Continue reading “അമേരിക്കയ്ക്ക് മുന്നില്‍ മുട്ടിടിക്കുന്നവരോട്”

" /> Continue reading “അമേരിക്കയ്ക്ക് മുന്നില്‍ മുട്ടിടിക്കുന്നവരോട്”

"> Continue reading “അമേരിക്കയ്ക്ക് മുന്നില്‍ മുട്ടിടിക്കുന്നവരോട്”

">

UPDATES

ഇന്‍-ഫോക്കസ്

അമേരിക്കയ്ക്ക് മുന്നില്‍ മുട്ടിടിക്കുന്നവരോട്

                       
ടീം അഴിമുഖം
 
ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് കഴിഞ്ഞ 10 വര്‍ഷത്തിനിടെ വിദേശ നേതാക്കളെ വിമാനത്താവളത്തിലെത്തി സ്വീകരിച്ചത് നാലു തവണയാണ്. അതില്‍ രണ്ടു പേര്‍ അമേരിക്കന്‍ പ്രസിഡന്റുമാരായ ജോര്‍ജ് ബുഷും ബരാക് ഒബാമയും. മറ്റു രണ്ടു പേര്‍ സൗദി രാജാവും ജപ്പാന്‍ ചക്രവര്‍ത്തിയുമാണ്. ഇന്ത്യക്ക് പുറത്ത് ഏറ്റവുമധികം ഇന്ത്യന്‍ പൗരന്മാര്‍ ജോലി ചെയ്യുന്ന രാജ്യം സൗദിയാണ്. വികസന മേഖലയില്‍ ജപ്പാനില്‍ നിന്ന് ഏറ്റവും കുടുതല്‍ സഹായം ലഭിക്കുന്ന രാജ്യവും ഇന്ത്യയാണ്. 
 
പ്രോട്ടോക്കോള്‍ അനുസരിച്ച് വിദേശ രാഷ്ട്രത്തലവന്മാരുടെ വാഹനങ്ങള്‍ക്കു മാത്രമാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ പൂമുഖം വരെ എത്താന്‍ അനുമതിയുള്ളൂ. എന്നാല്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിമാര്‍ക്കും ഈ പരിഗണന ഇന്ത്യ നല്‍കാറുണ്ട്. എന്നാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി വൈറ്റ് ഹൗസിലെത്തുമ്പോള്‍ പ്രധാനമന്ത്രിയുടെ പ്രധാന ഉപദേഷ്ടാക്കളെയെല്ലാം ഒരൊറ്റ വണ്ടിയില്‍ അടച്ചാണ് അവിടെ എത്തിക്കാറ്. ഇക്കൂട്ടത്തില്‍ വിദേശകാര്യ സെക്രട്ടറി മുതല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് വരെയുണ്ടായിട്ടു പോലും അതാണ് അവസ്ഥ. 
 
ഇക്കഴിഞ്ഞ ഡിസംബര്‍ 23-ന് മുമ്പു വരെ അമേരിക്കയുടെ എല്ലാ കോണ്‍സുലാര്‍ ഉദ്യോഗസ്ഥര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും പരിപൂര്‍ണ നയതന്ത്ര പരിരക്ഷ ഇന്ത്യ നല്‍കിയിരുന്നു. എന്നാല്‍ ഇന്ത്യയുടെ അമേരിക്കയിലെ കോണ്‍സുലാര്‍മാര്‍ക്ക് പരിമിതമായ പരിരക്ഷയാണ് അമേരിക്ക നല്‍കുന്നത്. ഇവരുടെ കുടുംബാംഗങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള പരിരക്ഷ ഇല്ലതാനും. ഇന്ത്യന്‍ വിമാനത്താവളങ്ങളിലെല്ലാം അമേരിക്കന്‍ നയതന്ത്രജ്ഞര്‍ക്ക് യാതൊരു വിലക്കുമില്ലാതെ ഭക്ഷണ, പാനീയങ്ങള്‍ ഇറക്കുമതി ചെയ്യാനുള്ള അവകാശവും ഇന്ത്യ നല്‍കിയിരുന്നു. 
 

ദേവയാനിയുടെ വിസ അപേക്ഷ
 
നയതന്ത്ര ബന്ധങ്ങളുടെ അടിസ്ഥാനം തുല്യതയാണ്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിനും സര്‍ക്കാരിനും ഇതു മനസിലാക്കാന്‍ ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ ഡപ്യൂട്ടി കോണ്‍സുലാര്‍ ജനറല്‍ ദേവയാനി ഖോബ്രാഹെഡെയുടെ അറസ്റ്റും അതുമായി ബന്ധപ്പെട്ട നയതന്ത്ര പ്രശ്‌നങ്ങളും വേണ്ടി വന്നു. ന്യൂഡല്‍ഹിയിലെ അമേരിക്കന്‍ എംബസിയില്‍ മുമ്പിലെ റോഡ് പോലും ബ്ലോക്ക് ചെയ്താണ് ഇന്ത്യ അമേരിക്കയോടുള്ള പ്രത്യേക ബഹുമാനം കാണിച്ചിരുന്നത്. അമേരിക്കന്‍ നയതന്ത്രജ്ഞരുടെ സുരക്ഷയില്‍ നിന്ന് ഇന്ത്യ പിന്മാറണം എന്ന് അഭിപ്രായം അഴിമുഖത്തിനില്ല. എന്നാല്‍ സുരക്ഷാ കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയില്‍ തുല്യത തീര്‍ച്ചയായും ഉണ്ടാവണം എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല, അതില്‍ വിട്ടുവീഴ്ചയുണ്ടാവാനും പാടില്ല. 
 
അമേരിക്കന്‍ നിയമത്തിന് മുന്നില്‍ ഒരു കുറ്റം ഉണ്ടെങ്കില്‍ നിയമം നിയമത്തിന്റെ വഴിയേ തന്നെ പോകും. എന്നാല്‍ അമേരിക്കയുടെ ഇരട്ടത്താപ്പുകള്‍ ഇങ്ങനെയുള്ള കാര്യങ്ങളിലും പ്രകടമാണ്. തങ്ങളുടെ കോണ്‍സുലാര്‍ ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ നയതന്ത്ര പരിരക്ഷ വേണമെന്ന വാദമാണ് അമേരിക്ക വര്‍ഷങ്ങളായി പുലര്‍ത്തുന്നത്. അതവര്‍ നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. 1970-കളിലെ പ്രസിദ്ധമായ കേസില്‍ ഇറാനെതിരെ അന്താരാഷ്ട്ര കോടതിയില്‍ പോയ അമേരിക്ക തങ്ങളുടെ കോണ്‍സുലാര്‍ ഉദ്യോഗസ്ഥര്‍ക്ക് പരിപൂര്‍ണ നയതന്ത്ര പരിരക്ഷ ഉണ്ടെന്ന വിധിയും സമ്പാദിച്ചിരുന്നു. തങ്ങള്‍ക്ക് ഒരു നിയമം, മറ്റുള്ളവര്‍ക്ക് വേറൊരു നിയമം എന്ന് പറയാനുള്ള സ്വാതന്ത്ര്യം അമേരിക്കയ്ക്ക് ഉണ്ടാകാം. എന്നാല്‍ അത് അംഗീകരിച്ചു കൊടുക്കാനുള്ള നട്ടെല്ലില്ലായ്മ ഇന്ത്യ എന്തിന് പുലര്‍ത്തി എന്നത് മനസിലാകാത്ത കാര്യമാണ്. 
 

സംഗീതയും ഭര്‍ത്താവ് റിച്ചാര്‍ഡും
 
ദേവയാനിയെ അറസ്റ്റ് ചെയ്തത് വിസാ തട്ടിപ്പിനും അതുപോലെ അര്‍ഹതപ്പെട്ട ശമ്പളം തന്റെ ജോലിക്കാരിയായ സംഗീതാ റിച്ചാര്‍ഡിന് നല്‍കിയില്ല എന്ന കേസിലുമാണ്. ന്യൂയോര്‍ക്ക് അറ്റോര്‍ണിയുടെ വാദം അനുസരിച്ച് ദേവയാനി സംഗീതയ്ക്ക് 4500 അമേരിക്കന്‍ ഡോളര്‍ ശമ്പളം വാഗ്ദാനം ചെയ്തു. എന്നാല്‍ ദേവയാനി പറയുന്നത് സംഗീതയുടെ വിസാ അപേക്ഷയില്‍ തന്റെ ശമ്പളമാണ് 4500 ഡോളര്‍ എന്നു കാണിച്ചിരിക്കുന്നത് എന്നാണ്. അമേരിക്കന്‍ തൊഴില്‍ നിയമം അനുസരിച്ച് ദേവയാനി ഒപ്പിട്ട കരാറില്‍ 1560 ഡോളറാണ് സംഗീതയുടെ ശമ്പളം. ഇതില്‍ 1000 ഡോളര്‍ അമേരിക്കയില്‍ വച്ച് നല്‍കുകയായിരുന്നുവെന്നും ബാക്കിയുള്ളത് 30,000 ഇന്ത്യന്‍ രൂപയായി നല്‍കുകയും ചെയ്തിരുന്നുവെന്ന് ദേവയാനി പറയുന്നു. കേസ് ഇതായിരിക്കുമ്പോള്‍ തന്നെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ വളരെ അപമാനകരമായ രീതിയിലാണ് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. കുറ്റം ചെയ്തവര്‍ രക്ഷപെടണമെന്ന വാദം അഴിമുഖത്തിനില്ല. എന്നാല്‍ അമേരിക്കന്‍ നയതന്ത്ര പ്രതിനിധികള്‍ക്ക് ഇന്ത്യ നല്‍കുന്ന ഇളവുകളും മര്യാദകളും ദേവയാനിക്ക് കിട്ടിയില്ല എന്നുള്ളതും ശ്രദ്ധേയമാണ്. അതുപോലെ തന്നെ ജോലിക്കാരിയുടെ ഭാഗത്തെ ന്യായങ്ങള്‍ കാര്യമായി കേള്‍ക്കുന്നതിനുള്ള ഒരു ശ്രമവും ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഇതുവരെ ഉണ്ടായിട്ടുമില്ല. 
 
നയതന്ത്ര പരിരക്ഷ ഇല്ലെങ്കിലും ദേവയാനിയെ പോലെ ഒരു ഇന്ത്യന്‍ പൗരയാണ് സംഗീതാ റിച്ചാര്‍ഡും. സര്‍ക്കാരിന് പൗരന്മാരോടുള്ള കടമ മറന്നു പോകാനോ, ഉപേക്ഷ വിചാരിക്കാനോ പാടില്ലാത്തതാണ്. എന്നാല്‍ മിക്കപ്പോഴും വിദേശരാജ്യങ്ങളലുള്ള സാധാരണ പൗരന്മാരുടെ അവസ്ഥ കണ്ടില്ലെന്നു നടിക്കാറാണ് നമ്മുടെ വിദേശകാര്യ മന്ത്രാലയം ചെയ്യാറ്. തത്ഫലമായി കടല്‍ക്കൊള്ളക്കാരുടെ പിടിയില്‍ പെടുന്നവരും ചെറിയ കുറ്റങ്ങളുടെ പേരിലും ചതിയില്‍പ്പെട്ടുമൊക്കെ ഗള്‍ഫിലെ വിവിധ രാജ്യങ്ങളില്‍ വര്‍ഷങ്ങളോളം ജയിലുകളിലും നിയമ കുരുക്കുകളിലും അകപ്പെട്ടു കിടക്കുന്നു. ദേവായാനി പ്രശ്‌നത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ച വിദേശകാര്യ മന്ത്രാലയം ഇങ്ങനെയുള്ള കാര്യങ്ങളില്‍ കൂടി ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഒന്നുമില്ലെങ്കില്‍ ഇന്ത്യന്‍ പൗരന്മാരെ പരിരക്ഷിക്കേണ്ട ചുമതല രാജ്യത്തിന്റെ നികുതിപ്പണം ശമ്പളമായി കൈപ്പറ്റുന്നവര്‍ക്കുണ്ടെന്ന് എങ്കിലും ഓര്‍ക്കണം.
 

 

Share on

മറ്റുവാര്‍ത്തകള്‍