അഴിമുഖം പ്രതിനിധി
ഒടുവില്‍ 63 കാരനായ എം കെ സ്റ്റാലിന്‍ എന്ന ഡിഎംകെയുടെ ‘യുവ’ജനവിഭാഗം ജനറല്‍ സെക്രട്ടറി മുതിര്‍ന്നവരുടെ കളിക്ക് തയ്യാറെടുക്കുകയാണോ? മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തോടെ കലങ്ങി മറിയുന്ന തമിഴ്‌നാട് രാഷ്ട്രീയത്തില്‍ മുഖ്യപ്രതിപക്ഷമായ ഡിഎംകെയും മാറി വരുന്ന കാറ്റിനനുസരിച്ച് തൂറ്റാനുള്ള ശ്രമത്തിലാണ്. ഭരണകക്ഷിയായ എഐഎഡിഎംകെയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ‘തോഴി’ ശശികല നടരാജനെ അവരോധിക്കാനുള്ള നീക്കള്‍ സജീവമായതോടെയാണ് മറുമരുന്നുമായി ഡിഎംകെ തയ്യാറെടുക്കുന്നത്.
തന്റെ പിന്മാഗാമിയായി ദ്രാവിഡ രാഷ്ട്രീയത്തിന്റെ ഏകച്ഛത്രാധിപതി കരുണാനിധി വളരെക്കാലം മുമ്പ് തന്നെ സ്റ്റാലിനെ അവരോധിച്ചിരുന്നു. എന്നാല്‍ പുറത്തുനിന്നുള്ളതിനേക്കാള്‍ കുടുംബത്തില്‍ നിന്നുള്ള എതിര്‍പ്പുകളാണ് മുതര്‍ന്നവരുടെ ഇടയിലേക്ക് എത്താനാവാതെ ഈ പ്രായത്തിലും യുവനേതാവായി ഒതുങ്ങാന്‍ അദ്ദേഹത്തെ നിര്‍ബന്ധിതനാക്കിയത്. ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ സ്റ്റാലിനെ തെറിപറഞ്ഞു എന്നതിന്റെ പേരില്‍ ജ്യേഷ്ഠനും മുഖ്യശത്രുവുമായ അളഗിരിയെ 2014ല്‍ പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയതോടെയാണ് കുടുംബഛിദ്രത്തിന് ഒരു താല്‍ക്കാലിക അന്ത്യമായത്.
ഡിസംബര്‍ 20ന് ചേരുന്ന ഡിഎംകെ ജനറല്‍ കൗണ്‍സില്‍ സ്റ്റാലിനെ പാര്‍ട്ടിയുടെ വര്‍ക്കിംഗ് പ്രസിഡന്റായി ഉയര്‍ത്തുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സ്‌ക്രോള്‍.ഇന്‍ പത്രത്തോട് പറഞ്ഞു. കരുണാനിധി പാര്‍ട്ടി അദ്ധ്യക്ഷനായി തുടരും. സ്റ്റാലിനെ പാര്‍ട്ടി തലപ്പത്തേക്ക് കൊണ്ടുവരുന്നതിന് രണ്ട് കാരണങ്ങളാണ് അവര്‍ ഉയര്‍ത്തിക്കാണിക്കുന്നത്. ഒന്ന് പരിതാപകരമായ കരുണാനിധിയുടെ ആരോഗ്യാവസ്ഥ. ഏറെക്കാലമായി വാര്‍ദ്ധക്യസഹജ അസുഖങ്ങള്‍ വേട്ടയാടുന്ന 94-കാരനായ കരുണാനിധിയുടെ ജോലി ഭാരം കുറയ്ക്കണമെന്നും കൂടുതല്‍ വിശ്രമം അനുവദിക്കണമെന്നും പാര്‍ട്ടിയും കുടുംബവും കരുതുന്നു.
കരുണാനിധിക്ക് പോരുന്ന ശത്രുക്കള്‍ എഡിഐഎംകെയില്‍ ഇല്ല എന്നതാണ് അവര്‍ രണ്ടാമതായി ചൂണ്ടിക്കാണിക്കുന്ന കാര്യം. ആദ്യം എംജിആറും പിന്നീട് ജയലളിതയുമായുള്ള ശത്രുതയായിരുന്നു കരുണാനിധിയുടെ നിലനില്‍പ്പ്. താന്‍പോരിമയുള്ള ശത്രുക്കള്‍ ഇല്ലാതെ കരുണാനിധിക്ക് തമിഴ്‌നാടിന്റെ ദൈനംദിന രാഷ്ട്രീയത്തില്‍ കാര്യമായ ഇടപെടലിന് അവസരമില്ലെന്ന് അവര്‍ വിലയിരുത്തുന്നു.
മാത്രമല്ല, ശശികലയെ പോലെ യാതൊരു രാഷ്ട്രീയ പാരമ്പര്യവുമില്ലാത്ത ഒരാളെ നേരിടാന്‍ സ്റ്റാലിന്‍ തന്നെ അധികമാണെന്നും അവര്‍ അവകാശപ്പെടുന്നു. അടിയന്തിരാവസ്ഥ കാലത്ത് ആഭ്യന്തര സുരക്ഷ പരിപാലന ചട്ടപ്രകാരം അറസ്റ്റ് വരിച്ച നേതാവാണ് സ്റ്റാലിന്‍. 2009-11 കാലഘട്ടില്‍ കലൈ്ഞ്ജറുടെ കീഴില്‍ സംസ്ഥാന ഉപമുഖ്യമന്ത്രിയുമായിരുന്നു. ഇത്തരം പാരമ്പര്യങ്ങള്‍ അവകാശപ്പെടാവുന്ന ഒരാളും തല്‍ക്കാലും മുഖ്യശത്രുപക്ഷത്തില്ല.
എന്നാല്‍ സ്റ്റാലിനെ വര്‍ക്കിംഗ് പ്രസിഡന്റാക്കണമെങ്കില്‍ പാര്‍ട്ടിയുടെ ഭരണഘടന ഭേദഗതി ചെയ്യേണ്ടി വരും. വര്‍ക്കിംഗ് പ്രസിഡന്റിന്റെ ഉത്തരവാദിത്വങ്ങള്‍ വ്യക്തമാക്കുന്ന ഭേദഗതി 20ന് ചേരുന്ന ജനറല്‍ കൗണ്‍സില്‍ പാസാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതുവില്‍ വൃദ്ധന്മാരാണ് പുരാതന ദ്രാവിഡ പാര്‍ട്ടിയെ ഇപ്പോള്‍ നയിക്കുന്നത്. പ്രസിഡന്റ് കരുണാനിധിയെക്കാള്‍ പ്രായമുള്ളയാളാണ് ജനറല്‍ സെക്രട്ടറി കെ അന്‍പഴകന്‍. അന്‍പഴകന്‍ സ്ഥാനമൊഴിഞ്ഞ് സ്റ്റാലിനെ ജനറല്‍ സെക്രട്ടറിയാക്കണമെന്നും പാര്‍ട്ടിയില്‍ അഭിപ്രായമുണ്ട്.
1953ല്‍ ജനിച്ച മുത്തവേല്‍ കരുണാനിധി സ്റ്റാലിന്‍ 1989ല്‍ ചെന്നൈ പട്ടണത്തിലെ തൗസന്റ് ലൈറ്റ്‌സ് നിയോജകമണ്ഡലത്തില്‍ നിന്നാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. 1996 മുതല്‍ 2001 വരെ ചെന്നൈ മേയറായിരുന്ന കാലത്താണ് അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്.