Continue reading “ഒളിക്യാമറാ മാധ്യമപ്രവര്‍ത്തനത്തെ തള്ളിപ്പറയുന്നതിന് മുന്‍പ്”

" /> Continue reading “ഒളിക്യാമറാ മാധ്യമപ്രവര്‍ത്തനത്തെ തള്ളിപ്പറയുന്നതിന് മുന്‍പ്”

"> Continue reading “ഒളിക്യാമറാ മാധ്യമപ്രവര്‍ത്തനത്തെ തള്ളിപ്പറയുന്നതിന് മുന്‍പ്”

">

UPDATES

ഇന്ത്യ

ഒളിക്യാമറാ മാധ്യമപ്രവര്‍ത്തനത്തെ തള്ളിപ്പറയുന്നതിന് മുന്‍പ്

                       
തെഹല്‍ക്ക സ്ഥാപകന്‍ തരുണ്‍ തേജ്പാലിനെതിരായ ലൈംഗികരോപണം അദ്ദേഹത്തിന്റെ പത്രപ്രവര്‍ത്തക കരിയര്‍ അവസാനിപ്പിക്കുക മാത്രമല്ല, ഇന്ത്യന്‍ മാധ്യമ ചരിത്രത്തില്‍ അദ്ദേഹം തുടങ്ങിവച്ച ഒളികാമറ പത്രപ്രവര്‍ത്തനത്തെ കുറിച്ചും ഒരു പുനര്‍വിചിന്തനം ആവശ്യമാക്കിയിരിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ അഴിമുഖം പ്രസിദ്ധീകരിച്ച ലേഖന (തെഹല്‍ക്ക: ഇന്ത്യന്‍ മാധ്യമ ലോകത്തെ പൊളിച്ചെഴുത്ത് എവിടെയെത്തും?) ത്തെ അടിസ്ഥാനമാക്കി ഇന്ത്യയിലെ വിവിധ അന്വേഷണാത്മക പത്രപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ ഇക്കാര്യങ്ങള്‍ വിശകലനം ചെയ്യുകയാണ്. ഇന്‍വെസ്റ്റിഗേറ്റീവ് പോര്‍ട്ടലായ ഗുലൈല്‍ ഡോട്കോമില്‍ പ്രവര്‍ത്തിക്കുന്ന തുഫൈല്‍ പി.റ്റി സംസാരിക്കുന്നു.  
 
തരുണ്‍ തേജ്പാലിനെതിരിലുള്ള ലൈംഗികാപവാദക്കേസിന്റെ പശ്ചാത്തലത്തില്‍ സ്റ്റിങ് ഓപറേഷനുകളുടെ ധാര്‍മികതയെക്കുറിച്ച്  ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ തികച്ചും അസ്ഥാനത്താണെന്ന് പറയാതെ വയ്യ. തരുണ്‍ തേജ്പാല്‍ തന്റെ ജൂനിയര്‍ റിപ്പോര്‍ട്ടറോട് ചെയ്ത ക്രൂരതയ്ക്ക് മാപ്പു നല്‍കാനാവില്ല. തെഹല്‍കയുടെ പുതിയ സാമ്പത്തിക ഇടപാടുകളെയും വിമര്‍ശന വിധേയമാക്കേണ്ടതാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ തെഹല്‍ക ഇന്ത്യയില്‍ അവതരിപ്പിച്ച് വിജയകരമായി ഉപയോഗിച്ചു പോന്ന സ്റ്റിങ് ഓപറേഷനെ തള്ളിപ്പറയുന്നതിന് ഈ അവസരം വിനിയോഗിക്കുന്നത് അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിനോ ബദല്‍ മാധ്യമ രീതികള്‍ക്കോ ഗുണം ചെയ്യില്ല.
 
തെഹല്‍ക തുടക്കം കുറിച്ച് പ്രചാരം നല്‍കിയ ഒരു സംഭവം എന്നതിലുപരി സ്റ്റിങ് ഓപറേഷനെ ഇന്ത്യയിലെ ഓണ്‍ലൈന്‍ ജേണലിസത്തിന്റെ തുടക്കവും വളര്‍ച്ചയുമായി വളരെ ഒട്ടിനില്‍ക്കുന്ന ഒന്നായിട്ടു വേണം വിലയിരുത്താന്‍. രാജ്യത്തിന്റെ പലഭാഗങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ ഇപ്പോഴും ഭൂരിഭാഗം ആളുകളും തെഹല്‍കയെ തിരിച്ചറിയുന്നത് ‘തെഹല്‍കാ ഡോട്‌കോം’ ആയിട്ടാണ്. പുതിയ ഒരു മാധ്യമരൂപത്തോടൊപ്പം ആവിര്‍ഭവിച്ച പുതിയ ഒരു മാധ്യമ ഉപകരണമാണ് സ്റ്റിങ് ഓപറേഷന്‍.
 
ബി.ജെ.പി പ്രസിഡന്റ് ബംഗാരു ലക്ഷ്മണ്‍ ഉള്‍പ്പെടെ അധികാരവര്‍ഗം കോഴപ്പണം സ്വീകരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട തെഹല്‍കയുടെ ഓപറേഷന്‍ വെസ്റ്റ് എന്റ് ഇത്രയധികം ആഘോഷിക്കപ്പെട്ടത് ഒരു സാധാരണ പത്രപ്രവര്‍ത്തകന് അധികാരത്തിന്റെ ഇടനാഴികളിലേക്ക് നുഴഞ്ഞുകയറി അധികാരവര്‍ഗത്തെ വെറും വിഡ്ഢികളാക്കി, അവരുടെ ചെയ്തികളെ കൈയോടെ ജനസമക്ഷം കൊണ്ടു വരാന്‍ സാധിച്ചു എന്നതു കൊണ്ടാണ്. ഡോട്‌കോം ജന്മം നല്‍കിയ സിറ്റിസണ്‍ ജേണലിസത്തിന്റെ ഒരു പള്‍സുണ്ടായിരുന്നില്ലേ അതില്‍ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
 
തരുണ്‍ തേജ്പാല്‍ ഒരു സ്റ്റിങ് ഓപറേഷന്‍ ചെയ്തിട്ടില്ല. പക്ഷെ, അതിനു നിര്‍ണായകമായി വേണ്ട എഡിറ്റോറിയല്‍/ഐഡിയോളജിക്കല്‍ പിന്തുണ നല്‍കി അതിനെ വളര്‍ത്തിയത് അദ്ദേഹമാണ്.
 
മറ്റേതൊരു ഇന്‍വെസ്റ്റിഗേറ്റീവ് ടൂളിനേക്കാളും സ്റ്റിങ് ഓപറേഷനുള്ള പ്രത്യേകത അത് ഏറ്റവും ഫൂള്‍പ്രൂഫ് ആയിരിക്കും എന്നതാണ്. വീഡിയോ എവിഡന്‍സിന്റെ ശക്തിയാണത്. ബോഫോര്‍സ് പോലുള്ള ഇന്ത്യയിലെ പേരു കേട്ട ജേണലിസ്റ്റിക് ഇന്‍വെസ്റ്റിഗേഷനുകളില്‍ പോലും പ്രതികള്‍ നിയമത്തിന്റെ കൈകളില്‍ നിന്നും രക്ഷപ്പെട്ടു എന്നത് ഇതിനോട് ചേര്‍ത്തു വായിക്കണം. അതേ സമയം ഓപറേഷന്‍ വെസ്റ്റ് എന്റിലും തെഹല്‍കയുടെ ഗുജറാത്ത് സ്റ്റിങ് ഓപറേഷനിലും പ്രതികള്‍ ജേണലിസ്റ്റുകള്‍ സമര്‍പ്പിച്ച തെളിവുകളുടെ മാത്രം പിന്‍ബലത്തില്‍ ജയിലിനകത്തായിട്ടുണ്ട്. സ്റ്റിങ് ഓപറേഷനുകള്‍ ഫൂള്‍പ്രൂഫായിരിക്കുമെന്ന് പറയാന്‍ മറ്റൊരു കാരണം അതിനു വേണ്ടി ഒരു റിപ്പോര്‍ട്ടര്‍ക്കു ചെയ്യേണ്ടി വരുന്ന ഗവേഷണം മറ്റു റിപ്പോര്‍ട്ടിങ്ങിനേക്കാളും എത്രയോ മടങ്ങാണ്. സബ്‌ജെക്ടിന്റെ അകം-പുറം ഗഹനമായി അറിയാമെങ്കില്‍ മാത്രമേ സ്റ്റിങ് ഓപറേഷനു വേണ്ടി ഇറങ്ങിത്തിരിക്കാന്‍ തന്നെയാകൂ. ഇല്ലെങ്കില്‍ അത് അപകടം ക്ഷണിച്ചു വരുത്തും.
 
 
മറ്റു പല രാജ്യങ്ങളില്‍ നിന്നും വിഭിന്നമായി കുറ്റകൃത്യങ്ങള്‍ക്ക് ഔദ്യോഗിക പിന്തുണയോടൊപ്പം സാമൂഹിക പിന്തുണ കൂടി ലഭിക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. അതു കൊണ്ടു തന്നെ കുറ്റാന്വേഷണം പൊതുവില്‍ ദുഷ്‌കരവും സങ്കീര്‍ണവുമാണ്. ഖാപ് പഞ്ചായത്തുകളും കലാപങ്ങളും ദളിത്-ആദിവാസികളോടുള്ള  അതിക്രമങ്ങളും തീവ്രവാദസംഘടനാ പ്രവര്‍ത്തനങ്ങളുമെല്ലാം അതിലുള്‍പ്പെടും. ഗുജറാത്ത് കലാപത്തിന്റെ സത്യാവസ്ഥ ഒരു സ്റ്റിങ് ഓപറേഷനിലൂടെയല്ലാതെ നിയമത്തിനു മുന്നില്‍ കൊണ്ടു വരാന്‍ കഴിയില്ലായിരുന്നുവെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. 
 
സ്റ്റിങ് ഓപറേഷനുമായി ബന്ധപ്പെട്ട എന്റെ അനുഭവം പറയാം. ജര്‍മന്‍ ബേക്കറി സ്‌ഫോടനം നടത്തിയത് ഇന്ത്യന്‍ മുജാഹിദീന്‍ ആണെന്നും ഇപ്പോള്‍ വധശിക്ഷക്ക് വിധിച്ച ഹിമായത് ബെയ്ഗിന് അതില്‍ പങ്കില്ലെന്നും ദേശീയ അന്വേഷ ഏജന്‍സികളെ ഉദ്ധരിച്ചു തന്നെ വാര്‍ത്തകള്‍ വരുന്ന സന്ദര്‍ഭത്തിലാണ് ഗുലൈല്‍ ഡോട്‌കോം എഡിറ്റര്‍ ആശിഷ് ഖേതാന്‍ എന്നെ മറാത്ത്‌വാഡയിലേക്ക് പറഞ്ഞയക്കുന്നത്. അത്തരം വാര്‍ത്തകള്‍ വന്നു തുടങ്ങിയപ്പോള്‍ തന്നെ മഹാരാഷ്ട്രാ സംസ്ഥാന തീവ്രവാദവിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്) കേസുമായി ബന്ധപ്പെട്ട സകലരേയും നിരീക്ഷണവിധേയരാക്കിയിരുന്നു. വേഷം മാറിയല്ലാതെ അവിടേക്ക് കാലെടുത്തു വെച്ചിരുന്നെങ്കില്‍ എന്തു സംഭവിക്കുമായിരുന്നുവെന്ന് വാര്‍ത്ത പുറത്തുവിട്ട ശേഷം സ്ഥിതിഗതികളറിയാന്‍ വേണ്ടി വീണ്ടും അവിടേക്ക് പോയപ്പോള്‍ ബോദ്ധ്യപ്പെടുകയും ചെയ്തു. എന്റെ രണ്ടാമത്തെ പോക്കില്‍ എ.ടി.എസ് ഞാന്‍ കാണാന്‍ സാദ്ധ്യതയുള്ള സകലരോടും എന്നോട് സംസാരിക്കരുതെന്ന് വിലക്കിയിരുന്നു. ഞാന്‍ ഉപയോഗിക്കുന്ന ഫോണ്‍ നമ്പര്‍ നല്‍കി അതില്‍ നിന്നു വരുന്ന കോളുകള്‍ അറ്റന്റ് ചെയ്യരുതെന്നു താക്കീത് ചെയ്തു. വാര്‍ത്ത പുറത്തു വന്നതിനു ശേഷം എ.ടി.എസ് ചോദ്യം ചെയ്യലിനായി കൊണ്ടു പോയിരുന്ന ഒരാള്‍ പിന്നീട് എന്നോട് പറഞ്ഞത് അയാള്‍ കൂടെയുള്ളപ്പോഴാണ് എന്റെ സിം കാര്‍ഡിന്റെ ലൊക്കേഷന്‍ അവര്‍ നിരീക്ഷിച്ചു കൊണ്ടിരുന്നതെന്നാണ്. എന്റെ ഫോണ്‍ സംഭാഷണങ്ങള്‍ മുഴുവന്‍ അവര്‍ ചോര്‍ത്തുന്നുണ്ടായിരുന്നെന്നും പിന്നീടെനിക്ക് മനസ്സിലായി. 
 
ഇത്തരം സാഹചര്യത്തില്‍ ജേണലിസ്റ്റിന് പ്രത്യേകം കരുതലുണ്ടാവേണ്ടത് അത്യാവശ്യമാണ്. തന്റെ സബ്‌ജെക്ടിനേക്കാളും സാമര്‍ത്ഥ്യം പത്രപ്രവര്‍ത്തകന്‍ കാണിച്ചേ മതിയാകൂ. എല്ലാ ടെക്‌നിക്കുകളും ഇവിടെ പറയാനാവില്ലെങ്കിലും ഇപ്പോള്‍ തമാശയെന്നു തോന്നുന്ന ഒരു സംഭവം മാത്രം ഇവിടെ പങ്കു വെക്കാം. ഓപറേഷനിടയില്‍ എനിക്കും എഡിറ്റര്‍ക്കുമിടയില്‍ ഒരു ചെറിയ കാര്യത്തെച്ചൊല്ലി അഭിപ്രായ വ്യത്യാസം വന്നപ്പോള്‍ അര്‍ദ്ധരാത്രി അദ്ദേഹത്തില്‍ നിന്ന് ശകാരം കേള്‍ക്കാന്‍ പോലും ഞാന്‍ സ്വന്തം ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. എസ്.ടി.ഡി ബൂത്തു തിരഞ്ഞിട്ടും കാണാതെ വന്നപ്പോള്‍ വഴിയില്‍ കണ്ട ഒരാളോട് ഫോണ്‍ കടം വാങ്ങിയാണ് ഞാന്‍ ശകാരം കേട്ടത്. ഇത്തരം ജേണലിസ്റ്റിക് മേഖലകളില്‍ സ്റ്റിങ് ഓപറേഷന്‍ അല്ലാതെ മറ്റൊരു മാര്‍ഗവും ഞാന്‍ കാണുന്നില്ല.
 
 
 
(ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍. ഏഷ്യന്‍ കോളേജ് ഓഫ് ജേണലിസത്തില്‍ നിന്നും പഠിച്ചിറങ്ങിയ ശേഷം തെഹല്‍ക, ഏഷ്യന്‍ ഏജ്/ഡക്കാണ്‍ ക്രോണിക്ക്ള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ഇന്‍വെസ്റ്റിഗേറ്റീവ് പോര്‍ട്ടലായ ഗുലൈല്‍ ഡോട്‌കോമില്‍ പ്രവര്‍ത്തിക്കുന്നു)
 
 
*views expressed are personal

 

Related news


Share on

മറ്റുവാര്‍ത്തകള്‍