UPDATES

അയോധ്യയെപ്പോലെ, മഥുരയോളം തന്നെ വേണ്ടപ്പെട്ടതാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന് വാരാണസിയും

‘യഹ് പഹലാ ചരണ്‍ ഹൈന്‍, കാശി ഓര്‍ മഥുര ബാക്കി ഹെ” എന്നാണ് സംഘപരിവാറിന്റെ മുദ്രാവാക്യം

                       

ഹിന്ദുമത വിശ്വാസവുമായി ബന്ധപ്പെട്ട ഏറ്റവും പുണ്യ നഗരങ്ങളിലൊന്നാണ് വാരാണസി. പുണ്യനദിയായി കണക്കാക്കുന്ന ഗംഗയുടെ തീരത്തുള്ള പുരാതന നഗരം. ഹിന്ദുമതത്തിന്റെ വൈവിധ്യം നദിയുടെ ഇരുവശങ്ങളിലുമായി ഒരു മ്യൂസിയം കണക്കെ ചിതറിക്കിടക്കുന്ന നഗരം. ഘാട്ടുകള്‍, പാണ്ഡകള്‍, ”കത്തിത്തീര്‍ന്നതും കത്തിക്കൊണ്ടിരിക്കുന്നതും കത്താനുള്ള ഊഴവും കത്തിരിക്കുന്ന ശവങ്ങളും”, ആരുമില്ലാത്ത വിധവകളും അങ്ങനെ വിശ്വാസവുമായി ബന്ധപ്പെട്ട ചിഹ്നങ്ങള്‍ കൊണ്ടു മാത്രമൊരു നഗരം. ബനാറസ് സില്‍ക്കിന് പ്രശസ്തമായ, ലോകത്തിലെ തന്നെ ഏറ്റവും പുരാതന നഗരങ്ങളിലൊന്നായ കാശിയെന്ന വാരാണസി സന്ദര്‍ശിക്കാത്ത തീര്‍ത്ഥാടകരോ ഇതിനെ കുറിച്ച് എഴുതാത്തവരോ അധികം കാണില്ല.

എഴുതി പുകഴ്ത്തുന്നതിനുപ്പുറം വാരാണസിക്ക് മറ്റൊരു മുഖവുമുണ്ടായിരുന്നു. അതായിരുന്നു യഥാര്‍ത്ഥ മുഖം. ദിവസത്തിന്റെ പകുതി മണിക്കൂറുകള്‍ വൈദ്യുതിയില്ലാത്ത, കുടിവെള്ളമില്ലാത്ത, മാലിന്യങ്ങള്‍ കുന്നുകൂടിക്കിടക്കുന്ന, കുന്നും കുഴിയും നിറഞ്ഞ ഇടുങ്ങിയ റോഡുകളുള്ള, മൃഗങ്ങളും മനുഷ്യരും നടക്കാനും അതിജീവിക്കാനും പൊരുതുന്ന, ജീര്‍ണിച്ചു കൊണ്ടിരിക്കുന്ന മറ്റേതൊരു ഇന്ത്യന്‍ നഗരം മാത്രമായിരുന്നു വരാണസി. അവിടുത്തെ ഇടുങ്ങിയ ഗലികളിലൂടെ പൊലീസ് ബാരിക്കേഡുകള്‍ക്കപ്പുറത്ത് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഒരു ചിത എരിയുന്നുണ്ടായിരുന്നു. ഇന്ത്യയിലെ ഹിന്ദു-മുസ്ലിം ബന്ധത്തിന്റെയും സംഘര്‍ഷത്തിന്റെയും പുകമറ പിടിച്ച ചരിത്രത്തിന്റെ മൂകസാക്ഷിയെന്നോണം കാശി വിശ്വനാഥ് ക്ഷേത്രവും ഗ്യാന്‍വാപി മോസ്‌കും തമ്മില്‍ ചേര്‍ന്നു നില്‍ക്കുന്നത് അവിടെയായിരുന്നു. ആ എരിച്ചില്‍ ആളിക്കത്തി തുടങ്ങിയിരിക്കുന്നു. ഗ്യാന്‍വാപി പള്ളിയില്‍ ഹിന്ദുക്കള്‍ക്കും ആരാധാന നടത്താമെന്ന വാരാണസി ജില്ല കോടതിയുടെ വിധി വന്നിരിക്കുന്നു. ഗ്യാന്‍വാപി പള്ളിയില്‍ ഹിന്ദു മത വിശ്വാസികള്‍ക്ക് ആരാധന നടത്താമെന്ന് കോടതി

‘യഹ് പഹലാ ചരണ്‍ ഹൈന്‍, കാശി ഓര്‍ മഥുര ബാക്കി ഹെ”(ഇതാദ്യ ചുവടാണ്. കാശിയും മഥുരയും ഇനിയും ബാക്കിയാണ്) 1992-ല്‍ രാമ ജന്മഭൂമിയില്‍ ക്ഷേത്രമെന്ന ആവിശ്യം ഉന്നയിച്ചുകൊണ്ട് സോമനാഥില്‍ നിന്ന് അയോധ്യയിലേക്ക് എല്‍.കെ അദ്വാനി നടത്തിയ രഥയാത്രയില്‍ ഉയര്‍ത്തിയ വെല്ലുവിളിയില്‍ അവര്‍ വീണ്ടും വിജയിക്കുകയാണ്. 1992ല്‍ മുഴക്കിയ മുദ്രാവാക്യം യാഥാര്‍ത്ഥ്യമാക്കാന്‍ പരിശ്രമിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയം

കാശി അഥവ വാരാണസി അയോധ്യയെപ്പോലെ, മഥുരയോളം തന്നെ വേണ്ടപ്പെട്ടതാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന്. കോണ്‍ഗ്രസിനെയും ജനത പാര്‍ട്ടിയെയും ഒരിക്കല്‍ സിപിഎമ്മിനെയും വിജയിപ്പിച്ചിട്ടുള്ള വാരാണസി 1996 മുതല്‍(2004 ഒഴിച്ച്) ബി.ജെ.പിയുടെ പോക്കറ്റിലാണ്. അവിടെ നിന്നുള്ള പാര്‍ലമെന്റ് അംഗം വേറാരുമല്ല; സാക്ഷാല്‍ നരേന്ദ്ര മോദി തന്നെ! ദേശീയ രാഷ്ട്രീയത്തിലേക്ക് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി അവരോധിക്കപ്പെട്ട മോദി തന്റെ മണ്ഡലമാക്കിയത് വാരാണസിയായിരുന്നു. 2014ലും, 2019 ലും.

ഇന്നത്തെ വാരാണസി എന്നാല്‍ വര്‍ഷങ്ങളായി അരങ്ങേറിക്കൊണ്ടിരിക്കുന്ന വര്‍ഗീയവത്ക്കരണവും അതുവഴിയുണ്ടാക്കിയ സാമുദായിക ധ്രുവീകരണവുമാണ്. അതുതന്നെയാണ് നരേന്ദ്ര മോദി വാരാണസിയില്‍ കണ്ണുവച്ചതിനു കാരണവും. ജയം മാത്രം മതിയായിരുന്നെങ്കില്‍ മോദിക്ക് ഗുജറാത്തിലോ അല്ലെങ്കില്‍ യു.പിയിലെ മറ്റേതെങ്കിലും സീറ്റിലോ മത്സരിച്ചാല്‍ മതിയായിരുന്നു. എന്നാല്‍ ‘ഹിന്ദു ഹൃദയ സാമ്രാട്ട്’ ഇന്ത്യ ഭരിക്കണമെങ്കില്‍ ഗുജറാത്ത് മാതൃകയിലുള്ള വികസനം മാത്രം മതിയാകില്ലെന്ന് വ്യക്തമായിരുന്നു. അവിടെ സാമുദായിക ധ്രുവീകരണം ഉണ്ടാകണമെന്നും ‘ഹിന്ദു ഉണരണ’മെന്നും മോദിക്കും സംഘപരിവാറിനും അറിയാമായിരുന്നു. മുസഫര്‍നഗറില്‍ നടന്ന വര്‍ഗീയ കലാപത്തിനു പിന്നാലെ മോദി വാരാണസിയില്‍ മത്സരിക്കാന്‍ വരുന്നതൊക്കെ ഹിന്ദുത്വ സ്ട്രാറ്റജിയുടെ ഭാഗമായിരുന്നുവെന്നു വിശ്വസിക്കുന്ന രാഷ്ട്രീയ നിരീക്ഷകര്‍ ഏറെയുണ്ട്.

വാരാണസി ഒരു ഹിന്ദു നഗരം മാത്രമല്ല, 16 ലക്ഷത്തിനു മുകളിലുള്ള വോട്ടര്‍മാരില്‍ മൂന്നുലക്ഷം മുസ്ലിങ്ങളുണ്ട്. രണ്ടു ലക്ഷം ബ്രാഹ്‌മണരും രണ്ടര ലക്ഷം കുര്‍മി പട്ടേലുകളും ഒരുലക്ഷം വീതം ഭൂമിഹാറും പട്ടികജാതിക്കാരും ഇവിടെയുണ്ട്(എണ്ണം കൃത്യമല്ല). ബി.ജെ.പി ഹിന്ദു വോട്ടുകള്‍ നേടി ഇവിടെ വിജയിക്കുമ്പോള്‍ തന്നെ മുസ്ലീം വോട്ടര്‍മാരില്‍ നല്ല ശതമാനവും രാഷ്ട്രീയപരമായി വോട്ടുചെയ്യുന്നവരാണ്. 2009-ലെ തെരഞ്ഞെടുപ്പില്‍ ബി.എസ്.പി ടിക്കറ്റില്‍ മത്സരിച്ച മുഖ്താര്‍ അന്‍സാരിയെന്ന, റോബിന്‍ഹുഡ് പരിവേഷമുള്ള മാഫിയാ തലവന്‍ ബി.ജെ.പിയുടെ ബ്രാഹ്‌മണ സ്ഥാനാര്‍ഥി മുരളി മനോഹര്‍ ജോഷിയെ വിറപ്പിച്ചു വിട്ടതാണ്. വെറും 17,000 വോട്ടിന്റെ ഭൂരിപക്ഷമാണ് ജോഷിക്കുണ്ടായിരുന്നത്. അവിടെ തന്നെയാണ്, കുറച്ച് നാടകീയ പരിവേഷത്തോടെ അരവിന്ദ് കെജ്രിവാള്‍ മോദിയെന്ന ഗോലിയാത്തിനെ നേരിടാന്‍ ഇറങ്ങിത്തിരിച്ചു പരാജയപ്പെട്ടത്. ഒരു തോര്‍ത്തുമുണ്ടുമുടുത്ത് ഗംഗയില്‍ മുങ്ങി നിവര്‍ന്നതും, മഷിയും മുട്ടയേറുമൊക്കെ കൊണ്ടിട്ടും ചിരിച്ചു കൊണ്ട് നിന്നതുമൊക്കെയായിരുന്നു കെജ്രിവാളിന്റെ ‘ നാടകീയ പ്രകടന’ങ്ങള്‍. ഹിന്ദുത്വയുടെ തന്ത്രങ്ങള്‍ക്ക് മുന്നില്‍ അതൊന്നും മതിയാകില്ല. ഇനിയൊട്ടും പറ്റില്ല. ഗ്യാന്‍വാപിയിലും അവര്‍ നേട്ടം കൊയ്തു കഴിഞ്ഞു.

ഈ വര്‍ഷം പൊതുതെരഞ്ഞെടുപ്പാണ്. പാടെ തകര്‍ന്ന പ്രതിപക്ഷമല്ല, തങ്ങള്‍ പൂര്‍ത്തിയാക്കുന്ന ഹിന്ദുത്വ വാഗ്ദാനങ്ങള്‍ തന്നെയാണ് ബിജെപിക്ക് ഇത്തവണയും മുന്‍തൂക്കം കൊടുക്കുന്നത്. അയോധ്യക്ഷേത്ര ഉദ്ഘാടനം, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, മുത്തലാഖ് നിര്‍ത്തലാക്കല്‍-ഇതൊക്കെ ബിജെപി വോട്ടാക്കും. കൂട്ടത്തില്‍ അവര്‍ക്ക് ബോണസായി കിട്ടിയിരിക്കുകയാണ് ഗ്യാന്‍വാപി. ഇപ്പോഴവിടെ പള്ളിയുണ്ട്, പൊളിക്കാന്‍ പറഞ്ഞിട്ടില്ല. ഹിന്ദുക്കള്‍ക്കും ആരാധിക്കാന്‍ സ്ഥലം കൊടുക്കണമെന്നു മാത്രമേ ഇപ്പോള്‍ പറഞ്ഞിട്ടുള്ളൂ. പക്ഷേ, നമ്മുടെ മുന്നില്‍ ചരിത്രമുണ്ട്; ബാബറി മസ്ജിദിന്റെ രൂപത്തില്‍.

മണ്ഡലം മാറുന്നില്ലെങ്കില്‍ മൂന്നാം തവണയും മോദി വാരാണസിയില്‍ പറയുന്ന ‘ വികസനം’ എന്തായിരിക്കും? ഗ്യാന്‍വാപിയല്ലാതെ മറ്റെന്തങ്കിലുമുണ്ടോ? അമ്പലങ്ങള്‍ക്കും പള്ളികള്‍ക്കും അപ്പുറം വാരാണസിയില്‍ നിത്യച്ചെലവിന് ബുദ്ധിമുട്ടുന്ന ജനങ്ങളും അവരുടെ ജീവിതവുമുണ്ടെന്ന് മാധ്യമങ്ങളെങ്കിലും പറയുമോ? .വാഗ്ദാനങ്ങള്‍ പലതും മുന്നോട്ട് വച്ചിരുന്നുവെങ്കിലും, സാമുദായിക ധ്രുവീകരണത്തിനപ്പുറം വാരാണസിയിലെ യാഥാര്‍ഥ്യങ്ങള്‍ എന്തെങ്കിലും മാറിയിട്ടുണ്ടോ?

ഗ്യാന്‍വാപി പള്ളിയില്‍ ഹിന്ദുക്കള്‍ക്കും കയറാം എന്നതിനപ്പുറം, നമ്മുടെയൊക്കെ ആഡംബര ശരീരങ്ങളെ പൊതിഞ്ഞു സൂക്ഷിക്കുന്ന ബനാറസ് സില്‍ക്ക് നിര്‍മാണ വ്യവസായ ശാലകളും കുടുംബങ്ങളുമൊക്കെ പട്ടിണിയില്‍ നിന്നു മോചിതരായോ എന്ന് നിങ്ങള്‍ അന്വേഷിക്കുമോ? ശതകോടികള്‍ ഒഴുക്കിയിട്ടും ഗംഗ ശുദ്ധമായോ എന്നു തിരക്കുമോ? ഇന്ത്യയില്‍ ഒരുപാട് യാഥാര്‍ത്ഥ്യങ്ങള്‍ നിങ്ങളുടെ മുന്നിലുണ്ട്, പക്ഷേ, നിങ്ങള്‍ മുഗള്‍ രാജവംശത്തെക്കുറിച്ച് വായിച്ച് ഏതൊക്കെയാണ് ഇനി നമുക്ക് നമ്മുടേതാക്കേണ്ടതെന്ന് കണക്കെടുക്കുക മാത്രമാണ് ചെയ്യുന്നത്; ജനാധിപത്യം കരിന്തിരി കത്തുന്നത് കാണാതെ.

Share on

മറ്റുവാര്‍ത്തകള്‍