ഗോവര്‍ദ്ധന്‍
ചിലപ്പോഴൊക്കെ ഈ നാട്ടില്‍ ജനാധിപത്യം ഇങ്ങനെയാണ്. ഒരു ശരാശരി മലയാളിയുടെ വായനയോ അറിവോ നന്‍മയോ ഇല്ലാത്ത നമ്മുടെ മന്ത്രിമാരുടെ പേക്കൂത്തുകള്‍ കണ്ട് നില്‍ക്കേണ്ടി വരും. റബ്ബര്‍ കച്ചവടവും ഭൂമികച്ചവടവും നടത്തുന്നവര്‍ സ്വന്തമായി അടിച്ചിറക്കുന്ന പത്രങ്ങളില്‍ ഈ സചിത്ര പേക്കൂത്തുകള്‍ നമ്മള്‍ വായിക്കേണ്ടി വരും. അല്ലെങ്കില്‍ എന്തുകൊണ്ടാണ് 364 ദിവസവും ഈ കൊച്ചുകേരളത്തിന്റെ അതീവ ലോലമായ പരിസ്ഥിതി സന്തുലനാവസ്ഥയെ കുന്നിടിച്ചും മലതുരന്നും മണ്ണിട്ട് നികത്തിയും പാറപൊട്ടിച്ചും കളിമണ്ണെടുത്തും മണലൂറ്റിയും നശിപ്പിച്ച ഒരു സര്‍ക്കാര്‍ ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5ന് രാവിലെ 10.30 മുതല്‍ 11.30 വരെയുള്ള ഒരു മണിക്കൂര്‍ സമയത്ത് പത്തു ലക്ഷം വൃക്ഷതൈകള്‍ നട്ട് പിടിപ്പിക്കാന്‍ ഒരുങ്ങി പുറപ്പെട്ടിരിക്കുന്നത്.
ഒരു മലയത്രയും ഇലക്ട്രോണിക് ഡിറ്റനേറ്റര്‍ വച്ച് പൊട്ടിച്ച്, കിട്ടിയ മണ്ണും പാറയും ലോറിയിലാക്കി, മണ്ണ് കായല്‍ നികത്താനും കല്ല് പൊട്ടിച്ച് മണലാക്കാനും കാണിക്കുന്നത്ര ധൃതിയില്‍ ചെയ്യേണ്ടതല്ല ഒരു തൈ നടുക എന്നത്. അതിനു ഏറെ ശ്രദ്ധയും സ്നേഹവും ഇനിയുമങ്ങോട്ട് പരിപാലിക്കും എന്ന ഉറപ്പും ആവിശ്യമുണ്ട്. ഏത് മരം എവിടെ നടണം എന്ന് തീരുമാനിക്കേണ്ടതുണ്ട്. വര്‍ഷങ്ങള്‍ കഴിയുമ്പോഴുള്ള ഒരു മരത്തിന്‍റെ ആര്‍ക്കിടെക്ചര്‍ സങ്കല്‍പ്പികാനാകണം. എനിക്കല്ല അടുത്ത തലമുറയ്ക്കാണ് എന്ന വിനീത സമര്‍പ്പണവും വേണം. എനിയ്ക്കല്ലാതെ മറ്റൊരാള്‍ക്കായി ചെയ്യുന്ന കര്‍മ്മത്തിന്‍റെ സുഖവുമനുഭവിക്കാന്‍ കഴിയണം. അതിനു പാകമായ മനസുണ്ടാകണം. നമ്മുടെ വനം വകുപ്പ് മന്ത്രി ലോക പരിസ്ഥിതി ദിനത്തില്‍ ഒറ്റ മണിക്കൂറില്‍ 10 ലക്ഷം തൈ നടാന്‍ തീരുമാനിച്ചതിലൂടെ കൊച്ചുകുട്ടികളുടെ മുന്നില്‍ പോലും അപഹാസ്യനാവുന്നത് ഈ കാരണങ്ങള്‍ കൊണ്ടാണ്.
“ഒറ്റമരം കാടല്ല” എന്ന് പണ്ടുള്ളവര്‍ പറഞ്ഞിരുന്നു. ഇന്ന് ശാസ്ത്രവും അത് ശരി വെയ്ക്കുന്നുണ്ട്. ഒറ്റയ്ക്ക് നില്‍ക്കുന്ന മരത്തിന് സ്വന്തം കാല്‍ക്കീഴിലെ കരിയില പോലും സംരക്ഷിക്കാനാവില്ല. കേരളം ഇന്ന് നേരിടുന്ന പാരിസ്ഥിതിക വെല്ലുവിളികളെ നേരിടാന്‍ ഒറ്റ മരം നടല്‍ മതിയാവില്ല എന്ന് ശാസ്ത്ര സമൂഹം ഭരണകൂടത്തോട് പറയാന്‍ തുടങ്ങിയിട്ട് നാളേറെയായി. സുഗതകുമാരിയും ഓ എന്‍ വിയും സൃഷ്ടിച്ച കാല്പനിക പരിസ്ഥിതി വാദത്തിന് അനുപൂരകമായാണ് മലയാളി മനസുകളിലേക്ക് ഒറ്റ മരം നടല്‍ ഒരു ഗംഭീര പരിസ്ഥിതി പ്രവര്‍ത്തനമായി മാറ്റിയെടുക്കപ്പെട്ടത്. കേരളത്തിനാവിശ്യം ഒറ്റ മരങ്ങളല്ല. മറിച്ച് കാടിന്‍റെ തുരുത്തുകളാണ്. വലിയ മരങ്ങളും ചെറിയ മരങ്ങളും പടര്‍ന്ന് കേറുന്ന ചെടികളും നിലംപറ്റി വളരുന്ന സസ്യങ്ങളും അടങ്ങിയ കാടിന്‍റെ തുരുത്തുകള്‍ക്ക് മാത്രമേ- അതെത്ര ചെറുതായാലും-നിരവധി ജീവജാലങ്ങള്‍ക്ക് അഭയം കൊടുക്കാന്‍ സാധിക്കുകയുള്ളൂ. ചിത്രശലഭങ്ങള്‍ക്കും ഒന്തിനും അരണയ്ക്കും അണ്ണാറക്കണ്ണനും തവളകള്‍ക്കും പാമ്പുകള്‍ക്കും കൂടു കൂട്ടേണ്ട നിരവധി പക്ഷികള്‍ക്കും നിരവധി ഔഷധ സസ്യങ്ങള്‍ക്കും അഭയം കൊടുക്കാന്‍ കാടിന്‍റെ തുരുത്തുകള്‍ക്കേ കഴിയൂ. ഒറ്റ മരത്തിന് ഇതൊന്നുമാവില്ല.
പിന്നെയുമെന്തിനാണ് ഈ മാമാങ്കം? രാഷ്ട്രീയക്കാരനായ മന്ത്രിക്ക് ഒരു ഇവന്‍റ് വേണം. ഈ ദിനമൊഴിച്ച് വര്‍ഷമത്രയും ചെയ്തുകൂട്ടിയ പാരിസ്ഥിതിക ധ്വംസനങ്ങള്‍ക്ക് ഒരു പ്രായശ്ചിത്തം. ആറന്‍മുളയില്‍ നികത്തപ്പെട്ട ഭൂമിയില്‍ ഇനിയുമൊരിക്കലും വംശവര്‍ദ്ധനവ് നടത്താനാകാത്ത നമ്മുടെ സ്വന്തമായ മത്സ്യങ്ങള്‍, യൂസഫലിക്ക് തീറെഴുതിക്കൊടുക്കപ്പെട്ട കായല്‍, നെല്ലിയാമ്പതിയിലെ മഴക്കാടുകള്‍ പൊബ്സന്‍ ഗ്രൂപ്പിന്‍റെ സ്വകാര്യ ഭൂമിയാണെന്ന് മരിച്ചുപോയ ആളുകളുടെ പേരില്‍ ആവേശം കൊള്ളുന്ന ഗവ: ചീഫ് വിപ്പ്, ഈ നാടും ഇവിടത്തെ മനുഷ്യരും ശുദ്ധജലവും ശുദ്ധവായുവും ഏറ്റുവാങ്ങി ജീവിക്കുന്നതിനെ നശിപ്പിക്കുന്ന ഇടതും വലതുമായുള്ള രാഷ്ട്രിയക്കാര്‍- ഇതൊക്കെ കണ്ട് എത്ര ഗംഭീരം എന്ന് പാടിപ്പുകഴ്ത്തുന്ന മാധ്യമങ്ങള്‍. എന്നാണ് നമുക്ക് മനുഷ്യരെപ്പോലെ സംവദിക്കാനാവുക? രാജാവ് നഗ്നനാണ് എന്ന് പറയാനാവുക? അതിനല്ലേ ജനാധിപത്യം എന്ന് പറയുന്നത്.