UPDATES

വിദേശം

ഇത് ലോലഹൃദയര്‍ക്കുള്ള നാടല്ല

                       

ഉസോദിന്‍മ ഐവീല
(വാഷിങ്ങ്ടണ്‍ പോസ്റ്റ്)

ഒരുപാട് പ്രശ്നങ്ങളുള്ള സ്ഥലമാണ് നൈജീരിയ. ഇത് ലോലഹൃദയര്‍ക്കുള്ള നാടല്ല. നല്ല ഒരു ദിവസം അബുജയും ലഗോസും കാനോയും പോലെയുള്ള നഗരങ്ങളില്‍ ചൂടിലും പൊടിയിലും വലഞ്ഞ് കുണ്ടും കുഴിയുമുള്ള റോഡിലൂടെ പല ദിശയിലേയ്ക്ക് പോകുന്ന ആള്‍ത്തിരക്ക് കണ്ടാല്‍ത്തന്നെ ഇതൊരു എളുപ്പമുള്ള സ്ഥലമല്ല എന്ന് മനസിലാകും. മോശം ദിവസങ്ങളില്‍ നൈജീരിയ നരകതുല്യമാണ്- ബോകോ ഹറാം അബുജയുടെ അടുത്ത് ഏപ്രില്‍ പതിനാലിന് ബോംബാക്രമണം നടത്തി എഴുപത്പേരെ കൊല്ലുകയും മൂന്നാഴ്ച കഴിഞ്ഞ് മറ്റൊരു ബോംബാക്രമണത്തില്‍ മുപ്പതുപേരെ കൊല്ലുകയും ഒക്കെ ചെയ്തത് ഓര്‍ത്തുനോക്കുക. ഒരു സ്കൂളില്‍ കയറിച്ചെന്ന് മുന്നൂറുപെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോവുകയും ഇവരെ ബോക്കോ ഹറാം സെനാനികള്‍ക്ക് ലൈംഗികഅടിമകളായി നല്‍കിയെന്നും അതല്ല മറ്റുരാജ്യങ്ങളില്‍ ആളുകള്‍ക്ക് ഭാര്യമാരായി വിറ്റുകളഞ്ഞുവെന്നും ഒക്കെയുള്ള അഭ്യൂഹങ്ങള്‍ ആലോചിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ്.

വ്യക്തികള്‍ എന്ന നിലയിലും രാജ്യം എന്ന നിലയിലും ഞങ്ങള്‍ക്ക് ദേഷ്യവും വേദനയുമുണ്ട്. ഞങ്ങള്‍ പ്രതികരിച്ചു, ഞങ്ങള്‍ കരഞ്ഞു. ഒരു സുഹൃത്ത് പറഞ്ഞു, “ഇത് നമ്മുടെ ജീവിതകാലത്ത് സംഭവിക്കുന്നു എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല”. പലരുടെയും തോന്നലാണ് ഇത്. ഈയാഴ്ച അബുജയില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ അജണ്ട “ആഫ്രിക്ക റൈസിംഗ്”ന്‍റെ പോസിറ്റീവ് വശങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു. എന്നാല്‍ ഏറ്റവും പുതിയ ദുരന്തങ്ങളുടെ ഓര്‍മ്മയില്‍ ഇതൊരു നിശബ്ദതയായി മാറുന്നു. ഇപ്പോള്‍ തന്നെ പ്രശ്നങ്ങള്‍ നിറഞ്ഞ ഈ കാലത്തില്‍ ഈ പുതിയ പ്രശ്നങ്ങള്‍ കൂടുതലാണ്. എന്നാല്‍ നൈജീരിയ തകരാന്‍ പോകുന്ന ഒരു രാജ്യമല്ല. ജീവിതചെലവ് കുറവുള്ള ഒരു രാജ്യമല്ല ഇത്. പലവിധ സംഘര്‍ഷങ്ങളുള്ള ഒരു പുതിയ ജനാധിപത്യമാണിത്. നിറയെ ഒച്ചയുള്ള ഒരു രാജ്യത്തില്‍ എങ്ങനെ ഒരു സംഭാഷണത്തിലേര്‍പ്പെടാം എന്ന്‍ ഈ രാജ്യം പഠിച്ചുവരുന്നതേയുള്ളൂ. അത്ഭുതവും ഞെട്ടലുമാണ് തങ്ങളുടെ ശബ്ദം കേള്‍പ്പിക്കാന്‍ ഇവിടെയുള്ള ചിലര്‍ ഉപയോഗിക്കുന്നത്.

ബോംബിട്ട് നിഷ്കളങ്കരായ ആളുകളെ കൊല്ലുന്നതിലും ഭീകരമായ ഒരു കാര്യമാണ് കൂട്ടത്തോടെ തട്ടിക്കൊണ്ടുപോകുന്നത്. കാരണം എത്ര ഭീകരമായാലും സ്ഫോടനം ഒരു അവസാനവാക്കാണ്‌. അതിനുമുന്‍പും പിന്‍പും എന്ന് ജീവിതത്തെ കാണാനാകും. അവശേഷിക്കുന്നവര്‍ക്ക് പുതിയ രീതിയില്‍ ലോകത്തെ മനസിലാക്കി മുന്നോട്ടുപോകാം. എന്നാല്‍ തട്ടിക്കൊണ്ടുപോകല്‍ തട്ടിക്കൊണ്ടുപോകുന്നവരുടെയും കാത്തിരിക്കുന്നവരുടെയും മനസ്സില്‍ ഒരു ദീര്‍ഘകാലവിള്ളല്‍ തീര്‍ക്കും. അതിനു അവസാനമില്ല. തട്ടിക്കൊണ്ടുപോകപ്പെട്ട ആള്‍ ഇല്ലാതാകുന്നു, എന്നാല്‍ ആളുടെ അഭാവം പൂര്‍ണ്ണമാകുന്നില്ല, ആള്‍ ഒരു ഓര്‍മ്മയായി മാറുന്നില്ല. തട്ടിക്കൊണ്ടുപോകപ്പെട്ടയാള്‍ അടുത്തുതന്നെയുണ്ട്‌, നശിച്ച ഒരു തരം പ്രതീക്ഷയുടെ അറ്റത്ത് ജീവനോടെ. തട്ടിക്കൊണ്ടുപോയി ബന്ദിയാക്കല്‍ ഏറ്റവും അസ്വസ്ഥമായ ഒരു തരം ഭീകരതയാണ്. ആളുകളെ തളര്‍ത്തിക്കളയാന്‍ കഴിയുന്ന ഒരു തരം പ്രതീക്ഷയാണിതിലുള്ളത്.

ഒരു രാഷ്ട്രീയകാരണത്തിന്റെ പേരില്‍ ഡിസംബര്‍ 2012ല്‍ നൈജീരിയയില്‍ നിന്ന് എന്റെ മുത്തശ്ശിയെ ചിലര്‍ തട്ടിക്കൊണ്ടുപോയി. ജീവിതത്തിലെ മറ്റുകാര്യങ്ങളൊന്നും ചെയ്യാതെ അപ്രത്യക്ഷയായ ആള്‍ക്ക് എന്തുസംഭവിച്ചു എന്ന് ആലോചിക്കുക മാത്രമേ ചെയ്യാന്‍ കഴിഞ്ഞുള്ളു. അതൊരു വല്ലാത്ത വികാരമാണ്. എങ്ങനെ ചിന്തിക്കാനാക്കും, എങ്ങനെ ജോലി ചെയ്യാനാകും, നിങ്ങളുടെ മുത്തശ്ശിയെ കുറച്ചുഭ്രാന്തന്മാര്‍ പിടിച്ചുവെച്ചിരിക്കുന്നു എന്ന് ചിന്തിക്കുമ്പോള്‍ എങ്ങനെ ശ്വസിക്കാനാകും? ഭാഗ്യവശാല്‍ പോലീസിന്റെ ഇടപെടല്‍ കൊണ്ട് അവര്‍ തിരികെയെത്തി. ഇപ്പോള്‍ തട്ടിക്കൊണ്ടുപോയ മുന്നൂറുപേരെ ഇതിനോട് ഉപമിക്കുകയല്ല, പക്ഷെ അവരുടെ മനസിലെ വിചാരങ്ങള്‍ എനിക്ക് മനസിലാകും. ഈ രാജ്യത്തെ അസ്വസ്ഥമാക്കാന്‍ ചെയ്ത ഏറ്റവും പ്രാകൃതനടപടിയാണ് ഈ തട്ടിക്കൊണ്ടുപോകല്‍. ഭീരുത്വമാണ് ഇത് ചെയ്തത്. ഒരു ദേശത്തിന്റെ വൈവിധ്യത്തോട് ജനാധിപത്യപരമായി എഴുതിയതോ പറഞ്ഞതോ ആയ വാക്കാല്‍ സംവദിക്കാന്‍ കഴിയാത്തതിന്റെ ഭീരുത്വമാണിത്.


ലോകവും നൈജീരിയക്കാരും പലപ്പോഴും ഇതൊരു വളരെ പുതിയ ജനാധിപത്യമാണെന്ന് മറക്കുന്നു. പതിനഞ്ചുവയസേ ഉള്ളൂ നൈജീരിയന്‍ ജനാധിപത്യത്തിന്. രണ്ടുഭരണക്കൈമാറ്റങ്ങളേ ഈ രാജ്യം കണ്ടിട്ടുള്ളൂ. പട്ടാള ഏകാധിപതിഭരണത്തിന്റെ ഭീകരതയെ 1997ല്‍ ഉപേക്ഷിച്ച് നൈജീരിയ ഒരു ജനാധിപത്യരാഷ്ട്രമായാത് 1999ല്‍ മാത്രമാണ്. 2003, 2007, 2011 എന്നീ വര്‍ഷങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകള്‍ സംഘര്‍ഷം നിറഞ്ഞവയായിരുന്നു. എന്നാല്‍ ഓരോന്നും പുരോഗമനത്തിന്റെ പാതയിലുമായിരുന്നു. അറുപതു വര്‍ഷം മാത്രം പ്രായമുള്ള ഒരു രാഷ്ട്രവുമാണ് ഇത്. ഇവിടെ പല സംസ്കാരങ്ങളുള്ള 180 മില്യന്‍ മനുഷ്യരുണ്ട്‌. അവര്‍ ഈ ദേശീയതയുമായി ചേര്‍ന്ന് വരുന്നതേയുള്ളൂ. കൂടുതല്‍ സുസ്ഥിരമായ പഴയ ജനാധിപത്യസംവിധാനങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ഈ ബോക്കോ ഹറാം ദുരന്തം മനസിലാക്കാന്‍ ബുദ്ധിമുട്ട് തോന്നിയേക്കാം. സമാധാനപരമായ ഒരു രാഷ്ടീയകാലാവസ്ഥയിലെത്തണമെങ്കില്‍ ഒരു സമൂഹം അതിന്റെ ഏറ്റവും ഹിംസനിറഞ്ഞ സംഭാഷണരീതികളിലൂടെ കടന്നുപോകേണ്ടിവരും. ഈ സംഘര്‍ഷങ്ങളുമായി ബന്ധമില്ലാത്ത സാധുക്കളെയാണ് ഇത് ബാധിക്കുന്നതും.

ബോക്കോ ഹറാം എന്റെ നാട്ടുകാരുടെ മേല്‍ തുറന്നുവിട്ട ക്രൂരതയെ വിശദീകരിക്കാന്‍ എനിക്ക് ആഗ്രഹമില്ല. തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളെ നമുക്ക് തിരികെവേണം, ആക്രമങ്ങളില്‍ കൊല്ലപ്പെട്ടവരുടെ ഓര്‍മ്മകളെ ആദരിക്കണം. എന്നാല്‍ ഇതൊക്കെ വളര്‍ന്നുവരുന്ന നമ്മുടെ ജനാധിപത്യത്തിലൂടെ വേണം ചെയ്യാന്‍. കാണാതായ പെണ്‍കുട്ടികളുടെ കുടുംബങ്ങളില്‍ നിന്നും സോഷ്യല്‍ മീഡിയ മൂവ്മെന്‍റുകളില്‍ നിന്നും ലൈവ് പ്രതിഷേധങ്ങളില്‍ നിന്നും നൈജീരിയന്‍ പട്ടാളത്തില്‍ നിന്നും ഇതിനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഹാഷ് ടാഗുകള്‍ പ്രധാനമാണ്. നമ്മള്‍ #ബ്രിംഗ്ബാക്ക്ഔര്‍ഗേള്‍സ്‌ തുടരണം. എന്നാല്‍ മരവിച്ച ഭരണരീതികള്‍ ആവശ്യപ്പെടുമ്പോള്‍ സ്വന്തം ജീവന്‍ പോലും ഒരു ബോംബില്‍ തകര്‍ത്ത് കളയാന്‍ കഴിയുന്നവരുടെ മുന്നില്‍ ഇന്റര്‍നെറ്റ് ഒരു ഉത്തരമല്ല. നൈജീരിയക്കാര്‍ എന്ന നിലയില്‍ ആരാണ് നമ്മള്‍ എന്നും ഹിംസയെ ഒരു മാര്‍ഗമായി കാണുന്നവരോട് നമ്മള്‍ എങ്ങനെ പ്രതികരിക്കണമെന്നും തീരുമാനം എടുക്കേണ്ടിയിരിക്കുന്നു. അന്താരാഷ്‌ട്രസമൂഹം ഇതിനു നൈജീരിയക്കാരുടെ ഒപ്പം നില്‍ക്കുമെന്നും ജനാധിപത്യം എന്നതിലേയ്ക്ക് നമ്മള്‍ മാര്‍ച്ചുചെയ്യുന്നതിനിടയിലെ പ്രശ്നങ്ങളില്‍ കൂടെയുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.

ഇങ്ങനെയാണ് നമുക്ക് ആ കുട്ടികളെ തിരിച്ചുകൊണ്ടുവരാന്‍ പറ്റുക. ഇങ്ങനെയാണ് നമ്മുടെ കുട്ടികള്‍ നമ്മളെ തിരികെയെത്തിക്കുക.

Uzodinma Iweala is the author of “Beasts of No Nation” and “Our Kind of People: A Continent’s Challenge, A Country’s Hope.” He is the editor in chief of Ventures Africa magazine.

Share on

മറ്റുവാര്‍ത്തകള്‍