Continue reading “യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഇത് തേയില തളിര്‍ക്കും കാലമാണ്”
" /> Continue reading “യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഇത് തേയില തളിര്‍ക്കും കാലമാണ്” ">ഹിതോമി സെകി
(യൊമിയൂറി)
ഇത് തേയില തളിര്‍ക്കുന്ന സമയമാണ്. ലോകത്തിലെ ഏറ്റവും വിസ്തൃതിയാര്‍ന്ന തേയിലത്തോട്ടം ലോകത്തിലെ ഏറ്റവും നീളമേറിയ തടിപ്പാലം കടന്നുചെല്ലുമ്പോഴാണെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ അത് സ്ഥിതി ചെയ്യുന്ന ഷിസുവോക്ക പ്രീഫെക്ചറിലെ ഷിമാഡയിലെത്തി.
ജെആര്‍ ഷിമാഡ സ്റെഷനില്‍ നിന്ന് പത്ത് മിനുറ്റ് നടന്നപ്പോള്‍ ഞാന്‍ ഒയ്ഗവാ നദിയുടെ കുറുകെയുള്ള ഹോരൈബാഷി പാലത്തിനടുത്തെത്തി. മകിനോഹാര ടീ എസ്റ്റെറ്റ് എന്ന് പേരുള്ള ആ തേയിലത്തോട്ടം നദിയുടെ മറുകരയിലാണ്. അയ്യായിരം ഹെക്ടറോളം പരന്നുകിടക്കുന്നതാണ് തേയിലത്തോട്ടം. ഈ തോട്ടം ജപ്പാനിലെ മുഴുവന്‍ തേയിലത്തോട്ടങ്ങളുടെ പത്തുശതമാനം വരും. കഗെകി ചുജോ നേതൃത്വം വഹിച്ച മേയിജി റെസ്റ്റോറേഷനുശേഷമാണ് (1868) ഈ തോട്ടത്തില്‍ തേയില കൃഷിചെയ്യാന്‍ തുടങ്ങിയത്.
തേയിലത്തോട്ടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വേണ്ടി നിര്‍മ്മിക്കപ്പെട്ട ഈ പാലം വെള്ളപ്പൊക്കം വരുമ്പോള്‍ സ്ഥിരമായി ഒലിച്ചുപോയിരുന്നു. 1965ലാണ് പാലം സിമന്റ് ഉപയോഗിച്ച് കൂടുതല്‍ ഉയരെ ബലപ്പെടുത്തി നിര്‍മ്മിച്ചത്. 897.4മീ നീളവും ഏഴുമീറ്റര്‍ ഉയരവുമുള്ള പാലം ലോകത്തിലെ ഏറ്റവും വലിയ കാല്‍നടപ്പാലമെന്ന പേരില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഉള്‍പ്പെട്ടതാണ്. സ്ഥലനിവാസികള്‍ ജോലിക്കുപോകാനും തിരികെവരാനും ഈ പാലമാണ് ഉപയോഗിക്കുന്നത്. സ്ഥിരമായി സിനിമാലൊക്കേഷനായും ഈ പാലം പ്രത്യക്ഷപ്പെടാറുണ്ട്.
8974 എന്നീ അക്കങ്ങളെ ജാപ്പനീസ് ഭാഷയില്‍ “നിര്‍ഭാഗ്യമില്ലാത്ത” എന്നും വിളിക്കാവുന്നതുകൊണ്ട് ആളുകള്‍ സൌഭാഗ്യം വരാനായി ഈ പാലം സന്ദര്‍ശിക്കാറുണ്ട് എന്ന് 71കാരനായ ടൂര്‍ഗൈഡ് യോഷിസുഗു ഹരാമിഷി പറഞ്ഞു.
പാലത്തിനു 2.4 മീ വീതിയുണ്ട്. കൈവരിക്ക് ഒരു ശരാശരി മനുഷ്യന്റെ മുട്ടോളം പൊക്കമേയുള്ളൂ. പേടി കൂടാതെ ആളുകള്‍ പാലത്തിലൂടെ ഓടുകയും സൈക്കിള്‍ ചവിട്ടുകയും ചെയ്യുന്നുണ്ടെങ്കിലും സ്വതവേ ഉയരം പേടിയുള്ള എനിക്ക് പതിയെ മാത്രമേ താഴെ നോക്കി നടക്കാന്‍ കഴിഞ്ഞുള്ളൂ. എന്റെ കാഴ്ച്ചയെ മറയ്ക്കാന്‍ ചുറ്റും ഒന്നുമില്ലായിരുന്നതുകൊണ്ട് വായുവില്‍ നടക്കുന്നതുപോലെയാണ് എനിക്ക് തോന്നിയത്.
പാലം കടന്നു ജാപ്പനീസ് സെഡാറുകളും മറ്റുമരങ്ങളും തിങ്ങിനിറഞ്ഞ വഴിയിലൂടെ നടന്നു ഒരു ഇരുണ്ട ചെരിവിറങ്ങിയപ്പോള്‍ പെട്ടെന്ന് ഭൂപ്രകൃതി മാറി.തേയിലയിലകളുടെ അന്തമില്ലാത്ത ഒരു കടല്‍. നീലാകാശവും വെയിലില്‍ തളിരിലകളുടെ തിളങ്ങുന്ന മഞ്ഞകലര്‍ന്ന പച്ച നിറവും അമ്പരപ്പിക്കുന്ന കാഴ്ചയായിരുന്നു.
ചുജോയുടെ പ്രതിമയുള്ള ഒരു തുറസ്സില്‍ നിന്നുനോക്കുമ്പോള്‍ പിറകില്‍ ഒയിഗവ നദി കാണാം, മഞ്ഞുമൂടിയ മൌണ്ട് ഫ്യൂജിയുടെ തലപ്പ് കാണാം. പാലം കടക്കാന്‍ ധൈര്യം സംഭരിച്ചത് നന്നായി എന്നെനിക്ക് തോന്നി.
ഒരു പ്രാദേശിക ഉപജ്ഞാതാവ് ഒരു തേയില സംസ്കരണ യന്ത്രം കണ്ടുപിടിച്ചതോടെയാണ് ഇവിടെ തേയില വന്‍തോതില്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയത്. അതോടെ ഷിമാഡയിലെ തേയില വ്യവസായവും ആരംഭിച്ചു.
നഗരത്തിലുള്ള തേയില മ്യൂസിയം കണ്ടാല്‍ സന്ദര്‍ശകര്‍ക്ക് തേയില വ്യവസായത്തെപ്പറ്റിയും തേയില സംസ്കാരത്തെപ്പറ്റിയും മനസിലാക്കാം. മ്യൂസിയത്തില്‍ ഒരു ജാപ്പനീസ് പൂന്തോട്ടവും ചായസല്‍ക്കാരമുറിയുമുണ്ട്. മനോഹരമായ പൂന്തോട്ടത്തിലെ കുളം നോക്കിയിരുന്നു മെല്ലെ ഞാന്‍ എന്‍റെ ഗ്രീന്‍ ടീ കുടിച്ചു. അതൊരു ഗംഭീര അനുഭവമായിരുന്നു.
നഗരത്തില്‍ ആളുകള്‍ക്ക് തേയില നുള്ളുന്നത് പരീക്ഷിച്ചുനോക്കാനുള്ള അവസരമൊരുക്കിയിട്ടുണ്ട്. ഒരു ഗൈഡ് എന്നെ പുതിയൊരിനം തേയിലയില രുചിച്ചുനോക്കാന്‍ ക്ഷണിച്ചു. അത് ഇളം തളിരായിരുന്നു, അതിന്റെ രുചി എന്‍റെ വായ നിറഞ്ഞു. തേയിലഇലകള്‍ സോയാസോസ് ഒഴിച്ചുവഴറ്റിയത് ഫ്രൈ ചെയ്ത നൂഡില്‍സിന്റെ കൂടെ കഴിക്കുമെന്നും ഞാന്‍ കേട്ടിട്ടുണ്ട്.
കാനായ ജില്ലയിലാണ് ലോക തേയില മ്യൂസിയം.
ഷിമാഡയിലും കാനായയിലും യാത്രികര്‍ക്ക് നദിയുടെ ഇരുകരയിലും താമസസൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നദികടന്നു എടൊയില്‍ നിന്ന് ക്യോട്ടോ എന്ന ഇന്നത്തെ ടോക്യോയിലെത്താന്‍ എടൊ കാലത്ത് (1603-1867) യാത്രികര്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു.
നഗരത്തില്‍ ധാരാളം പഴയ ക്ഷേത്രങ്ങളുണ്ട്. എടൊ കാലഘട്ടത്തിലെ ധാരാളം സത്രങ്ങളും ഇവിടെ കാണാം.
ഷിമാഡ ടോപ്‌നോട്ട് എന്ന പ്രശസ്തമായ തലമുടി ഉയര്‍ത്തിക്കെട്ടല്‍ രീതിയുടെ ജന്മസ്ഥലവും ഇതാണ്. സെപ്തംബറില്‍ നടക്കുന്ന ഉത്സവത്തില്‍ ഈ രീതിയില്‍ തലമുടി കെട്ടിയ സ്ത്രീകള്‍ കിമോണോകള്‍ ധരിച്ച് നടക്കുന്നത് കാണാം.
കാഴ്ചക്കാരെ ആകര്‍ഷിക്കുന്ന മറ്റൊരു സ്ഥലം ഒയിഗവ റെയില്‍വേസ്റ്റെഷനാണ്. ഷിന്‍-കാനായ സ്റെഷനില്‍ നിന്ന് സെന്‍സു സ്റെഷനിലേയ്ക്ക് കഴിഞ്ഞ മുപ്പത്തിയെട്ട് വര്‍ഷങ്ങളായി സ്റ്റീം വണ്ടികള്‍ പോകുന്നുണ്ട്. പഴയരീതിയിലുള്ള വണ്ടികളുടെ ഭാഗങ്ങള്‍ ലഭിക്കാന്‍ ഇപ്പോള്‍ ഏറെ ബുദ്ധിമുട്ടാണ് എന്ന് റെയില്‍വേയുടെ പബ്ലിക് റിലേഷന്‍സ് പ്പാര്‍ട്ട്മെന്‍റ് പറയുന്നു.
സ്റ്റീം വണ്ടികള്‍ നടത്താനുള്ള ബുദ്ധിമുട്ടുകളെപ്പറ്റി ചിന്തിച്ചുകൊണ്ട് എന്റെ തടിജനാല തുറന്നപ്പോള്‍ എന്‍റെ മുഖത്ത് ഒരു ഇളംകാറ്റ് വന്നുതഴുകി. ഞാന്‍ തേയിലത്തോട്ടങ്ങളിലേയ്ക്കും റെയില്‍വേ ട്രാക്കിലൂടെ കാണാവുന്ന ആഴമുള്ള താഴ്വരയിലേയ്ക്കും നോക്കി.
ഷിമാഡയില്‍ മറ്റുപല സ്ഥലങ്ങളുമുണ്ട്. 360 തരം റോസാപ്പൂക്കള്‍ വളരുന്ന റോസ്ഹില്‍ പാര്‍ക്ക് ആണ് അതിലൊന്ന്. ഇത് കാണേണ്ട ഒരിടം തന്നെയാണ്.
യാത്രികരുടെ ശ്രദ്ധയ്ക്ക്:
ടോക്യോ സ്റ്റേഷനില്‍ നിന്ന് ഒരുമണിക്കൂര്‍ ടൊകായിടോ ഷിന്‍കണ്‍സെന്‍ ഹികാരി ട്രെയിനില്‍ യാത്രചെയ്‌താല്‍ ഷിസുവോക്ക സ്റെഷനില്‍ എത്താം. അവിടെനിന്ന് മുപ്പതുമിനുറ്റ് ട്രെയിനില്‍ യാത്ര ചെയ്‌താല്‍ ഷിമാഡയിലെത്താം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഷിമാഡ സിറ്റി ടൂറിസ്റ്റ് അസോസിയേഷനുമായി ബന്ധപ്പെടുക. (0547) 46-2844