Continue reading “ആര്‍.എസ്.എസ്- വെള്ളാപ്പള്ളി കച്ചവടം; കേരള ബിജെപിയെ തൂക്കിവിറ്റത് ആക്രി വിലയ്ക്ക്”
" /> Continue reading “ആര്‍.എസ്.എസ്- വെള്ളാപ്പള്ളി കച്ചവടം; കേരള ബിജെപിയെ തൂക്കിവിറ്റത് ആക്രി വിലയ്ക്ക്” ">വളരെ വിചിത്രമായ ഒരു കച്ചവടമാണ് ഡല്‍ഹിയില്‍ നടന്നത്. നാളിതുവരെ വോട്ടുവിറ്റു പണം കീശയിലാക്കിപ്പോന്ന ബി.ജെ.പി. കേരള ഘടകത്തെ ആര്‍.എസ്.എസ് നിര്‍ദ്ദേശ പ്രകാരം, പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം തൂക്കിവിറ്റു. സംസ്ഥാന ഘടകം വോട്ടുവിറ്റപ്പോള്‍ കേന്ദ്രനേതൃത്വം ഘടകത്തെ തന്നെ വിറ്റു. രണ്ടു കച്ചവടത്തിന്റെയും പിന്നിലെ ലക്ഷ്യം ഒന്നു തന്നെ. സ്വന്തമായിട്ട് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍, തങ്ങള്‍ക്ക് ആകാവുന്നത് ചെയ്ത് ചിലത് ഉണ്ടാക്കാന്‍ കഴിയുമല്ലോ.
കേരളത്തില്‍ ബി.ജെ.പി. വളരാന്‍ ഇനി ചെയ്യാനായിട്ട് ഒന്നുമില്ല. അടിയന്തരാവസ്ഥയ്ക്ക് ശേഷം ജനസംഘം കൂടിച്ചേര്‍ന്നുണ്ടായ കേന്ദ്രഭരണത്തിന്റെ നാളുകളില്‍ കേരളത്തില്‍ ശൂന്യമായിരുന്നിട്ടും ഏതു കാരണത്തിനും എന്തു കാരണത്തിനും ‘അതു ഞങ്ങള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും’ എന്ന് സംസ്ഥാന ജനസംഘത്തിന്റെ നേതാക്കളായ ഒ.രാജഗോപാലും കെ.ജി മാരാരും പറയുമായിരുന്നു. 38 വര്‍ഷം കഴിഞ്ഞിട്ടും കേരളത്തിലെ ഇന്നത്തെ ബി.ജെ.പി. നേതാക്കള്‍ അതു തന്നെയാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്.
രാജഗോപാലിനെ കേന്ദ്ര റയില്‍വേ സഹമന്ത്രിയാക്കി നോക്കി. നാട്ടില്‍ പാര്‍ട്ടി ക്ലച്ചുപിടിക്കുമോ എന്ന് നോക്കാന്‍. രാജേട്ടന്‍ ധാരാളം പുതിയ ട്രെയിന്‍ സര്‍വ്വീസുകള്‍ കൊണ്ടുവന്നെങ്കിലും പാര്‍ട്ടി സ്റ്റേഷന്‍ വിട്ട് അനങ്ങിയില്ല. പിന്നെ രാജേട്ടനിലൂടെ തിരഞ്ഞെടുപ്പിലൂടെ, പാര്‍ട്ടിയുടെ രാഷ്ട്രീയ അസ്തിത്വം ഉറപ്പിക്കാന്‍ ചെയ്യാവുന്നതെല്ലാം ചെയ്തു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുതല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വരെ ആ പാവം മനുഷ്യനെ പാര്‍ട്ടി ഉപയോഗിച്ചു നോക്കി. ഒന്നിലും ക്ലച്ചു പിടിച്ചില്ല. ഒടുവില്‍ അരുവിക്കരയിലെ ഉപതെരഞ്ഞെടുപ്പില്‍ രാജഗോപാല്‍ നേടിയ വോട്ടിന്റെ കണക്കുപറഞ്ഞ് കേരളത്തില്‍ ബി.ജെ.പി. ശക്തമായി കഴിഞ്ഞുവെന്ന് രാജേഷ് മുതല്‍ രമേശ് വരെയുള്ള യുവരക്തങ്ങളേയും എം.എസ്. കുമാര്‍ മുതല്‍ മോഹന്‍ദാസ് വരെയുള്ള പഴയ രക്തങ്ങളെയും കൊണ്ട് മാറിമാറി ടെലിവിഷന്‍ ചര്‍ച്ചകളില്‍ പറയിച്ചുവെങ്കിലും കേന്ദ്രനേതൃത്വത്തിന് ഒരു കാര്യം വ്യക്തമായിരുന്നു. കേരളത്തില്‍ പാര്‍ട്ടി ഒരു നഷ്ടക്കച്ചവടമാണ്. കാലണയുടെ കച്ചവടം നാളിതുവരെ നടന്നിട്ടില്ല. അരുവിക്കരയില്‍ രാജഗോപാലിനു കിട്ടിയ വോട്ട് അരനൂറ്റാണ്ടിലേറെയായി മാറിമാറി മത്സരിച്ചു തോറ്റ ഒരു വന്ദ്യവയോധികനോടുള്ള ജനത്തിന്റെ ആദരവായിരുന്നു; ഇനിയെങ്കിലും ഇതൊന്നു നിര്‍ത്താന്‍.
അതുകൊണ്ടാണ് അരുവിക്കര തിരഞ്ഞെടുപ്പ് കേരളത്തിന്റെ രാഷ്ട്രീയ ഭൂപടം മാറ്റിക്കഴിഞ്ഞു എന്നും മറ്റും വീമ്പിളക്കി നടന്ന സംസ്ഥാന നേതൃത്വത്തിലെ ചാനല്‍ചര്‍ച്ചാ തൊഴിലാളികളോ ശിലാഫലകത്തില്‍ സ്വന്തം പേരും കൂടി തരപ്പെടുത്തി സ്വപ്നവും കണ്ട് നടക്കുന്ന സംസ്ഥാന പ്രസിഡന്റോ ഏറ്റവും കൂടുതല്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചു തോറ്റതിന് ഗിന്നസ് ബുക്കില്‍ ഇടംനേടാന്‍ സാധ്യതയുള്ള രാജേട്ടനോ കളിക്കളം ഡല്‍ഹിയാക്കുന്നതാണ് സ്വന്തം ഭാവിയ്ക്ക് നല്ലതെന്നു കരുതിയ അല്‍ഫോണ്‍സ് കണ്ണന്താനമോ അറിയാതെ സംസ്ഥാന ഘടകത്തിന്റെ മൊത്തക്കച്ചവടം ഡല്‍ഹിയില്‍ അമിത് ഷായും മോദിയും ആര്‍.എസ്.എസും കൂടി കബൂലാക്കിയത്.
കേരളത്തില്‍ നടക്കുന്ന കാര്യങ്ങളൊന്നും അറിയാത്ത നേതാവാണ് സംസ്ഥാന പ്രസിഡന്റ് എന്ന് കേന്ദ്രനേതൃത്വത്തിന് നന്നായി അറിയാം. ഇഷ്ടന്‍ കൂടുതല്‍ സമയവും ഡല്‍ഹിയിലാണ്. അതു താന്‍ മോദിജിയെ അനുകരിക്കുന്നതിന്റെ ഭാഗമാണെന്ന് ഒക്കെ പറഞ്ഞുനോക്കിയെങ്കിലും അതിനൊന്നും വലിയ വില കിട്ടിയില്ല. അടൂര്‍ പ്രകാശ് വിവാദമായ ഒരു ഉത്തരവ് ഇറക്കിയെങ്കിലും സുധീരന്റെ ഇടപെടലിനെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം ഉത്തരവ് പിന്‍വലിച്ച കാര്യം ആ സമയത്തും ഡല്‍ഹിയില്‍ ആയിരുന്ന സംസ്ഥാന പ്രസിഡന്റ് മുരളീധരനും സ്വന്തം കൈരേഖ ഒഴിച്ച് ലോകത്തുള്ള സകലമാനരേഖകളും ഉള്ളംകൈയില്‍ ഒതുക്കി നടക്കുന്ന ടെലിവിഷന്‍ ചര്‍ച്ചക്കാരന്‍ സുരേന്ദ്രനും അറിഞ്ഞില്ല. ഇരുവരും മന്ത്രിയുടെ ഉത്തരവിനെതിരെ പാര്‍ട്ടി നടത്താന്‍ പോകുന്ന ഗംഭീരന്‍ സമരപരിപാടികളെ കുറിച്ച് ഡല്‍ഹിയിലെ മാധ്യമങ്ങളെ വിളിച്ചുവരുത്തി പത്രസമ്മേളനം തുടങ്ങിയപ്പോള്‍ തന്നെ, ഉത്തരവ് പിന്‍വലിച്ച കാര്യം പത്രക്കാര്‍ നേതാക്കളെ അറിയിച്ചു. ”ഉത്തരവ് പിന്‍വലിച്ചോ?” എന്ന് രണ്ട് നേതാക്കളും ഒറ്റ സ്വരത്തില്‍ ചോദിച്ചു. വാസ്തവത്തില്‍, ഉത്തരവ് പിന്‍വലിച്ചതായി മലയാളം ടെലിവിഷന്‍ ചാനലുകള്‍ വാര്‍ത്ത സ്‌ക്രോള്‍ ചെയ്തു തുടങ്ങിയിട്ട് നാല് മണിക്കൂറോളം ആയിരുന്നു അപ്പോള്‍. നേതാക്കള്‍ മുറിയിലിരുന്നപ്പോള്‍ വാര്‍ത്ത കണ്ടിരുന്നില്ല എന്നു മാത്രമല്ല, അണികളോ സംസ്ഥാന പാര്‍ട്ടി ഘടകമോ ഈ വാര്‍ത്ത, ഉത്തരവിനെതിരെ സമരപ്രഖ്യാപനം നടത്താന്‍ ഡല്‍ഹിയില്‍ പോയ നേതാക്കന്‍മാരെ അറിയിച്ചുമില്ല. ഒരു പക്ഷെ, സംസ്ഥാന പ്രസിഡന്റ് സംസ്ഥാന നേതാക്കളോട് ചര്‍ച്ച പോലും ചെയ്യാതെയായിരിക്കും സമരപ്രഖ്യാപനം നടത്താന്‍ ഡല്‍ഹിയില്‍ പത്രസമ്മേളനം നടത്തിയത്.
അതൊക്കെ തന്നെയാണ് ഇപ്പോഴും നടക്കുന്നത്. സംസ്ഥാന ഘടകത്തെ ആക്രിവിലയ്ക്ക് തൂക്കി വില്‍ക്കാന്‍ പോകുന്ന കാര്യം സംസ്ഥാന നേതാക്കളില്‍ ആരുമായും ചര്‍ച്ച ചെയ്തില്ല. അതിന്റെ ആവശ്യമില്ല. വില്‍ക്കുന്നവനും വാങ്ങുന്നവനും അറിഞ്ഞാല്‍ മതി. കച്ചവടം ആര്‍.എസ്.എസ്. നേരിട്ടാണ് നടത്തിയതെന്നു വന്നതോടെ എതിര്‍പ്പിന്റെ ഒരു ശ്വാസം പോലം ഒരു നേതാവില്‍ നിന്നും ഉയര്‍ന്നില്ല. ഉയര്‍ന്നാല്‍ അത് അവരുടെ അവസാനത്തെ ശ്വാസമാണെന്ന് ആര്‍ക്കാണറിയാത്തത്? പാവം, അദ്വാനി തന്നെയാണ് ജീവിക്കുന്ന രക്തസാക്ഷി. കച്ചവടത്തിന് സൈദ്ധാന്തിക പരിവേഷം നല്‍കാന്‍ പ്രമുഖ സൈദ്ധാന്തികന്‍ ഗുരുമൂര്‍ത്തിയും ഉണ്ടായിരുന്നു. വിലപേശലിന്റെ ആദ്യന്ത്യം. മൂര്‍ത്തി സൈദ്ധാന്തികന്‍ മാത്രമല്ല, നല്ല കണക്കുപിള്ളയും കൂടിയാണ്.
വിറ്റത് എത്ര കോടിയ്ക്കാണെന്നറിയില്ല. വാങ്ങിയത് വെള്ളാപ്പള്ളിയും ഭാര്യയും മകനുമാണെന്നു മാത്രമേ അറിയാവൂ. എസ്.എന്‍.ഡി.പി. വാങ്ങി എന്നൊക്കെയാണ് പറഞ്ഞുകേള്‍ക്കുന്നതും പറഞ്ഞു പരത്തുന്നതും. പക്ഷെ, അത് സത്യമല്ല. കാരണം, എസ്.എന്‍.ഡി.പി.യുടെ പ്രസിഡന്റ് ഇതൊന്നുമറിഞ്ഞിട്ടില്ല. ഡല്‍ഹിയില്‍ അദ്ദേഹത്തെ കൂട്ടിയില്ല. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ല എന്ന സ്ഥിതിയ്ക്ക് യോഗം പ്രസിഡന്റ് എന്തിനാണ് ഇതൊക്കെ അറിയുന്നത്? പൂച്ചമാര്‍ക്കെന്താ പൊന്നുരുക്കുന്നിടത്ത് കാര്യം?
എന്തുകൊണ്ടാണ് വെള്ളാപ്പള്ളിയ്ക്ക് വിറ്റത്? ഉത്തരം വെള്ളാപ്പള്ളിയുടെ തന്നെ വാക്കുകളില്‍ ഉണ്ട്. ”കേരളത്തില്‍ ബി.ജെ.പി.യുടെ വളര്‍ച്ച ഇത്രയേയുള്ളു. ഇതിനപ്പുറമൊന്നുമില്ല.” അതുകൊണ്ടാണത്രേ വിശാല ഹിന്ദു ഐക്യത്തിന് – നായാടി മുതല്‍ നമ്പൂതിരി വരെ – വേണ്ടിയുള്ള ഒരു രാഷ്ട്രീയ മുന്നണിക്ക് എസ്.എന്‍.ഡി.പി. പിന്തുണയും മുന്‍തുണയും നല്‍കുന്നത്. അപ്പോള്‍ പിന്നെ, ബി.ജെ.പി. ഉയര്‍ത്തിപ്പിടിക്കുന്നതും ഇതുതന്നെയല്ലേ? ഹിന്ദു ഐക്യം? ആ ബോധം വളര്‍ത്താനല്ലേ അദ്വാനി രഥയാത്ര നടത്തിയതും ആര്‍.എസ്.എസുകാര്‍ ബാബറി മസ്ജിദ് തകര്‍ത്തതും വര്‍ഗ്ഗീയ കലാപങ്ങള്‍ അഴിച്ചുവിട്ടതും ചോരപ്പുഴ ഒഴുക്കിയതും ഗുജറാത്തില്‍ തീവണ്ടി കത്തി കൊല്ലപ്പെട്ട ഹിന്ദു തീര്‍ത്ഥാടകരുടെ പേരില്‍ ഹിന്ദു തീവ്രവാദികള്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ അനുഗ്രഹാശിസുകളോടെ മുസ്ലീംങ്ങളെ കശാപ്പ് ചെയ്തതും പിന്നീട്, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പുകാലത്ത്, മുസാഫര്‍പൂരില്‍ വര്‍ഗീയ ലഹള നടത്തിയതുമൊക്കെ? ഈ ഹിന്ദു ഐക്യം ഉണ്ടാക്കാന്‍? സംഘികള്‍ക്ക് വൃത്തിയായി ചെയ്യാന്‍ ആകെ അറിയാവുന്ന ഈ പണി – Engineering Communal Violence – കേരളത്തില്‍ ഏത് രൂപത്തിലാണ് വരാന്‍ പോകുന്നതെന്ന് വരും നാളുകളില്‍ അറിയാം. അത് അവസാന പണിയാണ്.
ഒരര്‍ത്ഥത്തില്‍ വെള്ളാപ്പള്ളിയെ ഈ കച്ചവടത്തിന് പലരും, പലതും നിര്‍ബന്ധിക്കുകയായിരുന്നു. പ്രധാനമായും തുഷാര്‍ വെള്ളാപ്പള്ളി. ഒരു പഴയ കെ.മുരളീധരനാണ് തുഷാര്‍. കരുണാകരന്റെ സര്‍വ്വനാശം കണ്ടിട്ടേ മകന്റെ അധികാരമോഹം അടങ്ങിയുള്ളു. സര്‍വ്വപ്രതാപിയായ കരുണാകരന്‍ മകനെ ഭയന്നു എന്നു പോലും തോന്നിയിരുന്നു. ഒടുവില്‍, രാഷ്ട്രീയമായി അച്ഛനെ തള്ളിക്കളയാന്‍ പോലും തന്റേടം കാട്ടിയ ചുണക്കുട്ടിയാണ് മുരളീധരന്‍. ആ ജനുസ്സില്‍ പെട്ട ഒന്നാണ് തുഷാര്‍. എതിര്‍ക്കുന്നവര്‍ക്ക് അത്ര നല്ല കാലമല്ല. ജാതകം എഴുതിക്കാനും തിരുത്താനും ഇഷ്ടനു കഴിയും. പുഴ കുറുകെ നീന്തിക്കടക്കാന്‍ തക്ക വൈഭവവും കരുത്തുമുണ്ടായിരുന്ന ശാശ്വതീകാനന്ദന്‍ – ഒരു കാലത്തെ വെള്ളാപ്പള്ളിമാരുടെ സന്തത സഹചാരി – ഒടുവില്‍ പുഴയില്‍ മുങ്ങിച്ചത്തത് ജാതകദോഷം കൊണ്ടായിരുന്നു അത്രേ!
മറ്റൊരു ഘടകം വെള്ളാപ്പള്ളിയുടെ കള്ളപ്പണമാണ്. വെള്ളാപ്പള്ളി ചാനലായ ചാനലുകളിലെല്ലാം പറയുന്നത് ഒരേ കാര്യമാണ്. ഈ സര്‍ക്കാരുകള്‍ ഞങ്ങള്‍ക്ക് എത്ര സ്‌കൂളുകള്‍ തന്നു? എത്ര കോളേജുകള്‍ തന്നു? തന്നവയൊക്കെ എങ്ങനെ നടക്കുന്നു എന്ന് ചോദിക്കരുത്. നിലവാരം മനസ്സിലാക്കണമെങ്കില്‍ ചെമ്പഴന്തി എസ്.എന്‍ കോളേജ് മാത്രം നോക്കിയാല്‍ മതി. പഠിക്കാന്‍ സ്‌കൂള്‍ കിട്ടാത്തതുകൊണ്ടു മാത്രം പഠിക്കാന്‍ കഴിയാത്ത എത്ര ഈഴവ കുട്ടികളാണ് കേരളത്തില്‍ ഉള്ളത്? അങ്ങനെയൊരു വാദം വെള്ളാപ്പള്ളിക്കുണ്ടോ? അപ്പോള്‍ പിന്നെ, കോളേജും സ്‌കൂളും സമുദായത്തിനു വേണ്ടിയല്ല. സമുദായത്തിന്റെ മാനേജ്‌മെന്റിനു വേണ്ടിയാണ്. മാനേജ്‌മെന്റ് എന്നു പറഞ്ഞാല്‍ വെള്ളാപ്പള്ളി തന്നെ. അതുകൊണ്ടാണ് കേരള ബി.ജെ.പിയ്ക്ക് വിലപറഞ്ഞ് വാങ്ങിയ ഒരു ഘട്ടത്തിലും എസ്.എന്‍.ഡി.പി. പ്രസിഡന്റുള്‍പ്പെടെ എസ്.എന്‍.ഡി.പി.യുടെ ഒരു ഭാരവാഹി പോലും ഉണ്ടാകാതിരുന്നത്. ചര്‍ച്ചയില്‍ പങ്കെടുത്തത് വെള്ളാപ്പള്ളിയും മകനും ഭാര്യയും.
ഈ കുടുംബ – മാനേജ്‌മെന്റിനെക്കുറിച്ചാണ് വി.എസ്. പറഞ്ഞത്. സ്‌കൂള്‍ – കോളേജുകളിലെ നിയമനങ്ങള്‍ വഴിയും സീറ്റുവില്‍പ്പനയിലൂടെയും വെള്ളാപ്പള്ളി 100 കോടി രൂപയുടെ അഴിമതി കഴിഞ്ഞ നാലുകൊല്ലത്തിനിടയില്‍ നടത്തിയിട്ടുണ്ടെന്നും അത് സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും വി.എസ്. പറഞ്ഞപ്പോള്‍, 100 കോടി എന്നൊക്കെ പറഞ്ഞ് തന്നെ അധിക്ഷേപിയ്ക്കരുതെന്നും തന്റെ സ്വത്ത് അതിലും എത്രയോ മടങ്ങാണെന്നുമാണ് വെള്ളാപ്പള്ളി മറുപടി പറഞ്ഞത്. വിദേശ ഇന്ത്യാക്കാരുടെ കള്ളപ്പണത്തിന്റെ രേഖകള്‍ ഒന്നാംഘട്ടം ഉടന്‍ പുറത്തുവിടുമെന്നും സൗജന്യം വേണ്ടവര്‍ മുന്‍കൂറായി സര്‍ക്കാരിനെ അറിയിച്ച് രസീതു വാങ്ങണമെന്നും കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പത്രസമ്മേളനത്തില്‍ പറഞ്ഞ് അടുത്ത ദിവസം തന്നെയാണ് വെള്ളാപ്പള്ളി കച്ചവടത്തിനായി ഡല്‍ഹിയില് പോയത് എന്നത് തീര്‍ത്തും യാദൃശ്ചികമാവാം. പക്ഷേ ചികഞ്ഞുനോക്കിയാല്‍ ധാരാളം ഉള്ളറകള്‍ കണ്ടേക്കാം.
ഒരു പഴയ സംഭവം ഓര്‍മ്മവരുന്നു. വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട ഒരു ഫൈനാന്‍സില്‍ പല സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും വ്യാജസീലുകള്‍ കണ്ടെടുത്തു എന്ന വാര്‍ത്ത. വെള്ളാപ്പള്ളിയുടെ ഹോട്ടലുകളിലും വീട്ടിലും ഒന്നിച്ച് റെയ്ഡ്. വീടിനുള്ളില്‍ വയര്‍ലസ് സെറ്റുകളും മറ്റു വാര്‍ത്താവിനിമയ ഉപകരണങ്ങളും കണ്ടെത്തിയെന്ന വാര്‍ത്ത; വെള്ളാപ്പള്ളി കുടുങ്ങുമെന്നും കുരുക്കുവീഴുമെന്ന വാര്‍ത്തകള്‍. ഒടുവില്‍, എല്ലാം ഭംഗിയായി കലാശിച്ചു. അന്നും വെള്ളാപ്പള്ളിയെ സഹായിച്ചത് കേന്ദ്രത്തിലെ ബി.ജെ.പി. ഭരണമായിരുന്നു. അന്ന് വെള്ളാപ്പള്ളിയ്ക്ക് വഴിയൊരുക്കിക്കൊടുത്തത് രാജേട്ടനായിരുന്നു. ഇന്ന് രാജേട്ടന്‍ വേണമെന്നില്ല. നേരിട്ട് വഴിതുറക്കാന്‍ സൈദ്ധാന്തികരും കണക്കപ്പിള്ളമാരുമുണ്ട്.
പുതിയ ‘ഇഴബന്ധങ്ങള്‍’ അനുസരിച്ച്, വെള്ളാപ്പള്ളിയോ മകന്‍പള്ളിയോ മൂന്നാം മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകും. അടുത്ത തിരഞ്ഞെടുപ്പാണ് ലക്ഷ്യം. ദേശീയ പാര്‍ട്ടിയായ ബി.ജെ.പി.യുടെ സംസ്ഥാന ഘടകം വെള്ളാപ്പള്ളിയുടെയും മകന്‍ പള്ളിയുടെയും വാലായി പ്രവര്‍ത്തിക്കും. ഭാരത മാതാ, കീ ജയ്!
ചില വ്യവസായ സ്ഥാപനങ്ങളൊക്കെ തൂക്കി വില്‍ക്കുന്ന രീതിയിലാണ് സംസ്ഥാന ഘടകത്തിന്റെ കച്ചവടം നടന്നത്. സംസ്ഥാന ഘടകത്തിന്റെ സ്ഥാവരജംഗമവസ്തുക്കള്‍ മൊത്തമായി തൂക്കിവിറ്റു. അതോടെ പാര്‍ട്ടിയുടെ ചാനല്‍ ചര്‍ച്ച തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമാകുകയില്ല. പുനരധിവാസ പാക്കേജിന്റെയോ വി.ആര്‍.എസിന്റെയോ ആവശ്യം വരുന്നില്ല. ആകെയുള്ള പാര്‍ട്ടി പ്രവര്‍ത്തനം അത്തരം ചാനല്‍ചര്‍ച്ചകളായതുകൊണ്ട് ആ രംഗത്തെ സമുന്നതരായ നേതാക്കളെ വേണ്ടവിധം ആദരിക്കണമെന്ന് കേന്ദ്ര നേതൃത്വം വെള്ളാപ്പള്ളിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതും കരാറില്‍ തീര്‍പ്പാക്കിയിട്ടുണ്ട്. ചാനല്‍ ചര്‍ച്ചകളിലെ വന്ദേമതാരം പ്രാതിനിധ്യമില്ലെങ്കില്‍ പാര്‍ട്ടിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പോലും മലയാളികളുടെ മനസ്സില്‍ ഉണ്ടാകില്ല എന്ന് എല്ലാ പേര്‍ക്കും അറിയാം. (ആ പഴയ രാമന്‍പിള്ളയെ ഒക്കെ ആര് ഓര്‍ക്കുന്നു?).
അതുകൊണ്ട് ഒരു ഗുണമുണ്ടായി. അന്നന്നത്തെ ബ്രീഫ്, സുരേന്ദ്രനും രാജേഷിനും രമേശിനും മോഹന്‍ദാസിനും ഗോപാലകൃഷ്ണനും ശോഭാസുരേന്ദ്രനുമൊക്കെ വെള്ളാപ്പള്ളിയുടെ ഏതെങ്കിലും ബാര്‍ അറ്റാച്ച്ഡ് ഹോട്ടലില്‍ നിന്നോ ബിയര്‍ ആന്റ് വൈന്‍ പാര്‍ലറില്‍ നിന്നോ വാങ്ങാം. കാര്യങ്ങളൊക്കെ മുതലാളിയോ കൊച്ചുമുതലാളിയോ നല്ല വെടുപ്പാക്കി എഴുതിയിട്ടുണ്ടാകും. അതൊക്കെ അങ്ങ് പറഞ്ഞാല്‍ മതി. ഒരു കാര്യം മറക്കരുത്. ഇടയ്ക്കിടയ്ക്ക് ഭാരതാംബയ്ക്ക് അഭിവാന്ദ്യം അര്‍പ്പിക്കുന്നതുപോലെ മുതലാളിക്കും കൊച്ചുമുതലാളിക്കും മുതലാളിയുടെ ഭാര്യക്കും അഭിവാദ്യങ്ങള്‍ അര്‍പ്പിക്കണം. മൂന്നുപേരുടെയും പേരുകള്‍ ഓര്‍മ്മയുണ്ടല്ലോ? ഇല്ലെങ്കില്‍ ഉരുവിട്ടു പഠിയ്ക്കണം.
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക