Continue reading “ഫാസിസം പല രൂപത്തിൽ വരും; അത് പശുവിന്റെ രൂപത്തിലും വരും”

" /> Continue reading “ഫാസിസം പല രൂപത്തിൽ വരും; അത് പശുവിന്റെ രൂപത്തിലും വരും”

">

UPDATES

വിശാഖ് ശങ്കര്‍

കാഴ്ചപ്പാട്

വിശാഖ് ശങ്കര്‍

ഫാസിസം പല രൂപത്തിൽ വരും; അത് പശുവിന്റെ രൂപത്തിലും വരും

                       

ഗോവധ നിരോധനം എന്ന ആവശ്യത്തിന് ദീർഘമായ ഒരു ചരിത്രമുണ്ടെന്നും അത്  ഗോമാതാ സങ്കൽപം എന്ന സാംസ്കാരിക നിർമ്മിതിയുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്നതും നമുക്കറിയാം. അതിന്റെ രാഷ്ട്രീയത്തിനും ഏതാണ്ട് അത്ര തന്നെ ദൈർഘ്യമുണ്ട്. ഈ ചരിത്രത്തെ മുൻനിർത്തിയാണ് ഇപ്പോൾ നടക്കുന്ന ചർച്ചകളിൽ ബിജെപി ആളും, തരവും, സ്ഥലവും ഒക്കെ നോക്കി അതിന്റെ കർതൃത്വം അവകാശപ്പെടുന്നതും, കയ്യൊഴിയുന്നതും. ബീഹാറിൽ തങ്ങൾ അധികാരത്തിൽ വന്നാൽ ഗോവധനിരോധനം കൊണ്ടുവരാം എന്ന വാഗ്ദാനം മുന്നോട്ട് വയ്ക്കുന്ന അതേ ബിജെപിയുടെ പ്രതിനിധികൾ കേരളത്തിൽ നടക്കുന്ന മാദ്ധ്യമ ചർച്ചകളിൽ ഇത് ഞങ്ങൾ പുതിയതായി കെട്ടിയിറക്കിയതൊന്നുമല്ലെന്ന് വാദിക്കും. ശരിയാണ്. ഇന്ത്യയിൽ ഇരുപത്തിനാലോളം സംസ്ഥാനങ്ങളിൽ ഇന്ന് ഗോവധ നിരോധനം പ്രാബല്യത്തിലുണ്ട്. അതൊക്കെയും ബിജെപി കൊണ്ടുവന്നതല്ല.

ഏതാണ്ട് 1950കൾ മുതൽക്കേ വ്യത്യസ്ത സംസ്ഥാനങ്ങൾ പലപ്പോൾ, പല ഭാഷ്യങ്ങളിൽ ഈ നിരോധനം നടപ്പിലാക്കിയിട്ടുണ്ട്. പലയിടങ്ങളിലും ഇത് നടപ്പിലാക്കിയത് കേരളത്തിൽ ഇതിനെ എതിർക്കുന്ന കൊണ്‍ഗ്രസ്സ് തന്നെയാണ് എന്നതും സത്യം. പക്ഷേ ഇവിടെ ഒരു വ്യത്യാസമുള്ളത് ഗോവധത്തിന് രാഷ്ട്രീയം ഉണ്ടെങ്കിൽ കൂടി അത് മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ദേശീയ നയത്തിലെ മുഖ്യഘടകമായിരുന്നില്ല എന്നതാണ്. ഗോവധനിരോധനം എന്ന അജണ്ട ഹിന്ദുത്വ രാഷ്ട്രീയത്തിന്റേതാണ്. ആ രാഷ്ട്രീയത്തിന്റെ വക്താക്കൾ കോണ്‍ഗ്രസ്സ് ഉൾപ്പെടെയുള്ള പല ഇന്ത്യൻ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും ഉണ്ടായിരുന്നു എന്നതാണ് വസ്തുത. അവർക്ക് മേൽക്കൈ ലഭിക്കുന്ന സവിശേഷ രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ച് പലയിടങ്ങളിൽ, പലകാലങ്ങളിൽ അത് നിലവിൽ വന്നു എന്ന് മാത്രം.

ഇവിടെയിപ്പോൾ സംഭവിക്കുന്നത് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രത്യക്ഷ ഉല്പന്നമായ ബിജെപി അതൊരു ദേശീയ അജണ്ടയായി സ്വീകരിക്കുന്നു എന്നതാണ്. അവർക്ക് പാർലമെന്ററി അധികാരം പോയിട്ട് പ്രതിനിധാനം പോലുമില്ലാത്ത കേരളത്തിൽ പോലും പല വഴികളിലൂടെ അതിന്റെ രാഷ്ട്രീയത്തെ പൊതുബോധത്തിലേക്ക് ഒളിച്ച് കടത്താൻ, അതിലൂടെ ഒരു  ഹിന്ദു-അഹിന്ദു സാമുദായിക ധ്രുവീകരണം നടപ്പിലാക്കാൻ അവരും, സംഘപരിവാരസംഘടനകളും ചേർന്ന് കിണഞ്ഞ് ശ്രമിക്കുന്നു. കേരളവർമ്മ കോളേജിലും, കാലടി സർവ്വകലാശാലയിലും മറ്റുമായി ഇപ്പോൾ നടക്കുന്ന സംഭവങ്ങളെ അതിന്റെ ഭാഗമായേ കാണാനാവൂ.

എന്തിന് ഗോവധം നിരോധിക്കപ്പെടണം?
എന്തിന് ഗോവധം നിരോധിക്കപ്പെടണം എന്നതാണ് സ്വാഭാവികമായും ആദ്യം ചർച്ച ചെയ്യേണ്ട വിഷയം. ഇത് കേവലം ഒരു വിശ്വാസത്തിന്റെ മാത്രം പ്രശ്നമല്ല, ‘റെഡ് മീറ്റ്” ഉണ്ടാക്കുന്ന സാമൂഹ്യ ആരോഗ്യ ഭീഷണിയുടെയും, കർഷക പക്ഷത്തുനിന്നുള്ള  കന്നുകാലി സംരക്ഷണ നിയമത്തിന്റെയും ഒക്കെ ഭാഗമായി കൂടി വിശകലനം ചെയ്യപ്പെടേണ്ട ഒരു മതേതരവിഷയമാണ് എന്നൊക്കെയുള്ള ചില പ്രച്ഛന്നസംഘികളുടെ വാദങ്ങൾ നിലനില്ക്കുന്നതല്ല.  മീനും പച്ചക്കറിയും എന്ന പോലെ ഒരു ശരാശരി  മലയാളിയുടെ നിത്യഭക്ഷണത്തിന്റെ ഭാഗമായ ഒന്നല്ല ബീഫ്. അതുകൊണ്ട് തന്നെ മലയാളിയുടെ ആരോഗ്യം സംരക്ഷിക്കാൻ കൂടി  വേണ്ടി  ബീഫ് നിരോധനം എന്നതരം ജാമ്യവാദങ്ങൾ വെറും പരിഹാസ്യം മാത്രമാണ്.

പിന്നെ  കന്നുകാലി സംരക്ഷണ നിയമത്തിന്റെ കാര്യം. കറവ വറ്റാത്ത കാലികളെ കൊല്ലുന്നത് തടയാൻ സത്യത്തിൽ ഒരു നിയമം തന്നെ ആവശ്യമില്ല. പശുവുൾപ്പെടെയുള്ള കന്നുകാലികളെ കർഷകർ വളർത്തുന്നത് അവരുടെ അതിജീവനത്തിന്റെ ഭാഗമായാണ്. അതുകൊണ്ട് തന്നെ ആദായമുള്ളിടത്തോളം പശുവിനെയെന്നല്ല, ആടിനെയും, കോഴിയെ പോലും  ഒരു കർഷകനും ‘പൂതിയ്ക്ക്’ അറുത്ത് തിന്നില്ല. അപ്പോൾ ഇവിടെ ഒരു കാര്യം വ്യക്തമാണ്. ഗോ ആരാധന എന്ന ഹിന്ദു ആചാരത്തിന്റെ ഭാഗമായാണ് പല രൂപത്തിൽ, പല ഭാഷ്യങ്ങളിൽ ഇത്തരം നിയമങ്ങൾ ഉണ്ടാകുന്നത്. അതിന് മനുഷ്യരുടെ ആരോഗ്യവുമായോ, കാർഷിക മേഖലയുമായോ ഒരു ബന്ധവും ഇല്ല.

ഫാസിസം പല രൂപത്തിൽ വരും; പശുവിന്റെ രൂപത്തിലും വരും
ഇന്ത്യൻ ഭരണഘടന അനുസരിച്ച് ഏത് പൗരനും തനിക്ക് ഇഷ്ടമുള്ള മതവിശ്വാസങ്ങൾ പിന്തുടരനാനും, ആചാരാനുഷ്ഠാനങ്ങൾ പാലിക്കാനും ഉള്ള അവകാശമുണ്ട്. അത് പൗരന്റെ മൗലികാവകാശങ്ങളിൽ പെടുന്നതാണ്. അതുകൊണ്ട് തന്നെ ഒരാൾക്ക് ഹിന്ദുമത വിശ്വാസത്തിന്റെ ഭാഗമായി പശുവിനെ ആരാധിക്കാം. അതിന്റെ മാംസം ഭക്ഷിക്കാതിരിക്കാം. ഗോമാതാവിന്റെ മഹത്വം സമൂഹത്തിൽ പ്രചരിപ്പിക്കാം. അത്തരം ഒരാളിനെ കൊണ്ട് നിർബന്ധിച്ച് ഗോമാംസം തീറ്റിക്കുകയോ, ഗോവധം നടത്തിക്കുകയോ ചെയ്യുന്നത് ആ വ്യക്തിയുടെ  ഭരണഘടനാപരമായ മൗലികാവകാശങ്ങളുടെ ധ്വംസനമാണ്. അത് ശിക്ഷാർഹമായ ഒരു കുറ്റകൃത്യവുമാണ്. അതായത് ഗോമാതാവിൽ വിശ്വസിക്കുവാനും, അതിനെ കൊല്ലാതിരിക്കാനും, അതിന്റെ മാംസം ഭക്ഷിക്കാതിരിക്കാനുമുള്ള ഒരു ഹിന്ദുമത വിശ്വാസിയുടെ മതപരവും, ആചാരബന്ധിയുമായ അവകാശത്തെ സംരക്ഷിക്കാൻ ‘ഗോവധ നിരോധനം’ എന്ന ഒരു നിയമത്തിന്റെ ആവശ്യമില്ല.

അപ്പോൾ പിന്നെ എന്താണ് പ്രശ്നം? ഗോവധനിരോധനം എന്ന ഹിന്ദുത്വവാദികളുടെ ആവശ്യത്തിലൂടെ ലക്ഷ്യംവയ്ക്കുന്നത് അവരുടെ മൗലികാവകാശത്തിന്റെ സംരക്ഷണമല്ല, അപരന്റെ അവകാശത്തിനുമേലുള്ള ഒരു കടന്ന് കയറ്റമാണ്. ഗോമാതാവിനെ ആരാധിക്കുന്ന ഹിന്ദുവിന്റെ പശുവിനെ മോഷ്ടിച്ച് കൊണ്ടുപോയി കൊന്ന് തിന്നുന്നവരെ ശിക്ഷിക്കാൻ ഇവിടെ വേറെ നിരവധി നിയമങ്ങളുണ്ട്. അതിനായി പുതിയൊരു നിയമത്തിന്റെ ആവശ്യമില്ല. അപ്പോൾ സ്വന്തം ചിലവിലും, അദ്ധ്വാനത്തിലും പോറ്റിയ കന്നുകാലിയെ തനിക്ക് ആവശ്യമുള്ളപ്പോൾ കൊല്ലാനുള്ള, അവരുടെ വിശ്വാസപ്രകാരം അനുവദനീയമായ, ഇന്ത്യൻ ഭരണഘടന അംഗീകരിക്കുന്ന അവരുടെ മൗലികാവകാശത്തിനു മേലാണ് അധിനിവേശം; അല്ലാതെ ഹിന്ദുവിനു മേലോ, ഹിന്ദുത്വവിശ്വാസാചാരങ്ങൾക്ക് മേലോ അല്ല.

പശുവിനെ ആരാധിക്കുന്നത് ഹിന്ദു ആചാരം. എന്നുവച്ച് പശു ഹിന്ദുവിന്റെ മാത്രം സ്വത്തല്ല. ഇന്ത്യയ്ക്ക് പുറത്ത് നിരവധി ദേശരാഷ്ട്രങ്ങളിൽ മനുഷ്യർ പശുവിനെ വളർത്തുകയും, കൊല്ലുകയും, അതിന്റേതുൾപ്പെടെയുള്ള വിവിധങ്ങളായ മാംസഭക്ഷണങ്ങൾ കഴിക്കുകയും ചെയ്യുന്നുണ്ട്. അവിടെയൊന്നും ഹിന്ദുത്വവാദത്തിന് ഒന്നും ചെയ്യാനില്ല. അത് അവരുടെ അജണ്ടയുമല്ല. അപ്പോൾ തങ്ങൾക്ക് ഏതെങ്കിലും തരത്തിൽ അധികാരമുള്ള ഇടങ്ങളിൽ തങ്ങളുടെ അജണ്ട ഏകപക്ഷീയമായി നടപ്പിലാക്കുക എന്നതാണ്. അതിനാണ് ഫാസിസം എന്ന് പറയുന്നത്. അത് ഘട്ടം ഘട്ടമായ ഒരു ഭൂരിപക്ഷ പൊതുബോധത്തിന്റെ നിർമ്മിതിയിലൂടെ നിലവിൽ വരുന്ന  സമഗ്രമായ ഒരു രാഷ്ട്രീയ, സാംസ്കാരിക അവസ്ഥ കൂടിയാണ്. ഒരുപക്ഷേ വേണ്ടത്ര ജാഗ്രത പുലർത്തിയില്ലെങ്കിൽ ഒരു ജനാധിപത്യവ്യവസ്ഥ അനായാസം ചെന്ന് വീഴാവുന്ന ഒരു ചതിക്കുഴിയാണത്. സമരം ചെയ്യുന്നവർക്ക് തോന്നും അത് തങ്ങളുടെ അധികാരത്തിനായാണെന്ന്. കിട്ടി കഴിഞ്ഞേ അറിയൂ അത് പുറത്ത് നിർത്തുന്നത് തങ്ങളെക്കൂടിയാണെന്ന്. 

കേരളവർമ്മ കോളേജും ബീഫ് ഫെസ്റ്റിവലും
ഇക്കുറി ബിജെപി അധികാരത്തിൽ വന്നതുമുതൽ തുടങ്ങിയ ബീഫ് നിരോധനം എന്ന അവരുടെ ദേശീയ അജണ്ടയുടെ നടപ്പിലാക്കലിനെതിരേ കേരളത്തിൽ രൂപം കൊണ്ട ഒരു സമരരൂപമാണ് ബീഫ് ഫെസ്റ്റിവൽ. അതിനൊരു രാഷ്ട്രീയവും, സാംസ്കാരികവുമായ ഉള്ളടക്കമുണ്ട്. അത് ഭരണകൂട നിയന്ത്രണത്തിൽ നടക്കുന്ന അയുക്തികമായ ഓരോ നിരോധനവും വിശാലമായ അർത്ഥത്തിൽ അടിസ്ഥാന ജനാധിപത്യ മൂല്യങ്ങളുടെ നിഷേധമാണെന്നും അവയെ പ്രതിരോധിക്കേണ്ടത് അവയെ നിഷേധിച്ചുകൊണ്ടാണെന്നും ഉള്ള പുതിയതല്ലാത്ത, ചരിത്രപരം തന്നെയായ ഒരു തിരിച്ചറിവാണ്. നിയമലംഘന പ്രസ്ഥാനം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാകുന്നത് അങ്ങനെയാണ്. ഗാന്ധി ദണ്ഢിയാത്ര നടത്തിയത് കടലിലെ വെള്ളം  മുഴുവൻ കുറുക്കി ഉപ്പാക്കി പ്രാപഞ്ചിക തുലനം തകർക്കാനായിരുന്നു എന്ന് ആരും പറയില്ലല്ലോ. അതുപോലെ ഒരു പ്രതീകാത്മക സമരം തന്നെയായിരുന്നു മുമ്പ് ബിജെപി സർക്കാരിന്റെ വ്യാപക ബീഫ് നിരോധന നീക്കത്തിനെതിരേ വൈ എഫ് ഐ നടത്തിയ ബീഫ് ഫെസ്റ്റിവലും, ഇപ്പോൾ ദാദ്രി സംഭവത്തിന്റെ പശ്ചാത്തലത്തിൽ എസ് എഫ് ഐ കേരളവർമ്മ കോളേജിൽ നടത്തിയ ബീഫ് ഫെസ്റ്റിവലും.

നാളിതുവരെ ഒരു കലാലയ സമരവുമായി ബന്ധപ്പെടുത്തി ആരും ഉന്നയിച്ച് കേൾക്കാത്ത ഒരു വാദമാണ് ഈ സമരത്തിനെതിരെ പരിവാര സംഘടനകൾ ഉന്നയിച്ച് കേട്ടത്. അതായത് കോളേജ് കാമ്പസിനുള്ളിൽ നടക്കുന്ന ഒരു സമരം ക്ഷേത്രത്തിന്റെ വിശുദ്ധിയെ നഷ്ടപ്പെടുത്തുമെന്ന്. നാനാജാതിമതസ്ഥർ ഒരുമിച്ച് പഠിക്കുന്ന കലാലയത്തിനുള്ളിൽ എങ്ങനെ ഒരു അമ്പലം വന്നു? രണ്ട് മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് അവിടെ പഠിച്ചിരുന്നവരുടെ പ്രതികരണങ്ങളിൽ നിന്നും മനസിലാകുന്നത് കാംപസ്സിനുള്ളിൽ ഒരു ആൽമരവും, അവിടെ വെച്ചാരാധനയോ, മറ്റ് അനുഷ്ഠാനങ്ങളൊ, നിത്യപൂജയോ ഒന്നുമില്ലാത്ത ഒരു വിഗ്രഹവും ഉണ്ടായിരുന്നു എന്നാണ്. അന്നത് നാനാ ജാതിമതസ്ഥരിരിക്കുന്ന, സൊറ പറയുകയും സിഗരറ്റ് വലിക്കുകയും ചെയ്യുന്ന മരത്തണലിലെ പരമാവധി ഒരു ശില്പമാത്ര സാന്നിദ്ധ്യമായിരുന്നു.

ഏത് കല്ലിലും അനുകൂല സാഹചര്യങ്ങളിൽ പുനർജനിക്കാവുന്ന ഫോസിലുകൾ ഉണ്ടാകാം എന്ന തിരിച്ചറിവ് അന്ന് അവർക്ക് ഇല്ലാതെപോയി എന്നതാണ്  ഇന്ന് പശ്ചാത്താപം കൊണ്ടും തീരാത്ത ഒരു കുറ്റമായി കാമ്പസ്സാകെ, കേരളമാകെ നിറയുന്നത്. അമ്പലമുള്ളതു കൊണ്ട് ബീഫ് കൊണ്ട് കയറാൻ പാടില്ല എന്ന വാദത്തെ കണ്ടില്ലെന്ന് നടിച്ചാൽ നാളെ ‘അശുദ്ധിയുള്ള’ ദിവസങ്ങളിൽ വിദ്യാർത്ഥിനികൾ വരാൻ പാടില്ലെന്ന്, പിന്നെ അവിടെനിന്ന് നിത്യബ്രഹ്മചാരിയായ അയ്യപ്പനാണ് പ്രതിഷ്ഠ എന്നതിനാൽ ഋതുമതിയാവാത്തവരും, ആർത്തവം നിലച്ചവരുമായ സ്ത്രീകൾ മാത്രം വന്നാൽ മതിയെന്ന് തിട്ടൂരങ്ങൾ ഉണ്ടായാൽ!

വെരട്ടലിൽ നിന്ന് ലക്ഷണമൊത്ത ഫാസിസത്തിലേക്ക്
ഘട്ടം ഘട്ടമായി പൊതുബോധത്തിൽ പ്രവേശിച്ച് എല്ലാം സ്വാഭാവികമാണെന്ന പ്രതീതി ജനിപ്പിച്ചുകൊണ്ട് ജനാധിപത്യത്തിൽ  നിലവിൽ വന്ന് അതിനെത്തന്നെ അട്ടിമറിക്കുന്ന ഒന്നാണ് ഫാസിസം. അതിന് ഒന്ന്, രണ്ട് എന്ന് എണ്ണിപ്പറയാവുന്ന ലക്ഷണങ്ങളുണ്ട്. അത് അനുഭവമുള്ള ഉമ്പർട്ടോ എക്കോയെ പോലെയുള്ള ബുദ്ധിജീവികൾ എണ്ണിപ്പറഞ്ഞ് പട്ടികപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കേരളത്തിൽ ഇന്നും സംഘപരിവാരമോ, ബിജെപിയോ നേരിട്ട് പാർലമെന്ററി പ്രതിനിധാനം നേടിയിട്ടില്ലെങ്കിലും അത് ദൂരെയല്ല എന്ന് സൂചിപ്പിക്കുന്ന ലക്ഷണങ്ങൾ കണ്ട് തുടങ്ങിയിരിക്കുന്നു.

കേരള വർമ്മ കോളേജിൽ നടന്നതും മറ്റൊന്നല്ല. ബീഫ് ഫെസ്റ്റിവൽ എന്ന പ്രതീകാത്മക സമരത്തെ കാമ്പസ്സിൽ അനുവദിക്കില്ലെന്നും, നടത്താൻ ശ്രമിച്ചാൽ കായികമായി നേരിടും എന്നും വെല്ലുവിളിച്ച ഒരു സംഘടന അത് നടപ്പിലാക്കുന്നതിനിടയിൽ സ്വാഭാവികമായും നേരിട്ട കായികമായ തിരിച്ചടിയെ ഒറ്റപ്പെട്ട ഒരു ദൃശ്യത്തിലൂടെ ആവിഷ്കരിച്ച് പൊതുബോധം രൂപീകരിക്കാൻ ശ്രമിച്ച മാദ്ധ്യമങ്ങളുടെ താല്പര്യം വ്യക്തമാണ്. എന്നാൽ ഇതിനെല്ലാം സാക്ഷിയായ, നഗ്നമായ നീതിലംഘനത്തിലും രണ്ട് പക്ഷം നിർമ്മിച്ച് മുന്നേറുന്ന ഹിന്ദുത്വ രാഷ്ട്രീയസംവാദത്തിൽ നിഷ്പക്ഷത എന്നത് ജ്ഞാനപരമായ നിർജ്ജീവാവസ്ഥ തന്നെയാണ് എന്ന് തിരിച്ചറിഞ്ഞതു കൊണ്ട് ആ  സംവാദത്തിൽ തന്റെ പക്ഷം പരസ്യമായി വെളിപ്പെടുത്തിയ ദീപ എന്ന അദ്ധ്യാപിക ഇന്ന് തന്റെ നിലപാടിന്റെ പേരിൽ വിശദീകരണം നൽകാൻ നിർബന്ധിതയായിരിക്കുന്നു. എന്തുകൊണ്ട്? പരാതിപ്പെടാൻ ആളുണ്ടായി എന്നതിനാൽ. പരാതി ഉണ്ടായാൽ നടപടി വേണ്ടേ?

കാലടി സംസ്കൃത സർവ്വകലാശാലയിൽ നടന്നതും അതുതന്നെ. ഫാസിസത്തിനെതിരെ നടക്കാനിരുന്ന അദ്ധ്യാപകരും, വിദ്യാർത്ഥികളും, സാംസ്കാരിക പ്രവർത്തകരും, ബുദ്ധിജീവികളും ഒക്കെ ചേരുന്ന ഒരു കൂട്ടായ്മ. അതിനെതിരെയും ഇതേ സംഘടന പരാതിയുമായി രംഗത്ത് വരുന്നു. പരാതിയുണ്ടായാൽ നടപടി വേണ്ടേ? അങ്ങനെ ആ പരിപാടിക്ക് അനുമതി നിഷേധിക്കപ്പെടുന്നു.

പരാതികൾ അതിന് പിന്നിലെ നീതിബന്ധിയായ ഉള്ളടക്കം വച്ചല്ല, അധികാരം മുൻനിർത്തി പരിഗണിക്കണൊ, വേണ്ടയോ എന്ന് തീരുമാനിക്കുന്ന അധികൃതർ കോളേജ് മുതൽ കോടതിയിൽ വരെ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നാലായി മാറിനിന്ന് ഒരു ഘടനയെ താങ്ങേണ്ടുന്ന കാലുകൾ ഫലത്തിൽ ഒന്നായി തീരുകയാണ്. ഒരു ജനാധിപത്യ, മതേതര, സോഷ്യലിസ്റ്റ്, സെക്കുലർ റിപ്പബ്ലിക്ക് എന്ന നിലയിൽ ഇന്ത്യ എന്ന ദേശരാഷ്ട്രത്തെ നിർമ്മിച്ചതും നിലനിർത്തുന്നതും സുലിഖിതമായ അതിന്റെ ഭരണഘടനയാണ്. അതിന്റെ നാല് കാലുകളാണ് ഇന്ന് തരം പോലെ ഒന്നിക്കുകയും വിഘടിക്കുകയും ചെയ്യുന്ന ഒരു വിചിത്ര വാസ്തുശില്പ ഘടനയായി മാറുന്നത്.

എത്രനാൾ താങ്ങുമോ എന്തോ?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

  

വിശാഖ് ശങ്കര്‍

വിശാഖ് ശങ്കര്‍

എഴുത്തുകാരന്‍, സാമൂഹിക നിരീക്ഷകന്‍. വിദേശത്ത് താമസം. അഴിമുഖത്തില്‍ വിപരീതപഥങ്ങള്‍ എന്ന കോളം ചെയ്യുന്നു

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍