Continue reading “എം.പി അനില്‍കുമാര്‍: പൂക്കള്‍ പോലെ ജീവിതം വിരിയിച്ച ഒരാള്‍”

" /> Continue reading “എം.പി അനില്‍കുമാര്‍: പൂക്കള്‍ പോലെ ജീവിതം വിരിയിച്ച ഒരാള്‍”

"> Continue reading “എം.പി അനില്‍കുമാര്‍: പൂക്കള്‍ പോലെ ജീവിതം വിരിയിച്ച ഒരാള്‍”

">

UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എം.പി അനില്‍കുമാര്‍: പൂക്കള്‍ പോലെ ജീവിതം വിരിയിച്ച ഒരാള്‍

                       

യാമിനി നായര്‍

2012 ഫെബ്രുവരി 21, കുറച്ചു കാലത്തേ ഇമെയില്‍ സൌഹൃദത്തിനോടുവില്‍ എം.പി അനില്‍ കുമാറിനെ കാണാന്‍ പോയ ദിവസം. എനിക്ക് അനിലിനെ പരിചയപ്പെടുത്തിയ പ്രദീപും ഭാര്യ ശ്രീരേഖയും ഒപ്പമുണ്ട്. 

Kirkkee-യിലെ പാരാപ്ലെജിക് ഹോമിന്റെ പടി എത്തുമ്പോള്‍ മനസ്സില്‍ ആശങ്കയായിരുന്നു. ഞാന്‍ കാണാന്‍ പോകുന്നത് ഒരു സാധാരണ സുഹൃത്തിനെ അല്ല, മനസ്സില്‍ ഒരു പ്രതിഷ്ഠ പോലെ ഞാന്‍ ആരാധിക്കുന്ന ഒരാള്. സ്വന്തം ജീവന്‍ എരിഞ്ഞടങ്ങുമ്പോഴും അനേകം ജീവനെ ജ്വലിപ്പിച്ചുനിര്‍ത്തുന്ന ധീരനായ പോരാളി. ചെറുപ്പക്കാരും പ്രായമായവരും സ്വന്തം ജീവനില്‍ പകര്‍ത്താന്‍ ഉത്തേജനം കണ്ട വ്യക്തി. 

അതിനു ഏകദേശം മൂന്നു വര്‍ഷം മുമ്പായിരുന്നു എം.പി അനില്‍കുമാര്‍ എന്ന പ്രതിഭാസത്തെ പ്രദീപ് എനിക്ക് പരിചയപ്പെടുത്തിയത്. എന്റെ ജീവിതത്തിലെ ഒരു ദുഷ്‌കരമായ കാലഘട്ടം എന്ന് ഞാന്‍ കരുതിയിരുന്ന സമയം. പക്ഷെ പ്രദീപ്, അനിലിന്റെ ജീവിതം എന്നോട് വിവരിച്ചപ്പോള്‍, ഞാന്‍ ഒന്നുമല്ലാതായ പോലെ തോന്നി. എനിക്ക് എന്നെപ്പറ്റി നാണക്കേട് തോന്നി. ഒരു മഹാമേരുവിന്റെ മുന്നില്‍ തലകുനിച്ചു നില്ക്കുന്ന ഒരു ചെറു ജീവനായി മാറി ഞാന്‍. കഴുത്തിന് താഴെ തളര്‍ന്നു കിടന്നപ്പോഴും തളരാത്ത മനസ്സുമായി പേന കടിച്ചു പിടിച്ചു ചിന്തകളെ പ്രചോദനം ആക്കിയ മഹാന്‍.

പടര്‍ന്നു പന്തലിച്ചു നില്ക്കുന്ന ഒരു ആല്‍മരം പോലെ അനില്‍. അതിന്റെ തണല്‍ ആവശ്യത്തിലേറെ എടുക്കാന്‍ ചുറ്റും കൂടിയ ചെറു ജീവികളില്‍ ഞാനും. അങ്ങനെയാണ് ആ അടുപ്പം തുടങ്ങിയത്. മനസ്സ് മുഴുവന്‍ ആരാധനയായിരുന്നു. തെല്ലും സഹതാപം ഇല്ലാതെ.


യാമിനി, ശ്രീരേഖ, പ്രദീപ് എന്നിവര്‍ അനിലിനൊപ്പം

പ്രദീപ് തന്ന ഇമെയില്‍ വിലാസത്തില്‍ ഞാന്‍ അനിലിനു ആദ്യമായി എഴുതി. അത് മുഴുവന്‍ ആരാധനയായിരുന്നു. പിന്നെ, എങ്ങനെ ആ വ്യക്തി തന്റെ പ്രകാശം നാട് മുഴുവന്‍ പരത്തി പ്രചോദനമാക്കുന്നു എന്നും. അനിലിന് അതില്‍ പുതുമ തോന്നാന്‍ ഒന്നുമില്ലായിരുന്നു. അദ്ദേഹം കേട്ട് മടുത്ത വാക്കുകളായിരിക്കും ഞാന്‍ എഴുതിയത്. എന്നെ അതിശയിപ്പിച്ചു കൊണ്ട് അനില്‍ മറുപടി അയച്ചു. ദീര്‍ഘമായ ആ മറുപടിയില്‍ ഏതൊരു മനുഷ്യനും പ്രചോദനമാകുന്ന വാക്കുകള്‍. പൊടി നര്‍മ്മവും ചാലിച്ചുള്ള മറുപടി വര്‍ഷങ്ങളായി തളര്‍ന്നുകിടക്കുന്ന ഒരു മനുഷ്യന്‍ എഴുതിയതാണെന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നും.

കഴക്കൂട്ടം സൈനിക് സ്‌കൂളിലെ കുട്ടികളുടെ ആരാധനാ പാത്രമായ എന്‍.ബി.എന്‍ സാറിന്റെ വാക്കുകളും അനില്‍ എനിക്ക് എഴുതി: Count your blessings. ചീയേഴ്‌സ് പറഞ്ഞാണ് കത്തവസാനിപ്പിച്ചത്. 

അദ്ദേഹം എഴുതി  പ്രസിദ്ധപ്പെടുത്തിയ ലേഖനങ്ങളെല്ലാം അത്ഭുതത്തോടെയാണ് വായിച്ചിരുന്നത്. അതിശയിപ്പിക്കുന്നതായിരുന്നു എഴുതിയിരുന്ന വിഷയങ്ങളില്‍ അദ്ദേഹത്തിനുള്ള അവഗാഹം. അതിലേറെ മനോഹരമായ ഭാഷയും. ഓടി നടന്നു വിഷയങ്ങള്‍ തേടിപ്പിടിച്ച് എഴുതുന്ന പല റിപ്പോര്‍ട്ടര്‍മാരെയും നാണിപ്പിക്കുന്ന രീതിയില്‍ ആഴമുള്ള ലേഖനങ്ങള്‍.

അതു കഴിഞ്ഞു മെയിലുകളിലൂടെ വളര്‍ന്ന സൌഹൃദമാണ് എന്നെ പുനെയിലെ പാരാപ്ലെജിക് ഹോമില്‍ എത്തിച്ചിരിക്കുന്നത്. അവിടെ ഗേറ്റ് കടന്നപ്പോള്‍ വികാരങ്ങളുടെ വേലിയേറ്റം ആയിരുന്നു മനസില്‍.

വൃത്തിയും വെടിപ്പും ഓരോ കോണിലും കാണാവുന്ന കാമ്പസിനുള്ളില്‍ ഞങ്ങള്‍ അനുമതി വാങ്ങി അകത്തു കടന്നു. ഒടുവില്‍, ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോകുന്നു: ആ പോരാളിയെ!

പാരാപ്‌ളെജിക് ഹോമിന്റെ ഇടനാഴിയില്‍ ഒരു വീല്‍ ചെയറില്‍ ആത്മവിശ്വാസം മുറ്റിനില്ക്കുന്ന മുഖവുമായി അനില്‍. എല്ലാ ആശങ്കകളും കാറ്റില്‍പ്പറത്തി അദ്ദേഹം ഞങ്ങളെ സ്വാഗതം ചെയ്തു. ഒറ്റ നോട്ടത്തില്‍ തന്നെ, ഒറ്റ വാക്കില്‍ തന്നെ ആര്ക്കും മനസ്സിലാവും എന്ത് കൊണ്ടാണ് അനിലിനെ ധീരനായ പോരാളി എന്ന് പറയുന്നതെന്ന്.  

പിന്നെ ഏകദേശം രണ്ടു മണിക്കൂര്‍ സമയം എങ്ങനെ പോയി എന്നറിയില്ല. ഞാന്‍ കണ്ണുകള്‍ നിറയെ ആരാധനയുമായി അദ്ദേഹത്തെ നോക്കിയിരുന്നു. രാജ്യസുരക്ഷ മുതല്‍ സര്‍ക്കാര്‍നയങ്ങളും സൈനിക് സ്‌കൂളിലെ ജീവിതവും അടക്കം വാ തോരാതെ അദ്ദേഹം സംസാരിച്ചു. വായില്‍ ഒരു സ്റ്റിക് വച്ച് കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിച്ചും കാണിച്ചു തന്നു. അദ്ദേഹത്തിന്റെ റൂമില്‍ നിറയെ സ്‌കൂള്‍ കുട്ടികള്‍ സമ്മാനിച്ച പെയിന്റിംഗുകളാണ്. ഓരോന്നും വൃത്തിയായി ഫ്രെം ചെയ്തു തൂക്കിയിരിക്കുന്നു. 

സ്വതസിദ്ധമായ ശൈലി, നിറഞ്ഞു തുളുമ്പുന്ന ആത്മവിശ്വാസം, തെല്ലും സഹതാപം തോന്നിപ്പിക്കാത്ത പെരുമാറ്റം… ധീരനായ പോരാളി എന്ന് മുദ്ര കുത്താന്‍ ഇതിലേറെ എന്ത് വേണം! അന്ന് വിട പറഞ്ഞു പോരുമ്പോള്‍ ഇനിയും കാണാം എന്ന് പറഞ്ഞിരുന്നു. പക്ഷെ കഴിഞ്ഞില്ല.

ഇരുപത്തിയാറ് വര്‍ഷങ്ങള്‍ പോരാടിയ ജീവിതം എല്ലാ പോരാട്ടങ്ങളില്‍ നിന്നും മുക്തി നേടി അകന്നു പോയി എന്നറിഞ്ഞപ്പോ മനസ്സില് ആശ്വാസം തോന്നി, പക്ഷെ അടക്കാനാവാത്ത വേദനയും. തളര്‍ന്ന് കിടന്ന ആ ദേഹം എത്ര പേരെ താങ്ങി നിര്‍ത്തിയിരുന്നു എന്ന് അദ്ദേഹം അറിഞ്ഞിരുന്നോ?  

(തിരുവനന്തപുരം സ്വദേശിയായ യാമിനി ബാംഗ്ലൂര്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്ററാണ്)

എം.പി അനില്‍കുമാര്‍: ഇനിയില്ല ആ വെള്ളിനക്ഷത്രം

 

Share on

മറ്റുവാര്‍ത്തകള്‍