Continue reading “ഗുജറാത്ത് കലാപം ഉണ്ടായിരുന്നോ എന്ന തോന്നല്‍ എന്നെ വേദനിപ്പിക്കുന്നു-ടി വി ചന്ദ്രന്‍”

" /> Continue reading “ഗുജറാത്ത് കലാപം ഉണ്ടായിരുന്നോ എന്ന തോന്നല്‍ എന്നെ വേദനിപ്പിക്കുന്നു-ടി വി ചന്ദ്രന്‍”

"> Continue reading “ഗുജറാത്ത് കലാപം ഉണ്ടായിരുന്നോ എന്ന തോന്നല്‍ എന്നെ വേദനിപ്പിക്കുന്നു-ടി വി ചന്ദ്രന്‍”

">

UPDATES

സൈന്‍സ് ഫെസ്റ്റിവല്‍

ഗുജറാത്ത് കലാപം ഉണ്ടായിരുന്നോ എന്ന തോന്നല്‍ എന്നെ വേദനിപ്പിക്കുന്നു-ടി വി ചന്ദ്രന്‍

                       

എട്ടാമത് സൈന്‍സ് ഫിലിംഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് ടി.വി.ചന്ദ്രന്‍ നടത്തിയ പ്രസംഗത്തില്‍ നിന്ന്. (തയ്യാറാക്കിയത്-കെ ജി ബാലു) 

ആദ്യമായി രണ്ടുപേരെ സ്മരിക്കേണ്ടതുണ്ട്. ഒരാള്‍ സി.എന്‍.കരുണാകരന്‍. ഒരു ചിത്രകാരനെ നിലയില്‍ ഞാന്‍ തൊട്ടറിഞ്ഞ ഏക ചിത്രകാരന്‍. മറ്റൊന്ന് എന്റെ സഹോദരനെന്ന് വിളിക്കാവുന്ന കെ.കെ.ചന്ദ്രന്‍. ഫോണെടുത്താല്‍ ചന്ദ്രനാണോ ചന്ദ്രനാണ് എന്ന് പരസ്പരം പറയുന്ന രണ്ടാള്‍ക്കാര്‍. അവന്‍ എന്തൊക്കെയോ ആകേണ്ടിയിരുവന്‍. ആരെക്കാളൊക്കെയോ വളരേണ്ടിയിരുന്നവന്‍. എന്നാല്‍ ഒട്ടും മോശമാക്കാത്തവന്‍. ഈ രണ്ടാത്മാക്കള്‍ക്കൊപ്പം നമ്മളാരും പ്രതീക്ഷിക്കാത്ത ഒരാളെയും നമുക്ക് കിട്ടിയിട്ടുണ്ട്. ജോര്‍ജേട്ടന്‍. (കെ.ജി.ജോര്‍ജ്) ജോര്‍ജേട്ടനെ ഞാനിവിടെ പ്രതീക്ഷിച്ചിരുന്നില്ല. കണ്ടതില്‍ വളരെ സന്തോഷം.

അപ്പോള്‍ ഈ എട്ടാമത്തെ ഫിലിം ഫെസ്റ്റിവലിന്റെ പ്രത്യേകതയെന്താണെന്ന് ചോദിച്ചാല്‍ എനിക്കു പെട്ടെന്ന് തോന്നുന്നത്, ഒരു പുതിയ കാലത്തെ ഫെസ്റ്റിവെലാണിതെന്നാണ്. ഇതൊരു പുതിയ കാലമാണ്. ഏറ്റവും ഭ്രമകാത്മകമായ കാലം. നമ്മുടെ യാഥാര്‍ഥ്യത്തെ തന്നെ ചോദ്യം ചെയ്യുന്നകാലം. നമ്മുടെ നിലവിളികളൊക്കെ നമ്മുടെ തോന്നലുകളാണെന്ന് നമ്മോടു പറയുന്ന കാലം. അങ്ങനെയൊരു കാലത്തെ ആദ്യത്തെ ഫെസ്റ്റിവെലാണിത്. അതായിരിക്കും ഈ ഫെസ്റ്റിവെലിന്റെ പ്രത്യേകതയും.


ജോഷി ജോസഫിന്‍റെ വണ്‍ ഡേ ഫ്രം എ ഹാങ്മാന്‍സ് ലൈഫ് എന്ന ചിത്രത്തില്‍ നിന്ന്

എനിക്ക് നേരിട്ടറിയാവുന്ന ഗുജറാത്ത് കലാപം, അതടിസ്ഥാനമാക്കി ഞാന്‍ മൂന്നു സിനിമകള്‍ എടുത്തിട്ടുണ്ട്. ഇന്ന് തോന്നുന്നത് അങ്ങനെയൊന്ന് ഉണ്ടായിരുന്നോയെന്നാണ്. എന്നെയിപ്പോള്‍ ഏറ്റവും വേദനിപ്പിക്കുന്നതും അതാണ്. അങ്ങനെയൊരു കാലത്ത് നിന്നാണ് ഈ ഫെസ്റ്റിവെല്‍ നടക്കുന്നത്. പെട്ടെന്നോര്‍മ്മ വരുന്നത്… അടിയന്തിരാവസ്ഥാകാലത്ത് അന്ന് അറിയപ്പെടുന്ന ഒരു ഡോക്യുമെന്ററി സംവിധായകന്‍ ഒരു സിനിമ പിടിച്ചു. പേര് ‘ഇന്‍ഡസ് വാലി ടു ഇന്ദിരാഗാന്ധി’. ഇന്ദിരാ ഗാന്ധിയുമായി ബന്ധപ്പെട്ടതു കൊണ്ടുതന്നെ ദേശീയ പ്രധാന്യത്തോടെയാണ് എടുത്തത്. പടം റിലീസായതും അടിയന്തിരാവസ്ഥ പിന്‍വലിച്ച് മോറാര്‍ജി ദേശായി പ്രധാനമന്ത്രിയുമായി. അതോടെ എന്തുചെയ്യണമെന്നറിയാതെ സംവിധായകന്‍ പ്രതിസന്ധിയിലായി. അപ്പോഴാണ് മോറാര്‍ജി ദേശായിയെ ബന്ധപ്പെടുത്തി പുതിയൊരു പേര് നിര്‍ദ്ദേശിക്കപ്പെടുന്നത്. ‘മോഹന്‍ജദാരോ ടു മോറാര്‍ജിദേശായി’ യെന്ന്. ഇത്തരം മലക്കംമറിച്ചിലുകളെയാണ് നമ്മള്‍ ഇനിയുള്ള കാലം കരുതിയിരിക്കേണ്ടത്. കാരണം ഇപ്പോഴത്തെ സാംസ്‌കാരിക രംഗം പ്രക്ഷുബ്ദമാണ്. ആ കാലത്താണ് ഈ ഫെസ്റ്റിവെല്‍.

സിനിമയില്‍ ഡിജിറ്റലൈസേഷന് ഏറെ പ്രധാന്യം ലഭിക്കുന്ന കാലമാണിത്. ഡിജിറ്റലൈസേഷന്‍ എന്ന് പറഞ്ഞാല്‍ ഡമോക്രസിയാണ്. പക്ഷേ ഡമോക്രസി മോണോക്രസിയാകരുതെന്ന് മാത്രം. അത് എനിക്കനുഭവമുള്ള കാര്യമാണ്. തിരുവന്തപുരത്ത് ഫിലിംഫെസ്റ്റിവെലിനായി ഫീച്ചര്‍ ഫിലിം തെരഞ്ഞെടുക്കാനായി പതിനാറ് ദിവസം കൊണ്ട് 63 സിനിമകള്‍ ഒറ്റയടിക്ക് കാണേണ്ടിവന്നു. അതൊരു വലിയ അനുഭവമായിരുന്നു. അതൊരു കഠിന തടവുമായിരുന്നു. അതില്‍ പതിനഞ്ച് സംവിധായകരെ നമ്മള്‍ അറിയുന്നതാണ്. ബാക്കിയുള്ളവര്‍ പുതിയ ആളുകള്‍. അതില്‍ തന്നെ നാല്പതോളം സിനിമകള്‍ ഡിജിറ്റലൈസേഷന്‍ ഉണ്ടായില്ലെങ്കില്‍ ഉണ്ടാകില്ലായിരുന്നു. അതില്‍ പതിനഞ്ചോളം സിനിമകള്‍ ഉണ്ടാകാന്‍ പാടില്ലായിരുന്നു. ഇതാണ് ഡിജിറ്റലൈസേഷന്റെ ദോഷം. പക്ഷേ അതിനിടയില്‍ സുദേവന്റെ ക്രൈം 89 എന്ന സിനിമകണ്ടു. ഈ സിനിമ ഒരു പക്ഷേ ഡിജിറ്റലൈസേഷന്‍ ഉണ്ടായതുകൊണ്ടുണ്ടായ സിനിമയാണ്.  അപ്പോള്‍ ഡിജിറ്റലൈസേഷന് ഈ സാധ്യതയുമുണ്ടെന്നതാണ്. ഈ സാധ്യതയ്ക്കാണ് ഇപ്പോള്‍ പ്രാധാന്യമുണ്ടാകേണ്ടതും. സാല്‍വദോര്‍ ദാലി സര്‍റിയലിസത്തില്‍ കാണിച്ചതിലും വലിയ സര്‍റിയലിസങ്ങള്‍ നമ്മുടെ കണ്‍മുന്‍പില്‍ കാണേണ്ടിവരുന്ന ഈ കാലത്ത് കാണാത്ത കാഴ്ചകളെയാണ് സിനിമയായാലും ഡോക്യുമെന്റിയായാലും ഷോര്‍ട്ട് ഫിലിമിലായാലും നാം അടയാളപ്പെടുത്തേണ്ടത്. അവനവന്റെ കാലത്തിന്റെ മിടിപ്പുകളെയാണ് അനുഭവവേദ്യമാക്കേണ്ടത്. നമ്മള്‍ ജീവിക്കുന്ന ഈ കാലഘട്ടത്തെയാണ് തുറന്നു കാണിക്കേണ്ടത്. നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്മയുണ്ടാകട്ടെ. നന്ദി.

 

Share on

മറ്റുവാര്‍ത്തകള്‍