Continue reading “രാഷ്ട്രീയ ഗുരുവിന് സീറ്റൊഴിഞ്ഞു കൊടുത്ത ബാബു പ്രസാദിന് ചെന്നിത്തല പകരം നല്‍കിയത്”

" /> Continue reading “രാഷ്ട്രീയ ഗുരുവിന് സീറ്റൊഴിഞ്ഞു കൊടുത്ത ബാബു പ്രസാദിന് ചെന്നിത്തല പകരം നല്‍കിയത്”

"> Continue reading “രാഷ്ട്രീയ ഗുരുവിന് സീറ്റൊഴിഞ്ഞു കൊടുത്ത ബാബു പ്രസാദിന് ചെന്നിത്തല പകരം നല്‍കിയത്”

">

UPDATES

രാഷ്ട്രീയ ഗുരുവിന് സീറ്റൊഴിഞ്ഞു കൊടുത്ത ബാബു പ്രസാദിന് ചെന്നിത്തല പകരം നല്‍കിയത്

Avatar

                       

ഡി. ധനസുമോദ്

തിമിര ശസ്ത്രക്രിയ കഴിഞ്ഞ് കറുത്ത കണ്ണടയും ധരിച്ച് വിശ്രമിക്കുകയാണ് മുന്‍ ഹരിപ്പാട് എം.എല്‍.എ. ബാബു പ്രസാദ്. അദ്ദേഹത്തെ കാണാന്‍ എത്തിയ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് ഒന്നു മാത്രമായിരുന്നു പറയാനുണ്ടായിരുന്നത്, ഹരിപ്പാട് മത്സരിക്കുന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കുവേണ്ടി മണ്ഡലത്തില്‍ ഇറങ്ങണം. പ്രമേഹം രൂക്ഷമായതിനെ തുടര്‍ന്ന് തളര്‍ന്നിരിക്കുന്ന ബാബു പ്രസാദിന്റെ അമ്മയാണ് കോണ്‍ഗ്രസ്സ് നേതാക്കളോട് പൊട്ടിത്തെറിച്ചത്.

ത്യാഗം സഹിക്കാനും അടികൊള്ളാനും മുദ്രാവാക്യം വിളിക്കാനും നേതാക്കന്‍മാര്‍ക്ക് എന്നും കുറച്ചുപേരെ വേണം, ഇങ്ങനെയുള്ള ഒരാളായിട്ടാണ് രമേശ് ചെന്നിത്തല തന്നെ കാണുന്നത് എന്ന് 2011 ല്‍ സീറ്റ് ഒഴിഞ്ഞുകൊടുത്തപ്പോള്‍ ബാബുപ്രസാദ് കരുതിക്കാണില്ല. സ്വന്തം സീറ്റ് ഒഴിഞ്ഞ് കൊടുക്കാന്‍ ഒരു പഞ്ചായത്ത് അംഗം പോലും തയ്യാറാകാത്ത കാലത്ത് എം.എല്‍.എ. സീറ്റ് വച്ച് നീട്ടാന്‍ തയ്യാറായ ബാബു പ്രസാദിന്റെ ത്യാഗത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ രമേശ് പൊട്ടിക്കരഞ്ഞു. തന്റെ രാഷ്ട്രീയ ഗുരുവിന്റെ കണ്ണുനിറയുന്നത് കണ്ട് വേദനയിലിരുന്ന ബാബുപ്രസാദും കൂടെ കരഞ്ഞു. ഇതുകണ്ട നാട്ടുകാരില്‍ പലരും ഒപ്പം കരഞ്ഞു.

കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയെ മത്സരിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചപ്പോള്‍ കണ്ടെത്തിയ മണ്ഡലം തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍ കാവ് ആയിരുന്നു. രമേശിന്റെ സ്ഥാനാര്‍ത്ഥിത്വം ഉമ്മന്‍ചാണ്ടിയുടെ അനുകൂലികള്‍ക്ക് അത്ര സുഖിച്ചില്ല. 25,000 വരുന്ന ഓര്‍ത്തഡോക്‌സ് വോട്ടുകള്‍ വട്ടിയൂര്‍കാവില്‍ ചതിക്കുമെന്ന ആശങ്ക രമേശിനുണ്ടായിരുന്നു. ഈ ആശങ്ക മനസ്സിലായ ബാബുപ്രസാദ് ഹരിപ്പാട് സീറ്റ് ഒഴിഞ്ഞുകൊടുക്കുകയായിരുന്നു. ചോദിക്കാതെ തന്നെ, മനസ്സ് അറിഞ്ഞ് നല്‍കിയ ദാനം. എം.എല്‍.എ ആയ ശേഷം കൈനറ്റിക് ഹോണ്ടയില്‍ മണ്ഡലത്തില്‍ കറങ്ങി നടന്ന് ജനക്ഷേമ പ്രവര്‍ത്തനത്തില്‍ മുഴുകി നേടിയ വോട്ടുകള്‍ കൂടിയാണ് ഗുരുദക്ഷിണയായി സമര്‍പ്പിച്ചത്. സമര്‍പ്പിക്കുന്നത് ചെറുവിരലാണെന്ന് ബാബു പ്രസാദ് അന്ന് മനസ്സിലാക്കിയിട്ടില്ല. കാരണം നീണ്ട കാത്തിരിപ്പിനൊടുവിലാണ് മത്സരിക്കാന്‍ ബാബുപ്രസാദിന് കുറി വീഴുന്നത്. ഈ സീറ്റാണ് വിട്ടു നല്‍കിയത്.

1996 ല്‍ ഹരിപ്പാട് സ്ഥാനാര്‍ത്ഥിയായി ബാബുപ്രസാദിന്റെ പേരാണ് ഉയര്‍ന്നുകേട്ടത്. അപ്രതീക്ഷിതമായി മോഹന്‍കുമാര്‍ എത്തി. കാത്തിരിക്കാന്‍ നേതൃത്വം നല്‍കിയ നിര്‍ദ്ദേശം ബാബുപ്രസാദ് ശിരസാവഹിച്ചു.എന്നാല്‍ എല്‍.ഡി.എഫിലെ താമരാക്ഷനോട് മോഹന്‍കുമാര്‍ തോറ്റു.  അടുത്ത തവണ തെരഞ്ഞെടുപ്പ് എത്തിയപ്പോള്‍ എല്‍.ഡി.എഫ് എം.എല്‍.എ. ആയ താമരാക്ഷന്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി. പക്ഷേ താമരാക്ഷനെ എല്‍.ഡി.എഫിലെ ടി.കെ. ദേവകുമാര്‍ മലര്‍ത്തിയടിച്ചു. മണ്ഡലം തിരിച്ചുപിടിക്കണമെങ്കില്‍ ഹരിപ്പാട് ജനബന്ധമുള്ള നേതാവ് കൂടിയേ തീരൂ എന്ന തിരിച്ചറിവില്‍ 2006 ല്‍ ബാബുപ്രസാദ് സ്ഥാനാര്‍ത്ഥിയായി. നേതൃത്വത്തിന്റെ വിശ്വാസം ശരിയായി. മണ്ഡലം ബാബുപ്രസാദിന്റെ കൈപ്പത്തിയിലൊതുങ്ങി. അന്നുതൊട്ട് കൈനറ്റിക് ഹോണ്ടയില്‍ പുഞ്ചിരിക്കുന്ന മുഖവുമായി തങ്ങളെത്തേടിയെത്തുന്ന നേതാവിനെ ജനങ്ങള്‍ കൂടുതല്‍ അറിഞ്ഞുതുടങ്ങി. എല്ലാ കാര്യങ്ങളിലും ഇടപെടുന്ന നേതാവ് എന്ന ലേബല്‍ അദ്ദേഹത്തിന് തീരെ ചേരില്ല. കാരണം മദ്യപിച്ച് ബഹളമുണ്ടാക്കുക, നിയമം ലംഘിച്ച് വാഹനമോടിച്ച് പോലീസ് പിടിയിലാകുക തുടങ്ങിയ വിഷയങ്ങളില്‍ ആദര്‍ശത്തിന്റെ കാര്യത്തില്‍ സുധീരനെ പിന്നിലാക്കുന്ന ബാബു ഇടപെടാറില്ല. ബാര്‍വിഷയം ഉള്‍പ്പടെ കെ.പി.സി.സി നിയോഗിച്ച പകുതിയോളം അന്വേഷണ കമ്മീഷനുകളുടെ അദ്ധ്യക്ഷന്‍ ബാബുപ്രസാദായിരുന്നു. കമ്മീഷന്‍ റിപ്പോര്‍ട്ട് കൃത്യമായി സമര്‍പ്പിച്ചതും ഗ്രൂപ്പ് വ്യത്യാസമില്ലാതെ കുറ്റക്കാരെ പേരെടുത്ത് നടപടിക്ക് ശുപാര്‍ശ നല്‍കിയതുമൊക്കെ എ.കെ. ആന്റണിയെ പോലുള്ള നേതാക്കന്‍മാരുടെ അഭിനന്ദനം നേടിക്കൊടുത്തെങ്കിലും ചെറുതല്ലാത്ത ശത്രുപക്ഷത്തെയും പാര്‍ട്ടിയില്‍ തന്നെ ബാബുവിന് ഉണ്ടാക്കി കൊടുത്തു. ഒരിക്കലും സമര്‍പ്പിക്കാത്ത റിപ്പോര്‍ട്ടുകളാണ് കമ്മീഷന് ഉണ്ടാകേണ്ടത് എന്ന നാട്ടുനടപ്പൊന്നും ബാബുപ്രസാദിന് അറിയില്ലായിരുന്നു.

യൂത്ത് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ പദവിയില്‍ കെ.സി. വേണുഗോപാല്‍ പത്താം വര്‍ഷത്തിലേയ്ക്ക് കടന്ന കാലം. കെ.സി. യുടെ കമ്മറ്റിയില്‍ സംസ്ഥാന ഉപാദ്ധ്യക്ഷനായിരുന്നു ബാബുപ്രസാദ്. സംസ്ഥാന അദ്ധ്യക്ഷപദവിയില്‍ നിന്നും കെ.സി. യെ മാറ്റാന്‍ ഡല്‍ഹി കേന്ദ്രീകരിച്ച് ചരട് വലി നടക്കുന്ന കാര്യം അദ്ദേഹം മണത്തറിഞ്ഞു. എസ്.എഫ്.ഐ. സമരത്തെ തുടര്‍ന്ന് തല്‍ക്കാലത്തേക്ക് അടച്ചുപൂട്ടിയ കൊല്ലം എസ്.എന്‍. കോളേജിലേക്ക് യൂത്ത് കോണ്‍ഗ്രസ്സ് സമരം തട്ടിക്കൂട്ടി. അടിയും ഫോട്ടോയും ആയതോടെ സംസ്ഥാന അദ്ധ്യക്ഷന്റെ ആവേശം അവസാനിച്ചു. സമരനാടകം തിരിച്ചറിഞ്ഞതോടെ പോലീസിനും വാശിയായി. പോലീസിന്റെ ലാത്തിക്ക് മുന്നില്‍ കിട്ടിയത് ബാബുപ്രസാദിനെ ആയിരുന്നു. ബാബു പ്രസാദ് രക്തപ്രസാദായി മാറി. വെള്ള ബനിയനില്‍ നിന്നും ചോര പിഴിഞ്ഞ് എടുത്തു. എഷ്യാനെറ്റിലെ ‘കണ്ണാടി’ യുടെ പ്രെമോയില്‍ ഒരു വര്‍ഷം കാണിച്ചത് ബാബുപ്രസാദിനെതിരായ പോലീസ് ക്രൂരപീഡനമായിരുന്നു. ബാബുപ്രസാദിനെതിരായ പോലീസ് മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധമുയര്‍ന്നു. പത്തനംതിട്ട യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റായിരുന്ന ഇന്ദുചൂഡന്റെ നേതൃത്വത്തില്‍ നടത്തിയ പ്രകടനത്തിനെ പോലീസ് അടിച്ചമര്‍ത്തി. ഇന്ദുചൂഡന്‍ ശയ്യാവലംബനായി ഇന്നും തുടരുന്നു.

എം.എല്‍.എ. ആയ ശേഷവും ജനകീയ നേതാവിന് ഒരു മാറ്റവും വന്നില്ല. അവിവാഹിതനായ ബാബുപ്രസാദിനു പൊതു ജീവിതവും സ്വകാര്യജീവിതവും ഒന്നുതന്നെയായിരുന്നു. തലപ്പൊക്കമുള്ള നേതാക്കള്‍ക്ക് വേണ്ടി എം.എല്‍.എ. സീറ്റ് ഒഴിഞ്ഞ് കൊടുത്ത തലേക്കുന്നില്‍ ബഷീര്‍ ഉള്‍പ്പെടെയുള്ളവരെ രാജ്യസഭയില്‍ എത്തിച്ചാണ് കോണ്‍ഗ്രസ്സ് കടം വീട്ടിയത്. എന്നാല്‍ ബാബുപ്രസാദിന്റെ കാര്യത്തില്‍ കെ.എസ്.ഇ.ബി. അംഗം എന്ന പദവി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

ബാബുപ്രസാദ് മുന്‍കൈയ്യെടുത്ത് രൂപീകരിച്ച പത്മരാജന്‍ സ്മാരകട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായതിനെ തുടര്‍ന്നാണ് സാംസ്‌കാരിക രംഗത്തും ബാബുവിലെ പ്രതിഭയുടെ മിന്നലാട്ടം കാണുന്നത്. പത്മരാജന്റെ സ്മരണാര്‍ത്ഥം സംഘടിപ്പിക്കുന്ന സിനിമ/തിരക്കഥ/കഥാപുരസ്‌ക്കാരം ഏറെ ശ്രദ്ധേയമാണ്. പത്മരാജന്റെ സിനിമയിലെ കഥാപാത്രങ്ങളെക്കുറിച്ച് ബാബുപ്രസാദ് എഴുതിയ ‘സ്വപ്നങ്ങളുടെ അവകാശികള്‍’ എന്ന പുസ്തകവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.

ആരോപണ വിധേയരായ മന്ത്രിമാരെ വെട്ടിനിരത്താനുറച്ച സുധീരതന്ത്രത്തിനുനേരെ ന്യൂഡല്‍ഹിയില്‍ ഉമ്മന്‍ചാണ്ടി പത്മവ്യൂഹം തീര്‍ത്തു. ഐ ഗ്രൂപ്പുകാരനായ അടൂര്‍ പ്രകാശിനുപോലും മുഖ്യന്‍ സീറ്റ് ഉറപ്പിച്ച് കൊടുത്തപ്പോള്‍ ബാബുപ്രസാദിനുപോലും സീറ്റി വാങ്ങി നല്‍കാനാവാതെ രമേശ് നിഷ്പ്രഭനായി. ഗ്രൂപ്പ് നേതാവെന്ന രീതിയില്‍പോലും മുന്‍ കെ.പി.സി.സി. പ്രസിഡന്റ് ദുര്‍ബലനായിപ്പോയി. സുധീരനും ഉമ്മന്‍ചാണ്ടിയും കൊമ്പുകോര്‍ത്തപ്പോള്‍ രമേശിന്റെ കഴിവില്ലായ്മയാണ് വെളിയില്‍ ചാടിയത്. ഭാഗ്യംകൊണ്ടുമാത്രമാണ് പല ഐ ഗ്രൂപ്പ് എം.എല്‍.എ. മാര്‍ക്ക് സീറ്റ് നഷ്ടമാകാതിരുന്നത്. സുധീരയുദ്ധം ഉണ്ടായില്ലെങ്കില്‍ വിശാല ഐ യെ ഉമ്മന്‍ചാണ്ടി വിഴുങ്ങുമായിരുന്നു.

ഇത്തവണ നിയമസഭയിലേക്ക് മത്സരിക്കാന്‍ ബാബുപ്രസാദിനു താല്‍പര്യമുണ്ടായിരുന്നു എന്നതാണ് വാസ്തവം. കായംകുളം സീറ്റാണ് അദ്ദേഹം ആഗ്രഹിച്ചത്. മാര്‍ച്ച് 16ന് തിരുവനന്തപുരത്ത് ആഭ്യന്തമന്ത്രി രമേശ് ചെന്നിത്തലയുമായി സംസാരിച്ചപ്പോള്‍ അദ്ദേഹം അനുകൂല നിലപാടാണ് സ്വീകരിച്ചത്. ഈഴവ ഭൂരിപക്ഷമുള്ള ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂരിലും ചേര്‍ത്തലയിലും നായര്‍ സമുദായാംഗങ്ങള്‍ മത്സരിക്കുന്നത് കൂടാതെ കായംകുളത്തും നായര്‍ തന്നെ ആയാല്‍ ഹരിപ്പാട് അങ്കം കുറിക്കുന്ന രമേശ് ചെന്നിത്തലയ്ക്ക് ക്ഷീണമാകും എന്ന് ഉറപ്പായിരുന്നു. എന്നാല്‍ ഡല്‍ഹിയിലേക്ക് അയച്ച പട്ടികയില്‍പോലും കായംകുളത്തിന്റെ നേരേ ബാബുപ്രസാദിന്റെ പേരുണ്ടായില്ല.

എന്‍.ടി.പി.സി. യുടെ ഗസ്റ്റ്ഹൗസില്‍ വിളിച്ചുവരുത്തിയാണ് സീറ്റില്ലെന്ന കാര്യം ബാബുപ്രസാദിനോട് പറഞ്ഞത്. രമേശും വേണുഗോപാലും ചേര്‍ന്നു തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് കൃത്യം നിര്‍വ്വഹിക്കപ്പെട്ടത്. സീറ്റ് നിഷേധിച്ചതിലേറെ തന്നോടു കാണിച്ച അവഗണനയും അതിനായി താന്‍ ആരാധിച്ച നേതാക്കന്മാര്‍ നടത്തിയ നാടകവുമാണ് ബാബുപ്രസാദിനെ ഏറെ വേദനിപ്പിച്ചത്. രമേശിന്റെ തുടര്‍ച്ചയായ ഫോണ്‍ വിളികളൊന്നും അറ്റന്‍ഡ് ചെയ്യപ്പെട്ടില്ല. മൂന്നുദിവസം ഫോണ്‍ റേഞ്ച് ഔട്ടായി. ഇതോടെ ബാബുപ്രസാദിനെ രമേശ് വഞ്ചിച്ചെന്ന കഥ മണ്ഡലത്തില്‍ പാട്ടായി. സീറ്റ് നിഷേധിക്കുന്ന ഘട്ടത്തില്‍ ബി.ഡി.ജെ.എസ്. സ്ഥാനാര്‍ത്ഥിയാകുമെന്ന് ആരോപണ വിധേയനായ ഒരു മന്ത്രി ദൂതന്‍ മുഖേന വ്യക്തമാക്കിയിരുന്നു. മുന്‍ ഡി.സി.സി. അദ്ധ്യക്ഷനും ഈ ആയുധം തന്നെയാണ് പുറത്തെടുത്തത്.

ഇരുവര്‍ക്കും സീറ്റ് ലഭിച്ചു. ഒന്നാമനു പത്തനംതിട്ട ജില്ലയിലും രണ്ടാമനു ആലപ്പുഴ ജില്ലയുടെ വടക്കേ അറ്റത്തും. അര്‍ഹത ആവശ്യത്തിലധികമായിട്ടും സീറ്റ് നിഷേധിക്കപ്പെട്ട മുതിര്‍ന്ന നേതാക്കള്‍ മാവേലിക്കരയിലും ചടയമംഗലത്തും റിബലായി അങ്കത്തട്ടിലാണ്. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന ഒരു കാര്യത്തിനും ബാബുപ്രസാദ് മുതിര്‍ന്നില്ല.

പാര്‍ട്ടിക്കെതിരെ യുദ്ധം ചെയ്യാന്‍ തന്റെ പഴയ ശിഷ്യനു കെല്‍പ്പില്ലെന്നു മറ്റാരെക്കാളും അറിയാവുന്നത് രമേശ് ചെന്നിത്തലയ്ക്ക് തന്നെയാണ്. ദൂതന്‍മാരെ വിട്ട് സംസാരിച്ച് കഴിഞ്ഞപ്പോള്‍ ആദ്യം സങ്കടവും പരിഭവവും പ്രകടിപ്പിച്ചെങ്കിലും ഒടുവില്‍ ഹരിപ്പാട് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് കമ്മറ്റി കണ്‍വീനറായി ബാബുപ്രസാദ് ചുമതലയേറ്റു. മുറിവേറ്റ മൃഗത്തിന്റെ ഓട്ടത്തിനു വേഗത കൂടുതലായിരിക്കും എന്ന് പറയുന്നതുപോലെ മണ്ഡലത്തില്‍ തിരക്കിലേക്ക് ബാബുപ്രസാദ് അമര്‍ന്നുകഴിഞ്ഞു. ഇനി രമേശ് ചെന്നിത്തലയുടെ വിജയത്തില്‍ കുറഞ്ഞ ഒരു ലക്ഷ്യവും ഈ ബാബുവിനില്ല. ആദര്‍ശം കൈമുതലാക്കിയ ആത്മാര്‍ത്ഥത മുഖമുദ്രയാക്കിയ ഇത്തരം നേതാക്കളെ കേരളം തേടിയെത്തുന്ന കാലം വിദൂരമല്ല.

( മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

 

Share on

മറ്റുവാര്‍ത്തകള്‍