UPDATES

ഭൂതകാലത്തിന് മുമ്പേ മനസിലുദിച്ച ഭ്രമയുഗം: രാഹുൽ സദാശിവൻ/അഭിമുഖം

വെറും 20 മിനിറ്റില്‍ ആണ് മമ്മൂക്ക കഥ കേട്ട് ചെയ്യാം എന്ന ഉറപ്പ് നല്‍കിയത്

                       

‘ഇത് ഭ്രമയുഗാ, കലിയുഗത്തിന്റെ ഒരു അപഭ്രംശം’: തിയേറ്ററില്‍ ഓരോ പ്രേക്ഷകനെയും ആവേശം കൊള്ളിച്ച ഡയലോഗ.് ആയൊരൊറ്റ ഡയലോഗ് മതിയായിരുന്നു പ്രേക്ഷകനെ സിനിമയിലേക്ക് ആവാഹിക്കാന്‍.

മലയാള സിനിമ കണ്ട ഏറ്റവും മികച്ച മിസ്റ്ററി ത്രില്ലറുകളിലൊന്നായി വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നു ഭ്രമയുഗം. രാഹുല്‍ സദാശിവന്‍ ഒരുക്കിയ മാസ്റ്റര്‍ പീസ്. സിനിമ കണ്ട ഓരോ പ്രേക്ഷകനെയും മതിഭ്രമത്തിലാക്കാന്‍ പോന്നതാണത്. തന്റെ സ്വപ്‌ന സിനിമയായ ഭ്രമയുഗത്തെ കുറിച്ചും സിനിമ ചെയ്‌തെടുത്ത നാള്‍ വഴികളെ കുറിച്ചും അഴിമുഖത്തോട് സംസാരിക്കുകയാണ് സംവിധായകന്‍ രാഹുല്‍ സദാശിവന്‍.

ഭൂതകാലത്തിനും മുമ്പേ…

ഒരു കഥ മനസിലേക്ക് വന്നു കഴിഞ്ഞാല്‍, പിന്നീടത് പൂര്‍ത്തീകരിക്കാനുള്ള വ്യഗ്രതയാണ്. ചെറിയൊരു ആശയം മനസില്‍ വന്നാല്‍ അതിനുള്ള ആഖ്യാനവും വിവരണവും പൂര്‍ത്തിയാക്കി വിപുലീകരിക്കുക എന്നുള്ളതാണ് ആദ്യ പടി. യഥാര്‍ത്ഥത്തില്‍ ഭ്രമയുഗത്തിന്റെ കഥ ‘ഭൂതകാല’ത്തിന് മുന്‍പേ മനസിലുദിച്ചതാണ.് അന്ന് തൊട്ടേ മനസില്‍ കൊണ്ട് നടന്നതിന്റെ പൂര്‍ത്തീകരണമാണ് ചിത്രം. ഓരോ കഥാപത്രങ്ങളെയും മനസില്‍ കണ്ടാണ് അവര്‍ക്ക് ഓജസും തേജസുമേകി ജീവന്‍ നല്‍കുന്നത്. ഇതെല്ലാം തിരക്കഥയെഴുതുന്ന ഘട്ടത്തിലാണ് നടക്കുക. ഒരുപാട് സമയം വേണ്ടിവരുന്ന പ്രക്രിയ കൂടിയാണത്.

കൊടുമണന്‍ പോറ്റിയെ കേട്ടിരുന്ന മമ്മൂക്ക

2023 ലാണ് ഭ്രമയുഗത്തിന്റെ തിരക്കഥ പൂര്‍ത്തിയാകുന്നത്. അതിനു ശേഷമാണ് മമ്മൂക്കയുടെ അടുത്ത് കഥ പറയാന്‍ പോകുന്നത്. ഭ്രമയുഗത്തിന്റെ കഥാതന്തു മനസിലേക്ക് വന്നപ്പോള്‍ മുതല്‍ കൊടുമണ്‍ പോറ്റി എന്ന കഥാപാത്രത്തിന് മമ്മൂക്കയുടെ മുഖം മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളൂ.

അധികാരത്തിന്റെ ഭ്രമയുഗത്തിലെ മലയാള സിനിമയും മമ്മൂട്ടിയെന്ന മാന്ത്രികനും

മമ്മൂക്കയോട് ആദ്യമായി കഥ പറഞ്ഞപ്പോള്‍ അദ്ദേഹം വളരെ സന്തോഷത്തോടെയും അത്യധികം ആവേശത്തോടെയുമാണ് ഞങ്ങളോട് പ്രതികരിച്ചത്. വെറും 20 മിനിറ്റില്‍ ആണ് അദ്ദേഹം കഥ കേട്ട് ചെയ്യാം എന്ന ഉറപ്പ് നല്‍കിയത്. കൊടുമണ്‍ പോറ്റി എന്ന കഥാപത്രം കഥപറച്ചില്‍ വേളയില്‍ തന്നെ അദ്ദേഹത്തെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. ചിത്രീകരണ സമയത്ത് അദ്ദേഹത്തിന്റെ കൂടെയുള്ള ഓരോ നിമിഷങ്ങളും അവിടെയുള്ള സകലരെയും, ഒപ്പം എന്നെയും ആശ്ചര്യപ്പെടുത്തുന്ന തരത്തിലുള്ളതായിരുന്നു. സിനിമയില്‍ അദ്ദേഹം തന്നിട്ടുള്ള ഒരുപാട് അത്ഭുതപ്പെടുത്തുന്ന നിമിഷങ്ങളുണ്ട്. അതെല്ലാം തന്നെ ചിത്രത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നവയുമാണ്.

മനസില്‍ തറയ്ക്കുന്ന സംഭാഷണം

ഭ്രമയുഗത്തിന്റെ സംഭാഷണം എഴുതിയത് ടി ഡി രാമകൃഷ്ണന്‍ സാറാണ്. അദ്ദേഹത്തെ എനിക്ക് നേരത്തെ പരിചയമുണ്ട്. ആ സൗഹൃദത്തില്‍ നിന്നാണ് പല സംഭാഷണവും ഉരുത്തിരിഞ്ഞ് വന്നിട്ടുള്ളത്. ചിത്രത്തില്‍ വളരെ പരിമിതമായ സംഭാഷണം മാത്രമേ ഉപയോഗിച്ചിട്ടുള്ളു. അതെല്ലാം തന്നെ പ്രേക്ഷക മനസിലേക്ക് തറഞ്ഞു കയറുന്നവയുമാണ്. ഒരു പ്രത്യേക കാലഘട്ടത്തിലുള്ള ചിത്രീകരണം കൂടിയായത് കൊണ്ട് അദ്ദേഹത്തിന്റെ അറിവ് വളരെ സഹായകമായിരുന്നു.

കറുപ്പം വെളുപ്പും

ഭ്രമയുഗത്തിന്റെ കഥ ചെയ്യുന്നുണ്ടെങ്കില്‍ ബ്ലാക് ആന്‍ഡ് വൈറ്റില്‍ തന്നെ ആയിരിക്കണം എന്നെനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ചിത്രത്തിന് ഏറ്റവും അനുയോജ്യമായ അന്തരീക്ഷം അത് തന്നെയാണ്. എടുത്ത് പറയേണ്ടത് ഭ്രമയുഗത്തിന്റെ ചിത്രീകരണത്തിന് എനിക്കൊപ്പം നിന്ന ടീം ആണ്. കാടിനുള്ളിലുള്ള സീനുകള്‍ പലതുമുണ്ട്. എങ്കിലും യാതൊരു ബുദ്ധിമുട്ടുമില്ലാതെ എല്ലാം തുടക്കം മുതല്‍ അവസാനം വരെ വളരെ ഭംഗിയായാണ് കലാശിച്ചത്. ഭ്രമയുഗത്തിന്റെ സെറ്റിലെ ഓരോ ഭാഗങ്ങളും എങ്ങനെ ആയിരിക്കണമെന്നതില്‍ ഒരു രൂപം എന്റെ മനസിലുണ്ടായിരുന്നു. അതേ രീതിയില്‍ തന്നെയാണ് ചെയ്‌തെടുത്തിരിക്കുന്നതും. എല്ലാ വിഭാഗങ്ങളും വളരെ ഒത്തൊരുമയോടെയാണ് ചിത്രത്തിന് വേണ്ടി പ്രയത്‌നിച്ചിട്ടുള്ളത്. അഭിനേതാക്കളും ടെക്‌നിക്കല്‍ ഗ്രൂപ്പും എല്ലാവരും വളരെ ഒത്തിണക്കത്തോടെയാണ് തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ ചെയ്ത് തീര്‍ത്തത്.

മതിഭ്രമിപ്പിക്കുന്ന വില്ലന്‍

എന്നെ സംബന്ധിച്ച് ഭ്രമയുഗത്തിന്റെ യാത്ര വളരെ രസകരമായ ഒന്നായിരുന്നു. ഒറ്റപ്പാലം, ഷൊര്‍ണൂര്‍ മേഖലകളിലാണ് ഭൂരിഭാഗം ഭാഗങ്ങളും ചിത്രീകരിച്ചിരുന്നത്. ഒരു ചെറിയ ആശയം മനസ്സില്‍ വരുമ്പോള്‍ അതപ്പോള്‍ തന്നെ മനസില്‍ എഴുതി വയ്ക്കും. അതില്‍ ഒരു പാട് സമയം കൊടുത്ത് പലതും മാറ്റി വച്ചുമൊക്കെ പൂര്‍ത്തീകരിച്ച് രൂപമാണ് നിങ്ങള്‍ ഓരോരുത്തരും കണ്ട ഭ്രമയുഗം എന്ന യാഥാര്‍ഥ്യം.

സമരിയ സൈമണ്‍

സമരിയ സൈമണ്‍

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍