് അമേരിക്കയിലെ വിവര സാങ്കേതിക ലോകത്തെ വിറളി പിടിപ്പിച്ചു. മുന്‍വാതിലിലൂടെ കടക്കാന്‍ കഴിഞ്ഞിരുന്ന എന്‍ എസ് എ പിന്‍വാതില്‍കൂടി തകര്‍ത്തെന്നു അവര്‍ പരാതിപ്പെട്ടു. ‘നൂതന നിരന്തര ഭീഷണി’ എന്നാണ് മൈക്രോസോഫ്റ്റ് ഉപദേഷ്ടാവ് ബ്രാഡ് സ്മിത് എന്‍ എസ് എയെ വിശേഷിപ്പിച്ചത്. ഗൂഗിളിന് പിറകെ യാഹൂവും മറ്റ് കമ്പനികളും ഒന്നിന് പിറകെ ഒന്നായി തങ്ങളുടെ വിവരശേഖരങ്ങള്‍ രഹസ്യമാക്കാന്‍ തുടങ്ങി. ഇത് എന്‍ എസ് എക്ക് ഏറ്റ കനത്ത പ്രഹരമായിരുന്നു.

 

എല്ലാവര്‍ക്കുമറിയാം

യു.എസ് രഹസ്യാന്വേഷണ വിഭാഗം തന്റേതടക്കമുള്ള കാര്യാലയങ്ങളില്‍ ചാരപ്പണി നടത്തുന്നു എന്ന വിവരം അറിഞ്ഞാണ് യൂറോപ്യന്‍ യൂണിയന്‍ ഭീകരവിരുദ്ധ ഏകോപന മേധാവി ഗില്ലേ ദേ കെര്‍ഷോവ് ജൂണ്‍ 29-നു ഉറക്കമുണര്‍ന്നത്. “എല്ലാവര്‍ക്കുമറിയാം. എല്ലാവരും ചെയ്യുന്നു” ദേ കെര്‍ഷോവ് പറഞ്ഞു. “എന്‍ എസ് എ എന്റെ കാര്യാലയത്തില്‍ ചാരപ്പണി നടത്തുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അതും സഖ്യകക്ഷികള്‍ തമ്മില്‍? ആളുകള്‍ ഇതിനെ വളരെ മാന്യമായി കാണുന്നതിലാണ് എനിക്കത്ഭുതം.”

 

ജര്‍മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കലും ബ്രസീല്‍ പ്രസിഡണ്ട് ഡില്‍മ റൂസഫും ഏതാണ്ട് ഇതേ തരത്തില്‍ പ്രതികരിച്ചു. റൂസഫ്  ഒരുപടികൂടി കടന്ന് സെപ്തംബറില്‍ ഒബാമയുമായുള്ള അത്താഴവിരുന്ന് റദ്ദാക്കി.

 

“സര്‍ക്കാരിന്റെ കാപട്യമാണ് വെളിവായത്,” സ്നോഡന്‍ പറയുന്നു. “ജര്‍മ്മന്‍ പൌരന്മാരെ ലക്ഷ്യം വയ്ക്കില്ലെന്ന് പറഞ്ഞ സര്‍ക്കാര്‍ ജര്‍മന്‍ ചാന്‍സലറെ ചാരവൃത്തി നടത്തുന്നു. കോണ്‍ഗ്രസിന് മുന്നില്‍ നിങ്ങള്‍ മുഴുവന്‍ രാജ്യത്തോടും കളവ് പറഞ്ഞു.”

 


ബരാക് ഒബാമ

 

അവര്‍ക്കും പിഴക്കും

സ്നോഡന്റെ വെളിപ്പെടുത്തലുകള്‍ വലിയ തിരിച്ചടികളുണ്ടാക്കുമെന്ന് യു.എസ് ഉദ്യോഗസ്ഥരും സമ്മതിക്കുന്നു. “ആളുകള്‍ക്ക് പരസ്പരവിനിമയം എന്തായാലും നടത്തണം. അവര്‍ പിഴവുകള്‍ വരുത്തും. നാമത് മുതലെടുക്കും,” ഒരു എന്‍ എസ് എ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

 

റഷ്യയോ ചൈനയോ സ്നോഡന്റെ പക്കലുള്ള രേഖകള്‍ കൈക്കലാക്കിയോ എന്ന ചെറിയ ആശങ്കയാണ് യു. എസിന്റെ മറ്റൊരാശങ്ക. എന്നാല്‍ തന്റെ ഹാര്‍ഡ് ഡ്രൈവ് ശൂന്യമാണെന്ന് സ്നോഡന്‍ പറയുന്നു. സ്നോഡന്‍ എത്ര രേഖകള്‍ പകര്‍ത്തി എന്നതാണു മറ്റൊരു ചോദ്യം. ഏതാണ്ട് 1.7 ദശലക്ഷം എന്നാണ് എന്‍ എസ് എയുടെ പുതിയ ഡപ്യൂട്ടി ഡയറക്ടര്‍ റിക് ലേഡ്ഗെട്  പറയുന്നത്. ബാക്കി രേഖകള്‍ സുരക്ഷിതമാക്കാമെന്ന ഉറപ്പില്‍ സ്നോഡന് മാപ്പ് നല്‍കുന്ന കാര്യംവരെ പരിഗണിക്കാമെന്ന നിലപാടിലാണ് ലേഡ്ഗെട്. പിന്നീട് സര്‍ക്കാര്‍ ആ സാധ്യത തള്ളിക്കളഞ്ഞെങ്കിലും.

 

തന്നെ പിടികൂടുകയോ ഉപദ്രവിക്കുകയോ ചെയ്താല്‍ രേഖകള്‍ പരസ്യമാക്കാനുള്ള ഒരു സംവിധാനം സ്നോഡന്‍ ചെയ്തിട്ടുണ്ട് എന്നും വാര്‍ത്തകളുണ്ട്. എന്നാല്‍ ഇതേക്കുറിച്ച് മോസ്കോ അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ അയാള്‍ മറുപടി നല്‍കിയില്ല. പിന്നീടയച്ച ഒരു സന്ദേശത്തില്‍,“അതൊരു ആത്മഹത്യാപരമായ നീക്കമാകും. ഒട്ടും യുക്തിയില്ലാത്ത ഒന്ന്,” എന്നാണ് അയാള്‍ പ്രതികരിച്ചത്.

 

അതെന്നെക്കുറിച്ചല്ല

പലകാരണങ്ങള്‍കൊണ്ടും സ്നോഡന്‍ വ്യക്തിജീവിതത്തെപ്പറ്റി അധികം തുറന്നുസംസാരിക്കാത്ത ഒരു ഉള്‍വലിഞ്ഞ വ്യക്തിയാണ്. രണ്ടു ദിവസവും അയാളാ ജാഗ്രത കാത്തു. എന്നാല്‍ ഇടക്കൊക്കെ ചില ശകലങ്ങള്‍ പുറത്തുവന്നു. താന്‍ വളരെ ലളിതജീവിതം നയിക്കുന്ന ആളാണ്. നൂഡില്‍സും ചിപ്സുമാണ് ഭക്ഷണം. സന്ദര്‍ശകര്‍ പുസ്തകങ്ങള്‍ കൊണ്ടുവരും. വായിക്കാത്ത പുസ്തകങ്ങള്‍ കുമിഞ്ഞുകൂടുന്നു. ഇന്‍റര്‍നെറ്റാണ് അവസാനിക്കാത്ത വായനശാല. തന്റെ ദൌത്യത്തിന്റെ പുരോഗതിയും അതിലൂടെയാണ്.

 

മറ്റുള്ളവര്‍ പറയുന്നതില്‍ അധികം ശ്രദ്ധ കൊടുക്കാറില്ല. “അവര്‍ അവര്‍ക്കാവശ്യമുള്ളത് പറഞ്ഞോട്ടെ, അതെന്നെക്കുറിച്ചല്ല” സ്നോഡന്‍ പറഞ്ഞു. റഷ്യന്‍ അധികൃതര്‍ സ്നോഡനെ നിരീക്ഷിക്കുന്നില്ലെങ്കിലെ അത്ഭുതമുള്ളൂ. എന്നാല്‍ മുഴുവന്‍ സമയവും ഇന്‍റര്‍നെറ്റ് സൌകര്യമുണ്ട്. സുഹൃത്തുക്കളും നിയമോപദേശകരുമായി സംസാരിക്കാനും ആദ്യദിനം മുതല്‍ക്കേ തടസ്സമില്ല.

 

“റഷ്യയോടോ ചൈനയോടോ മറ്റേതെങ്കിലും രാജ്യത്തോടോ എനിക്കു കൂറുണ്ടെന്നു പറയാന്‍ ഒരു തെളിവുമില്ല. എനിക്കു റഷ്യന്‍ സര്‍ക്കാരുമായി ഒരു ബന്ധവുമില്ല. അവരുമായി ഒരു ധാരണയിലും ഞാനത്തിയിട്ടില്ല.”

 

“ഇനി കൂറുമാറി എന്നുവെച്ചാല്‍ത്തന്നെ,”സ്നോഡന്‍ ഉറപ്പിച്ച് പറഞ്ഞു,“ഞാന്‍ സര്‍ക്കാരില്‍ നിന്നും ജനപക്ഷത്തേക്കാണ് കൂറുമാറിയത്.”

 

 

 

 

 

 

 

 

 

 

 

Share on

മറ്റുവാര്‍ത്തകള്‍