കെ.പി.എസ് കല്ലേരി
അന്‍പത്തിരണ്ട് ദിവസം മുമ്പാണ് കോഴിക്കോട് മലാപ്പറമ്പില്‍ 140വര്‍ഷം പഴക്കമുള്ള വിദ്യാലയ മുത്തശ്ശിയെ റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ സഹായത്തോടെ സ്കൂള്‍ മാനേജര്‍ ഇടിച്ചു നിരത്തിയത്. കൃത്യമായി പറഞ്ഞാല്‍ ഏപ്രില്‍ 10ന്. കേരള ജനത മുഴുവന്‍ പോളിംഗ് ബൂത്തില്‍പോയി വിരലില്‍ ജനാധിപത്യത്തിന്റെ മഷിയടയാളവുമായി വന്ന ദിവസം.
ഇന്ന്ജൂണ്‍ 2. രണ്ടുമാസത്തെ വേനലവധിക്കുശേഷം സംസ്ഥാനത്തെ കുട്ടികള്‍ പുത്തനുടുപ്പും കുടയും പുസ്തകക്കെട്ടുകളുമായി സ്‌കൂളിലേക്ക് വീണ്ടുമെത്തുന്ന ദിവസം. ഇക്കഴിഞ്ഞ 52ദിവസം കേരള ജനതയും വിശേഷിച്ച് കോഴിക്കോട്ടുകാരും ചോദിച്ചുകൊണ്ടിരുന്നത് മലാപ്പറമ്പ എയുപി സ്‌കൂളിലെ കുട്ടികള്‍ ഇത്തവണ എവിടെയാവും പഠിക്കുക എന്നാണ്. ജെസിബിക്കൈകള്‍ വാരിവലിച്ചടുക്കിയ സ്‌കൂള്‍ ജൂണ്‍ രണ്ടിലേക്ക് മിഴിതുറക്കുമോ. രണ്ടാഴ്ചമുമ്പ് വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ് കോഴിക്കോട് വന്നു പോയ ശേഷം അത്തരമൊരാശങ്കയ്ക്ക് കരുത്തേറുകയും ചെയ്തു. സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കിയ മന്ത്രിസഭാതീരുമാനം പുനപരിശോധിക്കുന്ന കാര്യം സംശയമാണെന്നായിരുന്നു അദ്ദേഹംപറഞ്ഞത്. സ്‌കൂളിന്റെ പുനര്‍നിര്‍മാണ പ്രവൃത്തികളുമായി മുന്നോട്ട് പോയവര്‍ക്കെല്ലാം ഇരുട്ടടിപോലെയായിരുന്നു അത്. പുതുതായി സ്‌കൂളിലേക്ക് പ്രവേശനം ആഗ്രഹിച്ച് വന്ന കുട്ടികളെല്ലാം മറ്റ് സ്‌കൂളുകള്‍ തേടിപ്പോയി. ചുറ്റുവട്ടത്തെ എല്‍പിയില്‍ നിന്നും യുപി പ്രവേശനം ആഗ്രഹിച്ചവരും പലവഴിക്കുപോയി. എല്ലാം കൂടി ആകപ്പാടെ അങ്കലാപ്പിലായ നിമിഷം. എന്നിട്ടും എ.പ്രദീപ്കുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ രാഷ്ട്രീയം മറന്നു സ്‌കൂളിനായി രംഗത്തിറങ്ങിയ കോഴിക്കോട്ടുകാര്‍ പിന്‍വാങ്ങാന്‍ കൂട്ടാക്കിയില്ല. അവര്‍ വിദ്യാഭ്യാസമന്ത്രിക്ക് മുകളിലും പ്രതിഷേധവും അപേക്ഷകളുമായി കയറിയിറങ്ങി. ഒടുക്കം കഴിഞ്ഞ ആഴ്ച മന്ത്രിസഭായോഗത്തില്‍ ആ തീരുമാനം പുറത്തുവന്നു. സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കിയ നടപടി പിന്‍വലിച്ചിരിക്കുന്നു. സ്‌കൂളിന് പഴയപോലെ പ്രവര്‍ത്തിക്കാം. പിന്നീടുള്ള ഇത്രയും ദിവസം സ്‌കൂളിന്റെ പുനര്‍നിര്‍മ്മാണവുമായി ഇറങ്ങിയവര്‍ക്കെല്ലാം ഉറക്കമില്ലാത്ത ദിവസങ്ങളായിരുന്നു.
സ്‌കൂള്‍ തുറക്കാന്‍ ഒറ്റദിവസം മാത്രമുള്ളപ്പോള്‍ വിവാഹവീട്ടിലെ തലേദിവസം പോലെ തോന്നിപ്പിച്ചു ഇന്നലെ അവിടം. കെട്ടിടത്തിന്റെ മിനുക്കുപണി, പെയിന്റടി, ബെഞ്ചു ഡസ്‌കും ശരിയാക്കല്‍, മുറ്റം വൃത്തിയാക്കല്‍….അങ്ങനെ അധ്യാപകരും നാട്ടുകാരും തൊഴിലാളികളുമെല്ലാം നടുനിവര്‍ക്കാതെ പണിയെടുക്കുന്നു.
ഒറ്റ രാത്രികൊണ്ടാണ്140വര്‍ഷത്തോളം പഴക്കമുള്ള വിദ്യാലയ മുത്തശ്ശിയെ സ്‌കൂള്‍ മാനെജ്‌മെന്റും റിയല്‍ എസ്റ്റേറ്റ് മാഫിയയും ഇടിച്ചുതകര്‍ത്തത്. തലേദിവസം പോളിംങ് ബൂത്തായി പ്രവര്‍ത്തിച്ച, അതിനു പത്തുദിവസം മുമ്പുവരെ കുട്ടികള്‍ ആര്‍ത്തുല്ലസിച്ച് പഠിച്ച സ്‌കൂളിനെയാണ് കണ്ണില്‍ച്ചോരയില്ലാത്ത പണക്കൊതിയന്‍മാരായ ഒരു സംഘം ഇടിച്ചു നിരത്തിയത്. കോഴിക്കോട് വയനാട് ദേശീയപാതയില്‍ മലാപ്പറമ്പ് ജംക്ഷന്‍ കഴിഞ്ഞ ഉടനെയാണ് റോഡിനോട് ചേര്‍ന്ന് മലാപ്പറമ്പ് എ യു പി സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. വിദ്യാര്‍ഥികളുടെ എണ്ണം കുറവാണെന്ന് ആരോപിച്ച് റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ സഹായത്തോടെ സ്‌കൂള്‍ അടച്ചുപൂട്ടാനായി മാനെജ്‌മെന്റ് ശ്രമങ്ങള്‍ തുടങ്ങിയിട്ട് നാളുകളേറെയായി. നിരവധിയായ ആരോപണങ്ങള്‍ നിരത്തി ഭരണസ്വാധീനത്തോടെ മാനേജ്‌മെന്റ് ഇടപെട്ടപ്പോള്‍ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് അനുമതി നല്‍കുകയായിരുന്നു. കഴിഞ്ഞ നവംബര്‍ ഒന്നിനാണ് പൊതുവിദ്യാഭ്യാസ ഡയരക്ടറുടെ ഉത്തരവിന്റെ പകര്‍പ്പ് കോഴിക്കോട് വിദ്യാഭ്യാസ ഉപഡയരക്ടര്‍ക്ക് ലഭിച്ചത്. എന്നാല്‍ രാഷ്ട്രീയം മറന്ന് എല്ലാവരും സ്കൂള്‍ പുനഃസ്ഥാപനത്തിനായി നിലകൊണ്ടപ്പോള്‍ തല്‍ക്കാലം തീരുമാനം മരവിച്ചു കിടക്കുകയായിരുന്നു. അതിനിടയിലാണ് ഒട്ടും പ്രതീക്ഷിക്കാതെ സ്കൂള്‍ ഇടിച്ചു നിരത്തല്‍ നടന്നത്.
“പണക്കൊതി മൂത്ത മാനേജറുടെ ജെസിബിക്കൈകള്‍ തകര്‍ത്തെറിഞ്ഞ സ്‌കൂള്‍ ഇത്രപെട്ടെന്ന് പൂര്‍വസ്ഥിതിയിലാക്കാന്‍ കഴിഞ്ഞത് കൂട്ടായ്മയുടെ വിജയമാണ്. ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനുമപ്പുറത്ത് ജനം ഒരു കുടക്കീഴില്‍ നിന്നപ്പോള്‍ സ്‌കൂള്‍ പൊളിച്ച് അത് കോടികള്‍ക്ക് മറിച്ച് വില്‍ക്കാന്‍ കാത്തിരുന്ന മാനേജറും അയാള്‍ക്ക് സഹായം നല്‍കിയ ഇപ്പൊഴും നല്‍കിക്കൊണ്ടിരിക്കുന്ന അധികാര സ്രോതസ്സുകളുമെല്ലാം പരാജയപ്പെടുകയായിരുന്നു. സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കിയ സര്‍ക്കാര്‍ തന്നെ കഴിഞ്ഞ ദിവസം അത് പിന്‍വലിച്ചത് ശക്തമായ ജനകീയ പ്രതിഷേധം കണക്കിലെടുത്താണ്. കഷ്ടപ്പെട്ട് സ്‌കൂള്‍ തുറക്കാനുള്ള എല്ലാ ശ്രമങ്ങളും പൂര്‍ത്തിയായിവരുന്നതിനിടെ ഒളിവിലുള്ള മാനേജര്‍ പത്മരാജന്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ച് പഴയ റദ്ദാക്കലിന് ഒരു സ്റ്റേകൂടി സമ്പാദിച്ചിട്ടുണ്ട്. എന്നാല്‍ അതൊന്നും സ്‌കൂള്‍ തുറക്കലിനെ ബാധിക്കില്ല,”എ.പ്രദീപ്കുമാര്‍ എംഎല്‍എ. എംഎല്‍എ പറഞ്ഞു.
“സ്‌കൂള്‍ തകര്‍ത്തശേഷം പഴയ മാനേജര്‍ പത്മരാജനെ അയോഗ്യനാക്കി എഇഒയെ സ്‌കൂളിന്റെ പുതിയ മാനേജര്‍ ആക്കിയിരിക്കുകയാണ്. അപ്പോള്‍ ഇങ്ങനെയൊരു ഒരു പരാതി ഹൈക്കോടതിയില്‍ നല്‍കാന്‍ പഴയ മാനേജര്‍ അര്‍ഹനല്ല. മാത്രമല്ല അംഗീകാരം റദ്ദാക്കിയ നടപടി സര്‍ക്കാര്‍ റദ്ദാക്കുകയും ചെയ്തു. ഇനി ഏതുതരം ദഷ്ടശക്തികള്‍ എന്തൊക്കെ അധികാരമുപയോഗിച്ച് സ്‌കൂളിനെതിരെ വന്നാലും അതിനെയെല്ലാം ചെറുക്കാന്‍ പ്രദേശത്തെ ജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും ശക്തിയുണ്ട്.” പ്രദീപ്കുമാര്‍ കൂട്ടിച്ചേര്‍ത്തു.
മലാപ്പറമ്പ് പ്രദേശത്തെ എല്ലാ വിഭാഗം ജനങ്ങളിലും പെട്ടകുടുംബങ്ങളില്‍ നിന്നു വരുന്ന കുട്ടികള്‍ പഠിക്കുന്നതാണ് ഈ വിദ്യാലയം. ഫിസിക്കലി ഡിസേബിള്‍ഡ് ആയ അഞ്ച് കുട്ടികളും അനാഥരായ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരത്തിനനുസൃതമായി പി ടി എയുടെ സഹായത്തോടെ പ്രത്യേക പരിഗണന നല്‍കുന്നതിനൊപ്പം ഇത്തരം വിദ്യാര്‍ത്ഥികള്‍ക്കുവേണ്ട പ്രവൃത്തി പരിചയ ക്ലാസുകളും ഇവിടെ നടന്നു വരുന്നുണ്ട്. സമീപത്തെ എ ഡബ്യു എച്ച് ഫ്രീ ബേര്‍ഡ്‌സ് ഹോസ്റ്റലില്‍ നിന്നുള്ളവരും നിര്‍ധന കുടുംബത്തില്‍ പെട്ടവരുമായ വിദ്യാര്‍ത്ഥികളായിരുന്നു ഈ സ്‌കൂളില്‍ പഠിക്കുവരില്‍ ഏറെയും. ഓട്ടിസം, എം ആര്‍, ഐ ഇ ഡി വിഭാഗത്തില്‍ പെട്ടനിരവധി വിദ്യാര്‍ത്ഥികളും ഇവിടെ പഠിക്കുന്നുണ്ട്. ബോധപൂര്‍വ്വം സ്‌കൂളിന്റെ അംഗീകാരം ഇല്ലാതാക്കി കോടികള്‍ ലാഭം കൊയ്യുന്ന ഫ്‌ളാറ്റ് നിര്‍മ്മാണത്തിന് വേണ്ടിയുള്ള നീക്കമായിരുന്നുമാനേജറുടേത്.
നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി വിവിധ സംഘടനകളുടേയും സുമനസ്സുകളുടേയുമെല്ലാം സഹായത്താല്‍ സ്‌കൂള്‍ പൂര്‍ത്തിയായി വരുമ്പോള്‍ മുന്‍കാലങ്ങളേക്കാള്‍ മനോഹരവും പ്രൗഢിയുമാണ് സ്‌കൂളിനുള്ളത്. എംഎല്‍ എ.പ്രദീപ്കുമാറിന്റെ ഫണ്ടില്‍ നിന്നും നിര്‍മ്മിച്ച കംപ്യൂട്ടര്‍ലാബ്, സയന്‍സ് ലാബ്, മാത്‌സ് ലാബ്, സ്മാര്‍ട്ക്ലാസ് റൂം, അമ്യൂസ് മെന്റ് പാര്‍ക്ക് എന്നിവ സമീപത്തെ അണ്‍എയ്ഡഡ്-എയ്ഡഡ് സ്‌കൂളുകളെപ്പോലും വെല്ലും.
“കഴിഞ്ഞവര്‍ഷം സ്‌കൂള്‍ അടക്കുമ്പോള്‍ 53 കുട്ടികളായിരുന്നുഉണ്ടായിരുന്നതത്. ഇപ്പോള്‍ അത് 60കടന്നിരിക്കുന്നു. അഞ്ച് കുട്ടികളുണ്ടായിരുന്നഒന്നാം ക്ലാസില്‍ മാത്രം എട്ട് കുട്ടികളായി. ഇതിലും കൂടുല്‍ കുട്ടികളെകിട്ടുമായിരുന്നു. പക്ഷെ സ്‌കൂള്‍ പുനര്‍നിര്‍മിക്കുന്നതിനിടെ കോഴിക്കോട്ടെത്തിയ വിദ്യാഭ്യാസമന്ത്രി തുറക്കാന്‍ കഴിയുമോ എന്നു സംശയം പ്രകടിപ്പിച്ചതാണ് എല്ലാം തകിടം മറിച്ചുകളഞ്ഞത്” പ്രധാന അധ്യാപിക എന്‍.എം.പ്രീതി പറഞ്ഞു.
“സ്‌കൂള്‍ തകര്‍ത്തതറിഞ്ഞ് സംസ്ഥാനത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും മുന്‍ വിദ്യാഭ്യസമന്ത്രി എം.എ.ബേബിയടക്കമുള്ളവരും എത്തിയിട്ടും ഇതിനിടെ കോഴിക്കോട് പലതവണ വന്നുപോയ വിദ്യാഭ്യാസ മന്ത്രിമാത്രം തിരിഞ്ഞു നോക്കിയില്ല. സഹായിച്ചില്ലെങ്കിലും പുനര്‍നിര്‍മാണ വേളയിലെ പ്രതികൂലമായ പ്രസ്താവനയെങ്കിലും അദ്ദേഹത്തിന് ഒഴിവാക്കാമായിരുന്നു.” പ്രധാന അധ്യാപിക കൂട്ടിച്ചേര്‍ത്തു.
സ്‌കൂള്‍ തകര്‍ത്തിട്ട് ഏതാണ്ട് രണ്ടുമാസമായിട്ടും കേസിലെ ഒന്നാം പ്രതിയായ മാനേജര്‍ വടകര സ്വദേശി പത്മരാജനെ ഇതുവരെ പൊലീസിന് കണ്ടെത്താനായിട്ടില്ല. ഓപ്പറേഷന്‍ കുബേരയുമായി നാടൊട്ടുക്കുമുള്ള ചെറുകിടലിശക്കാരെ പിടിച്ചുകെട്ടിക്കൊണ്ടുവരുന്നരമേശ് ചെന്നിത്തലയുടെ പൊലീസിന് കേവലമൊരു സ്‌കൂള്‍ മാനേജറെ കണ്ടെത്താന്‍ കഴിയാത്തതിലും എന്തൊക്കയോ പന്തികേട് മണക്കുന്നുണ്ട്. റിയല്‍ എസ്റ്റേറ്റ് മാഫിയാസംഘങ്ങളും സര്‍ക്കാരിലെ ചിലരുമെല്ലാമുള്ള ഒത്തുകളിയാണ് ഇതിനെല്ലാം പിന്നിലെന്നാണ് ജനത്തിന്റെ ആരോപണം. എങ്കിലും തല്‍ക്കാലം നമുക്ക് അതെല്ലാം മറക്കാം. ഒരു ഫീനിക്‌സ് പക്ഷിയപ്പോലെ പറന്നുയര്‍ന്ന മലാപ്പറമ്പ സ്‌കൂളിന്റെ ജൈത്രയാത്രയില്‍ അണിചേരാം.
അഴിമുഖം മുന്‍പ് പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍