Continue reading “ജീവിക്കണം, നിരപരാധിത്വം തെളിയിക്കണം; ബിസിസിഐയോട് പാക് താരം ഡാനിഷ് കനേറിയ”

" /> Continue reading “ജീവിക്കണം, നിരപരാധിത്വം തെളിയിക്കണം; ബിസിസിഐയോട് പാക് താരം ഡാനിഷ് കനേറിയ”

"> Continue reading “ജീവിക്കണം, നിരപരാധിത്വം തെളിയിക്കണം; ബിസിസിഐയോട് പാക് താരം ഡാനിഷ് കനേറിയ”

">

UPDATES

കായികം

ജീവിക്കണം, നിരപരാധിത്വം തെളിയിക്കണം; ബിസിസിഐയോട് പാക് താരം ഡാനിഷ് കനേറിയ

Avatar

                       

അഴിമുഖം പ്രതിനിധി

പാകിസ്താന്‍ ക്രിക്കറ്റ് ടീമിലെ മികച്ച ലെഗ് സ്പിന്നര്‍ ആയിരുന്നു ഡാനിഷ് കനേറിയ. അയാളുടെ കൈയില്‍ നിന്നും കറങ്ങി തിരിഞ്ഞെത്തിയ പന്തുകള്‍ പാക് ടീം നേടിയ പല വിജയങ്ങളിലും പ്രധാന പങ്കുവഹിച്ചിരുന്നു. പക്ഷേ മാന്യതയുടെ കളിയെന്ന വിശേഷണം പേറുന്ന ക്രിക്കറ്റിനെ ബാധിച്ച കാന്‍സര്‍, വാതുവയ്പ്പിന്റെ ഇരയായി അയാളും മാറി. കളിച്ചു കിട്ടുന്നതിനേക്കാള്‍ കളിയെ ഒറ്റു കൊടുത്താല്‍ കിട്ടുമെന്ന് മോഹിച്ചവരില്‍ ഒരാളായി, മുപ്പത്തിയഞ്ചുകാരനായ ഈ പാകിസ്താനി ക്രിക്കറ്ററും.

ഇംഗ്ലണ്ടിലെ കൗണ്ടി ടീമായ എസ്സെക്‌സിനു വേണ്ടി കളിക്കുന്നതിനിടയിലാണ് ഒത്തുകളിയില്‍ കനേറിയയ്ക്കും പങ്കുണ്ടെന്ന് കണ്ടെത്തുന്നത്. തുടര്‍ന്ന് 2012 ല്‍ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് ഡാനിഷ് കനേറിയയ്ക്ക് ക്രിക്കറ്റില്‍ നിന്നും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി. അന്ന് കനേറിയയെ കെണിയില്‍ല്‍പ്പെടുത്തിയത് ഒരു ഇന്ത്യന്‍ വാതുവയ്പ്പുകാരനായിരുന്നു.

ഇപ്പോള്‍ നാലുവര്‍ഷമാകുന്നു കനേറിയ ക്രിക്കറ്റിനു പുറത്തായിട്ട്. ക്രിക്കറ്റില്‍ നിന്ന് സമ്പാദിച്ചതെല്ലാം തീര്‍ന്നിരിക്കുന്നു. ജീവിക്കാന്‍ ബുദ്ധിമുട്ട്. താന്‍ ആകെ അസ്വസ്ഥനാണ്,കനേറിയ പറയുന്നു. തനിക്കൊപ്പം നില്‍ക്കാനോ തന്റെ നിപരാധിത്വം തെളിയിക്കാനോ പാക് ക്രിക്കറ്റ് ബോര്‍ഡ് ഒരുകാലത്തും സഹായിച്ചില്ലെന്ന പരാതിയും കനേറിയയ്ക്കുണ്ട്. അയാള്‍ ഇപ്പോള്‍ സഹായം ചോദിക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനോടാണ്. തന്റെ വിലക്ക് നീക്കാനും നിരപരാധിത്വം തെളിയിക്കാന്‍ ഒരുവസരം നല്‍കാനും ബിസിസിഐ വിചാരിച്ചാല്‍ കഴിയുമെന്ന് അയാള്‍ വിശ്വസിക്കുന്നു.

തന്റെ വാക്കുകള്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ തെറ്റായി വ്യാഖാനിച്ചെടുക്കുകയായിരുന്നുവെന്നും താന്‍ പറഞ്ഞതിന്റെ അര്‍ത്ഥമവര്‍ മാറ്റിയെന്നും പറയുന്നുണ്ടെങ്കിലും ഒന്നും നിഷേധിക്കാന്‍ അയാള്‍ തയ്യാറാകുന്നില്ല. ഒന്നുമാത്രമാണ് അയാള്‍ അടിവരയിടുന്നത്, താന്‍ തികഞ്ഞൊരു പാകിസ്താനി ആണെന്ന്. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ സഹായം ആവിശ്യപ്പെട്ടിട്ടില്ലെന്നോ വേണ്ടെന്നോ പറയുന്നുമില്ല.

ഡാനിഷിന്റെ സഹോദരന്‍ വിക്കി, തന്റെ സഹോദരനോടും കുടുംബത്തോടും പാക് ക്രിക്കറ്റ് ബോര്‍ഡ് എടുക്കുന്ന നിലപാടിനെ വിമര്‍ശിക്കുന്നുന്നുണ്ട്, പാക് ക്രിക്കറ്റിനെ നശിപ്പിക്കാന്‍ ഒന്നും എന്റെ സഹോദരന്‍ ചെയ്തിട്ടില്ല. 2010 മുതല്‍ ജീവിതത്തില്‍ ദുരിതങ്ങള്‍ നേരിടുകയാണ് എന്റെ സഹോദരന്‍. അദ്ദേഹത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ ദയനീയമാണ്. എന്റെ സഹോദരന്റെ സമ്പാദ്യങ്ങളെല്ലാം അവര്‍ മരവിപ്പിച്ചിരിക്കുകയാണ്. ഞങ്ങള്‍ ഇപ്പോഴും കൂട്ടുകുടുംബമായി കഴിയുന്നതുകൊണ്ടുമാത്രമാണ് അദ്ദേഹത്തിന് ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുന്നത്, വിക്കി പറയുന്നു.

ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ട്രിബ്യൂണല്‍ മുമ്പാകെയും സാമ്പത്തികകാര്യ കോടതിയിലും ഓരോ തവണ കനേറിയ അപ്പീല്‍ നല്‍കിയിരുന്നതാണ്, രണ്ടും തള്ളിപ്പോയി.

അതുമാത്രമല്ല, ഇസിബി( ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ്) ഇപ്പോള്‍ സിന്ധ് ഹൈക്കോടതിയില്‍ ഡാനിഷ് കനേറിയ്ക്ക കൂടുതല്‍ പ്രഹരമേല്‍പ്പിക്കുന്ന മറ്റൊരു കേസ് നല്‍കിയിരിക്കുകയാണ്. അയാളുടെ സ്വത്തുവകകള്‍ വില്‍ക്കാനുള്ള അനുവാദമാണ് അവര്‍ കോടതയില്‍ നിന്നും ആവശ്യപ്പെടുന്നത്. വാതുവയ്പ്പ് കേസ് നടത്താന്‍ ഇസിബിക്ക് വന്ന ചെലവ് തിരിച്ചു പിടിക്കാനാണിത്.

ഇത്രയൊക്കെ ആയിട്ടും എന്റെ സഹോദരന്റെ വാക്കുകേള്‍ക്കാനോ സഹായിക്കാനോ പാക് ക്രിക്കറ്റ് ബോര്‍ഡോ അദ്ദേഹത്തിന്റെ സഹകളിക്കാരായിരുന്നവരോ തയ്യാറായിട്ടില്ല. അവര്‍ പറയുന്നത് അദ്ദേഹം തെറ്റ് ചെയ്തിട്ടുണ്ടെന്നാണ്, വിക്കി പറയുന്നു. മുഹമ്മദ് ആമീര്‍ വിലക്ക് നീങ്ങി ടീമില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ആയാളും ഇതുപോലെ വിലക്ക് നേരിട്ടവനാണ്. 2010 ലെ ഇംഗ്ലണ്ട് ടൂറിനിടയിലാണ് അയാള്‍ കുടുങ്ങിയത്. അന്നവിടെ എന്തൊക്കെ നടന്നിരുന്നുവെന്ന് എന്റെ സഹോദരന് നന്നായിട്ടറിയാം. അങ്ങനെയുള്ളപ്പോള്‍ ആമീര്‍ കുഴപ്പങ്ങളില്‍ നിന്നെല്ലാം ഊരിപ്പോരുന്നത് കാണുന്ന എന്റെ സഹോദരന്റെ മാനസികാവസ്ഥ ഊഹിച്ചു നോക്കൂ, വിക്കി തന്റെ സഹോദരനു വേണ്ടി വാദിക്കുന്നു.

എനിക്ക് അവസാനമായി ഒരു അവസരം കൂടി നല്‍കൂ, ഞാനെന്റെ നിപരാധിത്വം തെളിയിക്കാം, അതിനെന്നെ സഹായിക്കാന്‍ ബിസിസിഐക്ക് കഴിയുമെന്ന് വിശ്വസിക്കുന്നു. എന്റെ വിലക്ക് നീങ്ങണം, മാന്യമായി എന്റെ കരിയര്‍ അവസാനിപ്പിക്കാന്‍ കഴിയണം; ഡാനിഷ് കനേറിയ തന്റെ പ്രതീക്ഷ ബിസിസിഐ യില്‍ അര്‍പ്പിച്ചുകൊണ്ട് പറയുന്നതിതാണ്.

അയാള്‍ ഇപ്പോള്‍ ബൗളിംഗ് പരിശീലിക്കുന്നുണ്ട്. തനിക്ക് അനുകൂലമായി എന്തോ സംഭവിക്കുമെന്ന വിശ്വാസത്തോടെ. ക്രിക്കറ്റ് ലോകത്തെ ഏറ്റവും ശക്തനായ ഒരു ബോര്‍ഡ് കനേറിയയുടെ അപേക്ഷ സ്വീകരിച്ചാല്‍ അയാള്‍ വീണ്ടും മൈതാനത്തെത്തി പന്തെറിയും. അത് ഇന്ത്യയുടെ വിജയമായിരിക്കും.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Share on

മറ്റുവാര്‍ത്തകള്‍