Continue reading “ലണ്ടന്‍ : തിരിച്ചു പോകാത്തവരുടെ നഗരം”

" /> Continue reading “ലണ്ടന്‍ : തിരിച്ചു പോകാത്തവരുടെ നഗരം”

"> Continue reading “ലണ്ടന്‍ : തിരിച്ചു പോകാത്തവരുടെ നഗരം”

">

UPDATES

പ്രവാസം

ലണ്ടന്‍ : തിരിച്ചു പോകാത്തവരുടെ നഗരം

                       

ശ്രീകലാ നായര്‍

ലണ്ടന്‍ ഏവര്‍ക്കും പ്രിയപ്പെട്ട ഒരു നാടാകുന്നതിന് ഒരുപാട് കാരണങ്ങള്‍ ഉണ്ട്. ഏകദേശം ഒരു ദശാബ്ദക്കാലത്തെ പരിചയം കൊണ്ട് ഈ നാടിന്റെ ഏറ്റവും വലിയ പ്രത്യേകതയായി എനിക്കു തോന്നിയിട്ടുള്ളത്, ഇവിടെ എല്ലാത്തരം ആളുകളും ഒരേ പോലെ വന്നടിയുന്നു, അവര്‍ സ്വീകരിക്കപ്പെടുന്നു എന്നതാണ്. വിദ്യാഭ്യാസമുള്ളവരും ഇല്ലാത്തവരും ധനികരും ദരിദ്രരും പാമരനും പണ്ഡിതനും കുറ്റവാളികളും ഉള്‍പ്പെടെ ലോകത്തിലെ എല്ലാ ദേശക്കാരും ഇവിടേയ്ക്ക് വരുന്നു. നിയമപരമായോ അല്ലാതെയോ ഇവിടെ ജീവിച്ചു പോകുന്നു. മനുഷ്യാവകാശത്തിന്റെ പേരില്‍ പലപ്പോഴും അവര്‍ തിരിച്ചയക്കപ്പെടാറുമില്ല! ഈ നാടിന്റെ ശാപമോ പുണ്യമോ എന്നറിയില്ല ഇവിടേയ്ക്ക് വരുന്ന 99 ശതമാനം പേരും തിരിച്ചു പോകാറില്ല, പോകണം എന്ന് വിചാരിച്ചാലും നടക്കില്ല! അവര്‍ ലണ്ടന്‍റെ അടിമകളായി തീരുന്നു!

എല്ലാക്കാര്യങ്ങളും ഒരേ സമയം വളരെ കഠിനവും അതേ സമയം ലളിതവും ആയി നമുക്ക് തോന്നുന്ന ഒരു നാട് ഇത് മാത്രമായിരിക്കും. എങ്കിലും ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത ഇവിടെ എല്ലാത്തിനും ഒരു വ്യവസ്ഥ ഉണ്ട്. അതില്‍ നിന്നും വ്യതിചലിച്ചു ഒന്നും സംഭവിക്കില്ല എന്നതാണ്. നിയമങ്ങള്‍ പ്രധാന മന്ത്രിക്കും ഏറ്റവും താഴെക്കിടയിലുള്ള അന്യ നാട്ടില്‍ നിന്ന് വന്നവര്‍ക്കും ഒരേ പോലെ ബാധകം! ട്രാഫിക് നിയമങ്ങളാണെങ്കില്‍ പ്രത്യേകിച്ചും. മറ്റെല്ലാത്തിനും കിട്ടുന്ന മാനുഷിക പരിഗണന ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ചാല്‍ കിട്ടാറില്ല. അതുകൊണ്ടു തന്നെയാണ് ഇത്ര അധികം ജനസാന്ദ്രതയുള്ള ഒരു നഗരം ഇത്ര കുറഞ്ഞ അപകട നിരക്കുമായി സുഗമമായി പോകുന്നത്. അത് കാണുമ്പോള്‍ അനുദിനം റോഡ് അപകടങ്ങള്‍ കൂടി വരുന്ന നമ്മുടെ നാടാണ് ഓര്‍മയില്‍ വരിക. ഇവിടെ ഏതു കാര്യത്തിനും എത്ര അത്യാവശ്യക്കാരനായാലും എത്ര വലിയവനായാലും ക്യൂ ചാടി കാര്യം സാധിക്കാന്‍ കഴിയില്ല. ആരും എങ്ങും തോന്നിയ പോലെ ചവര്‍ വലിച്ചെറിയില്ല. ഇതൊന്നും അനുസരിക്കാത്ത ചുരുക്കം വിവര ദോഷികളെ മറ്റുള്ളവര്‍ വിചിത്ര ജീവികളെ പോലെ കാണുന്നു. അക്കൂട്ടത്തില്‍ അടുത്തിടെ നമ്മുടെ നാട്ടില്‍ നിന്നും വന്നിറങ്ങുന്ന ചുരുക്കം ചില ചെറുപ്പക്കാരും ഉണ്ടെന്നുള്ളത് ഖേദകരമായ സത്യം!

ഇവിടുത്തെ കാലാവസ്ഥയാണ് മറ്റൊരു പ്രത്യേകത. ആറുമാസക്കാലം രോമകൂപങ്ങളില്‍ പോലും കടച്ചിലുണ്ടാക്കുന്ന ഹിമക്കാറ്റും തണുപ്പും. കരളിന്റെ ഉള്ളില്‍ നിന്ന് പോലും കുളിരിന്റെ കുമിള ഉയരുന്നതായി തോന്നും. ഒപ്പം സൂര്യനെ കാണാന്‍ തന്നെ കഴിഞ്ഞൂന്നും വരില്ല. ശരീരത്തിനൊപ്പം മനസ്സും മരവിച്ചു പോകും. എങ്കിലും ഈ കുളിരിനെ ഒരുപാട് ആളുകള്‍ ഇഷ്ടപ്പെടുന്നു. ഇത് ശീലമായി കഴിഞ്ഞാല്‍ പിന്നെ ചൂട് നമുക്ക് അസഹ്യമായി തോന്നും. അഞ്ച് – ആറ് ഇഞ്ച് കനത്തില്‍ മഞ്ഞു വീണു കിടക്കുമ്പോഴും എല്ലാവരും എല്ലാ കാര്യങ്ങളും പതിവ് പോലെ നിവര്‍ത്തിച്ചു പോകും. നാല് ഋതുക്കളും കൃത്യമായി അനുഭവിക്കാനും ആസ്വദിക്കാനും കഴിയുന്നു എന്നതാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. പലപ്പോഴും കാലം തെറ്റാറുണ്ടെങ്കിലും അത് വരാതിരിക്കില്ല. ശൈത്യകാലം കഴിഞ്ഞാല്‍ പൂക്കള്‍ വാരിവിതറി വസന്തം, പിന്നെ അല്പ്പം ചൂട് പകര്‍ന്ന് വേനല്‍, അത് പടികടന്നാല്‍ പതിയെ ഇലകൊഴിയുന്ന ശിശിരം, അങ്ങനെ അത് ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും. ഓരോ കാലാവസ്ഥയ്ക്കും അനുയോജ്യമായ ഭക്ഷണ രീതിയും വസ്ത്രധാരണ രീതിയും ഉണ്ട്.

ഇവിടെ എന്നും ആഘോഷങ്ങള്‍ ആണ്. ഒന്നിനൊന്നു ഒഴിയാതെ നിരന്തരം ഓരോന്ന് വന്നു കൊണ്ടേയിരിക്കും. സെപ്റ്റംബര്‍, ഒക്ടോബര്‍ മുതല്‍ ക്രിസ്തുമസ് എന്ന മേളം തുടങ്ങുകയായി. പുതുവര്‍ഷത്തോടെ അത് ഒന്ന് അവസാനിക്കുമ്പോള്‍ വാലന്റയിന്‍സ് ഡേ, തൊട്ടു പിറകെ മദേഴ്സ് ഡേ, അതുകഴിഞ്ഞാല്‍ ഫാദേഴ്സ് ഡേ പിന്നെ ഈസ്‌റ്റെര്‍! ഇതിന്റെ കൂടെ അതാതു രാജ്യക്കാരുടെ ആഘോഷങ്ങള്‍ ഓരോന്നും എല്ലാവരും ഒരുമിച്ചു ആഘോഷിക്കും. കൂടാതെ ഒരുപാട് സംഘടനകള്‍, ഓരോരുത്തര്‍ക്കും ആഘോഷം അങ്ങനെ എന്നും ഉത്സവ പ്രതീതി ആണ്, സമയത്തിന് മാത്രമേ കുറവുള്ളൂ!

ഭക്ഷണക്കാര്യത്തില്‍ ഈ നാടിനെ വെല്ലാന്‍ മറ്റൊരിടവും ഉണ്ടാകില്ല. കേരളത്തിലെ ഒരു ഉള്‍നാടന്‍ കടയിലോ ചന്തയിലോ കിട്ടുന്നതിനേക്കാള്‍ സുലഭമായി പച്ച മഞ്ഞള്‍ മുതല്‍ പച്ചക്കപ്പ വരെ ഇവിടെ കിട്ടും. കേരളത്തിന്റെ മാത്രമല്ല ഈ ലോകത്തുള്ള എല്ലാ രാജ്യത്തെയും എല്ലാ ആഹാര സാധനങ്ങളും പാചകം ചെയ്തും അല്ലാതെയും ഇവിടെ ലഭ്യമാണ്. വേണ്ടതിലേറെ വൈവിധ്യം. അതെ പോലെ തന്നെ ഡ്രെസ്സും, അതിനോടനുബന്ധിച്ചുള്ള സാധനങ്ങളും തുടങ്ങി മനുഷ്യന് വേണ്ട എല്ലാ സാധനങ്ങളും എണ്ണിയാല്‍ ഒടുങ്ങാത്തത്ര സുലഭം. ഉരുളക്കിഴങ്ങ് വാങ്ങാന്‍ പോയാല്‍ പോലും ഏത് എടുക്കണം എന്നറിയാതെ നമ്മള്‍ പകച്ചു നില്‍ക്കും. വിദ്യാഭ്യാസ കാര്യത്തിലും ഈ രാജ്യം വളരെ പാരമ്പര്യവും പ്രത്യേകതകളും നിറഞ്ഞതാണ്. കാണാതെ പഠിച്ചു പകര്‍ത്തി മാര്‍ക്ക് നേടാനല്ല മറിച്ച് ജീവിതത്തോടു കൂടുതല്‍ ചേര്‍ന്ന് നില്ക്കുന്ന പ്രായോഗിക വിദ്യാഭ്യാസം കുട്ടികളുടെ അഭിരുചിക്ക് അനുസരിച്ചാണ് ഇവിടെ പഠിപ്പിക്കുന്നത്. ഇംഗ്ളീഷിനും ITക്കും മുന്‍തൂക്കം നല്ക്കുന്ന രീതി. അതുപോലെ ലോകത്തിലെ തന്നെ ഏറ്റവും മെച്ചപ്പെട്ട ആരോഗ്യ സമ്പ്രദായമാണ് ലണ്ടനിലുള്ളത്. പൌരന്‍മാര്‍ക്ക് ചികിത്സ ഫ്രീ ആയി ലഭിക്കുന്നു എന്നത് മാത്രമല്ല അതിന്റെ വ്യവസ്ഥ ആര്‍ക്കും അനുകരണീയമാം വിധം ആസൂത്രിതവുമാണ്. അശ്രദ്ധ കൊണ്ടോ വ്യക്തികളുടെ കൈപ്പിഴവ് കൊണ്ടോ ഉണ്ടായേക്കാവുന്ന വളരെ അപൂര്‍വ്വം സംഭവങ്ങള്‍ ഒരു അപവാദമായി ഇല്ലാതില്ല.

നൂറ്റാണ്ടുകളായി ആര്‍ജിച്ചെടുത്ത ചരിത്രവും പാരമ്പര്യവും തനതായ സംസ്‌കാരവും ലണ്ടന്‍റെ പ്രത്യേകതയാണ്. കവികള്‍, എഴുത്തുകാര്‍, ചിത്രകാരന്മാര്‍, ചരിത്രകാരന്മാര്‍, ശാസ്തജ്ഞ്ജര്‍, വാസ്തുശില്‍പ്പികള്‍, അങ്ങനെ എല്ലാത്തിലും സമ്പത്ത്. നഗരവും ഉള്‍നാടന്‍ ഗ്രാമങ്ങളും ഒരേ പോലെ ആകര്‍ഷണീയം, അതിന്റെ രൂപ ഭാവങ്ങളില്‍ മാത്രമേ മാറ്റമുള്ളൂ. ഭൂമിശാസ്ത്രപരമായ മറ്റൊരു പ്രധാന പ്രത്യേകത ഈ രാജ്യം ലോകത്തിന്റെ തന്നെ നടുക്ക് സ്ഥിതി ചെയ്യുന്നത് കൊണ്ട് മറ്റെവിടെക്ക് പോകാനും വളരെ എളുപ്പമാണെന്നുള്ളതാണ്.

നമുക്കെല്ലാം ഇഷ്ട്പ്പെടുന്ന മറ്റൊന്നുണ്ട്. ഇവിടെ നമുക്ക് ലഭിക്കുന്ന വ്യക്തി സ്വാതന്ത്ര്യം. ആരുടേയും ഒരു കാര്യത്തിലും വെളിയില്‍ ഉള്ളവരെന്നല്ല, വീട്ടിലുള്ളവര്‍ പോലും ഇടപെടാറില്ല. അത് കുറ്റകരവും ആണ്. അതിന് അരാജകത്വത്തിലേക്കുള്ള ഒരു പഴുത് ഉണ്ടെങ്കില്‍ കൂടി. ആര്‍ക്കും ആരെയും ശ്രദ്ധിക്കാനോ സംരക്ഷിക്കാനോ സമയമില്ല. നന്നാകേണ്ടവവര്‍ക്കും നശിക്കേണ്ടവര്‍ക്കും ഒരേ പോലെ മുന്തിയ അവസരം ഇത് പോലെ മറ്റെങ്ങും ഉണ്ടാകില്ല! മറ്റൊരു പരിതാപകരമായ സത്യം ഇവിടെ ആളുകള്‍ അനുഭവിക്കുന്ന ഏകാന്തതയാണ്. 95 ശതമാനം വൃദ്ധജനങ്ങളും ഒറ്റയ്ക്ക് തന്നെ. മധ്യവയസ്കര്‍ക്കിടയിലും ഏകാന്തത പ്രശ്നം തന്നെ!

ഈ രാജ്യത്ത് വരുന്നവരുടെ മനസ്സ് മടുപ്പിക്കുന്ന, വേദനിപ്പിക്കുന്ന മറ്റൊന്ന് ഇവിടെ ജോലി കിട്ടാനുള്ള ബുദ്ധിമുട്ടാണ്. മറ്റു രാജ്യത്ത് നിന്ന് വരുന്നവര്‍ എത്ര വിദ്യാഭ്യാസം ഉള്ളവരായാലും, എത്ര പ്രവൃത്തി പരിചയം ഉള്ളവരായാലും അതിനൊന്നും ഇവിടെ യാതൊരു വിലയുമില്ല. ഇവിടെ വന്നാല്‍ നമ്മള്‍ ആരായിരുന്നു, എന്തായിരുന്നു എന്നത് മറന്നിട്ട് ആദ്യാക്ഷരം മുതല്‍ ഒന്നേ എന്ന് തുടങ്ങണം. അതുകൊണ്ടു തന്നെയാണ് അന്യരാജ്യത്ത് നിന്ന് വരുന്ന ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും ഒക്കെ വര്‍ഷങ്ങളോളം സൂപ്പര്‍ മാര്‍കെറ്റിലും മറ്റും ജോലി ചെയ്യേണ്ടി വരുന്നത്, പക്ഷെ എങ്ങനേം ഒരിക്കല്‍ ഒന്ന് പച്ച പിടിച്ചു കഴിഞ്ഞാല്‍ അതോടെ ജീവിതം സുരക്ഷിതം. ജോലിക്കാര്യം വരുമ്പോള്‍ പേപ്പറില്‍ എഴുതിയുണ്ടാക്കിയിട്ടുള്ള പോളിസികളും നിയമങ്ങളും ഒന്നും പാലിക്കാതെ സ്വദേശികളെ തെരഞ്ഞെടുക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്, പരസ്യമായ രഹസ്യം. ദോഷം പറയരുതല്ലോ, താണ തസ്തികകളില്‍ ഈ പ്രശ്നം ഇല്ല, അതുകൊണ്ടാണെല്ലോ വരുത്തര്‍ക്ക് തൊഴില്‍ ഉള്ളതും! ബാക്കി അടുത്ത ലക്കത്തില്‍!

Share on

മറ്റുവാര്‍ത്തകള്‍