Continue reading “കരോളുകളുടെ ചരിത്രം അഥവാ ഭൂതകാലത്തേക്കുള്ള ഒരു ജനാല”

" /> Continue reading “കരോളുകളുടെ ചരിത്രം അഥവാ ഭൂതകാലത്തേക്കുള്ള ഒരു ജനാല”

"> Continue reading “കരോളുകളുടെ ചരിത്രം അഥവാ ഭൂതകാലത്തേക്കുള്ള ഒരു ജനാല”

">

UPDATES

ഓഫ് ബീറ്റ്

കരോളുകളുടെ ചരിത്രം അഥവാ ഭൂതകാലത്തേക്കുള്ള ഒരു ജനാല

                       

നെഥന്‍ ഹെല്ലര്‍
(സ്ളേറ്റ്)

ലോകം എന്തായിത്തീരുമെന്നറിയണമെങ്കില്‍ കുട്ടികളെ നോക്കുക. ഈയിടെ ജസ്റ്റിന്‍ ബീബര്‍ തന്റെ ആദ്യക്രിസ്തുമസ് ആല്‍ബം പുറത്തിറക്കി. അതില്‍ “ഡ്രമ്മര്‍ ബോയ്‌, സൈലന്റ് നൈറ്റ്” തുടങ്ങിയവയുള്‍പ്പെടെ പല പഴയകാല കരോള്‍ഗാനങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. അതുകൂടാതെ ഇന്ന് വരെ ആരും കേട്ടിട്ടില്ലാത്ത ബീബറുടെ സ്വന്തം വരികളും. ചിലതൊക്കെ ഇങ്ങനെയാണ്, “എനിക്കീ ആഘോഷം ഉപേക്ഷിക്കാന്‍ തോന്നുന്നില്ല, എന്നാല്‍ നിന്റെ മുഖത്ത് തുറിച്ചുനോക്കാതിരിക്കാനും പറ്റുന്നില്ല” എന്നൊക്കെ. ബില്‍ബോര്‍ഡ് ചാര്‍ട്ടില്‍ ഇപ്പോഴേ ഈ പാട്ട് ഒന്നാം നമ്പരായിക്കഴിഞ്ഞു. ക്രിസ്തുമസ് ആല്‍ബങ്ങള്‍ ചെയ്ത പരിചയസമ്പന്നരോടൊപ്പം ജോലിചെയ്യാനുള്ള ആഗ്രഹം കൊണ്ടാണ് ഈ ആല്‍ബം നിര്‍മ്മിച്ചതെന്ന് ബീബര്‍ പറയുന്നു. ശരിയാണ്, ക്രിസ്തുമസ് കരോളുകള്‍ എന്നാല്‍ സംഗീതകുടുംബത്തിലെ ബന്ധുക്കളെ സന്ദര്‍ശിക്കല്‍ തന്നെയാണ്. അവര്‍ എല്ലാവര്‍ഷവും ഒരേസമയത്ത് നമ്മെ കാണാന്‍ വരും, നമ്മള്‍ ആഗ്രഹിക്കുന്നതിലും കുറച്ചുകൂടിനാള്‍ കൂടെ നില്‍ക്കും. അവരില്ലാത്ത ഒരു ഡിസംബര്‍ വളരെ ഏകാന്തവും വിചിത്രവുമായിരിക്കും, ഒരാഴ്ച അവരില്ലാതാകുമ്പോള്‍ തന്നെ അടുത്തവര്ഷം അവരുടെ വരവിനായി നമ്മള്‍ കാത്തിരിക്കും.

ക്രിസ്തുമസ് കാരോളുകള്‍ എങ്ങനെയാണ് ഇത്രയേറെ നാള്‍ നിലനില്‍ക്കുന്നത്? നൂറ്റാണ്ടുകളും സഹസ്രാബ്ദങ്ങ്ലും ഒക്കെ ആളുകളുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്നത്? ക്രിസ്തുമസ്സ് കാരോള്‍ വിചിത്രമായ ഒരു സൃഷ്ടിയാണ്, സത്യത്തില്‍ അത് വളരെ സാധാരണമായ ഒരു ഈണമായിരിക്കും. പ്രേമത്തെപ്പറ്റിയും ധീരതയെപ്പറ്റിയും പരാജയത്തെപ്പറ്റിയുമെല്ലാം വേറെ എത്രയോ ഉദാത്തമായ പാട്ടുകളുണ്ട്. എന്നാല്‍ ക്രിസ്തുമസ്സ് കരോളുകളെപ്പറ്റി നടത്തിയ ഒരു സര്‍വേ വേറെ ചിലതാണ് എടുത്തുകാട്ടിയത്. ജിംഗിള്‍ ബെല്‍സ് ഭീകരമായ സ്ട്രെസ് റിലീഫ് ആണെന്നും ടൂ യു ഹിയര്‍ വാട്ട് ഐ ഹിയര്‍ ഒരു വിഭ്രാന്തിയുടെ പാട്ടാണെന്നും ഐ സൊ മോമ്മി കിസ്സ്‌ സാന്റാക്ലോസ്‌ വളരെ സങ്കീര്‍ണ്ണമായ ഫ്രോയിഡിയന്‍ വേവലാതികളാണെന്നും ഇട്സ് ദി മോസ്റ്റ്‌ വണ്ടര്‍ഫുള്‍ ടൈം ഓഫ് ദി ഇയര്‍ ബലംപ്രയോഗിച്ചുള്ള ആവേശപ്രകടനമാണെന്നും ഡോമിനിക് ദി ഡോങ്കി അപരത്വത്തോടുള്ള പേടിയാണെന്നും ഒക്കെ പറയപ്പെടുന്നു. ഇവയെയൊക്കെ നമുക്ക് അനുനയിപ്പിച്ചു പറഞ്ഞയക്കാന്‍ കഴിയില്ലെന്നും നമ്മള്‍ മനസിലാക്കിക്കഴിഞ്ഞതാണ്. കരോള്‍പാട്ട് മദ്യപാനം പോലെ സംഘം ചേര്‍ന്നുള്ള ഒരു വികൃതിയാണ്. വളരെ നിശബ്ദമായ ഒരു രാത്രി നിങ്ങള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ഒരു സംഘം സന്തോഷക്കമ്മറ്റിയുമായി വന്നു പാട്ടുപാടാന്‍ തുടങ്ങുമ്പോള്‍ നിങ്ങള്‍ പോലീസിനെ വിളിക്കുന്നതിനെക്കാള്‍ നല്ലത് ഒരു കഷണം കേക്ക് കൊടുക്കുന്നത് തന്നെയാണ്.

 

 

എന്നാല്‍ ഈ ക്രിസ്തുമസ് പാട്ടുകളില്‍ പലതും ക്രിസ്തുമസ് പാട്ടുകള്‍ പോലുമല്ല എന്നതാണ് സത്യം. പ്രശസ്തമായ ജിംഗിള്‍ ബെല്‍സ് ഒരു താങ്ക്സ്ഗിവിംഗ് പാട്ടാണ്. ഹല്ലേലൂയ്യ കോറസ് ഈസ്റ്ററിനെപ്പറ്റിയുള്ളതാണ്. ഒരുപക്ഷെ നമ്മള്‍ ക്രിസ്തുമസ് കാലത്ത് ഈ പാട്ടുകള്‍ കേള്‍ക്കുന്നത് ഈ പാട്ടുകള്‍ കേള്‍ക്കാനുള്ള ഇഷ്ടം കൊണ്ട് മാത്രമായിരിക്കും. ഇങ്ങനെയൊക്കെയാണെന്നിരിക്കെ ക്രിസ്തുമസ് കരോളിനെ ഒരു സീസണല്‍ ഹൈപ്പായി എഴുതിത്തള്ളാന്‍ കഴിയാതെ വരുന്നു. തുടക്കം മുതലേ തന്നെ ഒരു തരം അബദ്ധ ഗൃഹാതുരത സൃഷ്ടിച്ചുകൊണ്ടാണ് ക്രിസ്തുമസ് പാട്ടുകള്‍ പച്ചപിടിച്ചത്. ഈ അടുത്ത കാലത്താണ് അവ ഒരു സാംസ്കാരിക നിബന്ധനയായി മാറിയത്. വെസ്റ്റേണ്‍ പോപ്പ് സംഗീതത്തിലെ മുഖ്യധാരയെ മനസിലാക്കാനുള്ള ഒരു വഴികൂടിയാണ് ഇന്ന് ക്രിസ്തുമസ് കരോളുകള്‍.

കൃത്രിമമായ ഒരു ആവേശമാണ് ക്രിസ്തുമസ് പാട്ടുകള്‍ ഉണ്ടായ കാലം മുതല്‍ അവയുടെ ഒരു സ്വഭാവം. രണ്ടാം നൂറ്റാണ്ടുമുതല്‍ റോമില്‍ ക്രിസ്തുവിന്റെ ജനനത്തെപ്പറ്റിയുള്ള പാട്ടുകള്‍ പാടിത്തുടങ്ങിയെങ്കിലും അത് ക്രിസ്ത്യന്‍ അധികാരികളുടെ നിര്‍ദേശപ്രകാരം പാടിയവയാണ്. പൊതുജനതാല്പ്പര്യപ്രകാരമല്ല ഇവ ആലപിക്കപ്പെട്ടിരുന്നത്. നാലാം നൂറ്റാണ്ടിലാണ് ക്രിസ്തുമസ് ദിവസമായി ഡിസംബര്‍ 25  തെരഞ്ഞെടുക്കപ്പെടുകയും ആഘോഷപരിപാടികള്‍ ഇതിനോട് ചേര്‍ത്ത് തീരുമാനിക്കുകയും പാട്ടുകള്‍ രൂപപ്പെടുകയുമൊക്കെ ചെയ്യുന്നത്. ഇതിലുള്ള പല ഗാനങ്ങളും അപ്പോള്‍ നിലവിലുള്ള എന്നാല്‍ ക്രിസ്ത്യന്‍ അല്ലാത്തവയാണ്. അവയെ ക്രിസ്തുമസ് ഗാനങ്ങളായി കൂടെ ചേര്‍ക്കുകയാണുണ്ടായത്. ആദ്യകാല സഭയ്ക്ക് ഇത്തരം വിജാതീയപാട്ടുകളോട് എതിര്‍പ്പുണ്ടാകുകയും ഇതിനുപകരമായി സ്വന്തം ഗാനങ്ങള്‍ അവര്‍ സൃഷ്ടിക്കുകയും ചെയ്തു. നാലാം നൂറ്റാണ്ടിലെ ബിഷപ്പ് അംബ്രോസ് എഴുതിയ വേനി, റിടെംപ്റ്റര്‍ ജെന്റിയം അഥവാ ലോകനാഥാ വരൂ എന്ന കരോള്‍ ആണ് ഏറ്റവും ആദ്യത്തെ ക്രിസ്ത്യന്‍ കരോള്‍ ഗാനമായി കരുതപ്പെടുന്നത്. ഇത്തരം പാട്ടുകളെ എല്ലാം ആളുകള്‍ വെറുത്തിരുന്നുവെന്നാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്. സഭ അനുവദിച്ച പാട്ടുകള്‍ എല്ലാം ലത്തീന്‍ ഭാഷയിലുള്ളവയായിരുന്നു. ആളുകള്‍ക്ക് ഇവയേക്കാള്‍ താല്‍പ്പര്യം തങ്ങള്‍ക്ക് പരിചയമുള്ള വിജാതീയഗാനങ്ങളോട് തന്നെയായിരുന്നു.

 

ക്രിസ്തുമസ് കരോളിനെ മോശം സംഗീതത്തിന്റെ ഈ തുറങ്കില്‍ നിന്ന് രക്ഷപ്പെടുത്തിയത് വിശുദ്ധ ഫ്രാന്‍സിസ് അസീസിയാണ്. അദ്ദേഹമാണ് സഭയിലെ ഏറ്റവും സൌമ്യനായ എന്നാല്‍ ഏറെ നിര്‍ണ്ണായകസ്ഥാനം നേടിയിട്ടുള്ള പരിഷ്കര്‍ത്താവ്‌. പതിമൂന്നാം നൂറ്റാണ്ടില്‍ ഫ്രാന്‍സിസ് ക്രിസ്തുമസ് ആഘോഷത്തെ പതിവ് ശ്രമകരമായ അഭ്യാസങ്ങളില്‍ നിന്ന് മാറ്റി അതിനെ ക്രിസ്തുവിന്റെ ജനനം ഉള്‍പ്പെടുന്ന ഒരു ദൃശ്യവല്‍ക്കരണത്തിന്റെ രൂപത്തിലെത്തിച്ചു. യഥാര്‍ത്ഥ വയ്ക്കോലും യഥാര്‍ത്ഥ മൃഗങ്ങളെയും ഒപ്പം ചരിത്രത്തിലാദ്യമായി യഥാര്‍ത്ഥസംഗീതവും അദ്ദേഹം ക്രിസ്തുമസിന്‍റെ ഭാഗമാക്കി. യാഥാസ്ഥിതിക പാട്ടുകള്‍ക്ക് പകരം അദ്ദേഹം കാഴ്ച്ചക്കാരുടെയെല്ലാം പ്രാദേശിക ഭാഷകളിലുള്ള പാട്ടുകള്‍ ഉപയോഗിച്ചു. ക്രിസ്തുമസ് സംഗീതത്തെ അദ്ദേഹം മുഖ്യധാരാസംഗീത പരിഷ്കാരങ്ങളുടെ ഒരു വേദിയാക്കി മാറ്റി. മദ്യപസദസുകളിലെ പാട്ടുകള്‍ പോലും എടുത്ത് അതിനൊക്കെ അദ്ദേഹം ക്രിസ്തുമസ് ഭാഷ്യം നല്‍കി. സഭ ഇതിനെയൊക്കെ വലിയ എതിര്‍പ്പിലാണ് കണ്ടത്. എന്നാല്‍ നാടോടിസംഗീതജ്ഞര്‍ ഇവയൊക്കെ ആവേശത്തോടെ പാടിനടന്നു. ക്രിസ്തുമസിനു അതിന്റേതായ ഒരു ജീവന്‍ വരാന്‍ തുടങ്ങിയിരുന്നു. അത് വിശുദ്ധമായ ഒരു ആചരണം എന്നതില്‍ നിന്ന് വ്യതിചലിച്ചുതുടങ്ങി.

അതിനുശേഷം വന്ന മാര്‍ട്ടിന്‍ ലൂതര്‍ ക്രിസ്തുമസിലേയ്ക്ക് നാടോടിഈണങ്ങള്‍ കൊണ്ടുവന്നു. ക്രിസ്തുമതത്തെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളോട് ചേര്‍ന്നുനില്‍ക്കുന്നവയായിരുന്നു ഈ പാട്ടുകള്‍. എന്നാല്‍ പ്യൂരിട്ടന്‍ മൂവ്മെന്റ് ഉണ്ടായപ്പോള്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ മരിച്ചുവെന്നുതന്നെ പറയാം. അവര്‍ 1647ല്‍ പാര്‍ലമെന്‍റ് നിയമപ്രകാരം തന്നെ ക്രിസ്തുമസ് ആഘോഷങ്ങള്‍ നിരോധിച്ചു. കോളനികളില്‍ പോലും ക്രിസ്തുമസ് ആഘോഷിക്കുന്നവര്‍ പിഴയടയ്ക്കേണ്ട അവസ്ഥ വന്നു.

 

പിന്നീട് ഇരുനൂറുവര്ഷം കഴിഞ്ഞാണ് ക്രിസ്തുമസ് ആഘോഷങ്ങള്‍ ഇന്നത്തെ അവസ്ഥയില്‍ തുടങ്ങിയത്. അതിന്റെ പ്രധാനകാരണവും പാട്ടുകളായിരുന്നു. 1822ല്‍ ചരിത്രകാരനായ ഡേവിസ് ഗില്‍ബര്‍ട്ട് പ്രാചീന ക്രിസ്തുമസ് കരോളുകളുടെ ഒരു പുസ്തകം പുറത്തിറക്കി. പതിനൊന്നു വര്ഷം കഴിഞ്ഞ് വില്ല്യം സാന്‍ഡിസ് എന്നയാള്‍ കുറച്ചുകൂടി ഭേദപ്പെട്ട ഒരു വോള്യം പുറത്തിറക്കി. അതിലെ പല പാട്ടുകളും ഇന്നും പ്രചാരത്തിലുള്ളവയാണ്. 1840ല്‍ വിക്ടോറിയ രാജ്ഞി പ്രിന്‍സ് ആല്‍ബര്‍ട്ടിനെ വിവാഹം കഴിച്ചപ്പോള്‍ അദ്ദേഹത്തിന്റെ കോണ്ടിനെന്റല്‍ ശൈലിയിലുള്ള ക്രിസ്തുമസ് പാട്ടുകളും ഇംഗ്ലണ്ടില്‍ എത്തി. അങ്ങനെയുണ്ടായ മാറ്റത്തെ സ്വീകരിച്ച പ്രജകളില്‍ ഒരാള്‍ ചാള്‍സ് ഡിക്കന്‍സ് ആയിരുന്നു. 1843ല്‍ പുറത്തിറങ്ങിയ ആദ്ദേഹത്തിന്റെ ക്രിസ്തുമസ് കരോള്‍ എന്ന നോവല്‍ മുഷിഞ്ഞ പ്യൂരിട്ടന്‍ ചിന്താഗതിക്കേറ്റ ഒരടിയായിരുന്നു.

ഇരുപതാം നൂറ്റാണ്ടിലെ ക്രിസ്തുമസ് ഈ വിക്ടോറിയന്‍ ആഘോഷത്തിന്‍റെ ഒരു തുടര്‍ച്ചയാണ്. പല മോഡേണ്‍ കരോളുകളും പത്തൊന്‍പതാം നൂറ്റാണ്ടിലെ പാട്ടുകളുടെ ഈണത്തിലുള്ളവതന്നെയാണ്. ഇന്നത്തെ കരോളുകളില്‍ പലതും ക്രിസ്തുമസുമായി വലിയ ബന്ധമൊന്നും ഉള്ളവയല്ല. വിശുദ്ധമായതും മതപരമായതും എന്നതിനേക്കാള്‍ മതേതരമായ വിഷയങ്ങളാണ് പാട്ടുകളില്‍ അധികവും. ഇതില്‍ സാന്റാക്ലോസ്‌, മഞ്ഞുമനുഷ്യര്‍, മിസല്‍ടോ, സന്തോഷം എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ഉള്ളത്.

കരോളുകള്‍ നമ്മെ ഒരുപാട് കാലം പിറകോട്ട് കൊണ്ടുപോകും. അവയിലൂടെ നമ്മള്‍ അറിയുന്നത് പാശ്ചാത്യസംഗീതത്തിന്റെ ചരിത്രത്തെക്കൂടിയാണ്. ഭൂതകാലത്തിലേയ്ക്കുള്ള ജനാലകളാണ് കരോളുകള്‍. ഭാവിയെപ്പറ്റിയുള്ള പ്രതീക്ഷയുമാണ് അവ.

 

Share on

മറ്റുവാര്‍ത്തകള്‍