Continue reading “ബി. രാജീവന്‍, പി.വി ഷാജികുമാര്‍… സംഘി സെന്‍സര്‍ഷിപ്പിന്റെ കാലം”

" /> Continue reading “ബി. രാജീവന്‍, പി.വി ഷാജികുമാര്‍… സംഘി സെന്‍സര്‍ഷിപ്പിന്റെ കാലം”

"> Continue reading “ബി. രാജീവന്‍, പി.വി ഷാജികുമാര്‍… സംഘി സെന്‍സര്‍ഷിപ്പിന്റെ കാലം”

">

UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബി. രാജീവന്‍, പി.വി ഷാജികുമാര്‍… സംഘി സെന്‍സര്‍ഷിപ്പിന്റെ കാലം

Avatar

                       

സാജു കൊമ്പന്‍

“മോദിയുടെ കോര്‍പ്പറേറ്റ് അടിമത്വത്തെക്കുറിച്ച് അരുന്ധതി റോയ് പറഞ്ഞ കാര്യങ്ങള്‍ നമ്മുടെ ഭാഷയിലേക്കെഴുതി, സ്റ്റാറ്റസായി ഇട്ടതിന്‍റെ പേരില്‍ എന്നെ ‘വളരെ മനോഹരമായി’ നേരിട്ടും ഫോണ്‍ വഴിയും മെസേജായും തെറിവിളിച്ച എല്ലാ മാന്യ സുഹൃത്തുക്കള്‍ക്കും അകൈതവമായ നന്ദി അറിയിക്കുന്നു. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. അതൊരു മോദി രാജ്യമല്ല (അതൊരിക്കലും ആവുകയുമില്ല) എന്ന കാര്യം ഓര്‍മ്മിപ്പിക്കട്ടെ.” ഡെല്‍ഹിയില്‍ നരേന്ദ്ര മോദി അധികാരത്തിലേറിയതിന് പിന്നാലെ ഇങ്ങ് കേരളത്തില്‍ പ്രശസ്ത യുവ ചെറുകഥാകൃത്ത് പി വി ഷാജികുമാര്‍ തന്‍റെ ഫേസ്ബുക് പേജിലിട്ട സ്റ്റാറ്റസിലെ ഒരു ഭാഗമാണിത്. “നിങ്ങള്‍ക്ക് മന്‍മോഹന്‍ സിംഗിനെയോ രാഹുല്‍ ഗാന്ധിയെയോ വിമര്‍ശിക്കാം. പക്ഷേ മോദിയെ വിമര്‍ശിച്ചാല്‍ പണി കിട്ടും” എന്നു പറയുന്നതിലും “നിങ്ങള്‍ക്ക് കഥ എഴുതി കാലം കഴിച്ചാല്‍ പോരേ” എന്നു ചോദിക്കുന്നതിലും അടങ്ങിയിരിക്കുന്ന ഫാസിസ്റ്റ് ധ്വനി ഇനിയും കൂടുതല്‍ കൂടുതല്‍ ഉച്ചത്തിലാകും എന്നാണ് ഷാജികുമാറിനു നേരെയുണ്ടായ ഭീഷണികളും സമീപകാല സംഭവങ്ങളും സൂചിപ്പിക്കുന്നത്.

മോദി പ്രധാനമന്ത്രിയായാല്‍ ഇന്ത്യ വിടേണ്ടി വരും എന്ന് തിരഞ്ഞെടുപ്പിന് മുന്‍പ് പ്രസ്താവന നടത്തിയ കന്നഡ എഴുത്തുകാരനും ജ്ഞാനപീഠം ജേതാവുമായ യു ആര്‍ അനന്തമൂര്‍ത്തിക്ക് കറാച്ചിയിലേക്കുള്ള എയര്‍ ടിക്കറ്റ് അയച്ചുകൊടുത്തു കൊണ്ടാണ് സംഘ പരിവാര്‍ പ്രതികരിച്ചത്. തിരഞ്ഞെടുപ്പ് വിജയത്തിന്‍റെ ആഹ്ലാദത്തില്‍ പ്രവര്‍ത്തകരുടെ വെറും കുസൃതിത്തരം എന്ന് വിലയിരുത്തി തത്ക്കാലം ഇതിനെ മറന്നു കളഞ്ഞേക്കൂ എന്ന് പ്രേരിപ്പിക്കുന്ന തരത്തിലായിരുന്നു തത്സമയം ഡെല്‍ഹിയിലെ മോദി നാടകങ്ങള്‍. ഗുജറാത്ത് കലാപത്തിന് ശേഷമുള്ള ഒരു വ്യാഴവട്ടക്കാലം മോദിയെ വികസനത്തിന്‍റെ മിശിഹാ ആക്കി മാറ്റിയിരിക്കുന്നു. തിരഞ്ഞെടുപ്പിന് തലേ ദിവസം വരെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തിരുന്ന പാക്കിസ്ഥാനോട് പോലും മോദി ‘ക്ഷമിച്ചതും’ അധികാരത്തിലേക്കുള്ള പടയോട്ടത്തിനിടയില്‍ വെട്ടി വീഴ്ത്തിയ വയോധികനായ നേതാവ് എല്‍ കെ അദ്വാനിയെക്കുറിച്ച് പറയുമ്പോള്‍ മോദിയുടെ കണ്ഠമിടറിയതും മോദി മിതോളജിയിലേക്കുള്ള പുതിയ ഉപകഥകളായി ചേര്‍ക്കപ്പെട്ടപ്പോള്‍ ഇദ്ദേഹത്തെ ആയിരുന്നോ നമ്മള്‍ തെറ്റിദ്ധരിച്ചത് എന്ന ചിന്തയിലേക്ക് കൂപ്പുകുത്തുകയാണ് രാജ്യത്തെ ബഹുഭൂരിപക്ഷം പ്രജകളും. ഇതിന് അവരെ കുറ്റം പറയാന്‍ പറ്റില്ല. കാരണം അവര്‍ സമ്മതി നിര്‍മ്മിതികളുടെ ഇരകളാണ്.

മോദി എന്ന വികസന മേല്‍ക്കുപ്പായത്തിന് മേല്‍ സംഘപരിവാര്‍ ശക്തികളുടെ ഫാസിസ്റ്റ് രൂപം ഒളിഞ്ഞിരിക്കുന്നുണ്ട് എന്ന് പുതിയ ഗവണ്‍മെന്‍റ് അധികാരത്തിലേറി ദിവസങ്ങള്‍ക്കകം തന്നെ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. ഛത്രപതി ശിവാജിയെയും ബാല്‍താക്കറെയും അപകീര്‍ത്തിപ്പെടുന്ന ഫേസ്ബുക് പോസ്റ്റ് പ്രസിദ്ധീകരിച്ചു എന്നു പറഞ്ഞാണ് പൂനയിലെ മൊഹസിന്‍ സാദിക് ഷെയിഖ് എന്ന ഐ ടി പ്രൊഫെഷണലിനെ ഒരു ഹിന്ദു സംഘടനയുടെ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്. ഇത് വളരെ സ്വഭാവികമായ പ്രതികരണം മാത്രമാണ് എന്നാണ് പൂനയില്‍ നിന്നുള്ള ബി ജെ പി എം പി അനില്‍ ശിരോള്‍ പ്രതികരിച്ചത്. പക്ഷേ ഇത് വരാന്‍ പോകുന്ന മഹാരാഷ്ട്ര നിയമ സഭ തിരഞ്ഞെടുപ്പിന് ബി ജെ പിയും സംഘ് പരിവാര്‍ ശക്തികളും ധ്രുവീകരണത്തിന്റെ തന്ത്രങ്ങളുമായി തയ്യാറെടുത്ത് തുടങ്ങിയിരിക്കുന്നു എന്നതിന്‍റെ ആദ്യ സൂചനയായി വേണം കണക്കാക്കാന്‍.

കേരളത്തില്‍ പി വി ഷാജികുമാറിന് എതിരെ മാത്രമല്ല പ്രശസ്ത ചിന്തകന്‍ പ്രൊഫ: ബി രാജീവന്‍ മാതൃഭൂമി പത്രത്തിന്‍റെ എഡിറ്റ് പേജില്‍ എഴുതിയ ഒരു ലേഖനത്തിന് എതിരെ ലീഗല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് ആര്‍ എസ് എസ്. മെയ് 29-നു പ്രസിദ്ധീകരിച്ച ലേഖനത്തിലെ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ഗാന്ധിജിയെക്കൊന്നു എന്ന പരാമര്‍ശത്തിനെതിരെയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഇനി ഇതുപോലെ എഴുതരുതെന്ന് ബി രാജീവനും ഇത്തരം ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന് മാതൃഭൂമിക്കും ഉള്ള താക്കീതായിട്ട് വേണം ഈ നോട്ടീസിനെ കരുതാന്‍.

എന്തായാലും നരേന്ദ്ര മോദി വിഭാവനം ചെയ്യുന്ന വികസനത്തിന്‍റെ മനോനില തയ്യാറായി കഴിഞ്ഞിരിക്കുന്നു. സോപ് സീരിയലുകളെ പോലും തോല്‍പ്പിക്കുന്ന നാടകങ്ങളിലൂടെ വികസന ഭ്രാന്തന്‍മാരായ മധ്യവര്‍ഗ്ഗത്തെ മോദി കയ്യിലെടുത്തപ്പോള്‍, എതിര്‍ ശബ്ദങ്ങളെ ഭയപ്പെടുത്തി നിശബ്ദരാക്കാനുള്ള ദൌത്യമാണ് ആര്‍ എസ് എസും മറ്റ് സംഘ പരിവാര്‍ സംഘടനകളും ഏറ്റെടുത്തിരിക്കുന്നത്. അത് ഫേസ്ബുക്കില്‍ തെറി പോസ്റ്റായും അജ്ഞാത ഫോണ്‍ കോളായും ഊമക്കത്തുകളായും ‘ജനാധിപത്യപരമായ’ ലീഗല്‍ നോട്ടീസുകളായും നിങ്ങളെ തേടി വരും. ചിലപ്പോള്‍ കൊലപാതകത്തിന്‍റെ രക്തക്കറ പുരണ്ട സന്ദേശമായും. 

അടങ്ങിയിരിക്കുക. നിങ്ങളുടെ പണി മാത്രം ചെയ്യുക. ഫേസ്ബുക്കില്‍ സ്വന്തം ചിത്രങ്ങള്‍ മാത്രം പോസ്റ്റ് ചെയ്ത് ഇനി ആത്മരതി കൊള്ളുക.

Share on

മറ്റുവാര്‍ത്തകള്‍