ടിം അഴിമുഖം
എം.ബി.എ ബിരുദധാരിയായ ഒരാൾ രാഷ്ട്രീയ പാർട്ടിയുടെ തലപ്പത്തേക്ക് ആ ഒറ്റക്കാരണത്താൽ ഉയർത്തപ്പെട്ടാൽ, നിങ്ങൾ രാഷ്ട്രീയക്കാർ അതനുവദിക്കുമോ? മാദ്ധ്യമപ്രവർത്തകനായ നിങ്ങൾ ഒരു സേനാ ഉദ്യോഗസ്ഥന് റിപ്പോർട്ട് ചെയ്യണമെന്ന് പറഞ്ഞാൽ, നിങ്ങളതിന് വഴങ്ങുമോ? ഒരു കലാബോധവുമില്ലാത്ത ഒരാൾ നിങ്ങളെ ഭരിച്ചാൽ അതിനെ കലാകാരനായ നിങ്ങൾ എങ്ങനെ വിലയിരുത്തും? ഇവിടെയെല്ലാം നിങ്ങൾ പ്രതികരിക്കും.തീര്‍ച്ച.
എന്നാല്‍ ആരും പ്രതികരിക്കാനില്ലാത്ത ഒരു മേഖലയെക്കുറിച്ചാണ് അഴിമുഖം ഇവിടെ ചർച്ച ചെയ്യുന്നത്. ഇന്ത്യൻ കായിക രംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച്. ക്രിക്കറ്റ്, ബാഡ്മിന്റൻ, അമ്പെയ്ത്ത്, ഹോക്കി, ഫുട്ബാൾ, അത്‌ലറ്റിക്‌സ് അങ്ങനെ ഏത് കായിക വിഭാഗമെടുത്താലും, ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞ് കുടവയറൻമാരായ പ്രത്യേക ഇനത്തിൽപ്പെട്ട ജീവിതത്തിൽ ഒരിക്കലും കളരിയിൽ ഇറങ്ങിയിട്ടില്ലാത്ത രാഷ്ട്രീയക്കാരാണ് ഇതിന്‍റെയെല്ലാം തലപ്പത്ത് വിരാജിക്കുന്നതെന്നതാണ് എടുത്തുപറയേണ്ട കാര്യം. ഇന്ത്യൻ കായിക രംഗത്ത് നിലനില്‍ക്കുന്ന അപകടകരമായ ഈ നീതികേട് അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അടുത്തിടെ രാജ്യത്തെ പരമോന്നത നീതിപീഠം തന്നെ ആ നിർദ്ദേശം മുന്നോട്ടു വെച്ചിരിക്കുന്നു. രാജ്യത്തെ ഹോക്കിയുടെ പരിതാപകരമായ സ്ഥിതി വിലയിരുത്തികൊണ്ടായിരുന്നു കോടതിയുടെ നിർദ്ദേശം.
കായിക രംഗത്തെ രാഷ്ട്രീയക്കാരുടെ ആധിപത്യം അവസാനിപ്പിക്കാൻ കുറച്ചു കാലം മുൻപ് ചില ശ്രമങ്ങളൊക്കെ നടന്നിരുന്നു. ഒടുവിൽ അത് എവിടെയോ അവസാനിക്കുകയായിരുന്നു. മൈതാനത്തില്‍ തന്ത്രങ്ങളിലൂടെ മികവ് പുലർത്തിയിരുന്ന പല താരങ്ങൾക്കും രാഷ്ട്രീയക്കാരുടെ തന്ത്രങ്ങൾക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല.
ഏതായാലും ഇപ്പോൾ ആ വഴിക്കുള്ള ശ്രമങ്ങൾ വീണ്ടും ആരംഭിച്ചിരിക്കുന്നു. ഇതാണ് അതിനുള്ള യഥാർത്ഥ സമയം. ഇനി വൈകാൻ പാടില്ല. ഡൽഹി ക്രിക്കറ്റ് അസോസിയേഷനിലേക്ക് ഈ മാസം 30ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റും ബി.ജെ.പി നേതാവുമായ അരുൺ ജെയ്‌റ്റ്‌ലിക്കെതിരെ മത്സരിക്കുന്നത് മുൻ ക്രിക്കറ്റ് താരം ബിഷൻ സിംഗ് ബേഡിയാണ്. തിരഞ്ഞെടുപ്പ് ഫലം എന്ത് തന്നെയാണെങ്കിലും ഇതൊരു തുടക്കമാണ്. രാജ്യത്തെ കായിക രംഗത്തെ ബാധിച്ചിരിക്കുന്ന അഴുക്കുകളായ രാഷ്ട്രീയക്കാരെ തുരത്തുന്നതിന് വേണ്ടി ക്ളീൻ സ്‌പോർട്സ് ഇന്ത്യയുടെ ബാനറിൽ പ്രവർത്തനം നടത്തുന്ന അശ്വിനി നാച്ചപ്പയെപ്പോലുള്ളവർക്ക് ഇത് പ്രചോദനമായിത്തീർന്നേക്കും.
രാജ്യത്തെ സാക്ഷര സംസ്ഥാനമായ കേരളത്തിലെ സ്ഥിതി മറ്റൊന്നല്ല, അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെടുകയും അതിനു വേണ്ടി കളിക്കളത്തിൽ അശ്രാന്തം പരീശീലനം നടത്തുകയും ചെയ്യുന്ന നിരവധി താരങ്ങളെ സംഭാവന ചെയ്യുന്ന സംസ്ഥാനമാണ് കേരളം. എന്നാലിവിടെയും കായിക മേഖലയോട് അകന്ന ബന്ധം മാത്രമുള്ള ആളുകളാണ് അസോസിയേഷനുകളുടെ തലപ്പത്ത് അർഹതപ്പെട്ടതല്ലാത്ത കസേരകളിൽ കയറി ഇരുന്ന് വിലസുന്നത്. ടി.സി. മാത്യു തന്നെ അതിന് ഉദാഹരണമല്ലേ എന്ന് അഴിമുഖം ചോദിച്ചാല്‍ ആരും എതിര്‍ക്കുമെന്ന് തോന്നുന്നില്ല.
അഴിമതി ഉൾപ്പെടെ നിരവധി ആരോപണങ്ങൾ നേരിടുന്ന രാഷ്ട്രീയക്കാർ രാജ്യത്തെ കായിക രംഗത്തെ എന്തിന് നയിക്കണം? അവരുടെ കുതന്ത്രങ്ങൾ കായിക രംഗം സഹിക്കേണ്ടതുണ്ടോ? എന്തിനാണ് സുരേഷ് കൽമാഡി, രാജീവ് ശുക്ള എന്നിവരെ പോലെയുള്ളവരുടെ താത്പര്യങ്ങൾ രാജ്യം പേറുന്നത്? നമ്മുടെ കായിക രംഗം ഇതിനെതിരെ ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന കായിക രംഗത്തെ കായികരംഗത്തുള്ളവർ തന്നെ തിരിച്ചുപിടിക്കണം.
രാഷ്ട്രീയക്കാരുടെ മാഫിയ നേതൃത്വം നൽകുന്നതിന്റെ അനന്തരഫലങ്ങൾ നമ്മുടെ കായിക രംഗവും താരങ്ങളുമാണ് അനുഭവിക്കുന്നത്. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പുതുച്ചേരിയിൽ നടക്കുന്ന ദക്ഷിണ മേഖലാ ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുക്കാൻ എത്തിയ കേരള സർവകലാശാലയുടെ ടീമിന് നേരിടേണ്ടി വന്നത്. ആദ്യത്തെ കുറേ ദിവസങ്ങൾ സ്വന്തം നിലയിൽ താമസവും മറ്റും അവര്‍ക്ക് ഒരുക്കേണ്ടിവന്നു. ഒരു മുറിയിൽ തന്നെ അഞ്ചിലധികം താരങ്ങൾ കഴിച്ചുകൂട്ടി. ഇതൊന്നും തലപ്പത്തിരിക്കുന്നവരെ വേവലാതിപ്പെടുത്തുന്നില്ല. അവര്‍ക്കാര്‍ക്കും കായിക താരങ്ങളുടെ മേല്‍ ഒരു കരുതലില്ല. പക്ഷേ മൈക്ക് കിട്ടിയാലോ, ദിവസവും അന്താരാഷ്ട്ര തലത്തിലേക്ക് ഓരോ താരത്തെ സംഭാവന നൽകാനാകുമെന്നും അതിനുള്ള സൗകര്യങ്ങൾ ഒരുക്കികൊടുക്കുന്നുണ്ടെന്നും വാദിക്കുകയും ചെയ്യും. രാജ്യത്തെ ഏത് സ്കൂൾ, കോളേജ് കായിക മേളകളില്‍ പോയി നോക്കിയാലും സ്ഥിതി മറ്റൊന്നാവില്ല, തീർച്ച.
ഡിസംബർ അഞ്ചിന് സുപ്രീം കോടതി നടത്തിയ പരാമർശം ഇന്‍ഡ്യയുടെ കായിക മേഖലയെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. രാഷ്ട്രീയം രാജ്യത്തെ ഹോക്കിയെ അഗാധമായ താഴ്ചയിലേക്ക് തള്ളിയിട്ടിരിക്കുന്നു. മുന്‍പ് ഒളിമ്പിക്‌സിൽ സ്വർണ്ണ മെഡൽ നേടിയിരുന്ന ഇന്ത്യ ഇപ്പോൾ ഒളിന്പിക്സിൽ പങ്കെടുക്കുന്നതിനുള്ള യോഗ്യതാ മത്സരത്തിലെത്താൻ തന്നെ പോരാടുകയാണ്. കായിക സംഘടനകളുടെ തലപ്പത്ത് കായിക താരങ്ങൾ തന്നെയാണ് വരേണ്ടത്… അല്ലാതെ ബിസിനസുകാരല്ല, രാഷ്ട്രീയക്കാരല്ല. കായിക രംഗങ്ങളുടെ തലപ്പത്തിരിക്കുന്നവർക്ക് ആ കായിക ബന്ധവുമായി പുലബന്ധം പോലുമില്ലെന്നത് ദുഖകരമായ പ്രതിഭാസമാണ്. ഇന്ത്യയിലെ കായികരംഗം പൂര്‍ണ്ണമായും ഇവരുടെ നിയന്ത്രണത്തിലാണ്. ഇതുകൊണ്ടാണ് ഇന്ത്യയിലെ ഹോക്കി ഇത്രയും താഴ്ന്ന നിലയലേക്ക് കൂപ്പുകുത്തിയതെന്നായിരുന്നു ജസ്റ്റിസുമാരായ ടി.എസ്. താക്കൂർ, ജെ. ചെലമേശ്വർ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം.
കഴിഞ്ഞ കുറേ കാലമായി ഇന്ത്യയിലെ കായിക താരങ്ങൾ, സംഘടനകളെ നിയന്ത്രിക്കുന്ന ഈ രാഷ്ട്രീയക്കാരുടെയും ബിസിനസുകാരുടെയും കൃപയിലാണ് കഴിയുന്നത്. ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷനെ അന്താരാഷ്ട്ര ഒളിംപിക് കൗൺസിൽ സസ്‌പെൻഡ് ചെയ്തതും ഇവരുടെ മികച്ച പ്രവർത്തനം കൊണ്ടുതന്നെയാണ്.
വളരെ പ്രത്യക്ഷമായ മറ്റൊരു ഉദാഹരമാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ കഥ. ഇന്ത്യാ സിമന്റസ് എം.ഡിയായ എൻ. ശ്രീനിവാസൻ ആണ് കഴിഞ്ഞ രണ്ടു വർഷമായി അതിന്റെ തലപ്പത്തിരിക്കുന്നത്. സർക്കാരിന് ക്രിക്കറ്റ് ബോർഡിൽ ഒരു പങ്കുമില്ലെന്നും അതിനെ ഭരിക്കാനോ, നിയന്ത്രിക്കാനോ കഴിയില്ലെന്നും തെളിയിച്ച് ബോദ്ധ്യപ്പെടുത്തി തന്നതാണ് ശ്രീനിയുടെ ഏറ്റവും വലിയ മഹത്വമായി നാം കാണേണ്ടത്. അതിന് രാഷ്ട്രീയക്കാരുടെ കൂടി പിന്തുണയുണ്ടെന്നതാണ് ദയനീയമായ വസ്തുത. നരേന്ദ്രമോഡി മുതൽ അരുൺ ജെയ്‌റ്റ്‌ലിയും രാജീവ് ശുക്ള വരെയുമുള്ള രാഷ്ട്രീയ നിറഭേദമന്യേ എല്ലാ പക്ഷത്തു നിന്നുമുള്ള നേതാക്കൾ അതിന് പിന്തുണയുമായി ബി.സി.സി.ഐയിലുണ്ട്.
രാജ്യത്തെ നിരവധി കായിക ഫെഡറേഷനുകളുടെ തലപ്പത്തും രാഷ്ട്രീയക്കാരും ബിസിനസുകാരുമാണ് വാഴുന്നത്. വിജയ് കുമാർ മൽഹോത്ര (അമ്പെയ്ത്ത്), പ്രഫൂൽ പട്ടേൽ (ഫുട്ബാൾ), അഖിലേഷ് ദാസ് ഗുപ്ത (ബാഡ്മിന്റൻ), ബ്രിജ് ഭൂഷൻ ശരൺ സിംഗ് (ഗുസ്തി), അഭിഷേക്ക് മതോറിയ (ബോക്സിംഗ്) എന്നിവരെല്ലാം രാഷ്ട്രീയക്കാരാണ്. ശ്രീനിവാസൻ, അനിൽ ഖന്ന (ടെന്നീസ്), നരീന്ദർ ബത്ര (ഹോക്കി ഇന്ത്യാ) കെ.ഡി. സിംഗ് ( ഐ.എച്ച്.എഫ്) തുടങ്ങിയവർ ബിസിനസ് രംഗത്ത് നിന്നുള്ളവരാണ്. പെയിന്റിംഗ്, ജേർണലിസം, മാർക്കറ്റിംഗ്, സയൻസ് തുടങ്ങിയ വിഷയങ്ങൾ പഠിപ്പിക്കാൻ രാഷ്ട്രീയക്കാർ ആവശ്യമില്ലെങ്കിൽ പിന്നെന്തിനാണ് കായിക രംഗത്തിന് മാത്രം ഇവരുടെ പാഠങ്ങൾ അടിച്ചേൽപ്പിക്കുന്നത്. കായിക മേഖലയിൽ നിന്ന് രാഷ്ട്രീയക്കാരെയും ബിസിനസുകാരെയും പടി അടച്ച് പിണ്ഡം വയ്ക്കുക തന്നെ വേണം.