Continue reading “എന്തിനാണ് ഭാഷ?സൊള്ളാനും കള്ളം പറയാനും മാത്രമല്ല”

" /> Continue reading “എന്തിനാണ് ഭാഷ?സൊള്ളാനും കള്ളം പറയാനും മാത്രമല്ല”

"> Continue reading “എന്തിനാണ് ഭാഷ?സൊള്ളാനും കള്ളം പറയാനും മാത്രമല്ല”

">

UPDATES

അയാസ് മേമന്‍

കാഴ്ചപ്പാട്

അയാസ് മേമന്‍

എന്തിനാണ് ഭാഷ?സൊള്ളാനും കള്ളം പറയാനും മാത്രമല്ല

                       

എനി എനി/ അനശ്വര

തുടക്കം എപ്പോഴും സിനിമയില്‍ നിന്നാവാം അല്ലെ? ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന മലയാള സിനിമയില്‍ മോഹന്‍ലാല്‍ ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട്, എന്തിനാണ് ഭാഷ? അതിനുത്തരമായി പെണ്ണുങ്ങളോട് സൊള്ളാന്‍ കള്ളം പറയാന്‍; പരിഹസിക്കാന്‍; കുറ്റപ്പെടുത്താന്‍ തര്‍ക്കിക്കാന്‍… അതെ ഇതിനൊക്കെയാണ് ഭാഷ.

പണ്ട് കേട്ട ഒരു കഥയുണ്ട്, ഒരിക്കല്‍ മനുഷ്യന്റെ ആദിമ ഭാഷ ഏതാണ് എന്നൊരു തര്‍ക്കം ലോകത്തെമ്പാടും നടന്നു. തങ്ങളുടെതാണ് ഏറ്റവും പുരാതനവും മികച്ചതുമായ ഭാഷ എന്ന് ഓരോരുത്തരും വാദിച്ചു. ഇതിലെ സത്യാവസ്ഥ അറിയാന്‍ ഒരു ആട്ടിടയന്‍ തീരുമാനിച്ചു. തനിക്ക് ഒരു മകന്‍ ഉണ്ടായപ്പോ പിറന്ന ഉടനെ അവനെ ഭൂമിക്കടിയിലെ നിലവറയില്‍ അടച്ചു. ആര്‍ക്കും അവനെ കാണാനോ സംസാരിക്കാനോ അനുവാദം ഉണ്ടായിരുന്നില്ല. അമ്മ വരും അവന് പാല് കൊടുക്കും; അങ്ങനെ അവന്‍ വളര്‍ന്നു. ആരോടും ഒന്നും മിണ്ടാതെ; ഒന്നും കേള്‍ക്കാതെ.

അവന് മൂന്നോ നാലോ വയസായപ്പോള്‍ ഒരു ദിവസം ഭക്ഷണം കൊണ്ടുവന്ന അച്ഛനെ നോക്കി അവന്‍ ഒരു വാക്ക് ഉച്ചരിച്ചു! ഇതാ പരീക്ഷണം വിജയം കണ്ടെത്തിയിരിക്കുന്നു. മനുഷ്യന്റെ ഭാഷ എന്തെന്ന് ഇതാ കണ്ടെത്തിയിരിക്കുന്നു. ഒന്ന് കൂടി ആ വാക്ക് കേട്ടപ്പോള്‍ ആണ് ആട്ടിടയന്‍ ഞെട്ടിപോയത്. ആടുകള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ നേരം ആ ആടിടയന്‍ ഉപയോഗിക്കുന്ന ഒരു ശബ്ദം ആയിരുന്നു അത്. ഒരു ഭാഷയോ അതിലെ അര്‍ഥം ഉദ്ദീപിപ്പിക്കുന്ന ഒരു നിയമഘടനയുള്ള ഒന്നോ ആയിരുന്നില്ലത് ഒരു ശബ്ദം മാത്രം. അങ്ങനെയാണ് ഭാഷ നാം കേള്‍ക്കുന്ന ചില ശബ്ദങ്ങള്‍ ആയത്. ചില മൂളലുകള്‍ക്ക് പോലും അര്‍ഥം ഉണ്ടെന്നു പറയുന്നത് പോലെ അതിനു ചിലപ്പോള്‍ നിയതമായ ഘടനയോ നിയമങ്ങളോ ഉണ്ടാകണം എന്നില്ല. ഓരോ നിമിഷവും പുതിയ പുതിയ വാക്കുകള്‍ ഉണ്ടാകുന്നു. അതിലൂടെ ഭാഷ വളരുന്നു. അത്തരത്തില്‍ വളരാത്ത ഒരു ഭാഷയ്ക്ക് ജീവനുണ്ടാകില്ല.

ഒരു ചെറിയ ഓര്‍മയിലേക്ക് പോകാം. ഞാന്‍ നാലിലോ അഞ്ചിലോ പഠിക്കുന്ന പ്രായം. അതായത് 97-98 കാലം; അമ്മ പഠിപ്പിക്കുന്ന സ്‌കൂളിലെ പതിവ് സന്ദര്‍ശനത്തിനിടെ ആണ് നാളിലെ ട്രീസ ടീച്ചര്‍ വേണോ വേണ്ടയോ എന്ന ഭാവത്തില്‍ എന്നോട് ചോദിച്ചത് അനൂ ഈ അടിപൊളി എന്ന് പറഞ്ഞാല്‍ എന്താ അര്‍ത്ഥം? ഞാന്‍ കവിത പാടി കഴിഞ്ഞു കുട്ടികളോട് എങ്ങനെ ഉണ്ട് എന്ന് ചോദിച്ചപ്പോള്‍ അവര് പറഞ്ഞതാ ഇത്. അടിപൊളി ടീച്ചറെ എന്നു. എന്താ അതിന്റെ അര്‍ഥം. നല്ല രസോണ്ട് എന്നതിന് പറയുന്ന വാക്കാണ് അതെന്ന്! ഞാന്‍ മറുപടിയും കൊടുത്തു. ഹാവൂ ഇത്രേള്ളൂ. ഞാന്‍ വിചാരിച്ചു എന്തോ പൊളിഞ്ഞു പോയി എന്നാണു, ടീച്ചറുടെ മറുപടി.

ഇന്ന് അടിപൊളി എന്നവാക്ക് മലയാളികള്‍ക്ക് സുപരിചിതമാണ്. ഇങ്ങനെ വന്ന കണ്ടെത്തപ്പെട്ട മറ്റൊരു വാക്കാണ് പ്ലിങ്ങിപ്പോയി ഫേസ് ബുക്ക് വന്നതിനു ശേഷം നമ്മുടെ ഇടയിലേക്ക് വന്ന ഒരു വാക്ക്. ചമ്മുകഎന്നാണ് അര്‍ഥം. മറ്റൊരു വാക്കാണ് ഗൂഗിള്‍ ചെയ്യുക തിരയുക എന്നാണ് അര്‍ത്ഥം. മറ്റൊന്നാണ് ലൈന്‍ എന്നത് പ്രണയജോഡികള്‍ എന്നാണ് ഈ വാക്കിനര്‍ത്ഥം. ഇങ്ങനെ നമ്മുടെ ഇടയില്‍ ഉരുത്തിരിഞ്ഞ പല വാക്കുകളും പ്രയോഗങ്ങളും ഉണ്ട്. കുട്ടികള്‍ ആയിരിക്കുമ്പോള്‍ അമ്മയറിയാതെ രഹസ്യം പങ്കുവയ്ക്കാന്‍ ആണ് ഞാനും ഏടത്തിയും ഉപയോഗിച്ചിരുന്ന ‘സ’ ഭാഷ; അതായത് സഎസന്താസന്നെസന്നു സനിസങ്ങസള്‍സക്ക് സമസനസസിസലാസയോ?

ഇത്തരത്തില്‍ ഇതുവരെ ഇല്ലാത്ത ഒരു ഭാഷ നിര്‍മിച്ചെടുക്കുന്ന കാര്യം എന്നോട് ആദ്യമായി സംസാരിച്ചത് നിയതിയും സംഗീതും ആണ്.

ബാഹുബലി കണ്ടുമടങ്ങവേ ആണ് ആ ചിത്രത്തിലെ കാലകേയന്മാര്‍ സംസാരിക്കുന്ന ഭാഷ എന്ന നിലയില്‍ ഈ ചിത്രത്തിന് വേണ്ടി മാത്രം നിര്‍മിച്ച കിളിക്കി (Kiliki’)എന്ന ഭാഷയെ കുറിച്ച് അറിയുന്നത്. 750 വാക്കുകള്‍ ഉള്ള 40-തില്‍ പരം വ്യാകരണ നിയമങ്ങള്‍ ഉള്ള ഒരു പുതിയ ഭാഷാ നിര്‍മിതി. ബാഹുബലിയാണ് ഞാന്‍ ഇത്തരത്തില്‍ കണ്ട ആദ്യ സിനിമ എങ്കിലും ഇതിനു മുന്‍പും പല ചിത്രങ്ങള്‍ക്ക് വേണ്ടിയും ഇത്തരത്തില്‍ ഭാഷ നിര്‍മിച്ചിട്ടുണ്ട്. ലോര്‍ഡ് ഓഫ് ദി റിംഗ്‌സ് സീരീസിലെ എല്‍വിഷ് ഭാഷ; സ്റ്റാര്‍ ട്രെക്ക് സീരീസിലെ ക്ലിന്‍ഗോന്‍; എ സോങ്ങ് ഓഫ് ഐസ് ആന്‍ഡ് ഫയര്‍ സീരിസിലെ ഡോത്രക്ക, വല്യര്യന്‍ എന്നീ ഭാഷകള്‍ അവയില്‍ ചിലതാണ്. 

ഇങ്ങനെ ഒരു ദിവസമാണ് എനി എനി എന്ന സുഹൃത്ത് എന്നോട് അദ്ദേഹം ഉണ്ടാക്കാന്‍ പോകുന്ന ഒരു പുതിയ ഭാഷയെ കുറിച്ച് സംസാരിക്കുന്നത്. ഋതുക്കളുടെ ഭാഷ എന്ന് പേരിട്ട ആ ഭാഷയെ കുറിച്ച് എനി തന്നെ പറയട്ടെ അല്ലേ! ഇതൊരു കൃത്യമായ അഭിമുഖരൂപത്തില്‍ നടത്തിയ ഒന്നല്ല. പലപ്പോഴായി നടത്തിയ സംഭാഷങ്ങളില്‍ നിന്നുള്ള ചില ആശയങ്ങള്‍ മാത്രമാണിത്.

അനശ്വര: എന്താണ് ഇങ്ങനെ ഋതുക്കളുടെ ഭാഷ എന്നൊരു ആശയം

എനി: നമ്മളൊക്കെ ഏതെങ്കിലും തരത്തിലുള്ള ഭാഷ എപ്പോഴും ഉപയോഗിക്കുന്നുണ്ട്. നമ്മുടെ ഭാഷ ഭൂരിഭാഗവും കൃത്യമായ ഘടനയുള്ളതാണ്. പക്ഷെ നമ്മുടെ ചുറ്റും ഇത്തരത്തില്‍ നിശിതമായ ഘടനയില്ലാത്ത അനേകം ഭാഷകള്‍, സംവേദനങ്ങള്‍ എന്നിവ നടക്കുന്നുണ്ട്. നാം പലപ്പോഴും തിരിച്ചറിയാതെ പോകുന്നു എന്ന് മാത്രം. പക്ഷെ അത് കൊണ്ട് അവ നിലനില്‍ക്കുന്നില്ല അല്ലെങ്കില്‍ നടക്കുന്നില്ല എന്നില്ല. വളരെ tsrange ആയ ആ ഭാഷ കേള്‍ക്കുന്നവര്‍ ഉണ്ടാകും. മരങ്ങളോട്, പൂക്കളോട്, കടലിനോടു, നക്ഷത്രങ്ങളോട് ഒക്കെ സംസാരിക്കുന്നവരെ കണ്ടിട്ടില്ലേ? ചിലപ്പോ നമ്മള്‍ പറയും അവര്‍ക്കെന്തോ പ്രശ്‌നമുണ്ട് എന്ന്. പക്ഷെ സത്യത്തില്‍ അവര്‍ക്ക് ഒരു പക്ഷെ ആ ഭാഷ മനസിലാക്കാന്‍ സാധിക്കുമായിരിക്കും. ഇതിനെ കുറിച്ച് ഞാന്‍ ആലോചിച്ചിരുന്നു. പലപ്പോഴായി. പക്ഷെ ഒരു ഭാഷ ഉണ്ടാക്കുക എന്നതൊന്നും ചിന്തിച്ചിട്ടില്ല.

അനശ്വര: അതെ ശരിയാണ്. മരങ്ങളോട് സംസാരിക്കുമ്പോള്‍ ഒക്കെ അവര്‍ പ്രതികരിക്കും എന്ന് ഞാനും കേട്ടിട്ടുണ്ട്. പൂക്കാത്ത ഒരു മാവിന് കീഴെ നിന്ന് ഒരിക്കല്‍ അമ്മ പറഞ്ഞിട്ടുണ്ട് ഇത്തവണ മാങ്ങ തന്നില്ലെങ്കില്‍ ഇത് വെട്ടികളയാം എന്ന്. അടുത്ത വര്‍ഷം ആ മാവ് പൂക്കുകയും മാങ്ങ തര്യേം ചെയ്തു.

എനി: എന്റെ ജോലി സ്ഥലത്ത് ഉണ്ടായിരുന്ന ഒരു വൃദ്ധ ഒറ്റയ്ക്കിരുന്നു തന്നെ കടന്നുപോകുന്ന ഓരോരുത്തരോടും തന്റെ മാതൃഭാഷയില്‍ എന്തൊക്കയോ പറയാന്‍ ശ്രമിക്കുന്ന കാഴ്ച ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ട്. ആരും അവരോടു ഒന്നും തിരിച്ചു പറഞ്ഞിരുന്നില്ല. ഒരു ദിവസം ഞാന്‍ അവരുടെ അടുത്ത് ചെന്ന് സംസാരിച്ചു. അവര്‍ അവരുടെ ഭാഷയിലും ഞാന്‍ എന്റെ ഭാഷയിലും. ഇരുവര്‍ക്കും ഒന്നും മനസിലായില്ലെങ്കിലും ഞങ്ങള്‍ സംസാരത്തിനിടെ ചിരിച്ചു, എന്തോ ഓര്‍ത്ത് ആ അമ്മൂമയുടെ കണ്ണ് നിറഞ്ഞു. അങ്ങനെ എന്തൊക്കയോ വികാരങ്ങള്‍ ഞങ്ങള്‍ പങ്കുവച്ചു. അതിനു ശേഷമാണ് ഭാഷ എന്നതിന് കൃത്യമായ വാക്ക് വേണോ എന്ന ചിന്ത ഉണ്ടായത്. പക്ഷെ അന്നൊന്നും ഇത് ഗൗരവമായി എടുത്തില്ല. കുറെ കഴിഞ്ഞു, ആണ് ഋതുക്കളുടെ ഭാഷ പഠിക്കാന്‍ പോകുന്നു. എന്നിട്ട് വേണം വസന്തം ചെറി മരത്തോടു പറഞ്ഞതെന്തെന്നു നിന്നോട് പറയാന്‍ എന്ന് ഞാന്‍ ഒരു പോസ്റ്റ് എഴുതിയത്. അതിനു ഒരുപാടു ആളുകള്‍ വളരെ postiveആയി പ്രതികരിച്ചു. അതും പക്ഷെ ഒരു ഭാഷ രൂപീകരിക്കണം എന്ന ചിന്തയൊന്നും ഉണ്ടാക്കിയിരുന്നില്ല.

അനശ്വര: പിന്നെ എപ്പഴാണ് ഈ ഭാഷയിലേക്ക് എത്തിയത്?

ഒരു ദിവസം എഫ് ബി ചാറ്റിനു ഇടയ്ക്കു ന്യൂമാന്‍ മണി എന്ന സുഹൃത്ത് എനിക്ക് എന്തോ ഒരു ഭാഷയില്‍ എന്തോ പറഞ്ഞു. ഞാനും അതിനു മറുപടിയായി അതെ പോലെ എന്തോ അയച്ചു. അങ്ങനെ അത് കുറച്ചു നേരം നീണ്ടു നിന്നു. അപ്പോഴാണ് അത്തരം ഒരു ഭാഷ നിര്‍മിക്കുന്നതിനെ കുറിച്ച് ഗൗരവമായി ചിന്തിക്കുന്നത്. ശരിക്കും ഈ ഭാഷ ഉണ്ടായതില്‍ ഞാന്‍ ഏറ്റവും കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തിനോടാണ്. ന്യൂമാന്റെ സംസാരത്തില്‍ നിന്ന് ലഭിച്ച പ്രചോദനം ആണ് ഈ വാക്കുകളും ഈ പേജും. നേരത്തെ പറഞ്ഞില്ലേ ഞാന്‍ ഋതുക്കളുടെ ഭാഷയെ കുറിച്ചു ഒരു പോസ്റ്റ് എഴുതിയെന്നു. അതിനുശേഷം മറ്റൊരു സുഹൃത്തായ ഗോപിക അവരെ ഈ ഭാഷ പഠിപ്പിക്കാമോ എന്ന് ചോദിച്ചു. അങ്ങനെയാണ് സത്യത്തില്‍ വാക്കുകളെ കുറിച്ച് ആലോചിക്കുന്നത്.

അനശ്വര: ഓ, അപ്പോള്‍ ഇത് ശരിക്കും സൗഹൃദങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞ ഒന്നാണ് എന്ന് പറയാം. എന്തൊക്കെയാണ് ഈ ഭാഷയിലൂടെ പറയാന്‍ ശ്രമിക്കുന്നത്?

നമ്മുടെ ഭാഷകളില്‍ പലതിനും പ്രകൃതിയിലെ ചില കാര്യങ്ങളെ അവതരിപ്പിക്കാന്‍, വാക്കുകള്‍ ഇല്ല. ഒരു ഇല കൊഴിയുന്നതിനു ഒരു ഭാഷയുണ്ടായിരുന്നെങ്കില്‍, പൂവ് വിരിയുന്നതിനു, തഴുകി പോവുന്ന കാറ്റിനു അങ്ങനെ പ്രകൃതിയിലെ ചലനങ്ങള്‍ക്ക് മൊഴി കൊടുക്കുക എന്നതായിരുന്നു ആദ്യ ചിന്ത. അതാണ് ഈ ഭാഷ.

അനശ്വര: അപ്പോ ഇതിലെ വാക്കുകള്‍ ഉണ്ടാക്കുന്നതില്‍ നിയമങ്ങള്‍ എന്തെങ്കിലും ഉണ്ടോ?

എനി: അങ്ങനെ നിയമം ഒന്നും പിന്തുടരുന്നില്ല. നമുക്ക് ഉച്ചരിക്കാന്‍ ക്ലിഷ്ടത ഉണ്ടാവരുത് എന്നതാണ് ഏക നിയമം. A C D എന്ന അക്ഷരങ്ങള്‍ ഒരുമിച്ചാല്‍ ഒരു വാക്കാവുന്നില്ല. ഉച്ചരിക്കാനും സാധ്യമല്ല. പക്ഷെ അത് C A D എന്നയാല്‍ വായിക്കാം. അതുപോലെ ആണ് ഈ ഭാഷയിലെ വാക്കുകള്‍. വലിയ വികാരങ്ങളെ ഒറ്റവാക്കില്‍ പ്രതിഫലിപ്പിക്കുക എന്ന ഉദ്ദേശ്യത്തില്‍. ആദ്യം വാക്കുകളുടെ വിശദീകരണം ഇങ്ങനെ ആയിരുന്നു. ലം: മഴയുടെ ശബ്ദം. എന്നാല്‍ ഹൈക്കു പോലെ എന്തെങ്കിലും ആക്കിക്കൂടെ എന്ന് ഒരു സുഹൃത്ത് ചോദിച്ചതില്‍ നിന്നാണ് പിന്നീടു കുറച്ചു നീണ്ട വാചകങ്ങള്‍ ഋതുക്കളുടെ ഭാഷയായി ഉപയോഗിച്ച് തുടങ്ങിയത്. ഉദാ: വഴിതെറ്റി പോകുന്ന യാത്രകളെ പ്രണയിക്കുന്നവന്‍: പെപ്പിനോ. കുറച്ചുകൂടി കവിത ചേര്‍ക്കാനും തുടങ്ങിയതും അങ്ങിനെയാണ്.

അനശ്വര: ഇതേ പോലെ വാക്കുകള്‍ ഉണ്ടാക്കുന്ന വേറെ ആരെങ്കിലും ഉണ്ടോ?

എനി ഉണ്ട് നിരവധിപേര്‍ ഉണ്ടായേക്കാം. വേര്‍ഡ് സ്റ്റക്ക് (word stuck) എന്ന പേരില്‍ ഒരു ബ്ലോഗ് ഉണ്ട്. അതില്‍ പലഭാഷകളിലെയും വാക്കുകളെ പരിചയപ്പെടുത്തുന്നു. ഹിന്ദി, സ്പാനിഷ്, ജര്‍മന്‍ അങ്ങനെ പല വാക്കുകളും. നീണ്ട കാര്യങ്ങളെ സൂചിപ്പിക്കാന്‍ ഒരൊറ്റ വാക്ക് എന്ന രീതിയില്‍ ആണ് ആ പോസ്റ്റ്. ഇതൊക്കെ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. അങ്ങനെ പലരും ഉണ്ട്. ഉമിഗ്രേറ്റ്(Umigrate) എന്ന വാക്ക് ഉണ്ടാക്കിയത് Lizzle Skurnick എന്ന ഒരാളാണ്. ഒരു മുറിയില്‍ കയറിയത് എന്തിനെന്നു മറന്നു പോകുന്ന അവസ്ഥക്ക് സൂചിപ്പിക്കുന്ന വാക്കാണിത്. ഇങ്ങനെ പലരും ഉണ്ടാകാം.

അനശ്വര: ഈ വാക്കുകള്‍ക്കൊക്കെ പ്രചോദനം?

എനി: ഹ! പ്രചോദനം സുഹൃത്തുക്കള്‍; പ്രണയം. എന്റെ എല്ലാ എഴുത്തിനേയും സ്വാധീനിക്കുന്നത് ഇവയാണ്. ഇതിലെ ചില വാക്കുകള്‍ എന്റെ സുഹൃത്തുക്കളുടെ പേരാണ്. ഉദാഹരണത്തിന് എഷ്മിര, അക്കൊപിഗോ, ഇഷാത ഇവയൊക്കെ സുഹൃത്തുക്കളുടെ പേരാണ്. ചിലത് പ്രണയം കൊണ്ട് ഉണ്ടാകുന്നവയുമാണ്. കുഞ്ഞു കുഞ്ഞു ഉമ്മകളുടെ രാജ്ഞി: നയ്യ്യ അത്തരത്തില്‍ ഉണ്ടായ ഒന്നാണ്. ചില വാക്കുകള്‍ സുഹൃത്തുക്കള്‍ ഉണ്ടാക്കാന്‍ ആവശ്യപ്പെടുന്നു. അങ്ങനെയാണ് ഓരോ വാക്കും പിറവിയെടുക്കുന്നത്. അങ്ങനെ സുഹൃത്തുക്കള്‍, അവരുടെ ചോദ്യങ്ങള്‍, കാത്തിരിപ്പ്, ഓരോ വാക്കും ഇങ്ങനെ ആയിക്കൂടെ എന്ന എഡിറ്റിംഗ്, ഇടപെടലുകള്‍, പിന്തുണ എല്ലാം ആണ് ഈ ഭാഷ.

അനശ്വര: ഇത്തരം വാക്കുകളില്‍ പ്രചോദനം ഉള്‍ക്കൊണ്ടു ചിലര്‍ നോവലുകള്‍ എഴുതിയിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട് അങ്ങനെ എന്തെങ്കിലും ശ്രമം?

എനി: അറിയില്ല ഇപ്പൊ വാക്കുകള്‍ ഉണ്ടാക്കുന്നു. പ്രകൃതിയെ കൂടുതല്‍ മനസിലാക്കുന്നു. അതിന്റെ ഭാവങ്ങള്‍, അത് നമ്മളോട് പറയാന്‍ ശ്രമിക്കുന്നത്, ഒരു പൂവിനെ ഇന്ന് തഴുകി പോകുന്ന ഒരു കാറ്റിനെ നാളെ ആ പൂവ് തിരിച്ചറിയുന്നതെങ്ങനെ എന്ന് മനസിലാക്കാന്‍ മാത്രമാണ് ശ്രമിക്കുന്നത്. അത് എന്റെ ജീവിതത്തിന്റെ ഭാഗമാണ്. അതിനിയും തുടര്‍ന്ന് കൊണ്ടേയിരിക്കും.

ഇതൊരു തുടക്കമാണ്. ഒരു പക്ഷെ ഋതുക്കളുടെ എല്ലാഭാവങ്ങളും രേഖപ്പെടുത്താന്‍ സഹായകമാകുന്ന ഭാഷയാകാം ഉണ്ടായി വരുന്നത്. ഒരുപാട് കഥകള്‍ക്കും കവിതകള്‍ക്കും പ്രചോദനമാകേണ്ട ഒന്നാണെന്ന് ഞാന്‍ കരുതുന്നു അങ്ങനെ പ്രത്യാശിക്കുന്നു.

താഴെ നിന്റെ രക്തം വീണു തളിര്‍ത്ത കടല്‍

മുകളില്‍ എന്റെ പേടികള്‍ കൊണ്ട് തീര്‍ത്ത ആകാശം

ചുറ്റും കാറ്റ് പിടിക്കുന്ന ചിന്തകള്‍

ഒരു നേര്‍ത്ത ചിലന്തിനൂലില്‍ തീര്‍ത്ത

പട്ടത്തിനു കീഴെ

ഞാനും നീയും തൂങ്ങിക്കിടക്കുകയാണ്

എന്റെ പച്ചകുത്തിയ പിന്‍ കഴുത്തില്‍

തളര്‍ന്നു പോകുന്ന നിന്റെ ചുണ്ടുകള്‍

എന്റെ നീണ്ട മുടി നിന്നെ പൊതിയുന്നുണ്ട്

അതിനിടയിലൂടെ ഒരു സംയോ നിന്റെ

കണ്ണുകളില്‍ കുടിയിരിക്കുക കൂടി ചെയ്തു.

നിനക്കും എനിക്കും മഹോകള്‍ മുളയ്ക്കുന്ന

ഒരു നിമിഷത്തിനു വേണ്ടി…

ശൂന്യതയിലേക്ക് സ്വപ്നങ്ങളെ

വലിച്ചെറിഞ്ഞു പറക്കുക മാത്രമല്ലെ നമ്മള്‍ ചെയ്തുള്ളൂ….

നമ്മുടെ മേല്‍ നിലയ്ക്കാത്ത പെയ്യുന്ന ലം…

ഋതുക്കളുടെ ഭാഷ
സംയോ: പുലരിയുടെ ആദ്യ സൂര്യകണം
മഹോ: ശലഭ ചിറക്
ലം: മഴയുടെ ശബ്ദം

ഋതുക്കളുടെ ഭാഷയുടെ ഫേസ്ബുക്ക് പേജ്‌

https://www.facebook.com/ഋതുക്കളുടെ-ഭാഷ-505830372924736/timeline/ 

എനി എനിയുടെ ഫേസ്ബുക്ക് പ്രൊഫൈല്‍

https://en-gb.facebook.com/people/Eni-Eni/100004827917346 

Share on

മറ്റുവാര്‍ത്തകള്‍