Continue reading “മോദിയുടെ പ്രതിപക്ഷം; രാഹുല്‍ ഗാന്ധി മതിയാകില്ല”

" /> Continue reading “മോദിയുടെ പ്രതിപക്ഷം; രാഹുല്‍ ഗാന്ധി മതിയാകില്ല”

"> Continue reading “മോദിയുടെ പ്രതിപക്ഷം; രാഹുല്‍ ഗാന്ധി മതിയാകില്ല”

">

UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദിയുടെ പ്രതിപക്ഷം; രാഹുല്‍ ഗാന്ധി മതിയാകില്ല

                       

ടീം അഴിമുഖം

മുപ്പതുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇന്ത്യയില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ ഒരു സര്‍ക്കാരുണ്ടാകുന്നത്. അതിന്റെ നേതാവാകട്ടെ, വിവാദപുരുഷനായ രാഷ്ട്രീയക്കാരന്‍, നരേന്ദ്ര മോദിയും. ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയില്‍ താമസംവിനാ തീരുമാനങ്ങളെടുക്കാന്‍ കഴിവുള്ള ആളായിട്ടാണ് പൊതുവെ അദ്ദേഹം അറിയപ്പെട്ടിരുന്നത്. സാമ്പത്തിക വളര്‍ച്ചയിലും അഭിവൃദ്ധിയിലും ശ്രദ്ധ കേന്ദ്രീകരിച്ച, വ്യാവസായാഭിമുഖ്യമുള്ള രാഷ്ട്രീയക്കാരനും നിക്ഷേപകനുമായിട്ടാണ് അദ്ദേഹത്തിനുള്ള പ്രതിച്ഛായ. ഈ ഇമേജ് അദ്ദേഹത്തിനു ചാര്‍ത്തിക്കൊടുത്തതാകട്ടെ, രാജ്യത്തെ കോര്‍പ്പറേറ്റ് ഉന്നതന്മാരും. മോദി വ്യാവസായാഭിമുഖ്യമുള്ള നേതാവാണെന്ന തരത്തിലുള്ള കാഴ്ചപ്പാട് മുന്‍നിര്‍ത്തി ബിജെപി നടത്തിയ തെരെഞ്ഞെടുപ്പ് പ്രചാരണമാണ് അവരെ തെരെഞ്ഞെടുപ്പില്‍ ഏറ്റവും മികച്ച വിജയത്തിലേക്ക് കൊണ്ടെത്തിച്ചത്.

 

ഇത്രയും മൃഗീയ ഭൂരിപക്ഷത്തില്‍ വിജയിച്ച മോദി സര്‍ക്കാരിന്റെ പ്രതിപക്ഷത്തിരിക്കാന്‍ ആര്‍ക്കാണ് കഴിയുക?

 

പറഞ്ഞുകേട്ട എല്ലാ കഥകള്‍ക്കുമപ്പുറം ഇലക്ഷന്‍ തൂത്തുവാരി മോദി പ്രതിപക്ഷത്തെ നിശബ്ദരാക്കി. പാര്‍ലമെന്റില്‍ മോദിക്കെതിരെ വളരെ വളരെ ദുര്‍ബലമായ ഒരു പ്രതിപക്ഷമാകും ഉണ്ടാവുക. മോദിയെയോ മോദിയുടെ നയങ്ങളെയോ ഏതെങ്കിലും തരത്തില്‍ എതിര്‍ക്കാന്‍ പോലും രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിനു കഴിയുകയില്ല.

 

ഇതിനു രണ്ടു കാരണങ്ങളുണ്ട്. ആദ്യത്തേത്, നരേന്ദ്ര മോദി പിന്തുടരേണ്ട നയങ്ങളുടെ കാര്യത്തില്‍ കോണ്‍ഗ്രസ്സ് എപ്പോഴൊക്കെ ശബ്ദമുയര്‍ത്തിയാലും അപ്പോഴൊക്കെ അവരെ നിശബ്ദരാക്കാന്‍ ബിജെപിക്കു സാധിക്കും. കോണ്‍ഗ്രസ്സിന്റെ നയങ്ങളില്‍ നിന്നും വലിയ വ്യത്യാസമൊന്നുമുണ്ടാകില്ല മോദിയുടെ നയങ്ങള്‍ക്കുമെന്ന് ഗുജറാത്തിലെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ നമുക്കറിയാവുന്നതാണ്. വ്യത്യാസം അതു നടപ്പാക്കുന്ന രീതികളില്‍ മാത്രമാവും. കഴിഞ്ഞ കാലഘട്ടത്തില്‍ പല നയങ്ങളും നടപ്പില്‍ വരുത്തുന്നതില്‍ ബിജെപി കോണ്‍ഗ്രസ്സിനെ പിന്തുണച്ചിട്ടുണ്ട്. തീര്‍ച്ചയായും വരാനിരിക്കുന്നത് കോണ്‍ഗ്രസ്സിനു ഉപകാരസ്മരണ പ്രകടിപ്പിക്കാനുള്ള കാലമായിരിക്കും.

 

 

രണ്ടാമത്തേത് കോണ്‍ഗ്രസ്സിന്റെ ആഭ്യന്തരപ്രശ്‌നങ്ങളാണ്. പാര്‍ട്ടി ഒരു മാറ്റത്തിന്റെ പാതയിലൂടെ സഞ്ചരിക്കുകയാണ്. ഉള്‍പാര്‍ട്ടി ജനാധിപത്യവല്‍ക്കരണം എന്ന പ്രക്രിയ നടപ്പില്‍ വരുത്തുമെന്ന് രാഹുല്‍ വാഗ്ദാനം ചെയ്തു കഴിഞ്ഞു. ധാരാളം പ്രതിബന്ധങ്ങളും ചെറുത്തുനില്‍പ്പുകളും ഇക്കാര്യത്തില്‍ ഉണ്ടാകുമെന്നും ഉറപ്പാണ്. ഇത്തരുണത്തില്‍ ഒരു പ്രഥമ പ്രതിപക്ഷമെന്ന നിലയില്‍ മുഴുവന്‍ ശ്രദ്ധയോടെയും തങ്ങളുടേതായ കടമ നിര്‍വ്വഹിക്കാന്‍ കോണ്‍ഗ്രസ്സിനു കഴിയില്ല എന്നുള്ളത് തര്‍ക്കമില്ലാത്ത കാര്യമാണ്. 

 

കഴിഞ്ഞ പത്തുവര്‍ഷക്കാലത്തെ കോണ്‍ഗ്രസ്സിന്റെ ഭരണകാലത്ത് സഭയിലെ പല നടപടി ക്രമങ്ങളും താറുമാറായി. പാര്‍ലമെന്റ് സമിതിയെയും സീഎജിയേയും പലതവണ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും പരസ്യമായി വിമര്‍ശിച്ചു. വിവിധ സ്ഥാപനങ്ങളും അപകടാവസ്ഥയെ നേരിട്ടുകൊണ്ടിരിക്കുന്നു. ഒരു സ്വേച്ഛാധിപതിയെപ്പോലെ പ്രവര്‍ത്തിക്കുന്ന മോദി കോണ്‍ഗ്രസ്സിന്റെ പാര്‍ലമെന്റിനുള്ളിലെ പൂര്‍വ്വകാലചരിത്രം അവരെ
ഓര്‍മ്മിപ്പിക്കാതിരിക്കുകയുമില്ല. ഗുജറാത്തില്‍ നിയമസഭാസമ്മേളനം നടന്നിരുന്നത് വര്‍ഷത്തില്‍ ശരാശരി 23 ദിവസങ്ങള്‍ മാത്രമായിരുന്നു എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ്

 

പിന്നെയുള്ളത് പ്രാദേശിക പാര്‍ട്ടികളും ഇടതുപക്ഷവുമാണ്. മോദി പ്രാദേശികപാര്‍ട്ടികളെ കൈകാര്യം ചെയ്യുന്നത് വിഷയാധിഷ്ഠിതമായിട്ടായിരിക്കും. തിരിച്ചും അതേ സംഭവിക്കാനിടയുള്ളൂ. സംസ്ഥാനങ്ങള്‍ക്കുള്ള പദ്ധതി, ധനവിഹിതങ്ങള്‍ അനുവദിക്കുന്നതില്‍ വീഴ്ച വരുത്താത്തിടത്തോളം എഐഎഡിഎംകെയേയും ബിജെഡിയെയും തൃണമൂല്‍ കോണ്‍ഗ്രസ്സിനെയും മോദിക്കു ഭയപ്പെടേണ്ട ഒരു കാര്യവുമില്ല. ഇപ്പറഞ്ഞ മൂന്നു പാര്‍ട്ടികളും മുന്‍പ് എന്‍ഡിഎയോടൊപ്പം മുന്നണിയില്‍ ഉണ്ടായിരുന്നതാണല്ലോ!

 

 

ഇടതുപക്ഷവും, എസ്.പി, ജെഡി (എസ്), മറ്റു മൂന്നാം മുന്നണിയിലെ കൂട്ടാളികളും മോദിയുടെ പ്രവൃത്തികളുടെ നിശബ്ദസാക്ഷികളായിരിക്കും. വിശ്വസനീയമായ എന്തെങ്കിലുമൊരു നീക്കം സഭയില്‍ നടത്തുവാന്‍ ഇടതുപക്ഷവും അശക്തരായിരിക്കും.

കെടുകാര്യസ്ഥതയാണ് എല്ലാ കേന്ദ്രസര്‍ക്കാരുകളും അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ
പ്രശ്‌നങ്ങളിലൊന്ന്. എങ്ങനെയാവും മോദി വിലക്കയറ്റത്തെ, പ്രത്യേകിച്ച് എണ്ണവിലയെ കൈകാര്യം ചെയ്യുക എന്നതിനെ ആശ്രയിച്ചിരിക്കും മോദിയുടെ പ്രതിപക്ഷത്തിന്റെ ഭാവിയും. പെട്രോളിന്റെയും എല്‍പിജിയുടെയും വിലനിയന്ത്രണം നീക്കിയ നടപടിയെ അദ്ദേഹം എടുത്തുകളയുമോ? ഡീസല്‍ വിലയിലെ നിയന്ത്രണവും കൂടി വേണ്ടെന്നുവയ്ക്കുമോ? കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.

 

യുപിഎ സര്‍ക്കാരിനെ അതിനിശിതമായി വിമര്‍ശിച്ചിരുന്ന മാധ്യമങ്ങള്‍ ഇപ്പോള്‍ അത്രകണ്ട്
ഊര്‍ജ്ജസ്വലരായിരിക്കില്ല. അതിന്റെ ലക്ഷണങ്ങള്‍ ഇപ്പോഴേ കണ്ടുതുടങ്ങിയിട്ടുണ്ട്.
ഇക്കോണമിസ്റ്റ് മാഗസീന്റെ കണക്കുവച്ച് ബിജെപി ഇതിനോടകം തന്നെ 6000 കോടി രൂപ
മാധ്യമങ്ങളെ പ്രീതിപ്പെടുത്താനായി മാത്രം ചെലവഴിച്ചുകഴിഞ്ഞുവത്രേ; പ്രാദേശികഭാഷകളിലും ഇംഗ്ലിഷിലും. അതുകൊണ്ടുതന്നെ മോദിക്കെതിരായ ആക്രമണം മാധ്യമങ്ങളുടെ ഭാഗത്തുനിന്നും അത്രകണ്ടു ശക്തമായിരിക്കില്ല.

 

മോദിക്കെതിരായ പ്രതിപക്ഷം ഒരിക്കലും സംഘടിതമായിരിക്കില്ല എന്നു തന്നെയാണ് തോന്നുന്നത്. അത് എന്നും വ്യക്തിനിഷ്ഠമായ ഒരു തലത്തിലായിരിക്കും. മോദിയുടെ പ്രവൃത്തികള്‍ക്ക് പ്രധാനമായും വിമര്‍ശകരുണ്ടാവുക സോഷ്യല്‍ മീഡിയയില്‍ നിന്നായിരിക്കും. മോദി ഗവണ്മെന്റിനെതിരായ ആദ്യ വെടിയുതിര്‍ക്കുന്നത് മാധ്യമ പ്രവര്‍ത്തകരല്ലാത്ത പൗരബോധമുള്ള ഇന്റര്‍നെറ്റ് എഴുത്തുകാരായിരിക്കും. പരമ്പരാഗത ശൈലിയിലെ പ്രതിപക്ഷത്തെയോ നിഷ്‌ക്രിയരായ മാധ്യങ്ങളെയോ ആശ്രയിക്കാന്‍ കഴിയാത്ത അവസ്ഥയാണിന്ന്. വ്യക്തികളോ സമാന ചിന്താഗതിക്കാരായ ഒരു കൂട്ടം വ്യക്തികളുടെ കൂട്ടായ്മയോ ആയിരിക്കും മോദിയ്‌ക്കെതിരായ പ്രതിപക്ഷം.

Related news


Share on

മറ്റുവാര്‍ത്തകള്‍