ഏതൊരു തെരഞ്ഞെടുപ്പ് ആയാലും വാഗ്ദാനങ്ങള്‍ കൊണ്ട് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വോട്ടര്‍മാര്‍ക്ക് മുന്നില്‍ എത്തുക പതിവുള്ള കാഴ്ചയാണ്. ഒരു തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ശ്രമിക്കുന്ന ഒരു സ്ഥാനാര്‍ത്ഥി അല്ലെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടി പൊതുജനങ്ങള്‍ക്ക് നല്‍കുന്ന വാഗ്ദാനമോ ഉറപ്പോ ആണ് തെരഞ്ഞെടുപ്പ് വാഗ്ദാനം. തേനും പാലും ഒഴുക്കും എന്നുള്ള ആദ്യകാലങ്ങളില്‍ നല്‍കിയിരുന്ന വാഗ്ദാനങ്ങള്‍ ഒന്നും ഇന്ന് പ്രായോഗികമല്ല. അത്തരം വാഗ്ദാനങ്ങള്‍ ആക്ഷേപഹാസ്യമായി പോലും മലയാള സിനിമയില്‍ വന്നിട്ടുണ്ട് എന്നുള്ളത് ശ്രദ്ധേയമാണ്. ഇന്ന് സൗജന്യങ്ങളുടെ പെരുമ തന്നെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായി വരുന്നത് കാണാം.
ജനതാദള്ളുകളും കൂട്ടുകക്ഷി മുന്നണിയും
ചിരിക്കുന്ന മുഖത്തോടു കൂടി വോട്ടര്‍മാരെ സമീപിക്കുന്ന ഗൗരവക്കാരായ രാഷ്ട്രീയക്കാരെ എത്രയോ കാര്‍ട്ടൂണിസ്റ്റുകള്‍ ചിത്രീകരിച്ചിരിക്കുന്നു. നരേന്ദ്രമോദി ഒരു വികസന നായകനായിട്ടാണ് ആദ്യം ജനങ്ങളിലേക്ക് എത്തിയത്. വളരെ കൗതുകത്തോടെ കൂടി ജനങ്ങള്‍ രാജ്യത്തിന്റെ വികസനം നരേന്ദ്ര മോദിയിലൂടെ സാധ്യമാകുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ രാജ്യത്ത് വികസനത്തിനൊപ്പം ഹിന്ദു രാഷ്ട്രമാക്കുവാനുള്ള ശ്രമം പുരോഗമന ചിന്തയുള്ള ജനങ്ങളാല്‍ പരക്കെ അപലപിക്കപ്പെട്ടു. രാമക്ഷേത്രം നിര്‍മിക്കുക എന്നുള്ള ലക്ഷ്യമാണ് തെരഞ്ഞെടുപ്പിന് മുന്‍പ് പ്രധാനമായി നടന്നത്. മതേതര ജനാധിപത്യ ഇന്ത്യയെ ഒരു മത രാഷ്ട്രമാക്കി മാറ്റുന്ന പ്രക്രിയയാണ് വ്യാപകമായി ഉണ്ടായത് എന്ന വിമര്‍ശനങ്ങള്‍ വ്യാപകമായി.
വികസനപുരുഷന്‍ എന്നുള്ള രീതിയില്‍ വോട്ടര്‍മാരുടെ സമീപത്തേക്ക് വന്ന നരേന്ദ്ര മോദിയെയാണ് പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് കെ ഉണ്ണികൃഷ്ണന്‍ മാതൃഭൂമിക്ക് വേണ്ടി വരച്ച തന്റെ കാര്‍ട്ടൂണില്‍ ചിത്രീകരിച്ചത്. രണ്ട് കോളങ്ങളിലായിട്ട് ചിത്രീകരിച്ച ഈ കാര്‍ട്ടൂണില്‍ വികസനപുരുഷന്‍ എന്നുള്ള മേലങ്കി അണിഞ്ഞ നരേന്ദ്രമോദി ഭൂമി കുഴിക്കുകയാണ്. വലിയ വ്യവസായങ്ങള്‍ വരും എന്നുള്ള പ്രതീക്ഷയില്‍ ജനങ്ങള്‍ കൗതുകത്തോടെ നോക്കി നില്‍ക്കുന്നു. എല്‍ കെ അദ്വാനി എന്താണ് നടക്കുന്നതെന്ന് കൗതുകത്തോടെ നോക്കിയിരിക്കുന്നു. എന്നാല്‍ വ്യവസായ സ്ഥാപനങ്ങള്‍ക്ക് പകരം രാംമന്ദിറുമായി വരുന്ന നരേന്ദ്ര മോദിയെയാണ് രണ്ടാം കോളത്തില്‍ കാര്‍ട്ടൂണിസ്റ്റ് ചിത്രീകരിച്ചിരിക്കുന്നത്. ഇത് കണ്ട് ഞെട്ടിയ വോട്ടറും രാംമന്ദിര്‍ എന്ന ശിലകം പൊക്കി വരുന്ന നരേന്ദ്ര മോദിയെ കണ്ട് ആഹ്ലാദിക്കുന്ന എല്‍ കെ അദ്വാനിയും ഉണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പലപ്പോഴും നിറവേറ്റാന്‍ സാധ്യതയില്ല. എന്നാല്‍ നരേന്ദ്രമോദി രാമക്ഷേത്രം എന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റിയിരിക്കുന്നു. ഈ കാര്‍ട്ടൂണിന്റെ മൂന്നാം ഭാഗമാണ് വര്‍ത്തമാനകാലത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നുള്ളത് ഈ കാര്‍ട്ടൂണ്‍ വിശേഷപ്പെട്ടതാകുന്നു.
കാര്‍ട്ടൂണ്‍ കടപ്പാട് : മാതൃഭൂമി