Continue reading “ഗാന്ധി കുടുംബത്തിന്‍റെ തണലില്‍ ഖാര്‍ഗെ”

" /> Continue reading “ഗാന്ധി കുടുംബത്തിന്‍റെ തണലില്‍ ഖാര്‍ഗെ”

">

UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗാന്ധി കുടുംബത്തിന്‍റെ തണലില്‍ ഖാര്‍ഗെ

Avatar

                       

ടിം അഴിമുഖം

വര്‍ഗ്ഗീയ ശക്തികള്‍ക്കെതിരെയുള്ള തീവ്ര നിലപാടിന്‍റെ പേരിലാണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ കര്‍ണ്ണാടകയില്‍ അറിയപ്പെട്ടിരുന്നത്. എന്നിരുന്നാലും തെക്കേ ഇന്ത്യയിലെ പ്രഥമ ഗവണ്‍മെന്‍റ് രൂപീകരിക്കുന്നതില്‍ നിന്ന് ബി ജെ പിയെ തടയാന്‍ ഖാര്‍ഗെയ്ക്ക് സാധിച്ചില്ലെങ്കിലും 2009ലെയും 2014ലെയും ലോകസഭാ തെരഞ്ഞെടുപ്പില്‍ വന്‍പരാജയത്തില്‍ നിന്ന് കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ഈ ദളിത് നേതാവിന് സാധിച്ചു. കൂടാതെ 2013ല്‍ കോണ്‍ഗ്രസിനെ വീണ്ടും സംസ്ഥാന ഭരണത്തില്‍ തിരിച്ചു കൊണ്ട് വരാന്‍ ഇദ്ദേഹത്തിന്റെ തന്ത്രങ്ങള്‍ക്ക് കഴിഞ്ഞു.

മുന്‍ കേന്ദ്ര മന്ത്രിയും രണ്ടു തവണ കര്‍ണ്ണാടക നിയമസഭയിലെ പ്രതിപക്ഷ നേതാവുമായിരുന്ന ഖാര്‍ഗെ കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. സഭയിലെ പ്രതിപക്ഷ നേതാവായി ഈ 72കാരന്‍ തിരഞ്ഞെടുക്കപ്പെടാനുള്ള സാധ്യതയാണ് ഇതോടെ വര്‍ധിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും നേതൃ പദവി സ്വീകരിക്കാനുള്ള താല്‍പ്പര്യക്കുറവ് അറിയിച്ചിരുന്നു. കമല്‍ നാഥിന്‍റെ കാര്യത്തില്‍ ഒരു സമവായത്തില്‍ എത്തിച്ചേരാനും സാധിച്ചില്ല. നിയമനിര്‍മ്മാണ സഭയിലെ അനുഭവ സമ്പത്താണ് ഖാര്‍ഗെയെ ഈ പദവിയിലേക്ക് തിരഞ്ഞെടുക്കാന്‍ കാരണം.

പക്ഷേ നരേന്ദ്ര മൊദിയെ നേരിടാന്‍ ഖാര്‍ഗെ മതിയാകുമോ എന്നുള്ളതാണ് ചോദ്യം. കോണ്‍ഗ്രസിലുള്ള പലരും കരുതുന്നത് മോദിക്ക് മുപില്‍ ഒരു ദുര്‍ബലനായ എതിരാളിയാണ് ഖാര്‍ഗെ എന്നാണ്. ഖാര്‍ഗെയ്ക്ക് പ്രതിപക്ഷ നേതൃ സ്ഥാനം കിട്ടുമോ എന്ന കാര്യം ഇപ്പൊഴും തീര്‍പ്പായിട്ടില്ല. 44 സീറ്റുകളോടെ പ്രതിപക്ഷത്തെ ഏറ്റവും വലിയ പാര്‍ട്ടി എന്ന നിലയില്‍ പ്രതിപക്ഷ നേതാവ് പദവിക്ക് വേണ്ടി കോണ്‍ഗ്രസ് അവകാശവാദം ഉന്നയിക്കും എന്ന കാര്യം ഉറപ്പാണ്. പാര്‍ലമെന്‍റ് ആക്ട് പ്രകാരം പ്രതിപക്ഷ നേതാവിന് അര്‍ഹതപ്പെട്ട ശമ്പളവും അലവന്‍സും മാത്രമാണ് കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ പരിഗണിക്കുന്നത്. പ്രധാന പ്രതിപക്ഷ പാര്‍ട്ടിക്ക് ആകെ സീറ്റിന്‍റെ 10 ശതമാനം അംഗബലം വേണം എന്ന ചട്ടത്തെ പാര്‍ടി അത്ര ഗൌരവത്തില്‍ കാണുന്നില്ല.

കമല്‍ നാഥിനെ കൂടാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയിലിയെയും ഈ പദവിയിലേക്ക് പാര്‍ട്ടി പരിഗണിച്ചിരുന്നു. “കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ലോകസഭയിലെ പാര്‍ടി നേതാവായി മല്ലികാര്‍ജ്ജുന ഖാര്‍ഗെയെ നിര്‍ദ്ദേശിക്കുകയായിരുന്നു,” സംഘടനാ ചുമതലയുള്ള പാര്‍ടി ജനറല്‍ സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദി ഇതേക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞതിങ്ങനെയാണ്.

1972 മുതല്‍ മത്സരിച്ച എല്ലാ തിരഞ്ഞെടുപ്പുകളിലും വിജയിച്ചിട്ടുള്ള ഖാര്‍ഗെ വര്‍ഗീയതയ്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച കോണ്‍ഗ്രസ് നേതാവായിരുന്നു. ജനതാ ദളിന്റെ ജെ എച്ച് പട്ടേല്‍, ബി ജെ പിയുടെ ബി എസ് യെദ്ദിയൂരപ്പ എന്നിവര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പ്രതിപക്ഷ നേതാവായിരുന്നു ഖാര്‍ഗെ.

സോണിയ ഗാന്ധിയോ രാഹുല്‍ ഗാന്ധിയോ പാര്‍ലമെന്‍ററി പാര്‍ടി നേതൃ പദവി ഏറ്റെടുക്കണമെന്നായിരുന്നു കോണ്‍ഗ്രസിലെ ഭൂരിപക്ഷ അഭിപ്രായം. ഈ പ്രതിസന്ധി ഘട്ടത്തില്‍ ഗാന്ധി കുടുംബം തന്നെ പദവി ഏറ്റെടുക്കണമെന്ന് നിരവധി നേതാക്കള്‍ അവിശ്യപ്പെട്ടിരുന്നു. ഒടുവില്‍ കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടിയുടെ യോഗം നേതാവിനെ തിരഞ്ഞെടുക്കാന്‍ സോണിയാ ഗാന്ധിയെ ചുമതലപ്പെടുത്തുകയായിരുന്നു.

ഏറ്റവും കടുത്ത തിരഞ്ഞെടുപ്പ് പാരാജയത്തിന് ശേഷം പര്‍ടിയുടെ മുന്‍പില്‍ നിന്നുകൊണ്ട് പോരാടുക എന്നത് രാഹുല്‍ ഗാന്ധിയുടെ ഉത്തരവാദിത്തമായിരുന്നു. എന്നാല്‍ എന്നത്തേയും പോലെ നിശബ്ദത പാലിക്കുകയായിരുന്നു രാഹുല്‍ ചെയ്തത്. തീര്‍ച്ചയായും അദ്ദേഹത്തിന് അമ്മയുടെ പാത പിന്‍തുടരാമായിരുന്നു.

കോണ്‍ഗ്രസിന് ലോകസഭയിലെ അംഗബലത്തില്‍ 17 പേരെ സംഭാവന ചെയ്തത് കേരളവും കര്‍ണ്ണാടകവും ചേര്‍ന്നാണ്. ഈ രണ്ടു സംസ്ഥാനങ്ങളിലെയും എം പിമാര്‍ കമല്‍നാഥിന്‍റെ പേര് അംഗീകരിച്ചില്ല. കര്‍ണ്ണാടകയില്‍ നിന്നുള്ള ഏറ്റവും മുതിര്‍ന്ന നേതാവായ ഖാര്‍ഗെയെ നരേന്ദ്ര മോദിയെ നേരിടുക എന്ന ബുദ്ധിമുട്ടേറിയ ചുമതല നിര്‍വഹിക്കാന്‍ ഒടുവില്‍ തിരഞ്ഞെടുക്കുകയായിരുന്നു. കൂടാതെ 16-ആം ലോക്സഭയിലെ ഏറ്റവും മുതിര്‍ന്ന നേതാവായ കമല്‍ നാഥിനെ ഒഴിവാക്കുക എന്ന ലക്ഷ്യം കൂടി ഈ തീരുമാനത്തിലുണ്ടെന്നുവേണം കരുതാന്‍. 

ഖാര്‍ഗെയുടെ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിലെ ഒന്നാം കുടുംബത്തിനുള്ളിലെ പ്രശ്നങ്ങളെ തന്നെയാണ് വെളിവാക്കുന്നത്. ഇതു പോലുള്ള കടുത്ത പ്രതിസന്ധി ഘട്ടത്തില്‍ പോലും പദവി ഏറ്റെടുക്കാന്‍ ഭയക്കുകയാണ് ഗാന്ധി കുടുംബം. തീര്‍ച്ചയായും നെഹ്രു കുടുംബാനന്തര കാലഘട്ടത്തിലേക്ക് ഇന്ത്യന്‍ രാഷ്ട്രീയം കടക്കുന്നു എന്നു തന്നെയാണ് കോണ്‍ഗ്രസിലെ സംഭവ വികാസങ്ങള്‍ സൂചിപ്പിക്കുന്നത്.

ഒരു ദളിത് നേതാവിനെ ഉന്നത സ്ഥാനത്ത് അവരോധിക്കുന്നതിലൂടെ കോണ്‍ഗ്രസ് വീണ്ടും പ്രതീകാത്മകതയിലേക്ക് തിരിച്ചു പോവുകയാണ്. തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് ജാട്ടുകള്‍ക്ക് റിസര്‍വേഷന്‍ അനുവദിച്ചുകൊണ്ടുള്ള തീരുമാനം കൈകൊണ്ടെങ്കിലും തിരഞ്ഞെടുപ്പില്‍ അത് ഗുണം ചെയ്തില്ല. പ്രതീകാത്മക നടപടികളുടെ കാലം കഴിഞ്ഞിരിക്കുന്നു എന്ന് കോണ്‍ഗ്രസ് തിരിച്ചറിയുന്നില്ല എന്നതാണ് മറ്റൊരു യാഥാര്‍ഥ്യം.

Share on

മറ്റുവാര്‍ത്തകള്‍