Continue reading “ഡല്‍ഹിയുടെ കഥ; സമ്പന്നരുടെയും – റാണാദാസ് ഗുപ്ത”

" /> Continue reading “ഡല്‍ഹിയുടെ കഥ; സമ്പന്നരുടെയും – റാണാദാസ് ഗുപ്ത”

"> Continue reading “ഡല്‍ഹിയുടെ കഥ; സമ്പന്നരുടെയും – റാണാദാസ് ഗുപ്ത”

">

UPDATES

വായന/സംസ്കാരം

ഡല്‍ഹിയുടെ കഥ; സമ്പന്നരുടെയും – റാണാദാസ് ഗുപ്ത

                       
ഇപ്പോള്‍ വിപണിയില്‍ സജീവമായിരിക്കുന്ന റാണാ ദാസ്ഗുപ്തയുടെ ഏറ്റവും പുതിയ പുസ്തകമായ ‘Capital: A Portrait of Twenty-First Century Delhi’ ഡല്‍ഹിയുടെ സമ്പന്നതയുടെയും ശക്തിയുടെയും താളപ്പിഴകളുടെയും അതിമനോഹരമായ വിവരണമാണ്. അടുത്തിടെ ഇന്ത്യയില്‍  പുറത്തിറങ്ങിയ പുസ്തകങ്ങളില്‍ ഏറ്റവും മെച്ചപ്പെട്ട പുസ്തകമാണിതെന്നുതന്നെ പറയാം. 
 
സമകാലീന സാഹിത്യകാരില്‍ ഏറ്റവും പ്രഗല്‍ഭരായ എഴുത്തുകാരില്‍ ഒരാളായ ദാസ്ഗുപ്തയുടെ പ്രഥമ നോവലായ ‘സോളോ’ക്കാണ്  2010-ലെ കോമണ്‍വെല്‍ത്ത് റൈറ്റേഴ്സ് പ്രൈസ് കിട്ടിയത്. ബ്രിട്ടനില്‍ ജനിച്ച ദാസ്ഗുപ്ത ഇപ്പോള്‍ ഡല്‍ഹിയില്‍ മുഴുവന്‍ സമയ എഴുത്തുമായി കഴിയുകയാണ്.
 
ഡല്‍ഹിയിലെ സമ്പന്നരുടെ കണ്ണിലൂടെയാണ് ദാസ്ഗുപ്ത ഡല്‍ഹിയെ വരച്ചുകാട്ടുന്നത്. മതില്‍കെട്ടി സുരക്ഷിതമാക്കിയ വീടുകളില്‍, കോളനിവാഴ്ചക്കാലത്തുണ്ടാക്കിയ ബംഗ്ലാവുകളില്‍, ല്യൂട്ട്യന്‍ ഡല്‍ഹിയില്‍ ഒക്കെ താമസിക്കുന്ന സമ്പന്നര്‍. 1991-ലെ സാമ്പത്തിക ഉദാരവല്‍കരണത്തിന് ശേഷം ഇന്ത്യയിലേക്ക് പണത്തിന്റെ ഒരു കുത്തൊഴുക്കുതന്നെ ഉണ്ടായി, പ്രത്യേകിച്ച് ഡല്‍ഹിയിലേക്ക്. ഇന്ത്യയുടെ തലസ്ഥാനനഗരിയുടെ അഭൂതപൂര്‍വമായ ഒരു രൂപപരിണാമത്തിന്റെ കഥയാണ് ഈ പുസ്തകം പറയുന്നത്, അപരിഷ്‌കൃതമായ പുറംപ്രദേശങ്ങളില്‍ നിന്നും മധ്യവര്‍ഗത്തിന്റെ നടുത്തളത്തിലേക്കുള്ള ആവിര്‍ഭാവത്തിന്റെ കഥ. കഴിഞ്ഞ ഇരുപതോളം വര്‍ഷങ്ങളില്‍ യാതൊരു ലക്കും ലഗാനുമില്ലാതെ, സമൂലമാറ്റത്തിനു കാരണമായ ആഗോളസാമ്പത്തിക വളര്‍ച്ച ഇത്രയധികം പ്രതിഫലിച്ച മറ്റൊരു നഗരം ഈ ലോകത്തുതന്നെയുണ്ടാവില്ല എന്നാണ് ഗ്രന്ഥകര്‍ത്താവിന്റെ വാദം.
 
 
എന്നാല്‍ ഇന്ത്യ ഒരിക്കലും ഒരു പുതിയ അമേരിക്കയായില്ല. സംഘം ചേര്‍ന്നുള്ള കൊള്ളയടിയുടെ കെട്ടും മട്ടുമായി, അത്തരമൊരു സംസ്‌കാരത്തിന്റെ അടിയൊഴുക്കുകള്‍ പ്രകടിപ്പിച്ചുകൊണ്ട് തകര്‍ച്ചയ്ക്കുശേഷമുള്ള സോവിയെറ്റ് റഷ്യയെയാണ് അത് കൂടുതല്‍ സദൃശമാക്കിയത്.
 
ഇതിനെല്ലാമപ്പുറം, ഇന്ത്യയുടെ തലസ്ഥാനം അതിര്‍ത്തികള്‍ നിയന്ത്രിച്ചിട്ടില്ലാത്ത മുതലാളിത്തത്തിന്റെ ഒരു അവതാരമായി മാറുകയായിരുന്നു. ഡല്‍ഹി എന്ന ഈ സവിശേഷനഗരത്തെ അടുത്തറിഞ്ഞ് തയ്യാറാക്കിയ ഒരു വാഗ്മയചിത്രത്തിനപ്പുറം, നാമെല്ലാം എങ്ങോട്ടാണു നയിക്കപ്പെടുന്നത് എന്നുള്ളതിന്റെ ഉത്തമദൃഷ്ടാന്തം കൂടിയാണ് ക്യാപ്പിറ്റല്‍ എന്ന ഈ പുസ്തകം.
 
വി.എസ് നയ്‌പോളിന്റെ ലോകോത്തര സ്വകാര്യയാത്രാവിവരണശൈലിയില്‍ ദാസ്ഗുപ്തയും ഡല്‍ഹിയൊട്ടാകെ സഞ്ചരിച്ച് ഒട്ടനേകം സവിശേഷവ്യക്തിത്വങ്ങളെ കണ്ടുമുട്ടുകയുണ്ടായി. അവരൊക്കെ തന്നെ ഇന്ത്യക്കാരുടെ ഭാഷയില്‍ നവമധ്യവര്‍ഗ്ഗമായിരുന്നുവെങ്കിലും എങ്ങനെ നോക്കിയാലും പ്രമാണി വര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ തന്നെയായിരുന്നു.
 

റാണാദാസ് ഗുപ്ത
 
അതിലൊരാള്‍ രാജേഷായിരുന്നു. വടക്കേ ഇന്ത്യയിലെ ഒരു വ്യാപാരികുടുംബത്തില്‍ ജനിച്ച രാജേഷിന്റെ വ്യവസായിക വളര്‍ച്ചയുടെ തോത് അടുത്തകാലത്തായി ശതകോടി ഡോളറായി തീര്‍ന്നു. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഏതോ ഡല്‍ഹി സുല്‍ത്താനുവേണ്ടി പണികഴിപ്പിച്ച, ഒരു ജലാശയത്തിന്റെ കരയിലായി തലയുയര്‍ത്തിനില്‍ക്കുന്ന പ്രൗഢഗംഭീരമായ ചില്ലുമേടയ്ക്കരികിലിരുന്നാണ് രാജേഷ് ദാസ്ഗുപ്തയോട് സംസാരിച്ചത്. അപ്പോഴേക്കും രാത്രിതോറുമുള്ള സല്‍ക്കാരങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ അവിടെ തുടങ്ങിയിരുന്നു. തിരികെ വീടെത്താന്‍ ദാസ്ഗുപ്തക്ക് നഗരത്തിനു കുറുകെ സഞ്ചരിക്കേണ്ടതുണ്ടായിരുന്നു. നഗരം മുഴുവന്‍ അദ്ദേഹത്തിനു കാണാനായത് ഡല്‍ഹിലെ തൊഴിലാളികളും, രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നും കുടിയേറിയ മനുഷ്യരും വഴിയോരങ്ങളില്‍ ഉറങ്ങുന്നതാണ്. ഈ വൈരുദ്ധ്യം വിസ്മയജനകമായിരുന്നു.
 
ഈ പുതിയ വരേണ്യവര്‍ഗ്ഗത്തിന്റെ സമീപനങ്ങളും, ജീവിതങ്ങളും, പ്രതീക്ഷകളും, സ്വപ്നങ്ങളുമെല്ലാം അനിതരസാധാരണമായ ഇത്തരം കൂടിക്കാഴ്ചകളില്‍ അനാവൃതമായി. ദാസ്ഗുപ്ത അഭിമുഖം നടത്തിയവരില്‍ ഒരു ഫാഷന്‍ ഡിസൈനര്‍, ഒരു വ്യവസായ സംരംഭകന്‍,  ഒരു ചെറുപ്പക്കാരനായ സിഇഓ, ഡല്‍ഹിയിലെ വിസ്മരിക്കപ്പെട്ട പാവങ്ങളെ സഹായിക്കാനായി ജീവിതമുഴിഞ്ഞുവച്ച ഒരു സ്ത്രീ  അങ്ങനെ പലരുമുണ്ടായിരുന്നു. ഇവരൊക്കെ ചേര്‍ന്നാണ് ഈ ഒരു പുതിയ തലമുറയുടെ ഇങ്ങേയറ്റത്തെ വാര്‍ത്തടുത്തിരിക്കുന്നത്, ഒരു യുഗത്തിന്റെ ഒടുക്കവും പുതിയൊരു യുഗത്തിന്റെ തുടക്കവും പോലെ തോന്നിപ്പിച്ചുകൊണ്ട്. അവരുടെ ജീവിതം കൊണ്ട് അവര്‍ത്തന്നെ പറയുന്നുണ്ട്, ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ലോകം എങ്ങനെയായിരിക്കുമെന്ന്.
 
 
സമകാലീന ഇന്ത്യന്‍ ജനാധിപത്യവ്യവസ്ഥിതിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സാമൂഹികമായ ഇളക്കങ്ങളും, ആം ആദ്മി പാര്‍ട്ടി പോലുള്ള പുതിയ പ്രസ്ഥാനങ്ങളും, പ്രഭുവാഴ്ചകളാല്‍ നിയന്ത്രിക്കപ്പെടുന്ന ഇവിടുത്തെ രാഷ്ട്രീയവും വിപണിയും, പിന്നെ ദൈനംദിന ജീവിതത്തില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന മൂല്യബോധം, ഇവയൊക്കെ സാകൂതം വീക്ഷിച്ചിരിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ഈ പുസ്തകത്തിന് പ്രാധാന്യമേറെയാണ്. നാമെല്ലാം ഏറെ ആലോചിക്കേണ്ടതും വിഷമിക്കേണ്ടതുമായ ഇന്ത്യയെ കുറിച്ചുള്ള നഗ്‌നയാഥാര്‍ത്ഥ്യങ്ങള്‍ റാണാ ദാസ്ഗുപ്ത നമ്മുടെ മുന്നില്‍ തുറന്നു കാട്ടുകയാണ്.
 

Share on

മറ്റുവാര്‍ത്തകള്‍