Continue reading “മലയാള സിനിമയില്‍ ഇല്ലാതാകുന്ന കുലത്തൊഴിലിടങ്ങള്‍”
" /> Continue reading “മലയാള സിനിമയില്‍ ഇല്ലാതാകുന്ന കുലത്തൊഴിലിടങ്ങള്‍” ">1980 ല്‍ ഇറങ്ങിയ ഐ.വി ശശി സംവിധാനം ചെയ്ത കരിമ്പന എന്ന സിനിമയെ മുന്‍നിര്‍ത്തി പനങ്കള്ള് ചെത്തും കരുപ്പട്ടി ഉണ്ടാക്കുന്നതുമായ കുലത്തൊഴിലുകള്‍ സിനിമയില്‍ ഉയര്‍ത്തുന്ന ജാതി/ലിംഗ/മതാത്മക ഇടങ്ങളെ വിശകലനം ചെയ്യാന്‍ ശ്രമിക്കുകയാണ് ഇവിടെ.പരമ്പരാഗത തൊഴില്‍ ഇടങ്ങള്‍ മലയാളസിനിമയില്‍ നിന്ന് അപ്രത്യക്ഷമാകാന്‍ തുടങ്ങുന്നത് 1990 കള്‍ക്ക് ശേഷമാണെന്ന് പറയാം. കൊപ്രസംഭരണം, കശുവണ്ടി സംസ്‌ക്കരണം, പായനെയ്ത്ത്, കയര്‍ പിരിക്കല്‍, സ്വര്‍ണ്ണപ്പണി, കള്ളുചെത്ത് മുതലായ കൃഷിയല്ലാത്ത തൊഴിലിടങ്ങളിലേക്കും സര്‍ക്കാര്‍/സര്‍വ്വീസ് സെക്ടര്‍ ജോലികളിലേക്കും പിന്നീട് ന്യൂ ജനറേഷന്‍ എന്നുവിളിക്കുന്ന സിനിമകളിലെ ഐ.ടി മേഖലകളിലെ ജോലികളിലേക്കും വഴിമാറുന്നത് 1990 കള്‍ക്കു ശേഷമാണ്. തൊണ്ണൂറുകളുടെ ആദ്യപാതിയില്‍ ഇറങ്ങിയ ചിരിപ്പടങ്ങള്‍ സര്‍ക്കാര്‍ ജോലികിട്ടാതെ വിഷമിക്കുന്ന ആണുങ്ങളെയാണ് കഥാപാത്രമാക്കിയെന്നത് യാദൃശ്ചികമല്ല. സര്‍ക്കാര്‍ ജോലികളില്‍ ജാതിസംവരണം വരികയും സംവരണം യോഗ്യതയെ നിര്‍ണ്ണയിക്കുകയും ചെയ്യുന്ന ഘട്ടത്തില്‍ ഉപരിവര്‍ഗ്ഗത്തില്‍ അത് ഉണ്ടാക്കിയ ഉല്‍ക്കണ്ഠ സിനിമയിലൂടെ പുറത്തുവന്നത് രണ്ടു രീതിയിലാണ്. ഒന്ന് പരമ്പരാഗത തൊഴിലിടങ്ങളെയും അവ സൂചിപ്പിക്കുന്ന ജാതി ചിഹ്നങ്ങളെയും മായ്ചുകളയുക. രണ്ട് സംവരണം ഒരു അനാവശ്യമാണെന്ന യാഥാര്‍ത്ഥ്യത്തെ സൃഷ്ടിക്കാന്‍ തൊഴിലില്ലായ്മകൊണ്ട് നട്ടം തിരിയുന്ന എം.എ/എംകോം ബിരുദധാരികളായ സവര്‍ണ നായകരെ സൃഷ്ടിക്കുക. 90 കളില്‍ ഇറങ്ങിയ ചിരിപ്പടങ്ങളിലെ നായകര്‍ ഇതിനുദാഹരണമാണ്. ജാതീയമായ പ്രാദേശികതകളെ, മതേതരമായ ഒരു തൊഴിലിടത്തില്‍ തളച്ചിടുന്നുണ്ട് തുടര്‍ന്നു വന്ന മലയാള സിനിമകള്‍. മതേതര ഇടങ്ങളെന്ന സ്വയം പ്രഖ്യാപനത്തോടെ ബാര്‍ബര്‍ ഷോപ്പ്, ചായപ്പീടിക എന്നിവ ഇപ്പോഴും സിനിമകളില്‍ നിലനില്‍ക്കുന്നതും ഈ കാരണം കൊണ്ടാണ്.
പരമ്പരാഗത തൊഴിലിടങ്ങള്‍ മായ്ക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന ശൂന്യത ഒരു മതേതര സത്യമായി വിവര്‍ത്തനം ചെയ്യാന്‍ ബുദ്ധിമുട്ടാണ്. സിനിമയിലെ മതേതരത്വം ജാതി/മത ചിഹ്നങ്ങളില്ലാത്ത, വേരുകളില്ലാത്ത, കാരണങ്ങള്‍ ആവശ്യമില്ലാത്ത വായുവിലൂടെ ഒഴുകി നടക്കുന്ന അശരീരികളായ പ്രേത- (അ)സാന്നിധ്യമാണ് ആവശ്യപ്പെടുന്നത്. മതേതര ഇടമായി പരിവര്‍ത്തനം ചെയ്യപ്പെട്ട ഒരു സവര്‍ണ്ണതാര ശരീരം മാത്രം മതി അതിന്. ഒരേ സമയം സവര്‍ണ്ണനായ സേതുരാമ അയ്യരും അവര്‍ണ്ണനായ മാടയുമാക്കാനാവുന്ന ഒന്ന്. ഒരുവന്‍/ഒരുവള്‍ ആര്‍ജ്ജിച്ചെടുക്കുന്ന മൂലധനത്തെ തിരിച്ചറിയുക എന്നത് ചരിത്രപരതയ്ക്ക് അത്യാവശ്യമാണെന്നിരിക്കെ ആഗോള കമ്പോള മൂലധനത്തിനു വേണ്ടി മാറ്റപ്പെടുന്ന ചരിത്രമില്ലാത്ത താരമാകുന്നു സിനിമയിലെ മതേതരത്വം.
കരിമ്പന അതുയര്‍ത്തുന്ന ജാതി പ്രാദേശികത കൊണ്ടുതന്നെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. ഐ.വി ശശിയുടെ മറ്റുപല സിനിമകള് പോലെ (അടിമകള്‍ ഉടമകള്‍, ഈ നാട്) കൃഷിയല്ലാത്ത മറ്റു പരമ്പരാഗത തൊഴിലിടങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന സിനിമയാണിത്. ഒരു ഗ്രാമത്തിന്റെ കഥ പനങ്കള്ള് ചെത്തി കരിപ്പെട്ടി ഉണ്ടാക്കി ഉപജീവനം നടത്തുന്ന സമുദായത്തിന്റെ വീക്ഷണത്തിലൂടെ പറയുകയാണ് ഇവിടെ. കുലത്തൊഴിലായ പായ നെയ്ത്ത്, ക്ഷൗരം, കൊല്ലപ്പണി, മുതലായ തൊഴിലുകള്‍, ചെയ്യുന്ന സമുദായാംഗങ്ങളും സിനിമയില്‍ കടന്നുവരുന്നുണ്ട്. മാരിയമ്മനെ പൂജിച്ച് ഉത്സവങ്ങളില്‍ എല്ലാ സമുദായങ്ങളും ഒത്തുചേരുന്നു. പനങ്കള്ള് ചെത്ത് എന്ന കുലത്തൊഴില്‍ ചെയ്യുന്ന സമുദായത്തിലെ മൂന്ന് പുരുഷന്‍മാര്‍ തങ്ങളുടെ ജാതി കര്‍തൃത്വത്തോടും, ജാതി സമൂഹത്തോടും എടുക്കുന്ന നിലപാടുകളായി സിനിമയെ സംഗ്രഹിക്കാം.
പനങ്കള്ള് ചെത്തി ഉപജീവനം നടത്തുന്ന മുത്തന്‍ (ജയന്‍), കുലത്തൊഴിലില്‍ എര്‍പ്പെടാതെ സര്‍ക്കാര്‍ജോലി അന്വേഷിച്ച് ഒടുവില്‍ അതില്‍ പരാജയപ്പെട്ടു കുലത്തൊഴിലിലേക്ക് മടങ്ങിവരുന്ന ദേശമണി, സ്വന്തം ജാതിക്കാരെയും സമുദായത്തേയും ഒറ്റിക്കൊടുത്ത് സായിപ്പിന്റെ ശിങ്കിടിയായി നടക്കുകയും പിന്നീട് തിരിച്ചറിവുണ്ടായി തന്‍റെ സമുദായത്തിലേക്ക് തിരിച്ചുവരുന്ന ഗ്രാമത്തില്‍ മാസശമ്പളം വാങ്ങുന്ന ഒരേയൊരു ജാതിക്കാരന്‍ പാലയ്യ എന്നിവരാണ് മൂന്ന് പുരുഷന്മാര്‍. മുത്തന്‍ കുലത്തൊഴില്‍ചെയ്ത് അമ്മയെ സംരക്ഷിക്കുന്ന ഒരു ഉത്തമ പുരുഷനാണ്. സ്വജാതിയില്‍നിന്നും കുലത്തൊഴിലില്‍ നിന്നും രക്ഷപ്പെടാന്‍ ആഗ്രഹിക്കുവരാണ് ദേശമണിയും, പാലയ്യയും. സര്‍ക്കാര്‍ ജോലിക്കുള്ള അപേക്ഷ അയക്കാനുള്ള പൈസപോലും മുത്തനോടു ചോദിക്കേണ്ടിവരുന്ന അവസ്ഥയില്‍ ദേശമണി കുലത്തൊഴിലിലേക്ക് തിരിയുകയാണ്. പാല്ലയ്യ ആകട്ടെ സ്വസമുദായത്തിലെ മുത്തനെ കൊല്ലാന്‍ സായിപ്പ് ആജ്ഞാപിക്കുമ്പോള്‍ തളര്‍ന്നുപോകുന്നു. ഇങ്ങനെ മുത്തന്‍ എന്ന പുരുഷന്‍ തന്റെ സല്‍പ്രവൃത്തിയും ധൈര്യവും കൊണ്ട് സമുദായത്തില്‍ നിന്നും കുലത്തൊഴിലില്‍ നിന്നും മാറി നടക്കുന്നവരെ തിരിച്ചുകൊണ്ടുവരുന്നു.
സമുദായത്തിന്റെ പ്രതിനിധിയായ മുത്തനാണ് സിനിമയുടെ കേന്ദ്ര കഥാപാത്രം. മറ്റുള്ളവര്‍ക്ക് ഒരു മാതൃകാ പുരുഷനായി സമുദായം അനുശാസിക്കുന്ന ചട്ടങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥനാകുന്നതും മുത്തന്‍ തന്നെയാണ്. മുത്തന്‍ എന്ന പുരുഷനെ നിര്‍മ്മിച്ചെടുക്കുന്നതും അവന്‍ ഭാഗമായിരിക്കുന്ന സമുദായ വ്യവസ്ഥതന്നെയാണ്. കമലമ്മയെ കല്യാണം കഴിക്കുന്നതോടെ അവളുടെ കഴിവില്ലാത്ത കുടുംബത്തെ നോക്കേണ്ട ഉത്തരവാദിത്തം മുത്തനില്‍ അടിച്ചേല്‍പ്പിക്കുന്ന സമുദായം തന്നെ കമലമ്മയെ വിവാഹത്തിനു മുമ്പ് കണ്ണുകള്‍ കൊണ്ട് ഭോഗിക്കാനും ആദ്യരാത്രിയില്‍ ഭാര്യയായി മാറിയ പെണ്ണിനെ അക്രമിച്ച് കീഴ്‌പ്പെടുത്താനും അവളുടെ ഇഷ്ടങ്ങള്‍ക്ക് ചെവികൊടുക്കാതിരിക്കാനും ഉള്ള സ്വാതന്ത്ര്യവും അവകാശവും കൊടുക്കുന്നുണ്ട്. കമലമ്മയുടെ ശരീരത്തില്‍ ആസക്തനായ മുത്തന്‍ വിവാഹത്തിനു ശേഷം മാത്രമാണ് അവളുടെ മുഖത്തെ കറുത്ത മറുക് കാണുന്നത്. അത്രവരെ അവള്‍ ശരീരവും ശരീരഭാഗങ്ങളും മാത്രമാണ്. പെണ്ണുകെട്ടുന്നത് കേറിപ്പിടിക്കാനും മുത്തംവെക്കാനുമാണെന്ന് അവന്റെ സാമുദായിക പുരുഷത്വം അവനോട് ഉറപ്പിച്ചു പറയുന്നുണ്ട്. അതേസമയം ഭാര്യ ഗര്‍ഭിണിയായിരിക്കുമ്പോള്‍ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് മറ്റൊരു സ്ത്രീയെ തൊടുകയോ നോക്കുകയോ ചെയ്യരുതെന്നും ആവന്റെ സാമുദായിക കര്‍തൃത്വം നിര്‍ദ്ദേശിക്കുന്നുണ്ട്.
സമുദായം അനുശാസിക്കുന്ന എല്ലാ കാര്യങ്ങളും കൃത്യമായി പാലിക്കുന്നിടത്താണ് മുത്തനെ സിനിമ നായകനായി പ്രതിഷ്ഠിക്കുന്നത്. പ്രായമായ ഭര്‍ത്താവിനെക്കൊണ്ട് തന്‍റെ ശാരീരികമായ ആവശ്യങ്ങള്‍ തൃപ്തിപ്പെടുത്താന്‍ പറ്റാതെ ലൈംഗികാഗ്രഹം പ്രകടിപ്പിക്കുന്ന സായിപ്പിന്റെ ഭാര്യയെ കാമഭ്രാന്തിയായി ചിത്രീകരിക്കുകയാണ് സിനിമ. നല്ലവനായ മുത്തനെ വലവീശിപ്പിടിക്കാന്‍ ആഗ്രഹിക്കുന്ന മോശം സ്ത്രീയാണവര്‍. ലൈംഗികത പ്രകടിപ്പിക്കുന്ന സ്ത്രീ എനിലയില്‍ സിനിമ അവരെ നാടുകടത്തുകയാണ്. മുത്തനാകട്ടെ എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് തന്റെ ഭാര്യയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനായി മാരിയമ്മനു രക്തം കൊടുത്ത് പൂജ ചെയ്യാന്‍ ജയില്‍ചാടിയെത്തി വീരനായകനാകുകയും ചെയ്യുന്നു.
ഇങ്ങനെ സാമ്പ്രദായിക/കുടുംബ ചട്ടക്കൂടുകളില്‍ മെരുക്കിയെടുത്ത വീട്ടുകാരി സ്ത്രീയുടെയും, രക്ഷകനായ പുരുഷനെയുമാണ് സിനിമ ദൃശ്യവല്‍ക്കരിക്കുന്നതെങ്കിലും 90 കള്‍ക്കു ശേഷം സിനിമാക്കാഴ്ച കൈയ്യടക്കുന്ന തമ്പുരാക്കന്മാരും ദേവാസുരന്മാരും ഹിസ് ഹൈനസ് അബ്ദുള്ളമാരും അവരിലൂടെ നിര്‍മ്മിച്ചെടുക്കുന്ന മതേതര താരശരീരവും പ്രാദേശിക ജാതിലിംഗ കര്‍തൃത്വങ്ങളെ ഇല്ലായ്മ ചെയ്തുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന്‍ കാണാം. 90കളില്‍ വളര്‍ന്നുവന്ന ഒരു നവ ബ്രാഹ്മണിക്കല്‍ ഘട്ടത്തിന്‍റെ ആഗോളയുക്തി വിജയിക്കുന്നത് ഇത്തരം പ്രാദേശിക യാഥാര്‍ത്ഥ്യങ്ങള്‍ അപ്രത്യക്ഷമാകുന്നിടത്താണ്. പ്രാദേശിക തൊഴില്‍ മേഖലകളുടെ അപ്രത്യക്ഷമാകല്‍ ഈ നവബ്രാഹ്മണിക്കല്‍ ഘടനയുടെ ആദ്യപടിയാണ്. ഇത്തരം ജാതിപ്രദേശങ്ങള്‍ ഇല്ലായ്മ ചെയ്താണ് മലയാള സിനിമ ആഗോളവിപണിയില്‍ അതിന്റെ താരാധിഷ്ഠിതമായ മതേതര ജനകീയ ഇടം സ്ഥാപിച്ചത്. വ്യവസ്ഥാപിത ലിംഗകര്‍തൃത്വങ്ങള്‍ സിനിമയില്‍ ഉണ്ടെങ്കിലും അതിന്റെ ജാതിപരിസരം സൂചിപ്പിക്കുന്ന പ്രാദേശികമായ ലിംഗപ്രതിരോധങ്ങള്‍ കാണാതിരിക്കാന്‍ പറ്റില്ല. പനങ്കള്ള് ചെത്തി, പുരുഷന്മാര്‍ കൊണ്ടുവരുന്ന കള്ള് സംസ്‌ക്കരിച്ച് കരിപ്പട്ടി തയ്യാറാക്കുന്നതും അത് ചന്തയില്‍ കൊണ്ടുപോയി വിലപേശി വില്‍ക്കുന്നതും സ്ത്രീകളാണ്. തൊഴിലിടങ്ങളിലെ സ്ത്രീസാന്നിധ്യത്തെയും പീഡനത്തെയും സിനിമ പരിമിതമായ രീതിയില്‍ അഭിസംബോധന ചെയ്യുന്നുണ്ട്. ജോലിക്ക് പോകുന്ന വഴിക്ക് ലൈംഗികമായി അക്രമിക്കപ്പെടുകയാണ് പാലമ്മ. അവര്‍ ആത്മഹത്യ ചെയ്യുകയോ കളിയാക്കപ്പെടുകയോ ചെയ്യുന്നില്ല. മറിച്ച് അമ്മായിഅച്ഛന്‍ ആകാന്‍ പോകുന്ന ദേശമണിയുടെ അച്ഛന്റെ പ്രോല്‍സാഹനത്തില്‍ ജീവിതത്തിലേക്ക് അവര്‍ തിരിച്ചു വരികയാണ്. പാലമ്മ ബലാല്‍സംഗം ചെയ്യപ്പെട്ടു എന്നറിയുന്ന ദേശമണിയുടെ അച്ഛന്‍ പറയുന്നത്, പേപ്പട്ടികള്‍ കടിച്ചാല്‍ അതിനെ തല്ലിക്കൊല്ലുകയല്ലാതെ കടിച്ചവനെ/അവളെ കൊല്ലുകയല്ല വേണ്ടതെന്നാണ്. മാത്രമല്ല പാലമ്മയ്ക്ക് കുളിക്കാന്‍ വെള്ളം കോരിവെക്കാനും മകനോടു പറയാന്‍ മടിക്കുന്നില്ല ആ അച്ഛന്‍.
ഇങ്ങനെ ജാതിപ്രദേശം ഉയര്‍ത്തുന്ന ജാതി/ലിംഗ സംവാദങ്ങളും സംഭാഷണങ്ങളും അപ്രത്യക്ഷമാവുകയാണ് 90 കള്‍ക്കു ശേഷമുള്ള സിനിമകളില്‍. സ്ത്രീകളെ ഇത് ഇരവാദത്തില്‍ (അച്ഛനുറങ്ങാത്ത വീട്) തളച്ചിടുകയോ പരിഹാസ്യമായ ഫെമിനൈന്‍ പാവകള്‍(കയ്യൊപ്പ്, പാലേരി മാണിക്യം) ആക്കി തീര്‍ക്കുകയോ ചെയ്യുന്നു. 90 കള്‍ക്കു മുമ്പ് സ്ത്രീകളുടെതായ ഇടങ്ങള്‍, ഹോസ്റ്റല്‍ മുറികളായും കോളേജുകളായും തൊഴിലിടങ്ങളായും പേയിങ്ങ് ഗസ്റ്റ്‌സ് ആയും ഉള്ളവ ഇല്ലാതായി പോകുന്നത് ജാതി പ്രദേശങ്ങള്‍ സിനിമയില്‍ നിന്നു പോയതുകൊണ്ടുകൂടിയാണ്. അതിനു പകരം സ്ഥാപിക്കപ്പെടുന്നത് ബ്രാഹ്മണിസം നിര്‍വ്വചിക്കുന്ന ഒരു മതേതര-ഉപഭോഗ കേന്ദ്രീകൃതമായ നവലിബറല്‍ ഇടമാണ്.
ജാതി, സവര്‍ണ്ണന്‍ പറയേണ്ടതില്ലാത്ത ചരിത്രസത്യവും അവര്‍ണ്ണന് പറയാന്‍ പാടില്ലാത്ത വെറും കഥയുമാവുന്നു. ജാതിപ്രദേശങ്ങളുടെ അപ്രത്യക്ഷപ്പെടുത്തല്‍ കാണിക്കുന്നത് മലയാളസിനിമയുടെ പുരോഗമനമെന്നത് യുക്തി ബോധത്തിന്റെ മേലുള്ള അധിനിവേശാധികാരം തന്നെയാണെന്നാണ്.
പയ്യന്നൂര്‍ സ്വദേശിയായ ഷൈമ ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‍ മലയാള ജനപ്രിയ ചലച്ചിത്രങ്ങളിലെ thiyya masculinities and interventions എന്ന വിഷയത്തില്‍ പി.എച്ച്.ഡി നേടി. അധ്യാപികയാണ്. അഴിമുഖത്തില്‍ smokescreen എന്ന സിനിമ കോളം കൈകാര്യം ചെയ്യുന്നു