ക്യാപ്റ്റന്‍ രമേഷ് ബാബു
വയല്‍വരമ്പത്തെ തൈത്തെങ്ങിന്റെ ഓല. അതില്‍ നിന്നു രണ്ടോലക്കാലുകള്‍ ചീന്തിയെടുത്ത് ഈര്‍ക്കില്‍ മാറ്റി മെടഞ്ഞെടുത്ത പന്ത്. കുഞ്ഞുകുമാരന്‍ ഉണ്ടാക്കിയ ചതുരാകൃതിയിലുള്ള ഓലപ്പന്തായിരുന്നു ഞങ്ങളുടെ ആദ്യത്തെ ഫുട്‌ബോള്‍. വരമ്പിന്റെ വീതികൂടിയ ഭാഗത്ത് കമ്മ്യൂണിസ്റ്റു പച്ചയുടെ കമ്പുകള്‍ കുത്തിയുണ്ടാക്കിയ ഗോള്‍പോസ്റ്റുകള്‍ക്കിടയില്‍ ഓലപ്പന്തു തട്ടിയായിരുന്നു തുടക്കം. സന്തോഷും, രാജുവും, കനകമ്മയും, ഞാനും അടങ്ങിയ ഞങ്ങളുടെ ടീം. തമ്പിയും, കുഞ്ഞൂട്ടനും, ലാലനും, തങ്കമ്മയും ചേര്‍ന്ന എതിര്‍ ടീം. തങ്കമണിച്ചേച്ചി ഞങ്ങളുടെ ക്യാപ്റ്റന്‍. ചേച്ചിയുടെ ഇരട്ട സഹോദരി രാധാമണിച്ചേച്ചി മറ്റവരുടെയും.
മിക്കവാറും സ്‌കൂളുവിട്ടെത്തുമ്പോഴേക്കും വയല്‍ വരമ്പത്തു നിന്ന് കൂഞ്ഞുകുമാരന്റെ കൂവല്‍ കേള്‍ക്കും. അന്നത്തെ കളിക്കുള്ള പന്തു റെഡിയായെന്നുള്ള അറിയിപ്പ്. ‘ഉടുപ്പു മാറെടാ’, ‘കൈയ്യും കാലും കഴുകെടീ’, ‘കാപ്പി കുടിച്ചിട്ടു പോ മക്കളേ’, എന്നൊക്കെയുള്ള മാതൃുവചനങ്ങളെ പിന്നിലാക്കി ഞങ്ങള്‍ വരമ്പത്തേക്കോടും. പോന്ന പോക്കില്‍ ആരെങ്കിലുമൊരാള്‍ കമ്മ്യൂണിസ്റ്റുപച്ചയുടെ കമ്പുമൊടിക്കും. ഞങ്ങളെത്തുമ്പേഴേക്കും വരമ്പിന്റെ നടുക്കൊരു ചെറു മണ്‍കൂനയുണ്ടാക്കി, അതിനുമേല്‍ ഓലപ്പന്തു സ്ഥാപിച്ച് കുഞ്ഞുകുമാരന്‍ കാത്തുനില്‍ക്കുന്നുണ്ടാവും. കളിക്കാരുടെ എണ്ണമനുസ്സരിച്ച് കളിക്കളത്തിന്റെ വിസ്തീര്‍ണ്ണം നിര്‍ണ്ണയിക്കുന്നതും അവനാണ്. വരമ്പിന്റെ ഓരം പറ്റിനില്‍ക്കുന്ന തൈത്തെങ്ങുകളെണ്ണി നാലു തെങ്ങിടവിട്ടോ, ആറു തെങ്ങിടവിട്ടോ ഗോള്‍പോസ്റ്റുകള്‍ നാട്ടി നിര്‍ത്തും. കളിക്കളത്തിനുള്ളില്‍ പശുവിനെയൊ, ആടിനെയൊ കെട്ടിയിട്ടുങ്കില്‍ അതിനെ കുറ്റിയോടെ മാറ്റി സ്ഥാപിച്ച് ഞങ്ങള്‍ കളി തുടങ്ങും.
വളരെ വീറോടും, വാശിയോടുമുള്ള കളി പലപ്പോഴും വഴക്കിന്റെ വക്കോളമെത്തും. പന്ത് ഗോളിനു മുകളിലൂടെപ്പോയി. അതുകൊണ്ടു ഗോളായില്ലെന്നും, അല്ല ഗോളായെന്നും തര്‍ക്കമാകും. തെങ്ങിലിടിച്ചു തിരിച്ചു വന്ന പന്ത് ഔട്ടാണെന്നും, അല്ലെന്നും വാദമാകും. അതു മൂത്തു വഴക്കിനടുത്തെത്തുമ്പോള്‍ ടീം ക്യാപ്റ്റന്മാരിടപെടും. പ്രായത്തില്‍ ഏഴെട്ടു വര്‍ഷം മൂപ്പുണ്ടായിരുന്ന തങ്കമണിച്ചേച്ചിയും രാധാമണിച്ചേച്ചിയും കാര്യങ്ങള്‍ പറഞ്ഞ് പ്രശ്‌നം പരിഹരിക്കും. അവരെക്കൊണ്ടു സാധിച്ചില്ലെങ്കില്‍ പ്രശ്‌നം കുഞ്ഞുകുമാരനു വിട്ടുകൊടുക്കും. അവന്റെ തീരുമാനം അന്തിമവും, എല്ലാവര്‍ക്കും ബാധകവുമായിരുന്നു. അല്ലെങ്കില്‍ നാളെത്തൊട്ടു ഞാന്‍ പന്തുണ്ടാക്കിത്തരില്ലെന്ന അവന്റെ ഭീഷണി പേടിച്ചു ഞങ്ങള്‍ വീണ്ടും കളിയിലേക്കു തിരിയും. എല്ലാ ദിവസവും കളി കഴിഞ്ഞ് കുഞ്ഞുകുമാരന്‍ ചില നിരൂപണങ്ങള്‍ നടത്തും. ‘നീയെന്തിനാ പന്തു വിട്ടത്’, ‘തങ്കമ്മയെ മുന്നില്‍ കളിപ്പിക്കണമായിരുന്നു’, മുതലായ ക്രിയാത്മകമായ നിരൂപണങ്ങള്‍.
ക്രമേണ ഞങ്ങളുടെ ഫുട്‌ബോള്‍ കമ്പം കൂടിവന്നു. കുറച്ചുകൂടി കുട്ടികള്‍ കളിക്കാനെത്തി. ഞങ്ങളുടെ പുരോഗതിയെ പ്രോത്സാഹിപ്പിക്കാനായി കുഞ്ഞുകുമാരനും പുതിയ രീതികളാവിഷ്‌കരിച്ചു. ഓലപ്പന്തു മാറ്റി, ഉണങ്ങിയ വാഴയിലയും, വൈക്കോലും, പഴന്തുണിയുമുപയോഗിച്ച്, ചാക്കുചരടു ചുറ്റി വലിയ പന്തുകളുണ്ടാക്കി. റബ്ബര്‍ മരത്തില്‍ നിന്നു സംഘടിപ്പിച്ച ഒട്ടുപാല്‍ ചുറ്റി അവയെ പൊന്തിച്ചാടിച്ചു. വരമ്പത്തുനിന്നും കളിക്കളം കൊയ്ത്തുകഴിഞ്ഞ പാടത്തേക്കു മാറ്റി. ക്രോസ്ബാറായി കയറു കെട്ടിയ മുളങ്കോലുകള്‍ കുത്തി ഗോള്‍പോസ്റ്റുകള്‍ വിപുലീകരിച്ചു. കശുവണ്ടി പെറുക്കിവിറ്റു കിട്ടിയ പൈസ സ്വരൂപിച്ചൊരു വിസിലു വാങ്ങി കോര്‍ട്ടിനു പുറത്തുനിന്ന് കളി നിയന്ത്രിച്ചു. ഞങ്ങളുടെ കളിയിലുള്ള താത്പര്യവും, പാടവവും, വാശിയും, വീറും, വഴക്കുമെല്ലാം വര്‍ധിച്ചു. വീട്ടുകാരുടെ ശാസനയും ശകാരവും അവഗണിച്ച് ദിവസവും പെണ്‍കുട്ടികളടക്കം പത്തിരുപതു കളിക്കാര്‍ കുഞ്ഞുകുമാരന്റെ കൂവല്‍ കേട്ടു കളിക്കളത്തിലെത്തി.
ഇതിനിടയില്‍ ഞങ്ങളുടെ പന്തുകളി പ്രസ്ഥാനത്തിനു വലിയൊരാഘാതമേറ്റു. ഞങ്ങളുടെ ക്യാപ്റ്റന്മാര്‍ കളി നിര്‍ത്തി. രാധാമണിച്ചേച്ചിയെ ഒരു പട്ടാളക്കാരന്‍ കല്ല്യാണം കഴിച്ചു. കുറച്ചു ദിവസം മുടങ്ങിയ കളി പുതിയ ക്യാപ്റ്റന്മാരുമായി പുനരാരംഭിച്ചപ്പോള്‍ മറ്റു പെണ്‍കുട്ടികളും മാറിനിന്നു. പട്ടാളക്കാരന്റെ കൂടെ പത്താന്‍കോട്ടേക്കു പോകുമ്പോള്‍ ‘ഞങ്ങള്‍ക്കൊരു ഫുട്‌ബോള്‍ കൊണ്ടുവരണേ’ യെന്നു രാധാമണിച്ചേച്ചിയോടു കുഞ്ഞുകുമാരനൊരു രഹസ്യാഭ്യര്‍ഥന നടത്തി. ഒരു വര്‍ഷത്തിനു ശേഷം ഉന്തിയ വയറുമായി ചേച്ചി തിരിച്ചു വന്നപ്പോള്‍ ഞങ്ങള്‍ക്കൊരു പുതിയ ഫുട്‌ബോള്‍ ലഭിച്ചു. കാറ്റുനിറച്ച റബ്ബര്‍ ബ്ളാഡറും, ചരടു കെട്ടിയ തോല്‍ മേല്‍ച്ചട്ടയുള്ള സാക്ഷാല്‍ ഫുട്‌ബോള്‍.
അതിന്റെ വരവോടെ കുഞ്ഞുകുമാരന്റെ പന്തുകള്‍ക്കു പ്രസക്തിയില്ലാതെയായെങ്കിലും കുഞ്ഞുകുമാരനെന്ന കളി നടത്തിപ്പുകാരന്റെ പ്രസക്തി കൂടിയതേയുള്ളു. ഫുട്‌ബോളിന്റെ സൂക്ഷിപ്പുകാരന്‍, അതില്‍ കാറ്റു നിറപ്പിക്കുന്നവന്‍, ചരടു വരിഞ്ഞു മുറുക്കന്നവന്‍ മുതലായ അനേകം ബാദ്ധ്യതകള്‍ അവനേറ്റെടുത്തു. രാധാമണിച്ചേച്ചിയുടെ ഭര്‍ത്താവിന്റെ സഹായത്തോടെ നാടന്‍ പന്തുകളിക്കാരായ ഞങ്ങളെ അവന്‍ ഫുട്‌ബോളുകളിക്കാരാക്കി. ഞങ്ങള്‍ പാസ്സു ചെയ്യാനും, ത്രോ എടുക്കാനും, ഹെഡ്ഡു ചെയ്യാനും, ബാക്ക്‌ഷോട്ടടിക്കാനുമൊക്കെ പഠിച്ചു. പട്ടാളക്കാരന്‍ പഠിപ്പിച്ച വിദ്യകളുപയോഗിച്ചു ഞങ്ങള്‍ കാല്‍പ്പന്തുകളിയുടെ പുതിയ തലങ്ങള്‍ തേടി. പുതിയ ഫുട്‌ബോള്‍ വച്ചുള്ള കളിയും തുടങ്ങുന്നത് കുഞ്ഞുകുമാരന്റെ കൂക്കുവിളിയോടെയായിരുന്നു. അതു പഴകി പഞ്ചറായപ്പോഴെല്ലാം തന്റെ കശുവണ്ടി വില്‍പ്പന വരുമാനം പഞ്ചറൊട്ടിക്കാനായി അവന്‍ വകമാറ്റി ഉപയോഗിച്ചു. ആ പന്ത് പിഞ്ചിപ്പറിഞ്ഞു പോകുന്നതു വരെ ഞങ്ങള്‍ കളിച്ചു. പ്രസവം കഴിഞ്ഞു രാധാമണിച്ചേച്ചി പത്താന്‍കോട്ടേക്കു പോകാതിരുന്നതുകൊണ്ട് ഞങ്ങള്‍ക്കു പുതിയ പന്തു ലഭിച്ചതുമില്ല. പിഞ്ചിപ്പറിഞ്ഞ തോല്‍ച്ചട്ടക്കുള്ളില്‍ തുണിതിരുകി കുഞ്ഞുകുമാരനൊരു പന്തുണ്ടാക്കിയെങ്കിലും അതാര്‍ക്കും അത്ര ബോധിച്ചില്ല. ക്രമേണ കളിക്കാര്‍ കുറഞ്ഞു കുറഞ്ഞ് കുഞ്ഞുകുമാരന്‍ കൂക്കലവസാനിപ്പിച്ചു.
കുഞ്ഞുകുമാരന്റെ ഓലപ്പന്തില്‍ കളിച്ചു തുടങ്ങിയ ഞങ്ങളില്‍ പലരും പിന്നീട് തികഞ്ഞ ഫുട്‌ബോള്‍ കളിക്കാരായി. രാജു യൂണിവേഴ്‌സിറ്റി ടീമിനും, തമ്പി പോലീസ് ടീമിനും, ഞാന്‍ സൈനികസ്‌കൂളിനു വേണ്ടിയും കളിച്ചു. കുഞ്ഞുകുമാരന്‍ മാത്രം എങ്ങും കളിച്ചില്ല. അവന്റെ വലത്തുകാല്‍ ജന്മനാ തന്നെ തളര്‍ന്നതായിരുന്നല്ലൊ.
വരാനിരിക്കുന്ന ലോകകപ്പു മത്സരത്തിനു മുന്നോടിയായി, കാലുകള്‍ക്കുശേഷിയുണ്ടെങ്കിലും കളിക്കാന്‍ കൂട്ടാക്കാതെ, വഴിയില്‍ മുഴുവന്‍ വല്ലവന്റെ ടീമിനു സ്തുതിപാടി ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന ഇന്നത്തെ മലയാളിക്കുട്ടികളെ കാണുമ്പോളെന്തോ കുഞ്ഞുകുമാരനെ ഓര്‍ത്തുപോകുന്നു.