Continue reading “കല്‍ബുര്‍ഗിയുടെ കൊലയ്ക്ക് ശേഷം; ചില ബെംഗളൂരു ജീവിത ചിന്തകള്‍”

" /> Continue reading “കല്‍ബുര്‍ഗിയുടെ കൊലയ്ക്ക് ശേഷം; ചില ബെംഗളൂരു ജീവിത ചിന്തകള്‍”

"> Continue reading “കല്‍ബുര്‍ഗിയുടെ കൊലയ്ക്ക് ശേഷം; ചില ബെംഗളൂരു ജീവിത ചിന്തകള്‍”

">

UPDATES

കല്‍ബുര്‍ഗിയുടെ കൊലയ്ക്ക് ശേഷം; ചില ബെംഗളൂരു ജീവിത ചിന്തകള്‍

                       

എംഎം കൽബുർഗി ധാർവാർഡിലെ വീട്ടിൽ വെടിയേറ്റ് മരിച്ചിട്ട് 20 ദിവസമായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷന്റെ കർണാടകത്തിലെ പ്രമുഖ നേതാവിനെ കണ്ട് മടങ്ങുകയായിരുന്നു ‌‌ഞാൻ. അവരുടെ ഭർത്താവ് പറ‌ഞ്ഞ അനുഭവത്തെപറ്റിയായിരുന്നു എന്റെ ചിന്ത മുഴുവൻ. കൽബുർഗിയുടെ ഘാതകരെ ഉടൻ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ധാർവാ‍ർഡിൽ നടന്ന പ്രതിഷേധ റാലിയിൽ പങ്കെടുക്കാൻ പോയതായിരുന്നു അദ്ദേഹം. റെയിൽവേ സ്റ്റേഷനിൽനിന്ന് പിടിച്ച ഓട്ടോ റിക്ഷയിലെ ഡ്രൈവറോട് വെറുതെ ഇതെക്കുറിച്ച് സംസാരിച്ചു. മറുപടി അദ്ദേഹത്തെയും എന്നെയും ഞെട്ടിച്ചു. കൽബുർഗിയുടെ കൊലപാതകം വളരെ നന്നായി എന്നായിരുന്നു അയാളുടെ അഭിപ്രായം. കൽബു‍ർഗിയുടെ ചിന്തകളും നിലപാടുകളും എന്തെന്ന് അറിയാത്ത അയാൾ എന്തിന് കൊലപാതകത്തെ ന്യായീകരിക്കുന്നു എന്നതായിരുന്നു സംശയം.

“അയാൾ ദൈവത്തിന് എതിരായിരുന്നു സാർ, ദൈവമില്ലെന്ന് പറഞ്ഞ് ദൈവങ്ങളെ കളിയാക്കി നടക്കലായിരുന്നു അയാളുടെ പണി”. 

ഇതായിരുന്നു അയാളുടെ ന്യായം.

വർഗ്ഗീയത ഇന്ന് ചില ഒറ്റപ്പെട്ട സംഘടനാ പ്രവർത്തകരുടെ മനസ്സിൽ മാത്രമാണോ അതോ ആ വിഷം സാധാരണക്കാരിലേക്ക് കൂടി വ്യാപിപ്പിക്കാൻ അതിനായിട്ടുണ്ടോ എന്ന എന്റെ ചോദ്യത്തിന് ഉദാഹരണം പറഞ്ഞതായിരുന്നു അദ്ദേഹം.

“സവോള വാങ്ങിക്കാനാണ് പറയുന്നത്, തർക്കാരി പിന്നെ പരിപ്പില്ലേ? അതും വാങ്ങാൻ പറയുന്നു”.

ഉറക്കെ ചിരിച്ചുകൊണ്ട് മണിച്ചേട്ടൻ രഹസ്യമായി പറഞ്ഞു.

ചിന്തകളിൽനിന്ന് ഉണർന്ന് ഞാൻ മണിച്ചേട്ടനെ നോക്കി. കണ്ണിൽ ചിരിവിടർത്തി ഒരു കഥകളിക്കാരനെ പോലെ മണിച്ചേട്ടൻ പുരികം പൊക്കി കാറിന് വെളിയിലേക്ക് നോക്കാൻ ആംഗ്യം കാണിച്ചു. ട്രാഫിക് സിഗ്നലിൽ നിൽക്കുന്ന ഞങ്ങളുടെ കാറിന്റെ തൊട്ടടുത്ത് ഒരു സ്കൂട്ടർ, അതിൽ രണ്ട് സ്ത്രീകൾ. പിന്നിലിരിക്കുന്ന ആയമ്മ ഫോണിൽ സംസാരിക്കുകയാണ്. അതാണ് മണിച്ചേട്ടൻ എനിക്ക് പരിഭാഷപ്പെടുത്തി തന്നത്.

പാവം സ്ത്രീ, ഭർത്താവിനോട് സാധനം വാങ്ങാൻ പറയുകയാണെന്ന് തോന്നുന്നു. മണിച്ചേട്ടൻ വീണ്ടും അടക്കി ചിരിച്ച് അവരുടെ വീട്ടിലെ സാധനങ്ങളുടെ ലിസ്റ്റ് എനിക്ക് പറഞ്ഞുതന്നുകൊണ്ടിരുന്നു.

മണിച്ചേട്ടനെ സമാധാനിപ്പിക്കാൻ ഞാൻ രസിച്ച മട്ടിൽ ചിരിച്ചു.

“ഗസ്റ്റൊക്കെ വരുന്നുണ്ടാകും, അല്ലേൽ ഇത്രേം സാധനം വാങ്ങുവോ, ഈ കന്നഡക്കാരൻമാർക്കുണ്ടല്ലോ ബീഗർ ഊട്ടാ വലിയ പ്രധാനമാ. ബീഗർ ഊട്ടാന്ന് പറഞ്ഞാൽ ബന്ധുവീട്ടിലെ ഊട്ട… ഭക്ഷണം. രാവിലെ ഒരു ആടിനെ വാങ്ങിച്ച് വെട്ടാൻ നിർത്തിയിട്ട് അവര് ബാംഗ്ലൂർക്ക് വിളിക്കാം. അയാളുള്ളത് ഹസനിലാകും. ആ ഇവിടെ ആട്ടിന്റെ ബിരിയാണി വക്കുന്നുണ്ട് വരുന്നോന്ന് ചോദിക്കാം. അപ്പോ ബാംഗ്ലൂരിൽ നിൽക്കുന്നവൻ പറയാം, ദാ വരുന്നൂന്ന്. പിന്നെ ഒറ്റപ്പോക്കാ, പിള്ളേരെ കെട്ട്യോളേം എല്ലാത്തിനേം പെറുക്കിയെടുത്ത് ഒരു ടാക്സിയും എടുത്ത് പോക്കാ… എങ്ങോട്ട്? ഹസനിലേക്ക്!  എന്തിനാ, മട്ടൻ തിന്നാൻ. ടാക്സീം പിടിച്ച് അവിടെ ചെന്ന് എല്ലാം കൂടി കഴിപ്പാ…. ബാംഗ്ലൂരീന്ന് ഹസൻ വരെ ടാക്സീം പിടിച്ച് 4000 രുപ്പയും കളഞ്ഞ്. അതിന് ബാംഗ്ലൂർന്ന് ഒരു ആടിനെ വാങ്ങിച്ച് ഉണ്ടാക്കി അവിടത്തന്നെ കഴിച്ചാൽ എത്ര രൂപയാകും? ചെയ്യില്ല. ബീഗർ ഊട്ട. ഇവമ്മാര് അങ്ങനെയാ, ഒന്നിനും ബുദ്ധിയില്ല’’. 

മലയാളി അച്ഛനും തമിഴത്തി അമ്മയും കന്നഡ ഭാര്യയുമുള്ള മണിച്ചേട്ടൻ പറഞ്ഞു നിർത്തി. പിന്നിൽ അലറിപാഞ്ഞുവന്ന ഒരു ആംബുലൻസിന് സൈഡ് കൊടുത്തശേഷം അതിന്റെ പിന്നാലെ പായുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

ഓരോ നാട്ടുകാരെക്കുറിച്ചും ഓരോ മതത്തിൽപ്പെട്ടവരെ കുറിച്ചും, ഓരോ ഭാഷക്കാരെക്കുറിച്ചും നമുക്ക് ഇങ്ങനെ വേർതിരിവുണ്ട്. ബംഗാളി മധുരമായ ഭാഷയാണെന്നും തെലുങ്ക് ക്രുദ്ധമായ ഭാഷയാണെന്നും പറയാറുണ്ടല്ലോ. അടുത്തിടെ കിഴക്കൻ ഗോദാവരി ജില്ലയിൽ പോയപ്പോൾ കേട്ട തെലുങ്ക് ആ ചൊല്ലുണ്ടാക്കിയവ‍ർ കേട്ടിട്ടുണ്ടാവില്ല. ഒരു പാട്ടുപോലെ മധുരമായിരുന്നു അത്. ഇത് ആന്ധ്രയിലെ തൃശൂ‍ർ ആണെന്ന് തോന്നുവെന്ന് ഭാഷയിലെ ഈണം കേട്ട് സഹപ്രവ‍ർത്തകൻ പറയുകയും ഉണ്ടായി.

പകുതി മനസ്സിലാക്കിയുള്ള ഇത്തരം തെറ്റിദ്ധാരണകളും അബദ്ധ ധാരണകളും വേർതിരിവുകളുമാണ് വളർന്ന് വലുതായി ഓട്ടോക്കാരനെപോലുള്ളവരുടെ ചിന്ത മാറ്റിമറിക്കുന്നതെന്ന് തോന്നിപ്പോകുന്നു.

ആംബുലൻസിനെ വിട്ട് ഇടവഴിയിലേക്ക് കയറി ഊടുവഴിയിൽ കുടുങ്ങി ഇരിപ്പാണ് മണിച്ചേട്ടൻ. 

“എന്താ മണിച്ചേട്ടാ?’’  ഞാൻ ചോദിച്ചു.

“മുന്നിൽ ഗണപതി കുത്തിയിരിക്കാ’’

ഗണപതിയോ..?’’ മണിച്ചേട്ടന്റെ ഏത് പരിചയക്കാരൻ ഗണപതിയാ തെരുവിൽ കുത്തിയിരിക്കുന്നതെന്ന് എനിക്ക് പിടികിട്ടിയില്ല.

“ആ, ഗണേശൻ….”

മുന്നിലേക്ക് നോക്കിയപ്പോൾ റോഡ് അടച്ച് വലിയ ഒരു പന്തൽ. താത്കാലിക സ്റ്റേജിൽ വലിയ ഒരു ഗണപതി പ്രതിമ. വിനായക ചതുർത്ഥി നാളുകളിൽ ബെംഗളൂരുവിലെ പതിവ് കാഴ്ചയാണിത്. 

എന്നാലും വിശ്വാസികൾ ഭക്തിപുരസരം ആനയിച്ച് സ്റ്റേജിൽ ഇരുത്തിയ ഗണപതിയെ ‘വഴിയിൽ കുത്തിയിരുത്തിയ’ മണിച്ചേട്ടനെ സമ്മതിക്കണം.

ഇല്ലാത്ത സ്ഥലത്ത് മണിച്ചേട്ടൻ വണ്ടിതിരിക്കുമ്പോൾ ഞാൻ എന്റെ ചിന്തകളിലേക്ക് മടങ്ങി.

ഞാൻ ജനിക്കും മുമ്പ് കർണാടകത്തിൽ എത്തിയതാണ് മണിച്ചേട്ടൻ. ഇപ്പോഴും ഇവിടുത്തെ ആളുകളും അവരുടെ രീതികളും മണിച്ചേട്ടന് പുച്ഛമാണോ. സ്വന്തക്കാർ ആരെങ്കിലും ഭക്ഷണം ഉണ്ടാക്കി വച്ച് വിളിച്ചാൽ മണിച്ചേട്ടൻ പോകില്ലേ? ഇത്തരം ചിന്തകളാണോ വലിയ വലിയ അസഹിഷ്ണുതകളായി മാറുന്നത്.

ഇവിടെ ബംഗലൂരുവിൽ താമസമുള്ള ലക്ഷോപലക്ഷം മലയാളികളും കർണാടക സ്വദേശികളെ കുറിച്ച് ഇങ്ങനെയൊക്കെയായിരിക്കുമോ ചിന്തിക്കുന്നത്. ഇവിടെ നാല് വർഷം പഠിച്ചിട്ടുണ്ട് ഞാൻ അന്ന് മല്ലു എന്ന വിളി ഒരുപാട് കേട്ടതാണ്. മല്ലു ആക്സന്റ്, മല്ലു ലുക്ക്, മല്ലു വേഷം അങ്ങനെ എല്ലാത്തരം മല്ലു ‘കുഴപ്പങ്ങളും’ ഉള്ള ആളായതിനാൽ അതിന് ഇഷ്ടം പോലെ കളിയാക്കലും കേട്ടിട്ടുണ്ട്. അപ്പോൾ അത് തിരിച്ചു മറിച്ചും ഉള്ളത് തന്നെ. ‘ഒൺളി’ എന്ന ഇംഗ്ലീഷ് വാക്കിനെ വൺലി എന്ന പറയുന്ന കന്നഡ സുഹൃത്ത് എന്നെ ‘വോളറ്റ്’ എന്ന് പറയാൻ പഠിപ്പിക്കുന്നത് ഞാൻ ഓർമ്മിച്ചു.

എന്നാൽ ഇവിടെ സ്ഥിര താമസക്കാരായ ചില മലയാളികൾ പല പൊതുപരിപാടികളും തങ്ങളുടെ കന്നഡ സ്വത്വത്തെ മറ്റുള്ളവരെകൊണ്ട് അംഗീകരിപ്പിക്കാൻ പെടാപ്പാട് പെടുന്നത് കണ്ട് ചിരി വന്ന അവസരവും ഉണ്ടായിട്ടുണ്ട്. മലയാളം പെറ്റമ്മ, കന്നഡ പൊറ്റമ്മ എന്നൊക്കെ അർത്ഥം വരുന്ന പാട്ടുകൾ ചിട്ടപ്പെടുത്തി മലയാളി അസോസിയേഷൻ വേദികളിൽ ഉറക്കെ വയ്ക്കുന്നതും കണ്ടിട്ടുണ്ട്. വീട്ടിലിരുന്ന് കുറ്റം പറഞ്ഞിട്ട്, നിലനിൽപ്പിനായി കന്നഡത്തേയും ഇവിടുത്തെ മനുഷ്യരെയും അംഗീകരിക്കുന്നതായും ബഹുമാനിക്കുന്നായും ഭാവിക്കുന്നതിനേക്കാൾ എന്തുംകൊണ്ട് ആത്മാർത്ഥയുള്ളത് മണിച്ചേട്ടന്റെ നിലപാടിന് തന്നെയാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അഖില പ്രേമചന്ദ്രന്‍

അഖില പ്രേമചന്ദ്രന്‍

മാധ്യമപ്രവര്‍ത്തക

More Posts

Share on

മറ്റുവാര്‍ത്തകള്‍