Continue reading “പുറവില്‍ കണ്ണന്‍ എന്തുകൊണ്ട് കേരള രക്ഷാ മാര്‍ച്ചില്‍ പങ്കെടുത്തില്ല?”

" /> Continue reading “പുറവില്‍ കണ്ണന്‍ എന്തുകൊണ്ട് കേരള രക്ഷാ മാര്‍ച്ചില്‍ പങ്കെടുത്തില്ല?”

"> Continue reading “പുറവില്‍ കണ്ണന്‍ എന്തുകൊണ്ട് കേരള രക്ഷാ മാര്‍ച്ചില്‍ പങ്കെടുത്തില്ല?”

">

UPDATES

കേരളം

പുറവില്‍ കണ്ണന്‍ എന്തുകൊണ്ട് കേരള രക്ഷാ മാര്‍ച്ചില്‍ പങ്കെടുത്തില്ല?

                       

ഒഞ്ചിയം സമര സേനാനി പുറവില്‍ കണ്ണന്‍ എന്തുകൊണ്ട് കേരള രക്ഷാ മാര്‍ച്ചില്‍ പങ്കെടുത്തില്ല? ഫെബ്രുവരി ഒന്നു മുതല്‍ 26 വരെ കേരളത്തിന്‍റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ സഞ്ചരിച്ച പിണറായി വിജയന്‍റെ കേരള രക്ഷായാത്രയിലുടനീളം രക്തസാക്ഷി കുടുംബങ്ങളെയും പഴയ സമര സേനാനികളെയും ആദരിച്ചും വേദിയില്‍ അണിനിരത്തിയുമാണ് മുന്‍പോട്ട് പോയത്. വയലാറില്‍ പുന്നപ്ര വയലാര്‍ സമര സേനാനി പി കെ ചന്ദ്രാനന്ദന്‍ പതാക കൈമാറിയ ജാഥ വടകരയിലൂടെ കടന്നു പോകുമ്പോള്‍ ഒഞ്ചിയം സമര സേനാനികളില്‍ ജീവിക്കുന്ന ഏക സമരസേനാനി പുറവില്‍ കണ്ണന്‍ പങ്കെടുക്കുമോ എന്ന് എല്ലാവരും ഉറ്റുനോക്കിയിരുന്നു. 1948ല്‍ കര്‍ഷക തൊഴിലാളികളായ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന ഒഞ്ചിയം വെടിവെപ്പില്‍ എട്ട് പേരാണ് കൊല്ലപ്പെട്ടത്. അന്ന് രക്തസാക്ഷിയായ പുറവില്‍ കാണാരന്‍റെ ഈ മകന് വെടിയുണ്ടയില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. നെഞ്ചിനരികിലൂടെ തുളച്ചു കടന്നുപോയ വെടിയുണ്ടയുടെ മുറിവും പേറി ജീവിക്കുന്ന പുറവില്‍ കണ്ണന് ഇപ്പോള്‍ വയസ് 84. നേരത്തെ ചന്ദ്രശേഖരനോട് അനുഭാവം പുലര്‍ത്തിയതിന്‍റെയും ആര്‍ എം പി സംഘടിപ്പിച്ച ഒഞ്ചിയം രക്തസാക്ഷിദിനാഘോഷത്തില്‍ പങ്കെടുത്തതിന്‍റെയും പേരില്‍ സി പി ഐ എമ്മിന് അനഭിമതനായി തീര്‍ന്ന പുറവില്‍ കണ്ണന്‍ പഴയ കാലത്തെക്കുറിച്ചും പാര്‍ടിയെക്കുറിച്ചും തന്‍റെ ജീവിതത്തെക്കുറിച്ചും അഴിമുഖത്തോട് സംസാരിക്കുന്നു. (തയ്യാറാക്കിയത് സാജു കൊമ്പന്‍, സഫിയ)

“വല്ലാത്തൊരു ദുര്‍ഘടം പിടിച്ച കാലത്താണ് ഞാന്‍ ജനിച്ചത്. നാട്ടില്‍ പൊതുവില്‍ ബുദ്ധിമുട്ടും കഷ്ടപ്പാടും നിറഞ്ഞ ജീവിതമായിരുന്നു. ഭക്ഷണവും വസ്ത്രമൊന്നും സാധാരണക്കാരന്‍റെ കുട്ടികള്‍ക്ക് കിട്ടാത്ത ഒരു കാലഘട്ടമായിരുന്നു അത്. നേരം വെളുത്തു മോന്തിയാകുന്നത് വരെ ജോലി ചെയ്താല്  അന്നത്തെ രണ്ടണ ഉറുപ്പിയുടെ എട്ടിലൊന്നാണ് കിട്ട്വാ. അതുകൊണ്ടൊന്നും ഒന്നും ആവൂല. ഭൂമിയെല്ലാം ജന്‍മിയുടെ കൈവശമാണ്. ജന്മിമാരുടെ കയ്യില്‍ നിന്നു പാട്ടത്തിനെടുത്തു കൃഷി ചെയ്താല്‍ അതിന്‍റാത്ത് നിന്നു കിട്ടുന്ന ആദായമൊക്കെ ജന്‍മിക്ക് കൊണ്ട് കൊടുക്കാനേ ഉണ്ടാവുള്ളൂ..മേലും കയ്യും ചെളി പിടിച്ചതിന്റെയും വേര്‍പ്പ് പിടിച്ചതിന്റെയും അദ്ധ്വാനിച്ചതിന്റെയും ഫലമൊന്നും കിട്ടാറില്ല. എത്ര കഷ്ടപ്പെട്ടാലും ജീവിക്കാന്‍ പറ്റൂല.” പുറവില്‍ കണ്ണന്‍ പറഞ്ഞു തുടങ്ങി.
 

ഞാനൊക്കെ സ്കൂളില്‍ പോകുന്ന നേരത്ത് ഒരു ട്രൌസറും ഒരു കുപ്പായവും മാത്രമേ ഉണ്ടാവൂ. പിന്നെയുള്ളത് കച്ചോട്ടം. കച്ചോട്ടന്ന് പറഞ്ഞാല്‍ കോണകം. മഴയത്ത് സ്കൂളില്‍ പോകണമെങ്കില്‍ തുണി ഉണക്കാന്‍ അടുക്കളയില്‍ അടുപ്പിനടുത്ത് വെക്കണം. അന്ന് ഇന്നത്തെ പോലെ സന്താന നിയന്ത്രണമൊന്നും ഇല്ല. ഒരമ്മയ്ക്ക് എത്ര പ്രസവിക്കാന്‍ പറ്റുമോ അത്രയും പ്രസവിക്കും. ഒരു പാട് കുട്ടികളെയൊക്കെ കൊണ്ട് കഷ്ടപ്പാടാണ്. അന്ന് അധികം കുട്ടികളൊന്നും സ്കൂളില്‍ പോവാറില്ല. കാരണം രാവിലെ സ്കൂളില്‍ പോകുന്ന നേരത്ത് കുട്ടിക്ക് കൊടുക്കാനൊന്നും അമ്മമാര്‍ക്ക് സാധിക്കൂല. കിട്ടുന്ന കൂലികൊണ്ടു രാത്രി മാത്രമേ ഭക്ഷണം കഴിക്കാന്‍ പറ്റാറുള്ളൂ. ഉച്ചയ്ക്കലത്തേക്ക് വളരെ ദുര്‍ലഭമായിട്ടേ എന്തെങ്കിലും ഉണ്ടാവൂള്ളൂ.വല്ലാത്ത ദുരിതം പിടിച്ച കാലമായിരുന്നു. അത് അനുഭവിച്ചാലെ മനസിലാവുകയുള്ളൂ. രാത്രിയത്തെ ഭക്ഷണത്തിന്‍റെ ഊറ്റിയ വെള്ളം ഉണ്ടെങ്കില്‍ അതിലല്‍പ്പം തേങ്ങയിട്ടു ഉപ്പുമിട്ട് കുടിക്കും. ചെല സമയം അതും ഉണ്ടാവൂല. രാവിലെ പോയാല്‍ 4 മണി വരെ സ്കൂളുണ്ടാകും. ചിലര്‍ സ്കൂള് വിട്ടു വരുമ്പോള്‍ വഴിക്കു തളര്‍ന്ന് വീണു പോകും. 

ഈ കഷ്ടപ്പാടും ദാരിദ്ര്യവും ജന്മിത്വവും അവസാനിപ്പിക്കാന്‍ വേണ്ടിയാണ് കമ്യൂണിസ്റ്റ് പാര്‍ടിയില്‍ പ്രവര്‍ത്തിച്ചത് തന്നെ. അന്നത്തെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ മുദ്രാവാക്യം ജന്മിത്വം അറബിക്കടലില്‍.. ജന്മിത്വം അവസാനിപ്പിക്കുക എന്നാണ്. എന്റെ കുട്ടിക്കാലത്ത് ഇവിടത്തെ പാര്‍ടി നേതാവ് മണ്ടോടി കണ്ണേട്ടനാണ്. പി. കൃഷ്ണപിള്ളയാണ് നെയ്ത്ത് കമ്പനിയിലൊക്കെ പോയിട്ടു തൊഴിലാളികളെ വിളിച്ചുകൂട്ടി പ്രസ്ഥാനമൊക്കെ സംഘടിപ്പിച്ചത്. പിന്നെ ഇവിടെ വന്നിട്ടുള്ളത് എ കെ ജി, ഇ എം എസ്, നായനാര്‍ തുടങ്ങിയ നേതാക്കളാ. എ കെ ജി തൊഴിലാളികളുടെ പടത്തലവനാ..എന്റെ ഓര്‍മ്മയില്‍ ജനങ്ങളെ സംഘടിപ്പിക്കാനും സമരം ചെയ്യാനുമൊക്കെ നേതൃത്വം കൊടുത്ത പ്രധാന നേതാവ് എ കെ ജി യാണ്. ഇ എം എസ് കംപ്യൂട്ടറല്ലേ.. തലയ്ക്ക് രണ്ടായിരം രൂപ വില പറഞ്ഞ നേതാവല്ലേ. നമ്മളെപ്പോലത്തെ പാവപ്പെട്ടവര്‍ക്ക് വേണ്ടി ഒളിവില്‍ പോയി കഞ്ഞി വെള്ളവും മരക്കേങ്ങിന്റെ കഷണവും ഒക്കെ തിന്നിട്ടല്ലേ ഓറന്ന് ജീവിച്ചെ. അത്ഭുതല്ലേ അത്. 3000 പറ വാരം വരുന്ന ജന്മി കുടുംബത്തിലാണ് അയാള്‍ ജനിച്ചത്. ഞാന്‍ അയാളെ എന്നും പൂജിക്കും. കാരണം അയാള്‍ അങ്ങനെ ജീവിക്കേണ്ട ആളല്ല. ഞാളെ കഷ്ടപ്പാട് കണ്ടിട്ട് ഞങ്ങക്ക് വേണ്ട ഉപദേശം നല്കി ഞാളെ സംഘടിപ്പിച്ചയാളാണ് ഇ എം എസ്.
 

വല്ലാത്തൊരു കാലമായിരുന്നു അത്.പകര്‍ച്ച വ്യാധികള്‍… വസൂരി രോഗം.. അന്നേരം കമ്യുണിസ്റ്റ് പാര്‍ടിയാണ് മണ്ടോടി കണ്ണേട്ടന്റെ നേതൃത്വത്തില്‍ വാളണ്ടിയര്‍ സ്ക്വാഡ് ഉണ്ടാക്കി വസൂരി പിടിച്ചവരുടെ വീട്ടില്‍ പോയി ആളുകളെ ശുശ്രൂഷിച്ചത്. അന്ന് വസൂരീന്നു പറഞ്ഞാല്‍ ആ പ്രദേശത്തൂടെ ആള്‍ക്കാര്‍ പോകൂല. അത്ര പേടിയാണ്. മരുന്ന് വീട്ടിലെത്തിക്കും. മരിച്ചാലെടുത്തു കുഴിച്ചിടും. കോളറയുടെ കാലത്തും ഇത് തന്നെയാ അവസ്ഥ.

ഒഞ്ചിയം അന്ന് പുതിയേടത്തു തറവാടിന്‍റെ കയ്യിലാ. നാട്ടു രാജാക്കന്‍മാര്‍ ഭരിക്കുന്ന അവസരത്തില്‍ അവരോടു ഇവര്‍ വാങ്ങിയതാ.. എന്‍റെ അച്ഛാച്ചന് ഒരേക്കറിലധികം ഭൂമിയുണ്ടായിരുന്നു. കുറുക്കന്‍ താമസിക്കുന്ന കാടായിരുന്നു. വെട്ടിത്തെളിച്ച് മാവും പ്ലാവും തെങ്ങുമൊക്കെ വച്ചു. കുറച്ചു കഴിഞ്ഞപ്പോ ജന്മി കേസ് കൊടുത്തു. ഒഴിപ്പിക്കാന്‍… അന്ന് 12 കൊല്ലത്തേക്കാണ് പാട്ടത്തിന് കൊടുക്കുക. പിന്നീട് വീണ്ടും ചാര്‍ത്തെഴുതണം. മേല്‍ച്ചാര്‍ത്തെന്നു പറയും. അച്ചാച്ചന്‍ കേസ് നടത്തി.  അച്ചാച്ചന്‍ മരിച്ചപ്പോള്‍ എന്‍റെ അച്ഛനായി കേസ് നടത്തല്‍. ഒഴിപ്പിക്കാന്‍ പാടില്ലാന്നുള്ള സര്‍ക്കാരിന്റെ നിയമം വന്നതിനു ശേഷമാണ് കേസ് റദ്ദായി പോയത്. 

1948ല്‍ കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ ജന്മിത്വം അവസാനിപ്പിക്കാന്‍ വേണ്ടിയാണ് ഇവിടത്തെ സമരം. ജന്മിമാര്‍ക്ക് അനുകൂലമായ നിലപാടാണ് ഉദ്യോഗസ്ഥന്‍മാരുടേത്. കോണ്‍ഗ്രസിന്‍റെ വാളണ്ടിയര്‍മാരാണ് അവര്‍ക്ക് സപ്പോര്‍ട്. സേവാദള്ളുകാര്‍. പിന്നെ പാര്‍ടി നിയമ വിരുദ്ധമാക്കി. ഇ എം എസും എ കെ ജിയുമൊക്കെ ഒളിവില്‍ പോയി. ജന്മിമാരുടെ സംരക്ഷണയില്‍ പോലീസും എം എസ് പിയും നാട് മുഴുവന്‍ നടത്തമായി. അങ്ങനെ മണ്ടോടി കണാരേട്ടനെ പിടിക്കാനും ഇവിടെ വന്നു. പല ദിവസങ്ങളില്‍ പോലീസ് വീടുകള്‍ തോറും കയറിയിറങ്ങി. 
 

ഇവിടെ അടുത്തു ഒരു പീടികയുണ്ടായിരുന്നു. അവിടെയാ കൃഷിക്കാരൊക്കെ വരാറ്. കാണാരേട്ടനും അവിടെ വരും. അവരെ കാണും സംസാരിക്കും. അക്കാലത്ത്  രാവിലെ തൊട്ട് മോന്തിയാകുന്നത് വരെ പണിയെടുക്കണം. കണ്ണില്‍ ഇരുട്ടാവുന്നതുവരെ പണിയെടുക്കണം. അത്രയും ബുദ്ധിമുട്ടുള്ള കാലമാണ്. കണാരേട്ടന്‍റെ നേതൃത്വത്തില്‍ സ്ക്വാഡ് ഉണ്ടാക്കി. രാവിലെ എട്ട് മണിക്ക് പണിക്കിറങ്ങും. വൈകുന്നേരം 5 മണിക്ക് കയറും. രാവിലെ വയലില്‍ കൊടികുത്തും. കൊടിയെടുക്കുമ്പം പണികയറും. പക്ഷേ ഇത് ജന്മി സമ്മതിക്കൂല. 

അങ്ങനെയാണ് കമ്യുണിസ്റ്റ് നേതാക്കന്‍മാരെ പിടിക്കാന്‍ പോലീസും എം എസ് പിയും എത്തിയത്. ഒരുദിവസം പുലര്‍ച്ചെ 5 മണിക്ക്. മെഗാഫോണില്‍ അനൌണ്‍സ്മെന്‍റ് വന്നു. 1948 ഏപ്രിലില്‍ 29. മണ്ടോടി കാണാരേട്ടന്റെ വീട്ടില്‍ പോലീസ് കയറി വീട്ടുപകരണമൊക്കെ പൊളിച്ചുകളഞ്ഞു. അതിനു ശേഷം ചോയി കാരണവരുടെ വീട്ടില്‍ പോയി കാരണവരെയും മകനെയും പോലീസ് പിടിച്ച് കൊണ്ടുപോകുകയാണ്. എല്ലാവരും ഉടന്‍ എത്തിച്ചേരണം. അങ്ങനെ ഒഞ്ചിയത്തുള്ളവരും ഏറാമലയിലുള്ളവരും ഒന്നിച്ച് കൂടി. നേതാക്കന്‍മാര്‍ പോലീസുമായി സംസാരിച്ചു. എന്തിനാണ് ഈ വയസായ ആളെ പിടിച്ച് കൊണ്ട് പോകുന്നതെന്നു ചോദിച്ചു. എന്താണ് ചാര്‍ജ്. ഇവരെ സ്റ്റേഷനിലെ കൊണ്ടുപോയി ചോദ്യം ചെയ്യണം, പോലീസ് പറഞ്ഞു. വാറണ്ടുണ്ടോ പാര്‍ടി നേതാക്കന്മാര്‍ ചോദിച്ചു. വാറണ്ടുണ്ടായിരുന്നില്ല.. എന്നാല്‍ കൊണ്ട് പോകാന്‍ സമ്മതിക്കൂലാന്ന് ജനങ്ങളും. അങ്ങനെ വലിയ വര്‍ത്തമാനമായി. പ്രസംഗമായി. നിങ്ങള്‍ പിരിഞ്ഞു പോയില്ലെങ്കില്‍ വെടിവെക്കുമെന്ന് സര്‍ക്കിള്‍ പറഞ്ഞു. എന്നാല്‍ വെടിവെച്ചോന്നു പറഞ്ഞ് പാര്‍ടിക്കാരും. ഒരു സഖാവ് ചാടി ഇറങ്ങി നെഞ്ച് കാണിച്ചു വെടിവെച്ചോളാന്‍ പറഞ്ഞു. അങ്ങനെ സംഘര്‍ഷ അന്തരീക്ഷമായി. പോലീസ് വെടിവെപ്പ് തുടങ്ങി. ഞാന്‍ കൊള്ളിന്റെ മുകളില്‍ നില്‍ക്കുകയായിരുന്നു. വെടിപൊട്ടിയ നേരം ഞാന്‍ തിരിയുകയായിരുന്നു. അപ്പോഴാണ് എനിക്ക് വെടി കൊണ്ടത്. ഞാനവിടെ വീണു. എന്റെ അമ്മാവന്‍ പലേക്കുന്നില്‍ അച്ചൂനും വെടികൊണ്ടു. അച്ഛന്‍ കുറച്ചു മുന്‍പിലായിരുന്നു. സഖാക്കള്‍ ആശുപത്രിയിലേക്ക് കൊണ്ട് പോകുമ്പം വഴിയില്‍ വെച്ച് പോലീസ് കണ്ടു. അങ്ങനെ വടകര ആശുപത്രിയില്‍ കൊണ്ടുപോയി. അവിടെ നിന്നു കോഴിക്കോട്ടെ കോട്ടപ്പറമ്പത്ത് ആശുത്രിയിലേക്ക്. കുറച്ചു ദിവസമെടുത്ത് ബോധം വരാന്‍. 
 

മൂന്നുമാസം അവിടെ കിടന്നു. ഞാന്‍ മരിച്ചു പോയീന്നാണ് നാട്ടിലെല്ലാം വിവരം. ആശുപത്രിയില്‍ ബോധം തെളിഞ്ഞപ്പോള്‍ സിസ്റ്റര്‍ ചോദിച്ചു എന്താ ആരും വരാത്തെ എന്നു. ഞാന്‍ പറഞ്ഞു വീട്ടില്‍ നിന്നു ആരും വരാനില്ല. രണ്ട് കുഞ്ഞ് പെങ്ങന്‍മാരാണ് ഉള്ളത്. അത് കേട്ട് സിസ്റ്റര്‍ക്ക് ഭയങ്കര പരിതാപമായിപ്പോയി. എന്നോടു വിലാസമൊക്കെ ചോദിച്ചു. എന്നിട്ട് സിസ്റ്റര്‍ എന്‍റെ പെങ്ങളുടെ പേരില്‍ ഒരു കാര്‍ഡയച്ചു. അന്നേരാ ഞാന്‍ ജീവിച്ചിരുപ്പുണ്ടെന്ന് നാട്ടുകാര്‍ അറിഞ്ഞത്. വെടിവെപ്പില്‍ എട്ട് സഖാക്കളാണ് മരിച്ചത്.

ആശുപത്രിയിലെ സിസ്റ്റര്‍മാര്‍ സ്വന്തം ആങ്ങളയെ പോലെ എന്നെ ശുശ്രൂഷിച്ചത്. അതുകൊണ്ടാ ഞാന്‍ നിങ്ങളുടെ മുന്പില്‍ നില്‍ക്കുന്നെ. ആശുപത്രിയില്‍ ചായയും കടിയുമൊക്കെ കൊണ്ടുവരും. എന്‍റെ കയ്യില്‍ കാശില്ലല്ലോ. എനിക്കു സ്ഥിരമായി ചായ തരാന്‍ സിസ്റ്റര്‍ ഏര്‍പ്പാടാക്കി. കമ്യൂണിസ്റ്റ് കാരെ അടിച്ചു ശരിയാക്കാന്‍ വേണ്ടീട് മലപ്പുറത്ത് നിന്നാറ്റം കൊണ്ട് വന്ന ഒരു ഇടിയന്‍ ഹെഡ് കോണ്‍സറ്റബിളുണ്ട്. ബിരിയാണി ഹേഡിന്‍ഷല്ന്നാ വിളിക്കുക. മൂപ്പരും എന്നോടു പക്ഷേ നല്ലോണം പെരുമാറിയത്. പിന്നെ കോടതിയില്‍ ഹാജരാക്കി. കണ്ണൂര്‍ സെന്‍ട്രല്‍ ജെയിലില്‍ ഒന്നരവര്‍ഷം കിടന്നു.
 

ജയിലില്‍ നിന്നു തിരിച്ച് നാട്ടിലെത്തിയപ്പോള്‍ പണ്ടെത്തേലും വിഷമമായിരുന്നു. ഒരു വീട്ടിലും ആണുങ്ങളുണ്ടാകില്ല. പിടിച്ച് കൊണ്ട് പോകാന്‍ കോണ്‍ഗ്രസിന്‍റെ വാളണ്ടിയര്‍ സ്ക്വാഡല്ലേ നാട്ടില്‍. 1950 ആയപ്പോഴേക്കും പാര്‍ടിയുടെ നിരോധനം പിന്‍വലിച്ചു. ഇ എം എസും എ കെ ജിയുമൊക്കെ ഒഞ്ചിയത്ത് വന്നു. എ കെ ജി എന്‍റെ ഇളയ പെങ്ങള്‍ക്ക് 20 രൂപ കൊടുത്തു, അതാണ് പാര്‍ട്ടീന്നു കിട്ടിയ ആകെയുള്ള അനുകൂല്യം. അതിനൊന്നും വേണ്ടീറ്റല്ല കേട്ടാ നമ്മള് പര്‍ടീല് പ്രവര്‍ത്തിച്ചെ..

അക്കാലത്ത് കളവുണ്ടായിരുന്നു. എന്താന്നറിയോ..? ചക്ക.. മരക്കേങ് (മരച്ചീനി) രാത്രിയാകുമ്പോള്‍ കുട്ടികള് വിശന്നു കരയും. എന്താ വഴീന്നു ആലോചിക്കും. കുറുപ്പുകളെ പറമ്പത്തീന്നു ചക്ക പറിക്കുക…ചോദിച്ചാല്‍ തരൂല. പഴുത്താല്‍ അവര്‍ വരട്ടിയിട്ടു ഭരണിയിലാക്കി വയ്ക്കും. അന്ന് സുലഭമായി കിട്ടിയിരുന്നത് മത്സ്യമാണ്. ഒരു മുണ്ടിന് മറുമുണ്ട് മാറ്റാനില്ലാത്ത കാലം. അന്നത്തെ കര്‍ഷക തൊഴിലാളി വയലില്‍നിന്ന് ചളി പെരങ്ങിയാല്‍ കച്ചോട്ടവുമുടുത്ത് തോര്‍ത്ത് അലക്കിയിട്ടു അത് ഉണങ്ങുന്നതുവരെ അവിടെയിരിക്കും. മൂന്ന് മുണ്ടുകൊണ്ടാണ് ഒരു ഭാര്യയും ഭര്‍ത്താവ് കഴിച്ചുകൂട്ടുക. അന്ന് കക്കുന്നത് വിശപ്പടക്കാനാ. നല്ല ഭൂമിയൊക്കെ അവരുടെ കയ്യിലാണ് ഉണ്ടാവുക. ജനിച്ചു പോയില്ലേ.. ജീവിക്കാതിരിക്കാന്‍ പറ്റുമോ.

ജയിലില്‍ നിന്നു വന്നു നാലഞ്ചുകൊല്ലം കഴിഞ്ഞു മര്യാദയ്ക്ക് എന്തെങ്കിലും ജോലി ചെയ്യാന്‍. പിന്നെ അവില്‍ ഇടിക്കലായി പണി. അതും നല്ല ശാരീരിക ശേഷി വേണ്ട ജോലിയാ. മരത്തിന്‍റെ ഒരല്‍. കാഞ്ഞിരത്തിന്റെ തണ്ട് . അതിന്റെ തലയ്ക്കല്‍ ഇരുമ്പിന്‍റെ ഒലക്ക. അതാണ് യന്ത്രം. മൂന്നാള് വേണം ജോലിക്ക്. ഒരാള്‍ പുഴുങ്ങിയ നെല്ല് ഊറ്റി കുഴിയിലിടും. തണ്ട് ചവിട്ടിയിടിക്കണം. അവിലായി കഴിഞ്ഞാല്‍ അത് പാറ്റാനൊരാള് വേണം. 
 

അന്ന് ചായപ്പീടികകളില്‍ അവിലാണ് പ്രധാനം. കുറച്ച് തേങ്ങയും പഞ്ചസാരയുമിട്ട് കൊടുക്കും അതാണ് പലഹാരം. 48 കാലത്ത് പുറത്തു അരി കിട്ടാനുണ്ടായിരുന്നില്ല. പാതിരയ്ക്കാണ് നെല്ല് കൊണ്ട് വരിക. ആരെങ്കിലും കണ്ടാല്‍ പിടിക്കും. നെല്ല് പൂഴ്ത്തിവയ്ക്കുന്ന കാലമായിരുന്നു അത്. ചെലപ്പോ അവില് കൊണ്ട് പോകുമ്പോ പിടിക്കും. നെല്ലേടുന്നാ കിട്ട്യേന്നു ചോദിക്കും. 52 ആകുമ്പോഴേക്കും നെല്ല് സുലഭമായി. അന്നത്തെ പ്രധാന തൊഴിലായി ഇത് മാറി. 60 ഓളം കുടുംബങ്ങള്‍ ഈ പണി ചെയ്യുന്നവരായി ഇവിടെയുണ്ടായിരുന്നു. പിന്നെ ഞാന്‍ നെയ്ത്തിനും പോയിരുന്നു. ഊരാളുങ്കല്‍. 

ജയിലില്‍ വന്നു കുറച്ച് കഴിഞ്ഞപ്പോള്‍ കല്യാണം കഴിച്ചു. രണ്ട് മക്കളായതിന് ശേഷം ജീവിക്കാന്‍ വലിയ നിവൃത്തിയൊന്നുമില്ല നാട്ടില്‍. അങ്ങനെ നാട് വിട്ടു പോയി. കര്‍ണ്ണാടകയില്‍. ഒരു ഡോക്ടറുടെ അടുത്തു. അയാള്‍ക്ക് കുറേ ഭൂമിയുണ്ടായിരുന്നു. അത് നോക്കി നടത്തലാ പണി. അവിടെ നിന്നു തിരിച്ചു വരുമ്പോ എനിക്ക് 35 വയസായിരുന്നു. 

ഞാന്‍ പര്‍ടി മെമ്പറായിരുന്നില്ല. അനുഭാവിയാ. അനുഭാവിയാണെങ്കിലും എനിക്കു പാര്‍ടിയില്‍ നിന്നു വിട്ടു നില്‍ക്കാന്‍ പറ്റൂല. എന്‍റെ അച്ഛന്‍ പുറവില്‍ കണാരന്‍ ഒഞ്ചിയത്ത് വെടികൊണ്ടു മരിച്ചത് പാര്‍ടിക്ക് വേണ്ടിയാ. എന്‍റെ പിറകില്‍ വെടികൊണ്ടിട്ടു നെഞ്ചിന്‍റാടുത്തൂടെ പുറത്തേക്ക് പോയതാ. അങ്ങനെ ചോരയും നീരും കൊടുത്തു വളര്‍ത്തിയ പ്രസ്ഥാനമാണിത്. ഇന്നുള്ള നേതാക്കന്‍മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും അനുഭവമില്ല. ഞങ്ങള്‍ക്കൊക്കെ അനുഭവിച്ചതുകൊണ്ടു ഇപ്പോഴത്തെ സ്ഥിതി കാണുമ്പോ വലിയ വേദനയുണ്ട്. 

ഇന്നെന്താ അവസ്ഥ പാര്‍ടി നേതാക്കന്‍മാരുടെയാടുത്തോ പ്രവര്‍ത്തകരുടെയടുത്തോ എന്തെങ്കിലും ചെറിയ അഭിപ്രായ വ്യത്യാസം പറഞ്ഞാല്‍ ഓന് വിരുദ്ധനാണ്. പിന്നെ ഓനെ പുറത്താക്കാനാ ശ്രമം. ഇപ്പോഴത്തെ പരിപാടി അതാ.  അവനെ പറഞ്ഞു മനസിലാക്കി പ്രസ്ഥാനത്തിലേക്ക് തിരിച്ചു കൊണ്ട് വരലല്ല ഇപ്പോ ചെയ്യുന്നത്. ഒന്നുകില്‍ തേജോ വധം ചെയ്തു കളയുക. അല്ലെങ്കില്‍ പാര്‍ടിയില്‍ നിന്നു പുറത്താക്കുക. എനിക്കിപ്പോള്‍ 84-ആമത്തെ വയസ്സാ… ചെറുപ്പം മുതലേ ഞാന്‍ കാണാന്‍ തുടങ്ങിയതാ ഈ പാര്‍ടിയെ. ആ അനുഭവത്തില്‍ നിന്നു പറയുന്നയാ. അതാ സഖാവ് ചന്ദ്രശേഖരന്‍റെ കാര്യത്തിലും നടന്നത്. ചന്ദ്രശേഖരന്‍റെ അഭിപ്രായത്തോട് യോജിപ്പുള്ളയാളാ ഞാന്‍. ചന്ദ്രശേഖരന്‍ പറഞ്ഞതും പ്രവര്‍ത്തിച്ചതും നാട്ടിന് വേണ്ടിയാ. അതൊരു നിസ്വാര്‍ഥമായ സേവനമാണ്. 
 

ചന്ദ്രശേഖരനെ കൊലപ്പെടുത്തിയത് ഈ പ്രദേശത്തുള്ള ആര്‍ക്കും സഹിക്കാന്‍ പറ്റൂല. ചന്ദ്രശേഖരന്‍റെ ഭാര്യ രമയ്ക്കും മോനും മാത്രമല്ല. ഒഞ്ചിയത്തെ എല്ലാ സി പി എംകാര്‍ക്കും വേദനയുണ്ടായി. അത്രയ്ക്ക് നല്ല സ്വഭാവാ.. ഈ അഭിപ്രായ വ്യത്യാസം എങ്ങനെയെങ്കിലും പറഞ്ഞു തീര്‍ക്കണം എന്ന് ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നതിന് മുന്പ് ഞാന്‍ പര്‍ടിയോട് പറഞ്ഞിരുന്നു. പണ്ടുകാലത്തും ഇത്തരത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. അത് പറഞ്ഞു തീര്‍ക്കുകയാ ചെയ്യുക. ഏതെങ്കിലും ഒരു വ്യക്തിയുടെ അന്തസാണോ പ്രധാനം? നമ്മടെ പാര്‍ടിയും നാടുമല്ലേ….? 

ഇപ്പൊഴത്തെ ജീവിതത്തെ കുറിച്ച് ചോദിച്ചപ്പോള്‍ പുറവില്‍ കണ്ണന്‍ ഇങ്ങനെ പറഞ്ഞു, “ഒഞ്ചിയം കേസില്‍ 64 പ്രതികളായിരുന്നു. അതില്‍ 63ഉം മരിച്ചു. ഇപ്പോള്‍ വിത്തിന് വെച്ചത് പോലെ ഞാന്‍ മാത്രമേയുള്ളൂ. ഒരു മോന്‍ ഗള്‍ഫിലാണ്. മറ്റൊരാള്‍ ഊരാളുങ്കല്‍ സൊസേറ്റിയില്‍ ജോലി ചെയ്യുന്നു. ഭാര്യക്ക് മറവിയുടെ അസുഖമാ..” 

Share on

മറ്റുവാര്‍ത്തകള്‍