Continue reading “ഫുട്‌ബോള്‍ ലോകകപ്പ്; മനുഷ്യാവകാശ ലംഘനത്തിന്റെ പേരില്‍ ഖത്തറിന് ഫിഫയുടെ ചുവപ്പു കാര്‍ഡ് ഭീഷണി”

" /> Continue reading “ഫുട്‌ബോള്‍ ലോകകപ്പ്; മനുഷ്യാവകാശ ലംഘനത്തിന്റെ പേരില്‍ ഖത്തറിന് ഫിഫയുടെ ചുവപ്പു കാര്‍ഡ് ഭീഷണി”

"> Continue reading “ഫുട്‌ബോള്‍ ലോകകപ്പ്; മനുഷ്യാവകാശ ലംഘനത്തിന്റെ പേരില്‍ ഖത്തറിന് ഫിഫയുടെ ചുവപ്പു കാര്‍ഡ് ഭീഷണി”

">

UPDATES

ഫുട്‌ബോള്‍ ലോകകപ്പ്; മനുഷ്യാവകാശ ലംഘനത്തിന്റെ പേരില്‍ ഖത്തറിന് ഫിഫയുടെ ചുവപ്പു കാര്‍ഡ് ഭീഷണി

Avatar

                       

അഴിമുഖം പ്രതിനിധി

കുടിയേറ്റ തൊഴിലാളികളോടുള്ള പെരുമാറ്റത്തില്‍ ഒരു വര്‍ഷത്തിനകം പുരോഗതി ഉണ്ടായില്ലെങ്കില്‍ 2022 ലോക കപ്പ് ഫുട്ബോള്‍ ഖത്തറില്‍ നിന്നു മാറ്റുന്ന കാര്യം ഫിഫ പരിഗണിക്കണമെന്ന് ശുപാര്‍ശ. ഖത്തറിലെ മനുഷ്യവകാശ പ്രശ്നങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കാന്‍ ഫിഫ ചുമതലപ്പെടുത്തിയ ഹാവാര്‍ഡ് പ്രൊഫസര്‍ ജോണ്‍ റിഗി തയാറാക്കിയ സ്വതന്ത്ര റിപ്പോര്‍ട്ടിലാണ് ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്.

ബ്രസീല്‍, റഷ്യ, ഖത്തര്‍ തുടങ്ങിയ ലോക ഫുട്ബോള്‍ മാമാങ്കത്തിന് ആതിഥ്യമരുളുന്ന രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങള്‍ കണക്കിലെടുക്കാത്തതിനെ തുടര്‍ന്ന് ഫിഫയ്ക്ക് ഏറെ വിമര്‍ശം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഇവിടങ്ങളിലെ സ്ഥിതിഗതികള്‍ മെച്ചപ്പെടുത്താന്‍ തങ്ങളുടെ സ്വാധീനം ഉപയോഗിക്കുന്നതിന് ഫിഫ വിമുഖത കാട്ടിയതും കടുത്ത എതിര്‍പ്പുകള്‍ക്കിടയാക്കിയിരുന്നു.

പ്രത്യേകിച്ച്, 2022-ലെ ലോകകപ്പ് മാമാങ്കത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിലേര്‍പ്പെട്ടിരിക്കുന്ന കുടിയേറ്റ തൊഴിലാളികളുടെ ദുരിതകഥകള്‍ ബ്രിട്ടീഷ് ദിനപത്രമായ ഗാര്‍ഡിയനും മറ്റു പല സന്നദ്ധ സംഘടനകളും നടത്തിയ അന്വേഷണ പരമ്പരകളിലൂടെ ലോകശ്രദ്ധയിലെത്തിയതും ഖത്തറിന് തിരിച്ചടിയായിരുന്നു.

ഇത്തരമൊരു പ്രശ്നത്തെ നേരിടാന്‍ ഒരു അന്വേഷണ കമ്മീഷനെ നിയോഗിച്ച ഫിഫയുടെ നടപടിയെ പ്രശംസിച്ചു കൊണ്ടു തുടങ്ങുന്ന റിപ്പോര്‍ട്ടില്‍ പ്രൊഫസര്‍ ജോണ്‍ റിഗി പ്രധാനമായും 25 നിര്‍ദേശങ്ങളാണ് മുന്നോട്ടു വച്ചിരിക്കുന്നത്. എന്നാല്‍ ഫിഫ ഇനി ചെയ്യേണ്ടത് തങ്ങളുടെ വാക്കുകള്‍ പ്രവര്‍ത്തികളിലൂടെ സാധൂകരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.

‘പുതിയ ഭരണപരമായ ചുമതലകള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് വെറും വാക്കുകള്‍ക്കുമപ്പുറത്തേക്കു പോകുകയാണ് ഫിഫ ഇപ്പോള്‍ കൊണ്ടുവരേണ്ട അടിസ്ഥാനപരമായ മാറ്റം. ഫിഫ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അതെങ്ങനെ ചെയുന്നു എന്നതിലും ഒരു സാംസ്കാരിക മാറ്റം ആവശ്യമാണ്,’ റിപ്പോര്‍ട്ട് ഉപസംഹരിച്ചു കൊണ്ട് അദ്ദേഹം പറയുന്നു.

ഇതിനകം തന്നെ നിശ്ചയിക്കപ്പെട്ട ടൂര്‍ണമെന്‍റുകളിലെ മനുഷ്യാവകാശ പ്രശ്നങ്ങളെ പരിഗണിക്കുന്നതിനാണ് ഫിഫ ഉടന്‍ മുന്‍ഗണന നല്‍കേണ്ടതെന്ന് റിഗി പറയുന്നു. 2026-ലെ ടൂര്‍ണമെന്‍റിന് ആതിഥേയരാകാന്‍ ഒരുങ്ങിയവര്‍ക്കായി നടക്കുന്ന നറുക്കെടുപ്പിനുമുള്ള മാനദണ്ഡങ്ങളില്‍ ഇക്കാര്യം ഉള്‍പ്പെടുത്തുമെന്ന വാഗ്ദാനം പാലിക്കുകയും വേണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. ‘ടൂര്‍ണമെന്‍റിന് ആതിഥ്യമരുളാനുള്ള രാജ്യങ്ങളുടെ അപേക്ഷകള്‍ വിലയിരുത്തുന്നതിനുള്ള മാനദണ്ഡങ്ങളില്‍ മനുഷ്യവകാശവും ഫിഫ ഉള്‍പ്പെടുത്തണം. രാജ്യങ്ങളെ തെരഞ്ഞെടുക്കുന്ന പ്രക്രിയയില്‍ അത് പ്രധാന ഘടകവുമായിരിക്കണം,’ റിപ്പോര്‍ട്ട് പറയുന്നു.

‘പ്രാദേശിക സംഘാടക സമിതികള്‍ പാലിക്കേണ്ട മനുഷ്യാവകാശ മാനദണ്ഡങ്ങള്‍ തെരഞ്ഞെടുപ്പിനുള്ള അപേക്ഷാ രേഖകളില്‍ തന്നെ വ്യക്തമാക്കുകയും ഇതു സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും വേണം’ എന്നതാണ് മറ്റൊരു നിര്‍ദേശം.

ഖത്തറിലെ കുടിയേറ്റ തൊഴിലാളി ചൂഷണം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര തൊഴിലാളി സംഘടന (ഐ എല്‍ ഒ) ഒരു വര്‍ഷത്തെ സമയം അനുവദിച്ചിട്ടുണ്ടെന്നും ഇല്ലെങ്കില്‍ ഐക്യരാഷ്ട്ര സഭയുടെ ഔദ്യോഗിക അന്വേഷണം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും റിഗി ചൂണ്ടിക്കാട്ടി.

മനുഷ്യാവകാശ ലംഘനങ്ങള്‍ തടയുമെന്ന തുടര്‍ച്ചയായ വാഗ്ദാനങ്ങള്‍ ഖത്തര്‍ ഭരണകൂടം നല്‍കുമ്പോഴും ഒരു ലോക കപ്പ് സ്റ്റേഡിയം നിര്‍മാണത്തിലും അനുബന്ധ വികസന പദ്ധതിയിലും തൊഴിലാളി ചൂഷണം കണ്ടെത്തിയതായി ഈ മാസം പുറത്തു വന്ന ഒരു ആംനസ്റ്റി റിപ്പോര്‍ട്ടിലുണ്ട്.

‘മനുഷ്യാവകാശ സംരക്ഷണം ഫിഫയ്ക്ക് രാജ്യങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനാവില്ലെങ്കിലും ഒരു ടൂര്‍ണമെന്‍റിന് ആതിഥ്യമരുളാനുള്ള മാനദണ്ഡങ്ങളില്‍ നിശ്ചിത മനുഷ്യാവകാശങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ രാജ്യങ്ങള്‍ അത് നിര്‍ബന്ധമായും പാലിക്കേണ്ടിവരും,’ റിഗി ഗാര്‍ഡിയനോട് പറഞ്ഞു. ‘അതിനു സാധ്യമല്ലെങ്കില്‍ കടുത്ത തീരുമാനങ്ങല്‍ എടുക്കേണ്ടിവരും. നിലവിലുള്ള ബന്ധം അവസാനിപ്പിക്കുന്നതും ഉള്‍പ്പടെ.’

‘ഈയിടെ ഖത്തറിലെ കാര്യങ്ങള്‍ വിലയിരുത്തിയ അന്താരാഷ്ട്ര തൊഴിലാളി സംഘടന തങ്ങളുടെ തീരുമാനം ഒരു വര്‍ഷത്തേക്ക് നീട്ടി വച്ചിരിക്കുകയാണ്. വാതിലുകളടക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. അടുത്ത ഐഎല്‍ഒ റിപ്പോര്‍ട്ട് തീര്‍ച്ചയായും ഗൗരവമേറിയതായിരിക്കും. കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ലെന്നു അവര്‍ പറഞ്ഞാല്‍ തന്നെ കാര്യങ്ങള്‍ അതില്‍ നിന്ന് വളരെ വ്യക്തമാണ്,’ റിഗി പറയുന്നു.

‘ഐഎല്‍ഒ തന്ത്രപരമായാണ് നീങ്ങുന്നതെന്നാണ് എനിക്കു തോന്നുന്നത്. പരിശോധനകള്‍ അനൂകലമാക്കാന്‍ മനുഷ്യസാധ്യമായതെല്ലാം സുപ്രീം കമ്മിറ്റി ചെയ്യുമെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അങ്ങനെ അല്ലെങ്കില്‍ ഫിഫയുടേത് കടുത്ത തീരുമാനമാകും,’

ലോകകപ്പ് നടത്തിപ്പുകാരായ സുപ്രീം കമ്മിറ്റി കരാറുകാര്‍ക്കു വേണ്ട ഏറ്റവും ചുരുങ്ങിയ മാനദണ്ഡങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങളില്‍ വ്യാപകമായി കുറച്ചു പുരോഗതി ഉണ്ടാക്കാനും ഇതു വഴി സാധിച്ചു.

എന്നാല്‍ കഫാല സംവിധാനം നീക്കം ചെയ്യുന്നതില്‍ വളരെ ചെറിയ പുരോഗതി മാത്രമാണ് ഖത്തര്‍ കൈവരിച്ചിട്ടുള്ളതെന്ന് മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. തൊഴില്‍ദാതാവിന് തൊഴിലാളി നല്‍കുന്ന ബോണ്ട് ആണ് കഫാല. ഇത് ആധുനിക കാല അടിമത്തത്തോട് ഉപമിക്കപ്പെടുന്നു.

2018 ലോക കപ്പുമായി ബന്ധപ്പെട്ട് റഷ്യയും വലിയ മനുഷ്യാവകാശ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടെന്നും റിഗി പറയുന്നു. ‘സോചിയില്‍ സംഭവിച്ച പോലെ (2014 വിന്‍റര്‍ ഒളിമ്പിക്സ്) ആളുകളെ നിര്‍ബന്ധിച്ച് ഒഴിപ്പിക്കല്‍, കുടിയേറ്റ തൊഴിലാളി പ്രശ്നങ്ങള്‍ തുടങ്ങി കൂടുതലൊന്നും എഴുതപ്പെടാത്ത സംഭവങ്ങളും റഷ്യയില്‍ നടക്കുന്നുണ്ട്. ഇക്കാര്യങ്ങളും ചര്‍ച്ചകളുടെ ഭാഗമാകേണ്ടതുണ്ട്,’ അദ്ദേഹം പറയുന്നു.

Share on

മറ്റുവാര്‍ത്തകള്‍