Continue reading “ഗാഡ്ഗില്‍ റിപ്പോര്‍ട്ട്: തിരുത്ത് ഇനിയുമാകാം”

" /> Continue reading “ഗാഡ്ഗില്‍ റിപ്പോര്‍ട്ട്: തിരുത്ത് ഇനിയുമാകാം”

"> Continue reading “ഗാഡ്ഗില്‍ റിപ്പോര്‍ട്ട്: തിരുത്ത് ഇനിയുമാകാം”

">

UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗാഡ്ഗില്‍ റിപ്പോര്‍ട്ട്: തിരുത്ത് ഇനിയുമാകാം

Avatar

                       

അനൂപ് വര്‍ഗീസ് കുരിയപ്പുറം

 

മുഖ്യധാര പാര്‍ട്ടികളും മാധ്യമങ്ങളും കേരളത്തില്‍ നടത്തികൊണ്ടിരുന്ന ഒരു പൊറാട്ട് നാടകത്തിനു തിരശീല വീഴുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കേന്ദ്രം ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് പരിഗണിക്കും എന്ന് പ്രസ്താവിച്ചു. വനം, പരിസ്ഥിതി മന്ത്രിയെ കണ്ട മുഖ്യമന്ത്രി പശ്ചിമഘട്ടത്തിന് വേണ്ടി കസ്തുരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കണം എന്ന് ആവശ്യപ്പെടുന്നു. നമ്മള്‍ വീണ്ടും ഈ രണ്ടു റിപ്പോര്‍ട്ടും ചര്‍ച്ച ചെയ്യാന്‍ ഉതകുന്ന സാഹചര്യം ഇതാണ്. മുഖ്യധാര ഇടതുപക്ഷ കക്ഷികളുടെ നിലപാട് രണ്ടു റിപ്പോര്‍ട്ടുകളും സാങ്കേതികം മാത്രം ആണ് എന്നും അവ തള്ളി കളഞ്ഞു ജനപങ്കാളിത്തത്തോടെ പുതിയ റിപ്പോര്‍ട്ട് ഉണ്ടാക്കി നടപ്പാക്കണം എന്നുമാണ്. ബി ജെ പി നിലപാട് എടുത്തിരിക്കുന്നത് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണം എന്നാണ്. ശാസ്ത്ര സാഹിത്യ പരിഷത്ത് തുടങ്ങി പുരോഗമന ആഭിമുഖ്യം ഉള്ള എല്ലാവരും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണം എന്നാണ് പറയുന്നത്. പി ടി തോമസ് എം പി അതെ നിലപാടാണ് എടുത്തതെന്നും ശ്രദ്ധേയമാണ്. വി എം സുധീരനും , വി എസ് അച്യുതാനന്ദനും ഒരേ നിലപാടിലാണ് എന്നത് വളരെ കൌതുകത്തോടെ മാത്രമേ കാണാന്‍ കഴിയൂ; അത് കര്‍ഷക ആശങ്കകള്‍ പരിഹരിച്ച് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണം എന്നാണ്.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വെള്ളം ചേര്‍ത്താണ് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് ഉണ്ടാക്കിയിരിക്കുന്നത് എന്നത് പ്രഥമ ദൃഷ്ടിയില്‍ ആര്‍ക്കും മനസിലാകുന്ന കാര്യമാണ്. പരിഗണിക്കേണ്ട മേഖലയുടെ വ്യാപ്തി വളരെ ചുരുക്കി, അവിടെ ഞങ്ങള്‍ പറയുന്ന കാര്യങ്ങള്‍ ചെയ്യരുത് എന്നും മറ്റും പറയുകയും, അവിടെ നിന്ന് ഒരു 500 മീറ്റര്‍ മാറി ഇവിടെ ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ ഒക്കെ ചെയ്‌തോളു എന്ന് പറയുന്നതും സാമാന്യ യുക്തിക്ക് നിരക്കുന്നതല്ല. റബര്‍ തോട്ടങ്ങളെ വനമേഖലയായി പരിഗണിക്കണം എന്ന റിമോട്ട് സെന്‍സിംഗ് യുക്തി കൂടി ആയപ്പോള്‍, കാര്യങ്ങള്‍ പൂര്‍ണമായ കുഴപ്പത്തില്‍ എത്തി. അബദ്ധജടിലമായ ആശങ്ക ഉണ്ടാക്കുന്ന കസ്തുരിരംഗന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണം എന്നൊരു നിലപാടില്‍ എത്താന്‍ ഈ വസ്തുതകള്‍ മാത്രം മതി. 

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കണം എന്ന് പറയുന്നവര്‍ പറയുന്ന ഏക യുക്തി ഇത് നടപ്പാക്കിയില്ലെങ്കില്‍ അതിലും ഭീതിദമായ ഗാഡ് ഗില്‍ റിപ്പോര്‍ട്ട് നടപ്പാകും എന്നതാണ്. ദേശീയ ഹരിത കോടതിയില്‍ പശ്ചിമ ഘട്ടത്തെ സംരക്ഷിക്കാന്‍ എന്ത് നടപടി എടുക്കും എന്ന് ചോദിക്കുന്ന വേളയില്‍ കസ്തുരിരംഗന്‍ എന്നോ ഗാഡ്ഗില്‍ എന്നോ കൈ പൊക്കിയേ മതിയാകൂ. അപ്പോള്‍ ചില താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന അതായതു കൈയേറ്റക്കാരുടെയും, ക്വാറിക്കാരുടെയും, വന്‍കിട തൊട്ട/ ടൂറിസ വ്യവസായികളുടെയും താല്പര്യത്തിന് ഏറ്റവും കുറച്ചു ക്ഷീണം സൃഷ്ടിക്കുന്ന കസ്തുരിരംഗന്‍ ആണ് നല്ലത് എന്ന് ജനങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്തി കൈ പൊക്കുക എന്ന തന്ത്രമാണ് ഭരണ നേതൃത്വം സ്വീകരിച്ചത്. ഈ പേടിയുടെ മറവില്‍ ഇടതുപക്ഷവും ചില അവിശുദ്ധ ബന്ധങ്ങള്‍ ഉണ്ടാക്കി. കസ്തുരിരംഗന്‍ റിപ്പോര്‍ട്ടില്‍ കടന്നുവന്ന തെറ്റുകളും ജനവിരുദ്ധ നിലപാടുകളും , അശാസ്ത്രീയതയും കൂടി ചേര്‍ന്നപ്പോള്‍ ആശങ്കകള്‍ പരക്കുകയും ബഹുജനം കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനു എതിരാവുകയും ചെയ്തു. അപ്പോള്‍ ഇടതുപക്ഷവും, കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളും ആ ആശങ്കക്ക് പിന്തുണ കൊടുത്ത് രംഗത്തെത്തി. അതോടെ കരട് വിജ്ഞാപന വിവാദംഹര്‍ത്താലുകളിലും എത്തി. അപ്പോഴും പുകമറ രാഷ്ട്രീയക്കാര്‍ വിജയിച്ചിരുന്നു, അവരുടെ ഉദ്ദേശം ശാസ്ത്രീയമായ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ചര്ച്ച ചെയ്യാതിരിക്കണം എന്നതായിരുന്നു. ഈ പുകമറയുടെ പ്രധാന ഉത്തരവാദിയാകട്ടെ ഭരണപക്ഷമാണ്.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് എന്താണ് എന്നത് കേരളത്തിലെ ജനവും പൊതുസമൂഹം മൊത്തത്തിലും വീണ്ടും ചര്ച്ച ചെയ്യാന്‍ വേണ്ടി കിട്ടിയ ഒരു സുവര്‍ണാവസരമാണിത്. ജനപങ്കാളിത്തം ഇല്ലാത്ത എല്ലാ പരിസ്ഥിതി സംരക്ഷണവും അമ്പേ പരാജയപ്പെടുമെന്നും, ജനപങ്കാളിത്തം ഉറപ്പു വരുത്തുക എന്നതാണ് വിജയിക്കാനുള്ള ഏക മാര്‍ഗമെന്നും ഈ റിപ്പോര്‍ട്ട് അടിവരയിട്ടു പറയുന്നുണ്ട്.

പശ്ചിമ ഘട്ടത്തിന്റെ സംരക്ഷണം ലക്ഷ്യമാക്കി കൊണ്ട് വന്ന ഈ റിപ്പോര്‍ട്ടില്‍, രാസകൃഷിയില്‍ നിന്ന് ജൈവകൃഷിയിലേക്ക് ക്രമേണ മാറണം, രാസ വ്യവസായങ്ങള്‍ തുടങ്ങി പരിസ്ഥിതിക്ക് ഇണങ്ങാത്തവ മാറണം, വിവിധ പരിസ്ഥിതിമേഖലകള്‍ തിരിച്ച് അതീവ പ്രത്യാഘാതം ഉള്ള മേഖലകളില്‍ ക്വാറികള്‍ പാടില്ല, പരിസ്ഥിതി സൌഹൃദ അന്തരീക്ഷമുണ്ടാക്കണം, എല്ലാ കാര്യങ്ങളും ഗ്രാമസഭകളില്‍ ചര്ച്ച ചെയ്തു തീരുമാനിക്കണം എന്നിങ്ങനെ വളരെ പുരോഗമനപരവും ജനധിപത്യപരവുമായ ഈ റിപ്പോര്‍ട്ടിനെ പുനര്‍വായന നടത്താന്‍ ഇവിടുത്തെ ജനങ്ങളും രാഷ്ട്രീയകക്ഷികള്‍, പ്രത്യേകിച്ച് ഇടതു പക്ഷവും തയാറാവണം. അവിശുദ്ധ ബന്ധത്തിന്റെ പാപക്കറ എത്രയും പെട്ടന്ന് കഴുകുകയാണ് നല്ലത്‌. 

 

Share on

മറ്റുവാര്‍ത്തകള്‍